നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 5


അവൻ വേഗം മാളുവിന്റെ വീട്ടിലേക്ക് നടന്നു.അവിടെ മാളു ആമിയെ എടുത്ത് വട്ടം കറക്കുന്നു.അതിന്റെ രസത്തിൽ ആമി കുടുകുടെ ചിരിക്കുന്നു.ദത്തൻ കുറച്ചുനേരം ആ കാഴ്ച നോക്കി നിന്നു .
"അമ്മെ ഇനീം ഇനീം  " ആമി പറഞ്ഞു.
ആമിയുടെ അമ്മെ എന്നുള്ള വിളി കേട്ടതും ദത്തന് പിന്നെയും ദേഷ്യം വന്നു.
അവൻ വേഗം അങ്ങോട്ട് ചെന്നു .ദത്തന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ട് മാളു പേടിച്ചുപോയി!
ഓടിവന്ന് ദത്തൻ  മാളുവിന്റെ കൈയിൽ  നിന്നും ആമിയെ പിടിച്ചെടുത്തു.കുഞ്ഞ് അലറിക്കരയാൻ  തുടങ്ങി.
"നിങ്ങൾ എന്താ ഈ  കാണിക്കുന്നത്?ദേവിയമ്മ ഇവളെ എന്നെ ഏല്പിച്ചിട്ടാ  അമ്പലത്തിൽ  പോയത്." മാളു അവനോട് ഒച്ചവെച്ചു.
ആമി " അമ്മെ അമ്മെ" എന്ന് വിളിച്ച് കരഞ്ഞു.
"ആമി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കണ്ട ആൾക്കാരെ കേറി അമ്മെ കുമ്മെ  എന്ന് വിളിക്കരുതെന്ന്! വീട്ടിലേക്ക് വാ നിനക്കുള്ളത് അവിടെ ചെന്നിട്ട് തരാം."
മാളുവിനെ നോക്കുകപോലും ചെയ്യാതെ ദത്തൻ കുഞ്ഞിനേയും കൊണ്ട് അപ്പുറത്തേക്ക് പോയി.ബംഗ്ലാവിന്റെ സിറ്റൗട്ടിലേക്ക്  കയറുമ്പോഴും ആമി അലറിക്കരയുന്നുണ്ടായിരുന്നു.മാളുവിന്‌ ആ കാഴ്ച്ച  കണ്ടുനിൽക്കാനായില്ല.എന്ത് വേണമെന്ന് അവൾ ആലോചിച്ചു.അപ്പുറത്തെ ഗേറ്റ് ദത്തൻ വിചാരിച്ചാലെ  തുറക്കാൻ പറ്റു.അത് റിമോട്ട് കോൺട്രോൾഡ് ആണ്.പിന്നെ അവൾ ഒന്നും ആലോചിച്ചില്ല .രണ്ടും കൽപ്പിച്ച് മതില്  ചാടി!

നേരെ  ബംഗ്ലാവിന്റെ സിറ്റൗട്ടിലേക്ക് ഓടി.അടഞ്ഞുകിടന്ന കതകിൽ തുരുതുരെ മുട്ടി.
കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നില്ല എന്നവൾ ശ്രദ്ധിച്ചു  .അവൾ വീണ്ടും കതകിൽ മുട്ടി.പെട്ടെന്ന് വാതിൽ തുറന്നു!
"എന്ത് വേണം?" വാതിലടഞ്ഞ്  നിന്നുകൊണ്ട് ദത്തൻ ചോദിച്ചു.
"കുഞ്ഞ്  എവിടെ?" മാളു അകത്തേക്ക് നോക്കി  ചോദിച്ചു.
"നീ ഇവിടെ  ഏതെങ്കിലും കൊച്ചിനെ ഏല്പിച്ചിട്ട് പോയിരുന്നോ  വന്നു ചോദിക്കുമ്പോഴേ എടുത്ത് തരാൻ?"ദത്തൻ പരിഹാസത്തോടെ ചോദിച്ചു.
"ആമി എവിടെ എന്നാ  ചോദിച്ചത്?ദേവിയമ്മ എന്നെ ഏല്പിച്ചിട്ടാ  പോയത്."മാളു വിഷമത്തോടെ പറഞ്ഞു.
"കൊച്ചിന്റെ അമ്മൂമ്മ  ഏൽപ്പിച്ചു ഇപ്പൊ കൊച്ചിന്റെ അച്ഛൻ വന്ന് തിരിച്ചുവാങ്ങി.ഇനി പൊയ്ക്കോ ."ദത്തൻ വാതിൽ അടയ്ക്കാൻ തുടങ്ങി.മാളു  ഒരു കൈ കൊണ്ട് വാതിൽ തള്ളിപ്പിടിച്ചു.
"പറ്റില്ല.എനിക്കവളെ കാണണം.നിങ്ങളടിച്ചോ അവളെ?അവളുടെ  ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ .അവളെ കണ്ടിട്ടേ ഞാൻ പോവൂ"ദത്തന്റെ സമ്മതത്തിനൊന്നും  കാക്കാതെ മാളു ആ വാതിൽ തള്ളിത്തുറന്നു.
"ആമി ആമി" മാളു ഉറക്കെ വിളിച്ചു.വാതിലടച്ച് ദത്തൻ അവളുടെ നേരെ ചെന്നു.അവൾ ഭയത്തോടെ അവനെ നോക്കി.ദത്തൻ അവളുടെ കൈ പിടിച്ച് അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി.അവിടെ ഇതൊന്നുമറിയാതെ അടുക്കളയുടെ പാതകത്തിലിരുന്ന്  ഐസ് ക്രീം നുണയുന്ന ആമിയെ കണ്ടപ്പോഴാണ്  മാളുവിന്‌ സമാധാനമായത്!
"ആമി" മാളു കുഞ്ഞിനടുത്തേക്ക് ചെന്നു .
"അമ്മെ അച്ഛൻ ഐസ് ക്രീം കൊണ്ടുവന്നു .അമ്മയ്ക്ക്  വേണോ?" ആമി പാതി തീർന്ന ഐസ് ക്രീം നീട്ടിപ്പിടിച്ച് ചോദിച്ചു.
"വേണ്ട വാവ  കഴിച്ചോ" മാളു പറഞ്ഞു.
ആമി  വീണ്ടും ഐസ്ക്രീം നുണയാൻ തുടങ്ങി.
മാളു ദത്തനെ ജാള്യതയോടെ നോക്കി.
"ഇനി പോവാമല്ലോ?" ദത്തൻ ചോദിച്ചു.
ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.ഐസ് ക്രീം കഴിക്കുന്നതിന്റെ രസ്സത്തിനിടയിൽ  മാളു പോകുന്നത് ആമി ശ്രദ്ധിച്ചില്ല.
മാളുവിന്റെ  പിറകെ ദത്തനും ചെന്നു .
"ഒന്ന് നിന്നെ!" ദത്തൻ വിളിച്ചു .
അവൾ തിരിഞ്ഞു നിന്ന് ദത്തനെ നോക്കി.
"എങ്ങനെയാ ഇങ്ങോട്ട് വന്നത്?ഗേറ്റ് ചാടിയോ?" അവൻ അവളോട് ചോദിച്ചു.
"ഇല്ല മതില് ചാടി" മാളു  പറഞ്ഞു.
"എന്തിന് ?"ദത്തൻ  അത്ഭുതത്തോടെ അവളെ നോക്കി ചോദിച്ചു.
"നിങ്ങൾ ആ കൊച്ചിനെ തല്ലിയോ കൊന്നോ എന്നറിയില്ലല്ലോ.നിങ്ങള് വിചാരിക്കാതെ ഈ ഗേറ്റും തുറക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് നേരെ മതില് ചാടി"
ദത്തൻ അവളെ കുറെ നേരം നോക്കി നിന്ന്.
മാളു അവനെ നോക്കാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.പെട്ടെന്ന്  നിന്ന് അവൾ ചോദിച്ചു.
"എന്താ ഗേറ്റ്  ചാടിയോ എന്ന് ചോദിച്ചത്?"
ദത്തൻ  മാളുവിനോട്  വാഷ്‌ബേസിനു മുൻപിലുള്ള കണ്ണാടിയുടെ മുൻപിൽ വന്നു നിൽക്കാൻ  പറഞ്ഞു.ഒന്ന് മടിച്ചെങ്കിലും അവൾ അങ്ങോട്ട് ചെന്നു. അവിടെ ചെന്ന് നിന്നപ്പോൾ ദത്തൻ  മാളുവിന്റെ  തോളിൽ പിടിച്ച് അവളെ കണ്ണാടിക്ക് പുറം തിരിഞ്ഞ് നിർത്തി.അവൾ അയ്യോ എന്ന് വിളിച്ചുപോയി! അവൾ ഇട്ടിരുന്ന നീളൻ പാവാട ഒരു കൈ നീളത്തിൽ കീറിയിരിക്കുന്നു.അണ്ടർസ്കേർട്ട്  ഉള്ളത്കൊണ്ട് രക്ഷപെട്ടു.മതിലിൽ ഇരുന്ന് നിരങ്ങി ഇറങ്ങിയപ്പോൾ സംഭവിച്ചതാകാം.അവൾ പെട്ടെന്ന് കണ്ണാടിയുടെ മുൻപിൽ  നിന്ന് മാറി പാവാടയുടെ കീറിയഭാഗം കൈകൾ കൊണ്ട് പൊത്തിപിടിച്ചു.
"ആർക്കാനും വേണ്ടി മതിലുചാടി വന്നപ്പോ ഓർക്കണമായിരുന്നു "ദത്തൻ പറഞ്ഞതുകേട്ട് മാളു തലകുനിച്ച് നിന്നു .
"ഇവിടെ നിൽക്ക് .ഇപ്പൊ വരാം"എന്തോ ആലോചിച്ചിട്ട് ദത്തൻ  പറഞ്ഞു.അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പടികൾ കയറി അവന്റെ മുറിയിലേക്ക് പോയി.

അവന്റെ മുറിയിലെ ഷെൽഫിൽ താഴത്തെ തട്ടിലായി അടുക്കിവെച്ചിരുന്ന കുറച്ച്  മിഡികളിൽ  ഒരെണ്ണം എടുത്ത് അവൻ മാളുവിന്റെ അടുത്ത് ചെന്നു .
"മാറിയിട്ട് പോയാ  മതി"അവളുടെ കൈയിൽ  അത് വെച്ചുകൊടുത്തിട്ട് ദത്തൻ  പറഞ്ഞു.അവൾ അത്ഭുതത്തോടെ അവനെ നോക്കി തിരിച്ചു പാവാടയിലേക്കും .
"ബാത്റൂം  ആ കാണുന്ന മുറിയിൽ ആണ് ."ഒരു മുറി ചൂണ്ടി അവൻ പറഞ്ഞു.
അവൾ മടിച്ചുനിന്നു.
ദത്തൻ അടുക്കളയിൽ ചെന്ന് ആമിയെയും എടുത്തോണ്ട് വന്നു.
"ആമി അമ്മയ്‌ക്ക് കൂട്ട് ചെല്ല് .അച്ഛമ്മയുടെ ബാത്രൂം കാണിച്ചുകൊടുക്ക് "ദത്തൻ ആമിയോട് പറഞ്ഞു.എന്നിട്ട് അവൻ തിരിച്ച് അടുക്കളയിൽ പോയി.മാളുവിന്‌ വീണ്ടും അതിശയമായി.കുറച്ച്  നാളുകൾക്ക് മുൻപ് വരെ ആമി അവളെ അമ്മെ എന്ന് വിളിക്കുന്നത്  ദത്തന് അരോചകമായിരുന്നു.ഇന്ന് അവൻ തന്നെ ആമിയോട് അമ്മെ എന്ന് വിളിച്ച് തന്നെ പറ്റി സംസാരിക്കുന്നു.അവൾ ചിരിയോടെ ബാത്റൂമിലേക്ക് നടന്നു.ഒപ്പം ആമിയും .
പാവാട മാറി കീറിയ പാവാടയും കൈയിൽ പിടിച്ച് അവൾ തിരിച്ചുവന്നപ്പോൾ ദത്തൻ ഹാളിൽ ഇരുന്ന് ടീവി  കാണുന്നു.
ദത്തൻ മാളുവിനെ അടിമുടി ഒന്നുനോക്കി.ആ നോട്ടത്തിൽ മാളു ചൂളിപ്പോയി.താൻ കൊടുത്ത പാവാടയിൽ അവൻ കുറച്ച്നേരം നോക്കിനിന്നു.ആ പാവാടയ്ക്ക് പല കഥകളും  പറയാനുണ്ടായിരിക്കുമെന്ന് മാളുവിന്‌ തോന്നി.അവൾ പെട്ടെന്ന് അവിടെ നിന്നുമിറങ്ങി.അപ്പുറത്ത്  മാളുവിന്റെ വീട്ടിൽ ലേഖയും ദേവിയും നിൽക്കുന്നു.
ലേഖ മാളുവിന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
"വാതിൽ പോലും അടയ്ക്കാതെ നീ എവിടെ പോയതാ മാളു?"ലേഖയ്ക്ക് ദേഷ്യം വന്നു.അപ്പോഴാണ് ദത്തൻ അകത്തുനിന്നു ആമിയെയും കൊണ്ടുവന്നത്.മാളു പെട്ടെന്ന്  അവിടെ നിന്നുമിറങ്ങി.
"അമ്മെ പോവാണോ ?" ആമി വിളിച്ച് ചോദിച്ചു.
"അമ്മ ചോറ് കഴിച്ചിട്ട് വരാം " മാളു വിളിച്ചുപറഞ്ഞു.
മാളു പോകുന്നത് നോക്കി ദത്തൻ നിന്നു .മാളുവും ഇടയ്ക്ക് അവനെ തിരഞ്ഞു നോക്കുണ്ടായിരുന്നു.അവൾ അടുത്തെത്തിയപ്പോഴാണ് ദേവി മാളുവിന്റെ  പാവാട ശ്രദ്ധിച്ചത്.അവർ അതിശയത്തോടെ ദത്തനെ നോക്കി.താൻ ഇല്ലാതിരുന്ന സമയത് ഇവിടെ എന്തൊക്കെയോ സംഭവിച്ചു എന്നവർക്ക് മനസ്സിലായി.
ലേഖയും മാളുവിനെ ശ്രദ്ധിക്കുകയായിരുന്നു.
"നിന്റെ പാവാടയ്ക്കെന്ത് പറ്റി ?" ലേഖ ചോദിച്ചു.
"ആമിടെ  കരച്ചിൽ കേട്ടപ്പൊ.. ഞാൻ..ഞാൻ മതില് ചാടി ചെന്നു.അപ്പൊ കീറിയതാ." മാളു വിക്കിവിക്കി പറഞ്ഞു.
"മതില് ചാടിയോ?നിനക്കെന്താ മാളു വട്ടാണോ?"ലേഖ അവളോട് ദേഷ്യപ്പെട്ടു.
മാളു ഒന്നും മിണ്ടാതെ നിന്നു.
"ദത്തൻ എപ്പഴാ മോളെ വന്നേ?" ദേവി മാളുവിനോട് ചോദിച്ചു.
"കുറച്ച് നേരമായി.വന്നയുടനെ കുഞ്ഞിനെ മേടിച്ചോണ്ട് പോയി.കുഞ്ഞ് നല്ല കരച്ചിലായിരുന്നു.അതാ ഞാൻ ഓടി ചെന്നത്." മാളു പറഞ്ഞു.
ലേഖയോടും മാളുവിനോടും യാത്ര പറഞ്ഞ് ദേവി  അപ്പുറത്തേക്ക് പോയി.

ചെന്നുകേറിയതും അവർ ദത്തനെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു.
"നോക്കണ്ടാ ! കൊച്ചു കരഞ്ഞപ്പൊ  അവള് മതില് ചാടി വന്നു .പാവാട മുഴുവനും കീറിപ്പോയി.അതാ വേറെ ഒരെണ്ണം എടുത്തുകൊടുത്തത് ." ദേവി എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ തന്നെ ദത്തൻ പറഞ്ഞു.
"അതിനു ഞാൻ ഒന്നും ചോദിച്ചി ല്ലലോ" ദേവി ചിരിയോടെ പറഞ്ഞു.
"പിന്നെ എന്തിനാ  ഇങ്ങനെ ഇളിക്കുന്നത് ?" ദത്തന് ദേഷ്യം  വന്നു.
"ശ്ശെടാ ഇനി ചിരിക്കാനും നിന്റെ അനുവാദം ചോദിക്കണോ ?"ദത്തൻ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി.ആമി ദേവിയുടെ കൂടെയും.

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മാളു ഞാൻ ഇല്ലാത്ത നേരത്ത് നീ ഒറ്റയ്ക്ക് അപ്പുറത്തേക്ക് പോവരുതെന്ന്?" ലേഖ മകളെ ശാസിച്ചു.മാളു ഒന്നും മിണ്ടിയില്ല.
"കല്യാണം ഉറപ്പിച്ച പെണ്ണാ നീ .അന്യപുരുഷന്റെ കൂടെ ഒറ്റയ്ക്ക്  ഒരു വീട്ടിൽ നിന്നെ കണ്ടാൽ ആളുകൾ എന്താ പറഞ്ഞ് പരത്തുക എന്ന് അറിയില്ല.കൂടെ ഒരു കുട്ടി ഉണ്ടായിരുന്നൊ  എന്നൊന്നും ആരും നോക്കില്ല അപ്പൊ."ലേഖ പറഞ്ഞുകൊണ്ടിരുന്നു.
മാളു ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അവൾ എന്തൊക്കെയോ ആലോചനയിലായിരുന്നു.ദത്തൻ തന്ന പാവാട ആരുടെയായിരിക്കും?ഭാര്യയുടെ  ആയിരിക്കുമോ? അത് തന്നെ എന്തിന്  തനിക്കുടുക്കാൻ തന്നു?താൻ കീറിയ വസ്ത്രം ഇട്ടോണ്ട് പോയാൽ അയാൾക്കെന്താ?ശരി അത് മാനുഷിക പരിഗണന ആണെന്ന് വെയ്ക്കാം. പക്ഷെ ആ പാവാട വച്ച് നീട്ടുമ്പോൾ ആ കണ്ണുകളിൽ  ദേഷ്യം അല്ലായിരുന്നു എന്നവൾ അറിഞ്ഞു.അതുപോലെ കണ്ണാടിക്ക് മുൻപിൽ അയ്യാൾ തന്നേ  ചുമലിൽ പിടിച്ച് തിരിച്ച് നിർത്തിയപ്പോഴും ,താൻ പാവാട ഇട്ട് വന്നപ്പോൾ  തന്നെ അടിമുടി നോക്കിയപ്പോഴും  തനിക്ക് അയാളോട് ദേഷ്യമല്ല പകരം മറ്റെന്തോ വികാരം ആണ് തോന്നിയത് എന്നവൾ ഓർത്തു.താനും അത് ആസ്വദിച്ചുവോ ?അവൾ നാണത്തോടെ പുഞ്ചിരിച്ചു.
"ഏത് ലോകത്താ  മാളു നീ?" തലയിൽ കൊട്ട് കിട്ടിയപ്പോൾ ആണ് മാളു അമ്മയെ നോക്കിയത്.
"അമ്മ ,അമ്മ പറഞ്ഞതെല്ലാം ഞാൻ കേട്ടു .ഇനി ഇങ്ങനെ ഉണ്ടാവില്ല."എങ്ങനെയെങ്കിലും ഈ സംസാരം അവസാനിപ്പിക്കാനായി  മാളു പറഞ്ഞു.ലേഖ ഒന്നും മിണ്ടാതെ ജോലികൾ തുടർന്നു .മാളുവിന്റെ മാറ്റം ലേഖയും അറിയുന്നുണ്ടായിരുന്നു!

To be continued........
രചന : അഞ്ജന ബിജോയ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot