പുലർച്ചെ ആറു മണിയുടെ അലാറം ഫോണിൽ അടിച്ചതും പുതപ്പിനുള്ളിൽ നിന്നും ഒരു കൈ നീണ്ടുവന്ന് മേശയിൽ വച്ചിരിക്കുന്ന ഫോൺ തപ്പിത്തടഞ്ഞ് എടുത്തു .ഉറക്കം വിട്ടുമാറാത്ത കൺപോളകൾ രണ്ടുമൂന്നുവട്ടം ചിമ്മിത്തുറന്ന് അവൾ ഫോണിൽ നോക്കി അലാറം ഓഫ് ചെയ്ത് ഫോൺ തലയിണയുടെ അടിയിൽ തിരുകി വീണ്ടും കണ്ണുകളടച്ചു . നല്ല സാമ്പാറിന്റെയും തേങ്ങാ ചമ്മന്തിയുടെയും മണം അവളുടെ മൂക്കിലേക്ക് അടിച്ചുകയറി . അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേൾക്കുന്നു. അമ്മയാണ്.ഉറക്കച്ചടവോടെ അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു .ചുളിഞ്ഞുകിടന്ന ബെഡ്ഷീറ്റ് നല്ലതുപോലെ മടക്കിവെച്ച് അവൾ അടുക്കളയിലേക്ക് ചെന്നു . അവൾ മാളവിക.പ്ലാന്തോട്ടത്തിൽ സതീശന്റെയും ലേഖയുടെയും ഒരേ ഒരു മകൾ.സതീശനും ലേഖയും പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ്.
സതീശന്റെ തറവാടാണ് പ്ലാംതോട്ടം. സതീശന്റെ അച്ഛനും അമ്മയും പെങ്ങൾ സാവിത്രിയും പെങ്ങളുടെ ഭർത്താവു ശിവദാസനും അവരുടെ മകൻ ചന്തുവും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം .സതീശന്റെ അച്ഛൻ ആ നാട്ടിലെ പ്രമാണിയായിരുന്നു . സതീശന് റിയൽ എസ്റ്റേറ്റ് ആയിരുന്നു ബിസിനസ്. ജോലി സംബന്ധമായി തൃശ്ശുർക്ക് പോയ സതീശൻ അവിടെ വെച്ചാണ് കോളേജിൽ പഠിച്ചുകൊണ്ടിരുന്ന ലേഖയെ കാണുന്നത് . ആദ്യകാഴ്ചയിൽ തന്നെ ഇരുവർക്കും പ്രണയം തുടങ്ങി.
പ്രേമിച്ച് മരം ചുറ്റി നടക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് സതീശൻ ലേഖയുടെ വീട്ടിൽ നേരിട്ട് കല്യാണമാലോചിച്ച് ചെന്നു .സ്ഥിരവരുമാനം ഇല്ലാത്ത ഒരാൾക്കു മകളെ കല്യാണം കഴിച്ച് കൊടുക്കില്ല എന്ന് ലേഖയുടെ വീട്ടുകാർ കട്ടായം പറഞ്ഞു.അതുപോലെ തന്റെ അന്തസ്സിനും കുടുംബമഹിമയ്ക്കും താഴെയുള്ള സാമ്പത്തികമായി തങ്ങളുടെ ഒപ്പം നില്ക്കാൻ ത്രാണി ഇല്ലാത്ത പെണ്ണിനെ അംഗീകരിക്കാൻ തനി മാടമ്പിയായ സതീശന്റെ അച്ഛനും കഴിഞ്ഞില്ല.സതീശന്റെ അമ്മയും അയാളുടെ തീരുമാനത്തെ എതിർത്തില്ല.വേറെ വഴിയില്ലാതെ സതീശൻ ലേഖയെ അവളുടെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുവന്നു .ഇനി തങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് ശപിച്ചുകൊണ്ട് ആ അച്ഛനും അമ്മയും മകളെ പടിയടച്ചു പിണ്ഡം വെച്ചു!
തന്റെ തറവാടിന്റെ തൊട്ടടുത്ത് തന്നെ ഒരു കൊച്ചു വീട് മേടിച്ച് സതീശനും ഭാര്യയും അവിടെ താമസം തുടങ്ങി.ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ ഇടയിലേക്ക് മാളു വന്നു.മാളുവിന് ഒരു വയസ്സായപ്പോൾ മാളുവിന്റെ മുത്തശ്ശൻ അതായത് സതീശന്റെ അച്ഛൻ നെഞ്ചുവേദന വന്ന് മരിച്ചു.സതീശന്റെ അളിയൻ ശിവദാസൻ സതീശന്റെയും അമ്മയുടെയും പിണക്കങ്ങൾ ഒരുവിധം ഒത്തുതീർപ്പാക്കി.പിന്നീട് കുഞ്ഞിനെ കാണാൻ അമ്മയും പെങ്ങളും ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു.സതീശനും കുടുംബവും തറവാട് സന്ദർശിക്കുമെങ്കിലും അവിടെ തങ്ങാറില്ലായിരുന്നു.ഒരിക്കൽ തന്നെയും താൻ സ്നേഹിച്ച പെണ്ണിനേയും പൂർണ്ണമായി ഉപേക്ഷിച്ച വീട്ടിൽ ഒരുദിവസം പോലും താമസിക്കില്ലെന്നും തന്റെ ഭാര്യയേയും മകളെയും ആശ്രിതരെപോലെ അവരുടെ അടുക്കലേക്ക് വിടില്ല എന്നും അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.പക്ഷെ പിന്നീട് ആയിരുന്നു എല്ലാം തകിടം മറിഞ്ഞത് !
വേണ്ടുവോളം അയാൾ സമ്പാദിച്ചു .പക്ഷെ വിശ്വസിച്ച് കൂടെ നിന്നവർ തന്നെ അയാളെ ചതിച്ചു!കടവും പ്രാരാബ്ദവുമായി നിൽക്കകള്ളിയില്ലാതെ അയാൾ രണ്ടുവയസ്സ് പ്രായമായ മകളെയും ഭാര്യയേയും തനിച്ചാക്കി ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു!ജീവിതം ഇനി എന്തെന്നറിയാതെ പകച്ച് നിന്ന ലേഖയ്ക്കും മകൾക്കും അത്താണിയായത് സതീശന്റെ അമ്മയും പെങ്ങൾ സാവിത്രിയും അളിയൻ ശിവദാസനും ആയിരുന്നു. ലേഖയെയും മകളെയും തങ്ങളുടെ കൂടെ താമസിക്കാൻ സതീശന്റെ അമ്മ നിർബന്ധിച്ചിട്ടും ഫലം ഉണ്ടായില്ല.ലേഖയ്ക്ക് തയ്യൽ നല്ല വശമുണ്ടായിരുന്നു.ഭർതൃവീട്ടുകാരുടെ സഹായത്തോടെ ഒരു ചെറിയ തയ്യൽ കട തുടങ്ങി. ജീവിതത്തെ നോക്കി പകച്ച് നില്ക്കാൻ സമയമില്ലാതെ ലേഖ ആത്മവിശ്വാസത്തോടെ ജോലി ചെയ്തു.രാപ്പകൽ ഇല്ലാതെ തയ്യൽ കടയിൽ അധ്വാനിച്ചും ഒഴിവുസമയങ്ങളിൽ അയല്പക്കത്തുള്ള സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുത്തും മറ്റും അവർ മകളെ നല്ല നിലയിൽ തന്നാലാവും വിധം പഠിപ്പിച്ചു .മാളു പ്ലാന്തോട്ടം വക സ്കൂളിൽ ടീച്ചറും ആയി.
മാളുവിന് 18 വയസ്സുള്ളപ്പോൾ അവളുടെ മുത്തശ്ശി തറവാട്ടിലെ രണ്ടാംനിലയിലെ പടിക്കെട്ടിൽ നിന്നും വീണ് കിടപ്പിലായി.പിന്നെ ഇന്നോളം അവർ അനങ്ങിയിട്ടില്ല ഒന്നും സംസാരിച്ചിട്ടുമില്ല. മാളുവും അമ്മയും ഇടയ്ക്കിടെ മുത്തശ്ശിയെ കാണാൻ പോകാറുണ്ടായിരുന്നു.അപ്പച്ചിയും ചിറ്റപ്പനും ഏർപ്പാടാക്കിയ ഒരു സ്ത്രീയാണ് മുത്തശ്ശിയുടെ കാര്യങ്ങൾ നോക്കുന്നത്.............
സാമ്പാറിന്റെ മണം ആസ്വദിച്ച് മാളു അടുക്കളയിൽ ചെന്നു.
"അമ്മേ ഇന്ന് ഇഡലിയും സാമ്പാറും ആണോ ?" മാളു സന്തോഷത്തോടെ അമ്മയോട് ചോദിച്ചു .
"ആഹാ എഴുന്നേറ്റോ ? ആറു മണി ആയതല്ലേ ഉള്ളു . കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേറ്റാൽ പോരായിരുന്നോ .അവധിയല്ലേ നിനക്ക് ?"
സ്കൂൾ ഉള്ള ദിവസ്സം മാളുവിന് എഴുനേൽക്കാൻ വലിയ മടിയാണ് അലാറം എത്ര കേട്ടാലും എഴുനേൽക്കില്ല.എന്നാൽ ശനിയും ഞായറും ആരും വിളിക്കാതെ അവൾ ആറ് മണി ആകുമ്പോൾ എഴുന്നേൽക്കും.
"കാപ്പി എടുക്കട്ടേ മാളു " ലേഖ ചോദിച്ചു .
"ഇപ്പൊ വേണ്ട അമ്മെ .പല്ലു തേച്ചിട്ടില്ല ."
"അപ്പുറത്തെ വീട്ടിലെന്തായിരുന്നു രാത്രി ബഹളം ?തട്ടലും മുട്ടലും ഒക്കെ ?"മാളു ചോദിച്ചു .
"അവിടെ പുതിയ താമസക്കാർ വന്നു മാളു " ലേഖ പറഞ്ഞു .
"വാടകയ്ക്കോ ?" അടുക്കളയുടെ ജനലിനോട് ചേർന്ന് നിന്നുകൊണ്ട് അപ്പുറത്തേക്ക് നോക്കി അവൾ ചോദിച്ചു .അവിടെ നിന്നാൽ അപ്പുറത്തെ കൂറ്റൻ ബംഗ്ലാവിന്റെ അടുക്കളയുടെ ഒരു വശം കാണാം .
"അല്ല അവരാ വീട് വാങ്ങി .ഇന്നലെ കടയിൽ സാവിത്രി പറയുന്നുണ്ടാരുന്നു.അവളുടെ ഭർത്താവായിരുന്നു അതിന്റെ ബ്രോക്കർ ."തയ്യൽ കടയിൽ കൂടെ ജോലി ചെയ്യുന്ന സാവിത്രി ചേച്ചിയുടെ കാര്യമാണ് അമ്മ പറഞ്ഞത്.
"ഇത്രേം വലിയ വീട് മേടിക്കണെങ്കി നല്ല ക്യാഷ് ടീം ആയിരിക്കും! " മാളു ആത്മഗതം പോലെ പറഞ്ഞു.
"ആരായാലും നമുക്കെന്താ?വീട് വാങ്ങുന്നോ വിൽക്കുന്നോ എന്താച്ചാ ചെയ്യട്ടെ.നമുക്ക് സമാധാനത്തോടെ ജീവിച്ചാ മതി ." പാത്രം കഴുകുന്നതിനിടയിൽ ലേഖ പറഞ്ഞു.
മാളു അവരെ സഹതാപത്തോടെ നോക്കി .അച്ഛന്റെ മരണത്തോടെ അമ്മ ഇങ്ങനെ ആണ്.ആരെയും പെട്ടെന്നു വിശ്വസിക്കില്ല ആരുമായും അധികം ലോഹ്യത്തിനും പോകില്ല.
സാവിത്രി അപ്പച്ചിയും ശിവദാസൻ ചിറ്റപ്പനും പറയുന്നതാണ് അമ്മയ്ക്ക് വേദവാക്യം.
"അവിടെ അടുക്കളയിൽ ആരെയും കാണുന്നില്ലല്ലോ അമ്മെ" അപ്പുറത്തെ അടുക്കളയിലേക്ക് നോക്കി മാളു പറഞ്ഞു .
"നീ വല്ലവരുടെയും കാര്യം നോക്കാതെ പോയി കുളിക്കു മാളു .എന്നിട്ട് ആഹാരം കഴിക്കാം.എനിക്ക് കടയിൽ പോവാനുള്ളതാ ." ലേഖ അവളെ ശാസിച്ചു .
"അമ്മയോട് എത്രയാ പറയുന്നത് തയ്യൽ കട നിർത്താൻ .ഇപ്പൊ എനിക്ക് ജോലി ആയില്ലേ.ഈ വീട് നമ്മുടെ സ്വന്തവും ആണ്.വേറെ പ്രാരാബ്ധം ഒന്നുമില്ല.പിന്നെ എന്തിനാ അമ്മയ്ക്ക് ഇപ്പൊ ജോലി?" മാളുവിന്റെ സ്ഥിരം ചോദ്യമാണിത് .
ലേഖ ചിരിച്ചുകൊണ്ട് മകളെ നോക്കി വാത്സല്യത്തോടെ പറഞ്ഞു."മാളു കോളേജിൽ പഠിച്ചികൊണ്ടിരുന്നപ്പോ ഇറങ്ങിപ്പോന്നതാ ഞാൻ നിന്റെ അച്ഛന്റെ കൂടെ.ഒരുപാടു കഷ്ടപെട്ടിട്ടുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ.വീട്ടുകാരുടെ സഹായമില്ലാതെ ചോര നീരാക്കി അദ്ധ്വാനിച്ച് എന്നെയും നിന്നെയും പൊന്നുപോലെ നോക്കിയിരുന്ന ആ മനുഷ്യനോട് എനിക്ക് അങ്ങയറ്റം ബഹുമാനം ആണ്.പക്ഷെ എന്റെ പഠിപ്പ് തീർന്ന് എനിക്ക് ഒരു ജോലി ആയിരുന്നെങ്കിൽ നിന്റെ അച്ഛനെ എനിക്ക് കുറച്ചെങ്കിലും സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞേനേം .നിന്റെ അച്ഛൻ മരിച്ചപ്പോൾ നിന്നെ എങ്ങനെ വളർത്തും എന്നോർത്തു എനിക്ക് പകച്ച് നിൽക്കേണ്ടി വരില്ലായിരുന്നു.അന്ന് ഞാൻ മനസ്സിലാക്കി ഭർത്താവ് എത്ര വലിയ കോടീശ്വരൻ ആണെങ്കിലും ഒരു സ്ത്രീക്ക് സ്വന്തമായി ഒരു ജോലി വേണം.ആരുടേയും മുൻപിൽ സ്വന്തം ആവശ്യങ്ങൾക്കായി കൈ നീട്ടാതിരിക്കാൻ." ലേഖ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.മാളു അമ്മയെ വിഷമത്തോടെ നോക്കി.
"പിന്നെ എന്റെ പ്രാരാബ്ധം തീർന്നു എന്നാരാ പറഞ്ഞെ?എന്റെ മാളൂനെ എനിക്ക് പറഞ്ഞയക്കണ്ടേ അവന്റെ കൂടെ ?" ലേഖ കുസൃതിച്ചിരിയോടെ മകളുടെ മുഖത്തേക്ക് നോക്കി.
അതുകേട്ടതും മാളുവിന്റെ മുഖം മങ്ങി.അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ് .അപ്പച്ചിയുടേം ചിറ്റപ്പന്റെയും മകൻ ചന്തുവുമായ്!
"അമ്മെ ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ചന്തുവേട്ടനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല" ലേഖ അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.
" മാളു ! നിന്റെ അപ്പച്ചിയും ചിറ്റപ്പനും ഇല്ലായിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനേം?എട്ടും പൊട്ടും തിരിയാത്ത നിന്നെയും കൊണ്ട് ഞാൻ തെരുവിൽ ഇറങ്ങേണ്ടി വന്നേനേം !"
"അമ്മ പറയുന്നത് ശരിയാ .പക്ഷെ അതിനു പകരം ഞാൻ എന്റെ ജീവിതം ഹോമിക്കണോ?ഭർത്താവാകാൻ പോകുന്ന ആളെ കുറിച്ച് എനിക്ക് കുറച്ച് സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടാകില്ലേ? ചന്തുവേട്ടൻ നല്ല മനുഷ്യനാ സമ്മതിച്ചു.കുഞ്ഞുന്നാള് തൊട്ടെ എനിക്ക് അറിയാവുന്നതുമാണ് .എന്താ കുറവ് എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ ഒന്നുമില്ല,പക്ഷെ എന്റെ സങ്കൽപ്പത്തിൽ ഉള്ള ആൾ അല്ല ചന്തുവേട്ടൻ ." മാളുവിന് കരച്ചിൽ വന്നു .
"മാളു ഇത് നമ്മൾ പലതവണ പറഞ്ഞിട്ടുള്ള വിഷയമാണ് .അവർക്ക് വേണെങ്കിൽ നമ്മളെ തിരിഞ്ഞുനോക്കാതെ ഇരിക്കാമായിരുന്നു.ഒന്നും മോഹിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ ആണ് അവർ ഇത്ര നാളും നമ്മളോട് ദയവു കാട്ടിയത് .നമ്മുടെ ഈ ജീവിതം അവര് തന്ന ദാനം ആണ്.ശിവേട്ടൻ തന്നെ ഇങ്ങനെ ഒരു പ്രൊപ്പോസൽ വെച്ചപ്പോൾ മുന്ജന്മസുകൃതമായാണ് ഞാൻ കണ്ടത്.ഇത് നമ്മൾക്ക് ചെറുപ്പം തൊട്ടേ അറിയാവുന്ന പയ്യൻ അല്ലെ.കൂടുതൽ അന്വേഷിക്കാനും പറയാനും ഒന്നുമില്ല.ഭാഗ്യമാണ് മോളെ.വന്ന മഹാലക്ഷ്മിയെ പുറംകാലുകൊണ്ടു തട്ടി തെറിപ്പിക്കരുത്!" മാളു ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.കുളിച്ച് ഫ്രഷ് ആയി കഴിക്കാൻ വന്നിരുന്നു .അവളുടെ മുഖം മ്ലാനമായിരുന്നു.എല്ലാ അവധി ദിവസ്സങ്ങളിലും ഇത് പതിവാണ്.ആകെ സംസാരിക്കാൻ കിട്ടുന്നത് മാളുവിന് ഒഴിവുള്ള ദിവസ്സമാണ്.അന്ന് എന്തെങ്കിലും സംസാരിച്ച് എങ്ങനെ എങ്കിലും ഈ വിഷയത്തിൽ എത്തും പിന്നെ ഒന്നും രണ്ടും പറഞ്ഞ് അമ്മയും മകളും വഴക്കിൽ കലാശിക്കും.
"ഈശ്വരാ എന്റെ കുഞ്ഞിന് ഞാൻ നല്ലതേ ആഗ്രഹിച്ചിട്ടുള്ളു.ചന്തുവിന്റെ കയ്യിൽ ഇവൾ സുരക്ഷിതയ്‌യായിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ ഇവളുടെ മനസ്സ് മാറ്റി ഇവളെ അവന് കൊടുക്കണേ ഭഗവാനെ "മകളുടെ വിങ്ങൽ കണ്ടില്ലെന്ന് നടിച്ച് ലേഖ മനമുരുകി പ്രാർത്ഥിച്ചു.
അമ്മ പോയ നേരം മാളു പതിവ് പരിപാടികൾ തുടങ്ങി.വീട് തുടച്ച് വൃത്തിയാക്കുക ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുക,അലക്കിവെച്ച തുണികൾ മടക്കിവെയ്ക്കുക.എല്ലാം കഴിഞ്ഞ് ചെടികൾക്ക് വെള്ളം ഒഴിക്കാനായി അവൾ മുറ്റത്തേക്കിറങ്ങി.വീടിനു പുറകുവശത്തുള്ള പൈപ്പിൽ നിന്നും ഹോസ്സ് വലിച്ചാണ് വീടിന്റെ മുൻവശത്തുള്ള ചെറിയ ഗാർഡനിൽ അവൾ തന്നെ നട്ട റോസയ്ക്കും മുല്ലയ്ക്കും ഒക്കെ വെള്ളം ഒഴിക്കുന്നത്.ടാപ്പ് തുറന്ന് വീടിന്റെ മുൻവശത്തേക്ക് ചെന്ന് ഹോസ്സ് എടുത്ത് അവൾ ചെടികൾക്ക് വെള്ളം ഒഴിച്ച് തുടങ്ങി.അതിനിടയിൽ അപ്പുറത്തെ ബംഗ്ലാവിലേക്ക് അവൾ ഒന്ന് നോക്കി.മാളുവിന്റെ വീടും ആ ബംഗ്ലാവും ഒരു മതിൽക്കെട്ടിനപ്പുറവും ഇപ്പുറവും ആണ്.ലാറി ബേക്കർ മോഡലിൽ ഉള്ള ഒരു പടുകൂറ്റൻ ബംഗ്ളാവായിരുന്നു അത്! മുറ്റത്തു ഒരു ഫൗണ്ടൻ ഉണ്ട് .വായിൽ നിന്നും വെള്ളം തുപ്പുന്ന ജലകന്യകയുടെ പ്രതിമയോട് കൂടിയ ഒരു ഫൗണ്ടൻ .ടൈൽസ് ഇട്ട വിശാലമായ മുറ്റവും അതിനോട് ചേർന്ന് ഭംഗിയുള്ള ഒരു ഗാർഡനും .അവിടമാകെ കാടുപിടിച്ച് കിടക്കുകയായിരുന്നു.വീട് വാങ്ങിയവർ താമസിക്കാൻ വരുന്നതിനു മുൻപേ വൃത്തിയാക്കിച്ചതാവും.വെള്ളം നനച്ച് ഹോസ്സ് താഴെ ഇട്ട് അവൾ ടാപ്പ് അടയ്ക്കാൻ പോവാൻ തുടങ്ങി.പെട്ടെന്നു എന്തോ ഒന്ന് വന്ന് അവളുടെ തലയിൽ വീണു .
"അയ്യോ!" അവൾ ഉറക്കെ വിളിച്ചു
To be continued........
രചന : അഞ്ജന ബിജോയ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക