Slider

ടൈറ്റാനിക്:-

0
Image may contain: 1 person, closeup
രാവിലെ എന്റെ ഉറക്കം കളഞ്ഞിട്ട് റെഡി ആകാൻ പോയ സുനിൽ കൃത്യം ഒരു മണിക്കൂറിനകം തിരിച്ചെത്തി. ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തി ബസ്സ് കാത്തു നിന്നിട്ടും അവൻ പറയുന്നില്ല എങ്ങോട്ടാണ് ഇന്നത്തെ യാത്രയെന്ന്. ഞങ്ങൾ അങ്ങിനെ ബസ്സ് കാത്ത് നിന്നു .
പയ്യോളി എക്സ്പ്രസ് പോലും ഓട്ടം പഠിച്ചത് പാട്ടുകുളങ്ങരയിൽ ബസ്സ് കാത്തു നിന്നിട്ടാണ് എന്നു തോന്നുന്നു. ഈ റൂട്ടിൽ പ്രൈവറ്റ് ബസ്സ് ഇല്ലാത്തതിനാൽ ആനവണ്ടിയും അതിന്റെ അമരക്കാരും കൂടെ ഞങ്ങളെ വടക്കോട്ടും തെക്കോട്ടും ഓടിച്ചോടിച്ച് എപ്പോഴോ ഒരു വണ്ടിയുടെ അകത്തെത്തിച്ചു. അങ്ങിനെ ഞങ്ങൾ അരൂർ പള്ളിയുടെ അടുത്ത് എത്തിയപ്പോൾ ബസ്സിറങ്ങി.
അവിടെ ഇറങ്ങി ഞങ്ങൾ പടിഞ്ഞാട്ട് നടന്നു. അപ്പോഴും ഞാൻ വീണ്ടും ചോദിച്ചു നമ്മൾ എങ്ങോട്ടാടാ പോകുന്നേ? ആരെ കാണാനാണ് പോകുന്നത്?
അവൻ ആണാണെങ്കിൽ അതിനൊരുത്തരവും തന്നില്ല.
എനിക്കു വേണമെങ്കിൽ വഴക്കിട്ട് പോരാമായിരുന്നു അവൻ പോകുന്ന സ്ഥലം പറയുന്നില്ല എന്നും പറഞ്ഞ് പിന്നെ ഓർത്തു ഞാനും ഇവനെ വിളിച്ചു കൊണ്ട് എവിടെയെല്ലാം പോയിട്ടുണ്ട് അവൻ ചോദിയ്ക്കുമ്പോൾ ഇടക്ക് ഞാനും പറയാറില്ലായിരുന്നല്ലോ. ഇതെല്ലാമാണല്ലോ സൗഹൃദം. സൗഹൃദത്തിനു വേണ്ടി നാം എന്തു വിട്ടുവീഴ്ചയും ചെയ്യും. കുടുംബ ജീവിതത്തിൽ ഇതിന്റെ പകുതി വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ജീവിതങ്ങൾ എത്ര സുന്ദരമാകുമായിരുന്നു.
ഞങ്ങൾ നടന്ന് നടന്നെത്തിയത് പടിഞ്ഞാറ് ഭാഗത്തേക്കുള്ള കടത്ത് കടവിൽ ആയിരുന്നു. അഞ്ചെട്ടു പേരും കൂടെ കയറിയപ്പോൾ വള്ളം തീരത്തു നിന്ന് തെന്നിതെന്നി നീങ്ങി തുടങ്ങി. പകുതി ദൂരം പിന്നിട്ടപ്പോൾ സുനിൽ ഇരുന്നിടത്തു നിന്ന് കൈകൾ രണ്ടും വശങ്ങളിലേക്ക് നീട്ടി ടൈറ്റാനിക്കിലെ ജാക്കിന്റെ ഭാവചലനങ്ങളോടെ പറഞ്ഞു ഞാൻ എന്റെ റോസിനെ കാണാനുള്ള യാത്രയിലാണ്.
എനിക്കീ വള്ളത്തിന്റെ അമരത്ത് ചെന്ന് നിന്ന് കൈകൾ വിടർത്തി ആകാശത്തേക്ക് നോക്കി എന്റെ റോസ് നീ എവിടെയാണ്, നിന്നെ കാണാനായി എന്റെ മനം കൊതിക്കുകയാണ്, നിന്നരുകിലേക്ക് പറന്നെത്താൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ. അങ്ങിനെയെല്ലാം അവൻ പയ്യെ പറഞ്ഞ് കൊണ്ടിരുന്നു.
അമരത്തു ചെന്ന് നിന്ന്
അങ്ങിനെയൊന്നും പറയാതിരുന്നത് നന്നായി, ഞാനും പയ്യെ പറഞ്ഞു.
അതെന്താ നിനക്കിഷ്ടപ്പെട്ടില്ലെ എന്റെ ദിവ്യ പ്രേമം.
നിന്റെ പ്രേമം ഇഷ്ടപ്പെടാഞ്ഞിട്ടല്ല,
വള്ളത്തിന്റെ മുൻഭാഗത്തുചെന്ന് എഴുന്നേറ്റുനിന്നാൽ വള്ളം അങ്ങോട്ടും ഇങ്ങോട്ടും ഇളകും മറിയാൻ പോകും അപ്പോൾ വള്ളക്കാരൻ ചേട്ടൻ പങ്കായം വച്ച് നിനക്ക് രണ്ടു തരും ബാക്കി യാത്രക്കാരും നിന്നെ സ്നേഹിക്കും അതാണ് കാര്യം.
പിന്നെ അവിടെ ചെന്നാൽ റോസിന്റെ വീട്ടുകാരിൽ നിന്ന് ഏതായാലും നിനക്ക് അടി ഉറപ്പല്ലേ. കൂടെ വരുന്ന എനിക്കും കിട്ടുമോ എന്നാണ് എന്റെ പേടി.
അതിന് ഞാൻ അവളോട് പറഞ്ഞിട്ടില്ലല്ലോ അവളെ ഇഷ്ടമാണെന്ന് ,അവളും പറഞ്ഞിട്ടില്ല. എങ്കിലും ഞങ്ങൾക്ക് അറിയാം പരസ്പരം ഇഷ്ടമാണെന്ന്.
പിന്നെന്തിനാ ഈ പോക്ക്?
അവൾ വീട്ടിലേക്ക് വരാൻ ക്ഷണിച്ചു, വീട്ടുകാരെ എല്ലാം പരിചയപ്പെടാനെല്ലാം ആയി. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണല്ലോ.
ഞങ്ങൾ അക്കരെ ഇറങ്ങി. കടവിൽ ഉണ്ടായിരുന്ന ഒരു ഓട്ടോയിൽ കയറി ബെഞ്ചമിൻ ചേട്ടന്റെ വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഓട്ടോക്കാരൻ കൃത്യമായി അവരുടെ വീട്ടു വാതിൽക്കൽ കൊണ്ടെ ഇറക്കി തന്നു.
റോസിന്റെ അപ്പച്ചനും അമ്മച്ചിയും റോസും അനിയൻ ആന്റണിയും ചേർന്ന് ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ച് അകത്തേക്കിരുത്തി. സ്നേഹിച്ചാൽ കരളു പറിച്ചുതരികയും കലിപ്പായാൽ കരളെടുക്കുകയും ചെയ്യുന്ന ഗ്രാമത്തിന്റെ നന്മയുള്ള നല്ല പച്ചമനുഷ്യർ.
കുടിക്കാൻ നല്ല സംഭാരം തന്നു. ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ഉപ്പും പാകത്തിന് ചേർത്ത കുളിർമയുള്ള സംഭാരവും കുടിച്ച് കാര്യങ്ങളും പറഞ്ഞിരുന്നു.
നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും കോളേജ് വിശേഷങ്ങളും പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞതേയില്ല. സംസാര കാര്യത്തിൽ ഞങ്ങളേയും കടത്തി വെട്ടുന്ന സംസാരപ്രിയർ ആണവരും, ആ നിഷ്കളങ്ക സ്നേഹത്തിൽ ഞങ്ങളും ലയിച്ചു ചേർന്നു.
മോളുടെ ക്ലാസ്സിൽ പഠിക്കുന്ന സുനിലിനേയും സുനിലിന്റെ കൂട്ടുകാരനായ എന്നേയും അവർ സ്വന്തം മക്കളെ പോലെ മക്കളേ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്.
അയ്യോ മക്കളേ സംസാരിച്ചിരുന്ന് ഭക്ഷണം എടുക്കാൻ മറന്നു. മക്കൾ കൈ കഴുകി ഭക്ഷണത്തിനിരിക്കുക ബാക്കി സംസാരമെല്ലാം ഭക്ഷണത്തിനു ശേഷം.
സത്യത്തിൽ ഞങ്ങൾക്കും നന്നായി വിശന്നു തുടങ്ങിയിരുന്നു. അതിനാൽ ഞങ്ങളും തടസ്സമൊന്നും പറഞ്ഞില്ല.
വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു ഞങ്ങൾക്കായി ഒരുക്കിയിരുന്നത്. കരിമീൻഫ്രൈ, കരിമീൻ തേങ്ങാപ്പാൽ ഒഴിച്ചു വച്ചത്, ചെമ്പല്ലിവറുത്തത് ' മുഴുത്ത ചെമ്മീൻ വരട്ടിയത്, പോർക്ക് ഉലർത്തിയത്, അവിയൽ, മോരുകറി, പപ്പടം, അച്ചാർ അങ്ങിനെ കൊതിയൂറും വിഭവങ്ങൾ അനവധി.
ഞങ്ങളും റോസിന്റെ അച്ഛനും അനിയനും ഭക്ഷണത്തിനിരുന്നു.
കിളുന്തു തൂശനിലയിൽ കുത്തരിചോറുവിളമ്പി. അവിയലും മോരുകറിയും പപ്പടവും അച്ചാറും വിളമ്പി. നോൺവേജ് വിഭവങ്ങൾ പാത്രങ്ങളിൽ ആവശ്യത്തിന് എടുക്കാനായി നിരത്തി വച്ചിട്ടുണ്ട്.
എല്ലാവരും ഭക്ഷണം കഴിച്ച് തുടങ്ങി, ഞാൻ മോരുകറി കൂട്ടി കഴിക്കുന്നതിനിടയിൽ അല്പാല്പം ആയി അവിയലും കൂട്ടുന്നുണ്ട്. അന്നൊന്നും എനിക്ക് അവിയൽ വലിയ ഇഷ്ടമല്ലായിരുന്നു.അതു കൊണ്ട് ആദ്യം അവിയൽ കൂട്ടി തീർത്തിട്ട് നോൺവേജ് കൂട്ടി തുടങ്ങാം എന്ന് ഓർത്ത് അവിയൽ ആദ്യം കൂട്ടി തീർത്തു.
അപ്പോഴാണ് അശനിപാതം പോലെ റോസിന്റെ അമ്മയുടെ പറച്ചിൽ കേട്ടത്.
അനിലിന് അവിയൽ നന്നായി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു കുറച്ചു കൂടെ അവിയൽ ഇട്ടു കൊടുക്കു മോളെ എന്ന്.
അതു കേട്ട സുനിലും പറഞ്ഞു അനിലിന് അവിയൽ ഭയങ്കര ഇഷ്ടമാണെന്ന്.
ദുഷ്ടൻ.
കേട്ടപാതി കേൾക്കാത്ത പാതി സുനിലിനെ നോക്കി കൊണ്ടിരുന്ന റോസ്, വേണ്ട വേണ്ട എന്ന് ഞാൻ പറയുന്നത് ശ്രദ്ധിക്കാതെ ആ പാത്രത്തിൽ അവശേഷിച്ചിരുന്ന അവിയൽ മൊത്തം എന്റെ ഇലയിലേക്ക് ഇട്ടു. ഒരു അവിയൽ മല.
അങ്ങിനെ ഇഷ്ടപ്പെടാതിരുന്ന അവിയൽ മാത്രം കൂട്ടി അന്ന് ഭക്ഷണം കഴിക്കേണ്ടി വന്ന ഹതഭാഗ്യൻ.
പക്ഷെ പിന്നീട് എനിക്ക് അവിയൽ ഇഷ്ടപ്പെട്ടു തുടങ്ങി. അമ്മയും സഹോദരിമാരും ഭാര്യയും ഉണ്ടാക്കുന്ന സ്വാദിഷ്ടമായ അവിയൽ. തേങ്ങാ അരച്ചു ചേർക്കുമ്പോൾ അവരുടെ സ്നേഹവും കൂടെ ചേർക്കുന്നതുകൊണ്ടാവും അവിയലിനിത്ര സ്വാദ്. ഏത് ഭക്ഷണം ഉണ്ടാക്കുമ്പോഴും അല്പം സ്നേഹം കൂടെ ചേർക്കണം.
ഒരു നുള്ള് ഉപ്പു ചേർക്കുമ്പോൾ പോലും അത് കഴിക്കുന്ന ആളുടെ നാവിന്റെ തുമ്പിലെ രസമുകുളങ്ങളിൽ ഉണ്ടാക്കുന്ന രുചിയുടെ ആഹ്ലാദങ്ങൾ നാം മനസ്സിൽ കാണണം എന്ന് പഠിപ്പിച്ച് തന്നവർക്ക് നന്ദി.
അങ്ങിനെ ഭക്ഷണമെല്ലാം കഴിഞ്ഞ് കുറെ നേരം കൂടി ഇരുന്ന് സംസാരിച്ച് വൈകിട്ട് ചായയും കുടിച്ച് ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു.
ഇടക്കിടക്ക് തീർച്ചയായും വരണമെന്ന് അവർ പറഞ്ഞത് ഭംഗിവാക്കല്ല എന്ന് അറിയാമായിരുന്നെങ്കിലും പിന്നെ പോക്കൊന്നും നടന്നില്ല.
എന്റേയും സുനിലിന്റേയും യാത്രകൾ എന്നോ രണ്ടു വഴിക്കായി , രണ്ടു സമാന്തര രേഖകൾ പോലെ തമ്മിൽ പിന്നെ കാണാനൊന്നും പറ്റിയില്ല.
കഴിഞ്ഞ നാട്ടിൽ പോക്കിന് സുനിലിനെ കാണണമെന്ന് ഉറപ്പിച്ചാണ് പോയത്. അങ്ങിനെ സുനിലിനെ കണ്ടു.
ഒത്തിരി നേരം സംസാരിച്ചു.
അവസാനം ഞാൻ ചോദിച്ചു
നിന്റേയും റോസിന്റേയും വിവാഹം കഴിഞ്ഞില്ലേ?
കഴിഞ്ഞു.
എത്ര കുട്ടികൾ?
എനിക്ക് രണ്ടു കുട്ടികൾ
റോസിന് മൂന്നു കുട്ടികൾ
അതെന്താടാ അങ്ങിനെ ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
അത് അവളുടെ ഭർത്താവിനോട് ചോദിക്കണം.
എടാ നാം അവളുടെ വീട്ടിൽ പോകുന്നതിന് മുമ്പ് വരെ എനിക്ക് അവളോട് ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷെ അവളുടെ വീട്ടുകാരേ പരിചയപ്പെട്ടതും അവരുടെ മക്കളേ എന്ന വിളിയും ആ സ്നേഹവും എല്ലാം കണ്ടപ്പോൾ അവരുടെ സ്വന്തം മകനെപ്പോലെ ആയി പോയി. പിന്നീടിന്നേവരെ റോസിനെ സ്വന്തം സഹോദരി ആയാണ് കാണുന്നത്. റോസിന്റെ വീട്ടുകാരും എന്നെ സ്വന്തം കൂടപ്പിറപ്പായി ആണ് കാണുന്നത്.
ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു.

By: PS Anilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo