Slider

അവളുടെ തൊഴിൽ - (മിനിക്കഥ)

0



°°°°°°°°°°
അവൾ സുന്ദരിയായിരുന്നോ ? ആയിരുന്നു എന്ന് വേണം പറയാൻ. വയസ്സറിയിച്ച നാൾ മുതൽ കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം, അത് മാത്രമാണ് അവൾ സമാധാനം എന്തെന്നറിഞ്ഞ നാളുകൾ. അന്നവൾ സുന്ദരിയാണ്... ഒരു കറുത്ത സുന്ദരി. ആര് കണ്ടാലും അവളുടെ ആ ചന്തം കണ്ട് ഒന്ന് നോക്കി നിന്നു പോകും. പക്ഷേ ആ ചന്തത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. വിധി..., അല്ല പാരമ്പര്യം...! അതെ കൃത്യം മൂന്നാം ദിവസം ആദ്യമായി അവളുടെ നെഞ്ചിന് മുകളിൽ ആദ്യ ഭാരം അമർന്നു. അവൾ നിസ്സഹായയാണ്. കാരണം ഇന്നേവരെ അവളുടെ കുടുംബത്തിൽ ജനിച്ചിട്ടുള്ള എല്ലാവരും ഇതേ വിധി ഏറ്റു വാങ്ങിയവരാണ്. അല്ലെങ്കിലും നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എവിടെ നടക്കാൻ. പ്രമുഖരടക്കം നാട്ടിലെ പലരും തന്റെ നെഞ്ചിൽ ഒരു ഭാരമായി അമരുമ്പോൾ എപ്പോഴെങ്കിലും അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നുവോ ? അതാരെങ്കിലും അറിഞ്ഞിരുന്നുവോ ? അറിയാൻ സാധ്യതയില്ല. കാരണം എല്ലാവർക്കും ആവേശമായിരുന്നു. ഭ്രാന്തമായ ആവേശം... ആ കുതിപ്പും കിതപ്പും ഏറ്റുവാങ്ങി നിശബ്ദം കിടക്കുന്നൊരുവൾ. അത് മാത്രമാകാനായിരുന്നു അവളുടെ വിധി. ഒരുനാൾ , അതേ ഒരുനാൾ ആണ് അവൾ അത് ശ്രദ്ധിച്ചത്. തന്റെ ദേഹത്തൊരു ചൊറി ! അതിങ്ങനെ മെല്ലെ വലുതാവാൻ തുടങ്ങുന്നു. പതിയെ പതിയെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അത് വ്യാപിച്ചപ്പോൾ മുതൽ അവൾ ആകുലയാകുവാൻ തുടങ്ങി. ഭയന്നത് പോലെ തന്നെ സംഭവിക്കുവാൻ തുടങ്ങി അവളെ തേടി വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഇടയിൽ ചില ഡോക്ടേർസ് നൽകിയ ഒറ്റമൂലി പ്രയോഗങ്ങളിലൂടെ താൽക്കാലിക ശമനം നേടിയെങ്കിലും അതൊന്നും ഒന്നിനും പര്യാപ്‌തമായിരുന്നില്ല. തന്റെ ജീവൻ അവസാനിക്കുവാൻ തുടങ്ങുകയാണെന്നു അവൾക്ക് മനസ്സിലായി. തന്നെ തേടി വന്നിരുന്നവർ തന്റെ ചേച്ചിയെയും അനുജത്തിയെയും തേടിപ്പോകാൻ കാരണം അവരിന്നും സുന്ദരിമാരാണ് എന്നത് കൊണ്ട് തന്നെയാണെന്ന് അവൾക്ക് ബോധ്യമായി. തന്റെ അവസാന ശ്വാസവും നിലച്ചു താൻ വിസ്മൃതികളിലേക്ക് മറയുവാൻ ഇനി അധികം നാളില്ല എന്നവൾ മനസ്സിലാക്കിതുടങ്ങിയ സമയത്താണ് ഒരാൾ... അവളുടെ സ്ഥിരം കസ്റ്റമർ ആയിരുന്ന ഒരാൾ തന്നെ ! അവൾക്ക് വേണ്ടി രംഗത്ത് വന്നത്. അയാൾ മൂലം അവളുടെ ആ അവസ്‌ഥ ലോകമറിഞ്ഞു. അവളെ ഉപയോഗിച്ചിട്ടുള്ളവർ പലരും അവളെ കണ്ടില്ലെന്ന് നടിച്ചപ്പോൾ അതിൽ ചിലർ മാത്രം രംഗത്ത് വന്നു. അവളുടെ നെഞ്ചിൽ തന്റെ ഭാരമമർത്തിയ പ്രമുഖർ മുതൽ ഉദ്യോഗസ്ഥർ വരെ മുഖം തിരിച്ചപ്പോൾ അവൾ പ്രതീക്ഷ കൈവിട്ടു. അപ്പോഴേക്കും അവളുടെ ദേഹം മുഴുവൻ വ്രണം കൊണ്ട് പൊട്ടിയും പൊളിഞ്ഞും തുടങ്ങിയിരുന്നു. ചെറുപ്പക്കാർ മുതൽ വൃദ്ധർ വരെ ആവേശത്തോടെ സമീപിച്ചവർ തീർത്തും അവഗണിക്കാൻ തുടങ്ങി. ഇന്ന് ഇവളുടെ അതേ അവസ്ഥയിൽ ആയ മറ്റു 'റോഡു'കളെപ്പോലെ അവളും മരണം കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ഇവളുടെ തൊഴിൽ ചെയ്യുന്നവരുണ്ട്. അവർക്കും ചൊറി വരാറുണ്ട്. അത് ഇത്തരം തൊഴിൽ ചെയ്യുന്നവരിൽ സാധാരണയാണ്. പക്ഷേ മറ്റു രാജ്യങ്ങളിൽ ചെറിയൊരു ചൊറി വരുമ്പോഴേ അത് നല്ല രീതിയിൽ ചികിത്സിച്ച്‌ മാറ്റുന്നു. എന്തോ നമ്മുടെ നാട്ടിൽ മാത്രം... !
ജയ്സൻ ജോർജ്ജ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo