Slider

മാൽഗരിത മലയിൽ മഞ്ഞ് പെയ്യുമ്പോൾ.

0


ചെറുകഥ.
Written By :ബിൻസ് തോമസ്.
-------------------------------------------------
"എന്റെ ശിവനേ ! ഭൂമിയിലേക്ക് ഒന്ന് ഇറങ്ങി വരുവോ ?".
"ഹാ.. ഒന്ന് അടങ്ങു തോബിയാസേ !!, സൂക്ഷിച്ച് ഇറങ്ങിയില്ലേൽ എന്റെ കുടുംബം അനാഥമാകും. മക്കൾ നാലാണേ".
ഉള്ള കാര്യം പറഞ്ഞുകൊണ്ട് ചെത്തുകാരൻ ശിവൻ തെങ്ങിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി.
മുകളിലേക്ക് കണ്ണും നട്ടിരുന്ന തോബിയാസ് ആശ്വാസത്തോടെ ശിവന്റെ അരികിലേക്ക് ചെന്നു.
"എന്റെ ശിവൻ ചേട്ടാ !! ഇന്നലെ ഒന്നാം തീയതി, ഇന്ന് ഹർത്താലും.രണ്ട് ദിവസം വെള്ളം കുടി മുട്ടി. ഇതൊരു തൽക്കാല ആശ്വാസം. "
പതഞ്ഞു പൊങ്ങിയ കള്ളിന്റെ മുകളിൽ അകാലചരമം പ്രാപിച്ചു കിടന്നിരുന്ന നീറും, ഈച്ചയും, ഉറുമ്പുമൊക്കെ വകഞ്ഞുമാറ്റി ശിവൻ, തോബിയാസിന്റെ കൈക്കുമ്പിളിലേക്ക് കള്ള് ഒഴിച്ച് കൊടുത്തു.
മണ്, മണാന്ന് കുടിച്ചുകൊണ്ടിരുന്ന തോബിയാസ്‌ തല ഉയർത്തിയപ്പോൾ ശിവൻ ചോദിച്ചു.
"തന്റെ പെണ്ണുകാണൽ ഒക്കെ എവിടെ വരെ ആയി ?".
"ഓ.. അതിങ്ങനെ അങ്ങ് നടക്കുന്നു. പെണ്ണുങ്ങൾക്കൊക്കെ വല്യ ഡിമാന്റാന്നേ."
"ഞാനൊരു കേസ് പറയാം. താനൊന്ന് ആലോചിച്ചു നോക്ക് ".
ചോദ്യഭാവത്തിൽ തോബിയാസ് ശിവനേ നോക്കി.
"കാണാൻ സുന്ദരി. ഇരുപത്തിയാറ് വയസ്സ്. ഇട്ടുമൂടാൻ സ്വത്തുണ്ട്.അമ്മ കുഞ്ഞിലേ മരിച്ചു പോയി.ഒരു മാസം മുൻപ് അപ്പനും മരിച്ചു. ഇപ്പോ കൂടെ ഉള്ളത് രണ്ടാനമ്മയും, അവരുടെ മകളും.പിന്നെ ഒരു ചെറിയ കുഴപ്പം ഉള്ളത്... പെണ്ണിന് മാനസികമായി കുറച്ച് പ്രശ്നം ഉണ്ട്. "
"മെന്റൽ പ്രോബ്ലം ഉള്ള പെണ്ണോ.. ? ആ കേസ് വേണ്ട ശിവൻ ചേട്ടാ ".
"എടോ !! കെട്ടിയെന്നോർത്ത്‌ താൻ ജീവിതകാലം മുഴുവൻ അതിനേ ചുമക്കുവൊന്നും വേണ്ട.
ഒരു ആറു മാസം... അല്ലങ്കിൽ ഒരു വർഷത്തിനകം ആ പെണ്ണ് മരിക്കും.ഈ മാനസികരോഗം ഏതാണ്ട് കൂടിയ അവസ്ഥയാ."
"മരിച്ചില്ലങ്കില്ലോ.. ?".
"അത് തന്റെ ഭാഗ്യം പോലിരിക്കും. ഡോക്ടർ പറഞ്ഞത് ആറു മാസമാ.
ആ പെണ്ണിന്റെ അമ്മാവൻ ഒരാളുണ്ട്.
'അന്തോണിച്ചൻ '. അയാളാണ് കല്യാണം നടത്തുന്നത്. ജീവിതത്തിലെ അവസാന നിമിഷങ്ങളിൽ കുറച്ചെങ്കിലും സ്നേഹം കിട്ടട്ടെ എന്ന് പറഞ്ഞാണ് ഇപ്പോൾ കല്യാണം നടത്തുന്നത്. "
"രണ്ടാനമ്മയും, അവരുടെ മകളും ഇല്ലേ ?അവര് നോക്കില്ലേ.. ?".
"അപ്പൻ മരിച്ചുകഴിഞ്ഞതിൽ പിന്നെ അവരുടെ നോട്ടം ശരിയല്ലന്നാ ഈ അമ്മാവൻ പറയുന്നത്. പിന്നെ.. ഉള്ള സ്വത്തെല്ലാം ഈ പെണ്ണിന്റെ പേരിലാണ് അപ്പൻ എഴുതി വെച്ചിരിക്കുന്നത്. ഇവൾ മരിച്ചാൽ പിന്നെ അവകാശികൾ രണ്ടാനമ്മയും, മകളുമാണ്. അതിന് കൂടി ഒരു തട ഇടാനാണ് സത്യത്തിൽ ഈ കല്യാണം."
"അപ്പോൾ കല്യാണം കഴിഞ്ഞാൽ ഭർത്താവ് എന്നുള്ള ലേബലിൽ സ്വത്തിൽ ഞാനും അവകാശി ആകും അല്ലേ.. ?".
"ആ അവകാശം തനിക്കുള്ളതല്ല. അമ്മാവനുള്ളതാണ്. ആ പെണ്ണ് മരിച്ചുകഴിയുമ്പോൾ പറ്റുന്നത്ര സ്വത്ത്‌ തന്റെ പേരിലാക്കണം. അമ്മാവന് അത് എഴുതിക്കൊടുത്തു കഴിയുമ്പോൾ നല്ല ഒരു തുക തനിക്ക് കിട്ടും. അതുകൊണ്ട് തനിക്ക് ഇവിടെ സെറ്റിൽ ആവാം.വേറൊരു കല്യാണം കഴിച്ച് സുഖമായി ജീവിക്കാം. ഇവിടെ ആരും ഈ വിവരങ്ങൾ ഒന്നും അറിയുന്നില്ല.താൻ ഗൾഫിൽ ഒരു ജോലി കിട്ടി പോകുന്നു.കാശുണ്ടാക്കി വരുന്നു. "
"അമ്മാവന്റെ ഐഡിയ സൂപ്പർ ആണല്ലോ ?".
"ആയിക്കോട്ടെ. താൻ അതൊന്നും നോക്കണ്ട. ആയുസ്സിൽ ഉണ്ടാക്കാൻ പറ്റാത്ത ഒരു തുക തന്റെ കയ്യിൽ വരും ".
ശിവൻ പോയിക്കഴിഞ്ഞപ്പോൾ തോബിയാസ് തെങ്ങിൽ ചാരി താഴെ ഇരുന്നു.
കുറേ വർഷങ്ങൾക്കുശേഷം മുന്നിലെ നെൽപ്പാടത്തിൽ കുടുംബശ്രീയിലെ പെൺകൊടികൾ ഞാറ് നടുന്നു.
തങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന തരിശുപാടം ഉഴുതുമറിച്ചു കൃഷി ഇറക്കുന്നത് ഇഷ്ടപ്പെടാതെ, ആട്ടിൻ കൂട്ടവും, പോത്തുകളും, അവരുടെ ഉടയോൻ ചിറക്കൽ വറീതും വരമ്പിൽക്കൂടി തെക്കു വടക്ക് നടക്കുന്നു.
തന്റെ ജീവിതത്തിലും പച്ചപ്പ്‌ ഉണ്ടാകാൻ പോകുന്നു .കാശിന്റെ പച്ചപ്പ്‌.പാടം കടന്നെത്തിയ കാറ്റിന്റെ കുളിരിൽ തോബിയാസ് കണ്ണുകൾ അടച്ചു.
----------------------------------------------------------------
"തോബിയാസേ !!!!".
"എന്തോ !!!".
"നിന്റെ ഭാര്യ സാറയെ നീ കൊല്ലരുത്. മാൽഗരിത മലയിൽ മഞ്ഞ് പെയ്യുമ്പോൾ നീ അവളെയും കൂട്ടി അവിടെ പോകണം.
പൂർവ്വ പിതാവായ തോബിത്തിന്റെ പ്രാർത്ഥന നീ അവിടെ ഉച്ചത്തിൽ ആവർത്തിക്കണം. "
ദൈവദൂതൻ അപ്രത്യക്ഷമായപ്പോൾ തോബിയാസ് കണ്ണുകൾ തുറന്നു. അടുത്ത കട്ടിലിൽ കിടക്കുന്ന സാറയെ ചെരിഞ്ഞുകിടന്ന് അവൻ നോക്കി. വെള്ള സീറോ ബൾബിന്റെ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയാണെന്ന് തോബിയാസിന് തോന്നി.
അൽപ്പം മുൻപ് സംഭവിച്ചതൊക്കെ സത്യമാണോ എന്ന സംശയത്തിൽ തോബിയാസ് എഴുന്നേറ്റു.
ക്ലോക്കിൽ സമയം 2:30.
ജനലിന്റെ വിരി മാറ്റി പുറത്തേക്ക് നോക്കി അവൻ നിന്നു.
നിലാവെളിച്ചത്തിൽ മഞ്ഞ് പെയ്യുന്നുണ്ട്. ക്രിസ്തുമസ്സിന്റെ വരവറിയിച്ചുകൊണ്ട് നക്ഷത്രങ്ങൾ ഇരുട്ടിൽ തെളിഞ്ഞുകാണാം.
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ബിയർ കുപ്പിയിൽ ഒരെണ്ണം എടുത്ത് തോബിയാസ് പുറത്തേക്ക് ഇറങ്ങി.
തെളിഞ്ഞു കിടക്കുന്ന നക്ഷത്രത്തിന്റെ വെളിച്ചത്തിൽ നിന്നകന്ന് അവൻ ഇരുന്നു.
ബിയറിന്റെ കഴുത്ത് പൊട്ടിച്ച് രണ്ട് കവിൾ തോബിയാസ് അകത്താക്കി. പതിവില്ലാത്ത കമർപ്പ് തോന്നിയപ്പോൾ കുപ്പി അവൻ മാറ്റിവെച്ചു.
സ്വപ്നത്തിൽ കേട്ട പേര് തോബിയാസ് ഓർത്തെടുത്തു. 'മാൽഗരിത മല '. ഇതിനു മുൻപ് ഇങ്ങനെയൊരു പേര് കേട്ടതായി ഓർമ്മയില്ല.
സാറയെ കല്യാണം കഴിച്ചിട്ട് എട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.അവളുടെ മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ആദ്യമൊക്കെ. ഫലമൊന്നും കാണാതെ വന്നപ്പോൾ അമ്മാവന്റെ നിർബന്ധത്തിൽ കൊന്നുകളഞ്ഞാലോ എന്ന് ചിന്തിച്ചെങ്കിലും അതിനുള്ള മനക്കട്ടിയൊന്നും തനിക്കില്ലെന്ന ബോധ്യത്തിൽ പിന്മാറുക ആയിരുന്നു.
തോബിയാസ് കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി. ആ കമർപ്പിന്‌ ഇപ്പോഴും മാറ്റമില്ല. കുപ്പി എടുത്ത് പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ട് അവൻ മുറിയിലേക്ക് കയറി.
ഒന്നുമറിയാതെ ശാന്തമായുറങ്ങുന്ന സാറയെ നോക്കി തോബിയാസ് അവളുടെ കട്ടിലിന്റെ സൈഡിലിരുന്നു.
കരാർ ഒപ്പിട്ട് താലി കെട്ടിയ പെണ്ണാണ് മുൻപിൽ.എന്തും ആവാമായിരുന്നു.ഒന്നിനും മനസ്സ് അനുവദിച്ചില്ലന്നുള്ളതാണ് സത്യം.
തോബിയാസ് വീണ്ടും പുറത്തേക്ക് നോക്കി. മഞ്ഞ് പെയ്യുന്നുണ്ട് ഇപ്പോഴും.
അവൻ സാറയെ കോരിയെടുത്ത്‌ തോളിലേക്കിട്ടു പുറത്തിറങ്ങി.
പോർച്ചിൽ കിടന്നിരുന്ന ജീപ്പിന്റെ സീറ്റിലേക്ക് ഇരുത്തിയപ്പോൾ സാറ കണ്ണ് തുറന്നു. അത്ഭുതം വിടർന്ന കണ്ണുകളുമായി അവൾ നോക്കിയപ്പോൾ തോബിയാസ് ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു കാണിച്ചു.
ജീപ്പിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മഞ്ഞിൻ കണങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ചു.
------------------------------------------------------------------
ഗൂഗിളാണ് വഴി പറഞ്ഞുകൊടുത്തത്. മുരടിയൂർ കവലയിൽ നിന്നും ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെ ഉള്ള കയറ്റം കയറി എട്ട് കിലോമീറ്റർ.
ഡിസംബറിന്റെ കുളിരുള്ള തണുപ്പ്.മഞ്ഞു പെയ്യുന്ന മാൽഗരിത മല.
മാനത്ത്‌ ചന്ദ്രന്റെ നിലാവെളിച്ചത്തിൽ അലിയാൻ മത്സരിക്കുന്ന വെൺമേഘങ്ങൾ.മലഞ്ചരുവിലെ വീടുകളിൽ മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ.
ആധിപത്യം സ്ഥാപിച്ച് വളർന്നുനിന്നിരുന്ന തെരുവപ്പുല്ലുകൾക്കിടയിലെ കാലപ്പഴക്കം തോന്നിക്കുന്ന കൽക്കുരിശിന് മുൻപിൽ തോബിയാസ് മുട്ട് കുത്തി.
"കർത്താവേ അവിടുന്ന് നീതിമാനും, വിശ്വസ്തനുമാണ്.
എന്റെയും, എൻ്റെ പിതാക്കന്മാരുടെയും
പാപങ്ങൾക്കും,ഞാൻ അറിയാതെ ചെയ്‌ത പാപങ്ങൾക്കും അങ്ങ് ശിക്ഷ നൽകരുതേ.
എൻ്റെ ഹൃദയവ്യഥ ദുസ്സഹമാണ്.
അങ്ങ് എന്നിൽ നിന്നും മുഖം തിരിക്കരുതേ "
വീശിയടിക്കുന്ന കുളിർക്കാറ്റിൽ സാറയുടെ ചുടുനിശ്വാസം തിരിച്ചറിഞ്ഞപ്പോൾ അവൻ അവളുടെ നേരേ മുഖം തിരിച്ചു. നേർത്തില്ലാതാവുന്ന മഞ്ഞുതുള്ളികളെ തള്ളിമാറ്റി ചുണ്ടുകൾക്ക് അകലം കുറയുന്നത് അവനറിഞ്ഞു.പരസ്പ്പരം കോർത്തിരുന്ന കൈവിരലുകൾ മുറുകിയപ്പോൾ മഞ്ഞിൻകണങ്ങൾ അവരെ മൂടി.
പടർന്നുകിടന്നിരുന്ന മഞ്ഞിൽ സൂര്യകിരണങ്ങൾ നൃത്തമാടിയപ്പോൾ
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.കവിളിൽ നുണക്കുഴി വിരിഞ്ഞപ്പോൾ തോബിയാസ് ഉറക്കെ പറഞ്ഞു.
"കർത്താവേ, ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല.
നിഷ്കളങ്കമായ പ്രേമത്താലാണ്.
ഇവളോടൊത്ത്‌ വാർധക്യത്തിലെത്തുന്നതിന്
അവിടുന്ന് അനുഗ്രഹിച്ചാലും. "
അവൾ 'ആമേൻ' എന്ന് ഏറ്റ് പറഞ്ഞു.
മാൽഗരിത മലയിൽ നിന്നും ജീപ്പ് താഴേക്ക് ഇറങ്ങുമ്പോൾ മഞ്ഞിൻ കണങ്ങൾ മാഞ്ഞു പോകുന്നത് കാണാൻ സാറ വീണ്ടും, വീണ്ടും തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
(അവസാനിച്ചു )
By :ബിൻസ് തോമസ്.
എല്ലാ കൂട്ടുകാർക്കും സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും,
ക്രിസ്തുമസ് മംഗളങ്ങൾ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo