
*****************
ഇരുട്ട് വെളിച്ചത്തെ വിട്ടുപോകാൻ മടിച്ചു നിന്ന ഒരു തണുത്ത പ്രഭാതത്തിൽ ഇയർ ഫോണിലൂടെ ഒഴുകി വന്ന ഭക്തിഗാനം നൽകിയ ആലസ്യത്തിൽ ഉറങ്ങിപ്പോയ ഞാൻ, ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്നതിന്റെ കുലുക്കത്തിൽ ഞെട്ടിയുണർന്ന് കണ്ണുതുറന്നു നോക്കിയത് അയാളുടെ കണ്ണുകളിലേക്കാണ്. നോക്കുന്നത് ഒരു മനുഷ്യന്റെ കണ്ണുകളിലേക്കാണെന്നു മറന്ന് എത്ര നേരം അവയിൽ നോക്കിയിരുന്നെന്നെനിക്കറിയില്ല. അത്ര നേരവും അയാൾ എന്റെ കണ്ണുകളിലേക്കുറ്റു നോക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതുമില്ല. തിരകളില്ലാതെ ശാന്തമായി കിടക്കുന്ന സാഗരത്തിന്റെ ആഴങ്ങളിലേക്കു നോക്കിയിരിക്കുമ്പോൾ ലഭിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് അപ്പോൾ ഞാൻ അനുഭവിച്ചത്.
തിളങ്ങുന്ന വലിയ കണ്ണുകളും കട്ടിയുള്ള താടിയും കറുത്ത ടർബൻ കെട്ടിവച്ച നീണ്ട മുടിയുമുള്ള അയാളെ പിന്നീട് പലപ്പോഴും കണ്ടു. അപ്പോഴൊക്കെയും ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു. ആ ആഴങ്ങളിൽ ഞാനെന്നെ കണ്ടു...അതിൽ നിമഗ്നയായി ഞാനൊരു യോഗിനിയായി മാറി. വലിയ ശാന്തത എന്നെ പൊതിഞ്ഞു...എപ്പോഴോ ആ കടലിൽ പ്രണയ തിരകളടിച്ചു തുടങ്ങുകയും അതെന്റെ ആശ്വാസത്തെ അസ്വസ്ഥതയാക്കി മാറ്റുകയും ചെയ്യുന്നതു വരെ...
കാണാതിരുന്നെങ്കിൽ എന്ന് ബോധമനസ്സും കണ്ടിരുന്നെങ്കിൽ എന്ന് ഉപബോധമനസ്സും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ ഉപബോധമനസ്സ് ബോധമനസ്സിനെ കീഴടക്കി. ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യെന്നായി. നേരം പുലരുന്നതു പോലും അയാളെ കാണാൻ വേണ്ടിയാണെന്നു തോന്നിത്തുടങ്ങി...മനസ്സ് മടുപ്പിച്ചിരുന്ന ജോലിയെ ഇഷ്ടപ്പെട്ടു തുടങ്ങി.
ഒരു ദിവസം ഞാൻ ഇറങ്ങേണ്ട സ്ഥലമെത്താറായപ്പോൾ അയാളെന്റെ അടുത്തു വന്നിരുന്നു. എന്തോ തിരയുന്നതു പോലെ ഇരുമിഴികളിലേക്കും മാറിമാറി നോക്കി...ഒരു പൂ വിരിയുന്നതു പോലുള്ള പുഞ്ചിരിയോടെ മെല്ലെ സംസാരിച്ചു തുടങ്ങി...
"ഞാൻ കുറെ ദിവസങ്ങളായി തന്നെ ശ്രദ്ധിക്കുകയായിരുന്നു...തന്റെ കണ്ണുകൾ വളരെ മനോഹരങ്ങളാണ്... താമരപ്പൂവിതളുകൾ പോലെ..."
സ്വപ്നത്തിലെന്ന വണ്ണം എന്റെ കണ്ണുകൾ പിടച്ചു. ഹൃദയം ദൃതഗതിയിൽ മിടിച്ചു. അടിവയറ്റിൽ നിന്നും ചിത്രശലഭങ്ങൾ പറന്നുയർന്ന് കുറെ നാളുകളായി തലച്ചോറിൽ ഞാൻ തടഞ്ഞു വച്ചിരുന്ന ഡോപമിനെയും നോർഎപിനെഫ്‌റിനെയും ഓക്സിടോസിനെയും തുറന്നു വിട്ടു. മനോഹരമായ മറ്റൊരു ലോകത്തിൽ, അവ ഞങ്ങൾക്കായി പണിത സ്വപ്ന സൗധത്തിൽ എല്ലാം മറന്നു നിൽക്കുമ്പോൾ അയാൾ തുടർന്നു.
"പക്ഷെ ...ഈ കണ്ണട അവയുടെ ഭംഗി കെടുത്തി കളയുന്നു...താൻ എപ്പോഴെങ്കിലും ലേസർ ട്രീട്മെന്റിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?"
എന്താണു പറഞ്ഞു വരുന്നതെന്നു മനസ്സിലാകാതെ, അത്ഭുതത്തോടെ നിൽക്കുമ്പോൾ അയാൾ ബാഗിൽ നിന്നും ഒരു കാർഡ് എടുത്ത് നീട്ടി ...
"സോറി...പരിചയപ്പെടുത്താൻ മറന്നു. ഞാൻ ഡോക്ടർ മനോഹർ സിങ്, ഐ സർജനാണ്. എന്റെ ക്ലിനിക് തൊട്ടടുത്ത ജംഗ്ഷനിലാണ്. താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കൂ...അല്ലെങ്കിൽ ക്ലിനിക് ടൈമിൽ വന്നാലും മതി. അപ്പോയ്ന്റ്മെന്റ് വേണമെന്നു നിർബദ്ധമില്ല."
എന്റെ ചില്ലുകൊട്ടാരം പൊട്ടിത്തകർന്നതും ഞാൻ അതിൽ നിന്നും മൂക്കുകുത്തി താഴെ വീണതും അറിയാതെ അയാൾ അടുത്ത സീറ്റിലിരുന്ന കണ്ണാടിക്കാരിയെ നോക്കിത്തുടങ്ങിയിരുന്നു.
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക