Slider

മൂന്നച്ഛന്മാർ

0
Image may contain: 1 person, smiling

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണു മൂത്രമൊഴിക്കാൻ പോയി തിരിച്ചുള്ള ഓട്ടത്തിനിടക്ക്‌ സ്കൂളിനു പിന്നിലെ ഒരു വേരിൽ തടഞ്ഞ്‌ കൈയ്യും കുത്തി വീണത്‌.
വീണിടത്ത്‌ നിന്ന് പെട്ടെന്ന് എണീറ്റ്‌ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ്‌ വരുത്തി കുപ്പായത്തിൽ പറ്റിയ മണ്ണു കളയാൻ കൈ ഉയർത്തിയപ്പൊൾ വലത്തെ കൈക്കൊരു ശേഷിക്കുറവ്‌. ഒന്ന് കൂടി ശ്രമിച്ചെങ്കിലും സ്ഥിതി പഴയത്‌ തന്നെ.
മെല്ലെ മുന്നോട്ട്‌ നടന്നെങ്കിലും കുത്തിപ്പറിക്കുന്ന വേദന അവനെ വീണ്ടും മൂത്രപ്പുരയായ മൺമതിലിനടുത്തേക്കെത്തിച്ചു.
ട്രൗസറിന്റെ ഇടയിലേക്ക്‌ അറിയാതെ പോയ കൈയ്യുടെ വേദന കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു.
ഏറെ നേരം കാത്ത്‌ നിന്നിട്ടും ഒരു തുള്ളിയില്ലെന്ന് മനസ്സിലാക്കി ക്ലാസ്സിലേക്ക്‌ മടങ്ങി.
അപ്പൊളേക്കും ഞാന്ന് കിടന്നിരുന്ന വലത് കൈ ഇത്തിരി ആശ്വാസം തേടി കുപ്പായത്തിന്റെ ബട്ടണിൽ നെഞ്ചോട്‌ ചേർന്ന് സ്ഥാനം പിടിച്ചിരുന്നു.
കൈയ്യുടെ വേദനയേക്കാളേറെ ഇത്‌ വീട്ടിലറിഞ്ഞാൽ ഉണ്ടാകുന്ന പുകിലാണവനെ ഏറെ നൊമ്പരപ്പെടുത്തിയത്‌.
അന്ന് സ്കൂൾ വിട്ട്‌ വീട്ടിൽ എത്തിയാൽ അച്ഛന്റെ വക അടിമുടി ഒരു ബോഡി ചെക്കപ്പുണ്ട്‌. കളിക്കുന്നതിനിടയിലോ മറ്റോ ദേഹത്തെവിടേലും വല്ല തട്ടലോ മുട്ടലോ പറ്റി വല്ല ‘വരയോ കുറിയോ’ കണ്ടാൽ അതിലും ‘വലിയ വരകൾ’ ദേഹത്ത്‌ അച്ഛൻ എഴുതി ചേർക്കും. അത്‌ കൊണ്ട്‌ തന്നെ സ്കൂൾ വിടല്ലേന്ന് പ്രാർത്ഥിച്ചാണു ക്ലാസ്സിലിരുന്നെ.
‘അത്രയും ചെറിയ വേരിൽ തട്ടി ഒരാൾ വീഴുക’ ഓർത്തപ്പോൾ കുഞ്ഞുമനസ്സിൽ അതിശയമോ, വിധിയോ എന്തൊക്കെയോ വീണ്ടും കണ്ണു നിറച്ച്‌ മറഞ്ഞു.
പ്രാർത്ഥനക്ക്‌ ചെവി കൊടുക്കാതെ ‘ജനഗണമന’ ചൊല്ലി സ്കൂൾ വിട്ടു.
പിന്നോട്ട്‌ ചലിക്കുന്ന, മനസ്സില്ലാമനസ്സോടെ വീടിന്റെ ‘ ഊരുകണ്ടി’ കയറുമ്പോൾ തന്നെ ഉയർന്ന് കേട്ട അച്ഛന്റെ ശബ്ദം തിരിച്ചിറങ്ങി എങ്ങോട്ടേലും ഓടിപ്പോയാലോ എന്ന് ചിന്തിപ്പിച്ചെങ്കിലും അമ്മയുടെ തലമുട്ട്‌ കണ്ടപ്പോൾ കാലുകൾ അറിയാതെ വീട്ടിലെത്തിച്ചു.
ആരും കാണാതെ കുപ്പായം മാറ്റി അമ്മ വിളമ്പി തന്ന ചോർ അമ്മ കാണാതെ ഇടത്‌ കൈ കൂടി കൂട്ടി വലത്‌കൈ കൊണ്ട്‌ എങ്ങനെയൊക്കെയോ വാരി വിഴുങ്ങി എണീറ്റു.
അച്ഛൻ നേരത്തെ വന്നത്‌ കൊണ്ട്‌ തന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ പീടികയിൽ പോകാനുള്ള സഞ്ചി അമ്മ നീട്ടി. ഇടത്‌ കൈ കൊണ്ട്‌ സഞ്ചി വാങ്ങി പൈസ അമ്മ തന്നെ ഷർട്ടിന്റെ കീശയിൽ തിരുകികയറ്റി തന്നു. “ഇരുപോർപ്പ്യണ്ട്‌ ഏടേം ചാടണ്ട”ന്നും പറഞ്ഞ്‌.
ഇല്ലാന്ന് തലയാട്ടി ഇറങ്ങാൻ നോക്കുമ്പോളാ എവിടേന്നറിയാത്തൊരു മഴ ചിണുങ്ങി വന്നെ.
അമ്മ അകത്ത്‌ പോയി മടക്കി വച്ച നീളൻ തുണികുട നിവർത്തി കൈയ്യിൽ വച്ച്‌ തന്നു. വലത്കൈയ്യിൽ പിടിക്കാൻ നോക്കിയ കുട നിലത്ത്‌ വീണു. പെട്ടെന്ന് കുനിഞ്ഞെടുക്കാൻ നോക്കിയ അവനു കുട എടുക്കാൻ കഴിഞ്ഞില്ല.
“എന്നാ മോനേ” ന്ന് ചോദിച്ച അമ്മയുടെ ചോദ്യത്തിലെ നനവിനു നിറഞ്ഞ കണ്ണുകൾ കൊണ്ട്‌ മെല്ലെ അച്ഛൻ കേൾക്കാതെ അവൻ കാര്യമവതരിപ്പിച്ചു.
അമ്മ അച്ഛന്റടുത്ത്‌ പോയി കാര്യം പറഞ്ഞു. തീരെ ഇഷ്ടപ്പെടാതെ അഴിഞ്ഞ ലുങ്കി രണ്ട്‌ കൈകൊണ്ടും ചുറ്റിപ്പിടിച്ച്‌ അച്ഛൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു.
അവന്റെ മുഖവും നിൽപും കണ്ടിട്ടോ എന്തോ ‘വര വെക്കാൻ വടിക്ക്‌ പരതിയില്ല’.
ഒരു ഷർട്ടുമിട്ട്‌ എന്നെയും കൂട്ടി അടുത്തുള്ള കളരിഗുരിക്കളുടെ അടുത്തേക്ക്‌ കൊണ്ടുപോയി.
കൈയ്യിൽ മരുന്നും സ്കെയിലും കെട്ടി വരുന്ന വഴിയിലൊന്നും അവനെ ഒരു വഴക്ക്‌ പോലും പറയാതെ ഒരച്ഛൻ.
********* ********** *********
സ്വപ്നസമാനനഗരത്തിന്റെ ഏറെ സുന്ദരമായ പശ്ചാത്തലത്തിൽ ഏറ്റവും മനോഹരിയായി പുഞ്ചിരിച്ച്‌ അവൾ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു. ടിക്‌ ടോക്‌ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള സുന്ദരിയായ പെൺകുട്ടി. സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ലഭിച്ച തണുത്ത പ്രതികരണം പൊതുവെ ഫേസ്ബുക്കിലെയും ഹീറോയിനായ അവളെ നിരാശപ്പെടുത്തി.
തൊട്ട്‌ പിന്നാലെ വന്ന നെഗറ്റീവായ ഒരു കമന്റ്‌ കൂടി ആയപ്പോളേക്കും അവൾ തീർത്തും ഒറ്റപ്പെട്ടതായി തോന്നി.
നിരാശക്കൊടുവിൽ ഇരുപത്‌ മിനുട്ടുകൾക്ക്‌ ശേഷം അവൾ മറ്റൊരു പോസ്റ്റിട്ടു.
‘നിങ്ങൾക്ക്‌ ഇഷ്ടമില്ലെങ്കിൽ ഞാൻ ഈ ജീവിതം അവസാനിപ്പിക്കുന്നു’
എന്നായിരുന്നു ഉള്ളടക്കം.
കോളിംഗ്‌ ബെൽ തുടർച്ചയായി അടിച്ചതിൽ അസ്വസ്ഥതയോടെ എഫ്‌ ബി യിൽ നിന്നും തലയുയർത്തി എഴുന്നേറ്റ്‌ അയാൾ പൂമുഖ വാതിൽ തുറന്നു. തന്റെ വീട്ടിൽ യൂണിഫോമിൽ എത്തിയ പോലീസുകാരെ കണ്ട്‌ ആദ്യം അയാൾ അമ്പരന്നു.
“മകളെവിടെ” എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മുന്നിൽ അന്ധാളിപ്പോടെ ‘മുറിയിൽ’ എന്ന് പറഞ്ഞ്‌ കൈ ചൂണ്ടിയ മുറിക്ക്‌ മുന്നിലേക്ക്‌ ആ ഉദ്യോഗസ്ഥർ എത്തിയതും വാതിലിൽ തട്ടിയതും ഒന്നിച്ചായിരുന്നു.
വലിയ ശബ്ദത്തിൽ തുറക്കാനാവശ്യപ്പെട്ടതിനാലും ഇനിയും തുറന്നില്ലെങ്കിൽ പൊളിയുമെന്നുറപ്പുള്ളതിനാലും ആ വാതിലുകൾ തുറക്കപ്പെട്ടു.
മരണത്തിനും ജീവിതത്തിനുമിടയിലെ രണ്ടോ മൂന്നോ മിനുറ്റുകൾക്ക്‌ മുന്നെ ആ പെൺകുട്ടിയെ ശാസ്ത്രത്തിന്റെ അത്യാധുനികത ജീവിതത്തിലേക്ക്‌ കൈ പിടിച്ച്‌ കൊണ്ടുവരുമ്പോളും അന്ധാളിപ്പ്‌ മാറാതെ മറ്റൊരു അച്ഛൻ.
********* *********** **********
മൂന്നാമതൊരു അച്ഛനെ ഞാൻ ആദ്യത്തെ കമന്റിലെ സ്ക്രീൻ ഷോർട്ടിൽ പരിചയപ്പെടുത്താം. അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് എനിക്കറിയാത്തത്‌ കൊണ്ടു തന്നെ ആളുകളുടെ പേരുകൾ മറക്കുകയാണു. മകനിടുന്ന പോസ്റ്റുകളിൽ മറ്റാരേക്കാളും കൂടുതൽ മകനെ ട്രോളുന്ന അച്ഛൻ, അച്ഛന്റെ കമന്റുകൾക്ക്‌ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന മകൻ. പലരും ഇങ്ങകലെ മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെടുന്നത്‌ മക്കൾ, കുടുംബം എന്ന സ്വപ്നവും പേറിയാണു.
പിന്നാലെ നടന്ന് മക്കളെ ശ്രദ്ധിക്കാൻ പറ്റാത്തതിൽ നിരാശനാവാതെ പറ്റുന്ന രീതിയിൽ ആരോഗ്യകരമായൊരു ഒരു പിന്തുടരൽ നടത്തുന്ന മൂന്നാമനായ മറ്റൊരച്ഛൻ.
നമുക്ക്‌ ചിന്തിക്കാം.
കൗമാരക്കാരായ മക്കളെ ഇത്തരം മാധ്യമങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിലക്കുന്നത്‌ അവരെ വൈരാഗ്യബുദ്ധികളാക്കുകയേ ഉള്ളൂ.
മറിച്ച്‌ അയ്യായിരത്തോളം സുഹൃത്തുക്കളുള്ള നമ്മുടെ ഫ്രണ്ട്‌ലിസ്റ്റിൽ അവരെ കൂടി ഉൾപ്പെടുത്തി അവരെ കൂടി ഫോളോ ചെയ്താൽ, മാറുന്ന കാലത്ത്‌ അവരുടെ ചിന്തകളിലും പ്രവൃത്തികളിലും ഉണ്ടാവുന്ന വ്യതിയാനം നമുക്ക്‌ കൂടി തിരിച്ചറിയാനും ഇടപെടാനും സാധിക്കും എന്ന് തന്നെയാണെന്റെ അഭിപ്രായം.
നിങ്ങൾക്ക്‌ തീരുമാനിക്കാം ഇതിൽ ഏത്‌ രക്ഷിതാവാകണമെന്ന്.
“നഷ്ടപ്പെട്ടതിനു ശേഷം വിലപിക്കുന്ന കണ്ണുകളേക്കാൾ ഉത്തമം ‌ ആദ്യനിമിഷങ്ങളിൽ നീട്ടുന്ന വിരൽതുമ്പല്ലേ?
ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo