Slider

ഇങ്ങനെയും സ്നേഹിക്കാം!!

0


വീടിന്റെ നടുത്തളത്തിൽ മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു ഭദ്ര. ജനാലയ്ക്കിടയിലൂടെ നേർത്ത കാറ്റ് തളത്തിലേക്ക് എത്തി നോക്കുന്നുണ്ട്.
മുത്തശ്ശി പതിവുപോലെ ന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്.
"ന്താ മുത്തശ്ശി, ന്താ എപ്പോഴും പ്രാർത്ഥിക്കുന്നത്," ഭദ്ര ചോദിച്ചു.
"നിന്റെ മുത്തശ്ശന് വേണ്ടിയാ മോളേ". ദേവകിയമ്മ നെടുവീർപ്പിട്ടു.
"പറയൂ, മുത്തശ്ശി, അതെന്താ, കേൾക്കട്ടെ", ഭദ്ര വിടുന്ന മട്ടില്ല.
"നിന്റെ മുത്തശ്ശനെ, ആദ്യം വിളിക്കണേ ഈശ്വരാ എന്നാ ഭദ്രേ. എന്നേക്കാൾ മുന്നേ അദ്ദേഹം സ്വർഗത്തിൽ പൊയ്ക്കോട്ടേ"
ഭദ്ര അന്തം വിട്ടു. ആരെങ്കിലും ഇങ്ങനെ പ്രാർത്ഥിക്കുമോ? മുത്തശ്ശി ഇത്രയും ദുഷ്ടയാണോ !!
"അതല്ല മോളേ, നീ കണ്ടിട്ടില്ലേ രാവിലെ കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോ കയ്യിൽ ഉമിക്കരിയും ഉപ്പും കൊടുക്കുന്നത് തുടങ്ങി, രാത്രി കിടക്കുമ്പോൾ കാലിൽ പുതപ്പു ഇട്ടു കൊടുക്കുന്നതിനു വരെ ന്റെ കൈയെത്തണം" മുത്തശ്ശി ചിരിച്ചു കൊണ്ടു പറഞ്ഞു.
"ന്റെ പതിനാറാം വയസ്സിൽ എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതിന്റെ അടുത്ത നാൾ മുതൽ തുടങ്ങിയ പതിവുകളാണ്."
"മേശപ്പുറത്തിരിക്കുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വന്തമായിട്ട് എടുത്തു കുടിക്കില്ല. മേശക്കരികിൽ നിന്നു കൊണ്ടാവും ചിലപ്പോൾ വിളിക്ക്യാ !!
"ദേവോ, ഒരു ഗ്ലാസ്സ് വെള്ളം തന്നെടോ ന്ന്"
"അടുക്കളയിൽ പണിയ്ക്കിടെ ഞാൻ കൈ കഴുകി ഓടി വരണം."
ന്നാൽ പിന്നെ വേറെ ആരെങ്കിലും ചെന്ന്‌ എടുത്തു കൊടുത്താലോ, അത് കുടിക്കില്ലാന്നു പിടിവാശിയും!!
വയസ്സ് എഴുപത്തിയൊൻപതാണെങ്കിലും ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം"
മുത്തശ്ശി പുഞ്ചിരിച്ചു. ആ കണ്ണുകൾ തിളങ്ങി.
"ഇനി നീ പറ, ഞാനാണ് ആദ്യം പോകുന്നതെങ്കിൽ അദ്ദേഹത്തിന് അത് സഹിക്കാൻ കഴിയോ.. ആരാ ന്റെ പോലെ നോക്കുകാ മൂപ്പരെ !"
"എനിക്ക് ന്തെങ്കിലും വയ്യായ്ക വന്നൂച്ചാലോ, ആഹാരം പോലും കഴിക്കാതെ, ഉറക്കവുമൊഴിച്ചു ന്റെ അടുത്തങ്ങനെ എന്നെ ശുശ്രൂഷിച്ചിരിക്കും !!"
"ഞങ്ങളെ ഒരുമിച്ചു അങ്ങോട്ട്‌ വിളിക്കാൻ മാത്രമുള്ള പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ല മോളേ"
പെട്ടന്ന് അവരുടെ കണ്ണുകൾ നിറഞ്ഞു.
" അദ്ദേഹമില്ലാതെ ഒരു നിമിഷം പോലും എനിക്കോർക്കാൻ വയ്യ ഭദ്രേ.
പക്ഷെ ഞാനില്ലാതെ അദ്ദേഹം ബുദ്ധിമുട്ടുന്നത് ഓർക്കുമ്പോൾ.പാവം."
അവർ നേടുവീർപ്പിട്ടു.
"ദേവോ, ന്റെ കണ്ണട ഒന്ന് എടുത്തു തന്നെ."
അപ്പുറത്ത് നിന്നു മുത്തശ്ശന്റെ ഒച്ച !
"ദാ, വരണൂ", മുത്തശ്ശി വേഗം എഴുന്നേറ്റു ഉമ്മറത്തേക്ക് പോയി.
ഭദ്ര അന്നേരം ഓർക്കുകയായിരുന്നു..
വെറുതെ ഓരോ വാശിപ്പുറത്തു ഒരു കാരണവുമില്ലാതെ ഡിവോഴ്സ് ചെയ്യുന്ന ദമ്പതികൾ..
അവരുടെയിടയിൽ ഇല്ലാതെ പോയത് ഇതുപോലുള്ള നന്മ നിറഞ്ഞ സ്നേഹമല്ലെ.
അവൾ നെടുവീർപ്പിട്ടു.
"ദൈവമേ, എല്ലാവർക്കും നന്മ വരുത്തണെ !!"

By:- Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo