നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിന്റര്‍ ബ്ലൂ


Image may contain: one or more people, eyeglasses and closeup

ഞാന്‍ യമുനാ മേനോന്‍.ഇന്ന് ഞങ്ങളുടെ കോളേജിലെ ആര്‍ട്സ് ഡേയാണ്.ഒരുപക്ഷെ കോളേജിലെ എന്റെ അവസാനദിവസവും.എനിക്ക് ഈ കോളേജ് വളരെ ഇഷ്ടമാണ്.പ്രത്യേകിച്ചു ഈ മൂന്നാം നില.ഇവിടുത്തെ ഒരു കോര്‍ണറിലാണ് ഞങ്ങളുടെ ക്ലാസ് റൂം.ഈ നീണ്ടു കിടക്കുന്ന വരാന്ത.വെയിലില്‍ മങ്ങിക്കിടക്കുന്ന മഞ്ഞ ഭിത്തികള്‍..ക്ലാസ് മുറിയുടെ മുന്‍പിലെ വ്യാകുലമാതാവിന്റെ ചിത്രം..ഇതൊന്നും ഇവിടെനിന്ന് പോയാലും ഒരിക്കലും ഞാന്‍ മറക്കില്ല.
“വാതിലടയ്ക്ക് ,വാതിലടയ്ക്ക്..ആരെങ്കിലും വരും.”
ക്ലാസ് റൂമിന്റെ വാതില്‍ക്കല്‍കിടന്നു ബഹളം വയ്ക്കുന്നത് ജ്യോതിയാണ്.
“ഓ,ഇങ്ങനെകിടന്നു ബഹളം കൂട്ടാതെടി.ഇത്ര ടെന്‍ഷന്‍ ഉണ്ടെങ്കില്‍ നീ എന്തിനാ ഇങ്ങോട്ട് വന്നെ?”
അത് മെറീനയാണ്.മെറീന പാലൂക്കാരന്‍.വെളുത്ത ചുവന്ന നിറം.ജീന്‍സും ടോപ്പുമാണ് ഇഷ്ടവേഷം.പുറമേ ധൈര്യം ഭാവിക്കുമെങ്കിലും അവള്‍ നല്ല പേടിച്ചുതൂറിയാണ്.
ഞാനും മെറീനയും കൂടിയാണ് കോളെജിലേക്ക് വന്നത്.
“എടീ നീ മുഖം കുനിച്ചു നടന്നോ..ആ ചുരിദാറിന്റെ ഷാള്‍ എടുത്തു തലയിലൂടെ പുതച്ചോ..”ഒപ്പം നടക്കുന്നതിനിടയില്‍ അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു.അവള്‍ക്ക് നല്ല പേടിയുണ്ടായിരുന്നു.അവളുടെ പേടി ന്യായമാണ്.കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ കോളേജില്‍നിന്ന് സസ്പെണ്ട് ചെയ്യപ്പെട്ടിട്ട്.ഞാന്‍ കോളേജില്‍ വന്നത് ബോട്ടണി ഹെഡ് സിസ്റ്റര്‍ മരിയ ഗോരേത്തി അറിഞ്ഞാല്‍ ..പക്ഷേ മെറീനയ്ക്ക് പേടി എന്റെ ബാഗിലെ വസ്തുവായിരുന്നു.എങ്ങാനും ഏതെങ്കിലും ടീച്ചേഴ്സ് ബാഗ് തുറന്നു പരിശോധിച്ചാല്‍ അതോടെ തീര്‍ന്നു.
ജ്യോതി ,മെറീന ,പിന്നെ ഞാന്‍ യമുന.പിന്നെ രാധിക .ഈ ഗേള്‍സ്‌ ഒണ്‍ലി കോളേജിലെ ബി.എസ്.സി സുവോളജി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനികളാണ് ഞങ്ങള്‍.മൂന്നാംനിലയിലെ അവസാനത്തെ ക്ലാസ് റൂമാണ് ഞങ്ങളുടെത്.ഈ കോളേജില്‍ ചേരുന്ന സമയത്ത് ഇവിടം മുഴുവന്‍ റബ്ബര്‍ തോട്ടങ്ങളായിരുന്നു.ഇപ്പോള്‍ റബ്ബര്‍ എല്ലാം വെട്ടികളഞ്ഞു.അനന്തമായ പൈനാപ്പിള്‍തോട്ടങ്ങള്‍ കാണാം ക്ലാസ് ജനാല തുറന്നാല്‍.ഇത് ഡിസംബറിലെ അവസാനദിവസമാണ്.തണുത്ത ദിവസങ്ങളാണിത്.എനിക്കിത് കറുത്ത ദിവസങ്ങളാണ്.മൂടിപ്പുതച്ചു മുറിയില്‍ അടച്ചുപൂട്ടിയിരിക്കാന്‍ തോന്നുന്ന വിഷാദം മൂടുന്ന ദിവസങ്ങള്‍.ഈ ഡിസംബര്‍ ...എല്ലാ ഡിസംബറുകള്‍ക്കും മേലെയാണ്.
“ഗ്ലാസ് കിട്ടി.”വാതില്‍ തുറന്നു വരുന്നത് രാധികയാണ്.
“ഒരു വിധത്തിലാ കൊണ്ട് വന്നെ..ഈ കള്ളക്കടത്തുകാരെയും കള്ളന്‍മാരെയും ഒക്കെ സമ്മതിക്കണം.നാല് പേപ്പര്‍ ഗ്ലാസ് കാന്റീനില്‍ നിന്ന് കൊണ്ടുവന്നത് തന്നെ എന്ത് പാടുപെട്ടാ“..ബാഗില്‍നിന്ന് ഗ്ലാസുകള്‍ എടുത്തു മേശപ്പുറത്തു വച്ച് രാധിക പറയുന്നു
രാധിക .അവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.എങ്കിലും ചിലപ്പോള്‍ അവളുടെ സ്വഭാവം എനിക്ക് തീരെ പിടിക്കില്ല.അവള്‍ക്ക് നല്ല വട്ട മുഖമാണ്.ഇരുണ്ട നിറം.എങ്കിലും എന്നെക്കാള്‍ കാണാന്‍ സൗന്ദര്യം അവള്‍ക്കാണ്.ഒരു നാടന്‍ പെണ്‍കുട്ടി .കടപ്പുറം ഭാഗത്തെ പാവപ്പെട്ട കുടുംബമാണ്.ചുരിദാര്‍ അല്ലെങ്കില്‍ പാവാട.ഇടയ്ക്ക് ഹാഫ് സാരി ചുറ്റി വരും.നല്ല ഭംഗിയാണ് അവളെ കാണാന്‍. ഒരിക്കല്‍ മദ്യപിച്ചു വന്ന അവളുടെ അമ്മാവന്‍ അവളെ റേപ്പ് ചെയ്യാന്‍ ശ്രമിച്ചു..അവള്‍ ആ മനുഷ്യന്റെ കയ്യില്‍നിന്ന് ഓടി രക്ഷപെട്ടു.ആ കാര്യം ഞങ്ങള്‍ മാത്രമേ അറിഞ്ഞുള്ളു.അവളുടെ അച്ഛന് അമ്മാവന്‍ കുറച്ചു തുക പണം കടം കൊടുത്തു.അത് തിരികെ കിട്ടിയില്ല.അത് മുതലാക്കാന്‍ അയാള്‍ ശ്രമിച്ചതാണ്.അന്നൊക്കെ അവള്‍ സ്ഥിരം കരച്ചിലായിരുന്നു.ഞാന്‍ അവളുടെ ഒപ്പമുണ്ടായിരുന്നു.അവള്‍ ആത്മഹത്യ ചെയ്യുമോയെന്നു വരെ എനിക്ക് പേടിയുണ്ടായിരുന്നു.ഞാനും അങ്ങിനെ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.ജീവിതം വല്ലാതെ മടുത്താല്‍ എന്ത് ചെയ്യാനാണ്?
“നീ വരുന്നത് ആരെങ്കിലും കണ്ടോ ? ജ്യോതി ചോദിച്ചു.
“ഇല്ല.എല്ലാവരും ഓഡിറ്റോറിയത്തിലാണ്.ഇങ്ങോട്ട് ഒന്നും ആരും വരത്തില്ല. “
“ആ സിസ്റ്റര്‍ മരിയാ ഗോരെത്തി എങ്ങാനും കണ്ടാല്‍ തീര്‍ന്നു.”
“ഓ,ഒന്ന് നാക്കെടുത്ത് വളയ്ക്കാതെടി ജ്യോതി.”മെറീന പറഞ്ഞു.
ഗംഗ പോയി വാതില്‍ അടച്ചു .പിന്നെ ഉള്ളില്‍നിന്ന് കുറ്റിയിട്ടു.എല്ലാവരും എന്നെ നോക്കുന്നു.
ഞാന്‍ ബാഗ് തുറന്നു.പിന്നെ ആ കുപ്പിയെടുത്തു മേശപ്പുറത്ത് വച്ചു.
വിന്റര്‍ ബ്ലൂ.
ആകര്‍ഷകമായ സ്ഫടിക കുപ്പിയില്‍ നിറച്ച നീല ഫ്രഞ്ച് മദ്യം .അത് കണ്ടു എല്ലാവരും ഒന്ന് ഞെട്ടി പിന്നെ ചിരിയുടേയും ആശ്ചര്യത്തിന്റെയും ശബ്ദങ്ങള്‍ ഉയര്‍ന്നു.എനിക്ക് ഈ മദ്യത്തിന്റെ പേര് വളരെ ഇഷ്ടമാണ്.വിന്റര്‍ ബ്ലൂ.അച്ഛന് മരിക്കുന്നത് വരെ പ്രിയപ്പെട്ട മദ്യമായിരുന്നു ഇത്.ഡിസംബര്‍ മാസത്തില്‍ കഴിക്കാന്‍ ഏറ്റവും നല്ല മദ്യം.ഡിസംബറില്‍ എനിക്ക് വല്ലാത്ത ഡിപ്രഷന്‍ ഉണ്ടാവാറുണ്ട്.അതൊരു സീസണല്‍ ഡിപ്രഷനാണ്.പുറമേ അറിയില്ല.എങ്കിലും സദാ മുറിയുടെ ഉള്ളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ തോന്നും.ചെറിയ തലവേദനയും ഉണ്ടാകും.എനിക്ക് ഡിസംബര്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇഷ്ടമല്ല.ഈ തണുത്ത ദിവസങ്ങള്‍ എനിക്ക് ഭയമാണ്.
“ഹോ ഞാന്‍ ഒന്ന് വിചാരിച്ചു .നീ കൊണ്ട് വരത്തില്ലെന്ന്.:മരീന പറഞ്ഞു.
“നീ ഒരു അച്ചായത്തിയായിട്ടു എന്താ കാര്യം.അവസാനം ഈ മേനോത്തി വേണ്ടി വന്നില്ലേ നമ്മുക്ക് ആഘോഷിക്കാന്‍.”ജ്യോതി മരീനയ്ക്കിട്ടു കുത്തി.
ഗംഗ മാത്രം ഒന്നും പറഞ്ഞില്ല.എന്നെ ഒന്ന് നോക്കിയിട്ട് അവള്‍ നോട്ടം മാറ്റി.
ഞാന്‍ കുപ്പി തുറന്നു.നിരത്തിവച്ച ഗ്ലാസുകളില്‍ ഞാന്‍ നീല ഔഷധം പകര്‍ന്നു.
ആദ്യത്തെ ആവേശം പോയി ഇപ്പൊ ചില മുഖങ്ങളില്‍ അങ്കലാപ്പുണ്ട്.ഏറ്റവും ഭയം രാധികയുടെ മുഖത്താണ്.
“ഇതിനു വല്ലാത്ത ചൊവയാണോടി?”മരീന ചോദിക്കുന്നു.
“എന്തായാലും നല്ല സ്മെല്ലാ..”ജ്യോതി പറയുന്നു.
‍‍ രാധിക .മാത്രം ഒന്നും മിണ്ടുന്നില്ല.ഈ കൂട്ടത്തില്‍ എന്റെ സസ്പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ സങ്കടം അവള്‍ക്കാണ്.‍ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.ഈ കൂട്ടത്തില്‍ എന്റെ സസ്പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ സങ്കടം അവള്‍.
“എടീ ഇതേല്‍ എന്നതാ എഴുതിവച്ചേക്കുന്നത് ?”ജ്യോതിയാണ്.അവള്‍ കുപ്പി പരിശോധിക്കുകയാണ്.കൂട്ടത്തില്‍ പഠിപ്പിസ്റ്റ് അവളാണ്.ക്ലാസ് ടോപ്പര്‍മാരില്‍ ഒരാളാ.
“ഓ,ആ കുപ്പിയുടെ പേരും മിക്കവാറും ഇപ്പൊ കാണാതെ പഠിക്കും.എന്നിട്ട് യൂണിവെഴ്സിറ്റി പരീക്ഷക്ക് അത് വച്ച് രണ്ടു പേജ് എഴുതും.എന്റെ പഠിപ്പ്സ്റ്റ് മരമോന്തീ നിന്നെക്കൊണ്ട് ഞങ്ങള്‍ തോറ്റു..“മരീന അവളെ കളിയാക്കുന്നു.അവളെ തല്ലാന്‍ ജ്യോതി എഴുന്നേറ്റു കഴിഞ്ഞു..
“അധികം ഒച്ച വയ്ക്കണ്ട.ആരേലും വന്നാലോ.യമുനേ നമ്മുക്കിത് വേണോ ”രാധിക മുന്നറിയിപ്പ് നല്‍കുന്നു.
“ഓക്കെ സോറി ചുപ് രഹോ..ഇനി ആരും മിണ്ടുന്നില്ല.”മരീന പറയുന്നു.
“അല്പം മിണ്ടിയില്ലേല്‍ എങ്ങിനാ സ്മാള്‍ അടിക്കുന്നെ ..എന്നാ ചാപ്പലില്‍ പോയി കഴിച്ചാല്‍ മതിയാരുന്നല്ലോ..”ജ്യോതി കുശുകുശുക്കുന്നു.
ഞാന്‍ നീല നിറമുള്ള ദ്രാവകം ഗ്ലാസുകളില്‍ പകര്‍ന്നു.
“ചിയേഴ്സ്..ചിയേഴ്സ് പറഞ്ഞാല്‍ പിന്നെ ഒരു സിപ്പ് എടുക്കാതെ ഗ്ലാസ് താഴെവയ്ക്കരുത്.”ഞാന്‍ ഗ്ലാസ് ഉയര്‍ത്തി പറഞ്ഞു.
“ഓ,ഇതിനും റൂള്‍ ഒക്കെയുണ്ടോ?ഇതും സിസ്റ്റര്‍ മരിയ ഗോരെത്തിയാണോ തുടങ്ങിയെ?”ജ്യോതി ചോദിക്കുന്നു.എല്ലാവരും ശബ്ദം താഴ്ത്തി ചിരിക്കുന്നു.
ചിയേഴ്സ് “ ഞാന്‍ ഗ്ലാസ് എടുത്തുയര്‍ത്തി.
രാധിക എന്നെ ഞെട്ടിച്ചു കൊണ്ട് ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി.ബാക്കിയുള്ളവര്‍ അത് കണ്ടു ഞെട്ടി.പിന്നെ അവരും ഗ്ലാസുകള്‍ എടുത്തു.പിന്നെ മെല്ലെ നുണഞിറക്കാന്‍ തുടങ്ങി.ജ്യോതി ഇടയ്ക്കിടെ ചുറ്റും നോക്കുന്നുണ്ട്.
“നീ വായിച്ചത് ഒരു ഫ്രഞ്ച് വാക്കാടി ജ്യോതി.ഹിപ്നോട്ടിക്ക്.എന്ന് വച്ചാല്‍ ഇത് കഴിച്ചാല്‍ ഉള്ളിലെ രഹസ്യങ്ങള്‍ എല്ലാമിങ്ങ് പോരും.മനസ്സ് ശുദ്ധമാകും.മുപ്പത്തിയൊന്നു ശതമാനം ആല്‍ക്കഹോളാ.ബാക്കി ട്രോപ്പിക്കല്‍ ഫ്രൂട്ട് ജ്യൂസസും.ഇറ്റ് വില്‍ ഷേക്ക് അവര്‍ സബ്കോണ്‍ഷ്യസ്.”ഞാന്‍ പറഞ്ഞു.
“ഓ,എനിക്കങ്ങിനെ രഹസ്യമോന്നുമില്ല.ആകെയുള്ളത് പ്ലസ്ടൂ ട്യൂഷന്‍ സെന്ററില്‍ വച്ച് പ്രവീണ്‍ മാത്യുവുമായുള്ള ലൈനാ..അത് കഴിഞ്ഞു ഐ തേക്കല്‍ട് ഹിം ആന്‍ഡ്‌ ഹീ തേക്കല്‍ട് മീ.”മരീന പറയുന്നു.
“ഫസ്റ്റ് ഇയര്‍ കോളേജിന്റെ വാതില്‍ക്കലുള്ള ബാങ്ക് ഓഫീസറെ നീ കുറെ ചുറ്റിച്ചില്ലേ..””ജ്യോതി കുത്തുന്നു.
“അതൊക്കെ ഒരു രഹസ്യമാണോ..സില്ലി ഗേള്‍..”
ലഹരി ചെറുതായി പിടിച്ചു തുടങ്ങിയിരിക്കുന്നു.മൂന്നു പേരും രാധികയുള്‍പ്പെടെ ചിരിക്കുന്നുണ്ട്.ഒച്ച കുറഞ്ഞ ചിരി.ഞാനും ഇടയ്ക്കിടെ എന്തൊക്കെയോ പറയുന്നുണ്ട്.പക്ഷെ എന്റെ മനസ്സിവിടയില്ല.എന്റെ മനസ്സിനു എന്താണെന്ന് ചോദിച്ചാ എനിക്കറിയിത്തില്ലഇപ്പോള്‍ എന്റെ മനസ്സ് ബ്ലാങ്കാണ്.എന്റെ കൂട്ടുകാരികള്‍ക്ക് ഇപ്പോള്‍ മാലാഖമാരുടെ മുഖമാണ്.അടുത്ത വര്‍ഷം മുതല്‍ ഞങ്ങള്‍ പലവഴിക്കാകും.പിന്നെ പരസ്പരം കാണുമോ ?ഇത്രയും വലിയൊരു സാഹസം ഞങ്ങള്‍ ഒരുമിച്ചിനി ചെയ്യുമോ?
“എന്നാലും നിന്റെ കാര്യം ഓര്‍ക്കുമ്പോഴാ..”ജ്യോതി തുടങ്ങി.
“ദേ,ജ്യോതി വെറുതെ ശോകമാക്കണ്ട.ഐ ആം. ഫൈന്‍.”ഞാന്‍ പറഞ്ഞു.
ഞാന്‍ ഫൈനാണോ?
അറിയില്ല.
കഴിഞ്ഞവര്‍ഷം മുതല്‍ ഞാന്‍ ഓരോരോ കാരണങ്ങള്‍ക്കൊണ്ട് സിസ്റ്റര്‍ മരിയയുടെ നോട്ടപ്പുള്ളിയായി.ആദ്യമൊക്കെ പല പ്രശ്നങ്ങളും ഞാന്‍ പോലും അറിയാതെയാണ് ഉണ്ടായത്.പിന്നെ എനിക്ക് ദേഷ്യമായി.ഞാന്‍ അധികം സംസാരിക്കുന്ന കുട്ടിയായിരുന്നില്ല.ഈ കൂട്ടത്തിലെ ഏറ്റവും സൈലന്റ് ഞാനായിരുന്നു.കഴിഞ്ഞ വര്‍ഷംവരെ നല്ല മാര്‍ക്കും ഉണ്ടായിരുന്നു.എല്ലാം...എല്ലാം എത്ര പെട്ടെന്നാണ് തകിടം മറിഞ്ഞത്. ഈ മാസമാദ്യം എന്റെ ഫോണില്‍ ഒരു വൃത്തികെട്ടവന്‍ വിളിച്ചു.എന്റെ നമ്പര്‍ അവനു എങ്ങിനെ കിട്ടിയെന്നു എനിക്കറിയില്ല. എന്റെ ഫോണില്‍നിന്ന് വാട്സാപ്പ് വഴി പോണ്‍വീഡിയോ അവനു കിട്ടിയത്രെ. ഞാന്‍ അവനു മസാജ് ചെയ്തു കൊടുക്കണമെന്നു.അതിനു അവന്‍ എനിക്ക് പണം തരാമെന്ന്.വൃത്തികേടു പറയാന്‍ തുടങ്ങിയപ്പോ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.പിന്നേം മറ്റു പലരും തുരുതുരാ വേറെ നമ്പരുകളില്‍ നിന്ന് വിളി .ഞാന്‍ ഇവിടെ അമ്മൂമ്മയുടെ കൂടെ ഒറ്റക്കാണ് താമസിക്കുന്നത്.എനിക്ക് വേറെ ആരുമില്ല.ഒരിക്കല്‍ ബസ് സ്റ്റോപ്പില്‍ വച്ച് അവന്‍മാര്‍ എന്റെ പുറകെ വന്നു.ചില കോളേജ് പെണ്‍കുട്ടികള്‍ പൈസക്ക് വേണ്ടി ചിലതൊക്കെ ചെയ്യുമല്ലോ..ഞാനും ആ കൂട്ടത്തില്‍ ഉള്ളതാണ് എന്ന് അവര്‍ എങ്ങിനെയോ ധരിച്ചിരിക്കുന്നു.ഈ ഡിസംബര്‍മാസം എനിക്ക് ഒരു തരത്തിലും ഇറിറ്റെഷന്‍ സഹിക്കാന്‍ പറ്റില്ല.മരീനയുടെ പപ്പക്ക് നഗരത്തില്‍ ഒരു ബാര്‍ ഉണ്ട്.ആ പരിചയം വച്ച് ഞാന്‍ അവന്‍മാര്‍ക്ക് കൊട്ടേഷന്‍ കൊടുത്തു.എന്റെ പുറകെ നടന്നവന്‍മാരെ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചു.അവര്‍ കോളേജില്‍ പരാതിയുമായി വന്നു.അതും കൂടിയായപ്പോള്‍ സിസ്റ്റര്‍ മരിയക്ക് സഹിച്ചില്ല.
“നിന്നെ ഞാന്‍ ഇങ്ങനെയൊന്നുമല്ല ധരിച്ചത്.എത്ര പെട്ടെന്നാണ് നീ മാറിപോയത്.”അവരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു.
എത്ര പെട്ടെന്നാണ് എന്റെ ജീവിതം തകര്‍ന്നത് ?
“എന്റെ യമുനേ ,നിന്നെ കണ്ടാല്‍ മനീഷ കൊയിരാളയപോലെയാ...ആ സിനിമേടെ പേരെന്താ .അരവിന്ദ് സാമി ഉള്ള പടം ?” ജ്യോതി ചോദിക്കുന്നു.
“ദില്‍ സേ..”മരീന പറയുന്നു.
“അല്ല ,അതില്‍ ഷാരൂഖാ..”
“ബോംബെ..ബോംബെലെ മനീഷയ പോലെയാ യമുനാ..”രാധിക പറയുന്നു.അവള്‍ എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നു.അവള്‍ക്ക് എന്നെ ആരാധനയാണ്.ചിലപ്പോ അവള്‍ടെ നോട്ടം കാണുമ്പോ എനിക്ക് ഇറിറ്റെഷന്‍ വരും.
ലഹരി നന്നായി പിടിച്ചു തുടങ്ങിയിരിക്കുന്നു.ഈ ലഹരി തടഞ്ഞുനിര്‍ത്തിയ എന്തിനെയോ പുറത്തു തള്ളുകയാണ്.ഇത്ര നാളായിട്ടും ഞാന്‍ കരഞ്ഞില്ല.എന്റെ ഈ അവസ്ഥ കാണാന്‍ അച്ഛന്‍ ജീവനോടെ ഉണ്ടായില്ലല്ലോ..അതൊരു മഹാഭാഗ്യമാണ്.ഉള്ളില്‍ ഒരു അണക്കെട്ട് പൊട്ടിത്തെറിക്കുന്നു.അച്ഛന്‍ ..അച്ഛന്‍ ഉണ്ടായിരുന്നെകില്‍..ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍..
“നീ കരയാതെ യമുനേ ..”അകലെനിന്ന് എന്ന പോലെ ജ്യോതിയുടെ ശബ്ദം.
“നമ്മുക്ക് എല്ലാം സോള്‍വ് ചെയ്യാം.’ മരീനയുടെ ശബ്ദം.
എന്ത് സോള്‍വ് ചെയ്യാനാ ? ഒന്നും സോള്‍വ് ചെയ്യാന്‍ ആര്‍ക്കും പറ്റില്ല.ഈ വര്‍ഷമാദ്യം ഒരു ഗസ്റ്റ് ലക്ചറര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.അനില്‍ പരമേശ്വരന്‍.പേര് പോലെ തന്നെ കാണാനും നല്ല ഭംഗിയുണ്ടായിരുന്നു.അയാള്‍ ക്ലാസില്‍ വരാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു എനിക്ക്..പുള്ളിക്കും എന്നോട് എന്തോ സോഫ്റ്റ്‌ കോര്‍ണ്ണര്‍ പോലെയുണ്ടായിരുന്നു.നല്ല കറുത്ത കട്ടി മീശ.ക്രീം നിറമുള്ള ചെക്ക് ഷര്‍ട്ടും വലത്തേക്ക് ചീകി വച്ച മുടിയും.ചിലപ്പോ ക്ലാസില്‍ വച്ച് നോട്ടമിടയും.അങ്ങേര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു.എനിക്കുറപ്പാണ്..ആ ദിവസങ്ങളില്‍ അത് വലിയ പ്രതീക്ഷയായിരുന്നു.ഈ ഡിപ്രഷന് റൊമാന്‍സ് നല്ല മരുന്നാണ്..അച്ഛന്‍ എപ്പഴും പറയുമായിരുന്നു.അത് ശരിയാണെന്നു തോന്നിയത് അനില്‍ സാറിനെ കണ്ടപ്പോഴാണ്..അയാള്‍ക്ക് യു.ജി.സി കിട്ടി കോളേജില്‍ നിന്ന് റിസൈന്‍ ചെയ്തു റിസര്‍ച്ചിന് പോകുന്ന വിവരം ഞാന്‍ വൈകിയാണ് അറിഞ്ഞത്.കാണാന്‍ ധൈര്യം സംഭരിച്ചു സ്റ്റാഫ് റൂമില്‍ ചെന്നു .അയാള്‍ എന്റെ നേര്‍ക്ക് ഷൌട്ട്‌ ചെയ്തു.എന്താണ് കാരണമെന്ന് പോലും എനിക്കറിയില്ല.എങ്ങിനെയാണ് അയാള്‍ എന്നെ വെറുത്തത്?അറിയില്ല..അതൊരു തുടക്കമായിരുന്നു..പിന്നെ എനിക്കെതിരെ അവിടുന്നും ഇവിടുന്നും പരാതി ഉയരാന്‍ തുടങ്ങി...
ഞാന്‍ കൂട്ടുകാരികളെ നോക്കി.മദ്യം അവരെ ധൈര്യവതികള്‍ ആക്കിയിരിക്കുന്നു.ജ്യോതിയും മറീനയും ഡെസ്കില്‍ പരസ്പരം കെട്ടിപ്പിടിച്ചു എന്തോ രഹസ്യം പറഞ്ഞു ചിരിക്കുന്നു.കുപ്പിയിലെ മദ്യത്തിന്റെ അളവ് നന്നായി കുറഞ്ഞിരിക്കുന്നു.രാധിക മാത്രം എന്നെ നോക്കിയിരിക്കുകയാണ്.
“യമുനേ..”അവള്‍ടെ സ്വരത്തിന് ഒരു ഭാവമാറ്റം.കലങ്ങിയ ആ നോട്ടം തൊലി പൊളിക്കുന്നു.
അവള്‍ എന്റെ അടുത്തു വന്നു.പിന്നെ കവിളില്‍ തൊട്ടു.
“നിനക്ക് എന്ത് വെളുപ്പാടി...അല്ലേലും നിങ്ങള്‍ക്ക് ഒക്കെ നല്ല വെളുപ്പും നല്ല ബുദ്ധിയുമാണല്ലോ..”ഒരു കൗതുകവസ്തുവിനെ എന്ന പോലെ അവള്‍ എന്നെ നോക്കുന്നു.
“നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..വിന്റര്‍ ബ്ലൂ കേറി പിടിച്ചു അല്ലെ..പോയി അവിടിരിക്ക്..”ഞാന്‍ അവളെ ബഞ്ചില്‍ കൊണ്ടിരുത്താന്‍ തുടങ്ങി.അവള്‍ എന്നില്‍നിന്ന് കുതറിമാറി ഉറക്കെ കരയാന്‍ തുടങ്ങി.ഞാന്‍ അതൊട്ടും പ്രതീക്ഷിച്ചില്ല.ഒരു ഭയം ഉള്ളില്‍ നുരകുത്താന്‍ തുടങ്ങുന്നത് ഞാന്‍ അറിഞ്ഞു.ആരെങ്കിലും ഇവളുടെ ശബ്ദം കേട്ട് ഇങ്ങോട്ട് വന്നാല്‍...
എന്നെ ഏതായാലും കോളേജില്‍നിന്ന് പുറത്താക്കി.പക്ഷേ എന്റെ ഫ്രണ്ട്സിന്റെ ഭാവി തുലയ്ക്കാന്‍ ഞാനില്ല.വേണ്ടായിരുന്നു.ഇതൊന്നും വേണ്ടായിരുന്നു.
“യമുനേ..നിന്നെ കോളേജില്‍നിന്ന് പറഞ്ഞുവിടും.നീ ഇവിടുന്നു പോണം.അതാ എന്റെ ആഗ്രഹം “ രാധിക പെട്ടെന്നാണ് അത് പറഞ്ഞത്..
“രാധികേ ..നീയിപ്പോള്‍ എന്താ പറഞ്ഞത്..”മദ്യം ഒത്തിരി തലയില്‍ കേറുമ്പോള്‍ തീരെ വെളിവ് ഇല്ലാതാകുമോ ?
“അതെ.എനിക്ക് നിന്നോട് മുഴുത്ത അസൂയയായിരുന്നു.ഞാനാ അനില്‍ സാറിന്റെയടുത്തു നീ സാറിനെ പറ്റി മോശമായി പറഞ്ഞു നടക്കുകയാണ് എന്ന് പറഞ്ഞത്.നിന്റെ ഫോണ്‍ നമ്പര്‍ ആ ചെക്കന്‍മാര്‍ക്ക് കൊടുത്തതും നിന്റെ ഫോണില്‍നിന്ന് ആ ചെക്കന്‍മാര്‍ക്ക് മെസേജ് അയച്ചതും ഞാനാ..നിന്റെ ഇമേജ് ഇല്ലാതാക്കിയത് ഞാനാ..”
മരീനയും ജ്യോതിയും ഇപ്പോള്‍ എഴുന്നേറ്റു അമ്പരന്നു നോക്കുകയാണ്.
“എനിക്കറിയില്ല യമുനേ.. നിന്റെ നല്ല മാര്‍ക്ക്,നിന്റെ സൌന്ദര്യം ,നല്ല ശബ്ദംആരും നിന്നെ ഇഷ്ടപ്പെട്ടു പോകും.പക്ഷേ എന്നെ. ആര്‍ക്കും ഇഷ്ടമാകില്ല.ഉള്ളില്‍ നിങ്ങള്‍ക്കും എന്നെ ഇഷ്ടമല്ല.അതെനിക്കറിയാം.കഴിഞ വര്‍ഷമാണ്‌ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ കൂടിയത്.ഈ നാല് പേര്‍ക്കിടയില്‍ നിങ്ങള്‍ മൂന്നു പേര്‍ തമ്മിലുള്ള അടുപ്പം എന്നോടില്ലല്ലോ...ഞാന്‍..എനിക്കറിയില്ല.ആ സാറിനെ എനിക്കും ഇഷ്ടമായിരുന്നു.നീ ഇഷ്ടപ്പെട്ട അനില്‍ സാറിനെ..കറുത്തവര്‍ക്കും ഇഷ്ടങ്ങള്‍ ഉണ്ടാകില്ലേ..പക്ഷേ വെളുത്തവര്‍ വെളുത്തവരെ മാത്രമേ ഇഷ്ടപെടു..നിന്റെ കുലം,നിന്റെ നിറം,നിന്റെ ബുദ്ധി..അതൊക്കെ കാരണമാ അയാള്‍ നിന്നെ ഇഷ്ടപ്പെട്ടത്. ..പക്ഷേ എന്നെ അയാള്‍ വെറുപ്പോടെയാ നോക്കിയത്.എല്ലാരും എന്നെ വെറുപ്പോടെയാ നോക്കുന്നത്.എന്റെ നിറം..അന്ന് മുതലാ എനിക്ക് നിന്നോട് വെറുപ്പ് തോന്നി തുടങ്ങിയത്. നീ എന്നെ സ്നേഹിക്കുമ്പോഴും ഞാന്‍ നിന്നെ വെറുക്കുകയായിരുന്നു.മനപ്പൂര്‍വമല്ല..പക്ഷേ അറിയാതെ ആ വെറുപ്പില്‍ ഞാന്‍ വല്ലാതെ സുഖം കണ്ടെത്തി...”
മേശപ്പുറത്തു നീലനിറമുള്ള വിന്റര്‍ ബ്ലൂവിന്റെ വലിയ കുപ്പി ഇരിക്കുന്നു. മദ്യം അവളുടെ അഴുക്കു നിറഞ്ഞ മനസ്സ് വലിച്ചു പുറത്തിട്ടൂ.എന്റെ ബെസ്റ്റ് ഫ്രണ്ട്.എന്റെ കൂടെപിറക്കാത്ത സഹോദരി.
ഞാനിപ്പോള്‍ ഒരു അഗ്നിപര്‍വതമാണ്.ലാവ ചീറ്റുന്ന അഗ്നിപര്‍വതം.
ആ നീലനിറമുള്ള കുപ്പി ഞാന്‍ മിന്നല്‍ പോലെ കടന്നെടുത്തു.അവള്‍ക്ക് ഒഴിഞ്ഞുമാറാന്‍ നേരം കിട്ടിയില്ല.അതിനു മുന്‍പ് ഞാന്‍ അതെടുത്തു അവള്‍ടെ തലയില്‍ ആഞ്ഞടിച്ചു.
ചോര ചീറ്റിയൊഴുകി.എന്റെ വെളുത്ത ചുരിദാര്‍ അവളുടെ ചോരയില്‍ കുതിരുന്നു.പിന്നെയും ഞാന്‍ അവള്‍ടെ തലയില്‍ കുപ്പി കൊണ്ട് അടിച്ചു.അതിന്റെ ചില്ലുകള്‍ ചിതറിത്തെറിക്കുന്നു. നീലനിറമുള്ള ചില്ല് കഷണങ്ങളില്‍ ചോരയുടെ നേര്‍ത്ത ചുവപ്പ് നിറം.എന്റെ ഹൃദയത്തിന്റെ കഷണങ്ങള്‍ പോലെ...
മരീനയും ജ്യോതിയും ഉറക്കെ നിലവിളിച്ചു..കഴിച്ച മദ്യം ആവിയായി.ജ്യോതി വാതില്‍ തുറന്നു താഴേക്ക് ഓടി.
എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞിരിക്കുന്നു.ഡിപ്രഷനില്ലാത്ത ഡിസംബറിലെ ഒരു ദിവസമാണ് ഇന്ന്.അത് മദ്യത്തിന്റെ ലഹരി കാരണമല്ല.ഒരുപക്ഷെ ഈ വയലന്‍സിന്റെ പ്രത്യേകത കൊണ്ടാവാം.അടക്കി വച്ച രോഷവും സങ്കടവും എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിച്ചിരിക്കുന്നു.
ഒരു വെളുത്ത പാടയിലെന്നപോലെ വാതില്‍ തുറന്നു ആളുകള്‍ ഓടിവരുന്നത് കാണാം.അവര്‍ രാധികയെ കോരിയെടുത്ത് കൊണ്ട് പോകുന്നു.സിസ്റ്റര്‍ മരിയ ഗോരെത്തി വരുന്നത് കണ്ടു.അവരുടെ കറുത്ത ശിരോവസ്ത്രം രാധികയുടെ കണ്ണുകള്‍ പോലെ..അവര്‍ എന്റെ കൈപിടിച്ചു കൊണ്ട് കൊണ്ട് പോവുകയാണ്.
രാധിക മരിക്കുമോ ?അറിയില്ല.മിക്കവാറും ജീവിക്കും.എന്നെ കോളേജില്‍നിന്ന് പുറത്താക്കും.ചിലപ്പോ ജയിലില്‍ പോകുമായിരിക്കും. ഈ ഡിസംബര്‍ കഴിയുമ്പോള്‍ ഈ ഡിപ്രഷന്‍ പോകും.ഇതിനെ നേരിടാനോക്കെയുള്ള ധൈര്യം എനിക്കുണ്ട്.ഇത്രനാളും എന്റെ കുഴപ്പം കൊണ്ടാണ് ഞാന്‍ അനുഭവിക്കുന്നതെന്നായിരുന്നു ധാരണ.ഇനി ഞാന്‍ ഈ കോളെജിലേക്ക് എപ്പോഴായിരിക്കും വരിക ?അറിയില്ല.ഇനി രാധികയെ കാണുമ്പോള്‍ ഞാന്‍ ചിരിക്കുമോ?അതാണ്‌ ഞാന്‍ ആലോചിക്കുന്നത്.അതാലോചിക്കുമ്പോള്‍ ചിരി വരുന്നു.പാവം .പൊട്ടിപ്പെണ്ണ്.അവളെ ക്കാണാന്‍ നല്ല രസമാണ്.നല്ല കറുത്ത വട്ടമുഖമാണവള്‍ക്ക്.
(അവസാനിച്ചു)
#shortfictionexperiments
By Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot