നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രമേശന്റെ ലോകം ( ഒരു പഴയ കഥ)



നേരം പരപരാ വെളുത്തു വരുന്നതേ ഉള്ളൂ.. ഇന്നലെ പടിഞ്ഞാറോട്ടു ചൂട്ടും കത്തിച്ചു പിടിച്ച പോയ ആൾ ഉറക്കം വിട്ടു എണീറ്റു മൂരി നിവർത്തി മഞ്ഞ പുതപ്പും മൂടി മെല്ലെ ഇറങ്ങി വരുന്നുണ്ട്..
മഞ്ഞിന്റെ ഇടയിലൂടെ ഓടുന്ന ആൾരൂപം കണ്ടിട്ടാണ് ചായക്കുള്ള വെള്ള വെച്ചിട്ട് തിരിഞ്ഞ രാമേട്ടൻ മുന്നിലേക്ക്‌ നീട്ടിയൊരു നോട്ടമെറിഞ്ഞത് .. രമേശനല്ലേ അത്.....
ടാ.. രമേശാ .............
രാവിലെ എങ്ങോട്ടാടാ ഓടുന്നേ .............
ചായപീടികേന്നു രാമൻ ചേട്ടന്റെ പിൻവിളി കേട്ടു രമേശൻ ഒന്ന് തിരിഞ്ഞു നിന്നു .........
ങ്ങള് ന്തു മനുഷ്യനാ രാമേട്ടാ ..നാളെ അല്ലെ , നമ്മുടെ പടിപ്പുരയിലെ ശ്രീധരൻ മാഷിന്റെ മോൾടെ കല്യാണം ...രണ്ടു പെൺമക്കളല്ലേ മാഷിന് ....സഹായത്തിനു ആരാ ഉള്ളേ ...അത്രേടം വരെ ചെല്ലട്ടെ .. ..
ശരിയാലോ ഞാൻ മറന്നു..
രമേശാ ..നീ ചെല്ല് , വെയിൽ ചാഞ്ഞിട്ടു പീടിക പൂട്ടീട്ടു ഞാനും വരാം ട്ടോ .....
ശരി രാമേട്ടാ ...........
അപ്പോ കാണാം ട്ടോ ....
ഒരു നീളൻ ചിരിയുമായി .. കാലുകൾ നീട്ടി വെച്ച് രമേശൻ നടന്നു ...
*************************************
ഇത് രമേശൻ ... മലയൻചിറ ഗ്രാമത്തിലെ കൊച്ചു കുട്ടികൾക്ക് പോലും രമേശനെ അറിയാം .. സ്‌കൂളിൽ ഉച്ചകഞ്ഞിക്കുള്ള അരിയും പയറും വരുമ്പോൾ ലോഡ് ഇറക്കാൻ രമേശൻ എന്നും മുന്നിൽ ഉണ്ടാകും ........
ആ ഗ്രാമത്തിലെ മുതിർന്നവർക്ക് സ്വന്തം മകനെ പോലെയാണ് രമേശൻ ..ആശുപത്രിയിൽ പോയി ചീട്ടെടുക്കാൻ .. റേഷൻ കടയിൽ നിന്നും അരിയും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങാൻ .. മുറുക്കാൻ വാങ്ങാൻ ..എവിടേലും പോകാൻ നേരം വണ്ടി വിളിക്കാൻ ..അങ്ങനെ എന്തിനും ഏതിനും രമേശൻ അവർക്കു വേണം ...
നാട്ടിലെ പെൺകുട്ടികളുടെ സ്വന്തം ഏട്ടനാണ് രമേശൻ .. എന്തിനും ഏതിനും ഏതു സമയത്തും വിളിക്കാവുന്ന സ്വന്തം ഏട്ടൻ .. വൈകേന്നേരം വൈകി വരുന്ന പെൺകുട്ടികളെ വീട്ടിലാക്കാൻ രമേശനുണ്ടാകും അവസാന ബസ് വരും നേരം കവലക്ക് ..
രാഷ്ട്രീയകാർക്കും രമേശൻ പ്രിയപ്പെട്ടവൻ തന്നെ . സമ്മേളനം ആയാലും ജാഥയായാലും ആളെ കൂട്ടണം എങ്കിൽ രമേശൻ വിചാരിക്കണം .അതിപ്പോ കൊടിയുടെ നിറമോ ..പാർട്ടി ചിഹ്നമോ നോക്കിയല്ല ..നാട്ടിൽ പണി ഇല്ലാത്തോർക്ക് ഇതൊരു വരുമാനവും ആകുമല്ലോ എന്ന് വിചാരിച്ചാണ് .
സ്വന്തം പാർട്ടി ഏതാണെന്നു ചോദിച്ചാൽ , ഒന്ന് വെളുക്കെ ചിരിച്ചിട്ട് രമേശൻ പറയും ..
" നമ്മുടെ നാട്ടുകാർക്ക് നല്ലതു ചെയ്യണോരു എല്ലാം നമ്മടെ പാർട്ടിയാ ...........അത്ര തന്നെ .... "
അങ്ങനെ നാട്ടുകാരുടെ കാര്യം നോക്കി നടന്നു വയസ്സ് മുപ്പത്തി രണ്ടായിട്ടും കല്യാണം കഴിക്കാതെ രമേശൻ ആ ഗ്രാമത്തിലൂടെ അങ്ങട്ടും ഇങ്ങട്ടും ഓടുന്നു .. ചില കല്യാണ ആലോചന ഒക്കെ വന്നെങ്കിലും വിദ്യാഭ്യാസമില്ല എന്ന കാരണം കൊണ്ട് നടന്നില്ല ..പക്ഷെ ഒന്നുറപ്പാണ് .. നേരും നെറിവും നാട്ടറിവും ആ ഗ്രാമത്തിൽ രമേശൻ കഴിഞ്ഞേ വേറെ ആർക്കും ഉള്ളു .. ഒരു പക്ഷെ സ്വന്തം കാര്യം നോക്കാൻ സമയം ഇല്ലാത്തതു കൊണ്ടാകാം ..ആ ഗ്രാമത്തീന്നു ഒരു ആലോചന പോലും വരാത്തത് .......
എല്ലാർക്കും രമേശനെ വേണം .. ആവശ്യങ്ങൾക്ക് മാത്രം .. രാത്രി ഒൻപതു കഴിഞ്ഞാൽ ..കൈയ്യിൽ ഒരു ചൂട്ടു കറ്റയുമായി അത് വീശി കത്തിച്ചു പാട വരമ്പിലൂടെ രമേശൻ തന്റെ കുടിലിലേക്ക് പോകും .. രമേശൻ വീടെത്തിയാൽ പിന്നെ ഗ്രാമം ഉറങ്ങും പിന്നെ രാവിലെ നേരം പുലരുന്നതും രമേശിനിലൂടെയാണ് ...ഒറ്റക്കാണ് രമേശൻ .. അച്ഛനും അമ്മയും കൊച്ചിലെ മരിച്ചു ....
അന്ന് രമേശനു ഒൻപതു വയസ്സ് പ്രായം .. അക്കരക്കാവിലെ ഉത്സവത്തിന് പോയതാണ് രമേശനും കുടുംബവും .. അച്ഛൻ കണാരൻ മാഷ് .. നാട്ടുകാരുടെ പ്രിയപ്പെട്ട ..മാഷ് .. എല്ലാവരും പറയും ..മനസ്സറിഞ്ഞു നാവെടുത്തു മാഷേ എന്ന് വിളിക്കാൻ തോന്നുന്നത് കണാരൻ മാഷിനെ കാണുമ്പോൾ ആണെന്ന് ....രമേശനും ഏട്ടനും ..ഉത്സവ പറമ്പിലൂടെ കറങ്ങി നടക്കുമ്പോൾ ആരോ ..അലറി കരയുന്ന ശബ്ദം കേട്ടു ...
ആന ഇടഞ്ഞു ഓടിക്കോ ......
ഭ്രാന്തു പിടിച്ച പോലെ ഓടുന്ന ആളുകളുടെ ഇടയിലോടെ രമേശനും ചേട്ടനും എങ്ങനെയോ ..ഓടി ..നടവാതിൽ കടന്നു .ഗോപുരത്തിന്റെ മുകളിൽ കയറി ..
അയ്യോ ...ദേ ..കണാരൻ മാഷ് ...
ആരോ പറയുന്നത് കേട്ടാണ് രമേശൻ തിരിഞ്ഞു നോക്കിയത് ..
അവിടെ .. ഇടഞ്ഞു ഭ്രാന്തു പിടിച്ചു വരുന്ന ആനയുടെ മുൻപിൽ ..ഒരു കുട്ടി വീണു കിടക്കുന്നു .. ആ കുട്ടിയുടെ അടുത്തേക്ക് ചിന്നം വിളിച്ചു പാഞ്ഞു വരുന്ന ആന .... ഒരു നിമിഷം ..പാഞ്ഞു വന്ന കണാരൻ മാഷ് കുട്ടിയെ വാരി എടുത്തു ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് എറിഞ്ഞു .. പക്ഷെ ..കണാരൻ മാഷിന് ഓടി മാറാൻ കഴിയും മുൻപേ പിന്നിൽ നിന്നും വന്ന ആന ..മാഷിനെ തുമ്പി കൈയ്യാൽ ചുഴറ്റി എടുത്തു ..അത്രേ രമേശന് ഓർമ്മയുള്ളു.. വലിയ വലിയ നിലവിളി ശബ്ദം അമ്പലമുറ്റമാകെ മുഴങ്ങി. രമേശന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി ഏട്ടന്റെ കൈ വിട്ടു രമേശൻ മെല്ലെ താഴേക്കു കുഴഞ്ഞു വീണു .
നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തി കണാരൻ മാഷ് ലോകത്തോട് വിട പറഞ്ഞു .. തൊട്ടു മുൻപിൽ ഭർത്താവിന്റെ ദാരുണ മരണം കണ്ട രമേശന്റെ അമ്മക്ക് മാനസിക നില തെറ്റി.ആരെ ഒക്കെയോ ഉറക്കെ വിളിച്ചു കൊണ്ട് ആ സ്ത്രീ മലയിൻ ചിറ ഗ്രാമത്തിലൂടെ ഓടി നടന്നു .ആനയെ തളയ്ക്കാൻ കൈയ്യിൽ എവിടെന്നോ കിട്ടിയ ഒരു ഉണക്ക കമ്പുമായി .. ഭ്രാന്തിയുടെ മകൻ എന്ന കളിയാക്കൽ കേട്ടു മടുത്തു രമേശന്റെ ചേട്ടൻ നാട് വിട്ടു പോയി .അവിടെ കൊണ്ട് തീരാതെ ദുർവിധി ഒരുനാൾ രമേശന്റെ അമ്മയെയും കൊണ്ട് പോയി ..പിന്നോട്ടെടുത്ത ബസിന്റെ പിൻ ചക്രങ്ങൾ ശരീരത്തിലൂടെ കയറി ഇറങ്ങുമ്പോഴും കൈയ്യിൽ നിന്നും പിടി വിടാതെ അവരാ കമ്പു പിടിച്ചിരുന്നു ...തന്റെ ഭർത്താവിനെ കൊന്ന ആനയെ തളയ്ക്കാൻ .....
സ്വര്‍ഗം പോലൊരു വീട് അനാഥമായി...എത്ര നിമിഷങ്ങള്‍ കൊണ്ടാണല്ലേ എല്ലാം മാറി മറിയുന്നത്..
അങ്ങനെ ..അന്ന് മുതൽ രമേശൻ ഒറ്റയ്ക്കായി ... ദുരന്തങ്ങൾ ഒരാളെ കൂടുതൽ കരുത്തൻ ആക്കും എന്ന് പറയും പോലെ ..രമേശൻ വളർന്നു ..സ്‌കൂളിൽ പോയില്ലെങ്കിലും ജീവിതത്തിന്റെ പാഠങ്ങൾ പഠിച്ചു ..മാഷ് ആയില്ലെങ്കിൽ പോലും ആളുകളുടെ മനസ്സിൽ കണാരൻ മാഷ്ക്കുള്ള സ്ഥാനം അത് പോലെ നേടിയെടുക്കാൻ രമേശനായി ...അങ്ങനെ രമേശൻ നാട്ടുകാരുടെ രമേശനായി ... ആ ഗ്രാമത്തിന്റെ രമേശനായി .............
************************************
പുതിയൊരു പ്രഭാതം കൂടി മലയൻചിറ ഗ്രാമ വാസികളുടെ മുന്നിൽ മിഴി തുറന്നു ..രാമേട്ടൻ തന്റെ ചായക്കടയുടെ മുൻവശത്തെ പലകകൾ ഓരോന്നായി എടുത്തു മാറ്റുമ്പോൾ, കവലയിലെ ആൽത്തറയിലേക്കു നോക്കി .. അവിടെ പതിവ് പോലെ പത്രവും വായിച്ചു രമേശൻ ഉണ്ടാകും എന്ന് കരുതിയാണ് നോക്കിയത് ..രാമേട്ടന്റെ അടിക്കാത്ത മധുരം കുറച്ചു കടുപ്പം കൂട്ടി എടുക്കുന്ന ഒരു ചായയിലാണ് രമേശൻ തന്റെ ദിവസം തുടങ്ങുക .. പക്ഷെ .അന്ന് രമേശനെ ആൽത്തറയിൽ കണ്ടില്ല ..
രാമേട്ടൻ പാടവരമ്പത്തു നിന്നും ടാറിട്ട റോഡിലേക്ക് കയറുന്ന കലിങ്കിലേക്കു നോക്കി ..പിന്നെ ..ദൂരെ പാട വരമ്പത്തേയ്ക്കും .
"ഇവനിതു എവിടെ പോയി .... വരണ്ട സമയം ആയല്ലോ .... "
രാമേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞിട്ട് അകത്തേയ്ക്കു കയറി ..നേരം പുലർന്നു വരുന്നതേ ഉള്ളൂ ..ഏഴു മണിക്കുള്ള ശരണ്യയാണ് അവിടെ നിന്നും ടൗണിലേക്കുള്ള ആദ്യത്തെ ബസ് ..ആറരയ്ക്ക് ബസ് വന്നാ കവലയിൽ കിടക്കും .കൃത്യം ഏഴു മണിക്ക് തന്നെ ബസ് എടുക്കും .ബസ് വന്നു... കൃത്യം ഏഴുമണിക്ക് നിറയെ ആളുകളുമായി ബസ് കവലയിൽ നിന്നും യാത്ര തിരിച്ചു ..
രാമേട്ടാ ..... മ്മ്‌ടെ , രമേശനെ കണ്ടോ ....
രാമേട്ടൻ പുറത്തേയ്ക്കു വന്നു ..
രവീന്ദ്രനാണ് .. പയ്യമ്പാട്ടെ ....
കണ്ടില്ലല്ലോ രവീന്ദ്രാ .....
രവീന്ദ്രൻ നിരാശയോടെ പീടിക തിണ്ണയിലേക്കു കയറി
"ശ്ശൊ ..ഇവനിതു എവിടെ പോയിരിക്കുവാ .. ഉമേടെ എംപ്ലോയ്‌മെന്റ് കാർഡ് പുതുക്കേണ്ട ലാസ്‌റ് തീയതി ഇന്നാ .. അവനോടു ഞാൻ ഇന്നലെ പറഞ്ഞതാ ..അവൻ പൊക്കോളാം എന്നും ഏറ്റതാ .. എവിടെ പോയി കിടക്കണു ആവോ .. "
ഒരു ചായ എടുക്കു രാമേട്ടാ ....കടുപ്പത്തിൽ ആയിക്കോട്ടെ ...
രവീന്ദ്രൻ അകലേക്ക് പാട വരമ്പത്തേയ്ക്കു നോക്കി .വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച്‌ ..അകലെ നിന്നും ..രമേശൻ വരുന്നുണ്ടോ ...
അകലെ നിന്ന് ആരോ ഓടി വരും പോലെ രവീന്ദ്രന് തോന്നി ..
ഒരാൾ അല്ല .ആളുടെ പുറകെ , വേറെ ആരൊക്കയോ ഉണ്ട് ....
രാമേട്ടാ ......ന്തോ ..പ്രശ്നം ഉണ്ടല്ലോ ....മ്മ്‌ടെ , ചെത്തുകാരൻ രാഘവൻ ആണല്ലോ .ഓടി ..വരണേ ...
രവീന്ദ്രൻ , വെളിയിലേക്കു ഇറങ്ങി ..രാമേട്ടനും ...
രാഘവൻ മാത്രമല്ല , പുറകിൽ പാടത്തിന്റെ അപ്പുറത്തു രമേശന്റെ വീടിന്റെ കുറച്ചപ്പുറത്തു മാറി താമസിക്കുന്ന , സുകുവും അവന്റെ കിടാങ്ങളും ഉണ്ട് ..
രമേശന്റെ വീടിന്റെ ഭാഗത്തു നിന്നാണല്ലോ .. ദൈവങ്ങളെ , അവനൊന്നും വരത്തല്ലെ ...
രാമേട്ടൻ നെഞ്ചിൽ കൈ വെച്ച് , മുകളിലേക്കു നോക്കി ........
രാഘവൻ രാമേട്ടന്റെ കടയുടെ മുൻപിലെത്തി .. കുനിഞ്ഞു കാൽമുട്ടിൽ കൈ കുത്തി ..നിന്ന് അണക്കുന്ന ,
രാഘവനോട് ,
രാമേട്ടൻ അല്പം വിഭ്രാന്തിയുടെ ചോദിച്ചു ...
ന്താ രാഘവാ ന്താ ണ്ടായേ ....നീ എന്തിനാ ഇങ്ങനെ കിടന്നു ഓടണെ...
വല്ലാതെ അണക്കുന്ന കാരണം രാഘവന് സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു ...
രാമേട്ടാ ... മ്മ്‌ടെ ..മ്മ്‌ടെ ...രമേശൻ .....
രമേശന് എന്താടാ പറ്റ്യേ ......?? നീ കാര്യം പറ ...
കവലക്കു വട്ടം കൂടി നിന്നവരും ..പണിക്കു പോകാൻ വന്നവരും എല്ലാവരും രാഘവന്റെ ചുറ്റും കൂടി ...അപ്പോഴേക്കും സുകുവും ഓടി ..എത്തി ...
സുകു ..നീ എങ്കിലും പറ ....എന്താ പറ്റ്യേ ...
രാമേട്ടാ ...രവിയേട്ട ...മ്മ്‌ടെ ...രമേശൻ ....രമേശൻ ..അവിടെ
അവിടെ ..തൂങ്ങി നിക്ക്ണ്..........
ദൈവങ്ങളെ .....ചതിച്ചോ ..........
രാമേട്ടൻ നെഞ്ചിൽ കൈ വെച്ചു.. രവീന്ദ്രൻ , തലയിൽ കൈ വെച്ചു. എംപ്ലോയ്‌മെന്റ് കാർഡ് അയാളുടെ കൈയ്യിൽ നിന്നും ഒഴുകിയിറങ്ങി. രണ്ടാളും താഴേക്കു ഇരുന്നു .ചുറ്റും കൂടിയവർ വിശ്വാസം വരാതെ പരസ്പരം നോക്കി .ചിലർ കൈ മൂക്കത്തു വെച്ചു ......
രമേശൻ മരിച്ചു .....
രമേശേട്ടൻ മരിച്ചു ..........
കണാരൻ മാഷ്ടെ മോൻ ആത്മഹത്യ ചെയ്തു ..
രമേശൻ തൂങ്ങി ചത്തു ...........
വാർത്ത കാട്ടു തീ പോലെ നാടാകെ പരന്നു .. അന്ന് ഗ്രാമത്തിലെ പള്ളിക്കൂടം നേരത്തെ വിട്ടു ..
ആളുകൾ ഒറ്റക്കും കൂട്ടമായും.. പാടവരമ്പിലൂടെ രമേശന്റെ വീട്ടിലേക്കു നടന്നു .......
സുകുമാരൻ തന്നെയാണ് മാവിന്റെ കൊമ്പിൽ നിന്നും രമേശന്റെ ശരീരം ഇറക്കിയത് .. സ്വന്തം അപ്പന്റെ ശവം എടുത്തപ്പോൾ കരയാതിരുന്ന സുകുവിന്റെ കണ്ണുകൾ കലങ്ങി ..
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഗ്രാമം രമേശനെ യാത്രയാക്കി ..അന്ന് രാത്രി മലയൻചിറ ഗ്രാമം ഉറങ്ങിയില്ല ....എല്ലാവരുടെയും ചുണ്ടിൽ ഒരേ ചോദ്യം ....
" എന്നാലും എന്തിനാ അവനതു ചെയ്തേ .."
"ന്തിന്റെ കുറവായിരുന്നു അവനു ........"
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഗ്രാമം ഉറങ്ങി ..പുലരികൾ വീണ്ടും ഉണരുകയും ..സന്ധ്യ ചുവന്നു അസ്തമിക്കുകയും ചെയ്തു ..ആളുകൾ രമേശനെ മറന്നു .. കണാരൻ മാഷിനെ മറന്നു ..അവന്റെ ഭ്രാന്തി അമ്മയെ മറന്നു ........
ചിലരെങ്കിലും സന്ധ്യക്ക്‌ ചൂട്ടും കത്തിച്ചു , പാട വരമ്പിലൂടെ കൈകൾ വീശി നടന്നു പോകുന്ന രമേശനെയോർത്തു പതം പറഞ്ഞു ..
കാലം പിന്നെയും ഒഴുകി .. രമേശന് മീതെ ... അയാളുടെ ഓർമ്മകൾക്ക് മീതെ ...................!!!
( അവസാനിച്ചു ... )
എബിൻ മാത്യു ..
08-08-2016
( നമ്മുടെ ഓരോരുത്തരുടെയും നാട്ടില്‍ , നാടിനും നാട്ടാര്‍ക്കും വേണ്ടി ജീവിച്ചു സ്വന്തം ജീവിതം , മറന്നു പോകുന്ന , നല്ല മനസുള്ള , ചില മനുഷ്യര്‍ക്ക്‌ വേണ്ടി ..സമര്‍പ്പിക്കുന്നു ...നാട് മറക്കുന്ന ഇവരെ, കാലം ചെല്ലുമ്പോള്‍ ആര് ഓര്‍ക്കാന്‍.... )

By Abin Mathew Koothattukulam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot