നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാത്തിരിപ്പ്

Image may contain: 1 person, smiling, selfie and closeup
▬▬▬▬▬▬▬▬▬▬
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എന്റെ തന്നെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലാണ് ഞാൻ .വാർദ്ധക്യത്തിന്റേതായ കഠിന രോഗങ്ങളൊന്നുമില്ലെങ്കിലും എനിക്ക് വേണ്ടി ജീവിച്ചില്ല എന്നത് ഓർമ്മകളിലൂടെ നെടുവീർപ്പിട്ട് തീർക്കുകയാണ്. അല്ലെങ്കിലും ജീവിതത്തിന്റെ അവസാന കാലത്താണ് ഒട്ടും തന്നെ ജീവിച്ചില്ല എന്ന തിരിച്ചറിവുണ്ടാവുന്നത്
അത്രയും വർഷത്തെ പരിചയത്തിനിടയിലും സുബൈദോ പറഞ്ഞറിഞ്ഞ ചിത്രങ്ങളെല്ലാതെ കുടുംബത്തെക്കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല എന്നത് നിങ്ങൾക്ക് അസാധാരണമായ കാര്യമായിരിക്കാം. അദ്ദേഹം അവിവാഹിതൻ ആയിരുന്നു. ചിലപ്പോഴൊക്കെ പ്രണയം നൽകുന്ന വിശ്വാസം മറ്റൊന്നും അന്വേഷിക്കാതിരിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു അല്ലെങ്കിൽ അതിന്റെ ആവശ്യമില്ലെന്ന് വ്യക്തിത്വം തന്നെ ബോധ്യപ്പെടുത്തുന്നു. ഭർത്താവ് നഷ്ടപ്പെട്ട എന്നോട് തോന്നിയ അനുകമ്പയാണ് പ്രണയത്തിലേക്കെത്തിച്ചത്. ഞാനിപ്പോൾ ഏകാന്തത സൃഷ്ടിച്ചെടുത്ത കനത്ത മൗനത്തിലാണ് മനസ്സ് തെളിഞ്ഞ ആകാശം പോലെ ശൂന്യവും
.സുബൈദോവെ അവസാനമായി കണ്ടത് ചേട്ടന്റെ മകനോടൊപ്പം അമേരിക്കയിൽ നിന്ന് മൂന്ന് മാസത്തേക്ക് നാട്ടിലേക്ക് വന്നപ്പോഴാണ്. തനിച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിട്ടും ബാഗ്ലൂരിലെത്തി എയർപോട്ടിലേക്ക് പോയി അദ്ദേഹത്തെ കൂട്ടി ഫ്ലാറ്റിലോട്ട് പോന്നു.വയലറ്റ് പൂക്കൾ കൊണ്ടുള്ള കറുത്ത കമ്പിളിക്കുപ്പായം എനിക്കായി കൈയ്യിൽ കരുതിയിരുന്നു. വസന്തകാലം ആയതു കൊണ്ട് ബാഗ്ലൂർ നഗരം വിവിധ നിറത്തിലുള്ള പൂക്കളാൽ മനോഹരമായിരുന്നു. വാർദ്ധക്യത്തിലെ പ്രണയത്തിന് കരുതലിനാണ് മുൻഗണന നിനക്ക് ഞാനുണ്ട് എന്ന തോന്നൽ തന്നെ മതി .കൈ പിടിച്ച് ലാൽബാഗിലൂടെ കുറച്ച് ദൂരം നടന്നു. കൗമാരക്കാരുടെ കുസൃതികൾക്കിടയിലൂടെ. പാർക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട് എല്ലാ വികാരങ്ങളുടേയും സമ്മേളനസ്ഥലമാണവിടെ. പരിചിത നഗരത്തിന് ഒരു നുണകൂടുതൽ സമയം ഫലിപ്പിക്കാൻ പറ്റില്ലെന്ന തിരിച്ചറിവിൽ ഞങ്ങൾ ലാം ബാഗിലെ മര ബെഞ്ചിൽ നിന്ന് മെല്ലെ എഴുന്നേറ്റു.അവസരങ്ങൾ ഒന്നിച്ചു തരുന്നത് ദൈവമൊരുക്കുന്ന കെണിയാണെന്ന എന്റെ അബദ്ധ ധാരണയെ തള്ളി കളഞ്ഞു കൊണ്ട് സുബൈദോ കാൽ നടപ്പാതയോരത്തെ ചെരുപ്പുക്കുത്തിക്ക് ഇളകാറായ ചെരുപ്പ് അഴിച്ചു കൊടുത്തു. പ്രണയത്തിന്റെ പ്രതിജ്ഞകളുടെ നിറവേറൽ പോലെ വല്ലപ്പോഴും വീണു കിട്ടുന്ന കാഴ്ച്ചകളിലൂടെയും ഫോൺ കോളിലൂടേയും മാത്രമാണ് സുബൈദോ ജീവിച്ചത്.
സുബൈ ദോവിന്റെ കോൾ വന്നാൽ പിന്നെ ഇടതടവില്ലാതെ പറയാൻ കാര്യങ്ങളുണ്ടാവും. നീരസമില്ലാതെ കേട്ടിരിക്കാൻ സുബൈ ദോ റെഡിയായിരിക്കും. സമയദൈർഘ്യം കുറവാണെങ്കിലും ഒരു പാട് കാര്യങ്ങൾ കൈമാറിക്കഴിഞ്ഞിരിക്കും. റിസീവർ താഴെ വെയ്ക്കുമ്പോൾ
ഞാനിവിടെ തനിച്ചല്ലെന്ന് ഓർമ്മിപ്പിക്കുന്നത് ഭിത്തിയിലെ വലിയ പെയിന്റിങ്ങിനടിയിൽ നിന്ന് ചിലച്ചു കൊണ്ടിരിക്കുന്ന പല്ലിയും , വരിവരിയായി ഇടയ്ക്കിടെ വന്നു കുശലപ്രശ്നം നടത്തുന്ന ഉറുമ്പും ,രാവിലെ തൂത്തു കഴുകാൻ വരുന്ന കമലവും,
മേശപ്പുറത്തെ വലിയ കറുത്ത ഭരണിയിൽ ഓർമ്മകൾക്ക് കാവലിരിക്കുന്ന ഗോൾഡ് ഫിഷുമാണ്. അവന്റെ കുറുമ്പുകൾ സമയം തള്ളി നീക്കാൻ എന്നെ സഹായിക്കുന്നുണ്ട്. അതല്ലെങ്കിൽ
കിടപ്പുമുറിയിലെ ഫോണിന്റെ റിസീ വർ എടുത്ത് ചെവിയിൽ | വെച്ചാൽ മതി സുബൈദോവിന്റെ ശബ്ദം കേൾക്കാം. എത്ര നേരം വേണമെങ്കിലും അങ്ങനെയിരിക്കാം എങ്കിലും ഒരിക്കലും കാണാൻ പറ്റില്ലെന്ന ചിന്ത മനസ്സിലേക്കെത്തിയാൽ ഓർമ്മകളിലേക്കൊരു ഊളിയിടലാണ്.

ഗോൾഡ് ഫിഷിനെത്ര വയസ്സായിക്കാണും?"
ഞാനന്ന് വയലറ്റിൽ നീല പൂക്കളുള്ള സാരിയിലായിരുന്നു.

"നീ ഇന്ന് പതിവിലേറെ സുന്ദരിയായിട്ടുണ്ട്. "
പതിവുപോലെ സമ്മാനം കൈമാറുമ്പോൾ സുബൈദോ പറഞ്ഞത് ഓർത്ത് പോയി.. ഏറ്റവും ഇഷ്ടമായത് കൈമാറാൻ മനസ്സുണ്ടാവുമ്പോഴാണ് പ്രണയം സത്യമാവുന്നത്. അതുകൊണ്ടാണല്ലോ സുബൈദോവിന്റെ ഫിഷ്പോണ്ടിലെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇവിടെ എന്റെയീ ഏകാന്തതയ്ക്ക് കൂട്ടായി . അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ ഇരുപത്തി അഞ്ച്കാരിയാവാറുണ്ട്.

"ഗോൾഡ് ഫിഷിന് ആയുസ്സെത്രണ്ടാവും? "
"നമ്മുടെ പ്രണയത്തോളം "
കളിയായി പറഞ്ഞതെങ്കിലും അത് സത്യമായിരുന്നല്ലോ? ഇരുപത്തഞ്ച് വർഷമാവാറായി അവനെനിക്ക് കൂട്ടായിട്ട്. !!പോർട്ടിക്കോവിലെ ചില്ല് ജാലകത്തിന്റെ വിടവിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് വിരുന്നു വരുന്നുണ്ട്. രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചീവീടുകൾ കരയുന്നുണ്ട്. ചീവീടിന്റെ കരച്ചിലിലും സംഗീതമുണ്ടെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ? ഇവിടെയുണ്ടാവും എന്റെ അരികിൽ എന്റെ ഭ്രാന്തുകൾക്ക് കൂട്ടായി . . മേശപ്പുറത്ത് പ്രണയാക്ഷരങ്ങൾ ചിതറിക്കിടപ്പുണ്ട്. മനസ്സിനുള്ളിൽ തെളിയാതെ കിടയ്ക്കുന്ന വിഷാദത്തിന് കൂട്ടായി മൗനവും.ഇരുപത്തഞ്ച് വർഷത്തോളം ഒരാളെ മാത്രം മനസ്സിൽ കൊണ്ടു നടക്കാൻ പറ്റുമെങ്കിൽ തീർച്ചയായും ആത്മാവിനും കൂടെ നിൽക്കാൻ പറ്റും.
പ്രിയ സുബേദോ നിവേദിന്റെ സ്വപ്ന സൗധത്തിന്റെ കാവൽക്കാരിയാണ് ഞാനിപ്പോൾ .. നിങ്ങളുടെ സംരക്ഷണം കൊതിക്കുമ്പോഴും ഒഴിഞ്ഞ് മാറിയത് വെറും ഒരാഴ്ച്ചത്തെ ദാമ്പത്യം എനിക്ക് സമ്മാനിച്ച അവന് വേണ്ടിയാണല്ലോ !! ഇന്നവന്റെ നിധികുംഭത്തിന്റെ കാവൽക്കാരിയായി ഇവിടെ തനിച്ച്. നിങ്ങൾ പറഞ്ഞ ചില വരികൾ ഞാനിന്ന് ഓർത്തു പോവുകയാണ്.
"വല്ലപ്പോഴും നിനക്കു വേണ്ടിയും ജീവിക്കണം" " .
അതു പറയുമ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നു. നിങ്ങളുടെ ജീവിതം എന്റെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമായി. ഒരാളുടെ ജീവിതം മറ്റൊരാളുടെ സന്തോഷങ്ങൾക്ക് വേണ്ടി മാത്രമാവുമ്പോൾ സ്വയം മറന്നു പോവും അതാണല്ലോ അവസാന കാലം വരെ പരാതിയില്ലാതെ തനിച്ച് പ്രതീക്ഷകളോടെ വിസ്മൃതിയിലേക്ക് മറഞ്ഞത്. നിവേദിനെറെ വെറുപ്പിന് മുന്നിൽ ഇഷ്ടങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നല്ലോ.
എന്നെ ജീവിപ്പിച്ച നിങ്ങളുടെ ശബ്ദവും ഇല്ലാതായി എന്ന തിരിച്ചറിവ് നിങ്ങളിലേക്കുള്ള ദൂരം കുറച്ച് കൊണ്ടിരിക്കുകയാണ് .
തെരുവിലൂടെ ഒരു മരണ ഘോഷയാത്ര മെല്ലെ മെല്ലെ പോയി കൊണ്ടിരിക്കുകയാണ്. ഇവിടെ മരണവും ആഘോഷമാണ്.
കിഴക്കേ അറ്റത്ത് ദൂരെ മൺകൂനകൾ കാണാം ശവകുടീരങ്ങളായാണ് ഞാനതിനെ കാണുന്നത്. ചിലപ്പോഴൊക്കെ വേദനിക്കുന്ന ചിന്ത മനസ്സിലേക്ക് വരുമ്പോൾ അറിയാതെ മനസ്സ് നടത്തുന്ന വികൃതിയല്ലേ മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കോളറക്കാലത്തെ പ്രണയം നിങ്ങൾ പറഞ്ഞ പ്രകാരം വായിച്ചു തുടങ്ങിയതാണ് .കണ്ണ് പിടിക്കുന്നില്ലെന്നേ. പൂർത്തീകരിച്ച് കഥ കേൾക്കാൾ നിങ്ങളുണ്ടായില്ലല്ലോ? ഫ്ലോറന്റിനോ അരിസയുടേയും ഫെമിനഡാസയുടേയും വൃദ്ധ പ്രണയത്തിന്റെ വശ്യത നമ്മുടെ പ്രണയം പോലെ എത്ര സുന്ദരമായെന്നിരിക്കണം.!!
അമേരിക്കയിൽ നിന്നും ബാഗ്ലൂരിലേക്കുള്ള ദൂരം ഒരു ഫോൺ കോളിനുള്ളിലേക്ക് ചുരുക്കപ്പെട്ടിരുന്നു എന്ന തോന്നൽ നഷ്ടപ്പെട്ടല്ലോ.
KVM ലൈബ്രറിയിലെ ഇടത്തേ അറ്റത്തെ ബെഞ്ച് .ഓർമ്മകൾ ഊർന്നിറങ്ങി 25 കാരിയായി ഞാനവിടെ ഇരിക്കുകയാണ്. ഏകാന്തതയ്ക്ക് പുസ്തകങ്ങളെ കൂട്ടുപിടിച്ചപ്പോഴാണല്ലോ KVM ലൈബ്രറിയിലെ സ്ഥിരം വായനക്കാരിൽ ഒരാളായത്.
ബഷീറിന്റെ പ്രണയലേഖനം നിങ്ങൾ എനിയ്ക്കായി തന്നത് ഓർമ്മയുണ്ട്.
പുസ്തകക്കൂട്ടത്തിലിരിക്കുന്ന ഒരാൾക്ക് ,ഒരു ലൈബ്രേറിയന് തരാൻ പറ്റുന്ന ഏറ്റവും നല്ല പ്രണയലേഖനം അതിൽ ഒളിപ്പിച്ചു വെച്ചത് ഓർമ്മയുണ്ട്. പതിനാലാം നമ്പർ പേജിലായിരുന്നു അത്.
പ്രിയപ്പെട്ട യാമിനീ,
ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?
ഞാനാണെങ്കിൽ - എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും യാമിനിയോടൊത്തുള്ള പ്രേമത്തിൽ കഴിക്കുകയാണ് . യാമിനിയോ?
ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്ഥിച്ചു കൊണ്ട് ,
യാമിനിയുടെ സുബേർ.
കേശവൻ നായർ സാറാമ്മക്ക് കൊടുത്തത് നിങ്ങൾ എനിക്ക് തന്നു. നിവേദിന്റെ വെറുപ്പ് അതില്ലായിരുന്നെങ്കിൽ കൂടെ വന്നേനെ ഞാൻ.
ലൈബ്രറിയുടെ പിറകിലെ അമ്പലക്കുളത്തിന്റെ കരയിൽ ആമ്പൽ പൂക്കളെ നോക്കിയിരിക്കുമ്പോഴല്ലേ പിൻകഴുത്തിലായുള്ള ചുംബനം കാത്തിരിപ്പിനായുള്ള അടയാളമായി. അതു തന്നെ ആയിരുന്നല്ലോ ഇത്രയും നാൾ കാത്തിരിക്കാനുള്ള ഊർജ്ജവും .ഞാനിപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. എന്റെ ആത്മാവ് ഓർമ്മകളുടെ തുടുത്ത റോസാപ്പൂവ് ആവും എന്നെനിക്കുറപ്പാണ്.ആത്മാവിന് കണ്ണും കാതുമുണ്ടെങ്കിൽ നിങ്ങളിത് കാണും, കേൾക്കും. ഞാനിപ്പോഴും കാത്തിരിപ്പിലാണ്. മേഘങ്ങൾക്കിടയിലൂടെ നിങ്ങളിലേക്കെത്താൻ
( കവിതസഫൽ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot