നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇതുവല്ലാത്ത പരീക്ഷണം തന്നെ(ബാല്യകാല ഓർമ്മകൾ)


ഞാൻ അപ്പർ പ്രൈമറിയിൽ നിന്ന് എങ്ങനെയോ മുക്രയിട്ട്‌ നീന്തിക്കേറി ,കൈസ്കൂൾ എന്ന വലിയ തടാകത്തിലോട്ട്‌ എത്തിയകാലം.
ബോയ്സും,ഗേൾസും പ്രത്യേകം പ്രത്യേകം ക്ലാസുകളിലാണ്.
എനിക്ക്‌ കുറച്ച്‌ ആശ്വാസമൊക്കെതോന്നി.ഞങ്ങൾ ക്ലാസിലെ ബകുമുകപ്രതിഭകൾക്ക്‌,
സ്വാതന്ത്യത്തോടെ വേദങ്ങളിൽ പരാമർശ്ശിക്കാത്ത മന്ത്രധ്വനികളും,മല്ലയുദ്ധങ്ങളും നടത്തികളിക്കാം,
സാറില്ലാത്ത ക്ലാസ്സിലെ ഡെസ്കിൽ കൊത്തുപണികൾ നടത്താം,കുലുക്കിക്കുത്തുമുതൽ മുച്ചീട്ടുകളിവരെ നടത്താം
അങ്ങനെ സർവ്വ സ്വാതന്ത്യം.
ഇടക്ക്‌ ഇന്റർവെൽവരുന്ന അവസരത്തിൽ ചില കരിവണ്ടുകൾ അപ്പുറം ഭാഗത്തുള്ള ഭംഗിയുള്ള പൂക്കൾ തേടിപോകാറുണ്ട്‌.
ഇന്റർവെൽ കഴിയുന്നതിനുമുൻപേ വലിയ
പരിക്കുകളൊന്നുമില്ലാതെ കരിവണ്ടുകൾ മടങ്ങിയെത്തുമെങ്കിലും. എച്ച്‌ എം (ഹെഡ്‌മാസ്റ്റർ) സ്ഥാപിച്ചിട്ടുള്ള സി സി ടീവി- പ്യൂണിൽ കൂടി ശബ്ദവീചികളായി സാറിനുമുന്നിൽ ഡാറ്റകളായി തെളിയുമ്പോൾ,
ആ ഭാഗത്തേക്ക്‌
മധുതേടിപോയ കരിവണ്ടുകളെ എച്ച്‌ എമ്മിന്റെ സമക്ഷത്തിൽവരുത്തി പിൻഭാഗത്ത്‌ പ്രൊജക്റ്റ്‌ ചെയ്തുനിൽക്കുന്ന പ്രൊട്ടക്ഷൻ കവറിനു മധ്യഭാഗത്തായി വിളഞ്ഞുപഴുത്ത ചൂരൽ കൊണ്ട്‌ ചാപ്പകുത്തുന്ന ആചാരം ബഹുകേമമായി അവിടെ കൊണ്ടാടിയിരുന്നു.
ആ കാലഘട്ടത്തിൽ,പിന്നാമ്പുറത്ത്‌ വണ്ടാകാൻ ഞാൻ പോയില്ലെങ്കിലും,ഇതരവഴികളിലൂടെ
വകമാറിയുള്ള,പ്രോത്സാഹനസമ്മാനങ്ങൾ എമ്പാടും ഏറ്റുവാങ്ങിക്കൊണ്ട്‌
സമദൂരം,ബഹുദൂരം മുന്നോട്ട്‌ പോകുന്നുണ്ടായിരുന്നു..
താമസംവിനാ ഞങ്ങടെ കൈസ്കൂളിലെ ഓണ പരൂഷയെത്തി..
പരൂഷയൊക്കെ ആരുമൈന്റ്ചെയ്യാൻ ! ഓണമല്ലേ മുക്യം...(ആരും തിരുത്താൻവരണ്ടാ മുക്യമെന്നുപറഞ്ഞാൽ മുക്യം)
നാട്ടിലെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി,
വീട്ടിലെ ഉപ്പേരി വറുക്കൽ ,സദ്യവട്ടം ,പൂശേഖരണം,പൂക്കളമൊരുക്കൽ ,,
അതൊക്കെയാണ് ഓണത്തിനോർമ്മകളിൽ വിരിയുന്നത്‌ . അല്ലാതെ ,പുക്കും പുത്തളോം,പരൂശയുമൊന്നും എന്റെതലയിൽ കേറില്ലായിരുന്നു..
അല്ല നിങ്ങളുപറ..ഓണമല്ലേലും ഇങ്ങനല്ലെ.. ??
പഠനകാലഘട്ടത്തിൽ പ്രത്യേകമായി അലങ്കരിച്ചുവച്ചിരുന്ന എന്റെ തലച്ചോർ നാണമില്ലാത്തവനെപോലെ,അല്ലേൽ അൽപ്പം പോലും ഉളുപ്പില്ലാത്തവനെപോലെ അടിയും ,ശാസനകളും, കുത്തുവാക്കുകളുമൊക്കെ എനിക്ക്‌ വാങ്ങി തന്നു..
എന്റെകോലോത്തുനിന്നാണ് ദണ്ഡനം കിട്ടുന്നതെങ്കിൽ തലച്ചോറിനെ ഭിത്തിയിലോട്ട്‌ വാരിയലക്കി ഞാനും പ്രതികാരം ചെയ്യാറുണ്ടായിരുന്നു..
എന്നോടാ കളി ,എനിക്ക്‌ മാത്രം വേദനിച്ചാൽ പോരെല്ലോ ശക്തമായി ഭിത്തിയിലിടിക്കുമ്പോൾ അവന്റെ ഭാവം ഒന്നുകാണേണ്ടതാണ്..
പിന്നെ കുറേ നാൾ വലിയ ശല്ല്യമൊന്നും ഉണ്ടാക്കാതെ ക്ലാസിൽ അടങ്ങിയൊതുങ്ങി കഴിയും.
കണ്ടോ,അടിപേടിയുള്ളതലച്ചോർ..
എനിക്കടികിട്ടിയാൽ അവനും കിട്ടും എന്നുബോധ്യമുള്ളതിനാൽ പാവമൊന്നൊതുങ്ങി.
അതിനാൽ കുരുത്തകേടിന് ഒട്ടാശ്വാസം വീട്ടുകാർക്ക്‌ വന്നതല്ലാതെ, പുത്തളത്തിലേതൊന്നും അവൻ മൈന്റ്‌ ചെയ്തില്ല.
ഓരോ പരീക്ഷകൾ മുറക്ക്‌ നടക്കുന്നു,ഒറ്റയും ഇരട്ടയും കളിയല്ലാതെ നല്ലതുപോലെ മാർക്കൊക്കെ വാങ്ങിച്ച്‌ കേമനാകാനൊന്നും എന്നെകിട്ടിയില്ല...
കടമ്പ പോലെഹിന്ദി പരീക്ഷ വന്നു..
ഇതുകേട്ടാൽ നിങ്ങൾക്ക്‌ തോന്നും ബാക്കിയൊന്നും കടമ്പയല്ലന്ന്..
സത്യസന്ധമായി പറയുകയാണങ്കിൽ ,അല്ലായിരുന്നു എന്നുതന്നെ പറയാം..
കാരണം ബാക്കിയുള്ളവിഷയങ്ങളൊക്കെയും തനി കീറാമുട്ടിയായിരുന്നു..
അതിനിടക്ക്‌ ഹിന്ദി..
ഹാങ്കറിൽ തുണിതൂക്കിയിടുന്നതുപോലെയല്ലിയോ ഇരിക്കുന്നത്‌...
കൂടാതെ
നമ്മുടെ രാഷ്ട്ര ഭാഷയാണുപോലും,മനുഷേരേ നാണം കെടുത്താനായിട്ട്‌..
അങ്ങനെ ഹിന്ദിപരീക്ഷാദിവസം വന്നു..
മൂന്നുപേർവെച്ചാണ് ഒരു ബഞ്ചിൽ.
രണ്ട്‌ എട്ടാം ക്ലാസ്സുകാരും നടുക്ക്‌ ഒരു ഒൻപതാം ക്ലാസ്സുകാരനും.
എന്റെ ബഞ്ചിലും ഒൻപതാം ക്ലാസ്സിലെ ചേട്ടനുണ്ട്‌.
പുള്ളി ഞാൻ പഠിക്കുന്ന ട്യൂഷൻ സെന്ററിലായിരുന്നകൊണ്ട്‌ കണ്ട്‌ പരിചയമുണ്ട്‌.
പെട്ടന്ന് അധ്യാപകൻ വന്നു..
എല്ലാവരുടേയും മുഖം നിരാശയുടെ പടുകുഴിയിലാണു വീണത്‌.
ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്ന സാർ തന്നെ.
കൊച്ചുമക്കളെപോലെ സ്നേഹംകാണിക്കണ്ട ഞങ്ങളോട്‌,
സീരിയലുകളിലെ അമ്മായിയമ്മമാരേക്കാൾ കഷ്ടത്തിലായിരുന്നു പെരുമാറിയിരുന്നത്‌.
സൂപ്പർവിഷൻ പുള്ളി ആയതുകൊണ്ട്‌
തലച്ചോർ പ്രത്യേകമായി സജ്ജീകരിക്കപെട്ട ഞങ്ങളെപോലുള്ളവർ ശരിക്കും പെട്ടുപോയി..
ഓണാകോഷങ്ങളിൽ പെട്ട്‌ പുത്തളത്തിന്റെ മാറ്റ്‌ കുറയാതിരിക്കാൻ അത്‌ തുറന്നിരുന്നില്ല,പിന്നെ മറ്റൊരുവഴി ഡാപ്പ്‌ എഴുതുക എന്നുള്ളതാണ്
പക്ഷെ,
അതാണ് പൊലിഞ്ഞുപോയിരിക്കുന്നത്‌..
ആദ്യമായി ഒരു ഡാപ്പെഴുതാം എന്നകണക്കുകൂട്ടലിൽ ഒരു പദ്യം കൊണ്ടുവന്നിരുന്നു.
ഇനി അത്‌ ത്രീജീ ഫോർമുലയിൽ എത്തിനിൽക്കുന്നതിനാൽ ചുരുട്ടിക്കളയണം..
അല്ലാതെ മറ്റൊരുവഴിയും ഞാൻ കണ്ടിരുന്നില്ല.
ക്വസ്റ്റ്യൻ പേപ്പർ കിട്ടി..
ഹാൾ നിശബ്ദമാണ്.
ആകെ കൊണ്ടുവന്നിട്ടുള്ളത്‌ ആ ഒരു പദ്യമാണ്,അതാണങ്കിൽ
ഉടുപ്പിലെ പ്രത്യേകം അറയിലായി സൂക്ഷിച്ചിരിക്കുകയാണ്.
എടുത്താൽ പിടിക്കപ്പെടുമെന്നുള്ള പേടി ഒരുവശത്ത്‌..മാർക്ക്‌ കിട്ടുമ്പോൾ എണ്ണൽസംഖ്യയിൽനിന്നൊരുമാറ്റം മറുവശത്ത്‌..
ഡാപ്പടിക്കുന്നതിനുള്ള പ്രാഥമിക പാഠം ആ ചേട്ടന്റെ കയ്യിൽനിന്ന് പഠിച്ചെടുത്ത സ്വൽപം ആത്മവിശ്വാസം കൂടെയുണ്ട്‌..
പക്ഷെ സാറിന്റെ മുഖത്തേക്ക്‌ നോക്കുമ്പോൾ എതുവഴിയാണത്‌ ചോർന്നുപോകുന്നതെന്ന് ശരിക്കും എനിക്ക്‌ മനസിലായിരുന്നില്ല..
മനസിലായിരുന്നേൽ എങ്ങനെയെങ്കിലും അടച്ചുവയ്ക്കാരുന്നു.
ഇതെവിടാന്നുവെച്ചാ..
എന്തായാലും ഏതൊക്കെയോ ഹിന്ദിസിനിമയിലെ ഡയലോഗ്‌ തലച്ചോർ പറഞ്ഞുതന്നു...
പാവം കുട്ടൻ,എനിക്ക്‌ കുറ്റബോധം തോന്നി അവനെ ഇങ്ങനെയിട്ട്‌ കഷ്ടപെടുത്തണ്ടായിരുന്നു..
പുറത്തിറങ്ങി ബേക്കറിയിൽ നിന്ന് ഒരു ഐസ്‌ ക്രീം വാങ്ങികൊടുക്കണം..
അവനെകൂടുതൽ ഞാൻ സ്നേഹിച്ചുതുടങ്ങി..
ആ സമയത്തുതന്നെ സാറിന്റേയും പരാക്രമം ഒന്നടങ്ങി കസേരയിലേക്ക്‌ ഇരിപ്പുറപ്പിച്ചു..
ചോർന്നുപോയിരുന്ന ഊർജ്ജം ആ ക്ലാസിൽനിന്നുതന്നെ ആവാഹിച്ചെടുത്തു.
വലി സ്വൽപം കൂടിപോയതിനാലാകാം തൊട്ടടുത്ത മൂത്രപുരയിലെ ഗന്ധംകൂടി ഊർജ്ജത്തിൽ കലർന്നു..
നല്ലകാര്യം ചെയ്യാൻ നോക്കുമ്പോൾ അഴുക്ക പയലുകള് വന്നോളും.
ഉടുപ്പിന്റെ താഴെവശത്തെ തുന്നൽ വിടുവിച്ച്‌ ബി നിലവറയിൽ രഹസ്യമായി ഒളിപ്പിച്ചിരുന്ന പദ്യം കുറേ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെടുത്തു.
ഇത്രയും സമയമുണ്ടങ്കിൽ ; ഒരു ഉപന്യാസം തന്നെ രചിക്കാനുള്ള സമയമാണത്‌ അപഹരിച്ചത്‌.
തുടക്കമല്ലെ,പയ്യെ ശീലമായിക്കൊള്ളും എന്നുപറഞ്ഞ്‌ മനസ്സിനെ ആശ്വസിപ്പിച്ചു.
ഒരുവിധത്തിൽ പാളികളായി അടുക്കിവച്ചിരിക്കുന്ന പദ്യം തുറന്നു.
ഇടതുകൈയ്യിൽ നടുവിരലിൻ ഇടയിൽ ഒളിപ്പിച്ച്‌ ക്വസ്റ്റ്യൻ പേപ്പർ പരിചയായി ഡാപ്പിനെ ഉറപ്പിച്ചു.
ആദ്യ വരി എങ്ങനെക്കെയോ എഴുതി..
പെട്ടന്നാണ് സാറിന്റെ ശബ്ദം ..എണീക്കടാ,..
ഇങ്ങനുള്ളഘട്ടങ്ങളിൽ ആവിയായിപോകാറുള്ള സാധനം പരീക്ഷക്കുമുന്നേ ദാക്ഷിണ്യമില്ലാതെ ഒഴുക്കികളഞ്ഞതിനാൽ സ്റ്റോക്കുണ്ടായിരുന്നില്ല..
പിടിക്കപെട്ടു എന്ന് മനസിലായി..
ഭയത്തോടെ പുള്ളിയുടെ മുഖത്തേക്ക്‌ നോക്കി..
അൽപുതം..എന്നെയല്ല..
പ്രതി..ഇടത്‌ സൈഡിലിരിക്കുന്ന ഒൻപതാം ക്ലാസിലെ വേറൊരു ചേട്ടനാണ്...
ഇപ്പോൾ കൂടുംകുടുക്കയുംകൊടുത്ത്‌ ഞാൻ സാഷ്ടാംഗം വീണേനേ..
ഹോ എങ്കിൽ പെട്ടുപോയേനേ..
രക്ഷപെട്ട സന്തോഷത്തിൽ പുള്ളിയെ ശ്രദ്ധിക്കാതെ
ഞാൻ അടുത്തവരിയെ തപ്പിപെറുക്കാനുള്ള ശ്രമത്തിലായിരുന്നു.
അപ്പോൾ സാർ കശേരയിൽ നിന്ന് എഴുന്നേറ്റു..
എന്റെ പുത്തി അപ്പോൾ പോയത്‌ ,ചേട്ടനെ ചോദ്യം ചെയ്യുന്നനേരത്ത്‌ , എങ്ങനെയേലും ഇത്‌ വെള്ളപ്രതലത്തിലോട്ട്‌ നിരത്തിവയ്ക്കണം..
അങ്ങനെ ഞാൻ എന്റെ കർമ്മം തുടർന്നു.
അതിൽമാത്രം ഫോക്കസ്‌ ചെയ്തിരുന്നതുകൊണ്ട്‌ ചുറ്റുമുള്ള ഒരു സാറന്മാരേയും ഞാൻ കണ്ടിരുന്നില്ല..
അപ്പോൾ പുള്ളി എന്റെ അടുത്തെത്തി എന്റെകയ്യിൽ,അനധികൃതമായ നിലയിൽ ഒളിപ്പിച്ച തുണ്ടുകടലാസ്‌ കണ്ടെടുത്തു...
സുനാമിവന്ന് സർവ്വതും ഒഴുക്കികൊണ്ടുപോയതുപോലെ, എന്റെ മുഖപ്രസാദമെല്ലാം അടിച്ചുകൊണ്ടുപോയി പകരം ഭീതിയും വിറയലും കൊണ്ടുതന്നു..
തുള്ളൽപ്പനി ബാധിച്ചവനെപോലെ ഞാൻ ഉറഞ്ഞുതുള്ളി, ആ നേരം ഒരു തകിൽ എന്റെ രണ്ടുകയ്യിന്റെ ഇടയിൽവച്ചിരുന്നെങ്കിൽ.
ആദിനാട്‌ മനോഹരൻ ഉണ്ണിത്താനെക്കാൾ സൂപ്പറായി ഞാൻ തകിൽ അടിച്ചേനെ.
ഈ രംഗം കണ്ട സാറിനും ഭയമായികാണും.
കാരണം ;
ഇനി ഇവനെങ്ങാനും ഉരുണ്ട്‌ വീണ് പിടഞ്ഞ്‌ തുലഞ്ഞാലോ ! ആ പേടിമൂലമാകാം പുള്ളിയെന്നെ വെറുതെ വിട്ടു.വിശ്വാസമില്ലാതെ ഞാൻ മൃംഗസ്യാന്നു നിന്നപ്പോൾ,ആലുവാ മണപുറത്ത്‌ കണ്ട പരിചയം പോലുമില്ലാതെ സാർ മറ്റേ ചേട്ടന്റെ അടുത്തേക്ക്‌ നടന്നു.
യഥാർത്ഥത്തിൽ ഞാൻ തന്നായിരുന്നു സാറിന്റെ ടാർഗ്ഗെറ്റ്‌..
പക്ഷെ കുഞ്ചൻ നമ്പ്യാരെപ്പോലും വെല്ലുന്ന രീതിയിലുള്ള എന്റെ തുള്ളൽ കണ്ട്‌ വിരണ്ട്‌ സാർ ആ പാവത്തിനെ ക്ലിപ്പിടാൻ പോയി..
വാസ്തവത്തിൽ സാർ എന്നെ ഡാപ്പുമായികണ്ടസമയം
മറ്റേ ചേട്ടൻ അറിയാതെ പെട്ടതാണ്..
കാരണമായത്‌ സാറിന്റെ താമര നയനങ്ങളുടെ കുഴപ്പമായിരുന്നു.
എന്തുകൊണ്ടെന്നാൽ പുള്ളിയുടെ നോട്ടം ഉപ്പുകലത്തിലേക്കാണങ്കിൽ,കൈയുടെ പോക്ക്‌ മുളകുപാത്രത്തിലേക്കു നീളുന്ന നേത്രങ്ങളായിരുന്നു..
എന്നെ നോക്കി പുള്ളി ചീറിയപ്പോൾ,നോട്ടം എന്നിലോട്ട്‌ എത്താഞ്ഞതുകൊണ്ട്‌ സത്യത്തിൽ പാവം ഞാൻ അവിടെ തന്നെ ഇരുന്നു.
എന്നാൽ സാറിന്റെ നോട്ടം കൃത്യമായി എത്തിയ ആ ചേട്ടനാണ് നറുക്ക്‌ വീണത്‌..
അതിനിടയിൽ
സാറിന്റെ അലർച്ചകൂടികേട്ടപ്പോൾ,
പെട്ടന്ന് തന്നെ ആ ചേട്ടൻ,
കരകൗശല വിദ്യയിൽ അടക്കം ചെയ്തിരുന്ന ഡാപ്പ്‌ ഉയർത്തികാട്ടി, കീഴടങ്ങിയ പട്ടാളക്കാരനെപോലെ കൈ ഉയർത്തി നിന്നുപോയതാണ് പുള്ളിചെയ്ത അബദ്ധം.
ഒരുപക്ഷെ,
ഇടതു സൈഡിലിരുന്ന് ഡാപ്പെഴുതിയവരെല്ലാം അന്നേരം സാറിനെ നോക്കിയിരുന്നെങ്കിൽ,
ആ ചേട്ടനെന്നല്ല ഊടുപാടെ എല്ലാരും വീണേനെ..

Written by - റാംജി.
മുക്യമായ പിൻകുറിപ്പ്‌:
-----------------------------------
സാർ ആ ചേട്ടനെ ഫോക്കസ്ചെയ്ത്‌ നീങ്ങിയപ്പോൾ,പുത്തിമാനും കൗശലക്കാരനുമായ ഞാൻ സത്യത്തിൽ ഊറി ചിരിക്കുകയായായിരുന്നു.
എന്റെ ഈ അപിനയത്തിൽ പുള്ളിവീണില്ലേൽ മറ്റൊരു പ്രകടനം ഞാൻ കാഴ്ചവച്ചേനേ..
അതും ഏതും പോരാത്ത എന്നോഡാ പുള്ളീടെ കളി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot