നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആകാശച്ചിറകിലേറുന്ന സ്വപ്നങ്ങൾ

Image may contain: 1 person, beard and closeup

•••••••••••••••••••••••••••••••••••••
നാട്ടിൽ ലീവിനു പോകാൻ മൂന്നാലു മാസം മുന്നെ വില കുറഞ്ഞ സമയത്ത്‌ ടിക്കറ്റെടുത്ത്‌ വെക്കും പാവം പ്രവാസി. ‘അതിനു മുന്നെ കയറിപ്പോകാൻ ഇട വരുത്തല്ലേന്ന’ പ്രാർത്ഥനയോടെ. പോകുന്നതിനും ഒരു മാസം മുമ്പെങ്കിലും തുടങ്ങും രാത്രി ഉറക്കമില്ലായ്‌മ.
ഭാര്യയും,മക്കളും, അമ്മയും അച്ഛനും, നാട്ടുവഴികളും ചങ്ങായിമാരും, കാവും തെയ്യവും എല്ലാം ഇടവേളകളില്ലാതെ വന്ന് ഉറക്കം നഷ്ടപ്പെടുത്തി, ഏകദേശം പോകാൻ ആകുമ്പോളേക്കും ചടച്ച്‌ ഒരു പേക്കോലമായിട്ടുണ്ടാകും പാവം പ്രവാസി.
അതിലും പ്രയാസമാണു കണ്ണൂർ പ്രവാസികളുടെ ഇന്നലെ വരെയുള്ള അവസ്ഥ. അടുത്ത എയർപ്പോർട്ട്‌ കരിപ്പൂരാണു. ഒന്ന് വേഗം വീട്ടിലെത്തിയാ മതിന്ന് ഓർത്ത് ഫ്ലൈറ്റിൽ തന്നെ ശരിക്ക്‌ ഇരിപ്പുറക്കില്ല. അതിലും വേദനയോടെ കണ്ണു ചിമ്മിയടച്ച്‌ അനുഭവിക്കുന്ന മറ്റൊരു പീഢനമാണു എയർപ്പോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്ര. കോഴിക്കോട്‌ നിന്ന് വീട്ടിലേക്ക്‌ ഫ്ലൈറ്റിൽ ഇരുന്നതിനേക്കാൾ കൂടുതൽ സമയനഷ്ടവും, പിന്നെ വണ്ടിയുടെ ‘വെട്ടിക്കലും’, ‘നേർക്ക്‌ നേരെ പിടുത്തവും’ ഒക്കെ കാണുമ്പോ ആധി കയറി, ഉള്ളതിൽ പാതി ജീവൻ ആ വഴിക്കും പോകും.
വണ്ടിക്കൂലിയിയും വഴിച്ചിലവും അടക്കം പോയ പൈസ ആലോചിച്ച്‌ കണ്ണിൽ ഇരുട്ടും കയറും,ഒരു ശരാശരി കൂലിപ്പണിക്കാരനായ പ്രാവാസിക്ക്‌.
തിരിച്ച്‌ പോക്ക്‌ തലശ്ശേരിയിൽ നിന്നുള്ള ആനവണ്ടിക്കാക്കും. ഒരു ദിവസം മുഴുവൻ അങ്ങനെ പോകും. പിറ്റേന്ന് പതിനൊന്ന് മണിക്കുള്ള ഫ്ലൈറ്റിനു തലേന്ന് രാത്രിയുള്ള ബസ്സിൽ കയറിയിരുന്ന് നല്ല ദിവസങ്ങൾ ഓർത്തും, ഉറ്റവരെ പിരിഞ്ഞ കണ്ണീരണിഞ്ഞ യാത്ര എത്ര വൈകിയാലും സാരമില്ല, നാട്‌ മണത്തിരിക്കാലോന്നോർക്കും.
അതിനൊരു മറുവഴി എന്ന നിലയിൽ എന്നെ പോലെ ചിലർ കൊച്ചിയിലേക്ക്‌ ടിക്കറ്റെടുക്കും. ആദ്യത്തെ വരവിലൊക്കെ കൂട്ടുകാർ എയർപ്പോർട്ടിൽ വരും.
പിന്നീടുള്ള വരവ്‌ മുതൽ ‌ “തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയാ പോരേന്ന്” ചോദിക്കും. ഞങ്ങൾക്ക്‌ വേണ്ടി അവരും ഒരു ദിവസം മുഴുവൻ യാത്രയും അലച്ചിലും സഹിക്കണ്ടല്ലൊ എന്ന് കരുതി അങ്ങനെ മതിയെന്ന് പറയും.
അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക്‌ ഓട്ടോയിൽ വന്ന് മുപ്പത്‌ കിലോയിലധികം വരുന്ന ലഗേജ്‌ ചുമന്ന് ട്രാക്ക്‌ മുറിച്ച്‌ കടന്ന്, കണ്ണൂരേക്ക്‌ വണ്ടി കയറി, തിരക്ക്‌ കൂടിയ കംപാർട്ട്മെന്റിൽ എങ്ങനേലും ഈ ലഗേജ്‌ ഏതെങ്കിലും ബർത്തിൽ ഒതുക്കി വെക്കുമ്പോൾ ചിലരുടെ മുഖത്തൊരു പരിഹാസം വിരിയും “ഏത്‌ എരപ്പാളി ഗൾഫുകാരനെടാ ഇത്‌” എന്ന മട്ടിൽ. കണ്ടിട്ടും കാണാത്ത ഭാവത്തിൽ മക്കൾക്ക്‌ വാങ്ങിയ ചോക്ലേറ്റും നെഞ്ചോട്‌ ചേർത്ത്‌ പുറത്തേക്ക്‌ നോക്കിയിരിക്കും.
പലപ്പോഴും തലേന്ന് വിടുമ്പോൾ റൂമിൽ നിന്ന് കഴിച്ച വല്ലതും വയറിൽ നിന്ന് അരഞ്ഞരഞ്ഞ്‌ മണമടിക്കുന്നുണ്ടാകും. ചെറിയ പൈസക്ക്‌ എടുത്ത ടിക്കറ്റിൽ ഒരു ഗ്ലാസ്സ്‌ വെള്ളം പോലും ഫ്ലൈറ്റിൽ കിട്ടില്ല. വില കേട്ടാൽ ബോധം പോകുന്ന എയർപ്പോർട്ടിലെ റസ്റ്റോറന്റിന്റെ പരിസരത്ത്‌ പോകില്ല. ഫ്ലൈറ്റിറങ്ങിയാൽ ലഗേജും കൊണ്ട്‌ എവിടെയും ഒന്ന് ഇരിക്കാൻ പോലും സമാധാനം കിട്ടില്ല.
കത്തുന്ന വയറും കൊണ്ട്‌, കണ്ണു തെറ്റാതെ കഴിഞ്ഞ ലീവ്‌ കഴിഞ്ഞ്‌ പോയതിൽ പിന്നെ അരിച്ചരിച്ച്‌ വാങ്ങി സ്വരുക്കൂട്ടി വച്ച, പലരുടെയും ആഗ്രഹങ്ങൾ നിറച്ച
ഈ ലഗേജും നോക്കി, അഞ്ച്‌ അഞ്ചരമണിക്കൂർ ഉള്ള ഈ സാഹസത്തിനു ഒരു ശരാശരി പ്രവാസി മുതിരുന്നത്‌ കേവലം അയ്യായിരം രൂപക്ക്‌ താഴെ ലാഭിക്കാൻ മാത്രമാണെന്നതാണു ഏറ്റവും വിചിത്രമായ സത്യം.
ഒന്നരദിവസം ഫ്ലൈറ്റിറങ്ങി വീട്ടിലേക്ക്‌ യാത്ര ചെയ്യുന്ന നോർത്തിന്ത്യക്കാരനും ഉണ്ടെന്ന് മറക്കുന്നില്ല.
ആദ്യത്തെ മടങ്ങിവരവിൽ റൂമിലുള്ളവരുടെ ആഗ്രഹപ്രകാരം പുലർച്ചെ അമ്മ എഴുന്നേറ്റ്‌ പൊതിഞ്ഞ്‌ കെട്ടി തന്ന പൊതിച്ചോർ തുറന്നപാടെ അളിഞ്ഞ ചമ്മന്തിയും മീനും ഒക്കെ കൊണ്ട്‌ വേസ്റ്റ്‌ബോക്സിൽ കളയേണ്ടി വന്നതും, ആശിച്ച് കൊണ്ടു വന്ന നേന്ത്രപ്പഴവും വരിക്കചക്കയും ഒക്കെ തിന്നാനൊക്കാതെ വെന്ത്‌ പോയതും ഞാനടക്കം പലരുടെയും നൊമ്പരം തന്നെയാകും.
ഇവിടെ ഞങ്ങളുടെ സ്വപ്നങ്ങൾക്കും ചിറക്‌ മുളക്കുകയാണു. നിങ്ങളും എല്ലാരും വരണം ഞങ്ങളുടെ കണ്ണൂർ കാണാൻ. കേരളത്തിന്റെ രാഷ്ട്രീയമുഖത്തിന്റെ നേർപരിഛേദമാണെന്നും കണ്ണൂർ. അതിന്റെ ചൂടും ചൂരും എന്നും ഏറ്റുവാങ്ങിയ മണ്ണു. കേക്കിന്റെയും ക്രിക്കറ്റിന്റെയും സർക്കസ്സിന്റെയും ആദ്യനാമം. തറിയുടെയും തിറയുടെയും തെയ്യങ്ങളുടെയും ഊടും പാവും നെയ്ത മതനിരപേക്ഷതയുടെ എന്നത്തെയും നന്മഗേഹം ഞങ്ങൾ കണ്ണൂരുകാർ ലോകത്തെ ആകെ സ്വാഗതം ചെയ്യുന്നു ഞങ്ങളുടെ കണ്ണൂരിലേക്ക്‌..
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot