
വഴിയിൽ നിന്നും അൽപ്പം ഉള്ളിലേക്ക് കയറിയിരിക്കുന്ന ആ കൊച്ചു വീടിന്റെ മുൻപിൽ, കയ്യിൽ ഒരു തുറന്ന പുസ്തകവുമായി വരാന്തയിലേക്കുറ്റു നോക്കി നിൽക്കുകയായിരുന്നു അയാൾ. നാവു നുണയുകയും മുൻകാൽ നക്കുകയും ചെയ്തു കൊണ്ട് ഒരു കറുത്തപൂച്ച അക്ഷമനായി അയാൾക്കരികിൽ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു ദൂരെ, ഒരു കുല ചുവന്ന പൂക്കളുമായി ഒരു പനിനീർച്ചെടി കാറ്റിലുലഞ്ഞെന്നവണ്ണം മറുവശത്തേക്കു ചാഞ്ഞു കിടന്നു.
ഓടിട്ട ആ വീടിനുള്ളിൽ നിന്നും മഞ്ഞ പുള്ളിയുടിപ്പിട്ട ഒരു പെൺകുട്ടി ഓടിയിറങ്ങി വരുമെന്നും കാണുമ്പോൾ മുഖം തിരിക്കുമെങ്കിലും അടുത്തു ചെന്ന് ആ പനിനീർച്ചെടിയിലേക്കു വിരൽ ചൂണ്ടുമ്പോൾ അവൾ ആ പുസ്തകം വാങ്ങുമെന്നും അയാൾ വിശ്വസിച്ചു. ആ വിശ്വാസം ചുളിവ് വീണ മുഖത്തെ വിണ്ടു കീറിയ ചുണ്ടിൽ ഒരു നേർത്ത ചിരിയായി വിടർന്നു.
അയാൾ ആ വീട്ടുപടിക്കൽ കാവൽ നില്ക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഏതു നിമിഷവും തുറക്കപ്പെടാൻ പോകുന്ന ആ വാതിലിനപ്പുറം കാണപ്പെടാൻ പോകുന്ന ആ കുഞ്ഞുമുഖത്തെ ഓർത്ത് അയാൾ നിരാശയടക്കി കാത്തുനിന്നു.
കണക്കു പുസ്തകത്തിലെ അക്കങ്ങളെല്ലാം സമാസമം ആക്കിയ ശേഷമാണ് അയാൾ തന്റെ യജമാനനെ കാണാൻ ഇറങ്ങിത്തിരിച്ചത്. പക്ഷേ വാങ്ങിക്കൂട്ടിയതൊന്നും തന്നെ, ആഴമുള്ള കണ്ണുകളും പതിഞ്ഞ ശബ്‌ദവുമുള്ള യജമാനൻ തുറന്നു പോലും നോക്കാതെയാണ് അയാളെ കണക്കുപുസ്തകവുമായി തിരികെ അയച്ചിരിക്കുന്നത്.
കണക്കു പുസ്തകത്തിൽ ഒരു വലിയ പിശകുണ്ടെന്നു യജമാനൻ പറഞ്ഞപ്പോൾ അയാൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. എത്രയോ തവണ കൂട്ടിയും കിഴിച്ചും പരിശോധിച്ച ശേഷമാണ് പുസ്തകം അടച്ചതെന്ന് അയാൾ ആത്മവിശ്വാസത്തോടെ ഓർത്തു. പക്ഷെ ഒറ്റനോട്ടത്തിൽ തന്നെ യജമാനൻ കണ്ടു പിടിച്ച ആ പിശക് അയാളെ ചൊടിപ്പിച്ചു.
" അതൊരു പൂജ്യമല്ലേ ? പൂജ്യത്തെ ഗുണിച്ചാലും ഹരിച്ചാലും അതു തന്നെയല്ലേ കിട്ടുക? പിന്നെന്തിനു മിനക്കെടണം ? " അയാൾ സ്വരമുയർത്തി ചോദിച്ചു.
ആ പിഴവ് തിരുത്താതിരുന്നതിനാൽ കണക്കു പുസ്തകം മുഴുവൻ തെറ്റിയെന്നും അകത്തു പ്രവേശിക്കാനാവില്ലെന്നും യജമാനൻ തീർത്തു പറഞ്ഞപ്പോൾ അയാൾ നിരാശയോടെ തിരികെ നടന്നു....
യജമാനന്റെ ദൂതൻ കൂടെയുണ്ടായിരുന്നതിനാൽ അങ്ങോട്ടുള്ള യാത്ര സുഗമമായിരുന്നെങ്കിലും തിരികെയുള്ള വഴികൾ ദുർഘടം നിറഞ്ഞതായിരുന്നു. അഗാധഗർത്തങ്ങൾക്കും തീക്കുണ്ഡങ്ങൾക്കും മുകളിലൂടെയുള്ള നൂൽപ്പാലത്തിലൂടെ പേടിച്ചു വിറച്ചു നടക്കുമ്പോഴാണ് വഴി കാട്ടിയായി ഒരു കറുത്ത പൂച്ച അയാളുടെ കൂടെ കൂടിയത്. ആ ജീവി വഴി തെറ്റാതെ അയാളെ ആ വീടിന്റെ മുൻപിലെത്തിച്ച് അയാൾക്കു കൂട്ടിരുന്നു.
ഇരുൾ തിങ്ങിയ ആ വീടിനുള്ളിൽ ആറോ ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി തല മുട്ടിന്മേൽ ചേർത്തു വച്ച് വിതുമ്പിക്കരയുന്നുണ്ടായിരുന്നു. അവൾക്കു ചുറ്റും നൂറായിരം പേക്കോലങ്ങൾ കണ്ണുതുറിച്ചും നാവു കടിച്ചും അട്ടഹസിച്ചു കൊണ്ടിരുന്നു.
വിതുമ്പലുകൾക്കിടയിൽ പലപ്പോഴും അവൾ പേടിയോടെ തലയുയർത്തുകയും ശരീരത്തിലേക്ക് അറപ്പോടെ നോക്കുകയും ഓക്കാനിക്കുകയും ചെയ്തു കൊണ്ട് കുളിമുറിയിലേക്കോടി. വീണ്ടും വീണ്ടും കുളിച്ചിട്ടും തൃപ്തി വരാതെ കല്ലു കൊണ്ടുരച്ചു തൊലി പൊളിച്ചു. രക്തം കിനിയുന്ന ദേഹത്തേക്ക് വെള്ളം വീണപ്പോഴുണ്ടായ നീറ്റലിൽ ആശ്വസിച്ചു.
അവൾ ഒരിക്കൽ പോലും ആ ഇരുട്ടിനുള്ളിൽ നിന്നും വെളിയിലിറങ്ങിയില്ല. പക്ഷെ അവളിൽ നിന്നും പിറവിയെടുത്ത മറ്റൊരുവൾ പഠനം തുടരുകയും ജോലി സമ്പാദിക്കുകയും പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. പകലുകളെ മാത്രം സ്നേഹിച്ച അവൾ ഓരോ രാത്രിയിലും ആ വീടിനുള്ളിലെ ഇരുട്ടിലേക്കു മടങ്ങിപ്പോയി കുനിഞ്ഞിരുന്നു വിതുമ്പിക്കരഞ്ഞു.
എപ്പോഴോ ആ വാതിലുകൾ തുറക്കപ്പെടുകയും ഒരായിരം മിന്നാമിനുങ്ങുകൾ ആകാശത്തിലേക്കു പറന്നുയരുകയും ചെയ്തു. പക്ഷെ അയാളുടെ കണ്ണുകൾക്ക് ആ കാഴ്ച അപ്രാപ്യമായിരുന്നു.
ശൂന്യമായ ആ വീടിനുള്ളിലേക്കു പ്രതീക്ഷയോടെ നോക്കിക്കൊണ്ട് തിരുത്താനാവാത്ത കണക്കു പുസ്തകവുമായി അയാൾ നിൽപ്പു തുടർന്നു. നിന്നു നിന്ന് അയാൾക്കു വേരുകൾ മുളച്ചു. ചില്ലകൾ വളർന്നു. ആ ചില്ലകളിൽ കടവാവലുകൾ കൂടു വച്ചു. മൂങ്ങകൾ തല ചുറ്റും കറക്കിക്കൊണ്ട് അവയിലിരുന്ന് ഉറക്കെ മൂളി. കരിമ്പൂച്ചയുടെ കൂട്ടുകാർ വന്ന് അയാൾക്കു ചുറ്റും വേലികെട്ടി, തടമെടുത്ത് മുടങ്ങാതെ വെള്ളവും വളവും കൊടുത്തുകൊണ്ടേയിരുന്നു.
=====
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക