Slider

സ്നേഹമതിൽ.

0
Image may contain: 1 person, beard, sky, cloud, ocean, outdoor, closeup and water

മഞ്ഞുമൂടിയ ഡിസംബറിലെ
അവസാന തിങ്കളാഴ്ച വൈകുന്നേരം ഏകദേശം നാലര, നാലരേമുക്കാലായ സമയത്തിങ്കൽ ആണ് രണ്ട് ചില്ലു ഗ്ലാസ്സ് നിറയെ കട്ടൻച്ചായയും കൈയ്യിലുള്ള
പ്ലേറ്റിൽ അഞ്ചാറു കൊഴുക്കട്ടയുമായി സ്നേഹലത ഒരു പണിയ്ക്കും പോകാതെ വെറുതെ ഇരുന്ന് ചാനലുകൾ മാറ്റി മാറ്റി അവസാനം ജനം ടിവിയിലെ
വാർത്താധിഷ്ടിത പരിപാടിയെന്തോ കണ്ടു കൊണ്ടിരുന്ന കുമാരേട്ടനെ ചായ കുടിയ്ക്കാൻ വിളിച്ചു.
ഇന്നെന്താ സ്നേഹലതേ ചായയ്ക്ക് പാലില്ലെ.
കറവയെല്ലാം തീർന്നു, പശൂനെ കുത്തിവയ്പ്പിക്കാൻ
കൊണ്ടുപോകാൻ പറഞ്ഞിട്ട്
എത്ര ദിവസമായി. നാളെ മറക്കാതെ കൊണ്ടു പോകണം.
പശുവിൻ്റെ കാര്യമായതുകൊണ്ട് കഴപ്പമില്ല, പക്ഷെ നാളെ ഞങ്ങൾക്കൊരു ഘോഷയാത്രയുണ്ട് അതിനാൽ സ്നേഹതേ നീ തന്നെ നാളെ പശുവിനെ ഒന്നു കൊണ്ടു പോകണം.
നിങ്ങളോട് പണിയ്ക്ക് പോകാനൊന്നുമല്ലല്ലോ പറഞ്ഞത്, പശൂനേയും കൊണ്ട് പോകാനല്ലേ. നാളെ എനിക്ക് ഏതായാലും ഒട്ടും പറ്റില്ല. ഞങ്ങൾക്ക് നാളെ മതിലു കെട്ടാൻ പോകണം.
സ്നേഹേ നീയെന്താ പറഞ്ഞത് നീ മതിലു കെട്ടാൻ
പോകുമെന്നോ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
മനുഷ്യാ ഞാൻ മലയ്ക്ക് പോകുന്ന കാര്യമൊന്നുമല്ലല്ലോ പറഞ്ഞത് മതിലു കെട്ടാൻ പോകുന്ന കാര്യമല്ലേ പറഞ്ഞുള്ളു. അതിനിത്ര ദേഷ്യപ്പെടാൻ എന്തിരിയ്ക്കുന്നു.
ദേഷ്യത്തോടെ കടിച്ചു കൊണ്ടിരുന്ന കൊഴുക്കട്ട ഭിത്തിയിലേക്ക് ആഞ്ഞെറിഞ്ഞത് ഭിത്തിയിൽ തട്ടി അതിനേക്കാൾ വേഗത്തിൽ തിരിച്ചു വന്ന് കുമാരേട്ടൻ്റെ മൂക്കിൽ തന്നെ പതിച്ചു. ചതഞ്ഞ മൂക്കോടെ കുമാരേട്ടൻ പറഞ്ഞു.
കണ്ടോ,
നീ ദൈവത്തിന് നിരക്കാത്തത് ചെയ്യാൻ പോകുന്നു എന്നു പറഞ്ഞതിന് ദൈവം എന്നെ ശിക്ഷിച്ചത് കണ്ടോ.
എൻ്റെ കുമാരേട്ടാ, മണ്ടത്തരം പറയല്ലേ, നിങ്ങൾ തന്നെയല്ലേ
കൊഴുക്കട്ട ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത്. അതിൽ അയ്യപ്പനെന്തു കാര്യം.
അതുപോകട്ടെ നാളെ നീ
മതിൽ കെട്ടാൻ ഇവിടെ നിന്നിറങ്ങിയാൽ നിൻ്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിയ്ക്കും പറഞ്ഞില്ലെന്ന് വേണ്ട, അത് വർഗ്ഗീയ മതിൽ ആണ്, കുല സ്ത്രീകൾ അതിൽ പങ്കെടുത്തു കൂടാ.
അതെങ്ങിനെ വർഗ്ഗീയ മതിലാകും, ഞങ്ങളെല്ലാവരും
ഇല്ലേ.
ആരെല്ലാവരും, അത് ഒരു ജാതിക്കാരു മാത്രമുള്ള ഒരു മതമതിലല്ലേ.
ആരു പറഞ്ഞു, പാത്തുമ്മാത്തയുണ്ട്, മേരിചേച്ചിയുണ്ട്, ചായക്കടക്കാരൻ നായരേട്ടൻ്റെ ഭാര്യ നാരായണി ചേച്ചിയുണ്ട്, വാരിയംപറമ്പിലെ മണിവാര്യർ ഉണ്ട് അങ്ങിനെ
ഇവിടത്തെ ഒരു വിധം പെണ്ണുങ്ങൾ എല്ലാം ഉണ്ട്.
അതിന് വാര്യർ പിൻമാറിയല്ലോ, പിന്നെ ചങ്ങനാശ്ശേരിയിൽ നിന്നും, പാണക്കാട്ടുനിന്നും, രൂപതയിൽ നിന്നെല്ലാം പങ്കെടുക്കരുതെന്ന് തീട്ടൂരമുണ്ടല്ലോ.
ഇത് ഗവൺമെൻറ് പരിപാടിയല്ലേ, നമുക്ക് പണി എടുത്താൽ പൈസ കിട്ടിയാൽ പോരെ.
കണ്ടോ ചാനലിൽ പറഞ്ഞത്
സത്യമാണ് പൈസ കൊടുത്താണ് മതിലിന് ആളെ കൂട്ടുന്നത് എന്ന്, നമുക്ക് കേരളത്തിൻ്റെ പൈസ വേണ്ട, നമുക്ക് കേന്ദ്രം പതിനഞ്ചു ലക്ഷം തരും.
നാലു വർഷമായിട്ട് അതു കിട്ടുമെന്ന് പറഞ്ഞ് പണിക്ക് പോകാതിരുന്നോ, ഞാൻ തൊഴിലുറപ്പിന് പോകുന്നതു കൊണ്ടാണ് കഞ്ഞി കുടിച്ചു കഴിയുന്നത്.
അത് റിസർവ്വ് ബാങ്ക് ഫണ്ട് അനുവദിക്കാഞ്ഞിട്ടല്ല, ഇപ്പോൾ എല്ലാം ശരിയാക്കി ഇനി ഉടനെ കിട്ടും.
ഏതായാലും ഞാൻ പോകും, പഞ്ചായത്ത് പ്രസിഡണ്ട് രാവിലെ നേരത്തെ എത്തണമെന്നാണ് പറഞ്ഞിരിയ്ക്കുന്നത്.
അതെങ്ങിനെ ശരിയാകും, പഞ്ചായത്ത് പ്രസിഡണ്ട് രമേശ് വേറെ പാർട്ടിയാണല്ലോ, പുള്ളി എങ്ങിനെ മതിലു കെട്ടാൻ വരും.
പിന്നെ പഞ്ചായത്തിലെ പൊളിഞ്ഞു കിടക്കുന്ന മതിലു കെട്ടാൻ പഞ്ചായത്ത് പ്രസിഡണ്ടിനു വരാതിരിയ്ക്കാൻ പറ്റുമോ,
ഞങ്ങൾ കുടുംബശ്രീകാർക്ക്
പഞ്ചായത്തിലെ മതിലുപണിക്ക് ചെല്ലാതിരിക്കാൻ പറ്റുമോ.
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ,
ശരണമയ്യപ്പാ,
കൊഴുക്കട്ട കൊണ്ട് ചളുങ്ങിയ മൂക്കോടെ
കുമാരേട്ടൻ
മനമുരുകി വിളിച്ചു പോയി.
പി.എസ്സ്.അനിൽകുമാർ,
ദേവിദിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo