Slider

ഡിസംബറിലെ മഞ്ഞുതുള്ളി

0
Image may contain: Saji Varghese, tree, sky, outdoor and nature

***By സജി വർഗീസ്***
ഡിസംബർ പുതിയപ്രതീക്ഷയുടെ തുടക്കമാണ്. ഡിസംബറിലെ മഞ്ഞുതുള്ളികളേറ്റ മരങ്ങളുംചെടികളും തുറന്നിട്ടജനാലയിലൂടെ നോക്കുമ്പോൾ പ്രത്യേകഭംഗിയാണ്.
ആവിപറക്കുന്ന ചൂട്കാപ്പി കുടിച്ചു കൊണ്ട് മേഴ്സിയമ്മ മഞ്ഞിൽക്കുളിച്ചുനിൽക്കുന്ന ഡിസംബറിനെ നോക്കിയിരിപ്പാണ്.
ഒറ്റ നിലവാർപ്പ് വീടിന്റെ സെൻട്രൽ ഹാളിൽ ഒരു വെള്ളനക്ഷത്രം തൂക്കിയിട്ടിട്ടുണ്ട്. റോസ് നിറം പൊഴിക്കുന്ന വെളിച്ചം നക്ഷത്രത്തിലുള്ളതിനാൽ റോസ് നിറത്തിലാണ്കാണുന്നത്.
ആ വെള്ളനക്ഷത്രം മേഴ്സിയമ്മയുടെ കണ്ണുകളിൽ തിളങ്ങിക്കാണുന്നുണ്ട്.
"മേഴ്സിയമ്മച്ചീ .. "
അടുത്തവീട്ടിലെ ബിന്ദുവിന്റെയും സന്തോഷിന്റെയും മകൻ കണ്ണനാണ്.
"റോണിയങ്കിൾ വന്നോ ".
"മേഴ്സിയമ്മച്ചീ.. "
കണ്ണന്റെകൂടെ കുട്ടിപ്പട്ടാളങ്ങൾ വേറെയുമുണ്ട്.
ചിന്നുമോൾ, അമൽമോൻ, അവിലേഷ്, പക്കുടു.. അയൽപക്കത്തെ കുട്ടികളെല്ലാവരുമുണ്ട്.
ഡിസംബർ ആയാൽ അവർക്ക് മേഴ്സിയമ്മയുടെ വീട്ടിലേക്ക് വരുവാൻ ആവേശമാണ്.
ഒരുഭാഗത്ത് പുൽക്കൂടുകൾ ഉണ്ടാക്കുവാൻ ഉണ്ണിയീശോപ്പുല്ല് മുറിച്ചുകൊണ്ടുവരുവാൻ ഒരു ഗ്രൂപ്പ്, കല്ലുകൾ പെറുക്കിക്കൂട്ടി ചെറിയ മലയുണ്ടാക്കുവാൻ വേറൊരു ടീം.
ചെറിയ മരക്കമ്പുകളുംഓടയും കൊണ്ടുവരുന്നവർ, അങ്ങനെ ആഘോഷം തന്നെ.
മേഴ്സിയമ്മ എല്ലാവർക്കും കേക്കുണ്ടാക്കി കൊടുക്കും.
നല്ല കാപ്പിയുംപഴംപൊരിയും കൊടുക്കും.
അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ മേഴ്സിയമ്മയുടെസ്നേഹം ഇരട്ടിക്കും
.
"റോണിമോൻ നാളെ വൈകുന്നേരം എത്തും കണ്ണാ... ". മേഴ്സിയമ്മ പറഞ്ഞു.
ഡൽഹിയിലെ നോയിഡസിറ്റി സെന്ററിലെ ജലശുദ്ധീകരണ കമ്പനിയിലെ എഞ്ചിനീയറാണ് റോണിമോൻ.ഭാര്യ ലിസ അവിടെ തന്നെയുള്ള കമ്പനിയുടെ ഹോസ്പിറ്റലിൽ നഴ്സാണ്.
രണ്ടു കുട്ടികളാണുള്ളത്,
സാന്ദ്രമോളും, സ്റ്റീഫനും.
ഏഴാംക്ളാസുകാരനായ സ്റ്റീഫനും രണ്ടാംക്ളാസുകാരിയായ സാന്ദ്ര മോൾക്കും ക്രിസ്തുമസ് അവധിക്ക് വരുന്നത് ആഹ്ളാദകരമാണ്.
"മേഴ്സിയമ്മച്ചീ.... ".
"ഓ മക്കള് വന്നോ..."
മേഴ്സിയമ്മ പേരക്കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
റോണിമോൻ കയ്യിലുള്ള വലിയ പെട്ടി തുറന്നു.
കുട്ടികളുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം.
"എത്രയാ നക്ഷത്രങ്ങൾ..
ചുവപ്പ്.. പച്ച.. നീല... മഞ്ഞ... വെള്ള.."
"ഈ വീടിനുചുറ്റും നമ്മളിന്ന് നക്ഷത്രത്താൽ അലങ്കരിക്കും".
കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
"നിങ്ങൾക്കെന്തു വട്ടാ...
ഇത്രയ്ക്കും നക്ഷത്രം... അമ്പതോളം നക്ഷത്രം ഒരു വീട്ടിൽ തൂക്കിയിടുകയെന്ന് വച്ചാൽ ". ലിസ പിറുപിറുത്തു.
റോണിമോൻ പൊട്ടിച്ചിരിച്ചു.
"അതൊന്നും നിനക്ക് മനസ്സിലാവുകേല.. ".
മേഴ്സിയമ്മകൊച്ചുമക്കൾക്കും കുട്ടികൾക്കും അപ്പമുണ്ടാക്കേണ്ടതിരക്കിലാണ്.
"ഉണ്ണിയീശോ ഇവിടെയിരിക്കട്ടെ..
മാതാവ് ഇവിടെ.. ഔസേപ്പിതാവ് ഇവിടെ...
രാജാക്കന്മാർ.. ഒട്ടകം.... ".കുട്ടികൾ പുൽക്കൂടലങ്കരിക്കുവാൻ തിടുക്കം കൂട്ടി.
വിവിധരൂപങ്ങൾ, നക്ഷത്രം എല്ലാം റോണിമോൻ പുൽക്കൂട്ടിൽ വച്ചു.
വൈദ്യുതാലങ്കാരത്താൽ പുൽക്കൂട് മനോഹരമായി.
കുട്ടികൾ സന്തോഷത്താൽ തുള്ളിച്ചാടി.
"കമ്പിത്തിരി കത്തിക്ക് പപ്പാ.. ".
സാന്ദ്ര മോൾ പറഞ്ഞു.
റോണിമോൻ കമ്പിത്തിരി കത്തിച്ചു.
എല്ലാവരും കമ്പിത്തിരിയും പിടിച്ച് ഓടി നടന്നു.
റോണിമോൻ വീടിനകത്തേക്ക് കയറി.മുറിയുടെ മൂലയിലിരുന്ന പഴയ പെട്ടിയെടുത്തു തുറന്നു.
"നിങ്ങളെന്തിനാ ഇത് സൂക്ഷിച്ചു വയ്ക്കുന്നത്, എത്ര കൊല്ലമായ്...
ഇതെല്ലാം പഴകിപ്പോയില്ലേ.. "
"എന്നാലും സാരമില്ല അതവിടിരിക്കട്ടെ...".റോണിമോൻ പറഞ്ഞു.
"ആയിക്കോ.. നൊസ്റ്റാൾജിയ.... അല്ലാണ്ടെന്തു പറയാനാ.. ".
ലിസ ആത്മഗതംപറഞ്ഞു.
റോണിമോൻ പുൽക്കൂടിനടുത്തേക്ക് നടന്നു.പുൽക്കൂടിന്റെ ഒത്തനടുവിൽ തന്നെ വച്ചു.
"ഇതെല്ലാം പോയി..
വെറുതേ പുൽക്കൂടിന്റെ ഭംഗി കളയാൻ...".
ലിസ അതെടുത്ത് പുറത്തേക്കെറിഞ്ഞു.
കമ്പിത്തിരിയുമായി ഓടിക്കളിക്കുന്ന കുട്ടികൾ അത് കാലുകൊണ്ട് തട്ടിക്കളിച്ചു.
മുഖമടച്ച് ഒരടിയായിരുന്നു..
ലിസ മുഖംപൊത്തിക്കരഞ്ഞു.
"നിങ്ങളെന്തിനാ എന്നെ അടിച്ചത്..
നല്ലോരു ദിവസമായിട്ട്.. ".
"വേണ്ടെടാ മക്കളേ.. "
മേഴ്സിയമ്മ മകന്റെ കൈയ്ക്കു പിടിച്ചു.
ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു.
****
"ഇന്ന് കട അടയ്ക്കാൻ കുറച്ച് വൈകും, നമ്മുടെ രാമൻ നായരുടെ പുതിയവീട്ടിലേക്ക് കുറച്ച് ഫർണ്ണിച്ചർ സാധനംവാങ്ങാൻ അങ്ങേര് വന്നിരുന്നു. കുറച്ച് വിശേഷമൊക്കെ പറഞ്ഞ് നേരമങ്ങ് പോയി.
നീ ചോറ് കഴിച്ച് കിടന്നോ..."
"റോണിമോൻ രാവിലെ പോകുമ്പോൾ നിങ്ങളോട് പറഞ്ഞത് ഓർമ്മയില്ലേ.. ജോച്ചായാ..."
"അപ്പ എപ്പഴാവരുന്നത് അമ്മച്ചീ..."
"മോൻ അവിടെയിരുന്ന് പഠിക്ക്..
അപ്പൻ വരും... ".
"അഞ്ചാം ക്ളാസിലായ്..
ഇനി മുതൽ മുഴുവൻ മാർക്കും വാങ്ങണം".
റോണിമോൻ മുറ്റത്തേക്കിറങ്ങി.
പൂനിലാവ് പൊഴിച്ച് നിൽക്കുന്ന ആകാശത്തേക്ക് നോക്കി.
ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ തിളങ്ങി.
"സമയമാംരഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു,
എൻസ്വദേശം കാണ്മതിന്നായ്, ഞാൻ തനിയെ പോകുന്നു.".
ജോമോന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ട്.
"എന്നാ പറയാനാ.. അപ്പുറത്തെ ഫാൻസിക്കടയിൽ കയറി സാധനവും വാങ്ങി സ്കൂട്ടർ തിരിച്ചപ്പോഴാ.. പാണ്ടി ലോറി സ്പീഡിൽ വന്നിടിച്ചത്..
രക്തത്തിൽകുളിച്ച് കിടക്കുകയായിരുന്നു..,
ആശുപത്രീലെത്തിക്കുമ്പോഴേക്കും.."
കുഞ്ഞാമുചേട്ടൻ പറയുന്നത് കേട്ട് എല്ലാവരും സങ്കടത്തോടെയിരുന്നു.
"മേഴ്സീ... ഇതവിടെ വച്ചോ.. പോലീസുകാര് തന്നതാ...
ആ കൈയ്യില് ഒരു വെള്ളനക്ഷത്രം മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു."
രക്തംകലർന്ന വെള്ളനക്ഷത്രവും പൊട്ടിയ ഒരു വാച്ചുമായിരുന്നത്.
കുഞ്ഞാമുചേട്ടന്റെ കണ്ണു തുടച്ച് പുറത്തേക്കിറങ്ങി.
റോണിമോൻ കുട്ടികൾ തട്ടിക്കളിച്ച് കീറിയനക്ഷത്രമെടുത്ത് നെഞ്ചോട് ചേർത്തുവച്ചു.
"ഇച്ചായാ... മാപ്പ്.. അത് പഴകിക്കീറാറായതു കൊണ്ടാണ് ഞാനെടുത്ത് മാറ്റിയത് ".
മേഴ്സിയമ്മ ഫെവിക്കോളെടുത്ത് കീറിയഭാഗം ഒട്ടിച്ച് ചേർത്തു.
ആകാശത്തില് കിഴക്ക് ഭാഗത്ത് ഒരു വെള്ളനക്ഷത്രം ഉദിച്ചുയർന്നു.
അപ്പ, വെള്ളനക്ഷത്രവുംറോസ് ബൾബും വാങ്ങിവരുന്നതും കാത്തിരുന്ന പത്തുവയസ്സുകാരൻ ഉറങ്ങിപ്പോയിരുന്നു.
ഒരുമഞ്ഞുതുള്ളി റോണിമോന്റെ കവിളിലേക്ക് വീണു.
റോണിമോൻ മുകളിലേക്ക് നോക്കി. കിഴക്കുദിച്ച നക്ഷത്രം മെല്ലെ മാഞ്ഞു തുടങ്ങിയിരുന്നു.
" ഉണ്ണി പിറന്നു ബത് ലഹേമിൽ, വന്ദന മരുളാൻ വന്നിടുവിൻ..
പാതിരാവിൻ പനിനീരിൽ പൂനിലാവിൻ പുഞ്ചിരിയിൽ "
ബാന്റ്മേളത്തോടെ കരോൾ സംഘം വന്നു തുടങ്ങിയിരുന്നു.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo