നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈശാഖിന്റെ പ്രാവുകൾ

Image may contain: Saji M Mathews, smiling, selfie and closeup

ബാംഗ്ലൂർ നഗരത്തിന്റെ ഒരു പകൽ നീണ്ട കുതിപ്പുകൾക്കും കിതപ്പുകൾക്കും സാക്ഷിയായ സൂര്യൻ ചക്രവാളത്തിൽ ചെഞ്ചായം പൂശി വിടവാങ്ങാനൊരുങ്ങുന്നു.
ധനുമാസ കുളിരുമായൊരു ചെറു തെന്നൽ പട്ടണക്കാഴ്ച്ചകൾ കാണാൻ മലയിറങ്ങി വന്നിട്ടുണ്ട്.
നഗരത്തിലെ ജലാശയങ്ങളിൽ ഇരതേടിയലഞ്ഞ നീർപ്പക്ഷികൾ അരവയർ നിറവുമായി അകലെ ഗ്രാമങ്ങളിലെ ശിഖരങ്ങളിലേക്ക് ചേക്കേറാൻ പറന്നകലുന്നു.
അപർണ അപ്പാർട്മെന്റ്സിന്റെ വിസ്തൃതമായ പൂന്തോട്ടത്തിരുന്ന് ആ സായാഹ്നം ആസ്വദിക്കുകയായിരുന്നു വൈശാഖ്. ചുറ്റും കുട്ടികൾ ഓടിക്കളിക്കുന്നു, ആ കുട്ടികളെ നോക്കി സ്വയം മറന്നിരിക്കെ അരികിൽ ഒരു കുഞ്ഞു ശബ്ദം.
"അങ്കിൾ … ക്യാൻ ഐ ഹാവ് മൈ ബോൾ പ്ളീസ്"
തിരിഞ്ഞു നോക്കി. ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞു സുന്ദരി. വൈശാഖ് കുനിഞ്ഞ് കാൽക്കീഴിൽ കിടന്നിരുന്ന ടെന്നീസ് ബോൾ കൈയ്യിലെടുത്ത് അവളുടെ നേർക്ക് നീട്ടി. അവൾ ബോളിന് വേണ്ടി കൈ നീട്ടിയപ്പോൾ കൈ പുറകിലേക്ക് വലിച്ചു. അവൾ ചിരിച്ചുകൊണ്ട് വീണ്ടും ശ്രമിച്ചു. വീണ്ടും വൈശാഖ് കൈ വലിച്ചു. ഈ കളി കുറച്ചു നേരം തുടർന്നു. ഒടുവിൽ അവൾ പിണങ്ങും എന്ന ഘട്ടമായപ്പോൾ ബോൾ അവളുടെ കൈയ്യിൽ കൊടുത്തു. അവൾ കൊഞ്ചലോടെ ഒരു താങ്ക്സ് പറഞ്ഞു . തിരികെ പോകാൻ തുടങ്ങിയ ആ ചുന്ദരി വാവയെ മെല്ലെ എടുത്ത് ആ ചുവന്നുതുടുത്ത കവിളിൽ ഒരു മുത്തം കൊടുത്തു.
“How many times I have told you, not to interact with strangers..”
അപരിചിതനായ ഒരു വ്യക്തി, മകൾക്ക് മുത്തം കൊടുത്തത് ആ കുഞ്ഞിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചു ദൂരെ മറ്റൊരു സ്ത്രീയോട് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന അവർ ഓടി വന്ന് കുട്ടിയെ എടുത്ത് കൊണ്ട്പോയി. പോകുന്നപോക്കിൽ അവർ വൈശാഖിന്റെ നേരെ രൂക്ഷമായൊന്ന് നോക്കി.
വൈശാഖിന് ഒരൽപ്പം ജാള്യത തോന്നി. സിമന്റ് ബെഞ്ചിൽ നിന്നെഴുന്നേറ്റ് ബ്ലോക്ക് സി യിലെ ഫ്ലാറ്റിലേക്ക് നടന്നു. ലിഫ്റ്റ് ഒൻപതാം നിലയിലേക്ക് ഉയർന്നു പോകവേ സമയം നോക്കി, ആറു മണി കഴിഞ്ഞിരിക്കുന്നു. ഒന്ന് കുളിച്ചു ഫ്രഷ് ആകുമ്പോഴേക്കും അവരെത്തും - അമ്മിണിയും 'കള്ളു വർക്കിയും'.
വാതിൽ തുറന്ന് വീടിനകത്തേക്ക് കയറുമ്പോൾ എന്തോ ഒരു ശൂന്യത. വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോൾ സ്വീകരിക്കാൻ പൂമുഖത്ത് കാത്തു നിൽക്കുന്ന ഭാര്യ, അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതിക്ക് മത്സരിച്ചോടിയെത്തുന്ന കുട്ടികൾ. ഇതൊന്നുമില്ലാത്ത ഒരു കോൺക്രീറ്റ് കെട്ടിടത്തിലേക്ക് വൈകുന്നേരങ്ങളിൽ തിരികെ വരുന്നതിൽ എന്താണ് ഒരു സന്തോഷം. കുട്ടികൾ വൈശാഖിനൊരു ദൗർബല്യമാണ്. വീടിനകത്തുനിറയെ കുഞ്ഞുങ്ങളുടെ പോസ്റ്ററുകളാണ്
വൈശാഖും റിതികയും വിവാഹിതരായിട്ട് ഇപ്പോൾ നാല് വർഷം കഴിഞ്ഞു. വൈശാഖ് ബാംഗ്ലൂരിലെ ഒരു ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ്. റിതിക ഒരു സോഫ്ട്‍വെയർ കമ്പനിയിൽ സീനിയർ പ്രോഗ്രാം മാനേജർ. വിവാഹം കഴിക്കുമ്പോൾ അവൾ ജോലിക്ക് ജോയിൻ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ. വളരെ വേഗതയിലായിരുന്നു ജോലിയിൽ അവളുടെ ഉയർച്ച. അവൾക്കിപ്പോൾ ജോലിയെക്കുറിച്ചു മാത്രമേ ചിന്തയുള്ളു. അടുത്ത ലക്‌ഷ്യം ആ കമ്പനിയിലെ CEO, ആകുക എന്നതാണ്. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം വൈശാഖിന് കലശലായുണ്ട്, പക്ഷെ ഇപ്പോൾ ഒരു പ്രസവ അവധി എടുത്ത് ജോലിയിൽ നിന്ന് മാറി നിൽക്കാനാകില്ല എന്നാണ് റിതികയുടെ പക്ഷം. ഒരുപാട് മത്സരങ്ങളുള്ള ഫീൽഡാണ്, തിരികെ വരുമ്പോൾ ചിലപ്പോൾ ജൂനിയർസ് പലരും തന്നെ പിന്തള്ളി മുന്നേറിയിട്ടുണ്ടാവും.
പലപ്പോഴും ഇതേച്ചൊല്ലി അവർക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ഒരിക്കൽ റിതിക അവനോട് വേണമെങ്കിൽ ഡിവോഴ്സ് ചെയ്ത് പിരിയാമെന്ന് പറഞ്ഞു. വൈശാഖിനേക്കാൾ അവൾക്ക് അവളുടെ പ്രൊഫഷനാണ് വലുത്. ഇനിയൊരു പരീക്ഷണത്തിന് തയ്യാറല്ലാത്തതിനാൽ വൈശാഖ് പിന്നീട് ആ വിഷയം സംസാരിക്കാറില്ല.
വൈശാഖ് കുളികഴിഞ്ഞ് ഒരു ലുങ്കിയും ടി ഷർട്ടും ധരിച്ച് ബാൽക്കണിയിലെത്തി. പ്രാവുകൾ ഉള്ളിലേക്ക് കടക്കാതിരിക്കാൻ എല്ലാ അപ്പാർട്മെന്റിലെയും ബാൽക്കണിയിൽ നെറ്റ് വിരിച്ചിട്ടുണ്ട്. എങ്കിലും നെറ്റിന്റെ വിടവുകൾ കണ്ടെത്തി പ്രാവുകൾ അവിടവിടെ കൂട് വെയ്ക്കും. വൈശാഖിന്റെ ബാൽക്കണിയിലെ ഇടുങ്ങിയ കോൺക്രീറ്റ് വിടവിലുമുണ്ട് ഒരു പ്രാവിൻ കൂട്.
ഇണപ്രാവുകൾ വരും, മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കും. കുഞ്ഞുങ്ങൾ വളർന്ന് പറക്കമുറ്റാറാകുമ്പോൾ അവ പറന്ന് പോകും. വീണ്ടും പുതിയ ജോഡി വരും. ഇപ്പോൾ ഉള്ള ജോഡിക്ക് വൈശാഖ് ഇട്ട പേരാണ് 'കള്ളു വർക്കിയും' അമ്മിണിയും. അവർ വന്നിട്ട് ഇപ്പൊ രണ്ടാഴ്ചയോളമായി. ഇന്നലെ അമ്മിണി ഒരു മുട്ടയിട്ടു. ഇനി ഒന്ന് രണ്ട് മുട്ടകൂടിയിട്ടാൽ പിന്നെ അടയിരിക്കും. വർക്കിയുടെ വലതു വശത്തെ ചിറകിനും, കാലിനും പരിക്ക് പറ്റിയിട്ടുണ്ട്.
മുൻപെങ്ങോ ഏതെങ്കിലും പരുന്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടു വന്നപ്പോൾ പറ്റിയതാകാം. അവൻ പറക്കുന്നതും നടക്കുന്നതുമെല്ലാം ഒരു കള്ളുകുടിയനെപ്പോലെ ആടിയാടിയാണ്. അത് കണ്ടപ്പോൾ പണ്ട് നാട്ടിലുണ്ടായിരുന്ന 'കള്ളു വർക്കിയുടെ പേരിട്ടു. സദാ സമയവും അവന്റെ പുറകെ നടന്ന് കുറുകുന്ന പെൺപ്രാവിന് അമ്മിണിയെന്നും. കൂടുവെയ്ക്കാൻ വരുന്ന ഇണപ്രാവുകൾക്ക് വൈശാഖ് ഇങ്ങനെ ഓരോ പേരിടും. ഇതിനു മുൻപുണ്ടായിരുന്ന ജോഡിക്ക് കറുത്തമ്മയെന്നും പരീക്കുട്ടിയെന്നുമാണ് പേരിട്ടത്. പ്രാവുകളിലൂടെയെങ്കിലും അവരുടെ പ്രണയം സാഫല്യമടയട്ടെ എന്ന ചിന്തയിലാണ് ആ പേരിട്ടത്.
ഇണപ്രാവുകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും അവ മെല്ലെ വളർന്നു വലുതാകുന്നതുമെല്ലാം വൈശാഖ്
കൗതുകത്തോടെ കണ്ടുനിൽക്കും. ചിറകുമുളച്ച് അവർ പറന്ന് പോകുമ്പോൾ കൃതാർത്ഥനായ ഒരു
രക്ഷിതാവിനെപ്പോലെ അവരെ യാത്രയാക്കും പിന്നെ പുതിയ ജോഡിക്കും കുഞ്ഞുങ്ങൾക്കുമായുള്ള കാത്തിരിപ്പാണ്.
ഓരോന്നാലോചിച്ചു നിന്ന് സമയം ഒൻപത് കഴിഞ്ഞതറിഞ്ഞില്ല. പ്രാവുകൾ "വർക്കിയും അമ്മിണിയും' മുട്ടിയുരുമ്മിയിരുന്നുറങ്ങിയെന്ന് തോന്നുന്നു. മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദം. റിതിക എത്തിയെന്ന് തോന്നുന്നു. എന്നും ഈ സമയമാകും അവൾ ഓഫീസിൽ നിന്നെത്താൻ. വീട്ടിലെത്തിയാലും വീണ്ടും lap top തുറന്ന് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഭക്ഷണം മിക്കപ്പോഴും പുറത്തുനിന്ന്
കഴിക്കും, ചിലപ്പോൾ ഓർഡർ ചെയ്ത് വരുത്തും. റിതികയ്ക്ക് പാചകം തീരെ വശമില്ല.
പഠിച്ചതും വളർന്നതുമെല്ലാം കോൺവെന്റ് സ്കൂളിലും ഹോസ്റ്റലിലും നിന്നാണ്. അവളുടെ മാതാപിതാക്കൾ ദുബായിലാണ്. പപ്പയ്ക്ക് അവിടെ ബിസിനസ്സ് ഉണ്ട്.
ലാപ്ടോപ്പ് ബാഗ് ടേബിളിൽ വെച്ച ശേഷം റിതിക വൈശാഖിന്റെ അടുത്തേക്ക് വന്നു. അവൾ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒന്ന് കത്തിച്ചു വലിച്ചു കൊണ്ട് വൈശാഖിനോട് ചോദിച്ചു.
ഹൌ വാസ് യുവർ ഡേ മാൻ ?
ഗുഡ് , വാട്ട് എബൌട്ട് യു?
"ടെറിബിൾ .. വല്ലാത്ത സ്ട്രെസ് .. " അവൾ സിഗരറ്റ് വലിക്കുന്ന രീതി കണ്ടപ്പോൾ തന്നെ വൈശാഖിന് അത് മനസ്സിലായി.
സോഫ്ട്‍വെയർ കമ്പനികളിൽ ജോലിചെയ്യുന്നവർ ആദ്യം പഠിക്കുന്നത് സിഗരറ്റ് വലിക്കാനും വീക്കെൻഡിൽ
ബോധം കെടുംവരെ മദ്യപിക്കാനുമാണെന്ന് വൈശാഖിന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് അവർ പറയുന്ന ന്യായീകരണമാണ്‌ സ്‌ട്രെസ്, വർക്ക് പ്രഷർ എന്നൊക്കെ.
വൈശാഖിന് സിഗരറ്റ് ഗന്ധം ഇഷ്ടമല്ല. പലപ്പോഴും റിതികയോട് പറഞ്ഞിട്ടുണ്ട് വീടിനുള്ളിൽ പുക വലിക്കരുതെന്ന് ബാൽക്കണിയിൽ നിന്ന് വലിക്കാൻ പറഞ്ഞതിന് ഒരിക്കൽ അവൾ പ്രതികാരം ചെയ്തത് അണയാത്ത സിഗരറ്റ് പ്രാവിൻ കൂട്ടിലേക്കിട്ടാണ്. അവൾക്കറിയാം വൈശാഖിന് ആ പ്രാവുകളെ ഒരുപാടിഷ്ടമാണെന്ന്. അന്ന് കൂട്ടിലുണ്ടായിരുന്ന ഒരു കുഞ്ഞിന് ലേശം പൊള്ളലേറ്റു. ആദ്യമായി വൈശാഖവളുടെ കരണത്ത് ഓങ്ങിയടിച്ചത് അന്നാണ്. അതിനവളന്ന് വൈശാഖിനെ തിരിച്ചും അടിച്ചു.
അതിനുശേഷം ഒരു ബെഡ്റൂം റിതികക്ക് പുകവലിക്കാനായി മാത്രം മാറ്റി വെച്ചു. രാത്രിയിൽ ജോലി ചെയ്യുമ്പോൾ അവൾക്ക് സിഗരറ്റ് കൂടിയേ തീരു. പോസ്റ്റ് ഗ്രാജുവേഷന് വൈശാഖ് ബാംഗ്ലൂരിലാണ് പഠിച്ചത്, അത് കൊണ്ട് ഇങ്ങനെയുള്ള മെട്രോ സംസ്ക്കാരം അവനെ അത്ഭുതപ്പെടുത്തിയില്ല. ആദ്യമൊക്കെ ഉപദേശിച്ചു നോക്കി, ഫലമില്ലെന്ന് കണ്ടപ്പോൾ അത് നിർത്തി.
"നമുക്കിന്നു പുറത്തുപോയി ഡിന്നർ കഴിച്ചാലോ .. " സിഗരറ്റ്കുറ്റി വിരലുകൾ കൊണ്ട് ദൂരേക്ക് തെറിപ്പിച്ചുകൊണ്ട് റിതിക ചോദിച്ചു .
ഇന്നലെവരെ വച്ചുവിളമ്പി വീട്ടിൽ ഒരുമിച്ചിരുന്ന് അത്താഴമുണ്ടപോലെ തോന്നും അവളുടെ ചോദ്യം കേട്ടാൽ.. ചെറുതായി കോപം വന്നു, എങ്കിലും വൈശാഖ് മറുത്തൊന്നും പറഞ്ഞില്ല.
അടുത്തുള്ള റെസ്റ്റോറെന്റിലെ അരണ്ട വെളിച്ചത്തിൽ ഭക്ഷണത്തിന് ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തെ അവൻ ശ്രദ്ധിച്ചു. അച്ഛനും അമ്മയും ഒരു ചെറിയ കുട്ടിയുമടങ്ങുന്ന സന്തുഷ്ടകുടുംബം. അവർ കഴിച്ചുകഴിഞ്ഞെഴുന്നേറ്റ് പോകുംവരെ വൈശാഖിന്റെ ശ്രദ്ധ മുഴുവൻ ആ കുട്ടിയുടെ കളിചിരികളിൽ ആയിരുന്നു. തിരികെ ഫ്ലാറ്റിലേക്ക് നടന്നു പോകുമ്പോൾ റിതിക വൈശാഖിനോട് ചോദിച്ചു.
"വൈശാഖിന് ഉടൻ തന്നെ ഒരു കുഞ്ഞിനെ വേണോ ? " ഭക്ഷണത്തിന് മുൻപ് കഴിച്ച ബിയർ തലക്ക്
പിടിച്ചിട്ടുണ്ടാകും. അല്ലെങ്കിലൊരുപക്ഷേ ഇവൾ തന്നെ കളിയാക്കുന്നതുമാവാം.
"അപ്പൊ തന്റെ പ്രൊഫഷൻ, പ്രൊമോഷൻ അതൊക്കെ എന്താകും, ഇത്രനാൾ കുഞ്ഞുങ്ങൾ വേണ്ടെന്ന് വെച്ചത് അതിനുവേണ്ടിയായിരുന്നില്ലേ?"
"വൈശാഖ് 'Surrogacy' എന്ന് കേട്ടിട്ടുണ്ടോ"
'ഇല്ല, എന്താണത് "
തെല്ലൊരിടവേളക്കുശേഷം റിതിക വിശദീകരിച്ചു .
"ഇപ്പോൾ നമ്മുടെ പ്രശ്നമെന്താണെന്ന് വെച്ചാൽ എന്നെപ്പോലുള്ള ഒരു പ്രൊഫഷണൽ, ജോലിയിൽ നിന്ന് ഒരിടവേളയെടുത്ത് ഗർഭംധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സമയക്കുറവാണ്. നമുക്ക് വേണ്ടി നമ്മുടെതന്നെ ഒരു കുഞ്ഞിനെ സമയമുള്ള വേറൊരാൾ ഗർഭംധരിച്ച് പ്രസവിക്കുന്നു. ഒന്ന് രണ്ടുമാസം മുലയൂട്ടിയിട്ട് അവരാ കുഞ്ഞിനെ നമ്മളെ ഏല്പിച്ചിട്ട്, എഗ്രിമെന്റ് പ്രകാരമുള്ള തുകയും വാങ്ങി പോകുന്നു.
Its just as simple as that…!"
സദാസമയവും കംപ്യൂട്ടറിനു മുൻപിൽ ചിലവഴിക്കുന്നവർ ചിലപ്പോൾ ഒരു കംപ്യൂട്ടറിനെപ്പോലെ മാത്രമേ ചിന്തിക്കൂ. അവർക്ക് സാധാരണ മനുഷ്യർക്കുള്ളപോലെ സെന്റിമെന്റ്സ് ഒന്നുമുണ്ടാകില്ല എന്ന് വൈശാഖിനപ്പോൾ തോന്നി.
"വൈശാഖ്, എന്താ ഒന്നും പറയാത്തത്?... നോക്കൂ Surrogacy, ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെ സാധാരണമായിക്കഴിഞ്ഞു. മുൻപൊക്കെ പ്രസവിക്കാൻ ആരോഗ്യമില്ലാത്ത സ്ത്രീകളാണ് കുട്ടികളുണ്ടാവാൻ ഈ രീതിയെ ആശ്രയിച്ചിരുന്നത്. ഇപ്പോൾ എന്നെപ്പോലെ പ്രസവിക്കാൻ സമയമില്ലാത്തവരും അതിന് തയ്യാറാകുന്നുണ്ട് . ഷാരൂഖ് ഖാന്റെ കുഞ്ഞ് അബ്രാം പോലും ഉണ്ടായത് surrogacy മൂലമാണ് ".
ആ സംഭാഷണം നീട്ടികൊണ്ടു പോകുന്നതിൽ വൈശാഖിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അവനെ അത്ഭുതപ്പെടുത്തികൊണ്ട് റിതിക ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് വൈശാഖിന്റെ കൈയ്യിൽ കൊടുത്തു.
ഡോക്ടർ ഭാഗ്യലക്ഷ്മി,
ഗൈനോക്കോളജിസ്റ്റ്
സുകന്യ ഹസോപിറ്റൽസ്.
അവൾ തുടർന്നു
"ഞാൻ ഡോക്ടറുമായി ഇതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഒരു കാരിയറിനെ കിട്ടാനായിരുന്നു താമസം. നല്ല ഹൈജീനിക്ക് ആയ ഒരു സ്ത്രീയെ വേണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ഇന്ന് ഡോക്ടർ എന്നെ വിളിച്ചിരുന്നു. അവർക്ക് പരിചയമുള്ള ഒരു കുട്ടി റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു. വൈശാഖ് നാളെ ഡോക്ടറെ പോയി കാണണം. ആ കുട്ടിയുമായി സംസാരിക്കണം. അവൾ നാളെ ഒരു പ്രശ്നമുണ്ടാക്കരുത്, ചിലർ പ്രസവം കഴിയുമ്പോൾ സെന്റിമെന്റാകും, പിന്നെ അവർക്ക് കുഞ്ഞിനെ വിട്ടുതരാൻ ബുദ്ധിമുട്ടായിരിക്കും"
ജീവിതം എവിടേക്കെല്ലാമാണ് തന്നെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് എന്ന് അത്ഭുതത്തോടെ വൈശാഖ് ഓർത്തുപോയി. കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യത്തിനാണ് ഭാര്യയെന്ന വാക്കിനുപോലും അർഹതയില്ലാത്തവൾ പ്രേരിപ്പിക്കുന്നത്. ഉറക്കം വരാതെ അന്ന് രാത്രിമുഴുവൻ അവൻ കഴിച്ചുകൂട്ടി.
പിറ്റേന്ന് പോകില്ല എന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഒരു കുഞ്ഞിന് വേണ്ടി എന്ത് ത്യാഗം സഹിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിൽ അവൻ ഡോക്ടർ ഭാഗ്യലക്ഷ്മിയുടെ ഹോസപിറ്റലിൽ എത്തി.
ഡോക്ടർ വൈശാഖിനെ പരിശോധിച്ചു. ചില ടെസ്റ്റുകൾ നടത്തി. ടെസ്റ്റുകളുടെ റിസൾട്ട് ഓക്കേ ആണെന്ന് ഉറപ്പിച്ച ശേഷം ഡോക്ടർ വൈശാഖിനെ മറ്റൊരു റൂമിലേക്ക് മാറ്റിയിരുത്തി. റിതികയുടെയും വൈശാഖിന്റെയും ഭ്രൂണം കൊണ്ട് ഗർഭംധരിച്ച് പ്രസവിക്കാൻ തയ്യാറായി വന്നിരിക്കുന്ന പെൺകുട്ടിയുമായി ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയായിരുന്നു. ഡോക്ടർ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്ന് ഒരു പെൺകുട്ടി റൂമിലേക്ക് വന്നു. ആകെ പരിഭ്രാന്തയായിരുന്നു അവൾ. കൂടിവന്നാൽ പത്തിരുപത്തിരണ്ടു വയസ്സ് പ്രായം കാണും. കൊച്ചു മാടപ്രാവിനെപ്പോലെയൊരു പെൺകുട്ടി. പേര് സഞ്ജന. മലയാളിയാണ് തൃശൂർ ആണ് സ്വദേശം. വൈശാഖ് അവളുമായി സംസാരിച്ചു. അവൾ ഇങ്ങനെയൊരു സാഹസത്തിന് തയ്യാറാകാനുള്ള കാരണം ചോദിച്ചു. നാളെയൊരുപക്ഷേ പ്രസവശേഷം കുട്ടിയെ വിട്ടുതരാൻ അവൾ തയ്യാറാകാതിരുന്നാൽ? അവൾ മടിച്ചുമടിച്ച് മെല്ലെ പറഞ്ഞു തുടങ്ങി.
സഞ്ജന ഒരു നേഴ്സ് ആണ്, ഡോക്ടർ ഭാഗ്യലക്ഷ്മിയുടെ ഹോസ്പിറ്റലിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് സഞ്ജനയ്ക്ക് ഒരു ട്രാവൽ ഏജൻസി മൂലം ജർമനിയിലേക്ക് ഒരു വിസ കിട്ടി. ഇരുപത് ലക്ഷം രൂപയായിരുന്നു ചിലവ്. ജർമനിയിൽ ജോലി ശരിയായാൽ ഒന്നോ രണ്ടോ വർഷം കൊണ്ട് സമ്പാദിക്കാവുന്ന തുക. അത് വിശ്വസിച്ച് അവളുടെ പപ്പ ഉണ്ടായിരുന്ന ചെറിയ വീടും സ്ഥലവും ബ്ലേഡ് ബാങ്കിൽ പണയം വെച്ച് , ട്രാവൽ ഏജൻസിക്കു പണം കൊടുത്തു. സഞ്ജന ജർമനിയിലേക്ക് പോയി, കൂടെ വേറെ കുറച്ചു നഴ്സുമാർ കൂടിയുണ്ടായിരുന്നു. അവിടെ ചെന്ന് രണ്ടുമാസത്തെ ജർമൻ ഭാഷാപഠനത്തിനു ശേഷം ജോലിക്ക് ജോയിൻ ചെയ്യാമെന്നാണ് ഏജൻസിക്കാർ പറഞ്ഞിരുന്നത്. പക്ഷെ ആ കോഴ്സും വിസയുമെല്ലാം വെറും തട്ടിപ്പായിരുന്നു. അവരെ ജർമനിയിൽ നിന്ന് തിരികെ അയച്ചു. സഞ്ജന പക്ഷെ തിരിച്ചു വന്ന കാര്യം വീട്ടുകാരെ അറിയിച്ചിട്ടില്ല. അവൾക്ക് താഴെ രണ്ട് അനിയത്തിമാർ കൂടിയുണ്ട്. വീട് അന്യാധീനപ്പെട്ടു പോയാൽ ചിലപ്പോൾ എല്ലാവരും ചേർന്ന് ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല. ഒരു പ്രാവശ്യം കാരിയർ ആയി പ്രസവിച്ചാൽ പത്തുലക്ഷം രൂപ കിട്ടും. അത്രയെങ്കിലും കടംവീട്ടാൻ കഴിയുമല്ലോ എന്നോർത്താണ് സഞ്ജന ഡോക്ടറോട് കാരിയർ ആകാൻ ഒരവസരം ചോദിച്ചത്. അവളുടെ അവസ്ഥ അറിയാവുന്ന ഡോക്ടർ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
വൈശാഖിന് ഒരു കാര്യം ഉറപ്പായി ഇങ്ങനത്തെ അവസ്ഥയിലുള്ള സഞ്ജന ഒരിക്കലും നാളെ കുഞ്ഞിന് വേണ്ടി ഒരാവകാശവാദം ഉന്നയിക്കില്ല. അവൻ തിരികെ വീട്ടിലെത്തി റിതികയോട് എല്ലാം വിവരിച്ചു. അടുത്ത ദിവസം ഡോക്ടർ അവളോട് ചില ടെസ്റ്റുകൾക്ക് വേണ്ടി ചെല്ലാൻ പറഞ്ഞതുമറിയിച്ചു.
അടുത്ത ദിവസം വളരെ വൈകിയാണന്ന് റിതിക വന്നത്, മദ്യപിച്ചിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ വൈശാഖിന് മനസ്സിലായി.
ഡോക്ടർ എന്ത് പറഞ്ഞു എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. ഹാളിലെ സോഫയിൽ ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പുക ഊതി വിട്ടിട്ട് അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
"ഐ ഡോണ്ട് ലൈക് ദാറ്റ് ബിച്ച് .. എന്താ അവളുടെ പേര് സഞ്ജന .. യാ... ദാറ്റ് ഡേർട്ടി ഗേൾ. ഞാൻ ഡോക്ടറോട് പറഞ്ഞു അവൾ പറ്റില്ല എന്ന്. ഡോക്ടർ വേറെ ആളെ കിട്ടിയാൽ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. "
വൈശാഖിന് അവളെയപ്പോൾ കൊല്ലണമെന്ന് വരെ തോന്നി. എങ്കിലും സംയമനം പാലിച്ച് ചോദിച്ചു ..
"അങ്ങിനെയെങ്കിൽ നിനക്ക് തന്നെ പ്രസവിച്ചു കൂടെ.. വൈ ഓൾ ദീസ് ഡ്രാമാസ് " .
"പ്രസവിക്കാൻ എനിക്കിപ്പോൾ മനസില്ല...കുഞ്ഞിനെ വേണമെങ്കിൽ താൻ പോയി വേറേ പെണ്ണ്കെട്ട്.."
റിതിക മറുപടി പറയാതെ ദേഷ്യത്തോടെ അവളുടെ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരികെ വന്നപ്പോൾ. അവളുടെ കൈയ്യിൽ ഒരു പേപ്പർ ഉണ്ടായിരുന്നു. ഒരു ജോയിന്റ് ഡിവോഴ്സ് പെറ്റിഷൻ. അതിൽ അവൾ ഒപ്പിട്ടിട്ടുണ്ടായിരുന്നു. അത് അവന്റെ നേരെ നീട്ടിയിട്ടവൾ ഒരു ഭ്രാന്തിയെപ്പോലെ അലറി.
"“I love my profession rather than these silly things… if you don’t like me go away from my life "
ഇനിയുമീ ബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് അവന് തോന്നി. റിതിക നീട്ടിയ ഡിവോഴ്സ് നോട്ടീസിൽ അവൻ ഒപ്പിട്ടു.
റിതികയും വൈശാഖും തമ്മിൽ പിരിഞ്ഞിട്ട് അഞ്ചു വർഷത്തോളമായി.
ഇപ്പോഴും വൈശാഖിന്റെ ബാൽക്കണിയിൽ പ്രാവുകൾ കൂടുവെയ്ക്കാറുണ്ട്.
അവയ്ക്ക് തീറ്റ കൊടുക്കാനും പുതിയ പുതിയ പേരുകളിട്ടു വിളിക്കാനും വൈശാഖിനിപ്പോൾ കൂട്ടിനൊരാളുണ്ട്. നാല് വയസ്സുകാരി ചിപ്പിമോൾ.
അന്ന് റിതിക പിരിഞ്ഞു പോയശേഷം വൈശാഖ് വീണ്ടും സഞ്ജനയെ കണ്ടിരുന്നു. അവളുടെ കടങ്ങൾ തീർക്കാൻ സഹായിക്കുകയും ചെയ്തു, പകരം അവൾ വൈശാഖിനു സമ്മാനിച്ചതാണ് ചിപ്പിമോളെ. അതിന് അവർക്ക് 'Surrogacy' ഒന്നും വേണ്ടിവന്നില്ല, വൈശാഖ് അവളെ വിവാഹം കഴിച്ചു കൂടെ കൂട്ടിയിരുന്നു.
വൈശാഖിന്റെ ബാൽക്കണിയിലെ ഇപ്പോഴത്തെ അഥിതി ഒരു പെൺ പ്രാവാണ്. അവൾക്ക് ആരുടേയും കൂട്ട് വേണ്ട, ഇഷ്ടം കൂടാൻ വരുന്ന ആൺ പ്രാവുകളെ അവൾ കൊത്തി ഓടിക്കും. അവളുടെ മൂശേട്ട സ്വഭാവം കാരണം ആ കൂട്ടിൽ മുട്ടകൾ വിരിഞ്ഞിട്ട് കുറേക്കാലമായി. ചിപ്പിമോൾക്ക് അതുകൊണ്ടുതന്നെ ആ പെൺപ്രാവിനെ ഇഷ്ടമല്ലായിരുന്നു.
അവൾ ഒരിക്കൽ വൈശാഖിനോട് ചോദിച്ചു - " ഈ ചീത്ത പ്രാവിന് എന്ത് പേരാണ് പപ്പാ ഇടുന്നതെന്ന്", തെല്ല് ആലോചിച്ച ശേഷം വൈശാഖ് പറഞ്ഞു - 'റിതിക'
ആൺപ്രാവുകളെ പിണക്കിയകറ്റുന്ന, മുട്ടയിട്ട് കുഞ്ഞു വിരിയിക്കാത്ത, ആ പെൺപ്രാവിന് അതിലും യോചിച്ചൊരു പേര് വൈശാഖിനപ്പോൾ തോന്നിയില്ല.
ഇന്ന് വൈശാഖ് വൈകിട്ട് ജോലികഴിഞ്ഞു ഫ്ലാറ്റിലേക്ക് വരുമ്പോൾ ഒരു ഫോൺ വന്നു. പരിചയമില്ലാത്ത നമ്പർ.
"സർ ഞാൻ ഡോക്ടർ വിഷ്ണു.. റീജിയണൽ കാൻസർ സെന്ററിൽ നിന്നാണ് ഞങ്ങളുടെ ഒരു പേഷ്യന്റിന് അവസാനമായി താങ്കളോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു. ഒന്ന് ഹോൾഡ് ചെയ്യണേ..
ഫോണിൽ ഒരു സ്ത്രീയുടെ ക്ഷീണിച്ച ശബ്ദം
"വൈശാഖ്, ഞാൻ റിതിക..
സുഖമാണല്ലോ.. ഇവിടുന്ന് പോകും മുൻപേ ഒന്ന് സംസാരിക്കണം എന്ന് തോന്നി. എന്നോട് ക്ഷമിക്കണം
വിവാഹം കഴിഞ്ഞ് ചില മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ, എന്റെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഞാനറിഞ്ഞിരുന്നു. അങ്ങയെ അതറിയിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാൻ ജോലി, പ്രമോഷൻ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നത്. ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള അങ്ങയുടെ അതിയായ ആഗ്രഹം കണ്ടപ്പോൾ വേറെ വഴിയില്ലാതെ ഞാനന്ന് Surrogacy ക്ക് തയ്യാറായത്. പക്ഷെ ഒരു കുഞ്ഞിനെ ജനിപ്പിക്കാൻ ആരോഗ്യമുള്ള ovum പോലും എന്നിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അറിഞ്ഞപ്പോൾ, ഒരൽപം വിഷമത്തോടെയാണെങ്കിലും ഞാനന്ന് ഒരു ഇഷ്യൂ ഉണ്ടാക്കി നമ്മൾ തമ്മിൽ പിരിയാൻ ഇടയാക്കി . അങ്ങേയ്ക്ക് ഒരു സന്തുഷ്ടമായ കുടുംബജീവിതം നേരുന്നു. ശ്വാസ കോശത്തിൽ ഒരു ചെറിയ മുഴ കണ്ട് പിടിച്ചിട്ട് നാലഞ്ച് മാസമായി, ഈ പാഴ്ജന്മം അവസാനിപ്പിക്കാൻ ദൈവം തന്ന അവസരമായാണ് ഞാനതിനെ കണ്ടത്. അടുത്ത ജന്മത്തിൽ അങ്ങയുടെ ഭാര്യയായി വീണ്ടും വരണമെന്ന് ആഗ്രഹമുണ്ട്, അങ്ങയുടെ ഒരു കുഞ്ഞിനെയെങ്കിലും നൊന്ത് പ്രസവിക്കണമെന്നും. ….. ബൈ. .
Forgive this barren dove, if you can.."
ഫോൺ ഡിസ്കണക്ട് ആയി.
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയത് യാന്ത്രീകമായാണ്. കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. പപ്പയെ കണ്ടപ്പോൾ ചിപ്പിമോൾ ഓടിവന്ന് കൈയ്യിൽ പിടിച്ചു ബാൽക്കണിയിലേക്ക് കൂട്ടികൊണ്ടുപോയി.
റിതിക എന്ന മച്ചി പ്രാവ് നിശ്ചലയായി കൂട്ടിൽ കിടക്കുന്നുണ്ടായിരുന്നു. സഞ്ജന ഒരു മോപ് കൊണ്ട് ആ ജഡം താഴേക്ക് തള്ളിവിട്ടു. പുതിയ ഇണപ്രാവുകൾക്കായി അവൾ കൂടൊരുക്കുകയാണ്.
കാറ്റിന്റെ തലോടൽ ഏറ്റു വാങ്ങി ഒരു പഞ്ഞിക്കെട്ടുപോലെ ആ മച്ചിപ്രാവിന്റെ (Barren dove) ശരീരം താഴേക്ക് പതിക്കുന്നത് വിങ്ങുന്ന ഹ്രദയത്തോടെ വൈശാഖ് കണ്ട് നിന്നു.
അവസാനിച്ചു
A short story by
Saji M Mathews

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot