നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരണക്കിണർ


വളരെ ആഴമുള്ള ഒരു കിണറ്റിലേക്ക് വീഴുന്ന പോലെയാണ് ഞാൻ മരണത്തിലേക്ക് വീണത്. അതു വരെ എഴുപത്തി രണ്ടു കിലോ കനവും അഞ്ചടി ഏഴിഞ്ചു നീളവുമുണ്ടായിരുന്ന എനിക്ക് വളരെ പെട്ടെന്ന് കനം ഇല്ലാണ്ടായത് പോലെ. ഭാരം കുറഞ്ഞൊരു വസ്തുവായി ആരോ എടുത്തെറിഞ്ഞതു പോലെയാണ് ഞാൻ വീണത്.. വളരെ വേഗത്തിലുള്ള വീഴ്ച ആയതു കൊണ്ടാകാം എനിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. മൂക്കിലേക്ക് അതി ശക്തമായി വായു അടിച്ചു കയറിയതിന്റെ ഫലമായി ശ്വാസം എടുക്കാൻ കഴിയാതെ എന്റെ ഹൃദയത്തിന്റെ അറകൾ നിറഞ്ഞു പൊട്ടി.പോകെ പോകെ ശ്വാസം നിലച്ചു തൊണ്ണൂറ് ശതമാനം മരിച്ച ഞാനാണ് പിന്നെ താഴേക്കു വീണത്. ബാക്കിയുള്ള പത്തു ശതമാനം ജീവനാണ് എന്നെ കൊണ്ടു ഇത്രയൊക്കെ ചിന്തിപ്പിക്കുന്നത്.. കൈയും കാലും കൂട്ടിക്കെട്ടി വലിയ ആഴമുള്ള ഒരു കിണറ്റിലേക്ക് വീഴും പോലെയാണ് ഞാൻ മരണത്തിലേക്ക് വീണത്..

മുന്നിൽ അവശേഷിക്കുന്ന നിമിഷങ്ങളിൽ ഒരു കഥ കൂടി പറഞ്ഞു എനിക്ക് അവസാനിപ്പിക്കാം.. എന്റെ അവസാനത്തെ കഥ.. ഒരുപക്ഷെ പുറംലോകം വായിക്കുന്ന ആദ്യത്തേതും...
വളരെ അടുത്ത ഒരു സുഹൃത്ത് ബൈക്ക് അപകടത്തിൽ മരിച്ചപ്പോളാണ് ആദ്യമായി മരണത്തിന്റെ അർത്ഥം തിരഞ്ഞത്.. ഒരു സജീവ വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണത്രെ മരണം എന്ന് വിളിക്കുന്നത്‌.. അങ്ങനെയെങ്കിൽ എന്റെ മരണത്തെ മരണം എന്നു പോലും വിളിക്കാൻ നന്നേ മടിയുണ്ട്.. സജീവ വസ്തു എന്നതിൽ ജീവനുള്ള അല്ലെങ്കിൽ ജീവിക്കുന്ന വസ്തു എന്ന അർത്ഥം ധ്വനിക്കുന്നുണ്ട്. എന്റെ കാര്യത്തിൽ ഞാൻ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന സംശയമാണ് എന്നെ ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. 
എനിക്ക് ഏറ്റവും ഇഷ്ടം എഴുതാനും വായിക്കാനും ആയിരുന്നു. ആ കാര്യം ഭംഗിയായി ഞാൻ ചെയ്തിട്ടില്ല എന്നത് മുൻപേ മനസിലായി കാണുമല്ലോ.. രണ്ടാമത് ക്രിക്കറ്റ് കളിക്കാനും മൂന്നാമതായി നീണ്ട യാത്രകൾ നടത്താനുമാണ്‌. ഇതു വരെയുള്ള ജീവിതത്തിൽ ഈ മൂന്നു കാര്യവും നിർദാക്ഷിണ്യം മാറ്റി വെക്കുകയാണ് ഞാൻ ചെയ്തത്.. സമയക്കുറവായിരുന്നു ആദ്യത്തെ രണ്ടിഷ്ടത്തിനും തടമെങ്കിൽ മൂന്നാമത്തേതിന് തടസം സാമ്പത്തികമായിരുന്നു.. അങ്ങനെ ഓരോ ഓരോ കാരണങ്ങൾ കണ്ടെത്തി പ്രിയപ്പെട്ടതെല്ലാം മാറ്റി വെച്ചു ഞാൻ ജീവിക്കുകയായിരുന്നോ...

എന്റെ പേര് ഞാൻ പറഞ്ഞില്ലല്ലോ അല്ലേ.. അ യിൽ തുടങ്ങുന്ന ഒരു പേരായിരുന്നു എന്നാണ് തോന്നുന്നത്. ഒരുപക്ഷെ അലക്സ് എന്നായിരുന്നിരിക്കാം. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഇഹലോകത്തിൽ ജീവിതം വെറും ഒരുക്കം മാത്രമാണ്. കർത്താവിന്റെ രണ്ടാം വരവിൽ ഒരുക്കി വെച്ചിരിക്കുന്ന പറുദീസയിലേക്കു പോകാൻ ഞങ്ങൾ ഈ ഭൂമിയിൽ ഉള്ള ജീവിതത്തിൽ ഞങ്ങളെ തന്നെ ഒരുക്കുകയാണ്.. നിത്യത എന്നത് പറുദീസയിൽ മാത്രമാണ്. 
ഇഹലോക ജീവിതത്തിലെ ചെയ്തികളെ അടിസ്ഥാനപ്പെടുത്തി അതിനു യോഗ്യത നേടണം എന്നതാണ് കാര്യം. അങ്ങനെ വരുമ്പോൾ അപ്പനെയും അമ്മയെയും വൃദ്ധ സദനത്തിലാക്കി സഹോദരങ്ങളെ പറ്റിച്ചു സ്വത്തു മുഴുവൻ കൈക്കലാക്കുകയും.. വീടിന്റെ അരികിലൂടെ വഴി നടന്ന അയൽക്കാരനെ കുഴി കുത്തി വീഴ്ത്തി കാലൊടിക്കുകയും പിന്നീട് അവിടെ വലിയ മതിൽ കെട്ടുകയും ചെയ്ത എന്റെ അവസ്ഥ എന്താകും.. ഞാൻ വഴി അടച്ചത് കൊണ്ടാണത്രേ അവന്റെ അപ്പൻ ആശുപത്രിയിൽ കൊണ്ടു പോകാനാവാതെ ചത്തത്. കഷ്ടം. വേനൽ കാലത്ത് മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരാൻ വന്ന പെണ്ണുങ്ങൾക്ക്‌ നേരെ പട്ടിയെ അഴിച്ചു വിട്ടതും അല്പം കടന്ന കൈയായി പോയി..... കുറേയൊക്കെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒന്നിനും പറ്റിയില്ല. വെറുതെ അല്ല മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്നു എം. ടി പറഞ്ഞത്. അല്ലെങ്കിലും എഴുത്തുകാർക്ക് പലതും മുൻകൂട്ടി കാണാൻ കഴിയുമെന്ന് അച്ഛമ്മ പറഞ്ഞിട്ടുണ്ട് ദീർഘ ദർശികൾ ആണത്രേ ഓരോ എഴുത്തുകാരനും...

അച്ഛമ്മയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് എന്റെ പേര് അനിൽ എന്നായിരുന്നു. പാടവരമ്പത്തൂടെ ഒപ്പം നടന്ന ചെറുമന്റെ മോനെ പാടത്തു തള്ളിയിട്ടതും ഞാൻ തന്നെയാണ്. വളർന്നു വന്നപ്പോൾ നന്നായി പാട്ട് പാടിയിരുന്ന ഞാൻ കുറെയേറെ പെൺകുട്ടികളുടെ ജീവിതം തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്. മനോഹരമായ ഒരു റോസാപ്പൂവിനെ കൈക്കുള്ളിൽ വെച്ചു ഞെരിച്ചുടക്കുന്ന ലാഘവത്തോടെയാണ് അതൊക്കെയും ഞാൻ ചെയ്തിരുന്നത്. അതിന്റെ ഒക്കെയും പ്രതിഫലം എനിക്ക് കിട്ടുക തന്നെ ചെയ്തു. സ്വന്തം ഭാര്യയെ ഒരു അന്യ പുരുഷനോടൊത്തു കിടപ്പറയിൽ കാണുക എന്നതിനപ്പുറം എങ്ങനെയാണു കാലം എന്നോട് കണക്കു തീർക്കുക എന്നു അന്നേ ഞാൻ ചിന്തിച്ചിരുന്നു. ജീവിതം ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്.. കാലമോ ദൈവമോ ആരാണ് ആ നാണയം ഇങ്ങനെ ഓരോ ദിവസവും കറക്കി എറിയുന്നത്.. എന്തെങ്കിലും നന്മ ചെയ്യണമെന്ന് തീർച്ചപെടുത്തിയ നിമിഷങ്ങളിലാണ് ഞാനീ മരണക്കിണറിലേക്കു വലിച്ചെറിയപെട്ടത്.. എന്തൊരു കൊടും ക്രൂരതയാണ്.ഞങ്ങൾ ഹിന്ദുക്കൾക്ക് മരണം എന്നത് ഒരു ആത്മാവിന്റെ ഉടുപ്പ് മാറൽ മാത്രമാണ്. തങ്ങൾ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തിൽ അറിഞ്ഞ ഞങ്ങൾക്ക് മരണം എന്ന അവസ്ഥയിൽ ദുഖമോ ഭയമോ ഇല്ല. അച്ഛമ്മ അന്ന് ചൊല്ലി തന്ന സൂക്തങ്ങൾ ചെവിയിൽ മുഴങ്ങുന്നു.
"അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ 
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ"

പക്ഷെ എന്തോ ഒന്ന് ജീവിച്ചിട്ട് മരിയ്ക്കാമായിരുന്നു എന്നൊരു തോന്നൽ ഈ അവസാന നിമിഷത്തിൽ പിടി മുറുക്കുന്നു. ഹൃദയം മരിച്ചു കഴിഞ്ഞാൽ ഏതാനം മിനിറ്റുകൾക്കുള്ളിൽ മസ്തിഷ്ക മരണവും സംഭിവിക്കേണം. എനിക്ക് മുന്നിൽ വളരെ കുറച്ചു നിമിഷങ്ങളെ ബാക്കിയുള്ളൂ എന്ന ചിന്ത മരണം വേഗത്തിലാക്കുമോ.. ജീവിച്ചിരുന്നപ്പോൾ മരണം ഇത്ര ഭീകരമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല. ചിന്തിക്കേണ്ടിയിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. അർഹിച്ചിരുന്നോ താൻ ഇത്തരം ഒരു മരണം...
തന്റെ ശരീരം ആരെങ്കിലും കണ്ടെടുക്കുമോ.. കണ്ടെടുത്താൽ തന്നെ ദിവസങ്ങൾക്കു ശേഷമാകും. ദുർഗന്ധം കാരണം ആരെങ്കിലും തിരിഞ്ഞു നോക്കിയിലായി. ഭാര്യ എന്നേ ഉപേക്ഷിച്ചു പോയി കഴിഞ്ഞു. ബോർഡിങ്ങിൽ നിർത്തി പഠിപ്പിച്ച കുട്ടികൾ തിരിഞ്ഞു നോക്കാറില്ല. അയൽക്കാരെ നന്നായി വെറുപ്പിച്ചു കഴിഞ്ഞു. വല്ലാത്ത ദുർഗന്ധം ചുറ്റും പടരുമ്പോൾ ആരെങ്കിലും വന്നു നോക്കും. അപ്പോഴേക്കും ശരീരം ആകെ ചീഞ്ഞു അഴുകിയിട്ടുണ്ടാകും. മജ്ജയിൽ നിന്നും തൊലി മെല്ലെ അടർന്നു പോരുന്ന അവസ്ഥയിൽ എത്തിക്കാണും. ഈ വെളുത്തു ഭംഗിയുള്ള തൊലിയെ പറ്റി ഓർത്തു കുറേ അഹങ്കരിച്ചിരുന്നു. ഒരു കറുത്ത കറുത്ത പാടു പോലും തന്നെ തന്നെ ഒരുപാട് ആശങ്കയിലാഴ്ത്തി. എല്ലാം വെറുതെ ആയിരുന്നു. എല്ലാ അഹങ്കാരത്തിന്റെയും അവസാനമാണ് മരണം.... ഉപ്പൂപ്പാ പണ്ട് പറഞ്ഞിട്ടുണ്ട്. ആത്മാവിനു ഈ ലോകത്തു ജീവിക്കാനുള്ള സംവിധാനം മാത്രമാണ് മനുഷ്യ ശരീരമെന്നു.. ഒന്നും ചെവിയിൽ കേറിയിരുന്നില്ല...
ഇപ്പോഴാണ് ശരിക്കും ഓർമ്മ വന്നത്. എന്റെ പേര് അക്ബർ എന്നായിരുന്നു. ഓത്തു പള്ളിയിൽ പോകാതെ ഒരുപാട് തവണ കള്ളത്തരങ്ങൾ ഒപ്പിച്ചിട്ടുണ്ട് താൻ.തിന്മ കൊണ്ടും നന്മ കൊണ്ടും നിങ്ങളെ ഞാൻ പരീക്ഷിക്കുമെന്നു വിശുദ്ധ ഖുറാൻ പറഞ്ഞിട്ടും ആകർഷിക്കപ്പെട്ടതെല്ലാം തിന്മയിലേക്ക് മാത്രമായിരുന്നു. 
അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നിൽക്കാനാണ് അനുശാസിക്കുന്നത്. ഒരു മുസ്ലിം മരിച്ചാൽ അവന്റെ ഭൗതികശരീരം സധാരണയായി അവന്റെ ബന്ധുക്കൾ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം(മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും. ഇതൊക്കെ ചെയ്യാൻ ഈ ദുനിയാവിൽ എനിക്കാരാണ് അവശേഷിച്ചിട്ടുള്ളത് .

ഇവയിലൊന്നും എനിക്ക് പ്രതീക്ഷ നൽകുന്ന ഒന്നുമേ ഇല്ല എന്നോർത്ത് അലമുറയിട്ടു കരയാനാണു തോന്നുന്നത്. ഉറക്കെ കരഞ്ഞാൽ ഓടി വരാൻ പോലും ആരുമില്ല. വിശുദ്ധ ഖുറാന് നിരയ്ക്കാത്ത കാര്യങ്ങൾ ചെയ്തു കൂട്ടിയപ്പോൾ ഇതൊന്നും ഓർമിച്ചതേ ഇല്ലല്ലോ. സ്വാർത്ഥനായിരുന്നു താൻ. ബന്ധങ്ങളിലും സ്നേഹത്തിലും സൗഹ്രദത്തിലും എല്ലാം എല്ലായ്പ്പോഴും ഞാൻ എന്റെ നേട്ടത്തിനായാണ് നിലകൊണ്ടത്. പലപ്പോഴും എന്റെ സ്വാർത്ഥത മറയ്ക്കാൻ ഞാൻ കണ്ടെത്തിയ വാക്കായിരുന്നു സ്നേഹക്കൂടുതൽ കൊണ്ടാണ് എന്നത്. ഒരുപക്ഷെ ശ്വാസം മുട്ടിയത് കൊണ്ടാകും അവൾ തന്നെ വിട്ടു പോയത്. പറന്നു നടക്കുന്ന പക്ഷിയെ എത്രനാൾ ഒരു കൂട്ടിൽ അടച്ചിടാൻ സാധിക്കും. എന്റെ സന്തോഷങ്ങൾക്കു മാത്രമായിരുന്നു ഞാൻ എന്നും പ്രാധാന്യം നൽകിയത്. മറ്റുള്ളവരുടെ സന്തോഷങ്ങൾക്കു..... ഇഷ്ടങ്ങൾക്കു കാൽച്ചുവട്ടിലെ മണൽത്തരികളുടെ സ്ഥാനം പോലും ഞാൻ കൊടുത്തിട്ടില്ല. ഹാ കഷ്ടം. വീഴ്ചക്ക് തൊട്ടു മുൻപേ ഒരു നല്ല മനുഷ്യനായി ജീവിക്കണമെന്ന് എനിക്ക് തോന്നിയിരുന്നോ.. എന്നാൽ അതിനും മുൻപേ ഭീകരമായ ആ മരണപാശങ്ങൾ എന്നെ ചുറ്റി വരിഞ്ഞു കളഞ്ഞല്ലോ.. ഇഹലോകത്തിലും പരലോകത്തിലും ഇടമില്ലാതെ ഉഴന്നു നടക്കുവാനാണോ എന്റെ വിധി.
ആസന്നമായ മരണം എന്റെ തൊട്ടടുത്തു എത്തിക്കഴിഞ്ഞു. ജീവിതം ഒരു മരണക്കിണർ പോലെയാണ്. മരണമെന്ന ആ വലിയ സത്യത്തിനു ചുറ്റും നമ്മൾ ഇങ്ങനെ രണ്ടു കാലിൽ പറക്കുകയാണ്. ചിറകുകൾ മുളയ്ക്കാത്ത പക്ഷികളെ പോലെ നാം പറക്കുന്നു. പ്രകൃതിക്കും ഭൂമിക്കും ദൈവത്തിനും മീതെയെന്നു അഹങ്കരിക്കുന്നു. മിഥ്യയായ ജീവിതത്തിനു പുറകേ പായുമ്പോൾ സത്യവും ധർമവും മറക്കുന്നു. എന്നാൽ അനിവാര്യമായ മരണത്തിനു മുന്നിലെത്തുമ്പോൾ എന്നെ പോലെ നിങ്ങളും കടന്നു പോയ ജീവിതത്തിലേക്ക് ഒരു വട്ടം തിരിഞ്ഞു നോക്കും. ഒന്നുകൂടി നന്നായി ജീവിക്കാൻ ഒരവസരത്തിനു വേണ്ടി കൊതിക്കും കരയും കെഞ്ചും. തിരിച്ചു വരവില്ലാത്ത ഒരു യാത്രയിൽ അകപ്പെടുവാൻ പോവുകയാണ് ഞാൻ. ഉണരാൻ കഴിയാത്തൊരു ഉറക്കത്തിലേക്കു ആഴ്ന്നിറങ്ങാൻ തുടങ്ങുകയാണ് ഞാൻ...
അവസാനം ഒരു സത്യം കൂടി ഞാൻ വിളിച്ചു പറയട്ടെ.. നിങ്ങൾ ചെവിയുണ്ടെങ്കിൽ കേൾക്കൂ.. ഞാൻ ഹിന്ദുവായി ജീവിച്ചു. ക്രിസ്ത്യാനിയായി ജീവിച്ചു. മുസൽമാനായി ജീവിച്ചു. ഒരിക്കലും ഒരു മനുഷ്യനായി ജീവിച്ചില്ല.
ഒന്നുകൂടി.. ഒരിക്കൽ കൂടി ഞാൻ വിളിച്ചു പറയട്ടെ.. ചെവിയുള്ളവർ കേൾക്കട്ടെ..
ഞാൻ എല്ലായ്പ്പോഴും മരിച്ചതും ഇപ്പോൾ മരിയ്ക്കുന്നതും മനുഷ്യനായാണ്.. കേവലം മനുഷ്യനായി മാത്രം...
ആത്മാവിനു കരയാൻ ആവുമായിരുന്നെങ്കിൽ ഞാൻ കരഞ്ഞേനെ.. നിലവിളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ഉറക്കെ ഉറക്കെ നിലവിളിച്ചേനെ.. ഈ അവസാന നാഴികയിൽ എനിക്കൊന്നുമാകില്ലല്ലോ. ഉറങ്ങി കിടക്കുന്നവരെ വിളിച്ചുണർത്താൻ എനിക്ക് ശബ്ദമില്ലല്ലോ.. രക്തയോട്ടം നിലച്ചത് കൊണ്ടാകാം ശരീരം വല്ലാതെ തണുത്തുറയുന്നു. തൊലിയുടെ നിറമെല്ലാം നീല നിറം നിറയുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്. ഇനി എന്നിൽ അവശേഷിക്കുന്ന ഏക ജീവന്റെ കണിക ചിന്താശേഷി മാത്രമാണ്. ചുറ്റിനും അവ്യക്തമായ രൂപമുള്ള എന്തെല്ലാമോ പറന്നു നടക്കും പോലെ.. വെളുത്ത പുക പോലെ.. എങ്കിലും അവയ്ക്കു ഏകദേശം ഒരു മനുഷ്യ രൂപം ഉള്ളത് പോലെ തോന്നുന്നു. "നീയും... നീയും " എന്നവർ ഉറക്കെ പറയും പോലെ. കണ്ണിന്റെ സ്ഥാനത്തു വലിയ കുഴിയുള്ള കൈകാലുകൾ ഇല്ലാത്ത മനുഷ്യ രൂപങ്ങൾ. പുക പോലെ അവർ വരികയും മായുകയും ചെയ്യുന്നു. എനിക്ക് ചുറ്റും അവ പ്രാകൃതമായ നൃത്തം വെയ്ക്കുന്നു. എന്തെല്ലാമോ ഉറക്കെ പാടുന്നു. എന്റെ കർണപുടങ്ങൾ പൊട്ടി പോകും തക്ക ഉച്ചത്തിൽ....
എന്റെ സമയം അവസാനിക്കുകയാണ്. ഒരുപക്ഷെ എല്ലാവരെയും പോലെ ഒട്ടും സംതൃപ്തമല്ലാത്തൊരു മരണം. ഒന്ന് കൂടി നന്നായി ജീവിക്കാൻ കൊതിച്ചു ഞാനും മരിയ്ക്കുകയാണ്. ജീവിതത്തിലേക്ക് ഒരിയ്ക്കൽ കൂടി തിരിച്ചു പോകാനും ചെയ്തു പോയ തെറ്റുകൾ തിരുത്താനും ഞാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഞാൻ ചെയ്യാതെ പോയതും മാറ്റി വെച്ചതും അവഗണിച്ചതും ഒക്കെയായിരുന്നു യഥാർത്ഥ ജീവിതം എന്നുള്ള തിരിച്ചറിവിൽ.. അഗ്നിയിൽ എന്ന പോലെ വെന്തുരുകി ഞാൻ മരിയ്ക്കുകയാണ്. വിയർപ്പിന് പകരം എന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും കറുത്ത രക്തമാണ് ഒഴുകി ഇറങ്ങുന്നത് . അസാധ്യമായ ഒരു തിരിച്ചു പോക്കിന്റെ ആഗ്രഹങ്ങളിൽ തിളച്ചു മറിഞ്ഞു ഞാൻ മരണത്തെ പുല്കുകയാണ്.
അവസാനിക്കാറായി ചിന്തയിലും പുകമൂടുന്നു. എന്റെ പേരോ മതമോ ജാതിയോ ഒന്നും ഇപ്പോൾ ഓർമ്മയിൽ ഇല്ല.. രൂപമോ പണമോ സ്വത്തോ ഒന്നും കൂടെയില്ല. എന്റെ തിന്മകളുടെ ഭാരം മൂലം നടുവ്‌ വളഞ്ഞു ശിരസ്സ് കാൽമുട്ടുകളോട് ചേരുന്നു. അസ്ഥികൾ നുറുങ്ങുന്നുണ്ട്. അവസാനമായി ഒന്ന് കൂടി പറയട്ടെ.. കഥ കഴിയും മുൻപ്... ഞാൻ മരിക്കും മുൻപ്..
"നിങ്ങളും.......... "
(അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം
Date of publication:29/12/2018
Name of the author:Abin Mathew
#Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot