നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹരീന്ദ്രൻ ദ് ഗ്രേറ്റ്



സിറ.... സിറ....
ജൽദി ആത്തി ആദ മക്കീന
സാമാൻ കാമൽ.
(പെട്ടെന്ന്.... പെട്ടെന്ന്....
വേഗം തന്നേ എൻജിൻ്റെ സാധനങ്ങൾ മൊത്തം തരുക.
നിനക്കെന്താ കല്യാണത്തിന് പോകാനുണ്ടോ, എന്താ ഇത്ര ധൃതി.
ഹിന്ദിയ്ക്ക് കളി ഒമാനിക്ക് പ്രാണവേദന.
ഞങ്ങളുടെ നാട്ടിൽ ഇതിൻ്റെ വേറൊരു വെർഷനിലുളള പഴഞ്ചൊല്ലാണുള്ളത്
പൂച്ചക്ക് വീണവായന, എലിക്ക് പ്രാണവേദന
ശൂ ആദ വീണ
(വീണ എന്നാൽ എന്താണ്)
എൻ്റമ്മോ ഞാനൊന്നും പറഞ്ഞില്ലേ, നീയാ ചീട്ട് തന്നേ....
വാങ്ങാനുള്ള സാധനങ്ങളുടെ
നീണ്ട ലിസ്റ്റും പിടിച്ചു കൊണ്ടു നിൽക്കുന്നത് നമ്മുടെ റാഷിദാണ്. റാഷിദിനെ നിങ്ങൾക്കറിയില്ലല്ലേ എന്നാൽ അറിഞ്ഞോളൂ.
റാഷിദ് വണ്ടികളുടെ യൂസ്ഡ്
പാർട്ട്സും, ഷാർജയിൽ നിന്ന് കൊണ്ടുവരുന്ന പഴയ എൻജിനും മറ്റു സാധനങ്ങളും വിൽക്കുന്ന ഒമാനിയാണ്. പഴയ എൻജിൻ കൊണ്ടുവന്ന് ഓവറോൾ ചെയ്ത് നല്ല വിലയ്ക്ക് മറിച്ചുവിൽക്കാനായിട്ട് നന്നാക്കാൻ ആവശ്യമായ സാധനങ്ങളുടെ
ലിസ്റ്റാണ് എൻ്റെ കൈയ്യിൽ തന്നത്.
ഇതിപ്പോൾ ഒരാഴ്ചയായിട്ട്
ഒരേവണ്ടിയുടെ സാധനങ്ങൾ തന്നേയാണല്ലോ മൂന്നാലു പ്രാവശ്യമായി വാങ്ങുന്നത്.
അതേ ഒരേ മക്കീനയുടെ സാധനങ്ങൾ തന്നേയാണ് വാങ്ങുന്നത്, ഞാൻ സാധനങ്ങൾ വാങ്ങി കൊണ്ടുചെന്ന് കൊടുക്കും,
മെക്കാനിക്ക് അത് പണിത് കുളമാക്കും, കഴിഞ്ഞ ഒന്നരമാസത്തിനുള്ളിൽ ഇതുപോലെ പതിനേഴ് മക്കീനകൾ പണിതു നശിപ്പിച്ചവനാണാ മെക്കാനിക്ക്. മെക്കാനിക്കല്ല അവൻ മെഗാ നീക്കാണ്.
മെഗാ നീക്ക്, അയ്യോ അതിൻ്റെ അർത്ഥം പറയണ്ട അതൊരു ചീത്ത വാക്കാണ്, റാഷിദിൻ്റെ വിഷമം കാരണം അവൻ പറഞ്ഞതല്ലേ, അതുപോട്ടെ.
ഇത്ര കുറഞ്ഞ ദിവസത്തിനകം ഇത്രയും എഞ്ചിനുകൾ പണിതു നശിപ്പിക്കുന്ന ഒരേ ഒരു മെക്കാനിക്കേയുള്ളു ഈ ദുനിയാവിൽ, അതു ഹരിയാണ്, പക്ഷെ അവൻ ക്യാൻസടിച്ചു പോയല്ലോ.
ഹിന്ദിയാണോ നിൻ്റെ മെക്കാനിക്ക്, എന്താണവൻ്റെ പേര്.
സാ, സ
ഹിന്ദി,ഹിന്ദി,
ഇസം മൽ ഹുവാ ഗരി ല്ലാ നരി ബറാബർ മാ അറഫ്.
ഹരിയെന്നോ, നരിയെന്നോ ഏതാണ്ടങ്ങിനെയാണെന്ന് പറഞ്ഞപ്പോഴെ മനസ്സിലായി
പാവം ഒമാനിക്ക് കിട്ടിയിരിക്കുന്ന പണികൾ വന്ന വഴി.
റാഷിദ് പുതിയ വിസയിൽ വരുത്തിയതാണ്
ഹരിയെന്ന മെക്കാനിക്കിനെ തൻ്റെ ഗ്യാരേജിലേക്ക്. അവൻ്റെ സംസാരം കേട്ടാൽ അരക്കില്ലത്തിൻ്റെ മെക്കാനിസം പോലും രാജശില്പിക്ക് പറഞ്ഞു കൊടുത്തത് അവനാണ് എന്നു തോന്നുന്ന സംസാരരീതിയിൽ വീണുപോയതാണ് പാവം ഒമാനി. പണ്ട് ഹരിയുടെ ഗ്യാരേജിൽ വച്ച് കണ്ട പരിചയത്തിലാണ് അവിടെ നിന്ന് ക്യാൻസൽ ചെയ്ത് പോയപ്പോൾ പുതിയ വിസ കൊടുത്തത്. പക്ഷെ അവിടത്തെ പണികൾ എല്ലാം വൃത്തിയായി ചെയ്തു കൊണ്ടിരുന്നത് ഹരിയുടെ സഹോദരൻ സോമനാണ്. അതീപാവം റാഷിദിനറിയില്ലല്ലോ.
തനിക്കും അറിയില്ലായിരുന്നല്ലോ ഹരീന്ദ്രൻ്റെ വേന്ദ്രത്തരങ്ങൾ.
ഹരിയെ പരിചയപ്പെട്ടത് നന്നായി ഓർക്കുന്നു. കറുത്ത് നല്ല വീതിയും നീളവുമുള്ള ഒരു മെക്കാനിക്ക് ഒരിയ്ക്കൽ എന്തോ സാധനം വാങ്ങിക്കാനായി വന്നു.
സാധനങ്ങൾ എല്ലാം വാങ്ങിയതിനു ശേഷം സ്വയം പരിചയപ്പെടുത്തി, അതൊരൊന്നൊന്നര ഒന്നേമുക്കാൽ പരിചയപ്പെടുത്തൽ ആയിരുന്നു.
ഞാൻ ഹരീന്ദ്രൻ, മെക്കാനിക്ക് ഹരിയെന്ന് പറഞ്ഞാൽ ഒമാൻ മൊത്തം അറിയും. സാധാരണ നമ്മുടെ നാട്ടുകാരേ പോലെ ടൊയോട്ടയും നിസ്സാനും, മസ്ദയും മാത്രമല്ല ബീഎമ്മും, മെഴ്സിഡെസ്സും വരേ കീറിപ്പൊളിച്ച് പണിയും, അമേരിക്കൻ വണ്ടി വരേ പണിതിട്ടുണ്ട്.
ദൈവമേ അല്പനേരം കൂടെ സംസാരിച്ചിരുന്നെങ്കിൽ ലംബോർഗിനി വരെ നന്നാക്കാറുണ്ട് എന്നു പറഞ്ഞേനേ. ആദ്യമെല്ലാം ഇത്തിരി വിശ്വസിച്ചു എൻ്റമ്മോ ഈ പിള്ളയദ്ദേഹത്തിൻ്റെ എജ്ജാതി തള്ളാളെൻ്റയ്യപ്പോ,
ഹരിയുടെ രൂപവും സംസാരരീതിയും
കേട്ടപ്പോൾ ഉപ്പുംമുളകിലെ
ബാലുവിനേ ഓർത്തു പോയി .
ഇടതു കൈയ്യിൽ ഒരു സ്ക്റൂഡ്രൈവറും വലതു കൈയ്യിൽ ഒരു സ്പാനറും ഉണ്ടെങ്കിൽ കേടായ ഏതു വണ്ടിയും നന്നാക്കാൻ നിമിഷങ്ങൾ മതി
എന്ന് അന്ന് പറഞ്ഞത് ഇങ്ങിനെ നന്നാക്കാനായിരുന്നു എന്നറിഞ്ഞില്ലായിരുന്നു.
ഇപ്പോൾ നിങ്ങൾക്കും ഹരിയേ കുറിച്ച് ഏകദേശമൊരു ധാരണ ആയില്ലേ, എന്നാൽ ആ കാൻസൽ ചെയ്ത് പോയ വിശേഷം കൂടി പറഞ്ഞേക്കാം.
ഒരു ദിവസം പതിവു തള്ളിനും കൂടെ അല്പം സാധനങ്ങളും വാങ്ങാൻ ഹരി വന്നതൊരു വ്യാഴകളമെ സായംകാലം.
നമുക്ക് പരിചയമുള്ള ഒരു ഒമാനിയുടെ വണ്ടിയുടെ ബ്രേക്ക് ശരിയാക്കാൻ ഒത്തിരി ഗ്യാരേജിൽ കൊണ്ടുപോയി പക്ഷെ ആരും പണിതിട്ട് ശരിയാകുന്നില്ല, ഞാനതിൻ്റെ അസുഖമെല്ലാം കണ്ടു പിടിച്ചു. ബ്രേക്ക് സിലിണ്ടർ കംപ്ലെയിൻ്റ് ആയതാണ്. അത് മാറ്റി വച്ചാൽ വണ്ടി പറ പറന്നാലും പറഞ്ഞാൽ പറഞ്ഞിടത്തു നിൽക്കും.
ഏതായാലും സിലിണ്ടറും വാങ്ങി, വണ്ടി ശരിയാക്കിയിട്ട്
ഒമാനിയുടെ കൈയ്യിൽ നിന്ന് പൈസയും വാങ്ങിത്തരാം എന്നു പറഞ്ഞ് പോയിട്ട് പിന്നെ രണ്ടു ദിവസത്തേയ്ക്ക് ഹരിയെ കണ്ടില്ല. പിന്നെ കാണുന്നത്
ഞായറാഴ്ച ഉച്ചയ്ക്ക് പോലീസു വണ്ടിയിൽ ഹരിയും രണ്ടു പോലീസുകാരും വേറൊരു ഒമാനിയും കൂടി കടയിലേക്ക് വരുന്നതാണ്.
പോലീസുകാർ ഹരിക്ക് കൊടുത്ത ബ്രേക്ക് സിലിണ്ടറിൻ്റെ കാലിക്കവർ ചോദിച്ചു, അവർ അത് തിരിച്ചും മറിച്ചും നോക്കി ജപ്പാൻ്റെ ആണെന്ന് ഉറപ്പു വരുത്തി. സിലിണ്ടറിൻ്റേയും ബ്രേക്ക് ഓയിലിൻ്റേയും പൈസയും തന്നു. അതിനു ശേഷമാണ് അവർ കാര്യം പറഞ്ഞത്.
ഹരി വണ്ടി നന്നാക്കി കൊടുത്ത് ബ്രേക്ക് എല്ലാം സൂപ്പർ ആണെന്ന് പറഞ്ഞു, ട്രയൽ ഓടാൻ വണ്ടി എടുത്തു കൊണ്ട് പോയ ഒമാനി പിന്നെ വന്നത് ബ്രേക്ക് ഡൗൺ വണ്ടിയിൽ ഇടിച്ചു തകർന്ന വണ്ടിയും കൊണ്ടാണ്, പണിക്ക് മുമ്പേ ഇത്തിരി ബ്രേക്കിൻ്റെ കുറവേ
ഉണ്ടായിരുന്നുളളു പിന്നീട് ബ്രേക്കിൻ്റെ കാര്യം പറയാനേയില്ല, എന്തെന്നാൽ ബ്രേക്കില്ല എന്നു തന്നേ. അതു ചോദിച്ച ഒമാനിയോട് ഒന്നുംരണ്ടും പറഞ്ഞ് തെറ്റി ഉന്തും തള്ളും കഴിഞ്ഞ് കയ്യാങ്കളിയായി. അടി കിട്ടിയ ഒമാനി പോലീസ്കാരനായിരുന്നു എന്ന് ഹരി തിരിച്ചറിഞ്ഞത് രണ്ടു ദിവസത്തെ കാരാഗൃഹവാസത്തിനിടയിൽ ആയിരുന്നു. കേസ്സാക്കിയാൽ
അഞ്ചാറുമാസം അകത്തു കിടക്കാനുള്ള വകുപ്പ് ഉള്ളതിനാൽ ഹരിയുടെ അറബി ഇടപ്പെട്ട് വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ വിട്ടതാണ്. പിന്നീട് ഗ്യാരേജ് അടച്ചു പൂട്ടി. പണിയില്ലാതെ ആയ അനിയൻ മറ്റെവിടെയോ ഗ്യാരേജിൽ
പണിക്കും കയറി.
സാധനങ്ങൾ എല്ലാം വാങ്ങി
പോകാൻ നേരം റാഷിദ് തിരക്കി എന്താണിനി ഒരു പോംവഴി, നിൻ്റെ പരിചയത്തിൽ നല്ല മെക്കാനിക്ക് ഉണ്ടെങ്കിൽ പറയണം വിസ ശരിയാക്കിത്തരാം.
ഒരു പോംവഴിയുണ്ട്. നീ ഹരിയുടെ അനിയന് വിസ കൊടുക്ക് അവൻ നല്ല പണിക്കാരനാണ്. വണ്ടിയുടെ പഴയ സാധനങ്ങൾ വിൽക്കുന്ന ഷോപ്പിലേക്ക് ഹരിയേ മാറ്റുക.
അതൊരു നല്ല തീരുമാനമാണ്. റാഷിദ് നന്ദിയും പറഞ്ഞു പോയി.
പിന്നീടൊരിയ്ക്കൽ ഹരിയെ
റാഷിദിൻ്റെ
പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽ വച്ച് കണ്ടു.
പണിയെല്ലാം എങ്ങിനെ പോകുന്നു എന്ന ചോദ്യത്തിനുത്തരം കേട്ട് ഞാൻ അല്പനേരം ചിന്തിച്ചിരുന്നു പോയി.
ഒരു പണിയുമില്ലാത്ത ദിവസം
ആണെങ്കിൽ അഴിയാത്ത ഏതെങ്കിലും നട്ടിൻ്റെ പുറകെ അങ്ങു കൂടും, അന്നത്തെ ദിവസം അങ്ങിനെ തീർക്കും.
ഏതായാലും നൈസു പണിയും കട്ടി ശമ്പളവും ഒടുക്കത്തെ തള്ളുമായ്
ഞാൻ ഹരീന്ദ്രൻ എന്നു പറഞ്ഞ് പുതിയ ഇരകളെ പരിചയപ്പെടാൻ കാത്തിരിയ്ക്കുന്ന ഹരിയോട് യാത്ര പറഞ്ഞ് പിരിഞ്ഞു.

By: PS Anilkumar, 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot