നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

-യാത്ര-

Image may contain: 1 person, beard, tree, outdoor, nature and closeup

ലക്ഷണമൊത്തവയെങ്കിലും ആ കുതിരകളുടെ കണ്ണുകൾ മറയ്ക്കപ്പെട്ടിരുന്നു ചിലതിന്റെത് പൂർണമായും മറ്റുള്ളവയുടേത് വശങ്ങളിലും.
വളരെ പിറകിലുള്ള ഒരു കൂറ്റൻ രഥവുമായി അവയെ നീളമുള്ള കയറുകളാൽ ബന്ധിച്ചിരുന്നു.
കാലങ്ങളായി അവ അത് വലിക്കാനായി നിയോഗിക്കപ്പെട്ടതുപോലെ തോന്നി.
അതിഭീമാകാരവും വളരെപഴക്കം ചെന്നതുമായിരുന്നു ആ രഥം. യുഗങ്ങൾക്കപ്പുറത്തു നിന്ന് വന്നത് പോലെയായിരുന്നു അതിന്റെ നിർമിതി. അതിനുള്ളിൽനിന്നുയരുന്ന ജീർണതയുടെ ഗന്ധം മനം മടുപ്പിക്കുന്നതായിരുന്നു.
മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങൾ ധരിച്ച വലിയൊരു സംഘം അതിനകത്തു യാത്രക്കാരായുണ്ട്.
അവരുടെ കയ്യിലെ ഭാണ്ഡങ്ങള്ക്ക് അവരെക്കാൾ വലുപ്പമുണ്ട്. അതുപോലെ തന്നെ പഴക്കവും.
അവരതുചേർത്ത് പിടിക്കുന്നത് കണ്ടാൽ അറിയാം എന്തോ വിലപിടിച്ച മുതലുകളാണ് അവയിൽ.
അതിഭയങ്കരവലുപ്പമുള്ള ചക്രങ്ങൾ. അവയ്ക്ക് ഇരുപത്തിനാല് ആരക്കാലുകള്‍ അത് കറങ്ങുമ്പോഴുണ്ടാകുന്ന ശബ്ദമോ അതി ഭയാനകവും. ചക്രവാളത്തിനപ്പുറത്തുനിന്നു ആയിരങ്ങളുടെ ആർത്തനാദങ്ങൾ ഒന്നിച്ചുയരുന്നത് പോലെ തോന്നിച്ചു അത്.
അതിനിടയിൽ ആരൊക്കെയോ ചേർന്ന് അവയ്ക്ക് എണ്ണയിടാനും യാത്ര സുഗമമാക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.അത്ഭുതകരമെന്ന് പറയട്ടെ അതിനുള്ളിലുള്ളവർ തന്നെ അവരുടെ കൈകൾ വെട്ടിമാറ്റുകയും അവരെ തള്ളി താഴെയിടുകയും ചെയ്തുകൊണ്ടേ ഇരുന്നു.
തള്ളിയിടപ്പെട്ടവർ ഭീമാകാരമായ ആ ചക്രങ്ങൾക്കിടയിൽക്കുടുങ്ങി ഞെരുങ്ങി മരിച്ചു.അവരുടെ മാംസവും രക്തവും അവിടെത്തന്നെ കട്ടപിടിച്ചു.
ഞാനുമതിന്റെ കൂടെ നടക്കാനാരംഭിച്ചു.അപ്പൊഴാണൊരു കാര്യം മനസ്സിലായത് രഥം മുൻപോട്ടു നീങ്ങുന്നേയില്ല. ഇരുഭാഗത്തേക്കുമായി ഉലയുകയാണ്
ഉലച്ചിലിൽ പെട്ട് ഉള്ളിലിരിക്കുന്നവരുടെ തലകൾ തമ്മിൽ കൂട്ടിയിടിച്ചു ചോരയൊഴുകുന്നു. ചിലരത് പരസ്പരം നക്കിക്കുടിക്കുന്നു.
ഞാനാ കുതിരകളെ കടന്നു വീണ്ടും മുന്നോട്ടു നടന്നു.
ആരോഗ്യമുള്ള കരുത്തുറ്റവയാണ് കുതിരകൾ. പക്ഷെ കാഴ്ച നഷ്ടപ്പെട്ട.അവ എങ്ങോട്ടെന്നില്ലാതെ നടക്കുന്നു.വശങ്ങളിൽ മാത്രം കാഴ്ചയുള്ളവയാണെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ അതാത് വശത്തേക്ക് വലിച്ചു പോകുന്നു. രഥം മുന്നോട്ടു പോകാതെ വശങ്ങളിലേക് തെന്നിയും കുലുങ്ങിയും മറിഞ്ഞും മെല്ലെ നീങ്ങുന്നു.
വീണ്ടും മുന്നോട്ടു നടന്നപ്പോളാണ് അത് കണ്ടത് ഏതാനും വാരയകലെ വലിയൊരു ഗർത്തം.അതിൽ നിന്നും അഗ്നിഗോളങ്ങൾ ഉയരുന്നു. ഞാനുടനെതന്നെ കുതിരയൊന്നിന്റെ കണ്ണിനെ മറച്ച തുണി വലിച്ചെടുത്തു.
എന്റെ കാഴ്ച മറയുന്നത് പോലെ .
അശരീരി –
“നിന്റെ കാഴ്ച ദാനം ചെയ്യപ്പെട്ടിരിക്കുന്നു ഇനി നീ അന്ധനായി നടക്കുക. മറ്റാരെങ്കിലും നിനക്കത് ദാനം നല്‍കും വരെ".
.കണ്ണുകൾക്ക് കാഴ്ചയില്ലാതായിരിക്കുന്നു.ചുറ്റിലും ഇരുട്ടാണ്.
അല്ല !
രാത്രിയാണ്. ഞാൻ ഉറക്കമായിരുന്നു. ദീർഘമായ ഉറക്കം.
അതൊരു സ്വപ്നമായിരുന്നു.
അറിയാമെങ്കിൽ പറയൂ.
എന്താണ് ഞാൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ ?
-വിജു കണ്ണപുരം-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot