നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റീടേക്കില്ലാത്ത സൗഹൃദങ്ങൾ

Image may contain: 1 person
സ്കൂൾ അവധിദിവസം അച്ഛൻ ഇറങ്ങുന്നതും കാത്തിരിക്കെ ആണു ഇടവഴിയിൽ നിന്നും ചൂളം വിളിയോടെ രണ്ട്‌ തലകൾ ഉയർന്ന് വന്നത്‌.
ഊരുകണ്ടി ഇറങ്ങി കാര്യമന്വേഷിച്ചപ്പോളാ ഒരുവൻ പറഞ്ഞെ “ഉമ്മാന്റെ വീട്ടിൽ ആളില്ല മാങ്ങക്കെറിയാം”ന്ന്.
‘ഉറപ്പാണോ’ എന്ന എന്റെ സംശയത്തിനു അർത്ഥശങ്കയില്ലാതെ അവൻ പറഞ്ഞു.
‘ഉറപ്പാ പോകാന്ന്'.
ചെന്നു നോക്കുമ്പോൾ ശരിയാ. പതിവില്ലാതെ അടുക്കള ഭാഗത്തെ ജനലുകളും വാതിലുകളും ഭദ്രമായി അടച്ചിരിക്കുകയാണു.
കൊതിയൂറുന്ന നാവുമായി നല്ല ഉരുളൻ കല്ല് പെറുക്കി വച്ച്‌ ഞങ്ങൾ ആക്രമണം തുടങ്ങി. എന്റെ ലക്ഷ്യം തെറ്റാത്ത ഒരേറു കൊണ്ടതും പറമ്പിൽ ഏതോ മൂലക്ക്‌ ‘രണ്ടിനിരുന്ന’ ഉമ്മാന്റെ മോൻ അലറി വിളിച്ചതും ഒന്നിച്ചായിരുന്നു.
അടുക്കള വാതിൽ തുറന്നാരോ വരുന്നത്‌ കണ്ട ഞങ്ങൾ മൂവരും സ്ഥലം വിട്ട്‌ ദൂരെ മറഞ്ഞിരുന്നു
നെറ്റിയിലൂടെ ചോരയൊഴുകുന്ന ചെക്കന്റെ കൈയ്യും പിടിച്ച്‌ ഉമ്മ എന്റെ വീട്ടിലേക്ക്‌. ‘എന്റെ കാര്യത്തിലൊരു തീരുമാനം ഇന്നാകും’ ന്നുറപ്പിച്ച്‌ ഞാൻ പ്രാന്തായ തലയുമായി വരുന്ന വഴിയിൽ മറ്റൊരു ബഹളം.
“ഞാനെറിഞ്ഞ കല്ലാണു ഇവന്റെ നെറ്റിയിൽ കൊണ്ടത്‌, അതിനെന്തിനാ നിങ്ങൾ അവന്റെ വീട്ടിലേക്ക്‌ പോകുന്നേന്നും” പറഞ്ഞ്‌ അവരെ ഇടവഴിയിൽ തടഞ്ഞിരിക്കുന്നു കൂട്ടുകാരൻ. എന്തായാലും അവന്റെ അച്ഛന്റെ അടിക്കൊരു മയമുണ്ടാകും എന്ന ധൈര്യത്തിൽ ഞങ്ങൾ മൂവരും ആണയിട്ട്‌ പറഞ്ഞു.
“ശര്യാ അവന്റെ ഏറാണു നെറ്റിയിൽ കൊണ്ടതെന്ന്”
വർഷങ്ങൾ ഒരുപാട്‌ കഴിഞ്ഞൊരു ദിവസം ലഹരി നഷ്ടപ്പെടുത്തിയ സ്ഥലകാലബോധവുമായി ആളുകൾക്ക്‌ നേരെ വലിയൊരു വടി ചുഴറ്റി വീശിക്കൊണ്ടിരിക്കുന്ന അവന്റെ ഇടയിലേക്ക്‌ ചെന്ന എന്നെ ഒഴിവാക്കി വടി വീശിക്കൊണ്ടിരിക്കുന്നവന്റെ ഇടത്‌കൈ പിടിച്ച്‌ നടക്കുന്നതിനിടയിൽ അവൻ പറഞ്ഞത്‌ “ചൂടൊന്നൂല്ലെടാ, ഇപ്പൊ എല്ലാർക്കും ഞാൻ ഒരു വട്ടനായി, നീ ഉണ്ടെങ്കിൽ ഒരു പത്തു രൂപ താന്ന്”
പത്ത്‌ രൂപയും വാങ്ങി മിണ്ടാതെ തിരിഞ്ഞ്‌ അവൻ നടന്നു പോയി.
“നീ ഇങ്ങ്‌ വാ അമ്മ പണിക്ക്‌ പോയിടത്ത്‌ നിന്ന് കുറേ ഷർട്ട്‌ കിട്ടീട്ടുണ്ട്‌ ‌. നിനക്ക്‌ പാകാകുന്നത്‌ നോക്കി നീയും എടുത്തോ” ന്നും പറഞ്ഞ്‌ രണ്ടാമൻ വിളിച്ച്‌ അവന്റെ വീടിന്റെ കുഞ്ഞുമുറിയിലെ അരണ്ട വെളിച്ചത്തിൽ കൊണ്ടു പോയി. അവന്റെ അമ്മ അവനു വേണ്ടി മാറ്റിവച്ച നിറമുള്ളതും വലിയ പഴക്കമില്ലാത്തതുമായ രണ്ട്‌ ഷർട്ടുകൾ എനിക്ക്‌ നീട്ടി അവൻ അമ്മയോട്‌ പറഞ്ഞു.
“ഇത്‌ ഓനിട്ടോട്ടെ അമ്മേ, ഓന്റെ വെളുത്ത നിറത്തിനു ഇത്‌ നല്ലോണം ചേരും” ആസ്തമയുടെ ശ്വാസം അലട്ടുന്ന ശബ്ദവുമായി അവൻ അമ്മയോട്‌ പറഞ്ഞത്‌ ഇപ്പോളും ചെവിയിൽ അലയടിക്കുന്നുണ്ട്‌.
ജീവിതപറിച്ച്‌നടലുകൾക്കിടയിൽ വഴി പിരിഞ്ഞവൻ ഒരു പ്രാവശ്യം അവനെ കുറിച്ച്‌ അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ എങ്ങോട്ടേക്കോ പോകുന്ന ഏതോ വലിയ ലോറിക്ക്‌ കൈകാണിച്ച്‌ അവൻ എങ്ങോട്ടോ പോയീന്നാണു.
മുപ്പത്‌ വർഷങ്ങൾക്കിപ്പുറത്തും വരക്കാൻ പറ്റുമെങ്കിൽ ഏത്‌ തെളിയാത്ത ചുമരിലും നിന്നെ ഇന്നും വരക്കാൻ എനിക്ക്‌ സാധിക്കും.
എവിടെ നിന്നെങ്കിലും ഇത്‌ നീ കാണാനിടയായാൽ, ഇത്‌ ഞാൻ കുറിച്ചതാണെന്ന് അറിഞ്ഞാൽ ചിലപ്പൊ നിനക്ക്‌ മാത്രം മനസ്സിലാകും ഇത്‌ നീയാണെന്ന്.
ഒമ്പതാം തരത്തിലെ കൊല്ലപരീക്ഷക്ക്‌ പോകാൻ എന്നെ കാത്തിരുന്ന് മുഷിഞ്ഞിട്ടാണു അവൻ എന്റെ വീട്ടിലേക്ക്‌ വന്നത്‌.
അപ്പോൾ തലേന്ന് കളിക്കുന്നതിനിടയിൽ കുപ്പികഷ്ണം കൊണ്ട്‌ മുറിഞ്ഞ കാലിൽ വലിയ തുണി ചുറ്റി വരിയുകയായിരുന്നു ഞാൻ.
ചെരുപ്പില്ലാത്തതിനാൽ നടക്കാൻ അടിയിൽ കനത്തിൽ തുണി ചുറ്റുകയായിരുന്നു ഉദ്ദേശം.
തുണി ചുറ്റിയെങ്കിലും രണ്ടടി വച്ചപ്പൊ തന്നെ ഞാൻ ഇരുന്നു പോയി.
പിന്നാമ്പുറമാകെ പരതി അവൻ പഴയ രണ്ട്‌ ഹവായ്‌ ചെരുപ്പ്‌ കൊണ്ടുവന്നു.
മുന്നിലെ കണ്ണി തയഞ്ഞ്‌ ഇടാൻ പറ്റാത്ത വിധം ഞാൻ തന്നെ ഉപേക്ഷിച്ച ആ ചെരുപ്പിന്റെ വലിയ ദ്വാരം കടക്കാതിരിക്കാൻ മാത്രം നൂലുകൾ കൊണ്ടൊരു വലിയ ചുറ്റിക്കെട്ട്‌ നടത്തി ചെരുപ്പ്‌ ഞങ്ങൾ റെഡിയാക്കി. അവന്റെ തോളിൽ ഒരു കൈ ഊന്നി കുറേ നടന്നെങ്കിലും ബസ്‌സോപ്പിനു താഴെ ഉള്ള വലിയ കയറ്റത്തിനു മുന്നെ ഞാൻ വീണ്ടും ഇരുന്ന് പോയി. ചുറ്റും നോക്കി ബസ്സിപ്പോ വരും എന്നുറപ്പിച്ച അവൻ അവന്റെ പുസ്തകം കൂടി എന്റെ കൈയ്യിൽ തന്ന് എന്നെയും എടുത്ത്‌ ആ കുന്ന് കയറി ബസ്റ്റോപ്പിൽ എത്തിച്ചു. അപ്പൊളേക്കും കണ്ണിയറ്റ ചെരുപ്പ്‌ വഴിയിൽ കളയാൻ തോന്നാതെ, ‘എത്തപ്പൊത്ത’ ബസ്സിൽ കയറുമ്പൊൾ ആണു “നോക്ക്യേഡീ ചെരുപ്പ്‌ തയയുമെന്ന് കരുതി രണ്ട്‌ ചെരുപ്പും കൈയിൽ പിടിച്ചൊരുത്തൻ” പരിഹാസം പൊട്ടിച്ചിരിയായെങ്കിലും ഞാൻ കാര്യമാക്കാതെ ഉടഞ്ഞ കാൽ ഇനിയും പരിക്കേൽക്കാതിരിക്കാൻ ഒരു മൂലയിൽ ഒതുക്കി.
സ്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങാൻ നോക്കുമ്പോളാണു അവളുടെ ദയനീയ ശബ്ദം കേട്ടത്‌.
“ഇവനെന്റെ ചെരുപ്പ്‌ പൊട്ടിച്ചേന്ന്". ഇറങ്ങാനൊരുങ്ങിയ അവളുടെ ചെരുപ്പിന്റെ പിന്നിൽ ചവിട്ടിപിടിച്ച്‌ അവളെ തിരക്കിനിടയിൽ മുന്നിലേക്ക്‌ തള്ളി എന്റെ കൂട്ടുകാരൻ കൊടുത്ത പണി.
ഒരു കൈയ്യിൽ ചെരുപ്പും ചുവന്ന മുഖവുമായി അവൾ പോയതോർത്താൽ ഇന്നും ചിരി വരും.
അവനിപ്പോഴും എന്റെ കൺമുന്നിലുണ്ട്‌. എന്നേക്കാൾ രണ്ട്‌ വയസ്സ്‌ മൂത്തതാണവൻ. അന്ന് ഞാൻ അവനെ പേരിന്റെ കൂടെ ഏട്ടൻ ന്ന് വിളിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഒടുവിലെത്തുമ്പോളേക്കും ഞാനും അവനും ഒന്നിച്ച്‌ ഒരു ക്ലാസ്സിലായതിൽ പിന്നെ ഏട്ടൻ ഇല്ലാതെ പേരു വിളിച്ച്‌ തുടങ്ങി. പിന്നീടെവിടെ വച്ചോ പേരു ചൊല്ലി വിളി അവനിഷ്ടപ്പെടാതെ ആയി. ഇന്ന് പേരു വിളിക്കാതെയും സൗഹൃദം പുതുക്കാറുണ്ടെങ്കിലും, ഉള്ളിലെ സ്നേഹവും കടപ്പാടും അറിയിക്കാനും ഈ അക്ഷരങ്ങൾക്ക്‌ സാധിക്കട്ടെ..
പറയാനും, ഇനിയും കണ്ണീർ നനവോടെ ഓർക്കാനും ഇനിയുമുണ്ട്‌ ഒരുപിടി കൂട്ടുകാർ.
അല്ലെങ്കിലും ബാല്ല്യത്തിലും കൗമാരത്തിലും കൂടെ നടന്ന് അനുഭവിച്ച സൗഹൃദങ്ങൾ പോലെ ഏത്‌ സൗഹൃദങ്ങളുണ്ട്‌ കാലങ്ങളെ അതിജീവിച്ചതായി ഈ മണ്ണിൽ?
✍️ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot