നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴനിയമങ്ങള്‍ - Part 1

Image may contain: 1 person, closeup and indoor
സചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ഏകദിനസെഞ്ചുറികളുടെ എണ്ണത്തില്‍ ഡെസ്മണ്ട് ഹെയിന്‍സിനെ മറികടന്ന കാലം. അന്ന് തരകന്‍മുക്കിലെ ആണ്‍പിള്ളേര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഏകപെണ്‍കുട്ടി അദില്‍മുഹമ്മദിന്‍റെ മകള്‍ ഷാഹിതയായിരുന്നു.
" ചെങ്കരയില്‍പോയാല്‍ രണ്ടുണ്ട് ഗുണം; കളിയുംകാണാം ഷാഹിതടെ ബംബറും കാണാം"
നാട്ടിലെ കലാബോധമുള്ള ചെറുപ്പക്കാര്‍ അടിച്ചിറക്കിയ ചൊല്ലിലും പരിഹാസങ്ങളിലുമൊന്നും തളരാതെ ഷാഹിത കളിതുടര്‍ന്നു. സുബ്രഹ്മണ്യന്‍ കൂടെയുള്ളത് അതിനൊരു കാരണവുമാണ്.
സര്‍വ്വതും മത്സരബുദ്ധിയോടെ നേരിട്ട്, പലതുംപറഞ്ഞ് തര്‍ക്കിച്ച്, വെറുതേ കലഹിക്കുന്നവരായിരുന്നു സുബ്രഹ്മണ്യനും ഷാഹിതയും. അവര്‍ പഠനകാര്യങ്ങള്‍തൊട്ട് ഇരുട്ട്കടയിലെ പാല്‍കോവയുടെ പേരില്‍വരെ മത്സരിച്ചിരുന്നു. സുബ്രഹ്മണ്യന്‍ എങ്ങനെയൊക്കെ പഠിച്ചാലും ഒരുമാര്‍ക്കിനെങ്കിലും മുന്നിട്ടുനില്‍ക്കുന്നത് ഷാഹിതയായിരിക്കും. ഇരുട്ട് തളംക്കെട്ടിക്കിടക്കുന്ന മണിച്ചെട്ട്യാരുടെ മിഠായിക്കടയില്‍നിന്നും ഇഷ്ടയിനമായ പാല്‍കോവ ഒന്നുവാങ്ങി അവര്‍ പകുത്തെടുക്കും. വലിയപൊട്ട് നീട്ടുമ്പോള്‍, ചെറുതെടുത്തുകൊണ്ട് അവള്‍ പറയും:

"ഫാസ്റ്റ് ബൗളര്‍ക്ക് കൂടുതല്‍ ശക്തിവേണം! വലുത് സുബ്രു തിന്നോ....''
വിട്ടുവീഴ്ച്ചകള്‍ക്കുപോലും മത്സരിക്കുന്ന മിത്രങ്ങള്‍, ക്രിക്കറ്റില്‍ ശത്രുക്കളാണ്. കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തമ്മില്‍ തീര്‍ത്തു കളയാന്‍ വെമ്പുന്ന കൊടുംശത്രുക്കള്‍!
പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള അനായാസതയാണ് സുബ്രഹ്മണ്യനെന്ന ഫാസ്റ്റ്ബൗളറെ അപകടകാരിയാക്കുന്നത്. പന്തുകളുടെ വേഗതയെ അടിസ്ഥാനപ്പെടുത്തി അവള്‍ അവനൊരു വിളിപ്പേര് നല്‍കി- 'മിന്നല്‍സുബ്രു' 
ബ്രയാന്‍ ചാള്‍സ് ലാറയെ ഇഷ്ടതാരമാക്കിയ, ഷാഹിതയെന്ന ഇടങ്കയ്യന്‍ ബാറ്റ്സ്മാനിലും ഇടയ്ക്കൊക്കെ ആ കരീബിയന്‍ ശൈലിയുടെ വന്യഭാവം പ്രതിഫലിക്കാറുണ്ട്. ചെങ്കരയില്‍ മിന്നല്‍സുബ്രുവിനെ തുടരെ ബൗണ്ടറികള്‍ക്ക് ശിക്ഷിച്ച് നിര്‍വീര്യപ്പെടുത്തിയ ഒരു ബാറ്റ്സ്മാനുണ്ടെങ്കില്‍, അത് ഷാഹിത മാത്രമാണ്!
ഒമ്പതാംക്ലാസിലെ അവസാനത്തെ വേനല്‍പരീക്ഷ കഴിഞ്ഞുപോകുമ്പോള്‍, ലിറ്റില്‍മാസ്റ്ററുടെ ഒരു ഇന്നിങ്സ് ചര്‍ച്ചക്കിടയില്‍ അവര്‍ തെറ്റിപ്പിരിഞ്ഞു. കയ്യാങ്കളിക്കുചെന്നാല്‍ ഷാഹിതയും വിട്ടുകൊടുക്കില്ല, വലതുകൈയ്യിലെ കടകവളയൂരി ഇടതുകൈയ്യില്‍ മുറുക്കിപ്പിടിച്ചു. കരിമരം കടഞ്ഞുണ്ടാക്കിയ ആ വളയാണ് സുബ്രഹ്മണ്യനെ നിലക്കുനിര്‍ത്താനുള്ള വജ്രായുധം! അതിന്‍റെ ചൂട് പലതവണ അറിഞ്ഞിട്ടുള്ളതിനാല്‍, അവന്‍ ഓടിയകന്ന് കനാല്‍വരമ്പില്‍നിന്നും മറുകരയിലേക്ക് എടുത്തുച്ചാടി. പുറകെ ഷാഹിതയും ചാടി. മൊയ്തുപ്പാജിയുടെ തെങ്ങിന്‍ത്തോപ്പിലൂടെ കുതിച്ചുപാഞ്ഞ്, സ്കൂള്‍ റോട്ടിലേക്ക് പ്രവേശിച്ചു. ചാഞ്ഞുകിടന്ന പുവ്വരശിന്‍റെ കൊമ്പില്‍തൂങ്ങി മേലേകുന്നത്തേക്ക് തെള്ളിക്കയറി. ആ കൊമ്പിലൂടെതന്നെ ഷാഹിതയും അവിടേക്ക് കയറിപ്പറ്റി. മേലേക്കുന്നിന്‍റെ എട്ടടി പൊക്കത്തില്‍നിന്നും ഇരുവരും താഴേക്കുച്ചാടി. എല്‍ പി സ്ക്കൂളിന്‍റെ വരാന്തയില്‍ കുമ്മായം അടര്‍ന്നുതുടങ്ങിയ തൂണില്‍ ചാരിയിരുന്ന് സുബ്രഹ്മണ്യന്‍ കിതച്ചു. ഷാഹിത ഇടിവള പ്രയോഗിച്ചില്ല, അവന്‍ ചാരിയ തൂണിന്‍റെ മറുപുറംചാരി അവളും കിതച്ചുകൊണ്ടിരുന്നു.

"സുബ്രു..."
"ഉം"
"ഒരിക്കല്‍ ടീംഇന്ത്യക്കുവേണ്ടി പാഡണിയണം, നിര്‍ണ്ണായമത്സരത്തില്‍ ഒരു തകര്‍പ്പന്‍ സെഞ്ചുറിനേടണം!"
കഥയറിയെ വലിയ സ്വപ്നങ്ങള്‍ കാണുന്നവളെ സുബ്രഹ്മണ്യന്‍ വെല്ലുവിളിച്ചു.
" ആദ്യം ചെങ്കരയിലൊരു സെഞ്ചുറി നേടിക്കാണിക്ക്."
"നേടിയാല്‍??"
ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോര്‍ഡ്സിന്‍റെ മുദ്രപേറുന്ന തൊപ്പി ഉയര്‍ത്തിക്കാണിച്ച് അവന്‍ പറഞ്ഞു.
"അന്നുതൊട്ടിത് ഷായ്താന്‍റെ തലയിലിരിക്കും!"
ചെങ്കരയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍, വിക്ടോറിയഗ്രൗണ്ടില്‍ പിറന്ന ഒരു ഔട്ട്സ്വിങ്ങര്‍ സമ്മാനിച്ച ആ തൊപ്പിക്കുവേണ്ടിയും തീപ്പാറും!
ചെങ്കര വലിയൊരു പറമ്പായിരുന്നു. കാടുംപടലവും അതിരുകളില്‍ വന്‍മരങ്ങളുമുള്ള പറമ്പ്. കാരയും കൊളുത്തിമുള്ളും കാഞ്ഞിരക്കുറ്റികളും നിറഞ്ഞ പൊന്തക്കാടുകളിലേക്ക് തരകന്‍മുക്കിലെ ക്രിക്കറ്റ്ജ്വരം പിടിച്ച പിള്ളേരിറങ്ങിച്ചെന്നു. മണ്‍വെട്ടിയും മടവാളും കമ്പിപ്പാരകളുമായി വിയര്‍പ്പും ചോരയുമൊഴുക്കി അവര്‍ പോരാടി. അന്ന് ഷാഹിതയുടെ ഇടതുകാലില്‍ തറച്ചുകയറിയ കാരമുള്ള് വലിച്ചൂരുമ്പോള്‍ സുബ്രഹ്മണ്യന്‍റെ മുഖത്തേക്കാണ് ചോരത്തെറിച്ചത്. ചന്ദ്രമോഹനന്‍റെ കൈപ്പത്തിക്കേറ്റ വെട്ട്, ഇന്നും വലിയൊരടയാളമായി അവശേഷിക്കുന്നു. ആഴമുള്ള മുറിവുകളെ തോല്‍പ്പിച്ച വീറുംവാശിയും ചെങ്കരയുടെ ഭൂമിശാസ്ത്രംതന്നെ തിരുത്തിക്കുറിച്ച്, ക്രിക്കറ്റിനെ നല്ലരീതിയില്‍ കൊണ്ടാടാന്‍പോന്ന മൈതാനമാക്കിമാറ്റി. പടിഞ്ഞാറതിര്‍ത്തിയില്‍ നിരന്നുനില്‍ക്കുന്ന മൂന്ന് ഇലഞ്ഞിപ്പൂമരങ്ങളാണ് ചെങ്കരയുടെ ഹൃദയം. സ്കോറെഴുതാനിരിക്കുന്ന തണല്‍മരങ്ങളെന്ന പ്രത്യേകതയും അവയ്ക്കുണ്ട്.
വേനലവധിയിലെ ഉത്ഘാടനമത്സരത്തില്‍, പതിവിനുവിപരീതമായി ഷാഹിത എല്ലാവരേയും അത്ഭുതപ്പെടുത്തിയത് ക്ഷമാശീലംക്കൊണ്ടാണ്. ഗംഗാധരന്‍റെ അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ എതിര്‍ടീം പടുത്തുയര്‍ത്തിയ സ്കോറിനുമുന്നില്‍ അവള്‍, തട്ടിയും മുട്ടിയുംനിന്ന് സാവധാനത്തില്‍ ബാറ്റിംഗ് താളം വീണ്ടെടുത്തു. സ്പിന്‍മാന്ത്രികന്‍ മുഹമ്മദാലിയെ സിക്സര്‍ പറത്തിക്കൊണ്ട് ടീംസ്കോര്‍ നൂറുകടത്തി. ടീമിന്‍റെ ദയനീയാവസ്ഥയില്‍ ആ സിക്സര്‍ പടര്‍ത്ത‍ിയ ആവേശത്തിരയിളക്കങ്ങള്‍ മത്സരത്തെ തകിടംമറിച്ചു. അവള്‍ വ്യക്തിഗത സ്കോര്‍ ഇലഞ്ഞിച്ചോട്ടിലേക്ക് വിളിച്ചുചോദിച്ചു.
അറുപത്തിമൂന്ന് റണ്‍സ്!!
സുബ്രഹ്മണ്യന്‍റെ ആദ്യസ്പെല്ലില്‍ ഒരു ജീവന്‍ കിട്ടിയതൊഴിച്ചാല്‍, അതിമനോഹരമായ ഇന്നിങ്സ്! സ്വന്തംപേരില്‍ മുപ്പത്തേഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ചെങ്കരയുടെ മണ്ണില്‍ കന്നിസെഞ്ചുറി പിറക്കും; ആ തൊപ്പി ഷാഹിതയുടേതായിമാറും! അവള്‍ക്കും സെഞ്ചുറിക്കുമിടയിലെ വിലങ്ങുതടി സുബ്രഹ്മണ്യന്‍റെ ശേഷിക്കുന്ന ഒരോവറാണ്. മിന്നുംഫോമിലുള്ള ബാറ്റ്സ്മാനെ പ്രലോഭിപ്പിച്ച് വീഴ്ത്താന്‍ അവന് പ്രത്യേകകഴിവുണ്ട്. ജയപരാജയങ്ങള്‍ മറിഞ്ഞുംതിരിഞ്ഞുമിരുന്ന മത്സരം, സുബ്രഹ്മണ്യന്‍-ഷാഹിത പോരാട്ടത്തിന് കളമൊരുക്കി. പക്ഷേ, ആ കളത്തില്‍ ഇറങ്ങിക്കളിച്ചത് ടീമിലില്ലാത്ത ഒരു മുഖമായിരുന്നു. ബേനസീര്‍! ഷാഹിതയുടെ ഉമ്മ വലിയൊരു വടിയുമായി വന്നിരിക്കുന്നു. ബൗളിംഗ് റണ്ണപ്പില്‍ സുബ്രഹ്മണ്യന്‍ നിശ്ചലനായി. ഷാഹിതയുടെ കയ്യില്‍നിന്നും ബാറ്റ് ക്രീസില്‍വീണു. ഗ്ലൗസും പാഡും അഴിച്ചെറിഞ്ഞ്, അരയില്‍ ചുറ്റികെട്ടിയ തട്ടമഴിച്ചുതലയിലിട്ട് അവള്‍ വീട്ടിലേക്കോടി. എല്ലാവരുംച്ചേര്‍ന്ന് സംഭവത്തെ ഹാസ്യവല്‍ക്കരിച്ചെങ്കിലും സുബ്രഹ്മണ്യന്‍റെ ഉള്ളില്‍ തീയ്യാണ്. അവളുപേക്ഷിച്ചുപോയ ഗ്ലൗസും മറ്റും പെറുക്കിയെടുത്ത്, ഭയപ്പാടോടെ അവന്‍ വീട്ടിലേക്കുനടന്നു.
സുബ്രഹ്മണ്യന്‍റേയും ഷാഹിതയുടേയും വീടുകള്‍ ഒരൊറ്റവേലിയാണ്. വേലിയെന്നുപറഞ്ഞാല്‍ നിരത്തിനട്ട ആടലോടകച്ചെടികളാണ് അതിര്‍ത്തി. അവന്‍ ആ ചെടികള്‍ ചാടിക്കടന്ന്, പാതിചാരിയ കതകിലൂടെ നോക്കുമ്പോള്‍ ഷാഹിത ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിനില്‍ക്കുന്നു. അദിലുപ്പയും ബേനുമ്മയേയും കൂടാതെ ശ്രീകൃഷ്ണപുരത്തുനിന്നും അമ്മാവനുമെത്തിയിരിക്കുന്നു അവളെ വിസ്തരിക്കാന്‍! ഷാഹിതയുടെ ക്രിക്കറ്റുകളിയും സുബ്രഹ്മണ്യനോടുള്ള ചങ്ങാത്തവും സംശയത്തിന്‍റെ കരിനിഴലിലാണ്. നാട്ടിലെ മോശം കൂട്ടുക്കെട്ട് അവളുടെ ജീവിതവും കുടുംബത്തിന്‍റെ അന്തസ്സും തകര്‍ക്കുമെന്ന അമ്മാവന്‍റെ മുന്നറിയിപ്പിനേക്കാള്‍ കടുപ്പത്തിലാണ് നാട്ടില്‍ചിലര്‍ പ്രതികരിച്ചത്.

''തലതെറിച്ച മകള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍, വില്‍ക്കാന്‍വെക്കുമ്പൊ ചെലവായിപ്പൂവ്വാന്‍ അദിലു നന്നായി വെയര്‍ക്കും!"
അവളെ, നൂറുമേനി വിജയംകൊയ്യുന്ന ശ്രീകൃഷ്ണപുരം സ്ക്കൂളിലേക്ക് പറിച്ചുനടുകയെന്നതാണ് അവര്‍ കണ്ടെത്തിയ താല്‍കാലിക പോംവഴി. സുബ്രഹ്മണ്യന്‍ പിന്നെയവിടെ നിന്നില്ല. വീട്ടിലേക്കുവന്ന്, അച്ഛന്‍ നിര്‍മ്മിച്ചുനല്‍കിയ മരപ്പെട്ടിയുടെ ഏറ്റവുമടിയിലെ അറയില്‍ ഷാഹിതയുടെ പാഡും ഗ്ലൗസും സൂക്ഷിച്ചുവച്ചു. ഇരിപ്പുറയ്ക്കാതെ പതുക്കെ ചെങ്കരയിലേക്ക് നടന്നു. ചുവന്ന ആകാശത്തിനുകീഴെ പരന്നുകിടക്കുന്ന മൈതാനത്തെ ഇലഞ്ഞിച്ചോട്ടില്‍നിന്നും നോക്കിക്കണ്ടു. അന്നത്തെ പോരാട്ടങ്ങളുടെ കാല്‍പ്പാടുകള്‍ നിറഞ്ഞ മൈതാനവും ചുവന്നുതന്നെയിരിക്കുന്നു. ഇളങ്കാറ്റില്‍ വട്ടംക്കറങ്ങിവീഴുന്ന പൂക്കള്‍ ഓര്‍മ്മിപ്പിച്ചത് ഷാഹിതയുടെ സുപ്രധാനമായ ഒരഭിപ്രായത്തെയാണ്.
"സുബ്രു ശ്രദ്ധിച്ചിട്ടുണ്ടോ? ഇലഞ്ഞിപ്പൂക്കള്‍ക്കെന്തോ മാന്ത്രികശക്തിയുണ്ട്!"
ശരിയാണത്. മുറ്റത്തെ മുല്ലക്കും റോസിനുമൊന്നുമില്ലാത്ത ഒരു ശക്തി ചെങ്കരയിലെ ഇലഞ്ഞിപ്പൂക്കള്‍ക്കുണ്ട്. അതുകൊണ്ടല്ലേ അതിന്‍റെ സുഗന്ധം അവരുടെ കിടപ്പറകളിലെത്തുന്നത്!
ഷാഹിതയുടെ ക്രിക്കറ്റുകളി മുടങ്ങിയതിനുപിന്നാലെ മാറ്റങ്ങള്‍ പലതും സംഭവിച്ചു! സുബ്രഹ്മണ്യന്‍റെ അമ്മയും ബേനുമ്മയും, മക്കളുടെ കാര്യംവന്നപ്പോള്‍ സ്വാര്‍ത്ഥതയോടെ വാക്പ്പയറ്റ് നടത്തി. ആടലോടകത്തിന് പകരം ഒരാള്‍പൊക്കത്തില്‍ മുള്ളുവേലി പ്രത്യക്ഷപ്പെട്ടു. ഒരുകുംടുംബംപോലെ കഴിഞ്ഞവര്‍, കണ്ടാല്‍ മുഖംതിരിക്കുന്ന അപരിചിതരായിമാറി. പിന്നിടൊരിക്കലും സുബ്രഹ്മണ്യന് ഷാഹിതയുടെ നിറം കാണാനായില്ല. മലര്‍ക്കെ തുറന്നിടാറുള്ള മുറിയുടെ ജനല്‍പാളികള്‍ എന്തിനാണവള്‍ കൊട്ടിയടച്ചത്? അടഞ്ഞ വാതിലുകള്‍ നോക്കിയിരിക്കുമ്പോള്‍ സുബ്രഹ്മണ്യന്‍റെയുള്ളില്‍ പിന്നേയും കുറേ ചോദ്യങ്ങളുയര്‍ന്നു. എവിടെ അദിലുപ്പായ്ക്കൊപ്പംചേര്‍ന്നുള്ള പൊട്ടിച്ചിരികള്‍? എവിടെ ബേനുമ്മയോടുള്ള അങ്കംവെട്ടലുകള്‍? എവിടെ ഫാത്തിമയെ കുറിച്ചുള്ള തേനൂറുംപാട്ടുകള്‍? സുബ്രഹ്മണ്യനെന്ന മോശം കൂട്ടാളിയില്‍നിന്നും രക്ഷിക്കാന്‍ അവളെ നാടുകടത്തിയോ?
ഷാഹിത ക്രിക്കറ്റിനെ ജീവവായുവായി കൊണ്ടുനടക്കുന്നത് സുബ്രഹ്മണ്യനോളം മറ്റാര്‍ക്കുമറിയില്ല. ശ്രീകൃഷ്ണപുരം സ്കൂളിനെകുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഒരു സന്തോഷവാര്‍ത്തയണ്. വീട്ടില്‍ചെന്ന് അതവളോടുപറയാന്‍ മനസ്സുതുടിച്ചെങ്കിലും വിലക്ക് മറികടക്കാന്‍ അവനായില്ല. വരാനിരിക്കുന്ന, ആണ്ടുനേര്‍ച്ചയാണ് ആകെയുള്ള പ്രതീക്ഷ. എല്ലാവര്‍ഷവും നാലിലൊന്നായി പള്ളിപ്പറമ്പിലവള്‍ ഉണ്ടായിരിക്കും. നാട്ടിലുണ്ടെങ്കില്‍ ഇക്കൊല്ലവും അവള്‍ വരും, തീര്‍ച്ചയായും വരും!
അമ്മയുടെയും ഷാഹിതയുടേയും അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ കറുപ്പുക്കള്ളിഷര്‍ട്ടും, കാവിലെ പാനയുടെ നീലക്കരമുണ്ടുമാണ് സുബ്രഹ്മണ്യന്‍ നേര്‍ച്ചക്ക് തിരഞ്ഞെടുത്തത്. ആദ്യമായാണ് ഷാഹിതയെ ഇത്രയുംനാള്‍ കാണാതിരിക്കുന്നത്! വഴിയാത്രയില്‍, സന്തോഷത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത നിമിഷങ്ങളോട് കുശലംപറഞ്ഞു. നേര്‍ച്ചപ്പെട്ടിക്ക് സമീപം ബാന്‍ഡ് മേളക്കാരുടെ അഭ്യാസപ്രകടനത്തിനും ജനത്തിരക്കിനുമിടയില്‍നിന്ന് ഒരു ബ്ലാക്ക്&വൈറ്റ് തുമ്പി കണ്ണിന് കുളിരേകി. കറുപ്പ് ചുരിദാറിലും ഓരങ്ങളില്‍ മുത്തുവച്ച വെള്ളമക്കനയിലും ഷാഹിതയ്ക്ക് എന്തൊരഴകാണ്! തിക്കുംതിരക്കും കച്ചവടക്കാരുടെ ബഹളങ്ങളുമുള്ള വഴിയിലൂടെ അവനും പള്ളിമുറ്റത്തേക്ക് നടന്നു. പലയിടങ്ങളില്‍നിന്നായി പലതവണ വിളിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ കൂട്ടുകാരികളിലേക്ക് ഉള്‍വലിഞ്ഞ് അവള്‍ നടന്നകന്നു. മുഖ്യകവാടം കടക്കുമ്പോള്‍, ആഴിയത്ഭുതങ്ങള്‍ ഒളിപ്പിച്ച കണ്ണുകളില്‍ കനലെരിഞ്ഞു. 
ഷാഹിതക്ക് ഇതെന്തുപറ്റി!?
വില്ലേജധികാരി അദില്‍മുഹമ്മദിന് മക്കള്‍ ആറുംനൂറുമൊന്നുമില്ല, ആകെ ഒരു ഷാഹിത മാത്രമാണുള്ളത്. പതിനൊന്ന് ആണ്ടുനേര്‍ച്ചകള്‍ക്കൊടുവില്‍ പടച്ചവന്‍ വിരിയിച്ച അരുമപ്പൂവാണവള്‍. അദിലുപ്പാവിന്‍റെ പൂമുത്തും ബേനുമ്മയുടെ പൂങ്കരളുമാണവള്‍. ഷാഹിതവില്ലയിലെ രാജകുമാരിക്ക് ഇങ്ങനേയേപ്പറ്റൂ!! 
രൂക്ഷനോട്ടംകൊണ്ടും അവന്‍ പിന്‍തിരിയാതിരുന്നപ്പോള്‍, നിസ്ക്കാരപ്പള്ളിക്കും കളിയരങ്ങിനുമിടയിലെ ഇടുങ്ങിയ ഇടത്തില്‍നിന്നും അവള്‍ വാതുറന്നു.

"സുബ്രു ഷാഹിതാനെ മറക്കണം!"
എത്ര കഠിനമായ ജോലിയാണ് അവള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്! കളിചിരിയും കലഹങ്ങളുമായി നടപ്പാതകളുടെ ദൂരംക്കുറച്ചിരുന്ന കൂട്ടുകാരിയെ, പ്രതിക്കൂട്ടില്‍ അകപ്പെടുമ്പോഴെല്ലാം വാദിക്കാന്‍വരാറുള്ള രക്ഷകിയെ, കോളറില്‍ കുത്തിപ്പിച്ച് ഒന്നിലൊരുകൊല്ലം അധികമിരുത്തി ഒപ്പംകൂടിയവളെ എങ്ങനെ മറക്കാനാണ്? അവളുടെ തലയിലെ പേനുകളോടും തൊടിയിലെ തുമ്പികളോടും മാപ്പുപറഞ്ഞുകൊണ്ട് അവന്‍ പുറത്തുകടന്നു. ആള്‍ത്തിരക്കില്‍നിന്നും ധൃതിയില്‍ നടന്നകന്ന് ലക്ഷ്യബോധമില്ലാതെ ഓടി.
ഓടിയോടി അവനെത്തിയത് മലമുക്കിലാണ്. പെരുമഴക്കാലം തകര്‍ത്തെറിഞ്ഞ ഭീമന്‍തോടിന്‍റെ കോണ്‍ക്രീറ്റുഭിത്തിയും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളും ജലപാതത്തിന്‍റെ ഇരമ്പലും അവനെയോര്‍മ്മിപ്പിച്ചത് ഷാഹിതയുടെ ഒരു വെല്ലുവിളിയാണ്.

"ഒരുദിവസം നമ്മക്ക് ഭീമന്തോട് ചാടിക്കടക്കണം!!"
'നമ്മള്‍' എന്ന വാക്കിന്‍റെ പ്രസക്തി നഷ്ടപ്പെട്ട അവസരത്തില്‍, അവനൊറ്റയ്ക്ക് ഭീമന്‍തോട് ചാടുന്നതിനെകുറിച്ച് ആലോചിച്ചു. ഒറ്റക്ക് ചാടിക്കടന്നാല്‍ അത് നിയമലംഘനമാണ്, അതിനുള്ള ശിക്ഷയും കടുത്തതാണ്. ഒരിക്കല്‍ നിയമം തെറ്റിച്ചതിനുകിട്ടിയ ശിക്ഷയാണ്, വലത്തെ പുരികക്കൊടിയില്‍ മായാതെക്കിടക്കുന്ന ഇടിവളപ്പാട്!
പാലപ്പറ്റക്കുന്നിലെ കല്ലിടുമ്പും കാക്കുര്‍ശിപ്പാടത്തെ കിടങ്ങുമെല്ലാം അവര്‍ വെല്ലുവിളിച്ച് ചാടിയതാണ്. ഭീമന്‍തോട് ആ ഗണത്തിലൊന്നും പെടില്ല, വെള്ളപ്പാച്ചിലില്‍ മലയടിവാരത്ത് രൂപംകൊണ്ട കുഴിയുംചുഴിയുമുള്ള അപകടമേഘലയാണത്. തകര്‍ന്ന ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും സുരക്ഷാവേലിയുമെല്ലാം രാഷ്ട്രീയകക്ഷികളുടെ പ്രകടനപത്രികകളില്‍ മിന്നിമറയാരുണ്ട്. ഒരു കാലിമേപ്പുകാരനും പൂര്‍ണ്ണഗര്‍ഭിണിയായ എരുമയും അവിടെ മുങ്ങിച്ചത്തത് പഴമ്പുരാണമാണ്. കേട്ട കഥകളല്ല, കുറച്ച് കണക്കുകളാണ് സുബ്രഹ്മണ്യന് നോക്കാനുള്ളത്. കിടക്കപ്പായയോളംപോന്ന ഒരു വെള്ളക്കടലാസ് മനസ്സില്‍ വിരിച്ചിട്ടു. സ്ക്കൂള്‍ കായികമേളക്ക് ലോങ്ങ്ജംപില്‍ രേഖപ്പെടുത്തിയ ഏറ്റവുംപുതിയ നീളം, ഭീമന്‍തോടിന്‍റെ വീതി.... കണക്കുകള്‍ പലതും തിരിച്ചുംമറിച്ചും കൂട്ടിനോക്കി. സുബ്രഹ്മണ്യന്‍റേത് ശുദ്ധമായ കണക്കൊന്നുമല്ല, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കൂട്ടിക്കിഴിക്കലും വിശ്വാസങ്ങളെക്കൊണ്ടൊരു ഗുണനവും ആകെതുകയില്‍‍ പ്രതിഫലിക്കും. ചിലപ്പോഴൊക്കെ, അടിയില്‍ ഇരട്ടവരയിടാന്‍പാകത്തില്‍ ഒരു ഉത്തരം അവന് ലഭിക്കാറുണ്ട്. ഇക്കുറിയും അങ്ങനെയൊരുത്തരം ഉരുത്തിരിഞ്ഞുവന്നു.

"നീലകണ്ഠന്‍ മകന്‍ സുബ്രഹ്മണ്യന് ഭീമന്‍തോട് ചാടിക്കടക്കാനുള്ള സവിശേഷതകളുണ്ട്!"
തോല്‍വിക്ക് മരണമെന്നൊരര്‍ത്ഥം കല്‍പ്പിക്കുന്ന മത്സരമാണ്. ഉടുമുണ്ടിന്‍റെ മടക്കിക്കുത്തും ഷര്‍ട്ടിന്‍റെ കൈമടക്കുകളും പരിധിവിട്ടുയര്‍ന്നു. മനസ്സുനിറച്ചും പകയാണ്. ആരോടെന്നില്ലാത്ത ഒരു പക! ഓട്ടത്തിനൊടുവില്‍, വസൂരിക്കലകള്‍ നിറഞ്ഞ വെള്ളാരങ്കില്‍ ചവിട്ടിക്കുതിച്ച് ചാടി. അപകടങ്ങളേതുമില്ലാതെ മറുകരയില്‍ പറന്നിറങ്ങിയിട്ടും ആവേശം എള്ളോളം ചോര്‍ന്നില്ല! ചടുലമായ മൂന്ന് കാല്‍കുതിപ്പുകളോടെ, ആനയോളംപോന്ന കരിമ്പാറക്കെട്ടിന് മുകളിലേക്ക് ചാടിക്കയറി. അത് സുബ്രഹ്മണ്യനെ സംബന്ധിച്ച് പുതിയൊരു ലോകമായിരുന്നു! മുന്നില്‍ അലറുന്ന ജലത്തിന്‍റെ ഭയാനകരൂപം. പുറകുവശം വനനിബിടമാണ്. മലമുടികള്‍ക്കുമേലെ നിരന്നുനീങ്ങുന്ന മഴമേഘങ്ങള്‍. വാനിലേക്കുയര്‍ന്നുനില്‍ക്കുന്ന ദേവാലയങ്ങളുടെ ശീര്‍ഷകങ്ങള്‍. ചുറ്റുമുള്ള കാഴ്ചകള്‍ അവനിലൊരു വിജയീഭാവം ചാര്‍ത്തിക്കൊടുത്തു. കിഴക്കന്‍ക്കാറ്റ് നീലക്കരമുണ്ടിനാല്‍ വെന്നിക്കൊടി പറത്തി. കാതിലെ വിളികേള്‍ക്കാത്തവളെ, പുതിയ അകലത്തിലും ഉയരത്തിലും നിന്നുകൊണ്ട് വിളിച്ചു. ഫലം 
നിര്‍ണ്ണയിക്കുന്ന വിക്കറ്റിനുവേണ്ടിയുള്ള അപ്പീലിനേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു.

"ഷായ്താ...!!"
ധ്വനിയും പ്രതിധ്വനികളും അങ്ങുമിങ്ങോളം അലയടിച്ച് കാറ്റില്‍ അലിഞ്ഞില്ലാതായി. ഏറ്റവും സുരക്ഷിതമായ വഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ അവനോര്‍മ്മവന്നത് ഷാഹിതയുടെ വിശേഷപ്പെട്ട ഒരു പുഞ്ചിരിയാണ്. പൊന്നോണക്കാലത്തെ മുഴുവനായി കണ്‍മുന്‍പില്‍ നിരത്തുന്ന ഒരു ചെറുപുഞ്ചിരി.


By: Ramesh Parappurath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot