കഥാസ്വാദനം.
കോലങ്ങൾ. ചെറുകഥ.
രചന :കവിത സഫൽ
കഥ മാസിക, ഡിസംബർ ലക്കം 2018
കോലങ്ങൾ. ചെറുകഥ.
രചന :കവിത സഫൽ
കഥ മാസിക, ഡിസംബർ ലക്കം 2018
കാവും കളരിയും ഉപാസനാ മൂർത്തികളുമൊക്കയുള്ള ഒരു ഗ്രാമമാണ് ഈ കഥയുടെ പശ്ചാത്തലം.തെയ്യം വേഷത്തിൽ തീ പടർന്ന് ശരീരം മുഴുവൻ വെന്ത, മരണാസന്നനായ തെയ്യം കലാകാരൻ രവിയുടെ കഥയാണ് സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യമായ കവിത സഫൽ ഇവിടെ പങ്കു വെക്കുന്നത്.
ഓലക്കുടിലിനുള്ളിൽ, ചിതലു തിന്നുകൊണ്ടിരിക്കുന്ന മര മേശകളും കട്ടിലുകളും, അലുമിനിയം പാത്രങ്ങളുമൊക്കെയായി ഒരു ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യക്കോലങ്ങൾ. ആണ്ടിലൊരിക്കൽ ഉത്സവ സീസണിൽ കിട്ടുന്ന തെയ്യം വേഷങ്ങളും അതിനു കിട്ടുന്ന ദക്ഷിണയും ഏതാനും ഇടങ്ങഴി നെല്ലുമൊക്കെയാണ് അവരുടെ ഏക വരുമാന മാർഗ്ഗം.
അരയ്ക്കു ചുറ്റും തീപ്പന്തങ്ങൾ വെച്ചു കെട്ടിയുള്ള ഈ പണിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാതെയല്ല, നാട്ടു പ്രമാണിമാർ ആവശ്യപ്പെടുമ്പോൾ, അനുസരിച്ചു മാത്രം ശീലമുള്ള കീഴാളന്മാർ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. കീഴാളന്മാരായ തങ്ങൾ ദൈവത്തോട് അടുത്തു നിൽക്കുന്നു, ദൈവം കാത്തു കൊള്ളും എന്ന വിശ്വാസം മാത്രമാണ് അവരുടെ ഒരേയൊരു ധൈര്യം.
പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കാതിരിക്കുകയും പിന്നീട് അതോർത്തു സ്വയം ശപിക്കുകയും ചെയ്യുന്ന ബലഹീനരായ, നിസ്സഹായരായ ഒരു ജന വിഭാഗത്തിന്റെ, പുകയും കരിയും പുരണ്ട അവരുടെ ദയനീയമായ ജീവിതത്തിന്റെ നേർ ചിത്രമാണ് കഥാകാരി ഇവിടെ വരച്ചിടുന്നത്..
കുട്ടിക്കളികളിലേർപ്പെട്ട മൈനപ്പെണ്ണ് വളയണിഞ്ഞു കൊണ്ടിരിക്കുമ്പോൾ, മരപ്പലകയിൽ, വേപ്പിലകൾക്കു മേൽ കിടത്തപ്പെട്ട പാതി വെന്ത ശരീരമായാണ് അവളുടെ അച്ഛൻ വീട്ടിലെത്തുന്നത്. കാവിനടുത്തുള്ള വഴി വാണിഭക്കാരുടെ ഷെഡുകളിൽ നിന്ന് വാങ്ങാനായി ഏല്പിച്ച കളിപ്പാട്ടങ്ങളോ, പലഹാരങ്ങളോ കാത്തിരുന്ന അവൾ കരഞ്ഞു കൊണ്ടോടിക്കയറുന്നത് വായനക്കാരുടെ ഹൃദയത്തിലേക്കാണ്...
പാതി കത്തിയ കുരുത്തോലകളും രക്തം പുരണ്ട തെയ്യം ആടകളുമായി , വെന്ത ഉടലിന്റെ മണം ഉയരുന്ന കുഞ്ഞു മുറിയിൽ മരണത്തിനും ജീവിതത്തിനുമിടയിൽ വേദന കടിച്ചമർത്തിക്കിടക്കുന്ന രവിയും, നിലവിളികൾ തൊണ്ടയിൽ കുരുങ്ങിപ്പോയ അവന്റെ കുടുംബവും സമൂഹ മനസാക്ഷിക്കു മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു...
മേളവും, തോറ്റം പാട്ടും മുറുകിത്തുടങ്ങിയ കാവിൻ പറമ്പിൽ ഇനിയും ആളെ അവശ്യമുണ്ട്, വേഷം കെട്ടുവാൻ... വെറും കോലങ്ങളായി ആടുവാൻ.
വിശ്വാസങ്ങൾ മുറുകെപ്പിടിക്കുമ്പോഴും അരപ്പട്ടിണിയും ദുരിതങ്ങളുമായി ജീവിക്കുന്ന ഈ മനുഷ്യക്കോലങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന കഥാകാരി തന്റെ കടമ നിർവഹിച്ചിരിക്കുന്നു ;ഒരെഴുത്തുകാരിയുടെ കടമ.
അഭിനന്ദനങ്ങൾ കവിത സഫൽ. കവിതയ്ക്ക് ഒരവസരം നൽകിയ കഥ മാസികയ്ക്കും നന്ദി പറയുന്നു.
വിശ്വാസങ്ങൾ മുറുകെപ്പിടിക്കുമ്പോഴും അരപ്പട്ടിണിയും ദുരിതങ്ങളുമായി ജീവിക്കുന്ന ഈ മനുഷ്യക്കോലങ്ങൾക്ക് സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന കഥാകാരി തന്റെ കടമ നിർവഹിച്ചിരിക്കുന്നു ;ഒരെഴുത്തുകാരിയുടെ കടമ.
അഭിനന്ദനങ്ങൾ കവിത സഫൽ. കവിതയ്ക്ക് ഒരവസരം നൽകിയ കഥ മാസികയ്ക്കും നന്ദി പറയുന്നു.
°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
സായ് ശങ്കർ മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക