നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാളവിക - Part 3


മാളവിക തുടരുന്നു ....മൂന്നാം ഭാഗം

"അമ്മാ അപ്പുറത്ത് ഒരു സുന്ദരിക്കുട്ടി ഉണ്ട്.ആമി." ലേഖ കടയിൽ നിന്ന് വന്നതും മാളു അവരോട് വിശേഷങ്ങൾ പറഞ്ഞു.
"അതിനിടയ്ക്ക് പരിചയപ്പെടലും കഴിഞ്ഞോ?"ലേഖ അനിഷ്ടത്തോടെ ചോദിച്ചു.
"ഞാൻ ഇല്ലാത്ത സമയത്ത് ഒറ്റയ്ക് അങ്ങോട്ട് പോകരുത് കേട്ടല്ലോ.ഇവിടെ ഇരുന്നുകൊണ്ടുള്ള പരിചയപ്പെടൽ ഒക്കെ മതി."ലേഖ തീർത്തുപറഞ്ഞു.
"ഉത്തരവ് തമ്പുരാട്ടി!" മാളു ലേഖയെ കളിയാക്കി താണു  വണങ്ങുന്നതായി അഭിനയിച്ചു.ലേഖ ചിരിച്ച് കൊണ്ട് അകത്തേക്ക്  പോയി.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.ലേഖയും മകളും ചെടികൾക്ക് വെള്ളം നനയ്ക്കുകയായിരുന്നു.
"ഹേയ് വാനമ്പാടി!"
വിളികേട്ട ഭാഗത്തേക്ക് ലേഖ ഞെട്ടിത്തിരിഞ്ഞ് നോക്കി! അവരെ നോക്കി ചിരിച്ച് കൊണ്ട് നിൽക്കുന്നു ദേവി! ഒക്കത്ത് ആമിയുമുണ്ട്.
ദേവിയെ കണ്ടതും ലേഖ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നു!
"ഹേയ് വാനമ്പാടി!" ദേവി പിന്നെയും ലേഖയെ നോക്കി വിളിക്കുന്നു.
"ദേവിയേച്ചി !" ലേഖയുടെ ചുണ്ടുകൾ മന്ത്രിച്ചു.അവർ വേഗം മതിലിനടുത്തേക്ക് ചെന്നു.മാളുവിന്‌ ഒന്നും മനസ്സിലായില്ല.അവളും പിറകെ  ചെന്നു.
"ദേവിയേച്ചി! എവിടെയായിരുന്നു ഇത്രയും നാൾ? നിങ്ങളാണോ ഈ വീട് വാങ്ങിയത്?? എന്നെ എങ്ങനെ മനസ്സിലായി?" ലേഖ ഒറ്റശ്വാസ്സത്തിൽ ചോദിച്ചു.
"നിർത്തി നിർത്തി ചോദിക്കു ലേഖേ.എല്ലാം പറഞ്ഞുതരാം.നീ അപ്പുറത്തേക്ക് വായോ" ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ടാപ്പ് അടച്ചിട്ട് വാ മോളെ" ലേഖ മാളുവിനോട് പറഞ്ഞുകൊണ്ട് വേഗം ഗേറ്റ് തുറന്ന് അപ്പുറത്തെ വീട്ടിലേക്ക് പോയി.
ടാപ്പ് അടച്ച് ഗേറ്റും പൂട്ടി അപ്പുറത്ത്  ചെന്നതും ലേഖയും ദേവിയും കെട്ടിപ്പിടിച്ച് കരയുന്നു.അച്ഛമ്മ കരയുന്നത് കണ്ട് ആമി അച്ഛമ്മയുടെ കാലിൽ പിടിച്ച് എന്തിനെന്നറിയാതെ  കരയുന്നു.
"ആമിക്കുട്ടി ഇത് അച്ഛമ്മയുടെ പഴയ കൂട്ടുകാരിയാണ് ട്ടോ.അച്ചമ്മ സന്തോഷം കൊണ്ട് കരഞ്ഞതാ  അല്ലാതെ സങ്കടം വന്നിട്ടല്ല ." ദേവി ആമിയെ ആശ്വസിപ്പിച്ചു.മാളു കുഞ്ഞിനെ എടുത്തു.
"വന്നകാലിൽ  നിൽക്കാതെ അകത്ത് വാ ലേഖേ.മോളും വായോ" ദേവി അവരെ അകത്തേക്ക് ക്ഷണിച്ചു.
ലേഖയും മാളുവും ആ വീടിന്റെ അകം ആദ്യം കാണുകയായിരുന്നു.ഭംഗിയായി ഫർണിഷ് ചെയ്തിരിക്കുന്നു. രവിവർമ്മ ചിത്രങ്ങൾ രണ്ടുമൂന്നെണ്ണം ഉണ്ട്.ഷോക്കേസിൽ  പലതരത്തിലുള്ള അലങ്കാരവസ്തുക്കൾ.എല്ലാം വിലപിടിപ്പുള്ളതാണെന്ന് കണ്ടാലേ അറിയാം.മാളു എല്ലാം കൗതുകത്തോടെ നോക്കി.
"അമ്മയ്ക്കെങ്ങനെയാ ദേവിയമ്മയെ പരിചയം ?" മാളു ലേഖയോട് ചോദിച്ചു .
"ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാ മാളു.ഒരേ ഹോസ്റ്റലിൽ ആയിരുന്നു താമസവും.ദേവിയേച്ചി എന്റെ സീനിയർ ആയിരുന്നു.അന്നൊക്കെ ടെക്സ്റ്റ്ബുക്കും ഗൈഡും ഒക്കെ മേടിക്കാൻ എന്റെ  അച്ഛന്റെ കൈയിൽ കാശൊന്നുമില്ല.ദേവിയേച്ചി ആണെങ്കിൽ ഓരോ സെമെസ്റ്ററിലേക്കുള്ള  എല്ലാ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും കഴിഞ്ഞകൊല്ലങ്ങളിലെ ചോദ്യപേപ്പറുകളും എന്ന് വേണ്ട പഠിക്കാനുള്ളതെല്ലാം എത്ര വില കൊടുത്തും മേടിക്കും .ഫൈനൽ എക്സാം  കഴിയുമ്പോ ദേവിയേച്ചി ആ ബുക്കുകൾ എല്ലാം  എനിക്ക് തരും.അതുവെച്ചാ ഞാൻ പഠിച്ചോണ്ടിരുന്നത് .അത് മാത്രമല്ല ഫീസ് അടയ്ക്കാൻ കാശില്ലാതെ വന്ന പല അവസരങ്ങളിലും ദേവിയേച്ചി എന്നെ സഹായിച്ചിട്ടുണ്ട് .ഒരിക്കൽ  പോലും എനിക്കത്  തിരിച്ച് നൽകാൻ സാധിച്ചിട്ടുമില്ല." ലേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മാളു അത്ഭുതത്തോടെ ദേവിയെ നോക്കി.
"അത് വെറുതെ അല്ല കേട്ടോ.ഞാൻ അതിനു കമ്മീഷനും മേടിച്ചിരുന്നു.എന്താണെന്നറിയാമോ മോൾക്ക്?" ദേവി മാളുവിനോട്  ചോദിച്ചു.
"ഓരോ പ്രാവശ്യവും വീട്ടിൽ പോയിട്ട് തിരിച്ചവരുമ്പൊ ലേഖ ഒരു സൂത്രം കൊണ്ടുവരുവായിരുന്നു.നല്ല അസ്സല്  നെയ്പ്പായസ്സം ! ആകെ ഇച്ചിരിയെ ഉള്ളു എന്നാലും ഹോസ്റ്റൽ പിള്ളേര് മുഴുവനും  അതിനു വേണ്ടി കടിപിടി  ആയിരുന്നു.അത്ര സ്വാദാ അത് ! ലേഖയുടെ അമ്മ ഉണ്ടാക്കി തന്നുവിട്ടിരുന്നതാ .” "ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു.
മാളുവും ചിരിച്ചു.
"എന്താ അമ്മയെ വാനമ്പാടി എന്ന് വിളിച്ചേ?" മാളു ദേവിയോട് ചോദിച്ചു.
" നീ ലേഖേടെ പാട്ട് കേട്ടിട്ടില്ലേ മാളു?ഇവള്  നല്ല അസ്സലായിട്ട് പാടില്ലേ ! ഹോസ്റ്റലിൽ ഞങ്ങൾ ഇവളെക്കൊണ്ട് സ്ഥിരം പാടിപ്പിക്കും.കോളേജിൽ എല്ലാ പരിപാടിക്കും ഇവളുടെ ഒരു പാട്ട് ഉണ്ടാവും.ഇപ്പഴും ഉണ്ടോ പാട്ടും കച്ചേരിയുമൊക്കെ?" ദേവി ലേഖയെ നോക്കി ചോദിച്ചു.
ലേഖ പാടും എന്നുള്ളത് മാളുവിന് പുതിയ അറിവായിരുന്നു.അവൾ അത്ഭുതത്തോടെ ലേഖയെ നോക്കി.അവർ ഒരു മൂളിപ്പാട്ട് പാടുന്നത്പോലും മാളു ഇന്നുവരെ കേട്ടിട്ടില്ല! ജീവിത സാഹചര്യം അവരെ അങ്ങനെ മാറ്റിയതാവാമെന്ന് മാളുവിന്‌ തോന്നി.
"അതൊക്കെ ഒരു കാലം.ഇപ്പൊ അതിനൊക്കെ എവിടെയാ ദേവിയേച്ചി സമയം.നിർത്താതെ ഉള്ള ഓട്ടമല്ലേ."ലേഖ വിഷമത്തോടെ പറഞ്ഞു.
"ഞാൻ ഇന്നലെ മോളോട് പറഞ്ഞതെ ഉള്ളു നല്ലമുഖ പരിചയം തോന്നുന്നു എന്ന്..എവിടെയായിരുന്നു  ലേഖേ നീ?പഠിപ്പു നിർത്തി ആരുടെയോ കൂടെ പോയി എന്ന് അറിഞ്ഞു.കേട്ടപ്പോ വലിയ  വിഷമമായി.പിന്നെ നിന്നെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു ." ദേവി പറഞ്ഞു.
ലേഖ തന്റെ കഥ മുഴുവൻ പറഞ്ഞു.എല്ലാം കേട്ട്  രണ്ടുപേരും വീണ്ടും കരയാൻ തുടങ്ങി.
"അത് വിട് .നീ നമ്മുടെ സരസുവിനെ ഓർക്കുന്നോ ? ആ പൂച്ചക്കണ്ണുള്ള? അവൾ നമ്മുടെ മേനോൻ സാറിനെ കല്യാണം കഴിച്ചു." ദേവി പഴയകാര്യങ്ങൾ പറഞ്ഞുതുടങ്ങി.ലേഖ എല്ലാം അതിശയത്തോടെ കേട്ടിരുന്നു.അവരെ അവരുടെ ലോകത്ത് വിടുന്നതാണ് നല്ലത് എന്ന് മാളുവിന്‌ തോന്നി.
അവൾ ആമിയെ എടുത്ത് അവിടെ നടന്നു.
"മോളെ ഈ വീട് ഒക്കെ ഒന്ന് കണ്ടിട്ടുവാ .ഞങ്ങൾ പഴയ കാര്യങ്ങൾ  പറയാൻ തുടങ്ങിയാൽ പിന്നെ തീരില്ല.എത്ര കൊല്ലത്തെ വിശേഷങ്ങളാ പറയാൻ ഉള്ളത് .ആമി ആന്റിയെ മോളുടെ മുറി കാണിച്ചികൊടുത്തെ." ദേവി ആമിയോട് പറഞ്ഞു.
"വാ ഞാൻ എന്റെ ടോയ്‌സ് കാണിച്ചുതരാം" ആമി മാളുവിന്റെ എളിയിൽ നിന്ന് താഴെ ഇറങ്ങി  അവളുടെ കൈയിൽ പിടിച്ച് വലിച്ചു.
മാളു സമ്മതത്തിനായി ലേഖയെ നോക്കി.പൊയ്ക്കോളാൻ ലേഖ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
ആമി മാളുവിനെ പിടിച്ച് വലിച്ച്  സ്റ്റെയർകേസ് കയറി ദത്തന്റെ മുറിയുടെ തൊട്ടപ്പുറത്തുള്ള ആമിയുടെ മുറിയിലേക്ക് കൊണ്ടുപോയി.കളിപ്പാട്ടങ്ങൾ തട്ടി നടക്കാൻ വയ്യാത്ത ഒരു മുറിയിലേക്ക് അവർ ചെന്നു . മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് കളിയ്ക്കാൻ ഇത്ര കളിപ്പാട്ടങ്ങളോ?തന്റെ കുട്ടിക്കാലത്ത്  ഒരു ചെറിയ പാവ ഉണ്ടായിരുന്നു .പിന്നെ കുറച്ച് പന്തുകളും.ഒരുപക്ഷെ തന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ  തനിക്കും ഇതുപോലെ ഇട്ടുമൂടാൻ  കളിപ്പാട്ടങ്ങൾ കിട്ടിയേനേം.മാളു വേദനയോടെ  ഓർത്തു.
"അച്ഛ വാങ്ങിത്തന്നതാ ഇതൊക്കെ" ആമി ഗർവോടെ  പറഞ്ഞു.
"ആണോ കുറെ ഉണ്ടല്ലോ"മാളു അത്ഭുതം ഭാവിച്ചു.
"ഇനീം  ഉണ്ട് " ആമി ഒരു ചെറിയ പെട്ടി തുറന്ന് കളിപ്പാട്ടങ്ങൾ ഓരോന്നെടുത്ത്  മാളുവിനെ കാണിച്ചു.
മാളു അതെല്ലാം ആസ്വദിക്കുന്ന മട്ടിൽ ഇരുന്നു.ഇടയ്ക്ക് അവൾ പുറംതിരിഞ്ഞ്  മുറിക്കു പുറത്തേക്ക് നോക്കി.ദത്തൻ വരുന്നുണ്ടോ എന്ന് അറിയാൻ.ഇങ്ങോട്ട് വന്നപ്പോ മുറ്റത്ത്  കാർ  കണ്ടില്ല .അതുകൊണ്ട് വെളിയിൽ പോയതാവാം എന്ന് സമാധാനിച്ചു.
ലേഖയും ദേവിയും ചിരിച്ച് സംസാരിക്കുന്നത് കണ്ടുകൊണ്ടാണ്  ദത്തൻ കയറിവന്നത് .
"ദത്താ ഇത് അമ്മയുടെ പഴയ കൂട്ടുകാരിയാണ്.ഒരേ കോളേജിൽ ഒരേ ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങൾ.എത്ര വർഷങ്ങൾ കൂടിയാ  കാണണേ  എന്ന് അറിയോ?ലേഖയും മോളുമാ അപ്പുറത്ത് താമസിക്കണേ ." ദേവി സന്തോഷത്തോടെ പറഞ്ഞു.
ദത്തൻ ലേഖയെ നോക്കി ചിരിച്ചെന്നു വരുത്തി.ദേവിയെ രൂക്ഷമായി  നോക്കി.എന്നിട് സ്റ്റെയർകേസ് കയറി അവന്റെ റൂമിലേക്ക് പോവാൻ തുടങ്ങി.
"മോന് ഞങ്ങൾ വന്നത് ഇഷ്ടമായില്ല എന്ന് തോന്നുന്നു." ലേഖ ദേവിയോട് സംശയം പറഞ്ഞു .
"അതങ്ങനെ ഒരു ജന്മം ! നീ അത് കാര്യമാക്കണ്ട .
നീ വാ നമുക്ക് അടുക്കളയിൽ പോവാം .എന്തെങ്കിലും  കുടിക്കാൻ എടുക്കാം"ദേവി പറഞ്ഞു.
"മോള് മുകളിൽ ഉണ്ട് "ലേഖ മുകളിലേക്ക് നോക്കി പറഞ്ഞു.
"ആമിയുടെ കു‌ടെ അല്ലെ.അവൾക്ക് കളിയ്ക്കാൻ ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടില്ല."
അവർ ചിരിച്ചുകൊണ്ട് അടുക്കളയിൽ പോയി.
"അമ്മെ ഇതൊന്ന് ശെരിയാക്കിത്തരാമോ?"ഒരു ഒടിഞ്ഞ കളിപ്പാട്ടമെടുത്ത് ആമി മാളുവിന്റെ അടുത്ത് വന്ന് ചോദിച്ചു.മാളു ഞെട്ടിപ്പോയി!
"വാവ എന്താ പറഞ്ഞെ?" മാളു ചോദിച്ചു.
"ഇതൊന്നു ശെരിയാക്കിത്തരാമോ അമ്മെ?"ആമി കൊഞ്ചി.
ആദ്യമായാണ് ഒരു കുഞ്ഞ് തന്നെ അമ്മെ എന്ന് വിളിക്കുന്നത്! അവൾക്ക് എന്ത് ചെയ്യണം എന്നറിയാതെ ആയി.കുഞ്ഞിന്റെ അമ്മ എങ്ങാനും ഇത് കേട്ടോണ്ട് വന്നാൽ! പറഞ്ഞതുപോലെ അവർ എവിടെ?ആമിയുടെ അമ്മ?
ആമി ശരിയാക്കാൻ  കൊടുത്ത കളിപ്പാട്ടം മാളു തിരിച്ചും മറിച്ചും നോക്കി.
"ഇത് പൊട്ടിയതാണല്ലോ വാവേ.ഇത് നന്നാക്കാൻ പറ്റില്ല." മാളു പറഞ്ഞു.
"പൊട്ടിപ്പോയാ  അച്ഛൻ വക്കുപറയും !" ആമി ഭീതിയോടെ പറഞ്ഞു.
"എന്തിനാ വഴക്കുപറയുന്നത്?" മാളു ചോദിച്ചു.
"ടോയ്‌സ് തല്ലിപൊട്ടിക്കല്ലേ ആമി എന്ന് പറയും" ദത്തനെ അനുകരിക്കാൻ ആമി ശ്രമിക്കുന്നത്കണ്ട് മാളുവിന്‌ ചിരിവന്നു.
"അച്ഛൻ വഴക്കുപറയുന്നതിലും കാര്യമില്ലേ ?ടോയ്‌സ് കളിക്കാനുള്ളതല്ലേ?പൊട്ടിച്ചുകളയാമോ?" മാളു ചോദിച്ചു.
"പൊട്ടിച്ചതല്ല അമ്മെ.വെറുതെ താഴെ എറിഞ്ഞപ്പോ പൊട്ടിയതാ ." ആമി നിഷ്കളങ്കമായി പറഞ്ഞു.
"ഓഹ്  താഴെ എറിഞ്ഞപ്പോ പൊട്ടിയതാ അല്ലെ?" മാളു വീണ്ടും ചിരിച്ചു.
"എങ്കിൽ ഒരു കാര്യം ചെയ്യാം ഇനി വഴക്ക് പറയാൻ വന്നാൽ നമുക്ക് അച്ഛനെ വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താം ??" മാളു ചോദിച്ചു.
"വേണ്ട അമ്മെ വേണ്ട അച്ഛ പാവമാ.അച്ഛയ്ക്ക്  പേടിയാകും ഇരുട്ടത്ത് കിടന്നാ ." ആമിക്ക് സങ്കടം വന്നു.
"ശരി  കിടത്തുന്നില്ല.പക്ഷെ ഇനി ടോയ്‌സ് എറിയരുത്  കേട്ടോ."മാളു പറഞ്ഞു.
"ഇല്ല അമ്മെ എറിയൂല്ല " ആമി സമ്മതിച്ചു.
അവളുടെ അമ്മെ എന്നുള്ള വിളി മാളു  തിരുത്തിയില്ല .കേൾക്കുംതോറും  അവളോടുള്ള വാത്സല്യം കൂടി വരുന്നു.
"വാ നമുക്ക് താഴെ പോകാം?" മാളു പറഞ്ഞു.
ആമിയുടെ കൈ പിടിച്ച് വാതിലിനുനേർക്ക് തിരിഞ്ഞതും ഞെട്ടിപ്പോയി! അവിടെ കൈകൾ കെട്ടി വാതിലിൽ ചാരി നിന്ന് അവരെ ഗൗരവത്തോടെ  നോക്കി നിൽക്കുന്നു ദത്തൻ !

To be continued........
രചന : അഞ്ജന ബിജോയ് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot