നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരക്കില്ലം.

Image may contain: 1 person

അഞ്ച് മരണങ്ങൾ.
അതിൽ രണ്ട് മരണങ്ങൾ നടന്നത്
സമാനതകളോടെ.
രണ്ടും സ്ത്രീകൾ.
അതും രണ്ടും ആത്മഹത്യകൾ.
അത് പകർത്തി ലോകം കാണിക്കാനായി മൈാബൈൽ ഫോണുകൾ ക്യാമറ ഓണാക്കി വച്ചിരുന്നു. ബാത്ത്റൂമിനകത്ത്.
അടച്ചിട്ട ബാത്ത്റൂമിനുള്ളിലായിരുന്നു രണ്ടുപേരും പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തത്.
ആദ്യ മരണം കഴിഞ്ഞ് ഏകദേശം ഒരുമാസമായപ്പോൾ അടുത്ത മരണവും നടന്നു.
രണ്ടിലും വന്ന സമാനതകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അന്വേഷണം ഉത്തരേന്ത്യൻ മലയാളി എസ് ഐ പട്ടേലിൽ എത്തി.
സംഭവസ്ഥലങ്ങൾ നേരിട്ട് കണ്ട് തിരിച്ചെത്തിയ പട്ടേൽ.
സ്റ്റേഷനിൽ അകത്തുള്ള നടുവിലൊരു മേശയും രണ്ട് കസേരകളും മാത്രമുള്ള ഒറ്റമുറി.
മേശപ്പുറത്ത് നിരത്തിയിട്ടിരിക്കുന്ന കുറെ ഫോട്ടോകൾ.
അതിനിരുവശവും ഇരിക്കുന്ന രണ്ടു പേർ.
എസ് ഐ പട്ടേൽ മുന്നിലെ വെള്ള കടലാസ്സിൽ പേന കൊണ്ട് വരയ്ക്കുന്നതും കുത്തിക്കുറിയ്ക്കുന്നതും നോക്കി എതിർവശത്തിരിക്കുന്ന വെളുത്ത് സുന്ദരനായ ഒരു മധ്യവയസ്കൻ.
അവന്റെ മുഖത്തൊരു പുച്ഛം കലർന്നൊരു ഭാവമാണ് കാണുന്നത്.
ഭയം ലവലേശമില്ലാതെ തല ഉയർത്തിപ്പിടിച്ചുള്ള ഇരിപ്പ്.
പട്ടേൽ മുന്നിലെ കടലാസ്സിൽ ചതുരാകൃതിയിൽ ഒരു കോളം വരച്ചു.
അതിന് നടുവിലായി ഒരു വര കൊണ്ട് അതിനെ രണ്ടു ചതുരങ്ങളാക്കി.
ഓരോ ചതുരത്തിനുള്ളിലും തമ്മിൽ തൊടാത്ത വിധം രണ്ട് വൃത്തങ്ങൾ വരച്ചു.
എന്നിട്ട് മുഖമുയർത്തി മുന്നിൽ ഇരിക്കുന്നവനെ നോക്കി.
അവന്റെ മുഖത്ത് ചിരി തന്നെയായിരുന്നു.
പട്ടേൽ ഒരു കുപ്പി നിറയെ വെള്ളം അവന്റെ മുന്നിലേക്ക് വച്ചു.
''കുടിക്ക് "
ആർത്തിയോടെ അവനാ വെള്ളമെടുത്ത് മടാ മടാ കുടിക്കുന്നതിനിടയിൽ അവന്റെ താടിയിലൂടെ താഴേക്കൊഴുകുന്ന വെള്ളത്തുള്ളികൾ നോക്കിയിരുന്നിട്ട് പട്ടേൽ കടലാസ്സിലിലെ ചതുരങ്ങൾക്കുള്ളിലെ വൃത്തങ്ങൾക്ക് നടുവിലേക്ക് മുകളിൽ നിന്നൊരു സർപ്പം ഫണം വിടർത്തി ഒഴുകി വരുന്ന ചിത്രം കൂടെ വരച്ചു.
ആ കടലാസ്സെടുത്ത് അവനെ കാണിക്കുമ്പോഴേക്കും കുടിച്ച വെള്ളം തൊണ്ടയിൽ നിറഞ്ഞവൻ ചുമച്ച് ആ കണ്ണുകൾ മിഴിഞ്ഞു വന്നു.
മേശപ്പുറത്ത് നിരത്തിയിട്ടിരിക്കുന്ന
ഫോട്ടോകളിൽ
കത്തിക്കരിഞ്ഞ നിലയിലുള്ള രണ്ട് ശരീരങ്ങളുടെയും മറ്റും ചിത്രങ്ങൾ.
രണ്ട് പേരും അകത്ത് നിന്നും അടച്ചിട്ട കുളിമുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
പിന്നൊരു സമാനത എന്താണെന്ന് വച്ചാൽ
രണ്ട് പേരുടെയും മൊബൈലുകൾ അകത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിൽ കിട്ടിയിരുന്നു.
അത് പരിശോധനയ്ക്കയച്ചതിൽ നിന്നും രണ്ടും റിക്കോർഡിംഗ് മോഡിൽ ആയിരുന്നു.
"മരിച്ചവർ എന്തിനായിരിക്കും ബാത്ത്റൂമിൽ മൊബൈലും കൊണ്ട് കയറിയത്.?" അന്വേഷണത്തിനായി ആ വീടുകളിൽ ആദ്യം ചെന്നപ്പോൾ എസ് ഐ പട്ടേലിന്റെ ചോദ്യത്തിന് കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ രഘു മറുപടി പറഞ്ഞത്
"ഒരു പക്ഷേ സ്വന്തം മരണം പകർത്തി കാണിക്കാൻ ശ്രമിച്ചതായിരിക്കണം സർ. എന്നായിരുന്നു.
മേശപ്പുറത്ത് നിരന്ന് കിടക്കുന്ന
അന്നത്തെ ഫോട്ടോകൾ.
പൂർണ്ണ നഗ്നയായി കത്തിക്കരിഞ്ഞ് ചുവരിൽ ചാരിയിരിക്കും പോലെ ഒരു ശരീരം.
കണ്ണുകൾ രണ്ടും തുറന്നിരിപ്പുണ്ട്, തലയിൽ ഒരു മുടി പോലും ഇല്ലാതെ കത്തിക്കരിഞ്ഞിരിക്കുന്നു.
മുഖവും മാറിടവും മുഴുവൻ വെന്ത് അടർന്ന കാഴ്ച്ച ഒരുപാട് നേരം നോക്കി നിൽക്കാൻ കഴിഞ്ഞില്ല.
മാറിന് താഴെയുള്ള ഭാഗങ്ങൾ അധികം കത്തിയിട്ടില്ല.
മുഖത്തെല്ലാം എല്ലുകൾ വരെ പുറത്ത് കാണുന്നുണ്ട്.
പൂർണ്ണ നഗ്നയായ രണ്ടുപേർ.
വസ്ത്രങ്ങൾ കത്തിക്കരിഞ്ഞ് ശരീരത്തിനോടൊട്ടിക്കാണും.
ആദ്യം കാണുന്ന ഫോട്ടോയിലെ
രണ്ട് നില വീടിന്റെ അകത്തെ മുറിയ്ക്കുള്ളിലെ ബാത്ത്റൂമിലായിരുന്നു മരണം.
ചുവരുകളിൽ കത്തിയടർന്ന വെള്ള റ്റൈലുകൾ.
പകുതി ഗ്ലാസ്സ് വച്ച ഡോർ.
ഗ്ലാസെല്ലാം പൊട്ടി ബാക്കി വാതിൽ ഭാഗങ്ങൾ കത്തിക്കരിഞ്ഞ അതെ അവസ്ഥയിൽ
തന്നെയായിരുന്നു.
ഒരു മാസത്തിനിപ്പുറവും.
മാംസം കരിഞ്ഞ ഗന്ധം അപ്പൊഴും അതിനുള്ളിൽ നിറഞ്ഞിരിക്കുന്നത് പോലെ.
"അതിന് ശേഷം ഈ വീട്ടിൽ ആരും താമസമില്ല സർ "രഘു അന്ന് പറഞ്ഞിരുന്നു.
രണ്ടാമത്തെ വീട്ടിലെ അന്വേഷണത്തിനിടയിലാണ് അവിടെ കിടന്ന ഒരു ഒഴിഞ്ഞ കുപ്പിയെടുത്ത് പട്ടേൽ രഘുവിന് നൽകിയത്.
"രഘു താങ്കൾ ആ സ്ത്രീയായി അന്ന് ചെയ്ത ആത്മഹത്യ ഒന്ന് സങ്കല്പിച്ച് ചെയ്യാമോ"? ചോദ്യത്തിന് മറുപടിയായി രഘു ആ ഓടിട്ട കെട്ടിടത്തിന് പുറത്തുള്ള പഴയ കുളിമുറിയ്ക്കുള്ളിൽ കയറി കുറ്റിയിട്ടു മൊബൈൽ ഓണാക്കി വച്ചു.
ബാത്ത് റൂമിൽ കയറിയ രഘു തലയിലൂടെ കുപ്പിയിൽ നിന്നും ഒഴിക്കുന്നത് പോലെ കാണിച്ച് തീയും കൊളുത്തുന്നത് പോലെ അഭിനയിക്കുന്നത് പലവട്ടം പട്ടേൽ മൊബൈലിലെ വീഡിയോയിൽ കാണുന്നുണ്ടായിരുന്നു.
പട്ടേൽ രണ്ടു സംഭവങ്ങളിലെയും ഫോട്ടോകൾ ചേർത്തുവച്ചു പരിശോധിച്ചു.
പ്ലാസ്റ്റിക് കവറിൽ
സീൽ ചെയ്ത കത്തിയുരുകിയ രണ്ട് മൊബൈൽ ഫോണുകൾ.
അടുത്ത ഫോട്ടോ കുളിമുറിയ്ക്കുള്ളിലെ പല ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങൾ.
കത്തിക്കരിഞ്ഞ പൈപ്പുകൾ,ഷവർ ടാപ്പുകൾ, കത്തിയുരുകിയ വസ്ത്രങ്ങൾ, ബക്കറ്റ്, പച്ച നിറമുള്ളൊരു പാനീയത്തിന്റെ ഒരു കുപ്പിയും പകുതി ഉരുകിയൊരു ലൈറ്ററും.
ഇതിലായിരിക്കും പെട്രോൾ അകത്ത് കൊണ്ട് കയറിയത്.
രണ്ട്നില വീടിന്റെ അകത്തേയ്ക്കുള്ള വാതിലുകളും , ബാത്ത്റൂം വാതിലും അകത്ത് നിന്നും അടച്ചിട്ടുണ്ടായിരുന്നു.
ആത്മഹത്യയല്ലാതാകാൻ ഒരു മാർഗ്ഗവുമില്ല.
പട്ടേൽ അടുത്ത സംഭവത്തിന്റെ ഫോട്ടോകളെടുത്തു.
അതൊരു പഴയ ഓടിട്ട വീടായിരുന്നു.
പുറത്തായിരുന്നു കുളിമുറി.
അന്വേഷണത്തിന് ചെന്ന ദിവസം.
വീടിന് നാല് ചുറ്റും ഒന്നു വീക്ഷിച്ചപ്പോൾ,
പുറകിലായി ഉയരത്തിൽ കെട്ടിയിരിക്കുന്ന ടവറിന് മുകളിൽ കറുത്ത വാട്ടർ ടാങ്ക് ഇരിക്കുന്നുണ്ട്.
" ബാത്ത്റൂമിൽ പൈപ്പ് ഒന്നും കണ്ടില്ലല്ലോ "?
എന്നുള്ള പട്ടേലിന്റെ സംശയത്തിന്
"അന്നത്തെ തീയിൽ എല്ലാം കത്തി പോയില്ലേ?എന്ന് രഘുവിന്റെ മറുപടി.
ആ ടവറിന് താഴെ എത്തി പട്ടേൽ മുകളിലേക്ക് നോക്കി.
നല്ല ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്ക് അധികം പഴക്കമില്ലെന്ന് തോന്നുന്നു.
പരിസരം എല്ലാം ചുറ്റി ഒന്നു നോക്കി.
ടവറിന് താഴെയായി തറയിലായി ചുറ്റിനും പച്ചപുല്ലുകൾ വളർന്ന് നിൽക്കുന്നതിനിടയിൽ കുറച്ച് കരിഞ്ഞ പുല്ലുകൾ കണ്ടു.
പട്ടേൽ അതിൽ നിന്നും കുറച്ച് പറിച്ചെടുത്തു.
കൈയ്ക്കുള്ളിലിട്ട് ഞരടിയ പുല്ല് മൂക്കിൽ വച്ച് മണപ്പിച്ച് നോക്കി.
വെളുത്തുള്ളിയുടെ ഗന്ധം.
അതും ഒരു കവറിനുള്ളിലാക്കി മേശപ്പുറത്ത് ഇരിപ്പുണ്ട്.
തിരികെ സ്റ്റേഷനിലെത്തിയ ഉടനെ തന്നെ പട്ടേൽ ഒരു നിഗമനത്തിലെത്തി.
"രഘു....ഇത് ആത്മഹത്യകളല്ല കൊലപാതകങ്ങളാണ്."
പട്ടേൽ തന്റെ നിഗമനമറിയിച്ചു.
"അതെങ്ങനാ സാർ സ്വന്തം മൊബൈലിൽ സ്വന്തം കൊലപാതകം റിക്കോർഡ് ചെയ്യാൻ ശ്രമിക്കുമോ ആരെങ്കിലും.?"
പട്ടേൽ ഒന്നു ചിരിച്ചു.
"രഘു അവർ റിക്കോർഡ് ചെയ്തത് കൊലപാതകമോ ആത്മഹത്യയോ ആണെന്ന് എങ്ങനെ മനസ്സിലാക്കി ഏതെങ്കിലും വീഡിയോ കണ്ടിരുന്നോ?"
"ഇല്ല സർ "രഘു പറഞ്ഞു.
മൊബൈലിൽ അന്ന് രഘു ഡെമോ ആയി ചെയ്ത വീഡിയോ ഓണാക്കി പട്ടേൽ രഘുവിന് കാണിച്ചു.
"രഘു എന്താ അന്ന് ഞാൻ ഡെമോ ചെയ്യാൻ പറഞ്ഞപ്പോൾ വസ്ത്രങ്ങൾ അഴിച്ച് മാറ്റാതെ അത് കാണിച്ചത്.?"
"അതിന്റെ ആവശ്യമില്ലല്ലോ സർ"
എന്ന് രഘുവിന്റെ മറുപടി.
"അതാണ്, അപ്പൊ അതിന്റെ ആവശ്യമില്ല. പിന്നെന്തിനാണ് ഈ രണ്ടു മരണത്തിലുമിവർ വസ്ത്രം അഴിച്ച് മാറ്റിയിട്ടിരിക്കുന്നത്.?"
പട്ടേൽ രണ്ടു ഫോട്ടോകൾ കാണിച്ചതിൽ രണ്ടിലും ബാത്ത്റൂമിനുള്ളിൽ ഒരു മൂലയിലായി കത്തിയുരുകി അവശേഷിച്ച കുറച്ച് വസ്ത്രങ്ങളുടെ ഭാഗങ്ങൾ കണ്ടു.
കത്തിക്കരിഞ്ഞ രണ്ട് ശരീരങ്ങളുടെ ഫോട്ടോയും അതിനോട് ചേർത്ത് വച്ചു.
നൂൽബന്ധം പോലുമില്ലാത്ത ശരീരങ്ങൾ.
സമാനമായ ഒരു സംഭവം അടുത്ത കാലങ്ങളിൽ എപ്പൊഴെങ്കിലും നടന്നോ എന്ന് പരിശോധിച്ചപ്പോഴോണ്.
രഘു ഒരു ഫയലുമായെത്തിയത്.
''ഒരു വർഷം മുൻപ് ഒരു സ്ത്രീ മരിച്ചിരുന്നു. ആത്മഹത്യയായിരുന്നു.
കുളിമുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച്.
ഒരു കോളേജ് ലക്ച്ചറർ.
അവരുടെ മകൾ ആ കോളേജ് കെട്ടിടത്തിലെ മുകൾനിലയിൽ നിന്നും ചാടി മരിച്ച് പത്താം ദിവസം അവർ ആത്മഹത്യ ചെയ്യുകയായിരുന്നു.
അതു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ പെൺകുട്ടിയോടൊപ്പം പഠിച്ച ബൊഗേന്ദ്ര എന്ന ഹിന്ദിക്കാരൻ ആൺക്കുട്ടിയും കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു.
അത് അവളുടെ കാമുകനായിരുന്നു എന്നാണ് കേസ് ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത് സർ."
രഘു കൈയ്യിലിരുന്ന ഫയൽ വായിച്ചു നിർത്തി.
തൊണ്ട പൊട്ടുന്ന നിലവിളിയോടു കൂടെ ഒന്നിന് പുറകെ ഒന്നായി രണ്ടു ശരീരങ്ങൾ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വന്ന് വീഴുന്നതിന്റെ ശബ്ദം.
ചുറ്റിനും ചിതറി തെറിച്ച് ഒഴുകി പരക്കുന്ന ചോര.
പട്ടേലിന്റെ മനസ്സിലൂടെയാ ചിത്രങ്ങൾ കടന്നു പോയി.
''ആ സ്ത്രീയുടെ മരണം.
അവിടെന്ന് മൊബൈൽ കിട്ടിയിരുന്നോ?"
''ഇല്ല സർ പക്ഷേ ഇവരുടെ സ്വന്തമായെടുത്ത നഗ്നചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു അന്നൊക്കെ.
അതിൽ മനംനൊന്താണ് കോളേജിൽ പഠിച്ചിരുന്ന ഇവരുടെ മകൾ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.''
"ശരി ഇവരുടെ ഭർത്താവ്?"
" അയാൾ ആ കോളേജിലെ തന്നെ ഒരു പാവം കെമിസ്ട്രി പ്രാഫസറാണ് സർ" പ്രൊഫസർ.ജോനാതൻ."
മറുപടി കേട്ട് പട്ടേൽ ഒന്നു ചിരിച്ചു.
നടുക്കുള്ള തടിമേശയും,അതിന് മുകളിലെ ഫോട്ടോകളും, അപ്പുറവും ഇപ്പുറവും രണ്ട് കസേരകളിലായി പട്ടേലും അയാളും മുഖത്തോട് മുഖം നോക്കി ഇരിപ്പുണ്ട്.
"പറയൂ കെമസ്ട്രി പ്രാഫസർ മിസ്റ്റർ ജോനാതൻ താങ്കളെ എന്തിനാണ് ഇവിടെ കൊണ്ടു വന്നതെന്നറിയാമോ?"
മേശയ്ക്കിരുവശവുമുള്ള മൗനത്തിന് വിരാമമായി പട്ടേൽ ചോദിച്ചു.
"എനിക്ക് നിങ്ങളെ അറിയാം സർ, ഒരുപാട് കേട്ടിട്ടുണ്ട്.
അന്വേഷണത്തിന് സാർ എത്തിയെന്നറിഞ്ഞത് മുതൽ കാത്തിരിക്കുവായിരുന്നു ഞാൻ."
"ശരി നിന്റെ ഭാര്യ ആരുടെയോ മുൻപിൽ തുണിയുരിഞ്ഞു,
നിന്റെ മകൾ മരിച്ചതിന് പകരമായി,
നീ വിദഗ്ദമായി അവളെ കൊന്നു. പിന്നെന്തിനാണ് നീ സൈക്കോയെ പോലെ മറ്റുള്ളവർക്ക് നേരെ തിരിഞ്ഞത്.?" എന്നതായിരുന്നു പട്ടേലിന്റെ ചോദ്യമെങ്കിലും സ്വന്തം അമ്മയുടെ നഗ്നത കണ്ടാസ്വദിക്കുന്ന സഹപാഠികളുടെ പരിഹാസമേറ്റ് വാങ്ങുന്ന ഒരു പെൺകുട്ടിയുടെ ദീനമായ മുഖം ഉണ്ടായിരുന്നു മനസ്സിൽ.
ഒടുവിൽ ചേതനയറ്റ അവളുടെ ശരീരത്തിന് മുകളിൽ പുതച്ച വെള്ളത്തുണിയിൽ വിതറിയ ചുവന്ന റോസാപ്പൂവുകൾ പോലുള്ള ചോരത്തുള്ളികൾ.
അത് കണ്ട് അലറി വിളിക്കുന്ന നിസ്സഹായനായ ഒരു അച്ഛന്റെ മുഖവും ആ ഭാവങ്ങൾ മാറിമാറുന്ന രൂപവും.
"ചത്തവരാരും പുണ്യാളത്തികളല്ലായിരുന്നു സർ" മുരൾച്ച പോലായിരുന്നു അവന്റെ മറുപടി.
നിമിഷ നേരത്തെ നിശബ്ദത പട്ടേൽ മനസ്സിലെ ചിത്രങ്ങൾ ഉപേക്ഷിച്ച് തിരികെയെത്തി
"ശരി എങ്ങനെ കൊന്നു? എന്നല്ല എന്റെ ചോദ്യം.
അത് മനസ്സിലായി.
അന്ന് ടാങ്കിൽ നിന്നും ബാത്ത്റൂമിലേക്കുള്ള പൈപ്പിൽ വാൽവിന് താഴെയായി മുറിച്ച് നീയന്ന് പെട്രോൾ നിറച്ചിരുന്നു.
കുളിമുറിയ്ക്കുള്ളിൽ രണ്ട് വശങ്ങളിലായി ഗ്ലിസറിനും പൊട്ടാസ്യം പെർമാഗ്നേറ്റ് തരികങ്ങളും നീ വിതറിയിരുന്നു.
പട്ടേൽ മുന്നിലെ കടലാസ്സിലെ ചതുരക്കോളത്തിനുള്ളിലെ വൃത്തങ്ങൾക്കുള്ളിൽ ഗ്ലിസറിനെന്നും പൊട്ടാസ്യമെന്നും എഴുതി വച്ചു.
OR സോഡിയം + പൊട്ടാസ്യം എന്ന് മുകളിൽ നിന്ന് താഴേക്കുള്ള സർപ്പത്തിന്റെ വിടർന്ന ഫണത്തിനുള്ളിൽ നിന്നും നീണ്ട് പുറത്തേയ്ക്കുന്തിയ നടുഭാഗം മുറിഞ്ഞ് ഇരുവശത്തേക്കും നീണ്ട നാവിന്റെ ഇരുഭാഗത്തും എഴുതി വച്ചു.
"ദാ കണ്ടോ?"
പട്ടേൽ മരണം നടന്ന രണ്ടു വീടുകളിലേയും കത്തിക്കരിഞ്ഞ പൈപ്പിന്റെ ഫോട്ടോ എടുത്തു കാണിച്ചു.
രണ്ടിലും വാൽവിന് താഴെയായി മുറിച്ചിട്ട് പുതിയ കണക്ടർ വച്ചിട്ടുണ്ട്.
''ഷവറിന്റെ ടാപ്പ് തുറന്ന അവർ പെട്രോൾ കെമിക്കൽസിനെ യോജിപ്പിച്ച് സ്പ്പാർക്ക് ഉണ്ടാക്കി തീ പടർന്ന് പിടിച്ചു മരിച്ചു. അല്ലേ?"
പട്ടേൽ പറഞ്ഞു നിർത്തി.
മുകളിൽ നിന്ന് താഴേക്ക് വരച്ച് വച്ച സർപ്പ ചിത്രത്തിന് മുകളിൽ പെട്രോൾ എന്നുകൂടെ എഴുതി ചേർത്തു.
അവനിൽ ഒരു ചിരി മാത്രം മറുപടി.
"നിനക്ക് എവിടെക്കൊ പിഴച്ചെന്ന് അറിയാമോ പ്രാഫസർ ജോനാതൻ ? "
"അറിയാം സർ അയാൾ പറഞ്ഞു.
കുളിമുറിയിലെ പൈപ്പ് ലൈൻ മാത്രം ഏകദേശം മെയിൻ വാൽവ് വരെ കത്തിപ്പോയിരുന്നു. രണ്ടിടത്തും.
പിന്നെ ഒരിടത്ത് അകത്ത് പെട്രോൾ കൊണ്ട് കയറിയെന്ന് കാണിക്കാനായി കുപ്പിയോ ലൈറ്ററോ ഇടാൻ സാധിച്ചില്ല ഇതൊക്കെയല്ലേ.?"
പട്ടേൽ അവന്റെ കൂസ്സലില്ലായ്മയിലേക്ക് നോക്കിയിരുന്നു.
കൈയ്യിലെ കടലാസ്സിലേക്ക് വീണ്ടും എഴുതിയും ചിത്രം വരച്ച് കൊണ്ടുമിരുന്നു.
തന്റെ നിരീക്ഷണത്തിൽ കിട്ടാതിരുന്ന ഒരു തെളിവ് അവൻ തന്നെ പറഞ്ഞ് തന്നിട്ടും അന്വേഷണം ഇവനിലേക്ക് എത്താനുള്ള കാരണം
അവന്റെ ഷൂസിനടിയിൽ എങ്ങനെയോ പറ്റിയിരുന്ന വൈറ്റ് ഫോസ്ഫറസ് തരികൾ പുല്ലിൽ പറ്റി അത് കരിഞ്ഞതായിരുന്നു. അതിന്റെ വെളുത്തുള്ളിയുടെ ഗന്ധമായിരുന്നു.
എന്നുള്ള കാര്യം പട്ടേൽ മനസ്സിൽ തന്നെ ഒളിപ്പിച്ചു.
"ശരി അവർ നല്ല സ്ത്രീകൾ അല്ലായിരുന്നിരിക്കാം പക്ഷേ അവരെ കൊണ്ടത് ചെയ്യിച്ച് ആ വഴിയിൽ കൊണ്ടു വന്നവനും വേണ്ടേ ശിക്ഷ പ്രാഫസർ ".
''വേണമല്ലോ സാർ അവൻമാരെയും കണ്ടുപിടിക്കണം കത്തിക്കണം."
അയാളുടെ മുഖത്ത് രൂക്ഷ ഭാവം പരന്നു.
"ആണോ പിന്നെന്തിനാണ് കത്തിക്കാതെ നീ ബൊഗേന്ദ്രയെ കോളേജ് കെട്ടിടത്തിൽ നിന്നെറിഞ്ഞ് കൊന്നത്.?"
തല കുമ്പിട്ടിരുന്ന പ്രൊഫസർ മുഖമുയർത്തി പട്ടേലിനെ നോക്കി.
പട്ടേൽ ഒന്നു ചിരിച്ചു.
"മറുപടി വേണ്ട, ഇവിടെ ഒരു ആത്മഹത്യയെ നടന്നിട്ടുള്ളു.
നിന്റെ മകൾ മാത്രം.
മറ്റെല്ലാം അപ്പൊഴേക്കും സൈക്കോ ആയി മാറിയ നീ ചെയ്തതാണ്.
ബൊഗേന്ദ്ര നിന്റെ മകളുടെ അല്ല ഭാര്യയുടെ കാമുകനായിരുന്നു.
അവൾ തുണിയഴിച്ചതും അവന് മുന്നിലായിരുന്നു. ല്ലേ..?"
പറഞ്ഞ് നിർത്തി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു പട്ടേൽ.
രഘൂ എന്ന് നീട്ടി വിളിച്ചപ്പോൾ പുറത്ത് നിന്നും കോൺസ്റ്റബിൾ രഘു കയറി വന്നു.
പട്ടേൽ കൈയ്യിൽ വരച്ചും എഴുതിയും ഇരുന്ന കടലാസ്സ് രഘുവിന് കൊടുത്തു.
രഘു അത് നോക്കിയിട്ട് ശരിസാർ എന്നു പറഞ്ഞ് പുറത്തേക്ക് പോയി.
"അപ്പൊ എങ്ങനാ ഇവരെക്കൊണ്ട്
തുണിയഴിപ്പിച്ചവനെയും കത്തിക്കണ്ടേ " ?
പട്ടേൽ വീണ്ടും ചോദിച്ചു നിർത്തി.
"കുറ്റക്കാരനാണെന്ന് ലോകം മുഴുവൻ അറിഞ്ഞിട്ടും വാര്യർ മാഷിനെ വെറുതെ വിട്ടവനാണ് താങ്കളെന്നെനിക്കറിയാം.
തെളിവുകൾ ഉണ്ടോ എന്നെ കോടതിയിൽ ഹാജരാക്കി കൊള്ളു.
ഞാൻ ശിക്ഷ വാങ്ങി കൊള്ളാം.
ഇതെല്ലാം സാറിന്റെ അനുമാനങ്ങളല്ലേ?" അപ്പൊഴും ശാന്തനായി തന്നെ അവന്റെ മറുപടി വന്നു.
"ഹ ഹ വാര്യർ മാഷും നീയും ഒന്നാണോ?
സ്ത്രീകളെ വശീകരിച്ച് പ്രലോഭിപ്പിച്ച് ബാത്ത്റൂമിൽ വരെയെത്തിച്ചു.
അവരുടെ തുണികൾ ഓരോന്നായി അഴിപ്പിച്ച് ആ കാഴ്ച്ചകൾ ഒരറ്റത്തിരുന്നു കണ്ട് കൊണ്ട്
അവരുടെ നഗ്നത ആസ്വദിച്ച്,
ഒടുവിൽ പൈപ്പിന്റെ ടാപ്പ് അവരെ കൊണ്ട് തന്നെ തുറപ്പിച്ച് അവർ പോലും അറിയാതെ അവരെ ആത്മഹത്യയിലേക്ക് നയിച്ച് പച്ചയ്ക്ക് കത്തുന്ന കാഴ്ച്ചയും നേരിട്ട് കണ്ട് ആസ്വദിക്കുന്ന സൈക്കോ ആയ നിനക്കുള്ള ശിക്ഷ കോടതിയില്ലല്ല.
നീ സമ്മതിച്ചതല്ലേ കത്തിക്കാൻ പിന്നെന്താ?" പട്ടേലിന്റെ നിഗമനങ്ങൾ ശരിയാണെന്നുറപ്പിക്കാൻ എഴുതി കിട്ടിയ കടലാസ്സിലെ സാധനങ്ങളിൽ കുറച്ച് പ്രൊഫസറുടെ വീട്ടിൽ നിന്ന് രഘും അപ്പൊഴേക്കും കണ്ടെടുത്തിരുന്നു.
"സാറേ നിങ്ങൾ എന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം.
ഇനി നിങ്ങൾ എന്നെ കൊന്നാലും ഇതിവിടെ അവസാനിക്കുന്നില്ല സാറെ.
ഒരു പത്തു ദിവസത്തിനകം അടുത്തൊരുത്തി തുണിയഴിച്ച് കത്തിക്കരിഞ്ഞിരിക്കും.
അതിന് ഞാൻ ജീവനോടെ വേണമെന്നു തന്നെയില്ല.
അത് കഴിഞ്ഞാലും ഇനിയിത് തുടർന്ന് കൊണ്ടേയിരിക്കും.
വാര്യർമാഷ് താക്കോൽ പണിത കഥ പോലെ സാർ ഈ കേസും ഡീറ്റെയിൽസ് കഥയായി പുറത്ത് വിടണം.
ലോകം കാണാൻ കാമം മൂത്ത് അന്യന് വേണ്ടി ഇനിയാര് ക്യാമറയ്ക്ക് മുന്നിൽ തുണിയുരിഞ്ഞാലും കത്തിക്കരിഞ്ഞിരിക്കും."
അലറി കൊണ്ടായിരുന്നു അയാളുടെ സംസാരം.
ശരിക്കുമവൻ ഭ്രാന്തനെപ്പോലെയായി. മേശപ്പുറത്തെ ഫോട്ടോകൾ വിലങ്ങ് വച്ച കൈകൾ കൊണ്ടവൻ തട്ടിയെറിഞ്ഞു.
"കഥ ഞാൻ പുറത്ത് വിടും.
നീ ചെയ്ത് നിർത്തിയത് മാത്രമല്ല,
ഇതിന്റെ അവസാനവും കൂടെ ചേർത്ത്.
ചെയ്യുന്നവളുമാർക്കും, ചെയ്യിക്കുന്നവർക്കും ഒരു പാഠമാകും വിധം."പട്ടേൽ പറഞ്ഞു നിർത്തിയപ്പോഴേക്ക്
രഘു അവിടേക്ക് കയറി വന്നു.
പെരുവിരൽ ഉയർത്തിക്കാണിച്ചു.
ഒരു കുപ്പി നിറയെ വെള്ളം കുടിക്കാൻ പ്രൊഫസറിന് കൊടുത്തിട്ട് പട്ടേൽ മുറിയിൽ നിന്ന് പുറത്തിറങ്ങി.
ഒരു മണിക്കൂർ കഴിഞ്ഞ് അവർ കാത്തിരുന്ന പോലെ പ്രൊഫസർ ജോനാതൻ അവരെ വിളിച്ചു.
"ടോയ്ലറ്റിൽ പോകണം" എന്നാവശ്യപ്പെട്ടു.
പട്ടേലും രഘുവും മുഖത്തോട് മുഖം നോക്കി.
''ശരി അവന് ടോയ്ലറ്റ് കാട്ടി കൊടുക്കു." പട്ടേൽ പറഞ്ഞു.
പ്രാഫസർ ജോനാതനുമായി പുറത്തിറങ്ങിയ രഘു കാണിച്ചു കൊടുത്ത പുറത്തുള്ള ടോയ്ലറ്റിൽ കയറി അവൻ അകത്ത് നിന്ന് കുറ്റിയിട്ടു.
കുറച്ച് നിമിഷങ്ങൾക്കകം നിലവിളിയോടെ തീ അതിനുള്ളിൽ ആളിക്കത്തി.
രഘു കൈയിലിരുന്ന പട്ടേൽ വരച്ചും എഴുതിയും കൊടുത്ത പൈപ്പ് ലൈൻ ചിത്രങ്ങളും, കെമിക്കൽസിന്റെ പേരുകളുമടങ്ങിയ കടലാസ് ചുരുട്ടി അടുത്തിരുന്ന ചവറ്റുകുട്ടയിലേക്കിട്ടു.
തന്റെ അനുമാനങ്ങൾ ശരിയായിരുന്നു. എന്നുറപ്പിച്ച എസ് ഐ പട്ടേൽ,
"പോലീസ് കസ്റ്റഡിയിലിരുന്ന പ്രതി സ്റ്റേഷൻ ടോയ്ലറ്റിൽ വച്ച് ആത്മഹത്യ ചെയ്തു."
നാളത്തെ പത്രവാർത്തയെന്നപോൽ മുന്നിലുണ്ടായിരുന്ന കടലാസ്സിൽ എഴുതി വച്ചു. മേശപ്പുറത്ത് റിംഗ് ചെയ്ത് കൊണ്ടിരിന്ന കറുത്ത ഫോണിനപ്പുറത്ത് മറ്റൊരു മരണ വാർത്ത അപ്പൊഴും കാത്തിരിക്കുന്നുണ്ടായിരുന്നു.
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot