
''മഞ്ഞു പോലെ... മാൻ കുഞ്ഞുപോലെ
മുല്ല പോലെ നിലാ ചില്ല പോലെ''
അവൾ തന്ത നത്തിൽ തനനിൽ
തന്തി യെത്തും തനനിൽ
'തന്ത നന തന്ത നന നാ'....
മുല്ല പോലെ നിലാ ചില്ല പോലെ''
അവൾ തന്ത നത്തിൽ തനനിൽ
തന്തി യെത്തും തനനിൽ
'തന്ത നന തന്ത നന നാ'....
''പുല്ല്! എത്ര തവണയീ പാട്ട് മാറി മാറി കേട്ടുവെന്നറിയില്ല...പാട്ടുപുസ്തകം വാങ്ങി പെൻസിൽ കൊണ്ട് കുളിമുറിയിൽ എഴുതി, കാണാതെ പഠിച്ചിട്ടും, പാട്ട് പാടി ആദ്യത്തെ നാലുവരിയിലെ 'അവൾ' കഴിയുമ്പോൾ സ്വയം തന്തയ്ക്ക് വിളിച്ച പോലെ 'തന്ത നന തന്ത നന നാ' യാവുകയാണല്ലോ ഈശ്വരാ!''
ഇന്നലെ വൈകിട്ട് തുടങ്ങിയതാണിത്. വെളുപ്പിന് എണീറ്റ് പഠിച്ചാൽ ഓർമ്മ കിട്ടുമെന്ന് വച്ച്, അഞ്ച് മണിക്ക് അലാറം വച്ച് ഉണർന്ന് കുളിമുറിയിലെ അലൂമിനിയം ബക്കറ്റിൽ തൊട്ട് ധ്യാനിച്ച് കയറിയതാ... എന്നിട്ടും ആ മറ്റെ - 'അവൾ' കഴിയുമ്പോൾ 'തന്ത നന തന്ത നന നാ'!
നയന ഈ പാട്ട് മൂളിപ്പാട്ടായി പാടി നടന്നപ്പൊ മുതൽ തുടങ്ങിയതാണ് ഈയുള്ളവന്റെ ഒടുക്കത്തെ ദുരാഗ്രഹം. കോളേജ് കാംപസിൽ ഒരു കുഞ്ചാക്കോ ബോബനായി അവളുടെ മുന്നിലൂടെ - ''മുത്തു പോലെ - തത്ത പോലെ - ചീള് പോലെ" - ഈ പാട്ട് പാടിത്തകർക്കണം. അത് കേട്ട് തരളിതയായി, നമ്രശിരസ്കയായി, കോരിത്തരിച്ച് അവളെന്നോട് പറയണം...
"ഒന്നൂടെ പാടുമോ?"
ഞാൻ വീണ്ടും പാടും!... ഒന്നുരണ്ട് പ്രാവശ്യം നിർബ്ബന്ധിച്ച് പാടിച്ചിട്ടൊടുവിൽ അവളെന്നോട് പറയും...
"എനിക്കിഷ്ടമാണ് - പാട്ടും, പാടിയ ആളേയും!''
ഞാനത് കേട്ട് ഷാരൂഖ് ഖാനേപ്പോലെ മുട്ടുകുത്തിയിരുന്ന് അവൾക്കു നേരേ കൈ നീട്ടും. നീണ്ട് മെലിഞ്ഞ് സുന്ദരമായ കൈകൾ എന്റെ തണുത്തു മരവിച്ച കൈകളിലേക്ക് വച്ച് അവൾ മെല്ലെ കണ്ണൊന്നടയ്ക്കും...
പിന്നെ...
അടുത്ത ലൊക്കേഷൻ സ്വിറ്റ്സർലന്റാണ് - ഞങ്ങൾ കടും കളർ സ്വെറ്റർ ഒക്കെയിട്ട് അങ്ങോട്ടുമിങ്ങോട്ടും മഞ്ഞുണ്ടകൾ എറിഞ്ഞ്, കെട്ടിപ്പിടിച്ചങ്ങനെ 'തന്ത നന തന്ത നന നാ'!
കക്കൂസിൽ ഇരുന്നപ്പോഴും ഉരുവിട്ട് പഠിച്ചത് 'തന്ത നന തന്ത നന നാ' യാണെങ്കിലും പാട്ടായി പുറത്തുവന്നത് "താമസമെന്തേ വരുവാൻ" ആണ്. ഒടുവിൽ "മൈനാഗം കടലിൽ നിന്നുയരുന്നുവോ" ആയപ്പോഴാണ് അമ്മ ഡോറിൽ അടിച്ച് ''അച്ഛനെ ഉണർത്തണോ?'' എന്ന ഒരു വൻ ഭീഷണി മുഴക്കിയപ്പോഴാണ് സമയത്തെക്കുറിച്ച് ബോധം വന്നത്.
പാടവരമ്പിലെ വീട്ടിൽ, രാവിലെ ആറു മണിക്കാണ് സുരേഷ് സാറിന്റെ കെമിസ്ട്രി ട്യൂഷൻ ക്ലാസ്. അവിടെ വച്ചാണ് പീരിയോഡിക് ടേബിളിൽ ഇട്ട് H2SO4 നെ NaHCO3 യിൽ കുഴച്ച് തലയ്ക്കകത്ത് കയറ്റുന്നത്. ഞങ്ങൾ അഞ്ചാണുങ്ങളും നയനയുൾപ്പെടെ നാല് പെൺകുട്ടികളുമാണ് ക്ലാസിൽ. ട്യൂഷനുള്ള ദിവസങ്ങളിൽ രാവിലെ കുളിച്ച്, കുറി തൊട്ട്, പട്ട് പാവാടയുടുത്ത് കൃത്യം അഞ്ചേമുക്കാലിന് നയന ക്ലാസിലെത്തും. ആണുങ്ങളിലെ ആൽക്കെമിസ്റ്റ് സജു പാപ്പച്ചനും ആ സമയത്ത് ക്ലാസിലുണ്ടാകും. കോളേജിലെ അറിയപ്പെട്ട പ്രണയജോഡികൾ തന്നെയായിരുന്നു ട്യൂഷൻ ക്ലാസിലെ ബാക്കിയുള്ള ഞങ്ങളുടെ മൂന്നു ജോഡി കൂട്ടുകാർ. അവർ കോറസ് കഴിഞ്ഞ് ഒരുമിച്ച് എത്തുമ്പോൾ ആറു മണി കഴിയും!.
എവിടെ വച്ചെങ്കിലും ഒന്നു മിണ്ടാൻ, ഒരു നോട്ടം കിട്ടാൻ, ഒന്നു ചിരിച്ചു കാണാൻ ഞാൻ അവളറിയാതെ പിറകേ നടന്നു. ഏതോ ചെയിൻ റിയാക്ഷൻ പോലെ എന്നിൽ പതഞ്ഞു പൊങ്ങുന്ന C12H22O11 അവൾ അടുത്തേക്ക് വരുമ്പോൾ സോഡിയം ക്ലോറൈഡ് പരലായി മാറിക്കൊണ്ടിരുന്നു. ഏതായാലും ആ ദിവസം അഞ്ചേമുക്കാലിനും ആറിനുമിടയിൽ, ഹരിതാഭമായ പാടവരമ്പിൽ, കളകളാരവം പൊഴിക്കുന്ന തോട്ടിൻ കരയിൽ, ഞാനെന്റെ മനസ്സ് അവൾക്കു മുമ്പിൽ 'തന്ത നന തന്ത നന നാ' താളത്തിൽ തുറന്നു കാട്ടുമെന്ന് ഉറപ്പിച്ചു! അവിടുന്ന് ഞങ്ങൾ നേരെ സ്വിറ്റ്സർലണ്ടിലേക്ക്!. മനസ്സിൽ മഞ്ഞുണ്ടകൾ പൊഴിഞ്ഞു വീണു.
കറക്ട് അഞ്ച് നാൽപ്പതിന് തന്നെ ഞാൻ റോഡിലെത്തി നയനയേയും കാത്തു നിൽപ്പുറപ്പിച്ചു. ടെൻഷൻ കാരണം ആ പാട്ടിന്റെ വരികൾ ഒരു പേപ്പറിൽ എഴുതി കൈയ്യിൽ ചുരുട്ടി വച്ചിരുന്നു. കൃത്യ സമയത്തു തന്നെ അവൾ അച്ഛനുമായി സ്കൂട്ടറിൽ വന്നു. ''നിനക്ക് ഇവൻ കൂട്ടുണ്ടല്ലോ!'' എന്നു പറഞ്ഞ് ഭാവി അമ്മായിയപ്പൻ സ്കൂട്ടർ തിരിച്ച് മടങ്ങിപ്പോയി.
ഞാൻ നയനയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്ന മട്ടിൽ ''മുന്നേ നടന്നോളൂ'' എന്നു കൈ കാണിച്ച് പാടവരമ്പിലേക്ക് നീങ്ങി ഒന്നൊതുങ്ങി നിന്നു. സുന്ദരമായി ഒന്നു ചിരിച്ച് അവളും പാടവരമ്പിലെത്തി. ഒരാൾക്കു നടക്കാൻ പറ്റുന്ന പാടവരമ്പിൽ ഞാനും അവളും ഒരു മോളിക്യൂൾ അകലത്തിൽ അഭിമുഖമായി നിന്നു. പേടി കാരണം എന്റെ ബ്ലഡിലെ ഗ്ലൂക്കോസ് നില അപകടകരമായി താഴാൻ തുടങ്ങി. ഗ്ലൂക്കോസ് വീണ്ടെടുക്കാനായി ''ഇന്ന് ചന്ദനക്കുറിയില്ല, മൂന്നു ദിവസമായി കുങ്കുമക്കുറിയാണല്ലോ? എന്തു പറ്റി?'' എന്ന് ഊമപ്പയ്യനിലെ ജയസൂര്യയുടെ മട്ടിൽ ഒരു ചോദ്യം കീറി. കടുപ്പിച്ചൊരു നോട്ടവും വെട്ടിത്തിരിഞ്ഞുള്ള നടത്തവും ആയിരുന്നു ഉത്തരം. ഒന്ന് ചമ്മിയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് ''പീരിയോഡിക്ക്സ് ടേബിൾ പഠിച്ചോ?'' എന്ന ചോദ്യം കൂടെയായപ്പൊ ഇഷ്ടപ്പെടാത്ത ഭാവത്തിൽ മുഖം വീർപ്പിച്ച്, കരയും മട്ടിൽ, നയന വേഗത്തിൽ നടന്നു. എനിക്ക് മൂത്രം വിലങ്ങിയതു പോലെ തോന്നി.
പിണങ്ങി നടക്കുന്ന ഷീല... പിറകേ ''നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്ന ജാലം'' പാടി നടക്കുന്ന നസീർക്കായെ മനസ്സിൽ ധ്യാനിച്ച് അവളുടെ തൊട്ടടുത്തെത്തി ആവോളം പഞ്ചസാര മിക്സ് ചെയ്ത് ഞാൻ തുടങ്ങി -
''മുത്തു പോലെ... മുളം തത്ത പോലെ
മിന്നൽ പോലെ... ഇളം തെന്നൽ പോലെ
മഞ്ഞു പോലെ... മാൻ കുഞ്ഞുപോലെ
മുല്ല പോലെ നിലാ ചില്ല പോലെ''
മിന്നൽ പോലെ... ഇളം തെന്നൽ പോലെ
മഞ്ഞു പോലെ... മാൻ കുഞ്ഞുപോലെ
മുല്ല പോലെ നിലാ ചില്ല പോലെ''
കൃത്യം ആ മറ്റേ സ്ഥലത്ത് 'അവൾ' വീണ്ടും ചതിച്ചു. പക്ഷെ ഒട്ടും ഗ്യാപ്പിടാതെ ഞാൻ കൈയ്യിൽ ചുരുട്ടിപ്പിടിച്ച, പാട്ടിൽ നോക്കിയതും കുഞ്ചാക്കോ ബോബന്റെ ശ്രദ്ധയൊന്ന് പാളി. തെന്നിപ്പോയ ഇടത്തേക്കാലിനൊപ്പം വലംകാൽ കൂടി ചേർന്നപ്പൊ, വരമ്പിടിഞ്ഞ് അനന്തശയനം മോഡലിൽ കൊടും കൈയ്യും കുത്തി സൈഡ് ചരിഞ്ഞ് ഞാൻ നേരെ തോട്ടിലേക്ക് ലാന്റ് ചെയ്തു. ദശാവതാരം സിനിമയിൽ ആ സീനാണ്, വിഗ്രഹത്തിൽ കെട്ടി കടലിലിട്ടതായി കമലഹാസൻ കോപ്പിയടിച്ചത്. ഒറ്റ വ്യത്യാസം മാത്രം - ആ പോയ പോക്കിൽ ഞാൻ കയറിപ്പിടിച്ചത് അവളുടെ പട്ട് പാവാടയിലാണ്! ഹൂക്ക് പൊട്ടി മുട്ട് വരെ ഊർന്നു പോയ പാവാട വലിച്ചെടുത്ത് പൊട്ടിക്കരഞ്ഞുകൊണ്ടവൾ ഓടി മറഞ്ഞു, ഒരു ഞൊടിയിൽ പെറ്റിക്കോട്ട് കണ്ട എന്നെയൊരു ടി.ജി.രവിയാക്കിക്കൊണ്ട് .!
എന്റെ അവസ്ഥ ടി.ജി രവിയിൽ ബാലൻ കെ നായർ ജനിച്ച പോലെയായിരുന്നു അപ്പോൾ! കരയിൽ നിന്ന് ഒരു കെട്ടുവള്ളം തളളിയിറക്കും മട്ടിൽ തോട്ടിലേക്ക് വീണ ഞാൻ തോട്ടിലൂടെ ഒഴുകി വന്ന ഹോട്ടൽ വേസ്റ്റുമായാണ് പൊങ്ങിയത്. 'തന്ത നന' കേട്ടുകൊണ്ടു നിന്ന രണ്ട് ചെറിയ മാനത്തുകണ്ണികൾ തോട്ടു വെള്ളത്തോടൊപ്പം നേരേ വയറ്റിലേക്കും പോയി. അപ്പൊഴാണ് ഇതിന് ദൃക്സാക്ഷിയായി പിറകേ വന്ന സജു പാപ്പച്ചന്റെ എൻട്രി. വായിൽ കിടന്ന കാലി സിപ്പ്-അപ്പ് കവർ തുപ്പിക്കളഞ്ഞ്, ''എന്നെയൊന്ന് പിടിച്ച് കയറ്റടാ''എന്ന് കരഞ്ഞു പറഞ്ഞെങ്കിലും ആ മഹാപാപി എന്നെ മൈന്റ് പോലും ചെയ്യാതെ നോബൽ സമ്മാനം വാങ്ങാൻ താമസിച്ച് എത്തിയ ഐൻസ്റ്റീനെപ്പോലെ ക്ലാസിലേക്കോടി. അങ്ങനെ ആ ദിവസവും ''തന്ത നന തന്ത നന നാ''.
ഭീകര ദിനങ്ങളായിരുന്നു തുടർന്ന് !
ഈ സംഭവത്തിന് മാക്സിമം പബ്ളിസിറ്റി കൊടുത്തു സജു പാപ്പച്ചൻ. തെളിവായി ഞാൻ എഴുതി തോട്ടു വെള്ളം പറ്റിയ 'മുത്തു പോലെയാണ് നീ' എന്ന് തുടങ്ങുന്ന കത്തും അവൻ ഹാജരാക്കി. നയനയെ ആവശ്യത്തിനും അനാവശ്യത്തിനും സമാധാനിപ്പിക്കാനും, ഇടയ്ക്കിടക്ക് ഞങ്ങളുടെ റിയാക്ഷനിലെ ഉൽപ്രേരകമായി മാറാനും പഠിത്തത്തിനിടയിലും അവൻ സമയം കണ്ടെത്തി.
"ട്യൂഷനെന്നും പറഞ്ഞ് ഇവിടിനി വരണ്ട നീ'' എന്ന് സുരേഷ് സാർ കൂടി പറഞ്ഞപ്പൊ ആകെയൊരു മരവിപ്പായിരുന്നു. ശരീരം തണുത്ത് മരവിച്ച്... ഏതോ മോർച്ചറിയിൽ വച്ചപോലെ.
''എടാ പൊട്ടച്ചാരേ നീയെന്താ ആലോചിക്കുന്നത്?''
ഒന്ന് ഞെട്ടിയ എനിക്ക് സ്ഥലകാലബോധം എത്താൻ കുറച്ച് സമയമെടുത്തു. ഇരുപത് വർഷത്തിന് ശേഷമുള്ള ഇന്നത്തെ കോളേജ് ഗെറ്റ് ടുഗതറും, നയനയെ കണ്ടതും, ഒതുങ്ങി മാറിയിരുന്ന തന്നെ മീറ്റിംഗ് കഴിയും മുൻപേ നിർബന്ധിച്ചവൾ സ്വന്തം വണ്ടിയിലേക്ക് വലിച്ചു കയറ്റിയതും ഞാൻ ഓർത്തു.
''എന്നോടിപ്പഴും ദേഷ്യമാന്നോ? അന്ന് വീഴാൻ തുടങ്ങിയപ്പൊ പിടി കിട്ടിയത് പാവാടേലായിപ്പോയതാ... മന:പ്പൂർവ്വമല്ല സോറി".
''അത് അബദ്ധം പറ്റിയതാണെന്നെനിക്ക് അന്നേ അറിയാമാരുന്നു... ഇന്നായിരുന്നെങ്കിൽ നിന്നെ ഇതും പറഞ്ഞ് പേടിപ്പിച്ച് ഊറ്റി കാശ് വാങ്ങിയേനെ ഞാൻ ഹ ഹ ഹ" അവളെന്നെ മെല്ലെയൊന്നു തട്ടി. ആ നുണക്കുഴിക്ക് മാത്രം ഒരു മാറ്റവുമില്ല.
''ഹൊ! എന്തൊരു തണുപ്പ്... നീ കാറിന്റെ ഏ സി കുറയ്ക്ക്... മനുഷ്യൻ മരവിച്ച് പോകുമല്ലോ! പിന്നെ ചെവി പൊട്ടും പോലെ ഈ 'തന്ത നന തന്ത നന' പാട്ടും ഒന്ന് നിർത്ത്... എനിക്കീ പാട്ട് കേക്കുമ്പൊഴേ പെരുത്തു വരുന്നു.'' ഞാനുമപ്പോൾ ഒന്ന് ഫ്രീയായി.
''ദുബായിലെ ഷേക്കിന് ഏ സി ഇത്ര പ്രശ്നമാണോ.. നിന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോകാം പത്തു പതിനഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചു വരാം നമുക്ക്" അവൾ മെല്ലെ പറഞ്ഞു. സൗണ്ട് കുറച്ചെങ്കിലും ആ പാട്ട് അപ്പോഴും കേട്ടുകൊണ്ടിരുന്നു.
പറഞ്ഞതുപോലെ പതിനഞ്ച് മിനിറ്റിനകം ഞങ്ങൾ ഹാളിൽ തിരിച്ചെത്തി. അപ്പോഴും ഗെറ്റ് ടുഗതർ മീറ്റിംഗ് കഴിഞ്ഞിരുന്നില്ല.
എന്തൊരു ചെയ്ഞ്ച്! ഞാൻ മനസ്സിലോർത്തു. നാണം കുണുങ്ങി സ്ലിം ബ്യൂട്ടിയിൽ നിന്നും ഒരു പെട്ടിഓട്ടോ പോലെ ആയിരിക്കുന്നു പെണ്ണ്. കിലുകിലാ സംസാരവും. മലേഷ്യയിൽ നിന്നെത്തിയ അനീസിനൊപ്പം അവൾ ഹാളിന് പുറത്തേക്ക് നടന്നു, എന്നെ നോക്കിയൊന്നു സൈറ്റടിച്ചു കൊണ്ട്.
"അളിയാ നിന്നേയും അവള് ആ പഴയ പാടവരമ്പത്ത് കൊണ്ട് പോയി അല്ലേ? അവിടിപ്പം മൊത്തം ടൗൺഷിപ്പല്ലേ... ടൗൺഷിപ്പ്...നമ്മൾ പണ്ട് ട്യൂഷനു പോയ സ്ഥലമാണെന്ന് പറഞ്ഞ് ഒരു വില്ലാ പ്രോജക്ട് കാണിച്ചു തന്നല്ലേ? തോട്ടിൻ കരയിൽ നമ്മൾ കളിച്ചു നടന്ന സ്ഥലത്ത് രണ്ട് വില്ല ഒഴിവുണ്ടെന്നും, ഇനിയുള്ള കാലം ഈ നാട്ടിൽ സെറ്റിൽ ചെയ്യുന്നതാണ് ബുദ്ധി എന്നും പറഞ്ഞു കാണും..." ഓടി വന്ന് കെട്ടിപ്പിടിച്ച് വില്ലേജ് ഓഫീസർ സജു പാപ്പച്ചൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു...
''അളിയാ നിനക്കിത് എങ്ങനെ...?'' ഞാൻ പകുതിക്ക് വച്ച് നിർത്തി.
''ഭൂലോക തേപ്പാടാ അവള്... പണ്ടേ കാഞ്ഞ ബുദ്ധിയല്ലേ അവൾക്ക്. അവളാടാ ആ പ്രോജക്ടിന്റെ ഓണറും മാർക്കറ്റിങ്ങും...!''
മീറ്റിംഗ് കഴിഞ്ഞ് ലഞ്ചിനായുള്ള അറിയിപ്പ് വന്നതും ഏതൊ ഒരു തമിഴ് പാട്ട് ഹാളിൽ മുഴങ്ങി.
പക്ഷെ ഞാൻ കേട്ടത് 'തന്ത നന തന്ത നന നാ' യായിരുന്നു.
- ഗണേശ് -
25-12-18
25-12-18
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക