നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മണൽച്ചിത്രങ്ങൾ

Image may contain: 1 person, smiling, selfie and closeup
ഓലമേഞ്ഞ ഈറ്റ തട്ടികൾ കൊണ്ട് മറച്ച സ്കൂൾ കെട്ടിടത്തിന് പുറകിലായിരുന്നു ആ വഴി.
കഷ്ടിച്ച് ഒരു സ്ക്കൂട്ടർ കടന്നു പോകുന്ന വഴി.
ഇരുവശവും തെങ്ങോലകൾ കൊണ്ട് മറച്ച വേലിയാണ്.
അതിൽ നട്ടിരുന്ന കൊന്നച്ചെടിയുടേയും ചെമ്പരത്തിയുടേയുമൊക്കെ വാടിയ പൂക്കളും ഇലകളും വഴിയിലെ മണ്ണിൽ വീണു കിടക്കാറുണ്ട്.
അവളുടെ വീടിന് മുൻവശം മാത്രം എന്നും രാവിലെ തൂത്ത് വൃത്തിയാക്കിയത് ഇടാറുമുണ്ട്.
സൈക്കിളിൽ രാവിലെ അവൻ കുട്ടികളുടെ കലപില ശബ്ദങ്ങൾ സ്ക്കൂൾ കഴിഞ്ഞിറങ്ങിയതിന്റെ നൊമ്പരവുമായി ആ വഴിചെല്ലുമ്പോഴാണ് മിക്ക ദിവസങ്ങളിലും അവൾ തൂത്ത് കൊണ്ടവിടെ നിൽക്കാറുള്ളത്.
ചൂലിന്റെ ഈർക്കിൽ വരകൾ കൊണ്ട് മനോഹരമാക്കിയ ചെമ്പ് നിറത്തിലെ മണലിന് മുകളിൽ കൂടെ സൈക്കിൾ ടയറിന്റെ പാടുകൾ കടന്ന് പോകുമ്പോൾ അവൾ അവനെ നോക്കി നിൽക്കുമൊരു കുറ്റപ്പെടുത്തലോടെ.
അവളുടെ വീടിന്റെ വേലി കഴിഞ്ഞാൽ പിന്നെ വലത്തോട്ടുള്ള വളവ് തിരിയുന്നതിനരികിൽ ഒരു അമ്പലമാണ്.
വളവിലെത്തുമ്പോൾ തിരിഞ്ഞ് നോൽക്കുന്ന അവൻ കാണാറുണ്ട്.
കറുപ്പിൽ ചുവപ്പും നീലയും നിറങ്ങളിലെ വലിയ പൂക്കളുള്ള അരപ്പാവാടക്കാരി നോക്കി നിൽക്കുന്നത്.
അടുത്ത ദിവസം അവൻ ഒന്നു മടിക്കും.
അവൾ ഭംഗിയായി വരച്ചിട്ട മണൽച്ചിത്രങ്ങളെ മുറിവേൽപ്പിക്കാൻ.
ചൂലുമായി വശത്തേക്ക് ഒതുങ്ങി നിന്നവയൾ കണ്ണുകൾ കൊണ്ട് അവനോട് പറയും.
"സാരംല്ല്യ പൊയ്ക്കോളു.. " എന്ന്.
അങ്ങനെയവിടെ അവളെ കാണാത്ത ഒരു ദിവസമാണ്,
അവൻ സൈക്കിൾ അവളുടെ വീടിന്റെ വഴി തുടങ്ങുന്നിടത്ത് നിർത്തിയത്.
പതിവുപോലെ "സാരംല്ല്യ പൊയ്ക്കോളു.. " എന്നു പറയാൻ അവൾ അവിടെ ഉണ്ടായിരുന്നില്ല.
വേലിയ്ക്കകത്തേയ്ക്ക് നോക്കുമ്പോൾ ഓല മേഞ്ഞ ഒരു വീടാണ് അവളുടേത്.
മുൻവശത്ത് രണ്ട് തടി തൂണുകൾ കാണുന്നുണ്ട്.
വഴിയ്ക്ക് അഭിമുഖമായിട്ടല്ല വീട്.
വേലി തുടങ്ങുന്നയിടത്തെ പടിപ്പുരയുടെ ദിശയിലേക്ക് നോക്കി മുൻവശവും
ഇടവഴി അവസാനിച്ച് വലത്തോട്ട് തിരിയുന്നവിടെ പുറക് വശവുവമായിട്ടാണ് വീട് നിൽക്കുന്നത്.
ആദ്യമായി അവളെയും ആ വീടും കണ്ട നിമിഷത്തിലെ ചിന്ത.
"എന്നെ പോലെ തന്നെ പാവപ്പെട്ടവൾ തന്നെയാണ് അവളും."
എന്നുള്ള തോന്നലുകൾ, മനസ്സിലൊരു സന്തോഷവും ചില മോഹങ്ങൾക്കും ആരംഭമായിരുന്നു.
അവളുടെ മൗനസമ്മതമില്ലാതെ ആ മഴവില്ലാ കൃതിയിൽ അവൾ വരച്ചിട്ടിരിക്കുന്ന മണൽച്ചിത്രങ്ങളെ നോവിക്കാൻ മടിച്ചയവൻ സൈക്കിളിൽ നിന്നിറങ്ങി.
രണ്ടു കൈയ്യും കൊണ്ട് സൈക്കിൾ പൊക്കിയെടുത്തു.
പതിയെ പതിയെ കാൽപാദങ്ങൾ മണ്ണിൽ പതിഞ്ഞൊരു അടയാളമാകാതെ ശ്രമിച്ചവൻ ഓരോ ചുവടുകളും വച്ചു.
സൈക്കിളിന്റെ ഭാരം കൈകളിൽ താങ്ങാനാവാതെയും വശത്തെ വേലിയിലെ കമ്പിൽ തട്ടിയും സൈക്കിളും അവനും ആ വഴിയിലേക്ക് തന്നെ മറിഞ്ഞ് വീണു.
കുരുവികൾ ചിലയ്ക്കുന്നതു പോലെയൊരു ചിരിയായിരുന്നപ്പോൾ കേട്ടത്.
നോക്കുമ്പോൾ അവൾ പടിപ്പുരവാതിലിൽ നിൽപ്പുണ്ട്.
കുളി കഴിഞ്ഞ തോർത്ത് മുടിയിൽ ചേർത്ത് കെട്ടിവെച്ചിരിക്കുന്നു.
നീലനിറത്തിലെ വലിയപട്ടുപാവാടയിലേക്കവൾ മാറിയിട്ടുണ്ട്.
അവന്റെ നോട്ടവും ചമ്മിയ ചിരിയും കണ്ടവൾ നാണത്തോടെ അകത്തേക്കോടിപ്പോയി.
മണ്ണെല്ലാം തട്ടി തൂത്ത് അവിടെന്ന് എഴുന്നേറ്റ് വളവ് തിരിയുമ്പോൾ അവൻ കണ്ടു.
വീടിന് പുറക് വശത്തെ അടുക്കള ജനലിലെ കരിപിടിച്ച തടി അഴികൾക്കിടയിൽ തിളങ്ങുന്ന അവളുടെ കണ്ണുകൾ.
പിറ്റേന്ന് മുതൽ അവൻ വരുന്നതിന് മുൻപെ മണൽച്ചിത്രങ്ങൾ തീർത്തവൾ കുളി കഴിഞ്ഞ് മുറ്റത്ത് നിൽക്കുന്നതാണവൻ കണ്ടു തുടങ്ങിയത്.
കറുപ്പിൽ പൂക്കളുള്ളതും, തൂവെള്ളയിൽ ചുവന്ന കുഞ്ഞു പൂക്കളുള്ളതും അങ്ങനെ പല പല നിറങ്ങളിലെ അവളുടെ വേഷങ്ങൾ അയയിൽ കഴുകി വിരിച്ച് കൊണ്ടായിരിക്കും ചിലപ്പോൾ അവൾ നിൽക്കുന്നത്.
അയയിൽ ആ പല നിറങ്ങൾ ചേർന്ന് ഒരു മഴവില്ല് പോലെ അവർക്ക് കൂട്ടായി.
അവനും അവളും പതിവ് പോലെ മുഖത്തോട് മുഖം ഒരു ചിരി സമ്മാനിച്ചവൻ ആ വഴി കടന്ന് പോകുമ്പോൾ, മുൻവശത്ത് നിന്നവൾ വീടിന്റെ പുറക് വശത്തെ ജനലിലനരുകിൽ ഓടിയെത്തുമായിരുന്നു.
അമ്മയും താനും മാത്രമായ കുഞ്ഞ് വീട്ടിലേക്ക് അമ്മയ്ക്ക് കൂട്ടായി കാലങ്ങൾക്കപ്പുറം ഒരു അതിഥിയെ കൊണ്ടുവരുന്നതവൻ സ്വപ്നം കണ്ടു തുടങ്ങി.
അവന്റെ സ്വപ്നങ്ങളിൽ അവൾ പല നിറങ്ങളിലെ വസ്ത്രങ്ങൾ അണിഞ്ഞവനോട് മൗനമായി കണ്ണുകൾ കൊണ്ട് പ്രണയിച്ചു.
പതിനാലാം വയസ്സിലും ഒരു കടയിലേക്ക് ജോലിയ്ക്കായി ആ വഴി പോയും വന്നുമിരുന്ന അവൻ ഒരിക്കലും തിരികെ വരുമ്പോൾ അവളെ കാണുന്നുണ്ടായിരുന്നില്ല.
അവൻ മുഴക്കുന്ന സൈക്കിൾബെൽ കേട്ട് ജനലിലൂടെ കാണുന്ന കണ്ണുകളെയവൻ ആ ശബ്ദം മുഴക്കി ആകർഷിക്കാൻ ആ സന്ധ്യകളിൽ ശ്രമിച്ചിരുന്നിമില്ല.
അമ്മ മാത്രമായ വീട്ടിൽ എത്രയും പെട്ടെന്ന് എത്തുക എന്നത് മാത്രമായിരിക്കണം ചിന്ത.
ദിവസങ്ങൾ കഴിഞ്ഞൊരു ദിനം രാവിലെ അവളുടെ വീടിന് മുന്നിലെ അയയിൽ മയിൽപ്പീലി നീലയുടെ നിറത്തിലെ ഒരു സാരി വിടർത്തിയിട്ട് അവൾ അതിനരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
"കൊള്ളാമോ..?"
എന്നവൾ കണ്ണുകൾ കൊണ്ട് ചോദിച്ചത് പോലെ.
"കൊള്ളാം ഇഷ്ടായി.." എന്നവൻ ചിരിയിലൂടെ മറുപടി പറഞ്ഞു.
പിന്നെ വന്ന ചില ദിവസങ്ങളിൽ അവളെ കാണുന്നുണ്ടായിരുന്നില്ല.
വഴി പതിവ് പോലെ വൃത്തിയാക്കിയിട്ടിട്ടുണ്ടായിരിക്കും.
പുറകിലെ ജനൽപ്പടിയ്ക്ക് പുറകിലും ആ മിഴികൾ കാണുന്നുണ്ടായിരുന്നില്ല.
സ്ക്കൂൾ അവധിക്കാലമായി.
സ്ക്കൂളും പരിസരവും അതിനുള്ളിലെ വൃക്ഷങ്ങളുമെല്ലാം പ്രണയം നഷ്ടമായ പ്രണയിതാക്കളെപ്പോലെ കാറ്റിൽ മൗനമായി തലയാട്ടി നിൽക്കുന്നു.
അതിൽ ഒരു ദിവസമാണവൻ കണ്ടത് അവളുടെ വീടിന്റെ മുറ്റത്ത് ഒരു പന്തൽ ഉയരുന്നുണ്ട്.
ഒരുപാട് ആൾക്കാരെയും കാണാം. എല്ലാപേരുടെയും മുഖത്ത് സന്തോഷമാണ്. സന്തോഷകരമായ കാര്യമെന്തോ സംഭവിക്കാൻ പോകുകയാണ്.
വളവ് കഴിഞ്ഞ് സൈക്കിളുമായി പോകുമ്പോൾ തിരിഞ്ഞ് നോക്കിയവൻ കണ്ടു.
പുറകിലെ കരിപിടിച്ച ജനലഴികൾക്ക് പിന്നിലെ തിളങ്ങിയിരുന്ന മിഴികൾ നിറഞ്ഞിരിക്കുന്നത്.
അന്ന് തിരികെ വരുമ്പോൾ ആ വീട്ടിൽ നിറയെ ആളും പാട്ടും ബഹളവുമായിരുന്നു.
അടുത്ത ദിവസം രാവിലെ ഭംഗിയാർന്നൊരു നിറത്തിലൊരു പട്ടുസാരി അയയിൽ ഇട്ട് അവൾ അവിടെ കാത്തു നിന്നു.
"കൊള്ളാം ഇഷ്ടായി.." എന്ന് ചിരി കൊണ്ട് മറുപടി കൊടുക്കാൻ അവൻ അന്നത് വഴി ചെന്നില്ല.
ആ സാരിയുടെ നിറമെന്താണെന്ന് അവൻ അറിഞ്ഞിരുന്നുമില്ല.
അമ്മയുടെ മടിയിൽ അവൻ ആ വിരലുകളുടെ തലോടലേറ്റ് നിറഞ്ഞ കണ്ണുകളുമായി അന്ന് കിടന്നു.
സ്ക്കൂൾ അവധിക്കാലം കഴിഞ്ഞു.
സ്ക്കൂളും പരിസരവും ഉണർന്നു.
കുട്ടികളുടെ ബഹളങ്ങൾ കേട്ടവൻ പതിവ് പോലെ യാത്രയും തുടർന്നു.
അവളുടെ വീടിന് മുന്നിലെ വഴിയിൽ കരിയിലകളും വാടിയ പൂക്കളുമായങ്ങനെ കിടക്കുന്നതിന്റെ മുകളിലൂടെ അവന്റെ സൈക്കിൾ ടയറുകൾ ഉരുണ്ട് പോയി.
അവളുടെ മിഴികൾ വന്നിരുന്ന ജനാലയിലേക്ക് നോക്കാതെ പോകാനവന് കഴിയുന്നുമുണ്ടായിരുന്നില്ല.
സ്ക്കൂൾ അവധിക്കാലം പിന്നെയും വന്നൊരു ദിനമാണ് അവളുടെ വീടിന് മുന്നിലെ അയയിൽ വെള്ള നിറത്തിലെ കുഞ്ഞുടുപ്പുകൾ അവൻ കണ്ടുതുടങ്ങിയത്
ദിവസം തോറും അതിന്റെ വലിപ്പവും നിറങ്ങളും മാറി മാറി വന്നു.
ഒരു ദിവസം പോലും അവളെ കാണുന്നുണ്ടായിരുന്നില്ല.
വഴി കരിയിലയും വാടിയ പൂക്കളുമായി തന്നെക്കിടന്നു.
കാലങ്ങൾ, മാറ്റങ്ങൾ. ജീവിതം എവിടെയൊക്കെയോ സഞ്ചരിച്ച് തിരികെയെത്തി.
ഓല മേഞ്ഞ ചെറിയ സ്ക്കൂൾ കെട്ടിടം ഇന്ന് വലിയൊരു കോൺക്രീറ്റ് കെട്ടിടമായിരിക്കുന്നു.
കുട്ടികളുടെ കലപില ശബ്ദങ്ങൾക്കു പകരം അടക്കിപ്പിടിച്ച പേടിച്ച ശബ്ദങ്ങൾ മാത്രം.
വൃക്ഷങ്ങൾ പോലും വായടഞ്ഞ് ഭാഷ മറന്ന് മൗനം ആയതു പോലെ നിൽക്കുന്നു.
ചെറിയ ഇടവഴി ഇന്നില്ല.
കാറ് കടന്ന് പോകുന്ന വലിയ വഴിയായിക്കഴിഞ്ഞത്.
ഓലമേഞ്ഞ വേലിയുമില്ല.
അവളുടെ വീടിന് മുന്നിലൂടെ കാറിൽ പോകുമ്പോഴും വളവ് തിരിയുമ്പോഴും അവൻ അതിന്റെ ശബ്ദം മുഴക്കി.
അവിടെ ആരെയും കണ്ടില്ല.
പക്ഷേ അടുത്ത ദിവസം വീടിന് മുന്നിലെ മണൽവഴി വൃത്തിയായ ഈർക്കിൽ വരകൾ തീർത്ത മണൽച്ചിത്രങ്ങൾ അവൻ കണ്ടു.
അകത്ത് മുൻവശത്തെ അയയിൽ വെള്ള നിറത്തിൽ വിടർത്തിയിട്ടിരിക്കുന്ന അവളുടെ വേഷങ്ങൾ കണ്ടു.
മഴവില്ലിന്റെ നിറങ്ങൾ വേഗതയിൽ ഒറ്റനിറമായത് പോലെ,
കാലത്തിന്റെ വേഗതയിലെ കാഴ്ച്ചയിലെ തോന്നലായിരുന്നുവോ അത്.
അടുത്ത ദിവസം കാർ എടുക്കാതെ അമ്മയുടെ കാൽതൊട്ട് നെറ്റിയിൽ വച്ചവൻ ഒരു സൈക്കിളുമായി ഇറങ്ങി.
നാല്പത്കാരൻ വീണ്ടുമൊരു പതിനാല് കാരനായി.
വഴിയിലൊക്കെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സൈക്കിളിലെ ആ യാത്ര
അന്നാദ്യമായി ആ പടിപ്പുരയ്ക്ക് മുന്നിൽ നിർത്തിയവൻ സൈക്കിൾ മണി മുഴക്കി.
ജനൽപ്പടിയ്ക്കുള്ളിൽ തിളങ്ങുന്ന കണ്ണുകൾ കാണുന്നുണ്ട്.
സൈക്കിൾ വച്ച് പടിപ്പുര തുറന്നവൻ അകത്ത് കയറി.
വഴിയിലെ പോലെ മുറ്റം നിറയെ ഭംഗിയാർന്ന ഈർക്കിൽ വരകൾ തീർത്ത മണൽച്ചിത്രങ്ങൾക്ക് കുറുകെ അവന്റെ കാൽപ്പാദങ്ങൾ പതിഞ്ഞു.
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി വന്ന അവളുടെ വെള്ള വസ്ത്രത്തിലേക്കും നെറ്റിയിലെ ഭസ്മക്കുറിയിലേക്കുമവൻ നോക്കി നിന്നു.
"സുഖമാണോ..?"
കണ്ണുകൾ കൊണ്ടവൾ ചോദിച്ചു.
മറുപടിയില്ലാതെ
ചിരിയിലിടവനും മൗനമായെന്തോ ചോദിച്ചു.
മണൽച്ചിത്രങ്ങളിൽ ഇപ്പോൾ പടിപ്പുര കടന്ന് പോയ നാല് കാൽപ്പാദങ്ങൾ കാണാം.
സ്ക്കൂൾ കെട്ടിടവും കഴിഞ്ഞാ സൈക്കിൾ മണിയും മുഴക്കി കടന്ന് പോയി.
ജെ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot