നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറന്ന് ..... പറന്ന്.... പറന്ന് .... (കഥ )


ചിറകുകൾ വിടർത്തി, തന്നെ,തൊട്ടുരുമ്മുന്ന കാറ്റിനോട് കിന്നാരം പറഞ്ഞ് ... കിളികളോട് മത്സരിച്ച് പറക്കുകയാണ് .. അവിടവിടെ പരിചിതമുഖങ്ങൾ എത്തി നോക്കുന്ന പോലെ ....
"എങ്ങോട്ടാ ..?".
ആരേയും കാണുന്നില്ല. .. കാറ്റിന്റെ തലോടൽ മാത്രം.. ഇനി കാറ്റ് ചോദിക്കുന്നതാവുമോ ...?
"അറിയില്ല .. പോവണം അത്ര മാത്രം .. "
മറുപടി കൊടുക്കാതിരിക്കാൻ തോന്നിയില്ല. ..
"എന്താ ഇപ്പോ അങ്ങനെ ഒരു ചിന്ത ..?"
ഈ ചോദ്യം പക്ഷെ കുഴക്കുന്ന ഒന്നാണ് ... പറയാനാണെങ്കിൽ ഏറെയുണ്ട്...
ഊഷരമായ മണ്ണിന്റെ ചിന്തകൾക്കുംമോഹങ്ങൾക്കും നിശ്ചയിച്ച പരിധികൾ .. വിണ്ടുകീറി ശുഷ്ക്കിച്ച ആർക്കും വേണ്ടാത്ത തരിശുനിലത്തിന്റെ സ്വപ്നങ്ങൾ.. !
ഋതുഭേദങ്ങളിൽ വഴിമാറി വരുന്ന ഒരു ശക്തമായ പേമാരി തല്ലിത്തകർത്തത് അത്രയും നാളത്തെ അതിജീവനമായിരുന്നു. പകരം തന്നതോ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നിറവസന്തവും ....
ആ ദിവസം മറക്കാനാവുന്നില്ല ...! പുത്തൻ പ്രതീക്ഷകളുടെ പുതുവർഷപ്പുലരിയെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങുന്ന ദിവസം, ഡിസംബർ 31... വർണ്ണാഭമായ വെളിച്ചത്താൽ തലയുയർത്തി നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം. ഓഡിറ്റോറിയത്തിൽ താളവാദ്യങ്ങൾ അരങ്ങു തകർക്കുമ്പോഴും തന്റെ മനസ്സിലെ മരുഭൂമി ചുട്ടു പഴുക്കുകയായിരുന്നു. വരിഞ്ഞുമുറുക്കുന്ന ഏകാന്തത ....മടുപ്പ് എല്ലാത്തിനോടും ..
തിരിച്ചു വീണ്ടും ഫ്ലാറ്റിലെ ശൂന്യതയിലേക്ക് അലിഞ്ഞുചേർന്നു. ചിന്തകൾ ഒരുക്കിയ ശയ്യയിൽ അറിയാതെ പുൽകിയ നിദ്രയെ ഭഞ്ജിച്ചു കൊണ്ട് പുറത്ത് ആരുടേയോ സാന്നിദ്ധ്യം...
കടൽത്തീരത്ത് പുലരിതെളിയുന്നത് കാണാൻ പോയ ഗോപേട്ടനാവും ...
പാതി തുറന്ന മിഴികളോടെ കതക് മുഴുവനായി തുറന്നപ്പോൾ പക്ഷെ അകത്ത് കടന്നത് ഗോപേട്ടനായിരുന്നില്ല ....!
വാടിക്കുഴഞ്ഞ് പുഷ്പിക്കാൻ എന്നോമറന്ന ചെമ്പനീർച്ചെടിയെ അപ്പാടെ ഇളക്കിമറിച്ച ഒരു കൊടുങ്കാറ്റ് ... മന്ദമാരുതന്റെ തഴുകലിൽ മടിയോടെ ഇളകിയാടുന്ന ചെടിയെ അപ്രതീക്ഷിതമായി കുടഞ്ഞെറിഞ്ഞ ആ കൊടുങ്കാറ്റിനെ എതിരിടാൻ മൂർച്ച കുറഞ്ഞ തന്റെ മുള്ളുകളാൽ നടത്തിയ പാഴ്ശ്രമങ്ങൾ ....!
ഒടുവിൽ അവന്റെ തേരോട്ടത്തിൽ ചവുട്ടിയരയ്ക്കപ്പെട്ട് നിലത്ത് വീണുകിടക്കവേ ആ മുഖം ഒരുതവണ ...ഒരു തവണ മാത്രം കണ്ടു. .... പുറത്ത് ആഘോഷരാവിന്റെ ആരവങ്ങൾ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ...
നൂറുമേനി കൊയ്തെടുത്ത പാടംപോലെ ശൂന്യമായ തന്റെ മേനിയേക്കാളുപരി മനസ്സിലേറ്റ മുറിവുകൾ ...
ഗോപേട്ടൻ ..., തന്നോളം വളർന്ന മകൾ ...!
തന്നിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനോ അറിയാനോ അവർക്ക് പക്ഷെ
സമയമുണ്ടായിരുന്നില്ല.... വിരസമായ ദിനരാത്രങ്ങൾ തള്ളി നീക്കവേ തന്റെ മുറിവുകൾ പതുക്കെ ഉണങ്ങുന്നുണ്ടായിരുന്നു. ... നോവിന്റെ മാറാലകൾ തട്ടിക്കളയവേ ആ മുഖം വല്ലാതെ വേട്ടയാടുന്നു. ...
ആരാണവൻ ...? അന്നത്തെ ദിവസം ഫ്ലാറ്റിലുള്ളവരല്ലാത്ത പലരും അവിടെ വന്നിട്ടുണ്ടായിരുന്നു. ... അതിൽ പൊടിമീശയും നിറഞ്ഞ കുസൃതിയും ... സാഗരനീലിമ ഉള്ളിലൊളിപ്പിച്ച മിഴികളും..
മനസ്സിൽ ആ മുഖം വല്ലാതെ നിറഞ്ഞാടുന്നു... അവന്റെ ശക്തിയും വേഗവും കടിഞ്ഞാണില്ലാത്ത കുതിരയേപ്പോലെ തന്റെ മനസ്സിൽ കുളമ്പടികൾ മുഴക്കുന്നു...... ഒരു തവണ ...ഒരു തവണ കൂടി ആ മുഖം ഒന്നു കാണാൻ ... ആ നെഞ്ചിൽ വിരലോടിക്കുവാൻ ....!
ഭർതൃമതിയായ,... തന്നോളം വളർന്ന ഒരു മകളുള്ള സ്ത്രീയ്ക്ക് ആഗ്രഹങ്ങളെ മൂടി വെച്ചേ മതിയാവൂ. സമൂഹം തരുന്ന പുതപ്പിനുള്ളിൽ ചുരുണ്ടുകൂടുക....
ഗോപേട്ടന്റെ നടുവിന് കുഴമ്പുപുരട്ടി ചൂടുപിടിപ്പിക്കുമ്പോൾ പലപ്പോഴുമോർക്കാറുണ്ട് , ഈ ലോകമൊന്നൊകെ അഗ്നിക്കിരയായെങ്കിലെന്ന് ... അങ്ങനെയെങ്കിലും തന്നെ മൂടിയ ആ നശിച്ച പുതപ്പും അതിൽ കിടന്ന് വെന്ത് വെണ്ണീറാവുമായIരുന്നു...
ലക്ഷ്യമില്ലാത്ത ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ ചിറകു മുളച്ചിരിക്കുന്നു. .. ഫ്ലാറ്റിലെ മുഴുവൻ താമസക്കാരേയും വരിവരിയായി നിർത്തി തന്റെ മനസ്സ് തിരച്ചിൽ തുടങ്ങിയിട്ടേറെയായെങ്കിലും നിരാശയായിരുന്നു ഫലം ... മന: പൂർവ്വം താമസക്കാരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നിരീക്ഷിച്ചു. പക്ഷെ ആ മുഖം എവിടേയും കണ്ടെത്തിയില്ല..
പുറത്തിറങ്ങാൻ മടി കാണിക്കാറുള്ള താൻ ,ഓരോരോ കാരണങ്ങൾ കണ്ടെത്തി തെരുവോരങ്ങളിൽ അലഞ്ഞു നടന്നു. ... ആ മുഖം ഒരു തവണ കൂടി കാണാൻ ... ഉള്ളംകൈയ്യിലെടുത്ത് ഓമനിക്കാൻ ...
പ്രണയം അത് ഭ്രാന്തമായൊരാവേശമാണ്.
അതിൽ വാത്സല്യം ചേർന്നാൽ പിന്നെ കൈയ്യൊഴിയാനാവില്ല. ...
ശിഥിലമാവുന്ന പ്രണയങ്ങളിൽ ഒരുപക്ഷെ വാത്സല്യത്തിനു പകരം കാമം മാത്രമാവും ഉണ്ടാവുക. അതിന് പൂർണ്ണതയും അവസാനവുമുണ്ടല്ലോ ...!
ബാംഗ്ലൂരിൽ ജോലിയുള്ള മകൾ വല്ലപ്പോഴുമേ വരാറുള്ളൂ. .. ഇത്തവണ അവൾ വന്നപ്പോൾ എത്രയും പെട്ടന്ന് തിരികേ പോകണേ എന്ന് പ്രാർത്ഥിച്ചു. ... ഗോപേട്ടനോട് അനാവശ്യമായി വഴക്കിടാൻ തുടങ്ങിയിരിക്കുന്നു. ...
തനിക്കാരേയും കാണേണ്ട .... ആ ഒരു മുഖം മനസ്സിൽ വല്ലാതെ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു....
മകന്റെ പ്രായമേ കാണൂ. ... പക്ഷെ എന്തിന് തന്നെത്തേടി വന്നു. ... അവൻ വളരെ നാളായി തന്നെ ശ്രദ്ധിക്കുന്നുണ്ടാവും .. പക്ഷെ ...?
തന്റെ പ്രായവും ചുറ്റുപാടുകളും മറന്ന് അവനോടൊപ്പം പ്രണയ തീരങ്ങളിൽ കാലടികൾ ചേർത്തുവെച്ച് നടന്നും പുഷ്പതൽപ്പത്തിൽ ശയിച്ചും ..കുസൃതികൾ പറഞ്ഞ് പൊട്ടിച്ചിരിച്ചും. നിദ്രാവിഹീനരാത്രികളെ സ്വപ്നസമ്പന്നമാക്കി ...
"നിനക്കിതെന്താ പറ്റിയത് ...? "
ഗോപേട്ടന്റെ ചോദ്യം ....! പക്ഷെ അത് ചോദിച്ചത് തന്റെ അച്ഛനല്ലായിരുന്നോ ..?
അതേ ... അച്ഛൻ തന്നെ. ....!
പഴയ കളിക്കൂട്ടുകാരന്റെ കരവലയത്തിൽ കുളപ്പുരയിൽ ഞെരിഞ്ഞമരുമ്പോൾ കൊടുങ്കാറ്റായി വന്ന അച്ഛന്റെ ശൗര്യം ... !
അതേ ... അവന്റെ അതേ മുഖം .. അതു തന്നെയല്ലേ താൻ തേടുന്നതും ... അതേ പൊടിമീശയും ... കുസൃതിയും ... ആ മിഴികളിലെ കാന്തശക്തി ....!
അവൻ പകർന്ന ചുടുനിശ്വാസങ്ങൾ... അതേ ഗന്ധം .
പക്ഷെ അവൻ സർപ്പക്കാവിൽ വരാൻ പറഞ്ഞ ആ രാത്രി ... അച്ഛന്റെ കണ്ണുവെട്ടിക്കാൻ പറ്റാതെ രാവറുതിയുടെ അന്ത്യ നിമിഷത്തിൽ അറിയാതെ മയങ്ങിയ തന്നെത്തേടി വന്നത് അവന്റെ മരണമായിരുന്നു. ...
പ്രണയത്തിന് മരണമില്ലല്ലോ ... അതെ. അവൻ തന്നെ ...! അവന്റെ ഗന്ധം തനിക്കിപ്പോൾ തിരിച്ചറിയാം ... അതു തേടി പടവുകൾ കയറവേ ക്ഷീണമറിഞ്ഞിരുന്നില്ല. ടെറസ്സിലെ വിശാലതയിൽ അവനെ തനിക്കു കാണാം ... നക്ഷത്രങ്ങൾ തങ്ങളുടെ സമാഗമത്തിനായി സന്നിഹിതരായിരിക്കുന്നു. ... അടുത്തെത്തും തോറും മറയുന്ന അവനോട് എന്തോ ദേഷ്യം തോന്നി.
എവിടെ....? ഭ്രാന്തു പിടിക്കുന്ന പോലെ ... ആ ഗന്ധം അകന്നു പോവുന്ന പോലെ ... പതിനേഴ് നിലകൾക്ക് മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ഒരു പൊട്ടു പോലെയവൻ ...! കൈ നീട്ടി വിളിക്കുന്നു ... സർവ്വ ശക്തിയുമെടുത്ത് ചാടി ....
ചിറകുകൾ വിടർത്തി, തന്നെ,തൊട്ടുരുമ്മുന്ന കാറ്റിനോട് കിന്നാരം പറഞ്ഞ് ... കിളികളോട് മത്സരിച്ച് പറക്കുകയാണ് .. പുഞ്ചിരി തൂവി കുസൃതിച്ചിരിയുമായവൻ .... ആ മിഴികളിലെ നീലിമയിൽ അലിഞ്ഞില്ലാതാവുന്ന ഈ നിമിഷത്തിൽ മറ്റു ചിന്തകൾ ഒന്നും തന്നെയലട്ടുന്നേയില്ല. .. പരിചിതമുഖങ്ങളിലെ അമ്പരപ്പുകൾക്കും നൊമ്പരങ്ങൾക്കുമറിയില്ലല്ലോ തന്നിലെ പ്രണയതീവ്രത....!
…................... .............................
അവസാനിച്ചു. ...
ശ്രീധർ .ആർ .എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot