Slider

ആദ്യത്തെ സമ്മാനം

0

കൊച്ചന്നാമ്മ മുറിയിലിരുന്ന് പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മോൻ കുട്ടൻ മുറിയിലേക്ക് കടന്നു ചെന്നത്.
"അമ്മമ്മേ, ഇന്ന് വൈകീട്ട് പള്ളിഹാളിൽ ഒരു പരിപാടിയുണ്ട്. നമുക്കത് കാണാൻ പോകാംട്ടോ." മോൻ കുട്ടൻ പറഞ്ഞു.
കൊച്ചന്നാമ്മ തലയാട്ടി കൊണ്ട് ചോദിച്ചു,
"ന്നാലും ഇന്നെന്തു പരിപാടിയാണ്‌ കുട്ടാ ?"
"പാട്ടും ഡാൻസുമൊക്കെയുണ്ടോ?കുറേ നേരമിരുന്ന് കാണാനൊന്നും അമ്മമ്മയ്ക്കു വയ്യട മോനെ"
"ഉവ്വ് അമ്മമ്മേ, എല്ലാം ഉണ്ട്. അമ്മമ്മ പേടിക്കണ്ട. അമ്മമ്മയ്ക്കു വയ്യാന്നു തോന്നിയാൽ നമുക്ക് വീട്ടിലേക്കു തിരിച്ചു പോരാല്ലോ.ഇവിടെ അടുത്തന്യല്ലേ"
മോൻ കുട്ടൻ , കൊച്ചന്നാമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു. കൊച്ചന്നാമ്മ സന്തോഷത്തോടെ പുഞ്ചിരിച്ചു.
വൈകീട്ട് പരിപാടികൾക്കിടയിൽ ഒരു അറിയിപ്പ്.
" അടുത്തതായി വേൾഡ് കപ്പ്‌ ഫുട്ബോൾ പ്രവചന മത്സര വിജയികളെ അനൗൺസ്‌ ചെയ്യാൻ പോവുകയാണ്, അതിനായി നമ്മുടെ പ്രിയപ്പെട്ട ജോസച്ചനെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു"
ജോസച്ചൻ വേദിയിലെത്തി.
കയ്യിലിരിക്കുന്ന പേപ്പർ നോക്കി ഒരു പ്രത്യേകഭാവത്തോടെ മുന്നിലിരിക്കുന്ന ജനക്കൂട്ടത്തെ നോക്കി. എന്നിട്ട് മൈക്കിലൂടെ പറഞ്ഞു,
"ഫുട്ബോൾ വേൾഡ്കപ്പ് വിന്നർ പ്രവചന മത്സര വിജയി
സ്വാഗതം ചെയ്യുന്നു വേദിയിലേക്ക് കൊച്ചന്നാമ്മ തോമസ്."
സദസ്സ് മുഴുവനും കൊച്ചന്നാമ്മ തോമസ് ആരെന്നു അറിയുവാൻ ചുറ്റും നോക്കി.
അതാ കസേരയിൽ നിന്നും എഴുന്നേൽക്കുന്നു, എൺപതു വയസ്സിനു മുകളിൽ പ്രായമുള്ള കൊച്ചന്നാമ്മ.
സദസ്സിൽ നിന്നും വണ്ട് മൂളുന്ന പോലുള്ള ഒരു ശബ്ദം ഉയർന്നു. പിന്നീട് നിർത്താതെയുള്ള ഗംഭീരം കയ്യടി ആയിരുന്നു.
വേദിയിലെത്തിയ കൊച്ചന്നാമ്മ സദസ്സിനെ നോക്കി കൈകൂപ്പി.
അച്ചൻ ചോദിച്ചു, " അമ്മച്ചി ഫുട്ബോൾ കാണാറുണ്ടോ ? ഏത് ടീമാ ഇഷ്ടം ? ഇതെങ്ങനെ ഫ്രാൻസ് എന്നൊക്കെ എഴുതിയിട്ടത് ?"
കൊച്ചന്നാമ്മ കണ്ണു ചിമ്മി കുണുങ്ങി ചിരിച്ചു.
സദസ്സ് നിശബ്ദമായി, അവരുടെ ഉത്തരം കേൾക്കുവാൻ ചെവിയോർത്തു.
"അച്ചോ, എനിക്ക് പന്തുകളി ഒന്നുമറിയില്ല. പേരക്കുട്ടി രാത്രി കളി കാണാനിരിക്കുമ്പോ, ഉറക്കം വരാത്ത ദിവസങ്ങളിൽ ഞാനും ഇടയ്ക്ക് പോയി അവന്റെ കൂടെ ഇരിക്കും. ആ വലേടെയുള്ളിൽ പന്ത് തട്ടിയാൽ ജയിക്കുമെന്ന് അവനാ പറഞ്ഞു തന്നെ."
സദസ്സിൽ നിന്നും ചിരി ശബ്ദം ഉയർന്നു.
കൊച്ചന്നാമ്മ തുടർന്നു, "അവൻ ചോദിച്ചു, ഏത് ടീമാ ജയിക്ക്യാ അമ്മമ്മേ ന്ന്.
ആരൊക്കയാ മോനെ കളിക്കുന്നെ എന്ന് ഞാൻ തിരിച്ചു ചോദിച്ചു.
അപ്പോൾ അവൻ എന്തൊക്കെയോ പേരുകൾ പറഞ്ഞു.
കൂട്ടത്തിൽ എനിക്കിഷ്ടായത് 'പ്രാൻസാ' !!
ഒന്നുമില്ലെങ്കിലും നമ്മുടെ പുണ്യാളന്റെ പേരു പോലെ അല്ലേ അച്ചോ!!"
അവർ മോണകാട്ടി നിഷ്കളങ്കമായി ചിരിച്ചു.
സദസ്സിൽ നിന്നും ഉഗ്രൻ കയ്യടി ഉയർന്നു.
അച്ചൻ കൊച്ചന്നാമ്മയ്ക്ക് സമ്മാന ട്രോഫി കൈമാറി. ആ സമ്മാനം വിറയാർന്ന കൈകളോടെ ഏറ്റു വാങ്ങുമ്പോൾ കൊച്ചന്നാമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖത്ത് അഭിമാനവും.
വീട്ടിൽ തിരിച്ചെത്തിയ കൊച്ചന്നാമ്മ, ഷോക്കേസ് തുറന്ന് ട്രോഫി ഉള്ളിൽ വച്ചു.
തനിക്ക് കിട്ടിയ ആദ്യത്തെ സമ്മാനം.
പിന്നീടങ്ങോട്ട് വീട്ടിൽ വരുന്ന വിരുന്നുകാർക്കെല്ലാം അവർ ആ സമ്മാനം കാണിച്ചു കൊടുക്കും. ഒരുപാട് സന്തോഷത്തോടെ !!
"കണ്ടോ മക്കളെ!! എനിക്ക് കിട്ടിയ സമ്മാനം !! "
ചെറിയ കാര്യങ്ങൾ മതി കൊച്ചന്നയെ പോലുള്ള പ്രായമായവർക്ക് ഒരുപാട് സന്തോഷിക്കാൻ.
സ്നേഹം നിറഞ്ഞ അമ്മമ്മേന്നോ അച്ഛാച്ചാന്നോ എന്ന വിളികളും, ചേർത്തു പിടിച്ചു നിർത്തി നൽകുന്ന ഉമ്മകളുമെല്ലാം , അവർക്കെത്ര വിലപ്പെട്ടതാണ്.
യാത്ര പോകുന്നതിനു അവസാന നിമിഷം വരേയ്ക്കും സന്തോഷിക്കുവാനും ,മോണ കാട്ടി നിഷ്കളങ്കമായി ചിരിക്കുവാനും എല്ലാവർക്കും കഴിഞ്ഞെങ്കിൽ !!!

By Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo