Slider

കുമാരേട്ടൻ്റ മാന്ദ്യകാലം

0

മഞ്ഞിൻ കുളിരണിഞ്ഞ മണ്ഡലകാലം കഴിഞ്ഞെങ്കിലും, മണൽക്കാട്ടിലെ മാന്ദ്യകാലത്ത് മനസ്സുരുകി, മൗനത്തിൻ്റെ കോട്ടയിലേക്ക് സ്വയം ചുരുണ്ടുകൂടിയ കുമാരേട്ടനെ ഉണർത്തിയത് സ്നേഹലതയുടെ സ്നേഹമസൃണമായ ഇമോകാൾ ആയിരുന്നു.
പതിവു വിശേഷം പറച്ചിലുകൾക്കും, പരിഭവങ്ങൾക്കുമൊടുവിലാണ് പൈസയുടെ കാര്യം പറഞ്ഞത്.
നാളെ ചിട്ടിയുടെ പൈസ അടയ്ക്കണം.
മൂന്നാലു ദിവസം മുമ്പല്ലേ ചിട്ടിയുടെ പൈസ അടച്ചത്,
എന്നിട്ട് ആ ചിട്ടിയ്ക്ക് നറുക്കു വീണോ?
അത് വീണില്ല, പക്ഷെ ചിലപ്പോൾ
നാളത്തെ ചിട്ടിയ്ക്ക് നറുക്കു വീഴും, അങ്ങിനെയെങ്കിൽ നമുക്ക് ആ പൈസ കൊണ്ട് വീടിൻ്റെ ലോൺ അടച്ചു തീർക്കാം.
അതേതായാലും നന്നായി.
ആദ്യം ഒരു വീട്ട്ലോണിൻ്റെ പൈസ മാത്രം അടച്ചാൽ മതിയായിരുന്നു അപ്പോഴാണ് അന്നിരുന്ന മാനേജർ പറഞ്ഞത് ഒരു ചിട്ടി ചേർന്ന്, നറുക്കിലൂടെ ചിട്ടി അടിച്ചാൽ
അതിൻ്റെ പൈസ കൊണ്ട് ലോൺ അടച്ചു തീർക്കാമെന്ന്. എന്നിട്ട് എട്ടു പത്തു മാസം ആയിട്ടും ചിട്ടിയുടെ നറുക്ക് വീണില്ല. അടുത്ത് മാറി വന്ന മാനേജർ
മാസം നാലു നറുക്ക് ഉണ്ടെന്ന് പറഞ്ഞ് അടുത്ത പുതിയ ചിട്ടിയിലും ചേർത്തു, അതിലും ചേർന്നിട്ട് മൂന്നു മാസമായി അതും ഇതുവരെ അടിച്ചില്ല. ഇപ്പോൾ ഈ മാന്ദ്യകാലത്ത് ഒരു ലോൺ തന്നേ അടയ്ക്കാൻ പാടുപെടുമ്പോൾ കൂടെ രണ്ടു ചിട്ടിയുടെ പൈസയും കൂടെ അടയ്ക്കാനുള്ള ബുദ്ധിമുട്ടോർത്ത് ഉള്ള ഭ്രാന്ത് വീണ്ടും കൂടി ആകാശം നോക്കിയിരുന്നു, രാത്രി ആയിരുന്നുവെങ്കിൽ നക്ഷത്രമെങ്കിലും എണ്ണിയിരിക്കാമായിരുന്നു. ഇനിയിപ്പോൾ ഓർമ്മത്തിരകൾ എണ്ണിയിരിയ്ക്കാം.
മാന്ദ്യകാലം മാറിയില്ലെങ്കിലും
സാലറിക്കാലം ആഗതമായതിനാൽ അതിൻ്റെ നിറമുള്ള രസക്കാഴ്ചകളിലേക്ക് മനസ്സിനെ പറിച്ചുനട്ടു, അല്പം വെള്ളം തളിച്ചു കൊടുത്ത നേരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സാധനങ്ങൾ കടം വാങ്ങി കൊണ്ടുപോയിരുന്ന ഹിലാൽ
കടന്നു വന്നത്. ശമ്പളം കിട്ടുന്ന അന്നു തന്നെ എന്നത്തേയും പോലെ അവൻ കടം തീർക്കാൻ വന്നതിനാൽ അവനോട് മനസ്സാ നന്ദി പറഞ്ഞു, പക്ഷെ അതിനധികം ആയുസുണ്ടായില്ല. ഹിലാൽ വന്നത് അവൻ്റെ വണ്ടി ഗാരേജിൽ നിന്ന് പണി കഴിഞ്ഞത് എടുക്കാൻ ഇത്തിരി പൈസയുടെ കുറവ് ഉള്ളത് തീർക്കാനായിരുന്നു. അത്രയും നേരം നുള്ളിപ്പെറുക്കി സെയിൽ ചെയ്ത കാശും വാങ്ങി അവനും പോയി. ഇനി ഇപ്പോൾ വൈകുന്നേരം അവൻ്റെ അക്കൗണ്ടിൽ സാലറി വന്നാൽ ചിലപ്പോൾ കൊണ്ടെത്തരുവായിരിക്കും.
അല്ലെങ്കിൽ എല്ലാം ഗോപി, ചിട്ടി പൈസ സ്വാഹ.
പിന്നീട് വന്നത് നമ്മുടെ അയ്യപ്പബൈജുവിൻ്റെ ശേലുക്ക് വന്ന മറ്റൊരു ഒമാനി, ഉച്ചയ്ക്ക് മുമ്പേ അടിച്ചുകിൻ്റായി പൂക്കുറ്റിയായി വന്നിരിക്കുന്നത് അവന് ഉച്ചയ്ക്ക് ശേഷം കുപ്പി മേടിക്കാനുള്ള കാശ് കടം ചോദിച്ചു കൊണ്ടാണ്.
കുമാരേട്ടൻ അവനെ കണ്ണുപ്പൊട്ടണ ചീത്തപ്പറഞ്ഞ് ഓടിച്ചു വിട്ടു. എങ്ങിനെ ചീത്ത പറയാതിരിക്കും സ്വന്തം ടെൻഷൻ തീർക്കാൻ ഒരു കുപ്പി വാങ്ങാൻ കാശില്ലാതിരിക്കുമ്പോൾ ആണ് അവൻ ഉച്ചകഴിഞ്ഞടിക്കാനുള്ള കുപ്പിയ്ക്ക് കടം വാങ്ങാൻ
വന്നിരിക്കുന്നത്. പാവം കുമാരേട്ടനും,പുള്ളിയുടെ ഒരു മാന്ദ്യകാലവും.

By: PS Anil kumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo