Slider

അമ്മനിലാവ്

1

ഏറെ നാളുകൾക്കു മുൻപുള്ള ഒരു പകൽ
ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു സൈലന്റ് മോഡ് ആക്കിയിരുന്ന മൊബൈൽ നോക്കുമ്പോളാണ് ലക്ഷ്മിയുടെ ഏഴു മിസ് കാളുകൾ കണ്ടത് .സാധാരണ ഡ്യൂട്ടിക്കിടയിൽ വിളിക്കാത്തവളാണ് .എന്ത് സംഭവിച്ചിരിക്കും ?തെല്ലു ആകാംഷയോടെ ഞാൻ തിരികെ വിളിച്ചു
"ലക്ഷ്മി ..?"
" ഏട്ടാ 'അമ്മ വന്നിട്ടുണ്ട് " ആ സ്വരത്തിനു ഒരു വിറയൽ ഉണ്ട് ..ഞാൻ ഒരു നിമിഷം നിശബ്ദനായി .പിന്നീട്
" എപ്പോൾ ?"
"രാവിലെ "
"ഞാൻ വേഗം എത്താം "
"ഉം " ഫോൺ കട്ട് ആയി
എന്റെ കല്യാണത്തിന് ശേഷം 'അമ്മ ആദ്യമായി വീട്ടിലേക്കു വരികയാണ്. ലക്ഷ്മിയെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നെനിക്ക് തോന്നാറുണ്ട്. മറ്റു രണ്ടു മരുമക്കളുടെയും ഉദ്യോഗമഹിമയോ കുടുംബ പാരമ്പര്യമോ ലക്ഷ്മിക്കുണ്ടായിരുന്നില്ല.
രണ്ടു വര്ഷം മുൻപ് സ്വന്തം എന്ന് പറയാൻ ആകെ ഉള്ള രോഗിയായ തന്റെ മുത്തശ്ശനെ കൂട്ടി എന്റെ മുന്നിൽ വരുമ്പോൾ അവൾ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു .എത്രയോ പേര് ദിനവും കണ്മുന്നിലെത്തുന്നു .പക്ഷെ ഈ മുഖം മാത്രം എങ്ങനെയോ ഉള്ളിൽ തടഞ്ഞു നിന്നു
തിരി താഴ്ന്നു പ്രകാശിക്കുന്ന നിലവിളക്കു പോലെ
പേടിച്ചരണ്ട ഒരു മാൻപേടയെ പോലെ
ആ കണ്ണുകളിലെ സ്ഥായീ ഭാവം പേടിയാണ് .
"എനിക്കിഷ്ടമാണെന്നു പറഞ്ഞപ്പോളും പേടി കൊണ്ടാവും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് .
ഏട്ടന്മാരൊക്കെ എതിർത്തിട്ടും പരിഹസിച്ചിട്ടും ലക്ഷ്മിയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല അത് കൊണ്ടാവും 'അമ്മ ഈ വിവാഹം നടത്തി തന്നതും .
ലക്ഷ്മി ഗർഭിണിയാണെന്ന് ഞാൻ വിളിച്ചു പറയുമ്പോളും 'അമ്മ ഒരു മൂളലിൽ ഫോൺ കട്ട് ചെയ്തു .
അഞ്ചുമാസം ഗർഭിണിയായ അവൾ എന്നെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെ വീട്ടുജോലികൾ ചെയ്യുമ്പോൾ 'അമ്മ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട് എന്റെ 'അമ്മ ഒരിക്കലും ഞങ്ങൾ മൂന്ന് പേരെയും ലാളിച്ചിട്ടില്ല .കൊഞ്ചിച്ചിട്ടില്ല .ഓമനപ്പേരുകൾ പറഞ്ഞു വിളിച്ചിട്ടുമില്ല .അച്ഛനില്ലാത്ത മൂന്നു ആൺമക്കളെ വളർത്തിയെടുക്കാൻ ഒരു പക്ഷെ അത്രയും കരളുറപ്പ് വേണമായിരിക്കും
വീട്ടിലെത്തുമ്പോൾ 'അമ്മ അടുക്കളയിലുണ്ട്
"ഇവിടെയെന്താ പതിവ് അത്താഴത്തിന് ?അതോ ദിവസവും ഹോട്ടൽ ഭക്ഷണം ആണോ ?വല്ലതും വെച്ചുണ്ടാക്കാനൊക്കെ അറിയുമോ ?"
ചായ നീട്ടിയത് എനിക്കാണെങ്കിലും കണ്ണുകൾ ലക്ഷ്മിയിലായിരുന്നു
വീട് ജോലികളിൽ ഒരു സഹായിയെ വെയ്ക്കാമെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ സ്വയം എല്ലാം ചെയ്യുന്നവളാണ് ലക്ഷ്മി .എന്നിട്ടും അമ്മയുടെ ഈചോദ്യത്തിനു മുന്നിൽ അവൾ മുഖം കുനിച്ചു
പതിവ് പോലെ പുലർച്ചെ എണീറ്റ് അടുക്കളയിലേക്കു പോയവൾ വേഗം തിരികെ വന്നു
"'അമ്മ അടുക്കളയിൽ "
"അതിനെന്താ ?"
"എന്നോട് ഒന്നും മിണ്ടുന്നില്ല
ഏട്ടാ "അവൾകണ്ണുകളിൽ നീർത്തിളക്കം
ഞാൻ അവൾക്കൊപ്പം അടുക്കളയിലേക്കു ചെന്നു
" മുറ്റത്തു കൂടി ഒരു അര മണിക്കൂർ നടക്കു ഒരു വ്യായാമം ആകട്ടെ .ഡോക്ടർ ആയിട്ടും ഇതൊന്നും പറഞ്ഞു കൊടുത്തിട്ടില്ലേ ഭാര്യക്ക് ?"
ഒരു ചോദ്യം ഞങ്ങൾക്കിടയിലേക്കു ഇട്ടു തന്നിട്ട് 'അമ്മ പാചകം തുടർന്നു
പകൽ ആശുപത്രിയിൽ ഇരിക്കുമ്പോൾ എനിക്കൊരു മനഃസമാധാനക്കേട്‌ ഉണ്ടായിരുന്നു ..പക്ഷെ ദിവസങ്ങൾ കഴിയവേ ലക്ഷ്മിയുടെ കണ്ണിലെ പേടി മാഞ്ഞു പോയി തുടങ്ങി .ഓരോ ദിവസവും എനിക്കായി ഓരോ കഥകളുണ്ടാകും .എന്റെ അമ്മയുടെ ജീവിത കഥകൾ .ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അമ്മയെ ഞാൻ ലക്ഷ്‌മിയിലൂടെ അറിയുകയായിരുന്നു.അവർ എപ്പോളും ഒരുമിച്ചിരിക്കുന്നതു കണ്ടു എനിക്ക് അതിശയം തോന്നി .'അമ്മ ഏട്ടത്തിമാരോടൊന്നും ഇങ്ങനെ കളിതമാശകൾ പറയുന്നതോ അവരുടെ വീടുകളിൽ പോയി ദിവസങ്ങളോളം നിൽക്കുന്നതോ ഞാൻ കണ്ടിട്ടില്ല .
'അമ്മ ലക്ഷ്മിയുടെ നീണ്ട മുടി എണ്ണ തേച്ചു കൊടുക്കുന്നത് , അവളുടെ കൈകളിൽ മൈലാഞ്ചി കൊണ്ട് ചിത്രപ്പണികൾ വരയ്ക്കുന്നത് , അവൾക്കിഷ്ടമുള്ള ഉള്ളി തീയലും ഇഞ്ചിപച്ചടിയും മാങ്ങാച്ചമ്മന്തിയും ഒക്കെ ഉണ്ടാക്കി അവളെ ഊട്ടിക്കുന്നത് ഒക്കെ എനിക്കാദ്യ കാഴ്ചകളായിരുന്നു .
ഏഴുമാസം കഴിഞ്ഞപ്പോൾ മുതൽ അവൾ അമ്മയ്‌ക്കൊപ്പമായി ഉറക്കം .രാത്രി അവരുടെ മുറിയിൽ പ്രകാശം കണ്ടു ഞാൻ നോക്കുമ്പോൾ ചിലപ്പോൾ 'അമ്മ അവളുടെ നടുവ് ഉഴിഞ്ഞു കൊടുക്കുകയാവും ചിലപ്പോൾ കാൽപാദങ്ങൾ തിരുമ്മി ചൂട് കൊടുക്കുകയാവും .കണ്ണ് നിറഞ്ഞു ഞാൻ ഏറെ നേരം ആ കാഴ്ച കണ്ടു നിന്നിട്ടുണ്ട് .
ലക്ഷ്മി എന്ത് മന്ത്രമാണ് അമ്മയിൽ പ്രയോഗിച്ചിട്ടുണ്ടാകുക ?അല്ലെങ്കിൽ തന്നെ അവളെ പോലെയൊരു പാവത്തിനെ ആർക്കാണ് ഇഷ്ടം ആകാതിരിക്കുക?
പ്രസവമുറിയിൽ അവൾ അമ്മയെ എന്റെ കൂടെ നിർത്തുമോ ഏട്ടാ എനിക്കൊരു ധൈര്യത്തിന് എന്ന് ചോദിച്ചപ്പോൾ അതമ്മയ്ക്കും എത്ര സന്തോഷമായിരുന്നു എന്ന് ഞാൻ കണ്ടു .അവൾ വേദന കൊണ്ട് പുളയുമ്പോൾ പെയ്തത് അമ്മയുടെ കണ്ണുകളായിരുന്നു ...അവളുട നിറുകയിൽ തലോടി 'അമ്മ നാമം ജപിക്കുന്നുണ്ടായിരുന്നു
ഞങ്ങളുട മകൾക്കു നാരായണി എന്ന് പേരിട്ടു 'അമ്മ
"ഏട്ടാ ഞാൻ ബാങ്കിന്റെ കോച്ചിങ് ക്ലാസിനു പൊയ്ക്കോട്ടേ ?'അമ്മ പറയുന്നു എനിക്ക് സെലക്ഷൻ കിട്ടുമെന്ന് "
ഞാൻ തെല്ലു വിസ്മയത്തോടെ അവളെ നോക്കി തലയാട്ടി
അവൾക്കു ജോലി കിട്ടിയപ്പോൾ അമ്മയ്ക്ക് സ്വർഗം കിട്ടിയത് പോലെ
'അമ്മ ആർക്കും കൊടുക്കാതെ മാറ്റി വെച്ചിരുന്ന സ്നേഹത്തിന്റെ അമൃത് മാത്രമല്ല അവൾക്കു കൊടുത്തത് .സദാപേടിയോടെ ലോകത്തെ നോക്കിയിരുന്ന ഒരു തൊട്ടാവാടിപ്പെണ്ണിൽ നിന്നു ആത്മധൈര്യമുള്ള സ്ത്രീയിലേക്കുള്ള യാത്രയ്ക്ക് ഊർജം കൂടിയായിരുന്നു .
.'
അമ്മ അവൾക്കു അമ്മയെ തന്നെ പകർന്നു നൽകുകയായിരുന്നു
'അമ്മ പിന്നീട് ഒരിക്കലുംഞങ്ങളെ വിട്ടു പോയില്ല ..അല്ല ലക്ഷ്മിയെ വിട്ടു പോയില്ല അവൾക്കു ജീവിതത്തിൽ ഒരിക്കലും ലഭിക്കാതിരുന്ന മാതൃസ്നേഹം മുഴുവൻ കൊടുത്തു കൊണ്ട് 'അമ്മ ഞങ്ങൾക്കൊപ്പം നിന്നു .
ശരിക്കും അമ്മയെ ലഭിച്ചത് ലക്ഷ്മിക്കാണ് .എല്ലാ പൂർണതയുമുള്ള ഒരു അമ്മയെ .അവളല്ലേ ശരിക്കും ഭാഗ്യവതി ?

By: AmmuSanthosh
1
( Hide )
  1. ആശയം മികച്ചത്.... രചനാശൈലിയിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരു സംഭവത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള പെട്ടെന്നുള്ള മാറ്റം എഴുത്തിന്റെ ഒഴുക്കിന് ഭംഗം വരുത്തുന്നുണ്ടോയെന്നൊരു ചെറിയ സംശയം.... എഴുതാനുള്ള കഴിവുണ്ട്... ഭാഷ ഒന്നുകൂടി നന്നാക്കിയാൽ നല്ലൊരു ഭാവിയുണ്ട്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo