Slider

അച്ഛനെന്ന ഓർമ്മത്തണൽ.

0
Image may contain: 1 person, smiling, eyeglasses and outdoor

കാലമെത്ര കഴിഞ്ഞാലും ചില ഓർമ്മകൾ,
മനസ്സിന്റെ ആഴങ്ങളിൽ നിന്നും നുരഞ്ഞു പൊന്തി വന്നു വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കും.
എല്ലാം കൂടി കെട്ടിപ്പെറുക്കി ഒരു ഭാണ്ഡമാക്കി ഏതെങ്കിലുമൊരു മൂലയിൽ നിക്ഷേപിച്ചാലും,
ഇടക്കിടയ്ക്ക് ഉപ്പുവെള്ളം തട്ടുമ്പോൾ അതിൽ നിന്നും ഓരോ മുള പൊട്ടും.
പിന്നീട് സങ്കടങ്ങളുടെ പെരുമഴയാവും.
ഇടിമുഴക്കങ്ങളുടെ ഘോഷയാത്രയാവും.
പെയ്തു തോർന്നു തണുത്തു വിറച്ചു നിൽക്കുമ്പോഴേക്കും ഒരിളം ചൂടുകാറ്റായ് വന്നു ചേർന്ന് പുതപ്പിച്ചിട്ടുണ്ടാകും.
അതൊരു സ്നേഹവാത്സല്യമാണ് !
വീണ്ടും ഡിസംബർ 11.
പതിനെട്ടു വർഷങ്ങൾക്കിപ്പുറവും ആ നഷ്ട വസന്തത്തിന്റെ, പച്ചപ്പുകളിലിപ്പോഴും പെയ്യുമ്പോൾ,
ഏതൊക്കെയോ ഉണങ്ങിയ വേരുകളിൽ തട്ടി പലവട്ടം വീണപ്പോഴും,
വേദനയോടെ,
അതേ സ്നേഹസുഗന്ധത്തിനായി ചുറ്റിലും കൊതിയോടെ പരതാറുണ്ട്.
ഇന്നത്തെ പോലെ യാതൊരു സൗകര്യങ്ങളുമില്ലാതിരുന്നൊരു പ്രവാസകാലം അന്നുണ്ടായിരുന്നു.
ഓരോ ഗ്യാസ് സിലിണ്ടറും മൂന്നും നാലും നിലകളിലേക്ക് ചുമന്നു കൊണ്ട് പോയി കൊടുത്തിരുന്നൊരു കാലം.
വേദനയുടെയും പൊള്ളലിന്റെയും ചൂടുകാലം.
പടവുകൾ ഓരോന്ന് കയറുമ്പോഴും സ്നേഹത്തോടെ കരുതലോടെ കൂടുതൽ കൂടുതൽ ചേർത്തുപിടിച്ചൊരച്ഛൻ!
എന്തെങ്കിലും വേണം എന്നാവശ്യപ്പെടേണ്ട ആവശ്യമില്ലാതെ, കണ്ടറിഞ്ഞ് എല്ലാം വാങ്ങി തന്നിരുന്നു.
ഇടക്കെങ്കിലുമൊക്കെയുള്ള വാഗ്വാദങ്ങളിൽ, നിനക്കൊന്ന് തോറ്റു തന്നാലെന്താ,
ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ അച്ഛനല്ലേ?
എന്നുള്ള കുട്ടിത്ത ചോദ്യങ്ങളിൽ.
നിറച്ചുവെച്ചിരുന്നൊരു സ്നേഹക്കടൽ!
കെട്ടിച്ചുവിടുമ്പോൾ ആരും കാണാതെ നിറകണ്ണുകൾ തുടച്ച്,
അവിടെയും ഇവിടെയുമൊക്കെ തട്ടി തടഞ്ഞു മറഞ്ഞു നിന്ന് സമയം കളഞ്ഞ്,
അച്ഛന്റെ കൊച്ചുമോളെ വയറ്റിൽ കൊണ്ടുനടക്കുന്ന സമയത്ത്,
മറ്റാരെങ്കിലും കണ്ടാൽ കണ്ണുവെയ്ക്കും,
ആരും കാണാതെ വേണം കഴിക്കാനെന്നും പറഞ്ഞ് എന്നും കൊണ്ടുതന്നിരുന്ന
ഇഷ്ടഭക്ഷണ പൊതികൾ!
സ്നേഹസമ്മാനങ്ങൾ.
എങ്ങനെ ഓർക്കാതിരിക്കും ഞാനെന്റെ അച്ഛനെ.
ഈ നിമിഷം വരെ അതുപോലൊരു സ്നേഹത്തണൽ ...
ഇല്ല !
എവിടെയുമില്ല.
ഇനി കാണുകയുമില്ല.!
ഓരോ പെൺമക്കളും ഇതേപോലെ തന്നെയാവും അവരുടെ അച്ഛന്റെ സ്നേഹത്തണലിൽ.
ഓരോ അച്ഛന്മാരും ഇതേ കരുതലോടെയാവും പെണ്മക്കളെ കണ്ടിട്ടുണ്ടാവുക.
മതിയാവോളം സ്നേഹിച്ചില്ല എന്നൊരു കുറ്റബോധം മാത്രമെന്നിൽ ബാക്കിയാക്കി,
സ്നേഹങ്ങളൊക്കെ വിട പറയുമ്പോൾ,
സഹനത്തിന്റെ ഒരു കുന്നു ഭാരവും പേറി നമ്മളൊക്കെ ഇവിടിങ്ങനെ,
അലഞ്ഞു തിരിഞ്ഞു ചുറ്റിക്കറങ്ങി
പച്ചയ്ക്ക് കത്തുന്ന ആത്മാക്കളെ പോലെ 

By Resmi Gopakumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo