നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബനാറസ്

Image may contain: 3 people, people standing and child

'' ബന്നോ തേരാ മുഖ്ഡാ ഗുലാബി രേ..
ഛലോ തുഝെ ഹൽദി ലഗായി രേ''..
കാൻശി ബുവായുടെ ഗാനത്തിനും ഢോലകിന്റെ താളത്തിനും ഒപ്പം ചുവട് വയ്ക്കുന്ന സുന്ദരികളായ സ്ത്രീകളും കുട്ടികളും. വീടകവും വിശാലമായ മുറ്റവുമെല്ലാം ജമന്തിപ്പൂക്കളും റോസാപ്പൂക്കളും മുല്ലപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് . മുള കൊണ്ട് തീർത്ത പന്തലിൽ വർണ്ണക്കടലാസുകൾ കൊണ്ടുള്ള തോരണങ്ങളും. നാനാവർണ്ണങ്ങളോട് കൂടിയ എൽ ഇ ഡി ലൈറ്റുകളോടൊപ്പം ഹൽദി ചടങ്ങിന്റെ ആഘോഷരാവിന് മാറ്റ് കൂട്ടുവാൻ വെള്ളിത്തളികയിൽ വിളക്കേന്തിയത്പോലെ പൂർണ്ണചന്ദ്രനും ആകാശത്ത് പ്രഭ ചൊരിഞ്ഞ് നിന്നിരുന്നു.
നവവധുവിനായി ദീപങ്ങൾ കൊണ്ടലങ്കരിച്ച് സജ്ജമാക്കിയ പ്രത്യേക മണ്ഡപത്തിൽ പൂജാദ്രവ്യങ്ങളും കൊച്ചുതാലങ്ങളിലായി മഞ്ഞളും തയ്യാറാക്കിയിരിക്കുന്നു. കൈകളിൽ മെഹന്ദിയണിയിക്കാനായി കൂട്ടം കൂടിയിരിന്ന് കൂണുങ്ങിച്ചിരിക്കുന്ന
ചെറുതും വലുതുമായ പെൺകുട്ടികൾ.
അടുക്കളയിൽ ദാൽ റോട്ടിയുടേയും, പാവ്ബാജിയുടേയും, പക്കോടയുടേയും, സബ്ജിയുടേയുമെല്ലാം കൊതിയൂറുന്ന ഗന്ധം. വലിയ താലകളിലായി അടുക്കി വച്ചിരിക്കുന്ന പലനിറത്തിലും തരത്തിലുമുള്ള മധുരപലഹാരങ്ങൾ.
ഒരു ഗ്രാമം മുഴുവൻ ആനന്ദത്തിൽ മതിമറന്നിരിക്കുകയാണ്.
താളമേളങ്ങൾക്കിടയിൽ അടുക്കളവാതിലിന് പുറകിലെ നിഴലനക്കം മാത്രം ആരും അറിഞ്ഞില്ല.
വാതിൽ മെല്ലെ ചാരി ആരും കാണാതെ ഇരുട്ടിന്റെ മറവിലേക്ക് ലഹംഗയും ഛോളിയുമണിഞ്ഞ്, മുഖവും മേലാസകലവും ദുപ്പട്ട കൊണ്ട് മൂടിയ ഒരു കൊച്ചു പെൺകുട്ടി. ഒരു ലെതർബാഗ് അവൾ മാറോട് ചേർത്തണച്ച് പിടിച്ചിരുന്നു. കൈകളിലെ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മൈലാഞ്ചിച്ചുവപ്പും ലഹംഗയ്ക്ക് താഴെ ദൃശ്യമാകുന്ന കാൽപാദങ്ങളിലെ മങ്ങാത്ത ചെഞ്ചായവും, എന്തൊക്കെയോ ഏറ്റ് പറയുന്നുണ്ടായിരുന്നു.
ആളനക്കമില്ലാത്ത ഇടറോഡിലേക്കിറങ്ങിയ അവൾ, ഒരു മാത്ര ആ വർണ്ണപ്രഭാവലയത്തിലേക്ക് നോക്കിയശേഷം തിരിഞ്ഞ് ആ മൺപാതയിലൂടെ ഓടാൻ തുടങ്ങി. മനസ്സിൽ ഇരുട്ട് നിറഞ്ഞ ലോകത്തിനെതിരെ ഉള്ളിലെ വെളിച്ചം നയിച്ച വഴികളിലൂടെ....
നെൽപാടങ്ങളിലെങ്ങോ ഒളിഞ്ഞിരുന്ന കാറ്റ് ദുപ്പട്ടയാൽ മൂടിയിരുന്ന അവളുടെ സ്വാതന്ത്ര്യത്തെ വെളിയിലിട്ടു. ഭയമാർന്ന കണ്ണുകളിൽ പ്രതീക്ഷയുടെ നേരിയ തിരയിളക്കം. ആരും കാണാതെ, പരിചിതമായ ഗലികളും കളിച്ചുതീർന്നിട്ടില്ലാത്ത ചെങ്കൽപ്പാതവരമ്പും അവൾ നിമിഷനേരം കൊണ്ട് താണ്ടി.
ലഹംഗയുടെ സ്പർശത്താലിളകിയ ഗോതമ്പ് മണികളിൽ നിന്ന് ചിറകു വിരിച്ച്, തിരി തെളിയിച്ച്, മിന്നാമിനുങ്ങുകൾ പറന്നുയർന്നു. ശാന്തമായൊഴുകുന്ന ഗാഘ്രാ നദി കുഞ്ഞോളങ്ങളാൽ അവൾക്ക് യാത്രാമംഗളമേകി.
അവിടെ ഗാസിപുർ ഗലിയിൽ അവളെയും കാത്ത് ഒരു വെള്ള അംബാസഡർ കാർ...അവളെയും വഹിച്ച് സ്വപ്നങ്ങളുടെ പാളത്തിലൂടെ പറക്കുകയാണ് ആ കാർ....പിന്നിൽ റെയിലുകളിൽ തീവണ്ടിചക്രം ഉരസുന്ന ശീൽക്കാരത്തോടെ അടുത്തടുത്തുവരുന്ന ചൂളംവിളി......
കാതിലേക്കിരച്ചു കയറുന്ന ചൂളംവിളിക്കൊപ്പം 'കൊച്ചേട്ടാ..' എന്ന വിളി. സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലുള്ള നേർരേഖയിലെവിടെയോ, ആരോ തട്ടിയുണർത്തുംപോലെ. ഉറക്കം കൺപോളകളെ ഉപേക്ഷിക്കാൻ മടിക്കുന്നത് പോലെ. പാതി തെളിഞ്ഞ കാഴ്ചകളിലെ സ്വപ്ന യാത്രയിൽ മുൻപിൽ അവൾ. ട്രെയിനിന്റെ താളത്തിനൊത്ത് ഇളകിയാടി, കംപാർട്മെന്റിലെ ജനലഴികളിലൂടെ രാത്രിയുടെ സാന്ത്വനമേറ്റ്, അതേ ലഹംഗയും ദുപ്പട്ടയുമണിഞ്ഞ് ഒരുത്തരേന്ത്യൻ വധുവിന്റെ വേഷവിധാനത്തോടെ 14- 15 വയസ്സുള്ള പെൺകുട്ടി. ഒറ്റയ്ക്ക്.
നിഷ്കളങ്കമായ വെളുത്തുരുണ്ട മുഖവും, വരണ്ടുണങ്ങിയ ചുണ്ടും, വിസ്താരമാർന്ന നെറ്റിത്തടവും എല്ലാം ആരുടെയൊക്കെയോ ഛായ തോന്നിച്ചിരുന്നു. ജനൽ കാഴ്ചകളിൽ ലയിച്ചിരിക്കുന്ന കണ്ണുകളിൽ പുറത്തെ പച്ചപ്പും തെളിഞ്ഞ ആകാശവും ഇതു വരെയുണ്ടായിരുന്ന അവളിലെ ഭയത്തെ മായ്ച്ചു കളഞ്ഞിരുന്നു.
പ്രായത്തെ തോല്പിക്കുന്ന തന്റെ ശരീരവടിവുകളെ ചൂഴ്ന്നെടുക്കുന്ന കണ്ണുകളിൽ നിന്നും ഒരു രക്ഷാ കവചമെന്നോണം ബ്രൗൺ നിറമുള്ള പുറംചട്ടയോടു കൂടിയ ഒരു പാഠ പുസ്തകം അവൾ മാറോടടുക്കിവച്ചിരുന്നു. തനിച്ചൊരു പെൺകുട്ടി എന്നത് സിരകളിൽ ഭയത്തെ ജനിപ്പിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്നും സ്നേഹമാർന്ന 'കൊച്ചേട്ടാ' എന്ന വിളി.
എന്റെ കണ്ണുകൾ അവൾക്ക് ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. എന്തായിരുന്നു അവളുടെ പേര്? പേര് ചോദിച്ചിരുന്നോ?എങ്കിലും അവളുടെ മുഖം ബനാറസ് എന്ന് വിളിക്കാനാണ് പ്രേരിപ്പിക്കുന്നത്‌. പുറത്ത് ട്രെയിൻ അനൗൺസ്മെന്റ് കേൾക്കാം
''കൃപയാ ധ്യാൻദേ ട്രെയിൻ നമ്പർ 26443 വരാണാസി സെ എറണാകുളം ജാനെവാലെ പാറ്റ്ന എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ദോ സെ ജാനേവാലെ ഹെ''
പാറ്റ്ന എക്സ്പ്രസ്....
വരാണാസി......പാപമോക്ഷത്തിനായും, ആത്മസംസ്കരണത്തിനായുമെത്തുന്നവരുടെ ഭൂമി.
പൂണ്യഗംഗ ഒഴുകുന്ന ഭൂമി
വരാണാസി എന്ന ബനാറസ്
അവൾ ബനാറസിൽ നിന്നാണ് വരുന്നത്‌. കണ്ണുകളിലൂടെയുള്ള സംവാദത്തിൽ ബോദ്ധ്യമായത്. ഭയമൊഴിഞ്ഞ കണ്ണുകളിലൂടെ അവൾക്കിനിയും എന്തോ പറയാനുണ്ട്. കണ്ണുകൾ കഥ പറയുന്നു. അവളുടെ കഥ.
ചാരനിറത്തിലുള്ള ചുമരുകളോട് കൂടിയ മങ്ങിയ വെളിച്ചമുള്ള കൊച്ചുമുറിയിൽ കടുകെണ്ണയുടെ ഗന്ധം തളം കെട്ടി നിൽക്കുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കൈകൾകൂപ്പി അവൾ ആരോടോ യാചിക്കുന്നു.
'' ബാബുജി....ഹം പഠായി ചാഹ്താനി. കിർപാ കരെ ഹംരാ ശാദി ന കരബ്''
(അച്ഛാ എനിക്ക് പഠിക്കണം. ദയവായി എന്റെ കല്യാണം നടത്തരുതേ.)
'' ഛുപ്ഛാപ് രഹ്. തൂ ഹദ് സെ ബാഹർ ജാ താഡ്. ഹം ജാൻ താനി കാ കർബാ.''
(ശബ്ദിക്കരുത്. നീ നിന്റെ പരിധി വിടുന്നു. എനിക്കറിയാം എന്ത് വേണമെന്ന്.)
മുഷ്ടി ചുരുട്ടി ദേഷ്യമടക്കി മുറിക്ക് പുറത്തേക്ക് പോകുന്ന ആ മനുഷ്യനെ 'ബാബുജീ' എന്ന് വിളിച്ച് തേങ്ങിക്കരയുന്ന അവളിലേക്ക് നിസ്സഹായതയുടെ ശകാരനോട്ടവുമായി മറ്റ് രണ്ട് സജല നേത്രങ്ങൾ. 'മായീ' എന്ന അവളുടെ വിളിയ്ക്ക് ശാസനയുടെ സ്വരത്തിലായിരുന്നു അവരുടെ മറുപടി
'' ഢേർ ബാ. ബൻ കർ. ചൽ ജാ കെ നാശ്താ ബനാവ്..'' ( മതി. നിർത്ത്. പോയി പ്രാതൽ പാകം ചെയ്യു).
''ദീദീ ന രോവൂ..'' (ചേച്ചീ കരയല്ലേ) തന്നെ സാന്ത്വനിപ്പിക്കാനെത്തിയ പത്ത് വയസ്സുകാരനെ ചേർത്ത്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. ചേച്ചിയും അനിയനും കെട്ടിപ്പിടിച്ച് കരയുന്ന കാഴ്ച കണ്ടുകൊണ്ട് നിഷ്ക്രിയരായി മറ്റ് മൂന്ന് സഹോദരികളും. കാഴ്ചയിൽ അധികം പ്രായവ്യത്യാസം തോന്നാത്ത ഒരേ പോലെയുള്ള സഹോദരങ്ങൾ.
'ഉസ കപ്ടാ ധോ ല' (ഉഷ വസ്ത്രം അലക്കൂ)
'പുസ്പ ബർതൻ ധോ ല' (പുഷ്പ പാത്രം കഴുകൂ)
'നിസ ചൽ ഝാടു പോഛ് ല' (നിഷ തൂത്ത് തുടയ്ക്കൂ)
ദീദിയുടെ സങ്കടത്തിൽ കൂടെ ചേരാനൊരുങ്ങിയ സഹോദരിമാരെ തടഞ്ഞു കൊണ്ടുള്ള മായീയുടെ ആജ്ഞകൾ ആ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
എല്ലാവരും മുറി വിട്ടൊഴിഞ്ഞപ്പോഴും കറുത്ത ചാന്ത് തേച്ച തറയിൽ ചുമരിനോട് ചേർന്നിരുന്ന് അവൾ കൊഴിഞ്ഞുപോയ സ്വപ്നമണികളെ കോർത്തെടുക്കാൻ കഴിയാത്തത് പോലെ സ്തബ്ധയായിരുന്നു. പെട്ടെന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ എഴുന്നേറ്റ് തൊട്ടടുത്ത മുറിയിലെത്തി ആരും കാണാതെ മേശവലിപ്പിലൊളിപ്പിച്ചിരുന്ന ഫോണെടുത്ത് ആരെയോ വിളിച്ച് ഭോജ്പുരിയും മലയാളവും കലർന്ന ഭാഷയിൽ എന്തോ സംസാരിക്കുന്നു. വളരെ പതിഞ്ഞ സ്വരത്തിലുള്ള സംസാരം കാതുകളിൽ അവ്യക്തമായ ശബ്ദ ശകലങ്ങൾ.
'' ശ്..ശ്.. മലയാളം. ഞാർ തീരുമാനിച്ചു ധരം. ഞാൻ പോവും. പക്കാ ബാ(തീർച്ചയായും). പ്ലീസ് എന്നെ സഹായിക്കണം. ട്രെയിൻ എപ്പോളാ?
പാറ്റ്ന എക്സ്പ്രസ്! ഹം തൊഹ്‌രാ സെ ഓജെ മിൽബാ. ഠീക് ബാ.(നമുക്ക് അവിടെ വച്ച് കാണാം. ശരി)
അടുത്ത ശബ്ദത്തിനായി കൂർപ്പിച്ച് നിന്ന കാതുകളിൽ വീണ്ടും ആ വിളി 'കൊച്ചേട്ടാ'. ഉറക്കമുണരാൻ വെമ്പുന്ന മനസ്സിനെ ശക്തമായി വലിച്ചടുപ്പിക്കുന്ന മായക്കാഴ്ചയിൽ ഉറങ്ങാത്ത കണ്ണുകളുമായിരിക്കുന്ന അവളെയും കൊണ്ട് കിതച്ച് കിതച്ച് ചുരമിറങ്ങി ഇരുട്ടിലേക്ക് അകന്നുപോകുന്ന ട്രെയിൻ.
ഉറക്കത്തെ അകലേക്ക് പായിച്ച് കൺപീലികളിലൂടകത്തേക്ക് കടന്ന വെള്ളത്തുള്ളികളോടൊപ്പം 'കൊച്ചേട്ടാ' എന്ന വിളി. മുന്നിൽ കപ്പുമായി അമ്മൂട്ടി
''കൊച്ചേട്ടാ....ഹോ എന്തൊരൊറക്കോണിത്...ഇങ്ങനേണ്ടാ എത്ര നേരായീ വിളിക്കണേ..സഹികെട്ടാ വെള്ളം കോരിയൊഴിച്ചത്. ഇതെന്താ പതിവില്ലാണ്ട് ഈ നേരത്തൊരൊറക്കം. അതേയ് സമയം എന്തായിന്നറിയോ?
അഞ്ചേകാല്. സാർ ഇന്ന് കോച്ചിങ് സെന്ററിലൊന്നും പോണില്ലേ. ദേ പ്രിയസഖീടെ എത്ര മിസ്കോളാന്ന് നോക്കിയേ. കാത്തിരുന്ന് മുഷിഞ്ഞ് കാണും. ദെന്താത് കണ്ണുംതുറന്നുറങ്ങാണോ? എന്തൊക്കെ പിച്ചും പേയും പറയണ്‌ണ്ടാർന്നല്ലാ..എന്താ ബനാറസാ?....എക്സ്പ്രസ്ന്നൊക്കെ ? ഇവിടെങ്ങുമല്ലേ? കൊച്ചേട്ടാ..''
അതെ മനസ്സിപ്പോഴും അവിടം വിട്ട് വന്നിട്ടില്ല ആ തീവണ്ടിക്കൊപ്പമെത്താനൊരു പരക്കംപാച്ചിൽ പെങ്ങള്കുട്ടിയുടെ അടിയും ഇടിയും എല്ലാം കൊള്ളുന്നുണ്ടെങ്കിലും.....
''തല പെരുക്കുന്നത് പോലെ നീ ഒരു ചായ കൊണ്ടു വന്നേ''
''ഹാവൂ വെളിവ് വന്നൂല്ലോ. സമാധാനം. ചായയൊക്കെ തരാം. ആദ്യം കിടക്കയിൽ നിന്നെണീച്ച് വാ. വെള്ളം ഒഴിച്ച് ബെഡ്ഷീറ്റൊക്കെ നനഞ്ഞില്ലേ. അമ്മ ഓഫീസിന്ന് വരുന്നേന് മുന്നേ അതൊക്കെ മാറ്റണം. ഇല്ലേൽ അതിന് ചീത്ത കേൾക്കണം. ഉം ഉം എണ്റ്റേ എണ്റ്റേ.''
''ഷീറ്റൊക്കെ ഞാൻ മാറ്റാം. നീ പോയി ചായ കൊണ്ടു വാന്ന് ''.
''ങാ. കൊണ്ടു വരാം. പിന്നേ... കൊച്ചേട്ടൻ ട്യൂഷനെടുത്തിരുന്ന കൊച്ചില്ലേ?..ഒരു ഭായി പെൺകൊച്ച്. പ്ലൈവുഡ് കമ്പനീൽ ജോലിക്ക് വന്ന ഹിന്ദിക്കാരന്റെ മോൾ. നന്നായി പഠിക്കുംന്ന് പറഞ്ഞ...''
ആ മുഖം ഓർത്തെടുക്കാനുള്ള എന്റെ ശ്രമം കണ്ടുകൊണ്ടാവും അമ്മൂട്ടി വീണ്ടും സമർത്ഥിക്കാനുള്ള ഭാവം
''ഹ....പകുതിക്ക് വച്ച് പഠിത്തം നിർത്തി യു.പിയിലേക്ക് തന്നെ പോയില്ലേ. കല്യാണമാണെന്ന് പറഞ്ഞ്. ആ കുട്ടിയെ അവിടെ വച്ച് കാണാണ്ടായീന്ന്. അവളുടെ നാട്ടുകാരൻ പയ്യൻ ആ ബൺഠി പറഞ്ഞതാ. എന്തായിരുന്നു കൊച്ചേട്ടാ ആ കുട്ടീടെ പേര്?''
അതെ. ഇപ്പോഴും ഓർക്കുന്നു.കഴിഞ്ഞ ജൂൺ മാസം ട്യൂഷൻ സെന്ററിലെ വരാന്തയിൽ അച്ഛന്റെ മറ പിടിച്‌ സ്കൂൾ ബാഗും തോളത്തിട്ട് ഉള്ളം നിറയെ അറിവിനോടുള്ള ലഹരിയും നിഷ്കളങ്കമായ ചിരിയും ജിജ്ഞാസയുണർത്തുന്ന കണ്ണുകളുമായൊരു പെൺകുട്ടി. എന്തായിരുന്നു അവളുടെ പേര്?
പേര്????
ആ നിഷ്കളങ്ക മുഖം
ആ കഥ പറയുന്ന കണ്ണുകൾ വീണ്ടും വീണ്ടും പറയുന്നു
ബനാറസ്.....
(അവസാനിച്ചു)
ബിനിത

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot