Slider

നമ്മുടെ വിമാനത്താവളത്തില് ഞാനും വിമാനമിറങ്ങി.

0
Image may contain: Saji Varghese, tree, sky, outdoor and nature


********************* സജി വർഗീസ്...
ഡൽഹിയിൽ പോയി തിരിച്ച് ബാംഗ്ളൂർ വഴി നമ്മുടെ കണ്ണൂർ മട്ടന്നൂർ എയർപോർട്ടിൽ ഇറങ്ങാമെന്ന് തീരുമാനിച്ചു. ഗോ എയർG8 623 ക്ക് ബുക്ക് ചെയ്തു. സീറ്റ് നമ്പർ 15 F. നമ്മുടെ സ്വന്തം എയർപോർട്ടിൽ വിമാനമിറങ്ങുന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. ഡൽഹി - ബാംഗ്ളൂർ ഇൻഡിഗോ ഇന്ന് രാവിലെ അഞ്ച് മണിക്ക് തന്നെ ബാംഗ്ളൂർ എത്തി. സെക്യൂരിറ്റി ചെക്ക് ഇൻ ൽ ഭയങ്കര തിരക്ക്.ഒരു വിധം അകത്ത് കയറി. പല്ലുതേപ്പും മറ്റ് കലാപരിപാടിയുമൊക്കെ കഴിഞ്ഞ് നോക്കിയപ്പോൾ കണ്ടു. സ്ക്രീനിൽ കണ്ണൂർ ഗേറ്റ് നമ്പർ 6. നേരെ താഴേക്ക് പോയി ഗേറ്റ് നമ്പർ 6 ൽ നിലയുറപ്പിച്ചു."ഈടുന്ന് വിമാനം 7.45 ന് പുറപ്പെടും.." വളരെ ഗൗരവത്തിലിരിക്കുന്ന ഷർട്ട് ഇൻസൈഡ് ആക്കി നല്ലഷൂ ഒക്കെ ധരിച്ച് ഇരിക്കുന്ന ആളാണ് ഫോണിൽ ആരോടോ പറയുന്നത്. ആ സംഭാഷണത്തോടെ തനി നാടൻ ആയി അയാൾ.
"പേടിയൊന്നൂല്ല... "ഇത് ഒരു അറുപത്തിയഞ്ചിനും എഴുപതിനുമിടയ്ക്കുള്ള വ്യക്തി, മേൽപ്പറഞ്ഞ രീതിയിൽ വസ്ത്രധാരണം.. കൂടെ അദേഹത്തിന്റെ ഭാര്യയുമുണ്ട്..
മറുതലയ്ക്കൽ ഉള്ളയാളുടെ ശബ്ദം കേൾക്കാം, "പേടിക്കല്ലേ.. " "ഇല്ലപ്പാ.. "
വേറെ ചിലരുണ്ട്,ഭയങ്കര ഗൗരവത്തിൽ, നമ്മളെത്ര വിമാനവും വിമാനത്താവളവും കണ്ടെന്നമട്ടിൽ,ആ ഇരിപ്പുകണ്ടപ്പോൾ ഞാൻ മനസ്സിൽക്കരുതി വലിയ അഭിനയമൊന്നും വേണ്ട... നമ്മുടെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്.. ഉള്ളിൽ അടക്കി വച്ച് മസിലുപിടിക്കണ്ട...
ബോർഡിങ്ങ് സമയമായി... ഹോ.. പെട്ടന്നൊരു ക്യൂ നിരന്നു... ചെറിയ തള്ളലുമൊക്കെയായി.... നമ്മുടെ സ്വഭാവം കാണിക്കാണ്ടിരിക്കുമോ..
"ഇതിന് ബോർഡിങ്ങ് പാസ് വേണം പോലും.. സെക്യൂരിറ്റി പറഞ്ഞിന്.. പിന്നെയെനിക്ക് ഭാഷയൊക്കെ അറിയുന്നതു കൊണ്ട് ഞാൻ ശരിക്കാനിപ്പ... നീയത് തന്നീനില്ല..."
"നിങ്ങള് ഫോണ് വെക്കപ്പാ..." ഭാര്യ പറയുന്നുണ്ട്.
എയർ ബസിലിരിക്കുമ്പം അയാൾ വീണ്ടും ഭാര്യയോട് "ഓനതൊന്നും ശരിയാക്കീല..."
"അതെ.. ഓന്റെ വർത്താനം കേട്ടാല്.. "
"ഒന്നും ചെയ്യാണ്ട് വെറുതേ പറയിന്ന്."ഭാര്യയുടെ വക.
ഇതൊക്കെ ശ്രദ്ധിച്ച് ഞാനിരിക്കുമ്പോഴാണ് പുറകിലത്തെ സീറ്റിലൊരാൾ.ശരത്തേ... ഞാൻ നീട്ടി വിളിച്ചു.
എന്റെ വിളി കേട്ട് ശരതും ഞെട്ടിത്തരിച്ചു. പ്രതീക്ഷിക്കാണ്ടുള്ള വിളിയല്ലേ.. അതും ഈ ബാംഗ്ളൂരിൽ നിന്ന്.
ശരത്ത് ടൂറിസം വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ജോലി ചെയ്യുന്നു.ഞാൻ നാലഞ്ചു കൊല്ലക്കാലം കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്നു. ശരത്ത് മുംബൈയിൽ നിന്ന് വെളുപ്പിന് രണ്ടു മണിക്ക് ബാംഗ്ളൂർ എയർപോർട്ടിൽ എത്തിയിരുന്നു.എന്റെ ഡൽഹിയിലുള്ള വാട്ട്സപ്പ് സ്റ്റാറ്റസ് ഫോട്ടോ കണ്ട് ഇത് ഇതിനു മുൻപ് പോയപ്പോഴുള്ളതാണോയെന്ന് എനിക്ക് വാട്ട്സപ്പ് സന്ദേശം അയച്ചിരുന്നുവെന്ന് പറഞ്ഞു. ഞാൻ വാട്സപ്പ് നോക്കിയിരുന്നില്ല.
നമ്മൾ രണ്ടാളും പരസ്പരം കാണാതെ രണ്ടു ഭാഗത്തുണ്ടായിരുന്നല്ലോയെന്നത് സംസാരിച്ചു.
പിന്നെ ഫ്ളൈറ്റിൽ കയറുവാനുള്ള തിരക്ക്..
ചിലർ ബേഗ് മടിയിൽ തന്നെ വയ്ക്കുന്നു.. വിമാനത്തിലെ ജീവനക്കാർ തലയ്ക്ക് മുകളിലെ കാബിനിൽ വാങ്ങി വെയ്ക്കുന്നു.
ഞാൻ ശരതി നോട് ഇറങ്ങുമ്പോൾ കുറച്ച് സെൽഫി പരിപാടി വേണമെന്ന് പറഞ്ഞ് എന്റെ സീറ്റിൽ ഇരുന്നു.
നമ്മടെ നാട്ടിലേക്കുള്ള വിമാനമല്ലേ.. ഇരുന്നപ്പോൾ തന്നെ ഒരു സെൽഫിയങ്ങ് കാച്ചി.
അങ്ങനെ.. 7.50 കഴിഞ്ഞപ്പോൾ ഉയർന്നുപൊങ്ങിയ വിമാനം.. 8.30 കഴിഞ്ഞപ്പോൾ കണ്ണൂരിന്റെ ആകാശത്ത് എത്തി.
ലാൻഡിങ്ങ് ആകാറായപ്പോൾ നമ്മുടെ ഇരിട്ടിപ്പുഴയും പഴശ്ശി അണക്കെട്ടും പരിസരവുമൊക്കെ കണ്ടപ്പോൾ സന്തോഷം തിരതല്ലി... കണ്ണൂരിലെ ആകാശക്കാഴ്ചയാണ് മറ്റേതൊരു സ്ഥലത്തേക്കാളും മനോഹരം.... എനിക്ക് പരിചയമുള്ള സ്ഥലങ്ങൾ.. കെട്ടിടങ്ങൾ... നമ്മുടെ പഴശ്ശി അണക്കെട്ട്.. ഇരിട്ടിപ്പുഴ... മനോഹരമായ ദൃശ്യം.. നല്ല പച്ചപ്പു നിറഞ്ഞ ആകാശക്കാഴ്ച... മസിലുപിടിച്ചിരുന്നവരും സന്തോഷത്താൽ മതിമറന്ന് പുറത്തേക്ക് നോക്കി....
അങ്ങനെ... ലാൻഡ് ചെയ്തപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം..
പിന്നെ ഇറങ്ങാനുള്ള തിരക്ക്... ഞാനും ശരതും കൂടി സെൽഫി പരിപാടി തുടങ്ങി, നമ്മുടെ നാട്ടിൽ ആദ്യമായ് ഞാൻ വിമാനമിറങ്ങിയതല്ലേ... അതിനെന്തിനു നാണിക്കണം.. കുറേയേറെ ഫോട്ടോയെടുത്തു..
എന്നാൽ ടോയ്ലറ്റ് ഒന്ന് നോക്കിക്കളയാമെന്ന് ഞാൻ പറഞ്ഞു.... ഒന്ന് മുഖമൊക്കെകഴുകി.വെയ്സ്റ്റ് ബിന്നൊക്കെ ഇപ്പഴേ കേടാക്കിയിട്ടുണ്ട്.. തനി സ്വഭാവം കാണിക്കാണ്ടിരിക്കില്ലല്ലോ...
ബാംഗ്ളൂരിലും ഡൽഹിയിലുമൊക്കെ ഇരുപത്തിനാല് മണിക്കൂറും ടോയ്ലറ്റ്റൂമിൽ ശുചീകരണ ജീവനക്കാരുണ്ടാകും. ബാംഗ്ളൂരിൽ ഓരോരുത്തരും ടോയ്ലറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഒന്നുകൂടി വൃത്തിയാക്കിയിട്ടേ അടുത്തയാളെ ഉപയോഗിക്കുവാൻ വിടുന്നത്. ശുചീകരണ ജീവനക്കാരൻ നല്ല ക്ഷമയുള്ള മനുഷ്യൻ... ബഹുമാനപൂർവ്വം ചിരിച്ചു കൊണ്ട് തന്റെ ജോലി ചെയ്യുന്ന ഒരു മനുഷ്യൻ... അതാണ് ബാംഗ്ളൂരിൽ കണ്ടത്..
അയാളോട് എനിക്ക് വലിയ ബഹുമാനം തോന്നി.
നമ്മുടെ മട്ടന്നൂർ എയർപോർട്ടിൽ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ശുചി മുറി വൃത്തികേടാകാൻ തുടങ്ങി.നാം നിലപാടുകൾ മാറ്റേണ്ട കാലം അതിക്രമിച്ച കഴിഞ്ഞു.
നമ്മൾ ഫോട്ടോ പരിപാടി തുടർന്നു. നല്ല ചിത്രങ്ങൾ വരച്ചത് കണ്ടപ്പോൾ സെൽഫിയും... ഒറ്റയ്ക്ക് നിന്നും ഫോട്ടോയെടുത്തു. നിലവിൽ ഫ്ളൈറ്റുകൾ കുറവായതിനാൽ ആളുകൾ നന്നേ കുറവാണ്.
മസിലുപിടിച്ചു നിന്ന യുവ വൃദ്ധൻ ഒന്നു മടിച്ചതിനു ശേഷം ഫോട്ടോയെടുത്തു. 'നിങ്ങള് എന്തിനാണപ്പാ .. നാണക്കേട് വിചാരിക്കുന്നത്..., ഈ പുതുമോടി തീരുന്നതുവരെ എടുക്കണം.. അതല്ലേ.. അതിന്റെ രസം.'. ഞാൻ മനസ്സിൽ പറഞ്ഞു.
കളരിപ്പയറ്റും തെയ്യവുമൊക്കെയുണ്ട് ചുമരിലും ചില്ല് വാതിലുകളിലും.
ഉള്ളിൽ ഫുഡ് കോർട്ടോ മറ്റ് സംവിധാനങ്ങളോ ഇല്ല.. എല്ലാം തുടങ്ങണം. -
അതുപോലെ പാർക്കിങ് ഏരിയ കുറച്ച് കൂടി വർദ്ധിപ്പിക്കണം. വിമാനത്താവള ടെർമിനലിൽ നിന്നും
പുറത്തിറങ്ങി വീണ്ടും കുറേയേറെ ഫോട്ടോയെടുത്തു. പാർക്കിങ്ങ് ഗ്രൗണ്ടിൽ നിന്ന് ശരതിന്റെ കാറിൽക്കയറി. പാർക്കിങ്ങ് ഗെയിറ്റിൽ നിന്ന് പാർക്കിങ് ഫീ.1 107 രൂപയെന്ന് പറഞ്ഞപ്പോൾ ഒന്നു ഞെട്ടി.. ശരതിന്റെ മുഖവും ഒന്നു വിളറി വെളുത്തു...
ആദ്യത്തെ രണ്ടു മണിക്കൂറിന് 70 രൂപ വീതം 140 രൂപ പിന്നെ ഓരോ മണിക്കൂറിനും ഇരുപത് രൂപയെന്നൊക്കെയാണ് പറഞത്.
"ഹോ.... കഴുത്തറപ്പായ്പ്പോയി.. " "മട്ടന്നൂരെങ്ങാനും വെച്ചാൽ മതിയായിരുന്നല്ലോ" എന്ന് ഞാൻ പറഞ്ഞു
.
"ഇങ്ങനെയാണെങ്കിൽ കാറ് പത്ത് ദിവസം വച്ചിട്ട് പോയാൽ പാർക്കിങ്ങ് ഫീയ്ക്ക് കാറ് തന്നെ വിൽക്കണമല്ലോയെന്ന് " ഞാൻ തമാശയായ് പറഞ്ഞു.
പ്രധാന കവാടം കഴിഞ്ഞപ്പോൾ കാർ നിർത്തി. കവാടത്തിന്റെ മുമ്പിൽ നിന്ന് നമ്മുടെ ഫോട്ടോ പരിപാടി. മട്ടന്നൂര് ബസ് സ്റ്റാൻഡിന്റെയടുത്ത് കാറിൽ നിന്ന് ഞാനിറങ്ങി. ചായ കുടിക്കാമെന്ന് പറഞ്ഞപ്പോൾ, ശരത് ബാംഗ്ളൂര് എയർപോർട്ടിൽ നിന്ന് കുടിച്ചതാണെന്ന് പറഞ്ഞു. 210 രൂപ കൊടുത്ത് ഉപ്പുമാവ് വിശന്നതു കൊണ്ട് ബാംഗ്ളൂർ എയർപോർട്ടിൽ നിന്നും വാങ്ങിക്കഴിച്ചെന്നും പറഞ്ഞു.ഫ്ളൈറ്റിൽ നിന്ന് കിട്ടിയ കയ്യിലുണ്ടായ സാൻഡ്വിച്ച് പാക്കറ്റ് എന്റെ ബേഗിൽ വച്ചു.
മട്ടന്നൂര് ബസ് സ്റ്റാൻഡിലെ ടീസ്റ്റാളിൽക്കയറി ഒരു ഉപ്പ് മാവും നല്ല ചൂട് സുകയിനും കഴിച്ച് സ്ട്രോങ്ങ്ചായയും കുടിച്ചു. അപ്പോൾ ചായക്കടയിലിരുന്ന് പുട്ടും മുട്ടക്കറിയും ചേർത്ത് കുഴച്ച് വായിലേക്കിടുന്നതിനിടയിൽ ഒരു പ്രായമുള്ള മനുഷ്യൻ " ഇന്ന് രണ്ട് തുമ്പി മുകളിൽക്കൂടി പറന്നിന് കെട്ടാ" .അതിലൊരു തുമ്പിയിലാ ഞാനുമുണ്ടായിരുന്നതെന്ന് ഞാനോർത്തു. മുകളിൽക്കൂടി പറക്കുന്ന 'തുമ്പി'യുടെ എണ്ണവും എടുക്കുവാൻ തുടങ്ങിയിരിക്കുന്നു.മൊത്തം മുപ്പത് രൂപ നൽകി. ഹോ എയർപോർട്ടിൽ 150 രൂപയിൽ കുറഞ്ഞ ചായയില്ലല്ലോയെന്ന് മനസ്സിൽക്കരുതി.
കണ്ണൂരിലേക്കുള്ള ബസിൽ തിക്കിതിരക്കി കയറി. സ്വന്തം നാട് ഇരിട്ടി - പേരാവൂർ - മണത്തണയാണെങ്കിലും പരിയാരം ആയു.കോളേജ് ക്വാർട്ടേഴ്‌സിൽ ജോലി സംബന്ധമായ് താൽക്കാലികമായ് നിൽക്കുന്നത്.
കണ്ണൂരിൽ നിന്ന് മക്കൾക്ക് കുറച്ച് ഡൽഹി വിഭവവും വാങ്ങി സന്തോഷത്തോടെ ഞാൻ തിരിച്ചെത്തി.
കണ്ണൂർ എയർപോർട്ട് വലിയ എയർ പോർട്ട് സിറ്റിയായ് മാറേണ്ടതുണ്ട്. വൻകിട ഹോട്ടലുകൾ. ഹെൽത്ത് ടൂറിസം.. ഐ.ടി...
നമ്മുടെ നാടൻ വിഭവങ്ങളുടെ വിപണന കേന്ദ്രം.. അഞ്ഞൂറു രൂപ മുതൽ ലക്ഷം രൂപ വരെ ദിവസ വാടകയ്ക്കുള്ള വിവിധ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, എയർ പോർട്ട് ബസ് സ്റ്റാൻഡ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൺവെൻഷൻ സെന്ററുകൾ, റോഡുകൾ ഇവയൊക്കെ വേണം. വലിയ തോതിൽ സ്വകാര്യ മൂലധന നിക്ഷേപം ആവശ്യമാണ്.. വിദേശ കമ്പനികളെയുൾപ്പടെ ഇവിടെ മുതൽമുടക്കി നിക്ഷേപിക്കുവാൻ ഇവിടേയ്ക്ക് കൊണ്ടുവരണം. അതിനുള്ള രാഷ്ടീയ സാമൂഹികാന്തരീഷം ഇവിടെയുണ്ടാകണം.
ഹർത്താലുകൾ വേണ്ടേ ... വേണ്ട... അക്രമങ്ങൾ വേണ്ടേ.. വേണ്ട.. ഇതായിരിക്കട്ടെ നല്ലൊരു കണ്ണൂരിനായ് നമ്മുടെ മുദ്രാവാക്യം.ഇല്ലെങ്കിൽ കണ്ണൂർ എയർപോർട്ട് മട്ടന്നൂരിൽ ആളുകൾ വരുകയും പോവുകയും മാത്രം ചെയ്യുന്ന കെട്ടിടം മാത്രമുള്ള ഉണങ്ങിവരണ്ട മൂർഖൻ പറമ്പിലെ ശ്മശാനഭൂമി പോലെയാകും.
അങ്ങനെ നമ്മളും കണ്ണൂര് വിമാനത്താവളത്തില് വിമാനമിറങ്ങി.
ജയ് കേരള, ജയ് കണ്ണൂർ.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo