നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴനിയമങ്ങള്‍ - Part 2

Image may contain: 1 person, closeup and indoor
മാതാപിതാക്കളും സഹോദരങ്ങളുമുള്ള സൗഭാഗ്യവാനാണെങ്കിലും, സുഹൃത്തുക്കളാല്‍ അനുഗ്രഹീതനാണെങ്കിലും ഷാഹിതയുടെ അഭാവം സുബ്രഹ്മണ്യനെ ഏകനാക്കി. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമുള്ള ചെങ്കരയിലെ റെക്കോര്‍ഡ് ബുക്കെടുത്ത് വെറുതേ മറിച്ചുനോക്കി. മഞ്ഞുകാലത്തെ ഒരു കളിവിവരങ്ങളാണ് നിവര്‍ന്ന പേജിലുള്ളത്. ഷാഹിതയുടെ പേരിനുനേരെ വിരലോടിച്ച് ആലോചനയിലാണ്ടിരുന്നു. ഇരുപത്തേഴാംരാവില്‍ കലത്തപ്പത്തിന്‍റെ പങ്കുമായോ, മണ്ഡലകാലത്തെ അരവണയുടെ വീതംവെപ്പിനോ അവള്‍ ഇനി ഓടിവരില്ലെന്നസത്യം അവനെ നിരാശയിലാഴ്ത്തി. സ്ക്കൂളിലും നാട്ടുവഴികളിലുമെല്ലാം അവള്‍ സൃഷ്ടിക്കാന്‍പോകുന്ന ശൂന്യതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ ഭയമാണ്.
"സുബ്രാ..."
സുബ്രഹ്മണ്യനെ ചെങ്കരയിലേക്ക് വിളിക്കേണ്ടിവരുന്നത് കൂട്ടുകാരുടെ ആദ്യാനുഭവമാണ്. ഷാഹിതയ്ക്കൊപ്പം ചേര്‍ത്തുക്കെട്ടി പലതുംപറഞ്ഞ് അവര്‍ വഴിയിലുടനീളം‍ കളിയാക്കി. ആ കളിചിരിയൊന്നും അധികനേരം നീണ്ടുനിന്നില്ല, വഴിവക്കിലെ ആല്‍മരത്തില്‍ തൂങ്ങിക്കിടന്ന ബോര്‍ഡ് എല്ലാവരേയും കൂച്ചുവിലങ്ങിട്ടുന്നിര്‍ത്തി.
"മുറിച്ച് വില്‍പ്പനയ്ക്ക്"
അവിടെക്കൂടിയ കായികതാരങ്ങളുടെയെല്ലാം നെഞ്ചിടിച്ചുത്തകര്‍ക്കാനുള്ള പ്രഹരശേഷി ബോര്‍ഡിലെ അക്ഷരങ്ങള്‍ക്കുണ്ടായിരുന്നു.
മുഹമ്മദാലിയുടെ ഹാട്രിക്ക് വിക്കറ്റുകള്‍, ഷാഹിതയുടെ അതിവേഗ അര്‍ദ്ധസെഞ്ചുറി, പ്രകാശന്‍ പറന്നെടുത്ത സ്ലിപ്പ് ക്യാച്ച്... എണ്ണിയാല്‍ തീരാത്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ് ചെങ്കര സാക്ഷ്യംവഹിച്ചിട്ടുള്ളത്! എത്ര തുണ്ടുകളായി വെട്ടിമുറിച്ചാലും പ്രമാണങ്ങള്‍ ആരൊക്കെ പെട്ടിയില്‍ സൂക്ഷിച്ചാലും ചരിത്രത്തില്‍ ചെങ്കര തരകന്‍മുക്കിലെ പിള്ളേരുടേതാണ്. എല്ലാവരും തോറ്റുപോയ ആ ദിവസത്തില്‍ ക്രിക്കറ്റിന് അവധി പ്രഖ്യാപിച്ചു. ഗംഗാധരന്‍ കൊളുത്തിയ സിഗരറ്റില്‍നിന്നും ഈരണ്ട് പുക സുബ്രഹ്മണ്യനും മുഹമ്മദാലിയും ആഞ്ഞുവലിച്ചു. മതില്‍കെട്ടി മറയ്ക്കാതെ ഇത്രയുംനാള്‍ തുറന്നുകൊടുത്തതിന്, ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത മറുനാടന്‍ മുതലാളിയോട് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞ് അവര്‍ പിരിഞ്ഞു. 
സുബ്രഹ്മണ്യന്‍ ചെന്നെത്തിയത് അദില്‍മുഹമ്മദ് കെട്ടിയ വേലിയ്ക്ക് സമീപമാണ്. അക്കൊല്ലത്തെ വിഷുസദ്യയും നേര്‍ച്ചച്ചോറുമൊന്നും ചാടിക്കടക്കാത്ത ആ വേലിക്കുമുന്നില്‍ പകച്ചുനിന്നു. ദു:ഖവാര്‍ത്ത പങ്കുവയ്ക്കാനായി, വജ്രത്തിളക്കത്തില്‍ ഇടങ്കയ്യന്‍ ബാറ്റ്സ്മാനെ മുന്നില്‍ പ്രതിഷ്ഠിച്ചു.

"ഷായ്തേ നമ്മുടെ ചെങ്കര...."
ഇടറിയാടുന്ന മനസ്സിലും നിറമിഴികളിലുമെല്ലാം അപ്പോള്‍ അവളാണ്, ക്രീസില്‍ അക്രമാസക്തയായ ഷാഹിത മാത്രം!
"മണിയാ!!"
അച്ഛന്‍റെ ഗര്‍ജ്ജനമാണ്. വേലിക്കുത്തില്‍ പിടിച്ചുനില്‍ക്കുന്ന മകനെ കണ്ടപ്പോള്‍, അണപ്പല്ലുകൊണ്ട് അമര്‍ത്തിവച്ചതെല്ലാം അണപൊട്ടിയൊഴുകി.
പത്തുറുപ്പികയ്ക്ക് തിടുക്കംവരുമ്പോള്‍ മുടക്കംപറയാത്ത അദിലുവെന്ന ചങ്ങാതിയെ തെറ്റിച്ചതിന്‍റെപേരില്‍ പടിമുടക്കിയെന്ന് അതിക്ഷേപിച്ചു. സഹോദരിയായി കാണേണ്ട അയല്‍ക്കാരിപ്പെണ്ണിനെ മോഹിച്ച കുറ്റംചുമത്തി മുടിയനായപുത്രനെന്ന് വിശേഷിപ്പിച്ചു. സ്ക്കൂളും ക്ലബുമെല്ലാം നിര്‍ത്തി മുളയങ്കാവില്‍പോയി കുലത്തൊഴില്‍ പഠിക്കാന്‍ ആജ്ഞാപിച്ചു. വാക്കുകളുടെ വിസ്ഫോടനത്തില്‍ അകംമുറിഞ്ഞ് സുബ്രഹ്മണ്യന്‍ തേങ്ങിക്കരഞ്ഞു. സങ്കടം സഹിക്കാനാവാതെ അവനൊപ്പം അമ്മയും കരഞ്ഞു. ചങ്ങാതിയുടെ ഏകസന്താനത്തിന്‍റെ പിടിവാശിക്ക് കുടപിടിച്ചതും അക്ഷരമുറച്ചില്ലെന്ന ന്യായംപറഞ്ഞ് അവനെ ഒന്നില്‍ തോല്‍പ്പിച്ചിരുത്തിയതും അച്ഛനാണ്. കൂട്ടുത്തരവാദിത്തം, രഹസ്യമായി അച്ഛനേയും കരയിച്ചു.
അന്നത്തെ സായന്തന നടത്തത്തിനിടക്ക് ഷാഹിത അദിലുപ്പയെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്തു.

" മറ്റൊരു ദുനിയാവില് കൊമ്പത്തൊരുസ്ക്കൂളുണ്ടെന്ന് പുന്നാരളിയന്‍ പറഞ്ഞാല്‍, അങ്ങോട്ടും 
ഷാഹിതാനെ തള്ളിവിട്യോ? "

ശ്രീകൃഷ്ണപുരത്തേക്ക് പോകുന്നതിനെച്ചൊല്ലിയുള്ള മകളുടെ പ്രതിഷേധപ്രകടനങ്ങളൊന്നും വിലയ്ക്കെടുത്തിട്ടില്ല. ആ ചോദ്യത്തേയും ഉത്തരം നല്‍കാതെ അവഗണിച്ചു.
"ഓര്‍മ്മവെച്ച കാലംതൊട്ടിന്നോളം മൊടക്കംവരുത്താത്ത ഈ നടത്തവും, നടത്തത്തിനൊടുവിലെ ആട്ടിന്‍പാലുമെല്ലാം അദിലുപ്പാവിന് വെറും നേരമ്പോക്കായിരുന്നോ?"
മറുപടിക്ക് മുഖംകൊടുക്കാതെ ഷാഹിത തിരിഞ്ഞുനടന്നു. മക്കളില്ലാത്ത നരകയാതനക്ക് അറുതിവരുത്തിക്കൊണ്ട് റജാബിലെ ഒരു പകലില്‍ പിറന്നവളാണ്. മുടി കളഞ്ഞതും പല്ലുംചൊല്ലും വന്നതും ചുവടുറച്ചതുമെല്ലാം പൂത്തിരികത്തിച്ച ആഘോഷങ്ങളായിരുന്നു. അവളുടെ ഉറക്കത്തിലെ ഞെട്ടിത്തെറിക്ക് ഉറങ്ങാതെ കാവലിരുന്ന രാത്രികള്‍, ഓര്‍മ്മകളിലിന്നും ഉണര്‍ന്നുതന്നെയിരിക്കുന്നു! ഷാഹിതാന്‍റെ പിറന്നാളുകളോരോന്നും അദില്‍മുഹമ്മദിന് പെരുന്നാളുകളായിരുന്നു. മലര്‍പ്പൊഴിച്ചും മധുവൊഴുക്കിയും പിണങ്ങിപ്പിരിഞ്ഞുപോയ മകളെ നീട്ടിവിളിച്ചു.
"മുത്തേ..."
വിളികേള്‍ക്കാതെ, ഓടിച്ചെന്ന് ഓരംചേര്‍ന്ന് നില്‍ക്കാതെ, തല പിടിച്ചുതാഴ്ത്തി നെറുകില്‍ മുത്തം കൊടുക്കാതെ അദിലുപ്പാവിന്‍റെ മുത്ത് പിണങ്ങിത്തന്നെയിരുന്നു. ഇഷാനിസ്കാരത്തിന് വിരിച്ചിട്ട പായ കണ്‌ണീരില്‍ കുതിര്‍ന്നു. മകളുടെ ആയുസ്സിനും നല്ല പകലുകള്‍ക്കും നേരിന്‍റെ പാത‍ക്കുംവേണ്ടി കാരുണ്യവാനോട് നെഞ്ചുരുക്കി പ്രാര്‍ത്ഥിച്ചു.
വലിയ തിരിച്ചറിവുകളുണ്ടായ സുപ്രഭാതത്തില്‍, സുബ്രഹ്മണ്യന്‍ അച്ഛന്‍റെ പണിയായുധങ്ങള്‍ കൊട്ടിക്കുടഞ്ഞ് പരിശോധിച്ചു. മുഴക്കോലില്‍ തുടങ്ങി എത്രതരം ആയുധങ്ങളാണ്! വടക്കന്‍ ഉളിയുടെ വെട്ടിത്തിളങ്ങുന്ന വായ്തലപ്പില്‍ കണ്ണുകള്‍ ഉടക്കിനിന്നു. അച്ഛന്‍റെ വാക്കുകളിലൂടെ മനസ്സിനെ സഞ്ചരിപ്പിച്ചു. കരിമ്പന വെട്ടിക്കീറി വീടുണ്ടാക്കുന്നതല്ല ഇന്നത്തെ ആശാരിപ്പണി, മരത്തില്‍ ഉളികൊണ്ട് ചിത്രങ്ങള്‍ വരയ്ക്കണം. 
ജീവനുള്ള ചിത്രങ്ങള്‍! 
മുളയങ്കാവില്‍പോയി കൊത്തുപണി പഠിച്ച്, പണിയും പണിത്തരവും നാലാളെ അറിയിക്കണം. കൂലിക്കുപുറമെ പാരിതോഷികത്തിന്‍റെ പണക്കിഴികള്‍ പടികയറി വരണം. സുബ്രഹ്മണ്യനാശാരിയുടെ പേരുംപെരുമയും നാടുനീളെ മുഴങ്ങണം! 
പണ്ടൊരിക്കല്‍ മാറ്റിവച്ച മരം പുറത്തെടുത്ത് മുപ്പത്തിയെട്ട് ഇഞ്ചില്‍ അളന്നുമുറിച്ചു. പണിത്തിരക്കുള്ള ആ ദിവസം പലമാറ്റങ്ങള്‍ക്കും വിധേയമായി. കൂട്ടുകാരുടെ ചെങ്കരയിലേക്കുള്ള ക്ഷണത്തെ അര്‍ദ്ധമനസ്സോടെ നിരസിച്ചു. ഉച്ചയൂണിനായി അമ്മയ്ക്ക് പലതവണ വിളിച്ച് കാവലിരിക്കേണ്ടിവന്നു. മനസ്സിന്‍റെ മണിവാതില്‍ക്കല്‍ ഷാഹിതയുടെ തട്ടുംമുട്ടും പാദസരക്കിലുക്കവുമൊന്നും‍ കേട്ടതേയില്ല. പണിതീരാത്ത ബാറ്റ് അന്നവനെ കിടത്തിയുറക്കിയതുമില്ല! എഴുന്നേറ്റ്, ഒരാള്‍ബലം നല്‍കാറുള്ള ആ തൊപ്പിവച്ച് പുറത്തേക്കിറങ്ങി. നിഴലും നിലാവുമുള്ള രാത്രി! ഇലയനക്കങ്ങളെപ്പോലും ഭീകരസത്ത്വങ്ങളാക്കുന്ന രാത്രിയെ സുബ്രഹ്മണ്യന് ഭയമാണ്. കിഴക്കേവരാന്തയുടെ വടക്കേമൂലയ്ക്കിരുന്ന് ബാറ്റിന്‍റെ പണി പുനരാരംഭിച്ചു. പടര്‍ന്നുപന്തലിച്ച നിശബ്ദതക്ക് തുളകള്‍വീഴ്ത്തിക്കൊണ്ടുള്ള കാളുവിന്‍റെ കുരയും, അദില്‍മുഹമ്മദിന്‍റെ പടിക്കലെ പനച്ചോട്ടില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീരൂപവും അവന്‍റെ ഭയത്തെ എട്ടാക്കിപ്പെരുക്കി ദിക്കുകള്‍തോറും തേറ്റകാട്ടിനിര്‍ത്തി. ധൈര്യംസംഭരിച്ച്, കാലിതൊഴുത്തിന്‍റെ തേക്കാത്ത ചെങ്കല്‍ചുമരില്‍‍ ചാരിനിന്നുകൊണ്ട് നിരീക്ഷിച്ചു. അരക്കയ്യന്‍ഷര്‍ട്ടും മുക്കാലന്‍പാവാടയിലും നടന്നകലുന്നത് ഷാഹിതയല്ലേ!? അവള്‍ ഇതെന്തിനുള്ള പുറപ്പാടാണ്? എന്താപത്താണ് സംഭവിക്കാന്‍ പോകുന്നത്? പതറിയ മനസ്സോടെ നിശ്ചിതയകലത്തില്‍ അവനവളെ പിന്തുടര്‍ന്നു. ആദ്യമരപ്പണിയുടെ ആകാംക്ഷാരൂപത്തില്‍വന്ന്‍ അവനെ ഉണര്‍ത്തിയിരുത്തിയത് ആരാണ്? ഷാഹിതയുടെ ഈ അസാധാരണരാത്രിക്ക് കാവല്‍ദൗത്ത്യമേല്‍പ്പിച്ചതിന് ആരോടാണ് നന്ദിപറയേണ്ടത്? അവളുടെ ലക്ഷ്യസ്ഥാനം ചെങ്കരയിലെ ക്രീസാണെന്നറിഞ്ഞപ്പോള്‍ മനസ്സുതണുത്തു. രാത്രിയില്‍ ഇറങ്ങിനടക്കാനുള്ള ധൈര്യം അവള്‍ക്കെങ്ങനെയുണ്ടായി? സെഞ്ചുറിയെന്ന സ്വപ്നം അവളുടെ ഉറക്കംകെടുത്തിയോ, അടങ്ങാത്ത റണ്‍ദാഹം അവളെ നിര്‍ഭയയാക്കിയോ, അതോ ചെങ്കരയുടെ വില്‍പ്പനാപരസ്യംകണ്ട് ആ നെഞ്ചിടറിയോ? 
ഷാഹിത മുകളിലേക്കെറിഞ്ഞ് അടിച്ചകറ്റിയ പന്ത്, തെര്‍ട്ടിയാര്‍ഡ് സിര്‍ക്കിളിന് തൊട്ടുപുറത്തുനിന്നും സുബ്രഹ്മണ്യന്‍ പിടിച്ചെടുത്തു.

"സുബ്രുവെന്താ ഇവിടെ!? ഈ നേരത്ത്!"
അത്ഭുതംകൊണ്ടുള്ള അവളുടെ ചോദ്യം തികച്ചും ന്യായവുമായിരുന്നു. പകല്‍വെളിച്ചത്തില്‍ വിലക്കുകളുള്ളവള്‍ തിരഞ്ഞെടുത്തതാണ് ഈ രാത്രിസമയം. അവിടേക്ക് അസമയത്ത് വലിഞ്ഞുകയറിവന്നത് സുബ്രഹ്മണ്യനാണ്. മറുപടി മൗനത്തിലൊതുക്കി അവന്‍ ഒഴിഞ്ഞുമാറിനിന്നു.
"ഏതായാലും വന്നതല്ലേ... ഒരു പന്തെറിയ്യോ?"
വെറുതേയൊരു പന്തെറിയാന്‍ സുബ്രഹ്മണ്യന് കഴിയില്ല, ക്രിക്കറ്റെന്നാല്‍ പോരാട്ടമാണ്. ക്രിക്കറ്റിലവന്‍ ജയിച്ചതും തോറ്റതുമെല്ലാം കഠിനമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ്. അവര്‍, സ്റ്റമ്പുകള്‍ തറച്ച് ബെയില്‍സ് വച്ചു. ചരിത്രത്തിലാദ്യമായി ചെങ്കരയൊരു രാത്രിമത്സരത്തിന് വേദിയാവുകയാണ്. വലങ്കയ്യന്‍ ഫാസ്റ്റ്ബൗളറും ഇടങ്കയ്യന്‍ ബാറ്റ്സ്മാനും തമ്മിലുള്ള ഒറ്റബോള്‍മത്സരം! ആ മത്സരം നിയന്ത്രിക്കാനോ വിലയിരുത്താനോ ആരുംതന്നെയില്ല. തലയാട്ടിനില്‍ക്കുന്ന വൃക്ഷലതാദികളാണ് കാണികള്‍. തിങ്കളും താരങ്ങളുമാണ് വെളിച്ചം പകരുന്നത്. ഷാഹിത ക്രീസില്‍ ചുവടുറപ്പിച്ച്, അക്ഷമയോടെ പന്തിനെ കാത്തുനിന്നു. എതിര്‍വശത്ത് സുബ്രഹ്മണ്യന്‍റെ തലപുകഞ്ഞു. ഒരു ഫുള്‍ടോസിലൂടെ കുറ്റി പിഴുതെറിയാമെന്നുവച്ചാല്‍, അത് ഏറ്റവുംവലിയ മണ്ടത്തരമാവും. യോര്‍ക്കറാണെങ്കില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരു ഷോര്‍ട്ട്ബോളിനുമുന്നില്‍, ബാറ്റുയര്‍ത്താനാവാതെ നോക്കുകുത്തിയായി നില്‍ക്കുന്ന ഷാഹിതയുടെചിത്രം മനസ്സില്‍തെളിഞ്ഞു. മുഖത്ത് വന്യമായൊരു ചിരിവിടര്‍ന്നു. എങ്കിലും കളിക്കളത്തിലെ ചില ദുരനുഭവങ്ങള്‍ അവനെ കണ്ണടച്ച പ്രാര്‍ത്ഥനയിലെത്തിച്ചു.
"ഈ വെളിച്ചക്കുറവില്‍, അവള്‍ മെയ്യുംതലയും പന്തിനുമുന്നില്‍ കൊണ്ടുവന്ന് വയ്ക്കരുതേ....!"
സുബ്രഹ്മണ്യന്‍റെ പന്ത് ഷോര്‍ട്ട്പിച്ച് ചെയ്തയുടന്‍, ഷാഹിത ഞൊടിയിടയില്‍ ലെങ്ത്ത് നിര്‍ണ്ണയിച്ചു. മിന്നല്‍വേഗത്തില്‍ ബാക്ക്ഫൂട്ടിലേക്കിറങ്ങിനിന്ന് വായുവില്‍ ഒരു അര്‍ദ്ധവൃത്തം വരച്ചു. 
എ ക്രാക്കിങ് പുള്‍ ഷോട്ട്!
നിഴല്‍ചിത്രങ്ങളായി ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്ന അശോകമരങ്ങള്‍ക്ക് മുകളിലൂടെ ഒരു നിഴല്‍പക്ഷിയായി ആ പന്ത് പുതിയ അതിരുകള്‍തേടി പറന്നകന്നു. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍റെ അനായാസത വലങ്കയ്യന്‍ ഫാസ്റ്റ്ബൗളറെ തളര്‍ത്തിയിരുത്തി. 
പ്രതിഭയും പ്രകടനങ്ങളും നിരത്തിവച്ചുനോക്കുമ്പോള്‍, ചെങ്കരയിലൊരു സെഞ്ചുറി ഷാഹിതയ്ക്ക് കിട്ടാക്കനിയൊന്നുമല്ല. അവളുടെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരവുമാണ്. സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി അവന്‍ പുതിയൊരു നിയമമുണ്ടാക്കി. ആ നിയമപ്രകാരം പന്തയം ജയിക്കുന്നത് ഷാഹിതയും, ആ തൊപ്പി അവള്‍ക്ക് അര്‍ഹതപ്പെട്ടതുമാണ്. നിറഞ്ഞമനസ്സോടെ ഇരുകൈകള്‍കൊണ്ട് തരകന്‍മുക്കിന്‍റെ രാജകുമാരിയെ തൊപ്പിധരിപ്പിച്ചു. പള്ളിമുറ്റത്തുനിന്നും പറയാന്‍ കഴിയാത്തത് ചെങ്കരയിലെ പിച്ചില്‍നിന്നുകൊണ്ട് പറഞ്ഞു.

"ശ്രീഷ്ണപുരംസ്ക്കൂളില്‍ വനിതകള്‍ക്ക് ടീമുണ്ട്. എങ്ങനേയും അന്തിമ ഇലവനില്‍ ഇടംപിടിക്കണം. ഓപ്പണറായി നിലയുറപ്പിക്കണം."
സുബ്രഹ്മണ്യന്‍ തിരിച്ചുനടന്നു. തൊട്ടുതൊടാതെ അവള്‍ പുറകിലുണ്ടെങ്കിലും, പുതുതായി സ്ഥാനംപിടിച്ച നിശബ്ദത അവരെ വലിയൊരകലത്തില്‍ മാറ്റിനിര്‍ത്തി. ഉമ്മയുടെ കുടിയിലേക്ക് എന്നാണ് പോകുന്നതെന്ന് ചോദിച്ചതും പറഞ്ഞതുമില്ല. ഒറ്റയ്ക്ക് ഭീമന്‍തോട് ചാടിയത് അവളില്‍നിന്നും മറച്ചുവച്ചു. സുബ്രഹ്മണ്യനോട് ഒരിക്കലും മിണ്ടരുതെന്ന അദിലുപ്പാവിന്‍റെ ആജ്ഞയെ അവളും മറച്ചു. നേരില്‍കാണുമ്പോള്‍ പറയാനാഗ്രഹിച്ച് ഒരുക്കൂട്ടിവച്ചതൊക്കെയും ഇരുവരും വേണ്ടെന്നുവച്ചു. പനച്ചോട്ടില്‍നിന്നും അവള്‍ ഒന്നുമാത്രം ഓര്‍മ്മിപ്പിച്ചു.
"സുബ്രു വിചാരിക്കണപോലല്ല കാര്യങ്ങള്... വല്ല്യപാടാണ്! ഞാന്‍... ഞാനൊരു പെണ്ണല്ലേ...."
കരയാത്ത ഷാഹിത ഇത്രയും പറഞ്ഞൊപ്പിച്ചത് കരഞ്ഞുകൊണ്ടാണ്. അപ്പോള്‍ സുബ്രഹ്മണ്യന്‍റെ മനസ്സിലാവട്ടെ, മഹാവൃക്ഷംപോലെ വളര്‍ന്നുനില്‍ക്കുന്നത് ഒരു അത്ഭുതമാണ്. ഷാഹിത എത്ര അനായാസമായാണ് രാത്രിയുടെ വളഞ്ഞകൊമ്പുകളും കൂര്‍ത്തപല്ലുമെല്ലാം അടിച്ചുകൊഴിച്ചത്!! ക്രിക്കറ്റും ചെങ്കരയുമുള്ള ഈ അസുലഭരാത്രിയില്‍ അവള്‍ കണ്ണീരുപ്പുകലര്‍ത്താന്‍ പാടില്ലായിരുന്നു.
ഷാഹിത മുറിയില്‍കയറി കതകടച്ച്, അടഞ്ഞുകിടന്ന ജനല്‍പാളികള്‍ മലര്‍ക്കെത്തുറന്നിട്ടു. ബാറ്റിന്‍റെ അവസാന മിനുക്കുപണിയിലേര്‍പ്പെട്ട സുബ്രഹ്മണ്യനെനോക്കി ഇരിപ്പുറപ്പിച്ചു. 
ഒന്നിലൊരുകൊല്ലം കൂട്ടിരുന്നവന്‍.
തീപന്തുകള്‍കൊണ്ട് ബാറ്റ് ജ്വലിപ്പിച്ചെടുത്തവന്‍.
അര്‍ദ്ധരാത്രിക്ക് ബാറ്റേന്തിനിന്നപ്പോള്‍ പന്തെറിയാന്‍വന്ന ക്രിക്കറ്റ്മാന്ത്രികന്‍.
അവളുടെ സുബ്രു!
മറക്കണംപോലും...,
ഒപ്പം അമ്മാവന്‍റെവക ഒരു ഭീഷണിയും-
ശ്രീകൃഷ്ണപുരത്തേക്കാള്‍ മികച്ച സ്ക്കൂളുകള്‍ ദുബായിയില്‍ ഉണ്ടത്രേ! 
തുറന്നിട്ട ജാലകത്തിന് കാവലിരുന്ന് അവള്‍ നേരംവെളുപ്പിച്ചു. അന്നത്തെ സുബഹ്ബാങ്ക് പലതും ഓര്‍മ്മിപ്പിച്ച് കരയിച്ചു. എത്രയാലോചിച്ചിട്ടും ഉത്തരംക്കിട്ടാതെ ഒരു ചോദ്യംമാത്രം ഉള്ളില്‍കിടന്ന് എരിഞ്ഞു.

"എങ്ങനെയാണ് സുബ്രുവിനോടും ചെങ്കരയോടും യാത്രപറയുക?"
അദിലുപ്പയുടേയും ബേനുമ്മയുടേയും അനുമതിയോടെ അവള്‍ അതിരാവിലെ സുബ്രഹ്മണ്യന്‍റെ വീട്ടില്‍വന്നു. ആ സമയത്ത് വന്നാലേ അച്ഛനെക്കാണാന്‍ കഴിയൂ. അവള്‍ക്ക് കണിക്കൊന്നക്കാതലില്‍ ആദ്യമായൊരു ബാറ്റ് സമ്മാനിച്ചതും കൊട്ടത്തേങ്ങകെട്ടി നീന്താന്‍ പഠിപ്പിച്ചതുമൊക്കെ അദ്ദേഹമാണ്. ബേനുമ്മയ്ക്ക് ദീനംപിടിച്ചപ്പോള്‍, അവള്‍ക്കുവേണ്ടതെല്ലാം ചെയ്തുകൊടുത്തത് അമ്മയാണ്. അവരെയൊക്കെ നേരില്‍കണ്ട് യാത്രപറഞ്ഞില്ലെങ്കില്‍ അത് നന്ദികേടാവും. അമ്മ പകര്‍ന്നുനല്‍കിയ ചായക്കുശേഷം, ബാറ്റെടുത്ത് ഉറപ്പുംപിടിയുംനോക്കി അന്തരീക്ഷവായുവില്‍ ഏതാനും ഷോട്ടുകളുതിര്‍ത്തു. സുബ്രഹ്മണ്യന്‍റെ ഫസ്റ്റ് വര്‍ക്കിനെ കുറിച്ച് അച്ഛനുമായി ചര്‍ച്ചനടത്തി. തൊഴില്‍ മേഘലയില്‍ മകന്‍ ഭീഷണിയുയര്‍ത്തുമെന്ന അവളുടെ കണ്ടുപിടുത്തം ഒരു പൊട്ടിച്ചിരിയില്‍‍ കലാശിച്ചു. അവിടെ നടക്കുന്നതൊന്നുമറിയാതെ സുഖനിദ്രയിലാണ്ടുപോയ സുബ്രഹ്മണ്യനെകണ്ട് കോപംകൊണ്ടുപുളഞ്ഞു. ജനാലവഴി ഒരുകോപ്പവെള്ളം അവന്‍റെ തലപ്പുറെഴൊഴിച്ച് അവള്‍ ചെങ്കരയിലേക്കോടി.
ആ കൊച്ചുവെളുപ്പാന്‍കാലത്ത് ചെങ്കരയില്‍ നടന്നത് ഒരു യുദ്ധമായിരുന്നു. നെറ്റിത്തടം ലക്ഷ്യമാക്കിവന്ന സുബ്രഹ്മണ്യന്‍റെ വലതുമുഷ്ടിയെ, ഷാഹിത ഇടതുകൈക്കൊണ്ട് തടഞ്ഞിട്ടു. അവന്‍റെ ഒരോ ആക്രമണങ്ങളേയും കൈതലങ്ങള്‍കൊണ്ട് വെട്ടും തെറ്റുംതീര്‍ത്ത് അവള്‍ പ്രതിരോധിച്ചു. രക്ഷാകവചം ഭേദിച്ച് പുളഞ്ഞുകയറിയ ഇടങ്കയ്യില്‍നിന്നും സുബ്രഹ്മണ്യന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായി തുടയിലേറ്റ ഒരു മിന്നലാക്രമണത്തില്‍ ഷാഹിത അടിതെറ്റിവീണു. ചാടിയെഴുന്നേറ്റ്, ഇടിവളയുമായി പാഞ്ഞടുത്തെങ്കിലും സുബ്രഹ്മണ്യന്‍റെ കൈക്കരുത്തില്‍ കടകവള ഉടഞ്ഞുവീണു. മണ്ണില്‍ ചിതറിക്കിടക്കുന്ന വളപ്പൊട്ടുകള്‍ക്കുമുന്നില്‍ അവര്‍ നിമിഷനേരം‍ ചലനമറ്റുനിന്നു. കരിവീട്ടിക്കാതല്‍ കടഞ്ഞ് പുതിയതൊന്ന് നിര്‍മ്മിച്ചുനല്‍കാമെന്ന വാഗ്ദാനം‍ ചെവികൊള്ളാതെ, നെഞ്ചില്‍ ആഴത്തിലൊരു നഖപ്രയോഗംനടത്തി. അവള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല, ആ നഖപ്രയോഗത്തിന് പതിറ്റാണ്ടിന്‍റെ കാലപ്പഴക്കമുണ്ട്. അടുത്തത് പല്ലാണ്! അതിന് ഇടവരുത്താതെത്തന്നെ അവന്‍ കീഴടങ്ങി.

" ഭീമന്തോട് ചാടിക്കടക്കാനായിട്ട് ഷാഹിത ഒരുദിവസം വരും!"
വീട്ടുകാരും നാട്ടുകാരില്‍ നാലാളുംചേര്‍ന്ന് കൂട്ടിനുകൊള്ളാത്തവനെന്ന് മുദ്രകുത്തിയപ്പോള്‍, അന്യനെപ്പോലെ അകറ്റിനിര്‍ത്തിയവളുടെ വാക്കിനുമുന്നില്‍ അവന്‍ അന്ധാളിച്ചുനിന്നു.
"സത്യം?"
"പടച്ചോനാണ്... എന്‍റെ അദിലുപ്പാവാണ്... നമ്മടെ ചെങ്കരയാണ് സത്യം!"
അവന്‍റെ കോളറിനുപിടിച്ച് അവള്‍ ഒരു കാര്യംകൂടി ചോദിച്ചു.
"അന്ന് സുബ്രു മുന്നിലുണ്ടാവില്ലേ?"
"ഉണ്ടാകും. അന്നെന്നല്ല,എന്നും!"
ഷാഹിതയുടെ മുടിക്കെട്ടും ചുടുനിശ്വാസവും സുബ്രഹ്മണ്യന്‍റെ നെഞ്ചില്‍വന്നുവീണു. അവന്‍റെ കൈത്തൊട്ടിലില്‍ കിടന്ന് മുഖം ചുവന്നുതുടുത്തു. ഇമവെട്ടലുകളില്ലാതെ കണ്ണുകള്‍, കണ്ണുകളെ കവര്‍ന്നെടുത്തു. കണ്‍പീലികള്‍ ഇഴചേരുംവിധം അവര്‍ ഒട്ടിച്ചേര്‍ന്നു. ഇലഞ്ഞിപ്പൂക്കളെപ്പോലെ അവര്‍ക്കും ഓരോതരം മാന്ത്രികഗന്ധങ്ങളുണ്ടെന്ന്‍ തിരിച്ചറിഞ്ഞു. ചെങ്കരയുടെ ഹൃദയത്തില്‍വച്ച് ആദ്യമായി ചുംബിച്ചു! യുദ്ധാന്ത്യത്തിലെ ആ മൃദുചുംബനം ഒരു വിധിപ്രഖ്യാപനം നടത്തി.
'തരകന്‍മുക്കിലെ മാന്യമഹാജനങ്ങളേ... ബന്ധുമിത്രാദികളേ... നിങ്ങളുടെ വാദത്തെ കാലം ശരിവക്കുന്നു. നീലകണ്ഠന്‍റെ മകന്‍ സുബ്രഹ്മണ്യനും അദില്‍മുഹമ്മദിന്‍റെ മകള്‍ ഷാഹിതയുംതമ്മില്‍ പ്രണയത്തിലാണ്!'
പുലരുവന്‍ മടിച്ചുനിന്ന ആ ദിവസം, അടുത്തതായി കാഴ്ചവച്ചത് ഒരു മഴയായിരുന്നു. മുന്നൊരുക്കങ്ങളോ ശബ്ദകോലാഹലങ്ങളോയില്ലാതെ ശാന്തമായി പെയ്തിറങ്ങിയ മഴ! ഇലഞ്ഞിച്ചോട്ടില്‍ ചേര്‍ന്നിരുന്നുകൊണ്ട് ആ മഴയ്ക്കൊപ്പം അവര്‍ തോരാതെ സംസാരിച്ചു. ചെങ്കരയെക്കുറിച്ചുതുടങ്ങിയ സംസാരത്തില്‍, സര്‍ ഡോണ്‍ ബ്രാഡ്മാനും സര്‍ വിവ് റിച്ചാഡ്സും ബാറ്റുണ്ടാക്കുന്ന വില്ലോമരങ്ങളുമെല്ലാം വിശിഷ്ടാഥിതികളായിവന്നു. എന്നെങ്കിലുമൊരിക്കല്‍, ലോര്‍ഡ്സിലേക്ക് ഒരു വിനോദയാത്ര പദ്ധതിയിട്ട് അവര്‍ മുഖംനോക്കാതെയിരുന്നു.
യാത്രയ്ക്കുള്ള പെട്ടിയൊരുക്കുമ്പോള്‍, അവള്‍ ആദ്യം എടുത്തുവച്ചത് ആ ബാറ്റാണ്. ഒരിക്കലും ഒരുകാലത്തും ചിതലരിക്കാത്ത ആര്യവേപ്പിന്‍റെ ആണിവേരില്‍ സുബ്രു കൊത്തിയെടുത്ത ബാറ്റ്!പെട്ടിചുമന്നുകൊണ്ട് അദിലുപ്പ മുന്നിലും, അവള്‍ പിറകേയുമായി പടിയിറങ്ങി. അവരില്‍ സംഭവിച്ച നിറസാദൃശ്യം സുബ്രഹ്മണ്യനിലൊരു കൗതുകമുണര്‍ത്തി. കുപ്പായത്തിനും മക്കനയ്ക്കും ഒരേനിറമായിരുന്നു. 
ആകാശത്തിന്‍റെ അതേനിറം! ‍
അവള്‍ തിരിഞ്ഞുനിന്ന് വിതുമ്പി. മുളയങ്കാവിലെ പാഠശാലയും ശ്രീകൃഷ്ണപുരത്തെ സ്ക്കൂളും, വലിയൊരകലവും വളച്ചുകെട്ടലുകളുമുള്ള രണ്ടിടങ്ങളാണ്. ഈ പിരിഞ്ഞിരുത്തം എത്രകാലം നീണ്ടുപോകും? അവളുടെ മുഖവും അതുതന്നെയാണ് ചോദിക്കുന്നത്. ഇരുപത് ബാറ്റകലത്തില്‍ നിന്നുകൊണ്ട് അവന്‍ കൈക്കാണിച്ചു. മഴച്ചിത്രങ്ങള്‍നിറഞ്ഞ മണ്‍വഴിയിലൂടെ പിരിഞ്ഞുനടക്കുമ്പോള്‍ വെറുതെ, വെറുതെയൊരുരസത്തിന് അവന്‍ മനസ്സില്‍പറഞ്ഞു.

"ഷാഹിത അദില്‍മുഹമ്മദിന് സെഞ്ചുറി; ഭാരതത്തിന് മിന്നുന്ന വിജയം."



By: Ramesh Parappurath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot