നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാഗശലഭം - Part 4

Image may contain: Divija, smiling


നെറ്റിയിൽ തണുപ്പു പടരുന്നു...
ഒരു പ്രത്യേകസുഖം.
ശരൺ കണ്ണു തുറന്നു.
അടുത്തിരുന്ന് നെറ്റിയിലെന്തോ പുരട്ടുകയാണ് ജ്വാല.
സ്ഥലകാലബോധം വരാൻ ഇത്തിരി സമയമെടുത്തു.
കഴിഞ്ഞ കാര്യങ്ങളൊരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു.
അവളുടെ കൈത്തലത്തിൽ ഫണമൊതുക്കിക്കിടന്ന കരിനാഗത്തെ ഓർമ്മ വന്നപ്പോൾ അറിയാതെ അയാളാ കൈകൾ തട്ടിയകറ്റി.
ജ്വാല ചിരിച്ചു.
'എന്തായിരുന്നു പനി ... രണ്ടു ദിവസായി കണ്ണു തുറന്നിട്ട്,ഒന്നു പേടിപ്പിച്ചു.'
അവളടുത്തേക്കു വന്ന് വീണ്ടും നെറ്റിയിലാ ലേപനം പുരട്ടി .
'മച്ചിങ്ങ അരച്ചതാ.തണുപ്പ് കിട്ടും.പനിയും തലവേദനയും ഒക്കെ മാറും'
ചാടിയെണീറ്റ് അയാളവളിൽ നിന്നുമകന്നു മാറി.
'എന്നെ തൊടരുത്...എനിക്കു പേടിയാ നിന്നെ'
അവൾ പൊട്ടിച്ചിരിച്ചു പോയി.
'എന്തിന്?'
'നീ മനുഷ്യസ്ത്രീയല്ല.
ഇന്നലെ ഞാൻ കണ്ടതൊന്നും ഒരു മനുഷ്യസ്ത്രീക്ക് കഴിയുന്ന കാര്യങ്ങളല്ല'
'തെറ്റി.തീർച്ചയായും ഞാൻ മനുഷ്യനാണ്.
മനുഷ്യനു കഴിയാത്ത ഒന്നും ചെയ്തിട്ടുമില്ല.'
അൽപം ബലമായി അവളയാളുടെ കൈയിൽ പിടിച്ചു.
'വരൂ...'
എതിർക്കാൻ ആഗ്രഹിച്ചിട്ടും അയാൾക്കതിനു കഴിഞ്ഞില്ല.നിസ്സഹായതയോടെ അയാളവളെ പിന്തുടർന്നു.
രാത്രി കണ്ടതിൽ നിന്നു വ്യത്യസ്തമായിരുന്നു ആ വീടിന്റെ പകൽദൃശ്യം.
വിശാലമായ മുറ്റം ...അതിരിട്ടു നിൽക്കുന്ന വൻമരങ്ങൾ.
വലതുഭാഗത്തായി കാടിനുള്ളിലേക്കൊരു വഴി.
ഒരു പാത്രം നിറയെ പാലും കൈയിലൊരു പൂജത്തട്ടുമായി ജ്വാല ആ വഴിയിലേക്കു നടന്നു.
അടക്കിനിർത്താനാവാത്ത കൗതുകത്തോടെ അയാളും.
വഴിയവസാനിച്ചത് ഒരു സർപ്പക്കാവിലായിരുന്നു.
വഴിനീളെ ഇലഞ്ഞിപ്പൂക്കളും മഞ്ചാടിമണികളും വീണുകിടക്കുന്നു .
പാലപ്പൂവിന്റെയോ കൈതപ്പൂവിന്റെയോ ഇനി ഇലഞ്ഞിയുടേതു തന്നെയോ എന്നു വേർതിരിച്ചറിയാനാവാത്ത ഒരു സമ്മിശ്രസുഗന്ധം അവിടെ നിറഞ്ഞുനിന്നിരുന്നു.
ഇലച്ചാർത്തുകളും വള്ളിപ്പടർപ്പുകളും വകഞ്ഞുമാറ്റി അവൾ നാഗത്തറയിലെത്തി നിന്നു.
അഞ്ചു തലയുള്ള നാഗരാജാവിന്റെ പ്രതിഷ്ഠയാണ് നടുവിൽ.ചുറ്റും അസംഖ്യം നാഗപ്രതിമകൾ .ചെറുതും വലുതും ...
അതിനു മുന്നിലെത്തി അവൾ നിന്നു.കൈയിലെ തട്ട് ഭക്തിപൂർവ്വം താഴെ വച്ച് അതിൽ നിന്നും മഞ്ഞളെടുത്ത് നാഗരാജപ്രതിമയിലർപ്പിച്ചു.മുട്ടോളമെത്തുന്ന ഈറൻമുടിയിൽ നിന്നും വെള്ളത്തുള്ളികൾ നാഗത്തറയിലേക്കിറ്റു വീണു കൊണ്ടിരുന്നു.ഓരോ നാഗപ്രതിമയിലും മഞ്ഞളർപ്പിച്ചു തൊഴുത് നൂറും പാലും സമർപ്പിച്ച് ജ്വാല കണ്ണടച്ചു.
'അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത് '
സ്വരശുദ്ധമായ മന്ത്രോച്ചാരണം ...ശരണിനു രോമങ്ങളെഴുന്നു വരുന്നുണ്ടെന്നു തോന്നി.വിവേചിച്ചറിയാനാവാത്ത ഒരു വൈകാരികാനുഭവമായിരുന്നു അത്.
നാഗത്തറയ്ക്കു പിന്നിലെ വലിയ മൺപുറ്റിലേക്ക് അവന്റെ ശ്രദ്ധ പാളി...
ഭയം കലർന്നൊരു ശബ്ദം അവനിൽ നിന്നുയർന്നു.
മൺപുറ്റിൽ നിന്നും തല നീട്ടി ഫണമുയർത്തി നിന്ന് ജ്വാലയെ തന്നെ നോക്കുകയാണ് ഒരു കരിനാഗം.
അതിടയ്ക്കിടെ നാവു നീട്ടിക്കൊണ്ടിരുന്നു.
ബാലസൂര്യന്റെ കിരണങ്ങളേറ്റ് നടുവേ പിളർന്ന ആ നാവിന്റെ അഗ്രം തിളങ്ങുന്നുണ്ടെന്നു തോന്നി.
ജ്വാല കണ്ണു തുറന്നു.
പിന്നെ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന പാലുമെടുത്ത് മൺപുറ്റിനു നേരെ നടന്നു.
പതിയെ ആ നാഗത്തിന്റെ ശിരസ്സിൽ തലോടി അവളാ പാത്രം അതിനു മുന്നിൽ വെച്ചു.
തികഞ്ഞ വിധേയത്വത്തോടെ അതാ പാത്രത്തിലേക്കു തലനീട്ടി പാൽ കുടിച്ചു തുടങ്ങി.
ജ്വാല മുഖമുയർത്തി ശരണിനെ നോക്കി.
'ഇത് മാണിക്യൻ.എന്റെ ചങ്ങാതി'
അവിശ്വസനീയതയോടെ അയാളവളെ നോക്കി .
'ഇവനെ എനിക്ക് കാട്ടിൽ നിന്ന് കിട്ടിയതാ .അന്ന് തീരെ കുഞ്ഞായിരുന്നു.ഞാനെടുത്തോണ്ടു വന്ന് ഇവിടെ വളർത്തി.എന്റെ കൂടപ്പിറപ്പായിട്ട്'
'പാമ്പിനെയോ?'
അർത്ഥഗർഭമായ ചിരിയോടെ അവളയാളെ നോക്കി .
'നിങ്ങൾ പട്ടികളെയും പൂച്ചകളെയും ഓമനിച്ചു വളർത്താറില്ലേ ...അത് പോലെ തന്നെ ഇതും.മനസ്സറിഞ്ഞു സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കാൻ മാത്രമറിയുന്ന ജീവി'.
'എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ജ്വാല,'
ദീർഘമായൊന്നു ശ്വസിച്ച് അയാൾ ധൈര്യം സംഭരിച്ചു.
'നിനക്കെന്താ ഈ സ്ഥലവുമായി ബന്ധം?ഞാനറിയുന്ന ജ്വാല മേനോൻ വക്കീലിന്റെയും ലതിക ഡോക്ടറുടെയും മകളായ സ്കൂൾ അധ്യാപികയാണ്.തികഞ്ഞ ഒരു നഗരവാസി .പക്ഷേ...'
ജ്വാല ഒരു നിമിഷം അയാളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
'അറിയാം.നിനക്കറിയാത്ത ഒരു ഭൂതകാലമുണ്ടെനിക്ക്,അതിലേറ്റവും പ്രധാനം ഞാൻ ലതിക ഡോക്ടറുടെ മകളല്ല എന്നതാണ്.'
'ജ്വാലേ...' അവിശ്വസനീയതയായിരുന്നു അയാളുടെ സ്വരത്തിൽ.
അവൾ കുനിഞ്ഞ് നിലത്തു ചിതറിക്കിടന്നിരുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുക്കാൻ തുടങ്ങി.
'എന്റെയമ്മ സുഗന്ധിയാണ്....
ഒരു കാട്ടുപെണ്ണ്.
ഞങ്ങളുടെ ഊര് ഇവിടെ നിന്നും കുറച്ചകലെയാണ്.
അവിഹിതഗർഭം ധരിച്ചതിന്റെ പേരിൽ അമ്മയെ ഊരു വിലക്കി.
മായി അമ്മയെ സഹായിക്കാനായി കൂടെയിറങ്ങി.അവർക്കു താമസിക്കാനായി അച്ഛനാണ് ഈ വീടുണ്ടാക്കിയത്.
അതാണ് ഈ വീടിന് നഗരത്തിന്റെ മുഖമുണ്ടായത്.ഞങ്ങളുടെ കാടിന് ചേരാത്ത മുഖം'
ശരൺ നാവു നഷ്ടപ്പെട്ടവനെ പോലെ നിശ്ശബ്ദമായി അതു കേട്ടു നിന്നു.
'എനിക്കു ജൻമം തന്നതോടെ അമ്മ ഈ ലോകത്തോടു വിട പറഞ്ഞു.ഞാൻ മായിക്കൊപ്പം കാട്ടിൽ വളർന്നു.കാടായിരുന്നു എന്റെ വീട്.ഈ ജീവജാലങ്ങളായിരുന്നു ബന്ധുക്കൾ'
അപ്പോൾ പൊഴിഞ്ഞുവീണൊരു മഞ്ചാടിമണി ഒരു ചോരപ്പൊട്ടു പോലെ അവളുടെ മുടിയിഴകളിൽ തങ്ങി.
'മക്കളില്ലാതായ ദാമ്പത്യം നിരാശയിലേക്കു വഴുതിയപ്പോഴാകാം അച്ഛനമ്മയോടു തെറ്റേറ്റു പറഞ്ഞത് .അവരെന്നെ കൊണ്ടു പോകാൻ വന്നത് എന്റെ പത്താം പിറന്നാളിനായിരുന്നു.
ഒരുപാട് കരഞ്ഞു ഞാൻ.
മായി സമ്മതിച്ചില്ല.പോകണമെന്നു നിർബന്ധമായി പറഞ്ഞു.അങ്ങനെ ഒട്ടും ആഗ്രഹിക്കാതെ നഗരത്തിന്റെ തിരക്കുകളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടു.
ലതികയമ്മ ഒരിക്കലും എന്നെ മകളായി കരുതിയില്ല...ഉപദ്രവിച്ചതുമില്ല.
അന്യരെ പോലെ ആ വലിയ വീട്ടിൽ മൂന്നാത്മാക്കൾ ജീവിച്ചു പോന്നു.ബന്ധങ്ങളുടെ അർത്ഥമില്ലായ്മ എനിക്കു ബോധ്യപ്പെടുത്തിത്തന്നത് ആ ജീവിതമാണ്.
ഞാനെന്നും കാടിനെ സ്വപ്നം കണ്ടു.
കാടിനെ സ്നേഹിച്ചു.കഴിയുമ്പോഴെല്ലാം ഇവിടേക്ക് ഓടിയെത്തി.
സ്വത്വത്തിൽ നിന്ന് പിഴുതെറിയപ്പെട്ട് ജീവിക്കേണ്ടി വരിക എന്നത് ഒരു ശിക്ഷ തന്നെയാണ് ശരൺ.'
കൈക്കുമ്പിൾ നിറയെ ഇലഞ്ഞിപ്പൂക്കളുമായി ജ്വാല നിവർന്നു.
'ആഭിജാത്യം പോര എന്ന തോന്നലുണ്ടെങ്കിൽ നിനക്കെന്നെ ഉപേക്ഷിക്കാം കേട്ടോ'
ഒരു തമാശ പറഞ്ഞതുപോലെ അവൾ പൊട്ടിച്ചിരിച്ചു.
ശരണിന്റെ മുഖം അപ്പോഴും തെളിഞ്ഞിരുന്നില്ല...അവൾ പറഞ്ഞതു ശ്രദ്ധിക്കാതെ തന്നോടു തന്നെയെന്ന പോലെ അവൻ പിറുപിറുത്തു.
'അപ്പോ ആ മിന്നാമിനുങ്ങുകൾ,നാഗശലഭം...'
'വഴിയോരത്തെ ചെടിയിലിരുന്നു മിന്നുന്ന മിന്നാമിനുങ്ങുകളെ ഞാൻ കൈയിലെടുത്തത് ഓർക്കുന്നില്ലേ...
നമ്മുടെ വിയർപ്പ് തൊടുമ്പോൾ അവയിൽ നിന്നൊരു ഗന്ധം പുറപ്പെടും.
അത് മറ്റു മിന്നാമിനുങ്ങുകൾക്കു കിട്ടുമ്പോ അവ ഒരുമിച്ചു പ്രകാശിച്ചു തുടങ്ങും.അതവരുടെ ആശയവിനിമയമാണ് ശരൺ...അത്ഭുതപ്പെടാനൊന്നുമില്ല'
സംശയം മാറാത്ത കണ്ണുകളോടെ അയാൾ അവളെ നോക്കി.
നിഷ്കളങ്കമായി അവളവനെ നോക്കി ചിരിച്ചു.
വീണ്ടുമെന്തോ ചോദിക്കാൻ വന്നതു വേണ്ടെന്നു വെച്ച് ശരൺ നടന്നു തുടങ്ങി.
പിൻതുടർന്ന ജ്വാലയുടെ കണ്ണുകൾ വല്ലാതൊന്നു തിളങ്ങി.ചുണ്ടുകളിലൊരു ഗൂഢസ്മിതം ഒന്നു മിന്നിമാഞ്ഞു.
.............
മായി എന്നു ജ്വാല വിളിക്കുന്ന സ്ത്രീ അധികമൊന്നും സംസാരിച്ചില്ല.സദാസമയവും എന്തോ ജപിക്കുന്നതു പോലെ അവരുടെ ചുണ്ടുകൾ അനങ്ങിക്കൊണ്ടേയിരുന്നു.അവർക്ക് നിവർന്നു നിൽക്കാൻ കഴിയുകയില്ല...നിലത്തേക്കു കുനിഞ്ഞാണ് നടക്കുന്നത്.എന്നാൽ ആ വീട്ടിലെ എല്ലാ ജോലികളും അവർ തന്നെ ചെയ്യും.ഇവരാരായിരിക്കും....ജ്വാലയുടെ അമ്മയുടെ ബന്ധു ആയിരിക്കുമോ?
ജനലഴികളിൽ മുഖം ചേർത്ത് താഴേക്കെത്തി നോക്കി ശരൺ.ആ നിൽപ്പിൽ താഴെ മായി മുറ്റമടിക്കുന്നതു കാണാം.മരങ്ങൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ആകാശക്കീറിന്റെ വെൺമയിലേക്ക് ചെങ്കതിരുകൾ വീണുതുടങ്ങിയിരിക്കുന്നു.കാട്ടിൽ പകലിനു നീളം കുറവായിരിക്കുമോ ...എത്ര പെട്ടെന്നാണ് ഇവിടെ രാത്രി വിരുന്നെത്തുന്നത്.
'എന്താണ്...ഗഹനമായ ചിന്തയിലാണല്ലോ...'
അപ്രതീക്ഷിതമായ ജ്വാലയുടെ ചോദ്യം ഉള്ളിലൊരാന്തലുണ്ടാക്കി.എന്തൊക്കെയോ ദുരൂഹതകൾ അവളെ ചൂഴ്ന്നു നിൽപ്പുണ്ട്.മനസ്സിലാക്കാനാവാത്ത എന്തോ ഒരു രഹസ്യം.
'മായി ആരായിരിക്കും എന്നോർത്തതാ...'
'മായി ആരാണെന്ന് എനിക്കുമറിയില്ല ശരൺ,ഞാനാരാണെന്നു പോലും അവർ പറഞ്ഞ അറിവല്ലേ എനിക്കുള്ളൂ...അവരാണ് എന്നെ വളർത്തിയത്.മായി എന്നു വിളിച്ചു ശീലിപ്പിച്ചതും അവരാണ്.'
അയാൾക്കടുത്തേക്കു വന്ന് അവൾ താഴേക്കെത്തി നോക്കി.
കൃത്യം ആ നിമിഷം ആ വൃദ്ധയുടെ കണ്ണുകൾ ആ ജാലകത്തിലേക്കുയർന്നു.
അവ ജ്വാലയുടെ കണ്ണുകളിൽ തങ്ങി.
മൗനമായ ആ സംഭാഷണം പക്ഷേ ശരണറിഞ്ഞതേയില്ല.
അവന്റെ ശ്രദ്ധ മുറിയിൽ നിറഞ്ഞ ഇലഞ്ഞിപ്പൂമണത്തിലായിരുന്നു.
മെത്തയിൽ നിറയെ ഇലഞ്ഞിപ്പൂക്കൾ വിതറിയിരിക്കുന്നു.
ചന്ദനക്കട്ടിലാണ്.
ആ മുറിയിലെപ്പോഴും നേർത്തൊരു ചന്ദനഗന്ധം തങ്ങിനിന്നിരുന്നു.രണ്ടു ദിവസത്തെ പഴക്കം കൊണ്ട് ആ മണം ശരണിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
ഇലഞ്ഞിയുടെ മണം പക്ഷേ രൂക്ഷമാണെന്നു തോന്നി.മത്തു പിടിപ്പിക്കുന്ന പോലൊരു മണം.
അത്ഭുതത്തോടെ അയാൾ അവളെ നോക്കി.
'ഇതെന്താ...? '
'നമ്മുടെ മണിയറ...'
ജ്വാലയുടെ കണ്ണിൽ ഒരു കുസൃതിച്ചിരി തെളിഞ്ഞു.
അയാളുടെ രണ്ടു തോളിലും പിടിച്ച് അൽപം ബലമായി തന്നെ അവളയാളെ മെത്തയിലേക്കിരുത്തി.എന്തൊക്കെയോ ചോദ്യങ്ങൾ അയാളിലപ്പോഴും ബാക്കി നിൽക്കുന്നു എന്ന തിരിച്ചറിവിനെ മനം മയക്കുന്നൊരു ചിരി കൊണ്ടവൾ മായ്ച്ചു കളഞ്ഞു.
'പക്ഷേ......'
എന്തോ പറയാനാഞ്ഞ ശരണിന്റെ ചുണ്ടിലേക്കവൾ ചൂണ്ടുവിരൽ ചേർത്തു.ജാലകപ്പാളിയിലൂടെ ചന്ദ്രബിംബം ആ മുറിയിലേക്കെത്തി നോക്കിക്കൊണ്ടിരുന്നു.ഇടതു കൈത്തലം വിടർത്തി ചന്ദ്രബിംബത്തിനു നേരെ ഒരു മറയാക്കിനിർത്തി ജ്വാല ശരണിലേക്കു ചാഞ്ഞു...
ആ കൈത്തലം മറച്ച ചന്ദ്രബിംബത്തിലപ്പോൾ പരസ്പരം പിണഞ്ഞുകിടക്കുന്ന രണ്ടിണനാഗങ്ങളുടെ നിഴൽ പതിയെ പതിയെ കറുപ്പുനിറത്തിൽ തെളിഞ്ഞു വന്നു.
(തുടരും)
എഴുതിയത് - ദിവിജ, നല്ലെഴുത്ത് 
Next part - Tomorrow same time in Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot