Showing posts with label NagaSalabham. Show all posts
Showing posts with label NagaSalabham. Show all posts

നാഗശലഭം - Final Part (6)

Image may contain: Divija, smiling

നഗരത്തിന്റെ തിരക്കുകളിൽമാത്രം ജീവിച്ച ശരണിന് തീർത്തും അപരിചിതമായിരുന്നു ഈ ലോകം.
മുളയും മെടഞ്ഞ ഓലയും പുല്ലും കൊണ്ടുണ്ടാക്കിയ കുടിലുകൾ...ഒരു ചെറിയ വരാന്ത ...ഒറ്റമുറി... അടുക്കള.മണ്ണു കുഴച്ചുണ്ടാക്കിയ അടുപ്പ് ...പാചകം ചെയ്യാൻ ഒന്നോ രണ്ടോ മൺകുടുക്കകളും ചട്ടിയും.
ഒരു മനുഷ്യനു ജീവിക്കാൻ ഇത്രയൊക്കെയേ ആവശ്യമുള്ളൂ എന്ന അറിവ് അവനെ വല്ലാതെ അമ്പരപ്പിച്ചു.
ഒറ്റമുണ്ടോ തോർത്തോ മാത്രമുടുത്ത പുരുഷൻമാർ...
ചേല തോളിലൂടെ ചുറ്റിയുടുത്ത സ്ത്രീകൾ...
ഒരു വളയത്തിൽ കമ്പു കൊണ്ടു തട്ടി അതിനു പുറകേ ഓടിക്കളിക്കുന്ന കോണകം മാത്രമുടുത്ത കുട്ടികൾ.
ജ്വാല ഓടിനടന്ന് എല്ലാവരോടും കുശലം പറഞ്ഞു.
ശരണിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചു.
ഇളം ചൂടുള്ള കഞ്ഞിവെള്ളവും പച്ചക്കപ്പ അടുപ്പിലിട്ടു ചുട്ടതും നിർബന്ധിച്ചു കഴിപ്പിച്ചു.
കുട്ടികൾക്കൊപ്പം വളയമുരുട്ടി കളിക്കുന്ന ജ്വാലയെ നോക്കിക്കൊണ്ട് ഒരു മരക്കുറ്റിയിൽ ഇരിക്കുകയായിരുന്നു അയാൾ...
വിറയാർന്നൊരു കൈത്തലം തോളത്തമർന്നതറിഞ്ഞ് അയാൾ തിരിഞ്ഞു നോക്കി.
മുടി പഞ്ഞിക്കെട്ടു പോലെ വെളുത്ത ഒരു വൃദ്ധ..മുറുക്കാൻ കറ പിടിച്ച കുറ്റിപ്പല്ലുകളും കൺമഷിക്കറുപ്പു നിറവും.
'മായീന്റ്യോടയാ ഇങ്ങള് നിക്ക്ന്ന്?
അൽപ്പമൊന്നാലോചിച്ചാണ് ശരൺ അതു മനസ്സിലാക്കിയെടുത്തത്.
അവരുടെ താടിയെല്ലുകൾ വല്ലാതെ വിറ കൊള്ളുന്നുണ്ടായിരുന്നു.
എന്തു പറയണമെന്നറിയാതെ ശരൺ വെറുതേ തലയാട്ടി.
'മന്തിരക്കാരിയാ ഓള്...മന്തിരം ചെയ്ത് കളേം...ബേം പോയ്ക്കോ മോളേം കൂട്ടീറ്റ്...ഇല്ലേല് ഓള് ഈനേം കൊന്നളയും.'
അവരുടെ കുഴിഞ്ഞ കണ്ണുകൾ ഒരു നിമിഷം കൊണ്ട് സജലമായി.
'കൊന്നതാ മായി...ഇന്റെ മോള...ഓള അമ്മേല്ലേ...ഇന്റെ മോള് ചുഗന്ദി...കൊന്നതാ മോനേ...മന്തിരം ചെയ്തിറ്റ്...ഇന്റെ മോൻ രച്ചപ്പെട്ടോ ....'
ആടിയാടി നടന്നു മറയുമ്പോഴും അവരെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
കുറച്ചു നാളായി മാറി നിന്നിരുന്ന ആപത്ശങ്ക പതിൻമടങ്ങായി വീണ്ടും തന്നെ ചൂഴ്ന്നുനിറയുന്നത് അയാൾക്കനുഭവപ്പെട്ടു.
മടക്കയാത്രയിൽ അവർക്കിടയിൽ മൗനം കനപ്പെട്ടു നിന്നു.അവൾ പലവട്ടം നിർബന്ധിച്ചു ചോദിച്ചിട്ടും ശരൺ ഒന്നും പറഞ്ഞില്ല.
രാത്രി ജാലകത്തിനരികിൽ പുറത്തേക്കു നോക്കി നിൽക്കുകയായിരുന്ന ശരണിനു പുറകിലെത്തി ജ്വാല.
'എന്റെ അമ്മയെക്കുറിച്ച് കൂടുതലറിഞ്ഞപ്പോ തെറ്റു പറ്റി എന്നു തോന്നി അല്ലേ...
അതല്ലേ ഈ മൗനത്തിന്റെ അർത്ഥം'
ഒരു നിമിഷം കൊണ്ടു അയാളവളെ വാരിപ്പുണർന്നു മുഖം മുഴുവൻ ഉമ്മകൾ കൊണ്ടു മൂടി.
നഷ്ടപ്പെട്ടു പോകുമോ എന്നു ഭയന്നിട്ടെന്ന പോലെ ആവുന്നത്ര ശക്തിയിൽ തന്നിലേക്കു ചേർത്തു .
വേദനിച്ചിട്ടും ജ്വാല മാറാൻ ശ്രമിച്ചില്ല.
അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടിയിരുന്നു.കണ്ണുകൾ കവിഞ്ഞൊഴുകിയിരുന്നു.
'നമുക്കിവിടുന്നു പോകാം മോളെ,എനിക്കു വല്ലാത്തൊരു പേടി.എന്തോ ആപത്തു സംഭവിക്കാൻ പോകുന്ന പോലെ.നമുക്കു പോവാം...'
അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് അവളും വിതുമ്പി.
'പോകാം...പോകണമെന്ന് എനിക്കുമുണ്ട് ശരൺ...പക്ഷേ...'
പുറത്ത് ശക്തമായൊരിടി വെട്ടി.യാതൊരറിയിപ്പുമില്ലാതെ തുമ്പിക്കൈവണ്ണത്തിൽ മഴ കോരിച്ചൊരിഞ്ഞു.
കാറ്റ് മരത്തലപ്പുകളിൽ താണ്ഡവം ചവിട്ടിത്തുടങ്ങി.
പറയാൻ വന്നത് പുറത്തേക്കു വരാതിരിക്കാനെന്നോണം ജ്വാല വായ് പൊത്തിപ്പിടിച്ചു.
സ്വയം മറന്നുപോയതിന്റെ പശ്ചാത്താപം പോലെ നെഞ്ചിൽ കൈ ചേർത്ത് മേഘങ്ങൾക്കിടയിൽ വിളറിനിൽക്കുന്ന ചന്ദ്രനെ നോക്കി അവളെന്തോ അസ്പഷ്ടമായി മന്ത്രിച്ചു.
ചന്ദ്രബിംബത്തിന്റെ വിളറിയ ഇളംമഞ്ഞനിറത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് തെളിഞ്ഞുവന്ന ശ്വേതനാഗങ്ങളെ ഉൾക്കിടിലത്തോടെ അവൾ കണ്ടു
കരിനാഗങ്ങളിൽ നിന്നാരംഭിച്ച ചിത്രം ഓരോ രാത്രിയിലും നിറം മാറി ഇന്നു തൂവെള്ള നിറമായി ത്തീർന്നിരിക്കുന്നു....അതെ ...ഇന്നാണ് ഏഴാമത്തെ രാത്രി...
ഒരാന്തലോടെ അവളാ ജാലകപ്പാളികൾ വലിച്ചടച്ചു.
ശരണിന്റെ സ്നേഹമന്ത്രണങ്ങൾക്കു കാതോർക്കുമ്പോഴും അന്നു ജ്വാലയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
...................
രാത്രിയുടെ രണ്ടാംയാമം ആരംഭിക്കുകയായിരുന്നു.ശക്തമായി പെയ്തുതോർന്ന മഴ മണ്ണിന്റെ മണം കുത്തിയുണർത്തി.മരത്തലപ്പുകൾ അപ്പോഴും പെയ്തുകൊണ്ടിരുന്നു.
നാഗക്കാവിനടുത്തു നിന്നിരുന്ന നാരകമരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിൽ ഒറ്റയ്ക്കു നിന്നിരുന്ന കരുത്തുള്ളൊരില ചെറുതായി അനങ്ങിത്തുടങ്ങി.
അതിനടിയിൽ തൂങ്ങിനിന്നിരുന്ന വെള്ളിനിറമുള്ള പ്യൂപ്പയ്ക്കുള്ളിൽ നാഗമുഖം തെളിഞ്ഞുകാണാമായിരുന്നു.
ചിറകുകൾ ശക്തമായി ചലിച്ചു...പതിയെ പതിയെ ആ ആവരണം മുറിഞ്ഞുമാറി...
ചുവപ്പും മഞ്ഞയും കലർന്ന ചിറകുകളിൽ കറുപ്പു പൊട്ടായി നാഗക്കണ്ണുകൾ തിളങ്ങി.
വീണ്ടും വീണ്ടും ചിറകുകൾ ചലിപ്പിച്ച് അതു പതിയെ പുറത്തുവന്നു...
അതിസുന്ദരമായിരുന്നു ആ ശലഭക്കാഴ്ച്ച...അസാധാരണമായ വലിപ്പത്തോടെ വർണ്ണം തിളങ്ങുന്ന ചിറകുകളോടെ അതു പറന്നുയർന്നു.
ചന്ദ്രബിംബത്തിനു നേരെ ഒരു നിമിഷം ആ ചിറകുകൾ നിശ്ചലമായി.ശ്വേതനാഗക്കഴുത്തുകൾ കൃത്യമായി ആ ചിറകുകളിൽ സമ്മേളിച്ചു.അടുത്ത നിമിഷം അത് ജ്വാലയുടെ കിടപ്പുമുറിയിലെ മുനിഞ്ഞു കത്തുന്ന മുട്ടവിളക്കിന്റെ തീനാളത്തെ ലക്ഷ്യമാക്കി പറന്നുയർന്നു...
ശ്വേതനാഗങ്ങൾ അപ്രത്യക്ഷമായ ചന്ദ്രൻ പ്രഭ നഷ്ടപ്പെട്ട് ഏതോ മേഘക്കീറിലേക്കു മുഖമൊളിപ്പിച്ചു.
...........
ജനൽപ്പാളിയിലെന്തോ ശക്തമായി തട്ടുന്നു.ആരോ മുട്ടിവിളിക്കും പോലെ.ആയാസപ്പെട്ട് ശരൺ കണ്ണുകൾ വലിച്ചു തുറന്നു.
മുറിയിലെ അരണ്ട വെളിച്ചത്തോടു സമരസപ്പെടാൻ കണ്ണുകൾ വിസമ്മതിച്ചതോടെ അയാൾ ജ്വാലയെ തട്ടിവിളിച്ചു.
മതി കെട്ടുറങ്ങുകയായിരുന്നു അവൾ...പണിപ്പെട്ട് അയാളവളെ കുലുക്കിയുണർത്തി.
'എന്തേ...'
അവളുടെ സ്വരത്തിലൊരു പകപ്പുണ്ടായിരുന്നു.
'ജാലകത്തിലെന്തോ തട്ടുന്നു.കുറേ നേരമായി'
പുതപ്പ് ഒന്നു കൂടി തലയിലേക്കു വലിച്ചിട്ട് ശരൺ തിരിഞ്ഞു കിടന്നു.
ഉറക്കം വിട്ടകന്ന കണ്ണുകളോടെ ജ്വാല വെറുതേ കിടന്നു.
ആ സ്വരം അധികമാവുകയാണ്.
പുതപ്പ് പാദങ്ങളിൽ നിന്നു മാറ്റി അവൾ ജനലിനടുത്തെത്തി ...
ജനൽപ്പാളികളിലൊന്നിൽ അവളെ കാത്തെന്നോണം വിശ്രമിക്കുകയായിരുന്നു ആ നാഗശലഭം.
നിർവികാരമായി അവളാ ജനൽപ്പാളി തള്ളിത്തുറന്നു...
തണുത്ത കാറ്റ് മുറിയിലേക്കടിച്ചു കയറി.
അവൾക്കു ചുറ്റുമൊന്നു വട്ടം കറങ്ങിയിട്ട് ആ ശലഭം ചിറക് വീശി പുറത്തേക്കു പറന്നു.
കണ്ണീരുണങ്ങിയൊട്ടിയ മുഖത്തോടെ ജ്വാല അതു നോക്കി നിന്നു.
കിഴക്ക് ചക്രവാളത്തിൽ ചുവപ്പു പടർന്നു തുടങ്ങിയിരുന്നു.രാത്രിയുടെ നാലാം യാമം അവസാനിക്കുകയാണ്.
...............
ഉറച്ച കാൽവെയ്പ്പോടെ അവൾ പുറത്തേക്കു നടന്നു.
പുതപ്പിന്റെ വിടവിലൂടെ കണ്ണുയർത്തിനോക്കിയ ശരൺ അതു കണ്ടമ്പരന്നു.
'ജ്വാലേ.. '
അവളതു കേൾക്കുന്നുണ്ടായിരുന്നില്ല.
തിരിഞ്ഞുനോക്കാതെ പുറത്തേക്കു നടന്ന അവൾക്കു പിറകെ ശരണുമെത്തി.
അവൾ ചെന്നു നിന്നത് മായിയുടെ മുറിവാതിൽക്കലായിരുന്നു.
വാതിലിന്റെ വിടവിലൂടെ ശവംതീനിയുറുമ്പുകൾ വരിയായി നീങ്ങി ക്കൊണ്ടിരുന്നു.
ജ്വാല അവയെ പിൻതുടർന്നു.
കട്ടിലിനരികിൽ നാഗശലഭത്തിന്റെ ശരീരം
ചത്തു വിറങ്ങലിച്ചുകിടന്നു.
ഉറുമ്പുകളാ ശവശരീരത്തെ പൊതിഞ്ഞു കഴിഞ്ഞിരുന്നു.
അവൾ അതിനരികിലായി മുട്ടു കുത്തി.ശരണിന്റെ കൈ അവളുടെ തോളിലമർന്നു.
'എന്തു പറ്റി ജ്വാല ?'
'മായി മരിച്ചു '
അവളുടെ സ്വരം തണുത്തിരുന്നു.
കട്ടിലിൽ കറുപ്പുടുത്ത് മായി കണ്ണുകൾ തുറന്നു മരിച്ചു കിടന്നിരുന്നു.
പകുതി തുറന്നു കിടന്ന വായ്ക്കുള്ളിൽ ചെന്നായയുടേതു പോലെ കൂർത്ത രണ്ടു തേറ്റപ്പല്ലുകൾ ശരൺ വ്യക്തമായും കണ്ടു.
ഭയന്ന് അയാളൊരടി പുറകോട്ടു വെച്ചു,അയാളെ തട്ടി നിന്ന കതക് ചുമരിൽ ശബ്ദത്തോടെ ചെന്നടിച്ചു.
അപ്പോഴും മുഖമുയർത്താതെ ജ്വാല ആ നാഗശലഭത്തിനരികിൽ മുട്ടു കുത്തിനിന്നു.
...........
ആദിവാസിയൂരിൽ നിന്ന് ആളുകൾ വന്ന് മായിയുടെ ശരീരം മറവു ചെയ്തതോടെ പോകാമെന്നു ശരൺ നിർബന്ധം പിടിച്ചു.
ഒരക്ഷരവും മറുത്തു പറയാതെ ജ്വാല കൂടെയിറങ്ങി.
പടിപ്പുരയുടെ അവസാനപടവിൽ വെച്ച് അവളൊന്നു തിരിഞ്ഞുനോക്കി ...
ഏറ്റവും മുകളിലെ വക്കു പൊട്ടിയ കല്ലുകളിലൊന്നിൽ മാണിക്യൻ ഫണം വിടർത്തി നിന്നു.
അവൾ നോക്കിയതോടെ യാത്രാനുമതി നൽകും മട്ടിൽ അതു പതിയെ തലയാട്ടി.
അതിന്റെ തലയ്ക്കു മുകളിലായി പറന്നു നിന്ന നാഗശലഭത്തിൽ അവളുടെ ദൃഷ്ടികളുറച്ചു.
ആ ശലഭത്തിന്റെ ചിറകുകളിൽ തന്റെ കണ്ണുകൾ പ്രതിഫലിക്കുന്നതവൾ കണ്ടു.
തിരിഞ്ഞു നോക്കാതെ ജ്വാല നടന്നകന്നു.
അവളുടെ കണ്ണുകളിലെ തിരിനാളം എന്നേക്കുമായി കെട്ടുപോയതറിയാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽവിരൽ തൊട്ടു നിർത്തി ഉറക്കെയുറക്കെ ഹോൺ മുഴക്കിക്കൊണ്ട് ശരൺ അവൾക്കായ് കാത്തുനിന്നു.
(അവസാനിച്ചു)
വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്
Next part - Tomorrow same time in Nallezhuth
Read all parts here - Click here

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

നാഗശലഭം - Part 5

Image may contain: Divija, smiling

ലോകം വളരെ സുന്ദരമാണെന്നു തോന്നി ശരണിന്...
കർട്ടന്റെ വിടവിലൂടെ എത്തിനോക്കുന്ന വെയിൽനാളങ്ങളും
ഓടിനിടയിലിരുന്നു കടുകുമണിക്കണ്ണുരുട്ടുന്ന പല്ലിയും
കരിഞ്ഞുതുടങ്ങിയിട്ടും നേർത്തൊരു സുഗന്ധം ബാക്കി നിർത്തി ചുറ്റും നിരന്നിരിക്കുന്ന ഇലഞ്ഞിപ്പൂക്കളും
മങ്ങിയ വെളിച്ചം മാത്രമുള്ള ചന്ദനഗന്ധമുള്ള മുറിയും...
ഒറ്റദിവസം കൊണ്ട് താനാകെയും സ്നേഹമായിത്തീർന്നിരിക്കുന്നു.
ചെറുതായൊന്നു ചെരിഞ്ഞ് മെത്തയിലെ ഇലഞ്ഞിപ്പൂവിതളുകളെ അരുമയായൊന്നു തലോടി ...പതിയെ അവയിലേക്കു മുഖം ചേർത്ത് ഒരു കൊഞ്ചലോടെ അവൻ മന്ത്രിച്ചു
'എവിടെ എന്റെ രാജകുമാരി...?'
'ഇവിടെയുണ്ടല്ലോ'
മുത്തു ചിതറും പോലൊരു ചിരിയോടെ ജ്വാല മുന്നിൽ.
ചമ്മൽ ചിരിയിലൊളിപ്പിച്ച് അയാൾ എഴുന്നേറ്റു.
ആവി പറക്കുന്ന ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ച് അവൾ മെത്തയിലേക്കിരുന്നു.
'എന്താ ഒരുറക്കം,മണി എത്രയായെന്നറിയോ'
അയാളുടെ മുഖം പെട്ടെന്നു ദീപ്തമായി ...
ഒരു കുസൃതിച്ചിരിയോടെ അവളെ സൂക്ഷിച്ചു നോക്കി അയാൾ...
കാണെക്കാണെ അവളുടെ കണ്ണുകളിൽ നാണം പൂത്തു.
കവിളുകളിൽ ഇളംചുവപ്പു കലർന്നു തുടങ്ങി...ചുണ്ടുകൾ ചെറുതായി വിറകൊണ്ടു.
അയാൾക്കു മുഖം കൊടുക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പതിയെ എഴുന്നേറ്റു.
ജാലകവിരികൾ പൂർണ്ണമായും വകഞ്ഞൊതുക്കി.
വെയിൽനാളങ്ങൾ പ്രസരിപ്പോടെ വിശേഷം ചോദിക്കാനായി ഓടിക്കയറി വന്നു.
മുറി പ്രകാശപൂരിതമായി.
അവൾക്കു പുറകിൽ ചേർന്നു നിന്ന് ഈറൻമുടിയിലെ കാച്ചെണ്ണമണം ആസ്വദിച്ചുകൊണ്ട് അയാൾ പുറത്തേക്കു നോക്കി.
'എന്തായാലും എനിക്കിഷ്ടായി തന്റെ കാട്...'
'ശരിക്കും?'
'ഉം...ശരിക്കും'
'അതിന് ശരൺ കണ്ടില്ലല്ലോ എന്റെ കാട്...'
'ഇനിയുമുണ്ടോ കാഴ്ച്ചകൾ?'
'പിന്നില്ലേ...മുയലുകളൊളിക്കുന്ന കാട്ടുപൊന്തകൾ,പൂമരങ്ങൾ കൂട്ടമായി വളരുന്ന മലഞ്ചെരിവുകൾ,പാറക്കൂട്ടങ്ങൾക്കിടയിലെ നരിമടകൾ ...പക്ഷികൾ ,മൃഗങ്ങൾ...'
ആവേശം കൊണ്ട് അവളുടെ കണ്ണുകൾ തിളങ്ങി .
കൗതുകത്തോടെ ശരണതു നോക്കി നിന്നു.
അവളെ കണ്ടിട്ടു മതിയാവാത്തതുപോലെ.
എത്ര സുന്ദരിയാണിവൾ...
അയാളുടെ കണ്ണുകളിൽ കണ്ണിടഞ്ഞതും പിന്നെയും ജ്വാലയിൽ നാണം പൂത്തു.
പതിയെ കാലടികൾ പിന്നോക്കം വെക്കാൻ തുടങ്ങി അവൾ .
ഒറ്റക്കുതിപ്പിന് അയാളാ കൈകളെ കവർന്നെടുത്തു...
'നമുക്കു പോയാലോ തന്റെ കാടു കാണാൻ?'
'ഉം...പോകാം'
ഒരു മന്ദഹാസത്തിൽ ജ്വാലയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ വിടർന്നു.
അവ ശരണിന്റെ കണ്ണിലേക്കും പകർന്നു...
കണ്ണുകൾ പിൻവലിക്കാനാവാതെ സ്വയം മറന്ന് അവരതേ നിൽപ്പു നിന്നു...നിമിഷങ്ങളോളം.
........
വെള്ളാരംകല്ലുകളിൽ തട്ടിത്തടഞ്ഞു കുതിച്ചൊഴുകി വരികയാണ് കാട്ടുചോല...
കണ്ണീരിനേക്കാൾ തെളിഞ്ഞ വെള്ളം.
കാൽവിരൽ തൊടുമ്പോൾ തണുപ്പ് നെറുകയിലറിയാം.
സാരി എളിയിൽ കയറ്റിക്കുത്തി വെള്ളത്തിൽ നിന്നും ഉരുളൻകല്ലുകൾ പെറുക്കിക്കൂട്ടുകയാണ് ജ്വാല....
അവളുടെ വെണ്ണക്കൽപാദങ്ങളിൽ കല്ലേമുട്ടികളും കൊച്ചുപരലുകളും വന്നു മുട്ടിയുരുമ്മുന്നു...
ഇക്കിളി അസഹ്യമാകുമ്പോൾ അവൾ കാലുകൾ കുടയും ...
വെള്ളം ഞൊറിയിട്ടകലും...മീനുകളും അൽപ്പനേരത്തേക്കു മാറിനിൽക്കും ...
പൂർവ്വാധികം ശക്തിയിൽ തിരികെ വരാൻ വേണ്ടി മാത്രം.
പുഴയ്ക്കു നടുവിൽ തലയെടുപ്പോടെ നിന്ന പാറക്കൂട്ടങ്ങളിലൊന്നിൽ ശരണാ കാഴ്ചയിൽ മതി മയങ്ങിയിരുന്നു.
നാനാവർണ്ണങ്ങളിലുള്ള പൂവിതളുകൾ വെള്ളത്തിലൂടെയൊഴുകി പാറയിലൊന്നു തൊട്ടുരുമ്മി കടന്നു പോയി.
അപൂർവ്വം ചിലത് വിട്ടു പോകാൻ മനസ്സില്ലാത്ത പോലെ ആ പാറകളിൽ തൊട്ടുരുമ്മി ഏതാനും നിമിഷങ്ങൾ തങ്ങിനിന്നു.
പിന്നാലെ വന്ന തെളിനീർത്തുള്ളികൾ കിന്നാരം ചൊല്ലി നിർബന്ധമായിത്തന്നെ അവയെ കൂട്ടിക്കൊണ്ടുപോയി.
ജ്വാല വെള്ളത്തിനെതിരെ നടന്ന് ശരണിനടുത്തെത്തി.അവന്റെ കാതോടു കാതു ചേർത്ത് ഒരു മന്ത്രണം പോലെ മൊഴിഞ്ഞു.
'ഒരൂട്ടം കാണണോ?'
അതേ കുസൃതിസ്വരത്തിൽ അവൻ തിരികെ മന്ത്രിച്ചു
'എന്താണാവോ?'
ജ്വാലയുടെ നോട്ടം നേരെ മുകളിലേക്കായി.
അവൾ ചൂണ്ടുവിരൽ നേരെ മുകളിലേക്കുയർത്തി.
ആ വിരലിനൊപ്പം സഞ്ചരിച്ച അവന്റെ കണ്ണുകൾ പകച്ചു പുറത്തുചാടി.
ഹൃദയമിടിപ്പു നിലച്ചതു പോലെ.
ചാടി പുഴയിലേക്കിറങ്ങാൻ ശ്രമിച്ച അവനെ ജ്വാല തടഞ്ഞു.
തലയ്ക്കു മുകളിലെ മരക്കൊമ്പിൽ ചാഞ്ഞുകിടന്നിരുന്ന പുള്ളിപ്പുലി അലസമായൊന്നു കോട്ടുവായിട്ടു.അതിന്റെ ഉളിപ്പല്ലുകൾ വെയിലേറ്റു തിളങ്ങുന്നത് ഉൾക്കിടിലത്തോടെ ശരൺ കണ്ടു.
അവനു ശ്വാസംമുട്ടലനുഭവപ്പെടുന്നുണ്ടായിരുന്നു.
മുൻകാൽ കൊണ്ടൊന്നു മുഖം തുടച്ച പുലി പഴയതുപോലെ മരക്കൊമ്പിലേക്കു ചാഞ്ഞു.അതിന്റെ അലസമായ കണ്ണുകൾ ഇടക്കിടെ അവരിലേക്കും പാളിവന്നുകൊണ്ടിരുന്നു.
'പേടിക്കേണ്ട,ആശാൻ മൃഷ്ടാന്നഭോജനത്തിനു ശേഷമുള്ള വിശ്രമത്തിലാണ്.വിശപ്പു മാറിയാൽ പിന്നെ മൃഗങ്ങൾ ഉപദ്രവിക്കില്ല.'
'നിനക്കെന്താ ഇത്ര ഉറപ്പ്?
പുലിയല്ലേ...ഒരു വന്യമൃഗം...എങ്ങാനും ചാടിവീണാലോ?'
'എങ്കിൽ മരിക്കുകയല്ലാതെ മറ്റു വഴികളില്ലാതെയാവും'
പാറയിലേക്കു കയറി അവന്റെ തോളിൽ ചാരിയിരുന്ന് അവൾ കുലുങ്ങി ചിരിച്ചു.
പിന്നെ പെട്ടെന്നുണ്ടായ ഗൗരവഭാവത്തിൽ ശരണിനു നേരെ നോക്കി
'യാതൊരാവശ്യവുമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ജന്തുവിഭാഗം
മനുഷ്യൻ മാത്രമാണ്.
കാടിനു നിയമങ്ങളുണ്ട്.
വിശപ്പു മാറ്റാനോ പ്രാണരക്ഷാർത്ഥമോ അല്ലാതെ മൃഗങ്ങൾ ഉപദ്രവിക്കുകയില്ല.
നമുക്കവയെ വിശ്വസിക്കാം'
ശരണിന്റെ ഭയം മാറിത്തുടങ്ങിയിരുന്നു.പതിയെ അവളുടെ തോളിൽ കൈയിട്ട് തന്നോടു ചേർത്തു പിടിച്ചു അവൻ.
'ഒരു കാര്യം കൂടി ചോദിക്കാനുണ്ട് എന്റെയീ കാട്ടുപെണ്ണിനോട് '
'ഉം...?'
പുഴയോരത്തെ ഏതോ കാട്ടുപൂവിലിരിക്കുകയായിരുന്ന ശലഭത്തെ ചൂണ്ടിക്കാട്ടി അവൻ.
'അതാ ആ പൂവിലിരുന്നു തേൻ കുടിക്കുന്നില്ലേ നിന്റെ നാഗശലഭം ...അതിനെ കുറിച്ച്'
അവൾ തലയുയർത്തി നോക്കി...വീണ്ടും അവന്റെ നെഞ്ചിലേക്കു തന്നെ ചാഞ്ഞു.
'നാഗശലഭങ്ങൾക്കു തേൻ കുടിക്കാനാവില്ല,അവയ്ക്കു വായയില്ല.'
'പിന്നെ...എങ്ങനെ ജീവിക്കും?'
'ജീവിക്കും...ഭക്ഷണമില്ലാതെ...
പുഴുവായിരിക്കുന്ന കാലത്ത് കഴിക്കുന്ന നാരകയിലകളാണ് ഈ ശലഭങ്ങളുടെ ജീവൻ നിലനിർത്തുന്നത്.
രണ്ടാഴ്ച്ച മാത്രമേ ഒരു ശലഭത്തിന് ആയുസ്സുള്ളൂ...'
'ശ്ശോ...കഷ്ടം...'
ശരൺ വീണ്ടുമാ ശലഭത്തെ നോക്കി ...
ചിറകിന്റെ അഗ്രഭാഗം മൂർഖന്റെ തല തന്നെ.
അറ്റത്തെ കറുത്ത പൊട്ട് പാമ്പിന്റെ കണ്ണുകളെ ഓർമ്മിപ്പിച്ചു .
ആ കണ്ണുകൾ നോക്കുന്നത് തങ്ങളുടെ നേർക്കാണെന്ന് എന്തുകൊണ്ടോ അവനു തോന്നി.
'നീയന്നു പറഞ്ഞില്ലേ നാഗശലഭറാണിയെന്നോ മറ്റോ...ഒരുപാട് ആയുസ്സുണ്ടെന്നൊക്കെ'
ഒരു നിമിഷം ജ്വാലയുടെ കണ്ണുകൾ ഒന്നു ജാഗരൂകമായി.കൃഷ്ണമണികളിൽ ഒരു തീനാളം കത്തിയണഞ്ഞു.പുറംതിരിഞ്ഞിരുന്നതിനാൽ പക്ഷേ ശരണതു കണ്ടില്ല.
'അത് ഒരു മിത്താണ് ശരൺ...കെട്ടുകഥ'
'പറയെടോ...കേൾക്കട്ടെ,ഞാനാദ്യമായിട്ടാണ് ഇങ്ങനെ ഒരു ശലഭത്തെ കാണുന്നത്'
'മായി പറഞ്ഞു കേട്ടതാണ്.
കർക്കിടകമാസത്തിലെ അമാവാസിയിൽ ആയില്യം നാളിൽ ജനിക്കുന്ന പെൺകുട്ടികളിൽ സർപ്പസാന്നിധ്യമുണ്ടാകും എന്നൊരു മിത്തുണ്ട്.
കേട്ടിട്ടുണ്ടോ?'
'ആം ...മുത്തശ്ശി പറഞ്ഞിട്ടുണ്ട് '
'ഇതും അത് പോലൊരു മിത്താണ്.
ആ നാളിൽ ജനിച്ച സ്ത്രീ ,ഏഴുനാൾ
നാഗാരാധന നടത്തി,വ്രതത്തോടെ ഭർത്താവിനൊപ്പം ശയിക്കണം.
ഏഴാം നാളിൽ പ്യൂപ്പയിൽ നിന്നു പുറത്തുവരുന്ന ശലഭം ആ സ്ത്രീയുടെ ഹൃദയത്തിനു മുകളിൽ ഒരു രാത്രി മുഴുവനിരിക്കും.
പിറ്റേന്നു പുലരിയിൽ ആ സ്ത്രീയുടെ ഹൃദയം ആ ശലഭത്തിന്റേതാകുമത്രേ...
അത് പിന്നെ നാഗശലഭങ്ങളുടെ റാണിയാകും.
വർഷങ്ങളോളം അത് ഭക്ഷണമില്ലാതെ ജീവിക്കും.
മറ്റൊരു ശലഭറാണി ഉണ്ടാകുന്നതോടെ ഈ ശലഭം ഇല്ലാതെയാകും.
അപ്പോൾ മാത്രമേ അതിനു ജീവൻ കൊടുത്ത സ്ത്രീയുടെ മരണവും സംഭവിക്കുകയുള്ളൂ.അത്രയും വർഷം അവരും ജീവിക്കും.
പക്ഷേ അവർക്ക് ഒന്നിനോടും വൈകാരികബന്ധമോ സ്നേഹമോ തോന്നുകയില്ല.
ജീവിക്കുന്നു എന്ന തോന്നൽ പോലുമില്ലാതെ ...മരിക്കാനും കഴിയാതെ അവരങ്ങനെ കഴിയും...ഒരു ശാപം പോലെ...'
'ഇന്ററസ്റ്റിങ്ങ്....പഴങ്കഥകൾ കേൾക്കാൻ രസമാണ്.കുട്ടിക്കാലത്ത് മുത്തശ്ശി പറയുമായിരുന്നു,ഇതു പോലുള്ള കഥകൾ...എനിക്കെന്തിഷ്ടമാണെന്നോ...'
അവൾ പ്രതികരിച്ചില്ല.
എന്തോ ആഴമുള്ള ചിന്തയിലായിരുന്നു അവൾ.
മരത്തിനു മുകളിലിരുന്ന പുലി പതിയെ എഴുന്നേറ്റു.
കൈകാലുകൾ നിവർത്തി ഒന്നു മൂരിനിവർന്ന് അതു താഴോട്ടിറങ്ങി .
നിലം തൊടുന്നതിന് അല്പം മുകളിൽ വെച്ച് ശക്തിയായി താഴേക്കു ചാടി.
ജ്വാലയിൽ ഒരു നടുക്കമുണ്ടായി.
'നമുക്കു പോകാം'
പറഞ്ഞതും ജ്വാല പാറയിൽ നിന്നു താഴെയിറങ്ങി തിരിഞ്ഞു നോക്കാതെ നടന്നു തുടങ്ങി.പുലി കാടിനുള്ളിലേക്കു നടന്നു മറയുന്നത് ഒരു നിമിഷം നോക്കി നിന്നിട്ട് അയാളും അവളെ പിൻതുടർന്നു.
..........
അന്നു ചന്ദ്രബിംബത്തിൽ തെളിഞ്ഞ ഇണനാഗങ്ങൾക്ക് നേരിയൊരു ചാരനിറം കലർന്നിരുന്നു.
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - Click here

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

നാഗശലഭം - Part 4

Image may contain: Divija, smiling


നെറ്റിയിൽ തണുപ്പു പടരുന്നു...
ഒരു പ്രത്യേകസുഖം.
ശരൺ കണ്ണു തുറന്നു.
അടുത്തിരുന്ന് നെറ്റിയിലെന്തോ പുരട്ടുകയാണ് ജ്വാല.
സ്ഥലകാലബോധം വരാൻ ഇത്തിരി സമയമെടുത്തു.
കഴിഞ്ഞ കാര്യങ്ങളൊരു ചലച്ചിത്രം പോലെ മനസ്സിൽ തെളിഞ്ഞു.
അവളുടെ കൈത്തലത്തിൽ ഫണമൊതുക്കിക്കിടന്ന കരിനാഗത്തെ ഓർമ്മ വന്നപ്പോൾ അറിയാതെ അയാളാ കൈകൾ തട്ടിയകറ്റി.
ജ്വാല ചിരിച്ചു.
'എന്തായിരുന്നു പനി ... രണ്ടു ദിവസായി കണ്ണു തുറന്നിട്ട്,ഒന്നു പേടിപ്പിച്ചു.'
അവളടുത്തേക്കു വന്ന് വീണ്ടും നെറ്റിയിലാ ലേപനം പുരട്ടി .
'മച്ചിങ്ങ അരച്ചതാ.തണുപ്പ് കിട്ടും.പനിയും തലവേദനയും ഒക്കെ മാറും'
ചാടിയെണീറ്റ് അയാളവളിൽ നിന്നുമകന്നു മാറി.
'എന്നെ തൊടരുത്...എനിക്കു പേടിയാ നിന്നെ'
അവൾ പൊട്ടിച്ചിരിച്ചു പോയി.
'എന്തിന്?'
'നീ മനുഷ്യസ്ത്രീയല്ല.
ഇന്നലെ ഞാൻ കണ്ടതൊന്നും ഒരു മനുഷ്യസ്ത്രീക്ക് കഴിയുന്ന കാര്യങ്ങളല്ല'
'തെറ്റി.തീർച്ചയായും ഞാൻ മനുഷ്യനാണ്.
മനുഷ്യനു കഴിയാത്ത ഒന്നും ചെയ്തിട്ടുമില്ല.'
അൽപം ബലമായി അവളയാളുടെ കൈയിൽ പിടിച്ചു.
'വരൂ...'
എതിർക്കാൻ ആഗ്രഹിച്ചിട്ടും അയാൾക്കതിനു കഴിഞ്ഞില്ല.നിസ്സഹായതയോടെ അയാളവളെ പിന്തുടർന്നു.
രാത്രി കണ്ടതിൽ നിന്നു വ്യത്യസ്തമായിരുന്നു ആ വീടിന്റെ പകൽദൃശ്യം.
വിശാലമായ മുറ്റം ...അതിരിട്ടു നിൽക്കുന്ന വൻമരങ്ങൾ.
വലതുഭാഗത്തായി കാടിനുള്ളിലേക്കൊരു വഴി.
ഒരു പാത്രം നിറയെ പാലും കൈയിലൊരു പൂജത്തട്ടുമായി ജ്വാല ആ വഴിയിലേക്കു നടന്നു.
അടക്കിനിർത്താനാവാത്ത കൗതുകത്തോടെ അയാളും.
വഴിയവസാനിച്ചത് ഒരു സർപ്പക്കാവിലായിരുന്നു.
വഴിനീളെ ഇലഞ്ഞിപ്പൂക്കളും മഞ്ചാടിമണികളും വീണുകിടക്കുന്നു .
പാലപ്പൂവിന്റെയോ കൈതപ്പൂവിന്റെയോ ഇനി ഇലഞ്ഞിയുടേതു തന്നെയോ എന്നു വേർതിരിച്ചറിയാനാവാത്ത ഒരു സമ്മിശ്രസുഗന്ധം അവിടെ നിറഞ്ഞുനിന്നിരുന്നു.
ഇലച്ചാർത്തുകളും വള്ളിപ്പടർപ്പുകളും വകഞ്ഞുമാറ്റി അവൾ നാഗത്തറയിലെത്തി നിന്നു.
അഞ്ചു തലയുള്ള നാഗരാജാവിന്റെ പ്രതിഷ്ഠയാണ് നടുവിൽ.ചുറ്റും അസംഖ്യം നാഗപ്രതിമകൾ .ചെറുതും വലുതും ...
അതിനു മുന്നിലെത്തി അവൾ നിന്നു.കൈയിലെ തട്ട് ഭക്തിപൂർവ്വം താഴെ വച്ച് അതിൽ നിന്നും മഞ്ഞളെടുത്ത് നാഗരാജപ്രതിമയിലർപ്പിച്ചു.മുട്ടോളമെത്തുന്ന ഈറൻമുടിയിൽ നിന്നും വെള്ളത്തുള്ളികൾ നാഗത്തറയിലേക്കിറ്റു വീണു കൊണ്ടിരുന്നു.ഓരോ നാഗപ്രതിമയിലും മഞ്ഞളർപ്പിച്ചു തൊഴുത് നൂറും പാലും സമർപ്പിച്ച് ജ്വാല കണ്ണടച്ചു.
'അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത് '
സ്വരശുദ്ധമായ മന്ത്രോച്ചാരണം ...ശരണിനു രോമങ്ങളെഴുന്നു വരുന്നുണ്ടെന്നു തോന്നി.വിവേചിച്ചറിയാനാവാത്ത ഒരു വൈകാരികാനുഭവമായിരുന്നു അത്.
നാഗത്തറയ്ക്കു പിന്നിലെ വലിയ മൺപുറ്റിലേക്ക് അവന്റെ ശ്രദ്ധ പാളി...
ഭയം കലർന്നൊരു ശബ്ദം അവനിൽ നിന്നുയർന്നു.
മൺപുറ്റിൽ നിന്നും തല നീട്ടി ഫണമുയർത്തി നിന്ന് ജ്വാലയെ തന്നെ നോക്കുകയാണ് ഒരു കരിനാഗം.
അതിടയ്ക്കിടെ നാവു നീട്ടിക്കൊണ്ടിരുന്നു.
ബാലസൂര്യന്റെ കിരണങ്ങളേറ്റ് നടുവേ പിളർന്ന ആ നാവിന്റെ അഗ്രം തിളങ്ങുന്നുണ്ടെന്നു തോന്നി.
ജ്വാല കണ്ണു തുറന്നു.
പിന്നെ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന പാലുമെടുത്ത് മൺപുറ്റിനു നേരെ നടന്നു.
പതിയെ ആ നാഗത്തിന്റെ ശിരസ്സിൽ തലോടി അവളാ പാത്രം അതിനു മുന്നിൽ വെച്ചു.
തികഞ്ഞ വിധേയത്വത്തോടെ അതാ പാത്രത്തിലേക്കു തലനീട്ടി പാൽ കുടിച്ചു തുടങ്ങി.
ജ്വാല മുഖമുയർത്തി ശരണിനെ നോക്കി.
'ഇത് മാണിക്യൻ.എന്റെ ചങ്ങാതി'
അവിശ്വസനീയതയോടെ അയാളവളെ നോക്കി .
'ഇവനെ എനിക്ക് കാട്ടിൽ നിന്ന് കിട്ടിയതാ .അന്ന് തീരെ കുഞ്ഞായിരുന്നു.ഞാനെടുത്തോണ്ടു വന്ന് ഇവിടെ വളർത്തി.എന്റെ കൂടപ്പിറപ്പായിട്ട്'
'പാമ്പിനെയോ?'
അർത്ഥഗർഭമായ ചിരിയോടെ അവളയാളെ നോക്കി .
'നിങ്ങൾ പട്ടികളെയും പൂച്ചകളെയും ഓമനിച്ചു വളർത്താറില്ലേ ...അത് പോലെ തന്നെ ഇതും.മനസ്സറിഞ്ഞു സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കാൻ മാത്രമറിയുന്ന ജീവി'.
'എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ജ്വാല,'
ദീർഘമായൊന്നു ശ്വസിച്ച് അയാൾ ധൈര്യം സംഭരിച്ചു.
'നിനക്കെന്താ ഈ സ്ഥലവുമായി ബന്ധം?ഞാനറിയുന്ന ജ്വാല മേനോൻ വക്കീലിന്റെയും ലതിക ഡോക്ടറുടെയും മകളായ സ്കൂൾ അധ്യാപികയാണ്.തികഞ്ഞ ഒരു നഗരവാസി .പക്ഷേ...'
ജ്വാല ഒരു നിമിഷം അയാളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി.
'അറിയാം.നിനക്കറിയാത്ത ഒരു ഭൂതകാലമുണ്ടെനിക്ക്,അതിലേറ്റവും പ്രധാനം ഞാൻ ലതിക ഡോക്ടറുടെ മകളല്ല എന്നതാണ്.'
'ജ്വാലേ...' അവിശ്വസനീയതയായിരുന്നു അയാളുടെ സ്വരത്തിൽ.
അവൾ കുനിഞ്ഞ് നിലത്തു ചിതറിക്കിടന്നിരുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുക്കാൻ തുടങ്ങി.
'എന്റെയമ്മ സുഗന്ധിയാണ്....
ഒരു കാട്ടുപെണ്ണ്.
ഞങ്ങളുടെ ഊര് ഇവിടെ നിന്നും കുറച്ചകലെയാണ്.
അവിഹിതഗർഭം ധരിച്ചതിന്റെ പേരിൽ അമ്മയെ ഊരു വിലക്കി.
മായി അമ്മയെ സഹായിക്കാനായി കൂടെയിറങ്ങി.അവർക്കു താമസിക്കാനായി അച്ഛനാണ് ഈ വീടുണ്ടാക്കിയത്.
അതാണ് ഈ വീടിന് നഗരത്തിന്റെ മുഖമുണ്ടായത്.ഞങ്ങളുടെ കാടിന് ചേരാത്ത മുഖം'
ശരൺ നാവു നഷ്ടപ്പെട്ടവനെ പോലെ നിശ്ശബ്ദമായി അതു കേട്ടു നിന്നു.
'എനിക്കു ജൻമം തന്നതോടെ അമ്മ ഈ ലോകത്തോടു വിട പറഞ്ഞു.ഞാൻ മായിക്കൊപ്പം കാട്ടിൽ വളർന്നു.കാടായിരുന്നു എന്റെ വീട്.ഈ ജീവജാലങ്ങളായിരുന്നു ബന്ധുക്കൾ'
അപ്പോൾ പൊഴിഞ്ഞുവീണൊരു മഞ്ചാടിമണി ഒരു ചോരപ്പൊട്ടു പോലെ അവളുടെ മുടിയിഴകളിൽ തങ്ങി.
'മക്കളില്ലാതായ ദാമ്പത്യം നിരാശയിലേക്കു വഴുതിയപ്പോഴാകാം അച്ഛനമ്മയോടു തെറ്റേറ്റു പറഞ്ഞത് .അവരെന്നെ കൊണ്ടു പോകാൻ വന്നത് എന്റെ പത്താം പിറന്നാളിനായിരുന്നു.
ഒരുപാട് കരഞ്ഞു ഞാൻ.
മായി സമ്മതിച്ചില്ല.പോകണമെന്നു നിർബന്ധമായി പറഞ്ഞു.അങ്ങനെ ഒട്ടും ആഗ്രഹിക്കാതെ നഗരത്തിന്റെ തിരക്കുകളിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടു.
ലതികയമ്മ ഒരിക്കലും എന്നെ മകളായി കരുതിയില്ല...ഉപദ്രവിച്ചതുമില്ല.
അന്യരെ പോലെ ആ വലിയ വീട്ടിൽ മൂന്നാത്മാക്കൾ ജീവിച്ചു പോന്നു.ബന്ധങ്ങളുടെ അർത്ഥമില്ലായ്മ എനിക്കു ബോധ്യപ്പെടുത്തിത്തന്നത് ആ ജീവിതമാണ്.
ഞാനെന്നും കാടിനെ സ്വപ്നം കണ്ടു.
കാടിനെ സ്നേഹിച്ചു.കഴിയുമ്പോഴെല്ലാം ഇവിടേക്ക് ഓടിയെത്തി.
സ്വത്വത്തിൽ നിന്ന് പിഴുതെറിയപ്പെട്ട് ജീവിക്കേണ്ടി വരിക എന്നത് ഒരു ശിക്ഷ തന്നെയാണ് ശരൺ.'
കൈക്കുമ്പിൾ നിറയെ ഇലഞ്ഞിപ്പൂക്കളുമായി ജ്വാല നിവർന്നു.
'ആഭിജാത്യം പോര എന്ന തോന്നലുണ്ടെങ്കിൽ നിനക്കെന്നെ ഉപേക്ഷിക്കാം കേട്ടോ'
ഒരു തമാശ പറഞ്ഞതുപോലെ അവൾ പൊട്ടിച്ചിരിച്ചു.
ശരണിന്റെ മുഖം അപ്പോഴും തെളിഞ്ഞിരുന്നില്ല...അവൾ പറഞ്ഞതു ശ്രദ്ധിക്കാതെ തന്നോടു തന്നെയെന്ന പോലെ അവൻ പിറുപിറുത്തു.
'അപ്പോ ആ മിന്നാമിനുങ്ങുകൾ,നാഗശലഭം...'
'വഴിയോരത്തെ ചെടിയിലിരുന്നു മിന്നുന്ന മിന്നാമിനുങ്ങുകളെ ഞാൻ കൈയിലെടുത്തത് ഓർക്കുന്നില്ലേ...
നമ്മുടെ വിയർപ്പ് തൊടുമ്പോൾ അവയിൽ നിന്നൊരു ഗന്ധം പുറപ്പെടും.
അത് മറ്റു മിന്നാമിനുങ്ങുകൾക്കു കിട്ടുമ്പോ അവ ഒരുമിച്ചു പ്രകാശിച്ചു തുടങ്ങും.അതവരുടെ ആശയവിനിമയമാണ് ശരൺ...അത്ഭുതപ്പെടാനൊന്നുമില്ല'
സംശയം മാറാത്ത കണ്ണുകളോടെ അയാൾ അവളെ നോക്കി.
നിഷ്കളങ്കമായി അവളവനെ നോക്കി ചിരിച്ചു.
വീണ്ടുമെന്തോ ചോദിക്കാൻ വന്നതു വേണ്ടെന്നു വെച്ച് ശരൺ നടന്നു തുടങ്ങി.
പിൻതുടർന്ന ജ്വാലയുടെ കണ്ണുകൾ വല്ലാതൊന്നു തിളങ്ങി.ചുണ്ടുകളിലൊരു ഗൂഢസ്മിതം ഒന്നു മിന്നിമാഞ്ഞു.
.............
മായി എന്നു ജ്വാല വിളിക്കുന്ന സ്ത്രീ അധികമൊന്നും സംസാരിച്ചില്ല.സദാസമയവും എന്തോ ജപിക്കുന്നതു പോലെ അവരുടെ ചുണ്ടുകൾ അനങ്ങിക്കൊണ്ടേയിരുന്നു.അവർക്ക് നിവർന്നു നിൽക്കാൻ കഴിയുകയില്ല...നിലത്തേക്കു കുനിഞ്ഞാണ് നടക്കുന്നത്.എന്നാൽ ആ വീട്ടിലെ എല്ലാ ജോലികളും അവർ തന്നെ ചെയ്യും.ഇവരാരായിരിക്കും....ജ്വാലയുടെ അമ്മയുടെ ബന്ധു ആയിരിക്കുമോ?
ജനലഴികളിൽ മുഖം ചേർത്ത് താഴേക്കെത്തി നോക്കി ശരൺ.ആ നിൽപ്പിൽ താഴെ മായി മുറ്റമടിക്കുന്നതു കാണാം.മരങ്ങൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ആകാശക്കീറിന്റെ വെൺമയിലേക്ക് ചെങ്കതിരുകൾ വീണുതുടങ്ങിയിരിക്കുന്നു.കാട്ടിൽ പകലിനു നീളം കുറവായിരിക്കുമോ ...എത്ര പെട്ടെന്നാണ് ഇവിടെ രാത്രി വിരുന്നെത്തുന്നത്.
'എന്താണ്...ഗഹനമായ ചിന്തയിലാണല്ലോ...'
അപ്രതീക്ഷിതമായ ജ്വാലയുടെ ചോദ്യം ഉള്ളിലൊരാന്തലുണ്ടാക്കി.എന്തൊക്കെയോ ദുരൂഹതകൾ അവളെ ചൂഴ്ന്നു നിൽപ്പുണ്ട്.മനസ്സിലാക്കാനാവാത്ത എന്തോ ഒരു രഹസ്യം.
'മായി ആരായിരിക്കും എന്നോർത്തതാ...'
'മായി ആരാണെന്ന് എനിക്കുമറിയില്ല ശരൺ,ഞാനാരാണെന്നു പോലും അവർ പറഞ്ഞ അറിവല്ലേ എനിക്കുള്ളൂ...അവരാണ് എന്നെ വളർത്തിയത്.മായി എന്നു വിളിച്ചു ശീലിപ്പിച്ചതും അവരാണ്.'
അയാൾക്കടുത്തേക്കു വന്ന് അവൾ താഴേക്കെത്തി നോക്കി.
കൃത്യം ആ നിമിഷം ആ വൃദ്ധയുടെ കണ്ണുകൾ ആ ജാലകത്തിലേക്കുയർന്നു.
അവ ജ്വാലയുടെ കണ്ണുകളിൽ തങ്ങി.
മൗനമായ ആ സംഭാഷണം പക്ഷേ ശരണറിഞ്ഞതേയില്ല.
അവന്റെ ശ്രദ്ധ മുറിയിൽ നിറഞ്ഞ ഇലഞ്ഞിപ്പൂമണത്തിലായിരുന്നു.
മെത്തയിൽ നിറയെ ഇലഞ്ഞിപ്പൂക്കൾ വിതറിയിരിക്കുന്നു.
ചന്ദനക്കട്ടിലാണ്.
ആ മുറിയിലെപ്പോഴും നേർത്തൊരു ചന്ദനഗന്ധം തങ്ങിനിന്നിരുന്നു.രണ്ടു ദിവസത്തെ പഴക്കം കൊണ്ട് ആ മണം ശരണിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.
ഇലഞ്ഞിയുടെ മണം പക്ഷേ രൂക്ഷമാണെന്നു തോന്നി.മത്തു പിടിപ്പിക്കുന്ന പോലൊരു മണം.
അത്ഭുതത്തോടെ അയാൾ അവളെ നോക്കി.
'ഇതെന്താ...? '
'നമ്മുടെ മണിയറ...'
ജ്വാലയുടെ കണ്ണിൽ ഒരു കുസൃതിച്ചിരി തെളിഞ്ഞു.
അയാളുടെ രണ്ടു തോളിലും പിടിച്ച് അൽപം ബലമായി തന്നെ അവളയാളെ മെത്തയിലേക്കിരുത്തി.എന്തൊക്കെയോ ചോദ്യങ്ങൾ അയാളിലപ്പോഴും ബാക്കി നിൽക്കുന്നു എന്ന തിരിച്ചറിവിനെ മനം മയക്കുന്നൊരു ചിരി കൊണ്ടവൾ മായ്ച്ചു കളഞ്ഞു.
'പക്ഷേ......'
എന്തോ പറയാനാഞ്ഞ ശരണിന്റെ ചുണ്ടിലേക്കവൾ ചൂണ്ടുവിരൽ ചേർത്തു.ജാലകപ്പാളിയിലൂടെ ചന്ദ്രബിംബം ആ മുറിയിലേക്കെത്തി നോക്കിക്കൊണ്ടിരുന്നു.ഇടതു കൈത്തലം വിടർത്തി ചന്ദ്രബിംബത്തിനു നേരെ ഒരു മറയാക്കിനിർത്തി ജ്വാല ശരണിലേക്കു ചാഞ്ഞു...
ആ കൈത്തലം മറച്ച ചന്ദ്രബിംബത്തിലപ്പോൾ പരസ്പരം പിണഞ്ഞുകിടക്കുന്ന രണ്ടിണനാഗങ്ങളുടെ നിഴൽ പതിയെ പതിയെ കറുപ്പുനിറത്തിൽ തെളിഞ്ഞു വന്നു.
(തുടരും)
എഴുതിയത് - ദിവിജ, നല്ലെഴുത്ത് 
Next part - Tomorrow same time in Nallezhuth

നാഗശലഭം - Part 3

Image may contain: Divija, smiling

ഏറെ ദൂരെയല്ലാതെ പടിപ്പുര കാണാമായിരുന്നു.
കൽപ്പടവുകളാണ്.പലതും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.പടിപ്പുരയ്ക്കു മുകളിലുള്ള മരങ്ങൾ വരെയേ മിന്നാമിനുങ്ങുകളുണ്ടായിരുന്നുള്ളു.
വീട് ഇരുളിലാഴ്ന്നു കിടന്നിരുന്നു.ജ്വാല കമ്പ്യൂട്ടറിൽ കാണിച്ചിരുന്നെങ്കിലും നേർക്കാഴ്ച്ചയിൽ ആ വീട് താമസയോഗ്യമായി തോന്നുന്നുണ്ടായിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഒരു വലിയ കെട്ടിടം എന്നേ ശരണിനു തോന്നിയുള്ളു...ശലഭം ഇരുളിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു.
ആ വീട്ടിലേക്കു തന്നെ ശ്രദ്ധ പതിപ്പിച്ച് അശ്രദ്ധമായി പടവിലേക്കു കാലൂന്നിയതും രക്തം മരവിച്ചുപോകുംപോലെ ഭയാനകമായൊരു സീൽക്കാര ശബ്ദം അവിടെ മുഴങ്ങി.
ഒറ്റക്കുതിപ്പിന് ജ്വാല അയാളെ പുറകിലേക്കു വലിച്ചു മാറ്റി.
ആ കാഴ്ച്ച അയാളുടെ ശരീരമാകെ ഒരു വിറയലുണ്ടാക്കി.
ബോധമറ്റു വീണു പോകുമോ എന്ന പേടിയിൽ അയാളവളുടെ തോളിൽ മുറുകെ പിടിച്ചു.
ആദ്യപടവിൽ അയാൾക്കൊപ്പം ഉയരത്തിൽ ഫണം വിടർത്തി നിൽക്കുകയാണ് ഒരു കരിമൂർഖൻ.
പതിയെ അയാളുടെ കൈ പിടിച്ചു മാറ്റി ജ്വാല മുന്നോട്ടു നീങ്ങി.
തടയാൻ വേണ്ടി പോലും ഒന്നനങ്ങാൻ അയാൾക്കു കഴിഞ്ഞില്ല.
അവൾ ആ നാഗത്തിനു മുന്നിൽ മുട്ടു കുത്തി...അതു പതിയെ ഫണമൊതുക്കി അവൾക്കൊപ്പം ഉയരത്തിലേക്കൊതുങ്ങി.
ജ്വാല ആ പടവിലിരുന്ന് വാത്സല്യത്തോടെ അതിനു നേരെ കൈനീട്ടി...
ശൗര്യം വെടിഞ്ഞ നാഗം ഒരു കുഞ്ഞിനെ പോലെ ആ കൈത്തലത്തിലേക്കു തല ചായ്ച്ചു.തികഞ്ഞ മാതൃഭാവത്തോടെ മറുകൈ കൊണ്ട് അവളതിനെ തലോടിക്കൊണ്ടിരുന്നു.
ആ കാഴ്ച്ച വിശ്വസിക്കാനാവാതെ ശ്വാസം പോലും നിലച്ച് നിശ്ചലനായി ശരൺ നിന്നു.ഏതാനും നിമിഷങ്ങൾക്കു ശേഷം പതിയെ ആ നാഗം തലയുയർത്തി...
അവളെ വണങ്ങും പോലെ ഒന്നു കൂടി തല മണ്ണിൽ തൊട്ടിട്ട് പതിയെ അതു കാടിനു നേർക്കിഴഞ്ഞു. സർപ്പം കണ്ണിൽ നിന്നു മറയുവോളം അവളതിനെ നോക്കി നിന്നു.പിന്നെ ശരണിനെ തിരിഞ്ഞു നോക്കി മൃദുവായൊന്നു ചിരിച്ചു.
'വന്നോളൂ ...പേടിക്കേണ്ട'
തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുന്ന ജ്വാലയെ ഒരു പാവയെ പോലെ അയാൾ പിൻതുടർന്നു.
താൻ ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കപ്പോൾ തീർച്ചയുണ്ടായിരുന്നില്ല.
ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും ഇരുട്ടിനു കട്ടി കൂടിക്കൊണ്ടിരുന്നു.
മുന്നിലുള്ള കെട്ടിടം ഒരു പ്രേതഭവനം പോലെ തോന്നിച്ചു.ചുറ്റും മുടിയഴിച്ചിട്ടു നിൽക്കുന്ന യക്ഷികളെ പോലെ ഒരാൾ പിടിച്ചാലടങ്ങാത്ത വൻമരങ്ങൾ.
ഉമ്മറപ്പടിയിലേക്കവൾ കാലെടുത്തു വെച്ചതും വല്ലാത്തൊരു ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടു.
ഒരു മുട്ടവിളക്ക് കൈയിൽ പിടിച്ച് ആകെ മൂടിപ്പുതച്ചൊരു രൂപം വാതിൽക്കലേക്കു വന്നു.ആ നേർത്ത വെളിച്ചം ഉമ്മറച്ചുവരിൽ അവരുടെ ഭയാനകമായൊരു നിഴൽചിത്രം വരച്ചു.
ഒരാർത്തനാദം പുറത്തേക്കു വരാൻ ഭയന്ന് ശരണിന്റെ തൊണ്ടക്കുഴിയിൽ തങ്ങിനിന്നു.
'മായീ...'
സന്തോഷം തിരയടിക്കുന്ന ശബ്ദത്തിൽ ജ്വാല വിളിച്ചു.
'സുഖമോ മോളേ...?'
വിറയാർന്നൊരു വൃദ്ധ സ്വരം.ശരൺ പതിയെ ശ്വാസം വീണ്ടെടുത്തു.സ്ഥലകാലബോധം നഷ്ടപ്പെട്ടൊരാളെ പോലെ അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അവർ വിളക്ക് അയാൾക്കു നേരെ ഉയർത്തിപ്പിടിച്ചു.
'വന്നോളൂ കുട്ടീ,ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു'
മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന പോലെ ശരൺ മുന്നോട്ടു നീങ്ങി .
ജ്വാല സ്വതസിദ്ധമായ ചിരിയോടെ അതു നോക്കിനിന്നു.അവൻ ഉമ്മറപ്പടി കടന്നതിനു ശേഷമേ അവൾ അവിടെ നിന്നനങ്ങിയുള്ളൂ.
പടി കടന്ന് വാതിലടച്ചു തിരിഞ്ഞു നോക്കുമ്പോൾ മായി നീട്ടിയ മൊന്തയിലെ വെള്ളം മുഴുവൻ ഒറ്റ വീർപ്പിനു കുടിച്ചു തീർക്കുകയായിരുന്നു ശരൺ.
അയാൾക്ക് അസഹ്യമായ തണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു.ശരീരത്തിന്റെ വിറയൽ ഇനിയുമടങ്ങിയിട്ടില്ല.അവസാനതുള്ളി വെള്ളവും ചുണ്ടിലേക്കിറ്റിയതും മൊന്ത അയാളുടെ കൈയിൽ നിന്നും താഴേക്കു വീണു...
നിശ്ശബ്ദമായ ആ വീടിന്റെ ഇടനാഴികളിൽ ആ ശബ്ദം പതിൻമടങ്ങായി പ്രതിദ്ധ്വനിച്ചു.നിലത്തു വീണിട്ടും ഏതാനും നിമിഷങ്ങൾ ഒരു ചിലമ്പലോടെ അതു വട്ടം കറങ്ങിക്കൊണ്ടിരുന്നു.
ആ ചലനം നിലയ്ക്കുന്നതിനു മുൻപു തന്നെ തൊട്ടു പിന്നിൽ നിന്ന ജ്വാലയുടെ കൈകളിലേക്ക് അയാൾ കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു.
അയാളുടെ ദേഹത്തെ ചൂടേറ്റ് ജ്വാലയ്ക്കു പൊള്ളുന്നുണ്ടെന്നു തോന്നി.
നിലത്തു വിരിച്ച പുൽപ്പായയിലേക്ക് അയാളെ ചായ്ച്ചു കിടത്തിയിട്ട് അവൾ മായിയെ നോക്കി .
വൃദ്ധ പതിയെ അയാൾക്കരികിലെത്തി നെറ്റിയിൽ തൊട്ടുനോക്കി.പിന്നെ കൈത്തലം നെറ്റിയിലമർത്തി കണ്ണുകളടച്ചു.
അവരുടെ ചുണ്ടുകൾ അവ്യക്തമായ ഏതോ മന്ത്രോച്ചാരണത്തിൽ മുഴുകി...ചെറുതായി ഞരങ്ങിക്കൊണ്ട് ശരൺ കണ്ണുകൾ വലിച്ചു തുറന്നു.
'മുറിയിൽ പോയി വിശ്രമിച്ചോളൂ'
പറഞ്ഞിട്ട് അവർ തിരിഞ്ഞുനടന്നു.ജ്വാലയുടെ കൈകളിൽ താങ്ങി അയാൾ മുറിയിലേക്കെത്തി.തങ്ങൾക്കായി ഒരുക്കിയിട്ടിരിക്കുന്ന കട്ടിലിലേക്കു ചാഞ്ഞതും അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.
ആ മുറിക്ക് ചന്ദനത്തിന്റെ മണമായിരുന്നുവെന്ന് പാതിബോധത്തിലും അയാൾ തിരിച്ചറിഞ്ഞു.
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

നാഗശലഭം - Part 2

Image may contain: Divija, smiling
വലിഞ്ഞുമുറുകിനിന്ന ഞരമ്പുകൾ അയഞ്ഞു തുടങ്ങിയത് അനുഭവിച്ചു കൊണ്ടായിരുന്നു പിന്നത്തെ യാത്ര.
എ.സി നിർബന്ധമായി നിർത്തിച്ച് ജ്വാല ഗ്ളാസുകൾ മുഴുവനായി താഴ്ത്തി വെച്ചു.എ.സി യെ തോൽപ്പിക്കുന്ന തണുപ്പുമായി രാത്രി കാറിനുള്ളിൽ നിറഞ്ഞു.
കാടിന്റെ ഗന്ധം ആദ്യമായി അനുഭവിക്കുകയായിരുന്നു ശരൺ...
രാത്രി അതിന്റെ വന്യമായ സൗന്ദര്യത്തോടെ അയാൾക്കു ചുറ്റും നിറഞ്ഞു നിന്നു.
ഹൃദിസ്ഥമെന്നു തോന്നും വിധം ആലോചനാലേശമന്യേ ജ്വാല വഴി പറഞ്ഞു കൊടുത്തു കൊണ്ടേയിരുന്നു.
ഇരുട്ട് കട്ട പിടിക്കുകയാണ്.
ഇലക്കൈകളുയർത്തി നിന്ന ഭീമാകാരൻമാരായ മരങ്ങൾ നിശ്ശബ്ദമായാർത്തട്ടഹസിക്കുന്ന രാക്ഷസൻമാരെ ഓർമ്മിപ്പിച്ചു.

ചെറിയൊരു കല്ലിലേക്ക് ടയറൊന്നു കയറിയിറങ്ങി...ക്ടിൻ...എന്നൊരു ശബ്ദത്തോടെ വണ്ടി നിശ്ചലമായി.
ഭയം തണുത്ത കാറ്റിലൂടെ തന്നെ വലയം ചെയ്യുന്നത് വീണ്ടും ശരണറിഞ്ഞു .
പലവട്ടം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിട്ടും അനുസരിക്കാൻ കൂട്ടാക്കാതെ വണ്ടി പിണങ്ങി മുഖം തിരിച്ചു തന്നെ നിന്നു.

നിസ്സഹായനായി ശരൺ ജ്വാലയെ നോക്കി.
ഒരു ചെറുമന്ദഹാസത്തോടെ അലസമായി സീറ്റിലേക്കു ചാഞ്ഞു കിടന്ന് അവനെ നോക്കുകയായിരുന്നു അവൾ.

'എന്തു ചെയ്യും?'
'ഇനി കുറച്ചു ദൂരമേയുള്ളൂ ...നമുക്കു നടക്കാം'
'ഈ രാത്രിയിൽ കാട്ടിലൂടെ നടക്കാനോ ...'
'ഭാഗ്യമുണ്ടെങ്കിൽ കാട്ടാനയെയോ പുള്ളിപ്പുലിയെയോ ചിലപ്പോഴൊരു സിംഹത്തെ തന്നെയോ കാണാൻ കഴിഞ്ഞേക്കും'
അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
കളി പറയുകയാണോ എന്ന സംശയത്തോടെ അവളെ നോക്കി ശരൺ.

'ഇതിനെയൊന്നും ഭയക്കേണ്ടതില്ല,ശരൺ.
ഇത്തരം വലിയ മൃഗങ്ങൾ സമീപത്തുണ്ടെങ്കിൽ കാട് നമുക്കു മുന്നറിയിപ്പു തരും.
ചിറകടിച്ചുയരുന്ന പക്ഷിക്കൂട്ടങ്ങൾ...ചെറുമൃഗങ്ങളുടെ ആവർത്തിക്കപ്പെടുന്ന കരച്ചിലുകൾ...
വലിയ കാൽപ്പാദങ്ങൾ പുല്ലിലമരുന്ന ശബ്ദം...മൃഗങ്ങൾക്കു പ്രത്യേകമായുള്ള ചൂര്...കാടിന്റെ മുന്നറിയിപ്പുകളാണവ...
ഞാൻ പറഞ്ഞില്ലേ ശരൺ, പഞ്ചേന്ദ്രിയങ്ങളും തുറന്നു വെച്ചാൽ മാത്രമേ കാടിന്റെ ഭാഷ മനസ്സിലാവുകയുള്ളു'.

'നിനക്കെങ്ങനെയാണ് ഇതൊക്കെയറിയുക...നീയിവിടെ വന്നിട്ടുണ്ടോ?'
ഉദ്വേഗം മറയ്ക്കാൻ ശ്രമിച്ചു കൊണ്ടായിരുന്നു ശരണിന്റെ ചോദ്യം.ഉടമസ്ഥഭാവത്തിന്റെ അധികാരം പക്ഷേ അവന്റെ സ്വരത്തിൽ മുഴച്ചു നിന്നു.
ജ്വാലയുടെ കണ്ണിലെ ചിരി മാഞ്ഞു.
തീക്ഷ്ണമായൊരു ഭാവത്തോടെ അവൾ ശരണിനെ നോക്കി.
നാവു താഴ്ന്നു പോകുന്നുവെന്നു തോന്നി ശരണിന്.യുഗങ്ങൾ പോലെ കടന്നുപോയ 
ഏതാനും നിമിഷങ്ങൾ ...

ജ്വാല പതിയെ പൂർവ്വഭാവം വീണ്ടെടുത്തു.കണ്ണിലെ തീയണഞ്ഞു .ശാന്തമായൊരു ചിരിയിൽ മുഖം ശോഭിതമായി.
'തിരക്കു വേണ്ട ശരൺ...ഈ യാത്ര ഉത്തരങ്ങളിലേക്കാണ്.നമുക്ക് ഇറങ്ങി നടക്കാം.'
മനസ്സില്ലാമനസ്സോടെ ശരൺ പുറത്തേക്കിറങ്ങി.
ഇരുട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ ചുറ്റിലും.

അരൂപികളായ ശക്തികളെ ഓർമ്മിപ്പിച്ചുകൊണ്ട് മരങ്ങളുടെ നിഴലുകൾ പോലും നിശ്ശബ്ദനൃത്തം തുടരുന്നു.
അകാരണമായൊരു ഭീതി ശരണിന്റെ കാലുകളിൽ ഒരു വിലങ്ങിട്ടു.ഒരടി പോലും നീങ്ങാനാവാതെ വിയർത്തു കുളിച്ച് അയാൾ കാറിൽ ചാരി നിന്നു.
ജ്വാല നടന്നുതുടങ്ങിയിരുന്നു.

'വരൂ...തനിച്ചുനിൽക്കുന്നത് ഒട്ടും സുരക്ഷിതമല്ല'
അവളുടെ സ്വരം ഒരുപാടകലെ നിന്നാണ് കേട്ടതെന്ന് ശരണിനു തോന്നി. കത്തിനിന്നിരുന്ന ഹെഡ്ലൈറ്റ് ഒന്നു മങ്ങി.അടുത്ത നിമിഷം ആരോ ഊതിയണച്ചാലെന്ന പോലെ അതണഞ്ഞു.
ബോധം മറഞ്ഞു പോകുമെന്ന തോന്നലിൽ കരയുംപോലെ ശരൺ വിളിച്ചു

'ജ്വാല...'
അകലെയെങ്ങോ ഒരാനയുടെ ചിന്നംവിളിയുയർന്നു.
ഒരു വിറയൽ കാൽപ്പാദങ്ങളിൽ നിന്നാരംഭിച്ച് ശരീരത്തിന്റെ ഓരോ അണുവിനെയും മരവിപ്പിച്ചുകൊണ്ടുയർന്നു വരുന്നത് ശരണനുഭവിച്ചു.
മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി.
ഒരുവട്ടം കൂടി ഇരുട്ടിലേക്കു നോക്കി കരച്ചിലിനും ഞരക്കത്തിനുമിടയിലുള്ള ദയനീയമായ സ്വരമായി അവൻ വിളിച്ചു

'ജ്വാല...'
കൈകളിൽ ചൂടുള്ളൊരു കരസ്പർശം.
ശരൺ നടുങ്ങിവിറച്ചു.

മുഖത്തിനു നേരെ മുന്നിൽ 
ഒരു കൈത്തലമവൾ തുറന്നുപിടിച്ചു...
മൂന്നോ നാലോ മിന്നാമിനുങ്ങുകൾ ആ കരതലത്തിലിരുന്നു തിളങ്ങി...

അവയുടെ പ്രകാശത്തിൽ ജ്വാലയുടെ മുഖം ഒരു ദേവതയുടേതെന്നു തോന്നിച്ചു...
ശാന്തമായൊരു ചിരിയോടെ അവൾ കൈയിലേക്കു പതിയെയൊന്നൂതി ...ഒന്നിനു പിറകെയൊന്നായി അവ ആകാശത്തേക്കു പറന്നുയർന്നു.
അടുത്ത നിമിഷം പാതയോരത്തെ ഓരോ വൃക്ഷത്തലപ്പുകളിലും ഒരായിരം മിന്നാമിന്നികൾ ഒരുമിച്ചു പ്രകാശിച്ചു തുടങ്ങി.

വഴി വ്യക്തമായി .മിന്നാമിനുങ്ങുകളൊരുക്കിയ പ്രകാശധാരയിലൂടെ ജ്വാല മുന്നോട്ടു നീങ്ങി ...അവളുടെ വലതുകൈ അപ്പോഴും ശരണിന്റെ ഇടംകൈയിൽ മുറുകെ പിടിച്ചിരുന്നു.
ഒരു സ്വപ്നാടകനെ പോലെ അവനവളെ പിന്തുടർന്നു...

അപ്പോഴവന് ഒട്ടും ഭയം തോന്നുന്നുണ്ടായിരുന്നില്ല.
ഏതാപത്തിൽ നിന്നും തന്നെ രക്ഷിക്കാൻ അവൾക്കു കഴിയുമെന്ന് ആ നിമിഷം ശരൺ തിരിച്ചറിഞ്ഞു.
വല്ലാത്തൊരു ധൈര്യത്തോടെ അവനാ കാഴ്ചയിലേക്കു മനസ്സു തുറന്നു വെച്ചു...വൃക്ഷത്തലപ്പുകൾ വർണ്ണവിളക്കുകൾ പോലെ കത്തി നിൽക്കുന്നു...അത്രയും നേരം രോമകൂപങ്ങളിലൂടെയാഴ്ന്നിറങ്ങി നോവിച്ചു കൊണ്ടിരുന്ന തണുപ്പ് ഇപ്പോൾ തീരെയും അനുഭവപ്പെടുന്നില്ല.

അകലെയെങ്ങോ ആനയുടെ ചിന്നംവിളി ഇടവേളകൾക്കിടയിൽ മുഴങ്ങിക്കൊണ്ടിരുന്നു.പേരറിയാത്ത അസംഖ്യം ചെറുജീവികൾ കാതുകൾക്കരികിൽ എന്നു തോന്നും വിധം ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ശരണിന്റെ കണ്ണുകൾ ആ കാഴ്ച്ചയിലുടക്കിയത്.

അസാധാരണവലിപ്പമുള്ളൊരു ചിത്രശലഭം തങ്ങൾക്കൽപ്പം മുന്നിലായി പറക്കുന്നുണ്ട്.മിന്നാമിന്നികളുടെ പ്രകാശത്തിൽ വ്യക്തമായി തന്നെ അതിനെ അവനു കാണാമായിരുന്നു...ചുവപ്പും മഞ്ഞയും കറുപ്പുമിടകലർന്ന തിളങ്ങുന്ന ചിറകുകൾ.അവയുടെ അഗ്രഭാഗം ഫണം വിടർത്തി നിൽക്കുന്ന സർപ്പത്തെ പോലെ...സുന്ദരമെങ്കിലും ഭീതിജനകമായിരുന്നു ആ ശലഭത്തിന്റെ കാഴ്ച്ച.
ശരൺ പതിയെ ജ്വാലയ്ക്കരികിലേക്കു നീങ്ങി.
'ആ ശലഭം...'
'അതാണ് നാഗശലഭം...ഈ യാത്രയിൽ നമ്മുടെ വഴികാട്ടിയാണവൾ.'
'നാഗശലഭം...'
ശരൺ സ്വയം മന്ത്രിച്ചു.
'അതെ ,നാഗശലഭം...അവരുടെ റാണിയാണിവൾ.അൽപ്പായുസ്സായൊടുങ്ങുന്ന അനുയായികളുടെ ദീർഘായുസ്സുള്ള രാഞ്ജി...ഇത് അവളുടെ സാമ്രാജ്യമാണ്.നമ്മൾ അവളുടെ അതിഥികളും'
ഒന്നും മനസ്സിലാവാതെ നിന്ന ശരണിനെ നോക്കി വീണ്ടും ജ്വാല പുഞ്ചിരിച്ചു.ഇത്തവണ പക്ഷേ ആ ചിരിയിൽ നിറഞ്ഞുനിന്നത് വാത്സല്യമായിരുന്നു.നിഷ്കളങ്കനായ ഒരു കുഞ്ഞിനോടെന്ന പോലത്തെ വാത്സല്യം.
അവർക്കു മുന്നിലപ്പോഴും ഒരു നിശ്ചിതദൂരത്തിൽ അവളുണ്ടായിരുന്നു...സർപ്പമുഖം കൊത്തിയ ചിറകുകളുള്ളവൾ...
നാഗശലഭറാണി...
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

നാഗശലഭം - Part 1

Image may contain: Divija, smiling

ഇന്നു ഞാൻ വല്ലാതെ ഡിസ്റ്റേർബ്ഡ് ആയിരുന്നു ശരൺ'
'ഉം...?'
'ആ പ്രാവ് ...പരീക്ഷാഹാളിലെ നിശ്ശബ്ദതയിൽ പലവട്ടം അത് തലയ്ക്കു മുകളിലൂടെ പറന്നു...അസ്വസ്ഥതപ്പെടുത്തിക്കൊണ്ട്.
പിൻ വീണാൽ കേൾക്കുന്ന നിശ്ശബ്ദതയിൽ അതിനെന്തു മുഴക്കമായിരുന്നു.ഇപ്പോഴും കാതുകളിലതു മുഴങ്ങുന്നതു പോലെ'
രണ്ടു കൈ കൊണ്ടും കാതു പൊത്തിപ്പിടിച്ച് ജ്വാല ശരണിനെ നോക്കി.
'നീയെന്താ ശരൺ ഒന്നും പറയാത്തത്?'
'എന്താ പറയേണ്ടത് ...ഈ യാത്ര തന്നെ വേണ്ടായിരുന്നെന്നാ എന്റെ തോന്നൽ.കാട്ടിനുള്ളിൽ ഒരു പഴയ കെട്ടിടം...അവിടെന്തു കാണാനാ.രാത്രി തന്നെ വരണമെന്നും നിനക്കായിരുന്നില്ലേ നിർബന്ധം.'
അസ്വസ്ഥനാണെന്നു വ്യക്തമാക്കും വിധമെങ്കിലും ദുർബലമായിരുന്നു അവന്റെ സ്വരം.ജ്വാലയിൽ നേർത്തൊരു ചിരി തിളങ്ങി
'ഈ യാത്ര വെറുതെയല്ല ശരൺ ...ഹാളിലെ ചെറിയ എയർഹോളിലിരുന്ന് പരീക്ഷ കഴിയുവോളം ചോരക്കണ്ണുകളെന്നിൽ തറച്ച് ഭയമുളവാക്കും വിധം മൂളിക്കൊണ്ടിരുന്ന ആ പ്രാവ് .
അതിന്റെ കൊക്കിലെ തിളങ്ങുന്ന വെള്ളിവളയം .
ഓരോ കഴുത്തനക്കത്തിലും അതിന്റെ കഴുത്തിലെ പച്ചയും നീലയും നിറങ്ങളിടകലർന്ന
തൂവലുകൾ വെയിൽ തട്ടിത്തിളങ്ങി.
അതിന്റെ ചിറകടി ശബ്ദം ഇപ്പോഴുമുണ്ട് കാതിൽ'
ജ്വാലയുടെ സ്വരത്തിന്റെ ആഴം കൂടി
'ഒക്കെത്തിനും കാരണങ്ങളുണ്ട് ശരൺ.നാമറിയാത്ത ,നമുക്കറിയാനാവാത്ത കാരണങ്ങൾ'
ശരണിന്റെ മുഖം വലിഞ്ഞു മുറുകി.അവളെ നോക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ഡ്രൈവിങ്ങിലേക്കു ശ്രദ്ധ തിരിച്ചു.
ഇടം കൈ നീട്ടി സ്റ്റീരിയോ ഓൺ ചെയ്തു...ബാലഭാസ്ക്കറിന്റെ വയലിൻ പതിഞ്ഞ ഈണത്തിലൊരു പ്രണയഗാനം മൂളിത്തുടങ്ങി.
ജ്വാല ... വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്ന തേയുള്ളൂ.വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് തേടിനടന്നു കണ്ടെത്തിയതാണവളെ.മിടുക്കിയാണ്.സുന്ദരിയും
.പക്ഷേ എന്തൊക്കെയോ ചില പ്രത്യേകതകൾ അവൾക്കുണ്ടെന്നു തോന്നും ചിലപ്പോൾ.
ആയില്യമാണ് അവളുടെ നാള്.
അത് കേട്ടപ്പോൾ അന്നു മുത്തശ്ശിയുടെ മുഖം വല്ലാതെ മങ്ങി.
പത്തിൽ പത്തു പൊരുത്തവുമുണ്ടെന്ന് അമ്മ ആവർത്തിച്ചപ്പോഴും തെളിച്ചം വന്നില്ല...
'നിഗൂഢതകളുള്ള നാളാണത്...സർപ്പങ്ങളുടെ നാള്.ചില പ്രത്യേകനാഴികകളിൽ ജനിക്കുന്ന പെണ്ണിന് സർപ്പസാന്നിധ്യമുണ്ടാവും .
ദാമ്പത്യം അത്ര സുഖമാവില്ല അവർക്ക്...'
ആ വാക്കുകളാരും ശ്രദ്ധിച്ചില്ല.
പ്രായമായവരുടെ അർത്ഥമില്ലാത്ത ജൽപ്പനമായി കണ്ട് ചിരിച്ചു തള്ളി.
മനസ്സിലൊരു കനൽ പറന്നു വീണതറിഞ്ഞിട്ടും താനും കാര്യമാക്കിയില്ല...എല്ലാം കൊണ്ടും ചേരുന്ന ബന്ധമായിരുന്നു ജ്വാലയുടേത്.
പക്ഷേ അവളുടെ കണ്ണുകളിലൊരു തീക്കനൽ തിളങ്ങുന്നുണ്ടെന്നു പലപ്പോഴും തോന്നും.ചിരിയിൽ ഒരു നിഗൂഢഭാവമുള്ളതു പോലെ...തോന്നലാണെന്നു സമാധാനിക്കാൻ ശ്രമിക്കും...ഭാര്യയെ കുറിച്ച് ഇങ്ങനൊരു സംശയം ആരോടെങ്കിലും പറയാനാവുമോ?
ഭാര്യ ... ആ രീതിയിൽ അവളെ ഒന്നു നോക്കാൻ കൂടി കഴിഞ്ഞിട്ടില്ല ഇതുവരെ.അവളടുത്തുണ്ടാവുമ്പോൾ മനസ്സിൽ എന്തിനെന്നറിയാത്ത ഒരു ഭയമാണ് തോന്നുക...അത് മനസ്സിലാക്കുന്ന പോലെ ഒരു ചിരി , ഞാനുറങ്ങുന്നതു വരെ അതവളുടെ ചുണ്ടിലുണ്ടാവും.
എന്നാൽ പകൽ യാതൊരു ഭാവവിത്യാസവുമില്ലാതെ വായടക്കാതെ സംസാരിച്ച് കൂടെ നടക്കുകയും ചെയ്യും.
സ്കൂൾ വിശേഷങ്ങളാണ് കൂടുതലും...പഠിപ്പിക്കുന്ന കുട്ടികളെ കുറിച്ച്...ക്ളാസ് നടക്കുമ്പോൾ കയറിവന്ന അരണയെ കുറിച്ച്...ഓടിനുള്ളിൽ കണ്ടെത്തിയ കടന്നൽക്കൂട് കുട്ടികളും മാഷമ്മാരും ചേർന്ന് കത്തിച്ചതിനെ കുറിച്ച്...
അസ്വസ്ഥത മറച്ചു വെച്ച് ഒക്കെ മൂളിക്കേൾക്കും.
ഇന്നത്തെ വിഷയമാണ് ഈ പ്രാവ്.
ഹണിമൂൺ പോകാനായി കുറേ സ്ഥലങ്ങൾ കല്യാണത്തിനു മുന്നേ കണ്ടു വെച്ചിരുന്നു.അവളോടതൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞയാഴ്ച്ച അമ്മയാണ് ചോദിച്ചത് ...നിങ്ങളെവിടെയും പോകുന്നില്ലേ മോനെഎന്ന്.
അവളൊന്നും പറഞ്ഞില്ല.പക്ഷെ അവളുടെ കണ്ണുകളൊന്നു തിളങ്ങിയത് വ്യക്തമായും ഞാൻ കണ്ടതാണ്...
അതുണ്ടാക്കിയ ഉൾക്കിടിലം അമ്മ കാണാതിരിക്കാൻ പെട്ടെന്നു മുറിയിലേക്ക് നടന്നു...പോകാമമ്മേ സമയമുണ്ടല്ലോ എന്നു തിരിഞ്ഞു നോക്കാതെ പറഞ്ഞൊപ്പിച്ചു.
രാത്രി മുറിയിൽ ചെല്ലുമ്പോൾ അവൾ കമ്പ്യൂട്ടറിൽ ഒരു പഴയ വീടിന്റെ ചിത്രം നോക്കിയിരിക്കുകയാണ്.
ഒട്ടും ശബ്ദമില്ലാതെയാണ് ഞാനാ മുറിയിലേക്ക് കയറിച്ചെന്നത്.എന്നിട്ടും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ പറഞ്ഞു.
'നമുക്ക് ഇവിടെ പോകാം...അടുത്ത ആഴ്ച്ച'
'ഏതാ ഈ സ്ഥലം ?'
'ഇവിടെ അടുത്താണ്.ഒരു ആറു മണിക്കൂർ ഡ്രൈവ്.നമുക്ക് അടുത്ത വെള്ളിയാഴ്ച്ച പോകാം.വൈകിട്ട്...ഞാൻ നാലുമണിക്ക് സ്കൂളിൽ നിന്നെത്തും.ശരൺ ഒരിത്തിരി നേരത്തെ ഓഫീസിൽ നിന്നിറങ്ങണം.'
മുറിയിൽ നിന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ അവൾ വീണ്ടും തിരിഞ്ഞു നോക്കി...
'രണ്ടാഴ്ച്ചത്തേക്ക് ലീവ് എടുത്തോളൂട്ടോ...നമ്മൾ രണ്ടാഴ്ച്ച ആ വീട്ടിലാണ് താമസിക്കുന്നത്.നമ്മൾ മാത്രം'
അരുതെന്നു മനസ്സു പറഞ്ഞിട്ടും അറിയാതെ അവളെ നോക്കിപ്പോയി.
തിളങ്ങുന്ന കണ്ണുകൾ...കൊല്ലുന്ന ചിരി.
അവൾ പോയിക്കഴിഞ്ഞിട്ടും കുറേ നേരത്തേക്ക് ആ നോട്ടവും ചിരിയും അവിടെത്തന്നെയുണ്ടെന്നു തോന്നി.
എല്ലാം അവളുടെ തീരുമാനം.എതിർക്കാൻ പോയിട്ട് അവൾക്കു നേരെ നോക്കാൻ പോലും കഴിയുന്നില്ല.
വല്ലാത്ത അപകർഷതയോടെ ശരൺ കൈ ചുരുട്ടി സ്റ്റിയറിങ്ങ് വീലിൽ ശക്തമായൊന്നമർത്തി.
രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഉറക്കെ ഹോൺ മുഴങ്ങി.
നിശ്ശബ്ദമായൊരു ചിരിയിൽ ജ്വാലയുടെ കണ്ണുകൾ തിളങ്ങി.കൈ നീട്ടി അവൾ ശരണിന്റെ കൈക്കു മേൽ വെച്ചു...തണുപ്പ്...ശരൺ ഒന്നു കിടുങ്ങി.
'വിഷമിക്കാതിരിക്കൂ ശരൺ...എല്ലാം ശരിയാവും.ഈ യാത്ര ഉത്തരങ്ങൾ തേടിയാണ്'
അതേ ചിരി ... എല്ലാമറിയുന്നൊരാളിന്റെ , മനസ്സു വായിക്കുന്ന ചിരി.
പെട്ടെന്ന് ജ്വാലയുടെ കണ്ണുകളൊന്നു കുറുകി.നാസിക നന്നായി വിടർന്നു.മുഖത്തെ ചിരി മാഞ്ഞു...ശക്തിയായി ശ്വാസമെടുത്തുകൊണ്ട് അവൾ ശരണിനെ നോക്കി
'നീ പെരുമ്പാമ്പിനെ കണ്ടിട്ടുണ്ടോ?'
അവളിൽ പെട്ടെന്നുണ്ടായ ഭാവമാറ്റം അമ്പരപ്പോടെ നോക്കുകയായിരുന്നു ശരൺ.
അതേ ഭാവത്തിലായിരുന്നു മറുപടിയും.
'ഉണ്ട്'
'എവിടെ?'
'മൃഗശാലയിൽ'
'ഹ...ഹ ...ഇതാണ് പ്രശ്നം...മൃഗങ്ങളെ കാട്ടിൽ ചെന്നു കാണണം ശരൺ.
കാടറിയാൻ പഠിക്കണം.
കണ്ണും കാതും മാത്രമല്ല പഞ്ചേന്ദ്രിയങ്ങളും തുറക്കണം.
കാടിന്റെ ഗന്ധമറിയാൻ കഴിയണം...
കാടിന്റെ പാട്ടു കേൾക്കണം.
കാടിനെ മനസ്സു കൊണ്ടു തൊട്ടറിയണം.'
അവൾ മറ്റേതോ ലോകത്താണെന്നു തോന്നി.ശരൺ ചെറുതായി ഒന്നു മുരടനക്കി.
'വണ്ടി നിർത്ത് ശരൺ,ഹെഡ്ലൈറ്റ് ഡിമ്മിൽ ഇട്ടിട്ട് പുറത്തേക്കിറങ്ങ് '
'എന്തിന് ജ്വാല ? '
'പറയുന്നതനുസരിക്ക് ശരൺ'
അവൾ ഡോർ തുറന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു.
അരിശത്തോടെയെങ്കിലും ശരൺ അവൾ പറഞ്ഞതനുസരിച്ചു.
കനത്ത ഇരുട്ടാണ് ചുറ്റും...
ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ വാച്ചിലേക്കു നോക്കി.
പത്തുമണി കഴിഞ്ഞിരിക്കുന്നു.
അന്തരീക്ഷത്തിൽ രൂക്ഷമായൊരു ഗന്ധം നിറഞ്ഞുനിന്നിരുന്നു.
തികഞ്ഞ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് എവിടെ നിന്നോ കുത്തിച്ചുടുവാന്റെ കരച്ചിലുയർന്നു...
ജ്വാല ശരണിനടുത്തേക്ക് ഓടിയെത്തി .
'നോക്ക് ശരൺ ... നോക്ക്...'
ഞെട്ടലോടെ ശരൺ ഒരടി പിന്നോട്ടു മാറി.
കൈ നീട്ടിയാൽ തൊടാവുന്ന അകലത്തിൽ...
ഒരു ഭീമൻ പെരുമ്പാമ്പ്...
റോഡിനരികിലെ കാട്ടിൽ നിന്നും അതിഴഞ്ഞ് റോഡിലേക്ക് കയറി...മന്ദമായി ...രാജകീയമായി മുന്നോട്ടു നീങ്ങിത്തുടങ്ങി.
അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ഗന്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരുന്നു.
'അതാണ് പെരുമ്പാമ്പിന്റെ മണം...'
കാതുകൾക്കരികിൽ ജ്വാല മന്ത്രിച്ചു...
ശരണിന് മേലാകെ കുളിര് കോരി.
രോമങ്ങളോരോന്നും എഴുന്നേറ്റു നിന്നു.
ഒരഭയത്തിനെന്ന പോലെ അവൻ ജ്വാലയുടെ കൈകളിൽ മുറുകെ പിടിച്ചു.
ജ്വാല പുഞ്ചിരിച്ചു.
അലസമായിരുന്നു പാമ്പിന്റെ ചലനം.
അടിവയറ്റിലെ തൊലിക്കിടയിൽ അതിന്റെ കാലുകൾ നീങ്ങുന്നത് അത്ഭുതത്തോടെ ശരൺ നോക്കിനിന്നു.പതിയെ റോഡിനു മറുവശത്തുള്ള കാട്ടിലേക്ക് അതിഴഞ്ഞിറങ്ങി.തല കാടിനുള്ളിൽ മറഞ്ഞിട്ടും അതിന്റെ വാൽഭാഗം റോഡിലേക്കെത്തിയിരുന്നില്ല.
പൂർണ്ണമായി ഇഴഞ്ഞിറങ്ങി കാട്ടിലേക്കത് മറഞ്ഞിട്ടും അന്തരീക്ഷത്തിൽ ആ ഗന്ധം നിറഞ്ഞു നിന്നു.
'majestic'
ശരണിന്റെ ചുണ്ടിൽ നിന്നാ വാക്ക് പതിയെ അടർന്നുവീണു.ഏതോ അത്ഭുതം കണ്ടതു പോലെ നിൽക്കുന്ന ശരണിനെ വാൽസല്യത്തോടെ ജ്വാല നോക്കി.
'ഏതു ജീവിയും അതിന്റെ ആവാസവ്യവസ്ഥിതിക്കുള്ളിൽ ആയിരിക്കുമ്പോൾ രാജാവു തന്നെയാണ് ശരൺ.അതിനെ പിടിച്ചു കൊണ്ടുപോയി പല്ലും നഖവും കൊഴിച്ചു കൂട്ടിലിട്ട് വെറുമൊരു കാഴ്ച്ചവസ്തു മാത്രമാക്കിത്തീർക്കുന്നത് എന്നെയും നിന്നെയും പോലെയുള്ള മനുഷ്യരാണ്.'
ഒരു സ്വപ്നത്തിൽ നിന്നുണർന്ന പോലെ ശരൺ അവളെ നോക്കി
'നീ...ആരാണ്'
കാടിന്റെ നിശ്ചലതയെ ഉണർത്തിക്കൊണ്ടവൾ കിലുകിലെ ചിരിച്ചു.
'ഞാൻ ജ്വാല...നമുക്ക് പോകാം...'
(തുടരും) - 
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham

എഴുതിയത് - ദിവിജ, നല്ലെഴുത്ത് 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo