Slider

ഉസ്മാനിക്കയുടെ സമദൂരം.

0
Image may contain: 1 person

റബ്ബിൻ ആലമീനായ തമ്പുരാനേ, പൊറുക്കണേ,
ഇന്നും പത്തെടുത്തേ.
നീയിപ്പോൾ എന്താ പറഞ്ഞത്?
അർബാബിൻ്റെ ചോദ്യത്തിന്
ഇന്നത്തെ കച്ചവടം നല്ലതായിരുന്നതിന് അള്ളാഹുവിനോട് പ്രാർത്ഥിച്ച് നന്ദി പറഞ്ഞതാണെന്ന് ഉസ്മാനിക്ക പറഞ്ഞപ്പോൾ നല്ലവനായ അറബി വിശ്വസിച്ചു. വിശ്വാസം അതല്ലേ എല്ലാം. പക്ഷെ വിശ്വസിക്കുന്നവനേയല്ലേ ചതിയ്ക്കാനാവൂ എന്ന് ഉസ്മാനിക്ക ഉള്ളിൽ പറഞ്ഞത് മറ്റാരും കേട്ടില്ലയെങ്കിലും എല്ലാം കേൾക്കുന്ന ഒരാൾ മുകളിലിരുന്ന് ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു എന്ന് ആരും അറിഞ്ഞില്ല.
ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. എന്നത്തേയും പോലെ ഉസ്മാനിക്ക പത്തു റിയാൽ അടിച്ചു മാറ്റിക്കൊണ്ടിരിയ്ക്കുകയും വൈകിട്ട് കണക്ക് കൊടുക്കുന്നതിന് മുമ്പ് പടച്ചതമ്പുരാനോട് ഏറ്റുപറയുകയും ചെയ്തു കൊണ്ടിരുന്നു. പറയാൻ മറന്നു ഉസ്മാനിക്ക അറബിയുടെ വളക്കടയിലെ സെയിൽസ്മാനാണ്. വളക്കട എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഉത്സവ പറമ്പിലെ കരിവളയും ചാന്തും പൊട്ടും എല്ലാം വിൽക്കുന്ന വളക്കടയല്ല. കാർഷിക വിളകൾക്ക് യൂറിയയും, ഫാക്ടംഫോസും മുതലായ വളങ്ങളും കീടനാശിനികളും വിൽക്കുന്ന വളക്കട . അർബാബ് ക്യാഷ്മേശയുടെ പുറകിൽ എപ്പോഴും ഇരിപ്പുണ്ടെങ്കിലും, പക്ഷെ അർബാബ് നിസ്ക്കരിയ്ക്കാൻ പള്ളിയിൽ പോകുന്ന സമയത്ത് വിൽക്കുന്ന സാധനങ്ങളിൽ നിന്നാണ് ദിവസവും പത്തു റിയാൽ അടിച്ചു മാറ്റുന്നതും അതിൻ്റെ കുറ്റബോധം മാറ്റാൻ വൈകിട്ട് എന്നും മലയാളത്തിൽ കുമ്പസാരം നടത്തുന്നതും കുറെ നാളായി നടന്നു വരുന്ന ഒരു തുടർക്കഥയാണ്.
പടച്ചോനേ പെറുക്കേണമേ,
ഇന്നും പത്തെടുത്തേ.
''പടച്ചവൻ പൊറുക്കില്ല",
പാപങ്ങൾ ഒട്ടും പൊറുക്കില്ല,
അശരീരി കേട്ട് അകെ ഭയന്നു പോയി.ഞെട്ടിത്തരിച്ച് ഉസ്മാനിക്ക
അശരീരി എവിടെ നിന്ന് വന്നതെന്നറിയാതെ കുഴങ്ങി.
നീ ചുറ്റും നോക്കി വിഷമിയ്ക്കണ്ട ഞാൻ തന്നേ യാണ് പറഞ്ഞത്, നീ കഴിഞ്ഞ കുറെ നാളുകൾ ആയി പത്തു റിയാൽ വീതം ദിവസവും മോഷ്ടിക്കുന്നത് അറിഞ്ഞു.
എന്നു വച്ച് നിന്നെ ഞാൻ പറഞ്ഞു വിടും എന്നൊന്നും കരുതണ്ട. ഇന്ന് വരെ നീ ഇവിടെ നിന്നും അടിച്ചുമാറ്റിയ തുക ഇനിയുള്ള നിൻ്റെ ശമ്പളത്തിൽ നിന്ന് പിടിച്ചതിനു ശേഷം കണക്കു തീർത്തിട്ട് നിന്നെ ക്യാൻസൽ ചെയ്ത് നാട്ടിൽ കേറ്റി വിടാം.
മറുപടി പറയാനില്ലാതെ ഉസ്മാനിക്ക എല്ലാം മൂളിക്കേട്ട് സമ്മതിച്ചു.
അടുത്ത ദിവസം മുതൽ ഉസ്മാനിക്ക നന്നായിത്തുടങ്ങി എന്ന് ചിന്തിയ്ക്കുന്നത് വെറും വെറുതെയാണ്. പക്ഷെ അർബാബ് അടുത്തുള്ള പള്ളിയിൽ നിസ്ക്കരിയ്ക്കാൻ പോകുമ്പോൾ കടയും പൂട്ടി, നിസ്ക്കരിയ്ക്കാൻ ഉസ്മാനിക്കയേയും കൂടെക്കൂട്ടി തുടങ്ങി.
കക്കാൻ പറ്റാതായതോടെ ഉസ്മാനിക്ക സത്യസന്ധനായി
തീർന്നു. എന്നാലും അർബാബ് എങ്ങിനെ മലയാളത്തിൽ താൻ പടച്ചോനോട് പറഞ്ഞത് മനസ്സിലാക്കി എന്നറിയാതെ
തണുപ്പുകാലത്തും ഇടയ്ക്കിരുന്ന് വിയർത്തു. ഇനി പടച്ചോൻ എങ്ങാനും സ്വപ്നത്തിൽ പറഞ്ഞ് കൊടുത്തതാണോ, അറിയില്ല. അതൊന്നറിയാൻ എന്തു വഴി എന്നറിയാതുഴറി.
ഒരു ദിവസം അർബാബ് തന്നേ എങ്ങിനെ ആ കാര്യം അറിഞ്ഞു എന്ന് ഉസ്മാനോട്
പറഞ്ഞു.
അർബാബും സുഹൃത്തും കൂടി യാത്ര ചെയ്ത വേളയിൽ പെട്രോൾ അടിയ്ക്കാൻ ഒരു പമ്പിൽക്കയറി അവിടത്തെ മലബാറികളായ രണ്ടു ജീവനക്കാർ മൊബൈലിൽ എന്തോ വീഡിയോ കണ്ടിരിക്കുന്ന തിരക്കിൽ പെട്രോൾ അടിക്കാൻ താമസിച്ചു. തൻ്റെ കൂട്ടുകാരൻ പെട്ടെന്ന് അടിയ്ക്കാൻ പറഞ്ഞ് ദേഷ്യപ്പെട്ട നേരം, ജീവനക്കാരിലൊരുവൻ ചിരിച്ചു കൊണ്ട് മലബാറിയിൽ എന്തോ മറുപടി പറഞ്ഞതു കേട്ട് എൻ്റെ സ്നേഹിതൻ വണ്ടിയിൽ നിന്നിറങ്ങിച്ചെന്ന് അവൻ്റെ മുഖമടച്ച് ഒരടി കൊടുത്തു. എന്തിനായിരുന്നു അവനെ അടിച്ചത് എന്ന് ചോദിച്ചതിന് അതവന് മനസ്സിലായിട്ടുണ്ട്, അവൻ പറഞ്ഞതിനുള്ള മറുപടി ആയിരുന്നു എന്നു പറഞ്ഞു. അടി കൊണ്ട മലബാറി ഒന്നും മിണ്ടാതെ നിൽക്കുന്നതും, അവൻ്റെ കൂട്ടുകാരൻ ക്ഷമ പറയുന്നതും കണ്ടപ്പോൾ മനസ്സിലായി നിങ്ങളുടെ ഭാഷയിൽ എന്തോ മോശമായി പറഞ്ഞതിനാണ്
അടിപൊട്ടിയത് എന്ന്.
എൻ്റെ കൂട്ടുകാരൻ്റെ ചെറിയ പ്രായത്തിൽ അവൻ്റെ വീട്ടിൽ ജോലിയ്ക്ക് നിന്നത് ഒരു മലബാറി സ്ത്രീ ആയിരുന്നുവെന്നും, അവരിൽ നിന്ന് നിങ്ങളുടെ ഭാഷ നന്നായി സംസാരിയ്ക്കാൻ പഠിച്ചതെല്ലാം അവൻ പറഞ്ഞ നേരമാണ് ഞാൻ നിൻ്റെ എന്നുമുള്ള വൈകിട്ടത്തെ പ്രാർത്ഥനയുടെ കാര്യം അവനോട് പറഞ്ഞത്. അവൻ അതിൻ്റെ അർത്ഥം പറഞ്ഞു തന്നു. കൂടാതെ അന്നേ ദിവസം വൈകിട്ട് ഞാൻ നിസ്ക്കരിയ്ക്കാൻ പോയ നേരം അവൻ വന്ന് പത്തു റിയാലിന് സാധനം വാങ്ങി. നീ അന്നും ആ പത്ത് റിയാൽ അടിച്ചുമാറ്റി, വൈകിട്ട് പ്രാർത്ഥനയിൽ എടുത്ത കാര്യം പറയുകയും
ചെയ്തു.
സത്യത്തിൽ നിന്നു നുണയിലേയ്ക്കും, നുണയിൽ നിന്ന് സത്യത്തിലേയ്ക്കുമുള്ളത് സമദൂരമാണല്ലോ എന്നറിയാൻ വൈകിപ്പോയ
ഉസ്മാനിയ്ക്ക തൻ്റെ തെറ്റുകൾക്ക് ദുവാ ഇരന്നു.
പി.എസ്. അനിൽകുമാർ, ദേവിദിയ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo