ആരാണ് മജിസിയ ഭാനു ?
ഓരോ മലയാളിയും അറിഞ്ഞിരിക്കണം കോഴിക്കോട്കാരിയായ മജിസിയാ ഭാനുവെന്ന കേരളത്തിന്റെ സ്ട്രോങ്ങ് വുമണിനെക്കുറിച്ച്....
കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസിൽ അബ്ദുൾ മജീദിന്റെയും റസിയ മജീദിന്റെയും മകൾ. ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിത.
വളരെ ചെറുപ്പത്തിലേ തന്നെ സ്‌പോര്‍ട്‌സില്‍ അതിയായ താല്‍പര്യമുണ്ടായിരുന്ന മജിസിയ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസിന് ചേർന്ന മജിസിയ ഭാനു 2016-ൽ ആണ് പവർലിഫ്‌റ്റിങ്ങിൽ പരിശീലനം നേടുന്നത്.
ആദ്യമായാണ് ഹിജാബ് ധരിച്ച് ഒരു മുസ്ലിം പെണ്‍കുട്ടി പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടി ആയിരുന്നു. അവളുടെ കരുത്തോ, ശരീരപ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകർഷിച്ചത്, മറിച്ച് മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ അഞ്ചു പേരെയും നിസ്സാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ "ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍" എന്ന പട്ടവും മജിസിയയ്ക്ക് ലഭിച്ചു.
സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അതൊന്നും മജിസിയ ഭാനുവിനെ തളർത്തിയിരുന്നില്ല. മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം അവള്‍ ചെയ്യുന്നതൊന്നും ഒരു തെറ്റായ കാര്യമല്ലല്ലോ എന്നാണ് മജിസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്.
ആത്മവിശ്വാസവും കഠിനപ്രയത്നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിൻബലവും മാത്രം മതിയായിരുന്നു മജിസിയ ഭാനുവെന്ന ഇരുപത്തിനാല്കാരിയ്ക്ക് തന്റെ ലക്ഷ്യങ്ങൾ കീഴടക്കി മുന്നേറുവാൻ. ഹിജാബ് ധരിച്ച് വേദികൾ കീഴടക്കുന്ന പവർലിഫ്റ്റർ, കരുത്തുറ്റ സ്ത്രീ, ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നുതവണ കേരളത്തിന്റെയും അഞ്ചുതവണ കോഴിക്കോടിന്റെയും സ്ട്രോങ്ങ് വുമണായി മജിസിയ ഭാനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പവർ ലിഫ്റ്റിങ്ങ് ആയിരുന്നു മജിസിയയുടെ പ്രധാന മത്സര ഇനം.
2016 ഒക്ടോബറിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല അൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണമെഡൽ നേടിക്കൊണ്ടായിരുന്നു മജിസിയ തന്റെ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വര്‍ഷങ്ങളായി പവര്‍ലിഫ്റ്റിങ്ങ് മേഖലയിൽ പരിശീലനം തുടർന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ അന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പിന്നീടുള്ള ഓരോ മത്സരങ്ങളിലും മജിസിയ തന്റെ കഴിവ് തെളിയിച്ചു കൊണ്ടേയിരുന്നു.
2016 ജൂലൈയിൽ കോഴിക്കോട് വച്ച് നടന്ന ജില്ലാതല പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.
2017 ഫെബ്രുവരിയിൽ ചേർത്തല വച്ചും ജൂലൈയിൽ കണ്ണൂർ വച്ചും, നടന്ന സ്റ്റേറ്റ് ലെവൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.
2017 ആഗസ്റ്റിൽ തിരുവനന്തപുരത്തു വച്ചു നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.
2017 മാർച്ചിൽ ജമ്മു കാശ്മീരിൽ വച്ചു നടന്ന നാഷണൽ ആൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ.
2017ൽ ഇന്റോനേഷ്യയില്‍ വെച്ചു നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു രാജ്യമറിയുന്ന കായികതാരമായി മാറാൻ മജിസിയക്ക് കഴിഞ്ഞത്. വർഷങ്ങളായി പ്രാക്റ്റിസ് ചെയ്ത് വരുന്ന പതിനാലോളം രാജ്യക്കാരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഭാനു അന്ന് വെള്ളിമെഡൽ സ്വന്തമാക്കിയത്.
2017 ഡിസംബറിൽ കൊല്ലത്ത് വച്ചു നടന്ന ഓൾ കേരള ഇന്റർക്ലബ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.
2018 ഫെബ്രുവരിയിൽ ആലപ്പുഴ വച്ച് നടന്ന ബഞ്ച്പ്രസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ഉൾപ്പെടെ ഒരുപാഡ് മെഡലുകൾ ഈ ഇരുപത്തിനാല്കാരി വാരിക്കൂട്ടി...
പവര്‍ലിഫ്റ്റിങ്ങിൽ കൈവരിച്ച നേട്ടങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജിസിയ ലോകത്തിന് മുന്നിൽ തെളിയിച്ചു കാട്ടിയത്.
2018 ഏപ്രിലിൽ കോഴിക്കോട് വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും, തൃശൂർ വച്ച് നടന്ന സ്റ്റേറ്റ് ലെവൽ പഞ്ചഗുസ്തി മത്സരത്തിലും, ഉത്തർപ്രദേശിലെ ലഖ്‌നോവില്‍ വച്ച് നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോൾഡ് മെഡലും തുർക്കിയിൽ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ആറാം സ്ഥാനവും മജിസിയ അനായാസമായി നേടുകയുണ്ടായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം പേരെ തോല്‍പ്പിച്ചാണ് ലഖ്‌നോവില്‍ നടന്ന ദേശീയതല മത്സരത്തില്‍ മജിസിയ വിജയം കൈവരിച്ചത്.
വെറും രണ്ട് വർഷത്തിനകത്താണ് മജിസിയ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. നേട്ടങ്ങളുടെ നെറുകയിലേക്കെത്തുമ്പോഴും തന്റെ വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെയാണ് മജിസിയ മുന്നേറിയിരുന്നത്... ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് എല്ലാ മത്സരങ്ങളിലും മജിസിയ പങ്കെടുത്തിരുന്നത്. ഉമ്മയും ഉപ്പയും സഹോദരനുമടങ്ങുന്നതാണ് മജിസിയയുടെ കുടുംബം. കഠിനപ്രയത്നവും, ആത്മവിശ്വാസവും കുടുംബത്തിന്റെ പരിപൂർണ പിന്തുണയും തനിക്കൊപ്പം ഉള്ളടത്തോളം കാലം ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്ക് എത്തിപ്പിടിക്കാൻ തനിക്ക് സാധിക്കുമെന്ന് തന്നെയാണ് മജിസിയ ഉറച്ചു വിശ്വസിക്കുന്നത്. വേൾഡ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയെന്നതാണ് മജിസിയയുടെ ഇനിയുള്ള സ്വപ്നം, അതിന് വേണ്ടിയുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോൾ.
ഈ ചെറുപ്രായത്തിൽ തന്നെ ജില്ലാതലത്തിലും, ദേശീയതലത്തിലും, അന്തർദേശീയതലത്തിലും അനായാസം മെഡലുകൾ വാരിക്കൂട്ടിയ മജിസിയാ ഭാനുവെന്ന കോഴിക്കോട്ട്കാരിയുടെ നിശ്ചയഥാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ നമ്മൾ ഓരോ മലയാളികളും മനപ്പാഠമാക്കിയിരിക്കേണ്ട ഒന്നാണ്. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലേക്കെത്തുവാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കണമേന്നുള്ള അകമഴിഞ്ഞ പ്രാർത്ഥനയോടെ....
- ഉണ്ണി ആറ്റിങ്ങൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക