നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യകാന്തിതേടുന്ന മധുപങ്ങൾ (കഥ)


ചാറ്റ് ഹിസ്റ്ററി തുറന്ന് നിരഞ്ജൻ ആ വാക്കുകളിലൂടെ ഒന്നുകൂടി സഞ്ചരിച്ചു. ...
"നിന്നെ പുതഞ്ഞിരിക്കുന്ന സംരക്ഷിത കവചം പൊട്ടിച്ചെറിഞ്ഞ് പുറത്തു വരാൻ ധൈര്യമുണ്ടോ ...? ഉണ്ടെങ്കിൽ സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് ഒരു കഥയെഴുതൂ. ... നിനക്ക് കഴിയും ... നിന്റെ കഴിവുകൾ അത്രമാത്രമാണ് ... "
ഇത്രയും കാലത്തെ തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ച പ്രിയ കൂട്ടുകാരിയുടെ നിർദ്ദേശം ഒരു വെല്ലുവിളിയാണോ ... അല്ല. ..! ആയിരിക്കില്ല....,തന്റെ എഴുത്തുകളെ ഗൗരവമായി സമീപിക്കുന്ന, തന്റെ നൻമ മാത്രം ആഗ്രഹിക്കുന്ന അവളെ അവിശ്വസിക്കേണ്ട കാര്യമില്ല. .. എങ്കിലും എങ്ങിനെ ...?
________________ ________________ ________
കാഴ്ചയുടെ പറുദീസയായ പാംജുമേരയിൽ ആഢംബരത്തിന്റെ ഉത്തുംഗശൃംഗത്തിലും അബാൻ അസ്വസ്ഥനായിരുന്നു... അവന്റെ മിഴികൾ ആരേയോ തിരയുന്ന പോലെ ...
കടപുഴകി വീണ പന മരത്തിന്റെ പത്രങ്ങളൊന്നിൽ കടലിന്റെ വശ്യത നുകരുന്ന യുവകോമളനിൽ അവന്റെ മിഴികളുടക്കി ... അവന്റെ അംഗചലനങ്ങളിൽ തന്റെ മോഹങ്ങൾക്ക് ചിറക് മുളയ്ക്കുന്നത് അബാൻ അറിഞ്ഞു.
സ്വവർഗ്ഗാനുരാഗവും ഒത്തുചേരലും കൊടും കുറ്റമായ യു എ ഇ യിൽ സ്വന്തം വികാരങ്ങളെ അടിച്ചമർത്താൻ വിധിക്കപ്പെട്ട ഒരുപാട് പേരിൽ ഒരുവനാണ് അബാൻ .....!
ചുറ്റിലുമുള്ള സിസിടിവി കണ്ണുകളെ അബാൻ ദയനീയമായി ഒന്നു നോക്കി. .. മരണശിക്ഷ വരെ ലഭിച്ചേക്കാവുന്ന കൊടും കുറ്റമാണ് ... പക്ഷെ മനസ്സ് പറയുന്നിടത്ത് ശരീരം നിൽക്കുന്നില്ല. ... അബാന്റെ പാദങ്ങൾ യാന്ത്രികമായി അവനെ ലക്ഷ്യം വെച്ചു
അവന്റെ സമീപം യാദൃശ്ചികതയുടെ മൂടുപടമണിഞ്ഞ് അബാൻ നിന്നു. ... കടലിന്റെ വശ്യതയ്ക്കൊപ്പം ഒളികണ്ണാൽ അവന്റെ മേനിയിൽ തന്റെ നിശ്വാസ വായുവിനാൽ മെല്ലെ തലോടി .....
ഹാഷിം.... അതായിരുന്നു അവന്റെ നാമം ... അംഗചലനങ്ങളിൽ തന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ ഹാഷിമിന്റെ മിഴികളിൽ പ്രതീക്ഷയും ഒപ്പം നിരാശയും മിന്നി മറഞ്ഞു. ... പരസ്പരം ഫോൺ നമ്പർ കൈമാറി അവർ മടങ്ങി.....
തങ്ങളുടെ അനുരാഗത്തിന്റെ വാതായനങ്ങൾ തുറന്ന് വിസ്തൃതമായ പറുദീസയിൽ അവർ വാക്കുകളാൽ ഇണ ചേർന്നു. പരസ്പരം കാണാനുള്ള അവരുടെ തൃഷ്ണ അനുദിനം ശക്തി പ്രാപിച്ചു.
അൽ ഗുബൈയിൽ നിന്ന് മറീനയിലേക്കുള്ള ഫെറിയിൽ കണ്ടുപഴകിയ കാഴ്ചകളെ നിർവ്വികാരതയോടെ നോക്കിയിരിക്കുമ്പോഴും അബാൻ പ്രതീക്ഷയിലായിരുന്നു .. അൽ ജിദ്ദാഹ് മെട്രോ സ്റ്റേഷനടുത്തു നിന്നു തുടങ്ങിയ യാത്രയിൽ ഹാഷിമിന്റെ സാമീപ്യം അവനിൽ അനിർവചനീയമായ ഒരനുഭൂതി നിറച്ചിരുന്നു. രണ്ടര മണിക്കൂർ വാട്ടർ കനാലിലൂടെയുള്ള ഈ യാത്രയിൽ തന്റെ മനസ്സ് ഹാഷിമിന് മുന്നിൽ തുറക്കണം ..
ബുർജ് ഖലിഫയുടെ സൗന്ദര്യം മിഴികളിൽ ആനന്ദ നൃത്തമാടുമ്പോൾ അബാൻ തന്റെ പരുപരുത്ത വിരലുകളാൽ ഹാഷിമിന്റെ മൃദുലമായ കൈപ്പത്തിയിൽ തലോടി ...
ഹാഷിമിന്റെ കടക്കൺമിഴികളിൽ സ്ത്രൈണതയുടെ മിന്നലാട്ടങ്ങൾ പരിരംഭണത്തിനായി ദാഹിക്കുന്ന പോലെ ...!
"ഹാഷിം.... നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ.. എനിക്ക് നീയില്ലാതെ പറ്റില്ല. ... നിയമം നമ്മെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ല. .... കുറച്ചു കാലമെങ്കിലും ആരുമറിയാതെ നമുക്ക് കഴിയാം ... "
ശക്തമായ നിയമം മൂലം എൽജിബിടി യെ വരിഞ്ഞുമുറുക്കുന്ന നാട്ടിൽ ഗേ ബാറുകൾ സജീവമാണെങ്കിലും ഹാഷിമിന്ഭയമായിരുന്നു ...
മനസ്സ് പുരുഷന് വേണ്ടി കൊതിക്കുമ്പോഴും പക്ഷെ അവന്റെ ശരീരം ...!
"അബാൻ .... ഞാൻ എത്ര തവണ കേൾക്കാൻ കൊതിച്ചിരുന്നതാണെന്നോ ..?"
അവൻ അബാന്റെ കൈപ്പത്തിയിൽ മൃദുലമായി തലോടി..... നിയമ പാലകരുടെ അദൃശ്യ സാന്നിദ്ധ്യത്തെ അവർ വല്ലാതെ ഭയപ്പെട്ടിരുന്നു.
____________ ________________ __________
പക്ഷെ ... പ്രിയ കൂട്ടുകാരി .. നിനക്കറിയില്ല ,... നിനക്കൊന്നുമറിയില്ല ...
ഈ നിരഞ്ജനെപ്പറ്റി .
എന്റെ ജീവിതം..... എന്റെ ജീവിതമാണ് നീ എഴുതാൻ പറഞ്ഞത് ....!
ആരും കാണാതെ വിരലുകളിൽ ചായം തേയ്ക്കുമ്പോഴും അമ്മയുടെ വളകൾ അണിഞ്ഞ് തെക്കിനിയിലെ നിലക്കണ്ണാടിയിൽ തന്നിലെ സ്ത്രൈണതയെ ആസ്വദിക്കുമ്പോഴും എനിക്കറിയാം, വെറുമൊരു പേര്മാറ്റത്തിലെ ചെറിയ ദൂരമല്ല എനിക്ക് താണ്ടേതെന്ന് ...
ഹോസ്റ്റൽ മുറിയിൽ റൂം മേറ്റിന്റെ മാറിലെ ചൂടാസ്വദിച്ച് വിവസ്ത്രനായി കിടന്നത് വാർഡനും പ്രിൻസിപ്പാളും കൊടും പാതകമായിക്കണ്ട് ശിക്ഷ വിധിച്ചപ്പോൾ ഒന്നേ അപേക്ഷിച്ചുള്ളൂ. ....
"അവനെ ഒന്നും ചെയ്യരുത് .... ഞാനാണ്.... ഞാൻ മാത്രമാണ് കുറ്റക്കാരൻ."
അച്ഛന്റെ കൂടെ കോളേജിന്റെ പടികൾ അവസാനമായി ഇറങ്ങുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ... പക്ഷെ പേരുകേട്ട തറവാട്ടിൽ ഒരു ശിഖണ്ഡിയുടെ സാന്നിദ്ധ്യം എല്ലാവരേയും അസ്വസ്ഥമാക്കിയിരുന്നു. ...
പാതി വഴിയിൽ പഠനം നിർത്തി നാലുകെട്ടിന്റെ ചുവരുകൾക്കുള്ളിൽ എരിഞ്ഞടങ്ങുമ്പോൾ താൻ അനുഭവിച്ച ആ മാറിലെ ചൂട് .... അത് എന്നെന്നേക്കുമായി സ്വയമണച്ച് വിടവാങ്ങിയ പ്രിയ സുഹൃത്തിന്റെ വേർപാട് നൽകിയ പ്രഹരം ചെറുതായിരുന്നില്ല ....
ഭ്രാന്താണ് .... അതെ നിരഞ്ജൻ വർമ്മയെന്ന ഇരുപത്കാരന് ഭ്രാന്തായിരുന്നു ... മനസ്സും ശരീരവും ഇരു ധ്രുവങ്ങളിലുള്ള എന്റെ ഭ്രാന്ത് ആർക്കും മനസ്സിലായില്ല. ...
തോന്നിയതൊക്കെ വായിച്ചും വലിച്ചുവാരി എഴുതിയും എന്നിലേക്ക് സ്വയമൊതുങ്ങിയപ്പോൾ ഉദിച്ച പുതിയ ഭാന്ത്രാണ് എന്റെ എഴുത്തുകൾ ...
എന്റെ ചിന്തകളിൽ പഴയ ഭ്രാന്ത് തലപൊക്കുന്ന പോലെ ....എന്റെ ശരീരം വീണ്ടും കൊതിക്കുന്നു .. ആ ചൂടേറ്റു വാങ്ങാൻ ....!
____________ ______________ ____________
"നാളെ നമുക്ക് പോവാം .... അബുദാബിയിലേക്ക് ... ഷെയ്ക്ക് സായിദ് മോസ്കിൽ നിന്നും തുടങ്ങാം ... പുതിയ ജീവിതം "
അബാന്റെ ദൃഢനിശ്ചയം തുളുമ്പുന്ന വാക്കുകളേക്കാൾ അവന്റെ മിഴികളിലെ അഗ്നിയായിരുന്നു ഹാഷിമിനെ ആകർഷിച്ചത് .
ദുബൈയുടെ മനോഹാരിത പിൻതള്ളി അവരുടെ ടയോട്ട പ്രാഡോ കുതിച്ചു പാഞ്ഞു. ...
ഹാഷിമിന്റെ മിനുമിനുത്ത കരങ്ങളിൽ മൃദുവായിത്തലോടി അബാൻ തന്റെ വികാരങ്ങളെ പരിപോഷിപ്പിച്ചു .മണൽപ്പരപ്പിനേയും ഒട്ടകങ്ങളേയും പിൻതള്ളി പച്ചപ്പ് പുണർന്നപ്പോൾ അവരുടെ മനസ്സിലും കുളിർമ നിറഞ്ഞു.
പർദ്ദ ധരിച്ച് അകത്ത് കയറുന്ന സ്ത്രീകളെ അസൂയയോടെ നോക്കി ഹാഷിം സ്വർണ്ണത്തൂണുകളൊന്നിൽ ഇടതു കൈയ്യൂന്നി മറുകൈ തന്റെ ഇടുപ്പിൽ വെച്ച് വണ്ടി പാർക്ക് ചെയ്യാൻ പോയ അബാനെ കാത്തു നിന്നു.
ഹാഷിമിന്റ സാന്നിദ്ധ്യം അബാന്റ മനസ്സിൽ കനലു കോരിയിട്ടു .. മോസക്കിലെ നിശബ്ദതയിൽ അവർ മൗനമായി ഭോഗിച്ചു.....
ഹോട്ടൽ മുറിയിലെ കുളിരിൽ അവരുടെ കാമപുഷ്പങ്ങളിൽ പരാഗണത്തിന്റെ മാധുര്യം നിറഞ്ഞു. .....
___________ _________________ ___________
രാത്രിയിലെ അന്ത്യയാമങ്ങളിൽ പുരുഷഗന്ധത്തിനായി കൊതിക്കുന്ന എന്റെ ശരീരം മനസ്സിന്റെ നിയന്ത്രണത്തിൽ നിന്നും അകലുന്ന പോലെ. ...
ആർത്തലച്ചു വരുന്ന
തേനീച്ചക്കൂട്ടങ്ങളെ തേടുന്ന സൂര്യകാന്തിപ്പൂവുകൾ പോലെ.....
കരിയിലകൾ ചവുട്ടിയരച്ച് പ്രിയതമൻ വരുന്നതുംകാത്ത് വീണ്ടും ഞാൻ ഉറക്കമൊഴിക്കാൻ തുടങ്ങിയിരിക്കുന്നു. .... എന്റെ തൂലികയിലെ മഷി വറ്റിവരണ്ടിരിക്കുന്നു. ...
ഇല്ല ... കഴിയില്ല ... എഴുതാൻ കഴിയില്ല ... ഒരു വരി പോലും ഇനിഎഴുതാനാവില്ല. ......
____________ _________________ _________
"അബാൻ... നീയെവിടെയാണ് ... ഒരാഴ്ചയായി നിന്നെ തേടുന്നു .... നീ പകർന്ന ചൂട് എന്നിൽ ഘനീഭവിച്ചിരിക്കുന്നു ഇനിയും വയ്യ. ഈ കാത്തിരിപ്പ് "
ഹാഷിമിന്റെ കാതരമായ ശബ്ദം ഫോണിൽ തന്റെ ശ്രവണപുടങ്ങളെ ചുംബിച്ചപ്പോൾ അബാൻ ഒന്നുലഞ്ഞു. ...
"പലരും അറിഞ്ഞിരിക്കുന്നു ഹാഷിം .... വിലക്കുകൾ എന്റെ മുന്നിൽ തടവറ പണിഞ്ഞിരിക്കുന്നു. ....പക്ഷെ ...ഹാഷിം നിന്റെയോർമ്മകൾ മാത്രമാണ് ഇന്നെന്റെ പ്രാണവായു ... .. നിന്റെ മേനിയിലെ സൗരഭ്യം എന്റെ നാസാരന്ധ്രങ്ങളിൽ ഇപ്പോഴുമുണ്ട് .. ആ അധരങ്ങൾ എനിക്കായി ദാഹിക്കുന്നത് ഞാനറിയുന്നുണ്ട് .നീ പകർന്ന ആനന്ദം എന്റെ ശരീരത്തിലെ ഒരോ രോമകൂപങ്ങളിലും ഇപ്പോഴുമുണ്ട് ... നിയമങ്ങളുടേയും മാമൂലുകളുടേയും
തടവറ ഭേദിച്ച് ഒരു നാൾ ഞാൻ വരും ."
_______________ _________________ ________
എന്റെ പരാജയം ..... അതെ. ....ഇത്രയും കാലം അത് മാത്രമേ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളൂ. ... എങ്കിലും പ്രിയ മിത്രമേ നിനക്ക് വേണ്ടിമാത്രം ഞാൻ ശ്രമിക്കുന്നു ... വീണ്ടും എന്നിലെ എന്നെമറന്ന് തൂലികയിൽ ശേഷിക്കുന്ന മഷി പുരട്ടി എന്നിലെ ഹാഷിമിനെ നിനക്കായ് സമർപ്പിക്കുന്നു. ...
ഹാഷിമിൽ നിനക്കെന്നെക്കാണാം ... എന്റെ രക്തം തൂലികയിലാവാഹിച്ച് ഞാൻ എഴുതുന്ന ഈ കഥ ഒരു പക്ഷെ നിന്റെ പ്രതീക്ഷയ്‌ക്കൊത്തുയർന്നേക്കില്ല. .... കാരണം ഇതെന്റെ ജീവിതം തന്നെയാണ് ...!
ഈ കഥ നിനക്കു വേണ്ടി മാത്രം ഞാനെഴുതുന്നതാണ് ... എന്നിലെ എഴുത്തുകാരൻ മറ്റുള്ളവരിൽ എന്നും അതുപോലെ നിൽക്കട്ടെ .....!
പൂർത്തിയാകാത്ത അവരുടെ മോഹങ്ങൾ പോലെ കൽപ്പാന്തകാലത്തോളം മറ്റൊരു ജീവിവർഗ്ഗത്തിലും കാണാത്ത ...നിങ്ങൾ ഭ്രാന്തെന്ന് മുദ്രകുത്തുന്ന എന്നെപ്പോലുള്ളവരുടെ അടങ്ങാത്ത ദാഹം....
എത് നിയമങ്ങൾ അംഗീകരിച്ചാലും മാനവരാശി പുറംകാലിനാൽ തട്ടിക്കളയുന്ന ഞങ്ങളുടെ വികാരങ്ങൾ .... !
അവസാനമായി നിന്നോടെങ്കിലും ഞാനെന്റെ പേര് വിളിച്ചു പറയട്ടെ .....
ഞാൻ .... നിരഞ്ജന,..... നിരഞ്ജന വർമ്മ ....
എന്നിലെ വ്യർത്ഥമായ പൗരഷത്തിന്റെ പുറംതോടുകൾ നിന്റെ മുന്നിൽ ഇതാ പൊട്ടിച്ചു കളയുന്നു ...
_______________ ____________________ ___
നിരഞ്ജൻ എന്ന എഴുത്തുകാരന്റെ മുന്നിൽ അയാളുടെ കഥാപാത്രത്തിന് ജീവൻ വെച്ചു....അബാന്റെ നെഞ്ചിലെ ചൂട് അയാൾ ആർത്തിയോടെ ആസ്വദിച്ചു.
അബാൻ ആ ശ്രവണ പുടങ്ങളിൽ ആർദ്രമായി ചുംബിച്ചു ...
"നിരഞ്ജന ... നീ എന്റെതാണ് ...
എന്റെതു മാത്രം ... "
"എന്റെ ശരീരം മാത്രമല്ല അബാൻ എന്റെസർവ്വസ്വവും നിനക്കുള്ളതാണ് .. "
നടുമുറ്റത്ത് ആർത്തലച്ച് ചെയ്യുന്ന പേമാരിയിൽ നിരഞ്ജന പുതിയ നിർവൃതികളെ തേടാൻ തുടങ്ങി .....!
✍️ ശ്രീധർ. ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot