നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓവർടേക്ക്


എന്നാലും എന്റെ കർത്താവെ
" അതേ..."
ഞാൻ മുഖമുയർത്തി ഒന്ന് നോക്കി ..പതിവില്ലാത്ത ഒരു ശ്രിംഗാരം
" അതേ ..അച്ചായാ "
വീണ്ടും ..എന്തോ ഒരു വശപ്പിശക്
" എന്താ ?"
" പിന്നെ ..എനിക്കേ.."
" ഉം പറ .." ഞാൻ പത്രം താഴെ വെച്ച് നിവർന്നിരുന്നു
" എനിക്കേ ..പിന്നെ "
" നീ കൊഞ്ചാതെ കാര്യം പറയെടി"
" അത് പിന്നെ എനിക്കുണ്ടല്ലോ ..."
"എന്താ സാരി വേണോ? "
"അതല്ല "
'പിന്നെ.. ചുരിദാർ വേണോ ?"
"ഊഹും"
" സ്വർണം വല്ലോമാണെങ്കിൽ നടക്കുകേല മോളെ എന്റെ കൈയിൽ കാശില്ല "
"അതല്ലാന്നേ "
"പിന്നെന്താ ?"
"വേറെ ഒരു കാര്യം ...എനിക്കൊരു കാര്യം വേണം "
"ഇവളിപ്പോ എന്റെ ഷർട്ടിന്റെ ബട്ടൺ പറിച്ചു കളയും .നീങ്ങി നിക്കെടി അങ്ങനെ ദേഹത്ത് തൊട്ടുള്ള കാര്യസാധ്യം വേണ്ട ."
" ഇങ്ങനെയൊരു അൺറൊമാന്റിക് മൂരാച്ചി ..അതേ എനിക്കൊരു കാര്യം വേണമെന്ന് "
"അമ്മയോട് ചോദിക്കു ..അമ്മയുടെ കൈയിൽ സാലറി കിട്ടിയ ക്യാഷ് ഉണ്ട് ചെല്ല്"
"ഈ മനുഷ്യന് കാശിന്റെ കാര്യമേയുള്ളോ "അമ്മയോട് ചോദിച്ചിട്ടു കാര്യമില്ലെന്ന്..കാശിന്റെ കാര്യമല്ല "
"ക്യാഷ് അല്ലെ ?എന്ന നീ ധൈര്യമായി ചോദിച്ചോ എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ നടത്തി തരും "
"അച്ചായനെ കൊണ്ടേ പറ്റുവുള്ളു"അവൾ ചിരിക്കുന്നു
"ശ്ശോ... ആണോ ?അതെന്നാടി ?'"ഞാൻ ഒന്ന് പൊങ്ങി.
അല്ലെങ്കിലും ഭാര്യമാർ
എന്തെങ്കിലും കാര്യം സാധിക്കാൻ മാത്രം നമ്മളെ അങ്ങ് പൊക്കി ഹിമാലയത്തിൽ കൊണ്ട് വെയ്ക്കും .
"അതേ അച്ചായാ എന്റെ കൂട്ടുകാരി കാർത്തിക ഇല്ലേ?അന്ന് കല്യാണത്തിന് ഞാൻ പരിചയപ്പെടുത്തിയതോര്മയില്ലേ?"
"പിന്നെ . എനിക്ക് നിന്റെ കൂട്ടുകാരികളെ ഓർത്തിരിക്കലല്ലേ പണി? എന്നാലും കാർത്തിക എന്ന് പറയുമ്പോൾ ..ആ വെളുത്ത' കഴുത്തിന് വലതു വശത്തു മറുകുള്ള മെലിഞ്ഞ, ചുവന്ന സാരി ഉടുത്ത നീണ്ട മുടിയുള്ള പച്ച കുപ്പിവള ഒക്കെ ഇട്ട ആ പെണ്ണാന്നോ? ..ശരിക്കു അങ്ങോട്ട് ഓർക്കുന്നില്ല "
"ഇതിൽ കൂടുതൽ എന്തോ ഓർക്കാനാ..ഹോ അവളുട മറുക് ഞാൻ പോലുമിതുവരെ കണ്ടിട്ടില്ല എവിടെയൊക്കെയാ മനുഷ്യ നിങ്ങള് ആണുങ്ങൾ നോക്കുന്നെ ?"
ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു .."ഞാൻ ഒരു സൗന്ദര്യ ആസ്വാദകനായത് എന്റെ കുറ്റമാണോടി "
"നിങ്ങള് ഞാൻ പറയുന്നത് ശ്രദ്ധിക്കു ..ഈ കാർത്തികയും ഞാനും തമ്മിൽ സ്കൂൾ കാലം തൊട്ടേ ഒരു മത്സരം ഉണ്ട് കേട്ടോ ..പക്ഷെ കല്യാണത്തിലും ഇപ്പൊ കുഞ്ഞുണ്ടായപ്പോളും അവൾ എന്നെ ഓവർ ടേക്ക് ചെയ്തു ...അവൾക്കു ഒരു കുട്ടിയുണ്ട് "
"ആണോ ?കണ്ടാൽ പറയുകേല "
അവളെന്നെ ഒരു അടി .
"എനിക്ക് ഇരട്ട കുട്ടികൾ വേണം "പ്രഖ്യാപനം കേട്ട് ഞാൻ ഞെട്ടി
"എടി ഇതിനു മത്സരം വെയ്ക്കല്ലേ ..ഇതിപ്പോ വേണമെന്ന് പറഞ്ഞാൽ സൂപ്പർമാർകെറ്റിൽ പോയി മേടിക്കാൻ പറ്റുന്ന കാര്യമല്ല" ഞാൻ തൊഴുതു
"അത് കൊണ്ടല്ലേ നിങ്ങളോടു പറഞ്ഞത്? ഞാൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ..ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ കാരണം അച്ഛന്റെ എന്തോ ഒരു.. സംഭവമാണ് എന്ന് ..എന്താ അതിന്റെ പേര്? അവൾ തല ചൊറിയുന്നു "ഞാൻ ചുറ്റും നോക്കി. ഇവളിനി എന്ത് വിളിച്ചു പറയുമോ എന്തോ?
" മിണ്ടരുത് !വല്ലോരും കേൾക്കും ..ഹോ ദൈവമേ ബുദ്ധിയില്ലാത്ത സാധനം ..എടി അത് ഇരട്ട കുട്ടികൾമാത്രം അല്ല ഏതു കുട്ടിയുണ്ടാകണെമെങ്കിലും മിനിമം അതിന് ഒരു അപ്പൻ വേണം "
" അങ്ങനെ അല്ലന്നേ, ബയോളജിയിൽ പറയുന്നുണ്ട് ..പെൺകുഞ്ഞുണ്ടാകാനും ഇരട്ടക്കുട്ടികൾ ഉണ്ടാകാനും ഒക്കെ കാരണം അപ്പന്റെ ..എന്തോ ഒരു ...ശ്ശോ .ആ പേര് ഞാൻ മറന്നു പോയി "
"നന്നായി ..നീ ബയോളജി ഒക്കെ പഠിച്ചിട്ടുള്ളവളാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടുകേലാരുന്നു "
"ദേ മനുഷ്യാ ഇരട്ട കുട്ടികൾ അല്ലെങ്കിൽ ഞാൻ അബോർട് ചെയ്യും "അവൾ
"ങേ "?
"ങ്ങ ...നിങ്ങൾ അതിനു വല്ല വഴിയുണ്ടോന്ന് നോക്ക് .വല്ല മരുന്നോ മറ്റോ കാണില്ലേ ?.സിനിമ നടൻ അജുവര്ഗീസിനെ കണ്ടില്ലേ " രണ്ടു തവണയും ഇരട്ട കുട്ടികളാണ് ...അങ്ങനെയാ ആണുങ്ങള് ...?"
"എടാ അജുവര്ഗീസേ...@#$%% നീ കാരണം പാവം ആണുങ്ങൾ വിഷമിക്കുന്നത് അറിയുന്നുണ്ടോ ?
ഇവൾ പ്ലസ് ടു കൊണ്ട് പഠിത്തം നിർത്തിയതു നന്നായി .അവളുടെ ഒലക്ക മേലെ ബയോളജി.
ഞാൻ പലരോടും ചോദിച്ചു നോ ഐഡിയ ..പാരമ്പര്യത്തിൽ ഉണ്ടെങ്കിൽ ചിലപ്പോൾ ചാൻസ് ഉണ്ട് ..അതുമില്ല .ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ കർത്താവിനെ വിളിച്ചു
"എന്റെ കർത്താവെ ഇരട്ട കുട്ടികൾ ആണെങ്കിൽ 1000 മെഴുകുതിരി കത്തിച്ചേക്കാമെ ...എന്റെ ഒപ്പം നില്ക്കു പ്ലീസ് "
ഗർഭിണിയായ അവളെ സ്‌കാനിങ്ങിനു കൊണ്ട് പോകുമ്പോൾ എന്റെ നെഞ്ചിൽ തൃശൂർ പൂരം .
സ്കാനിംഗ് റിപ്പോർട്ട് നോക്കിയ ഡോക്ടർ എന്നെ നോക്കിയ നോട്ടം ഹോ !
ആദ്യം എന്നെ ..പിന്നെ അവളെ ..പിന്നേം എന്നെ ..പിന്നെ അവളെ ..ഇങ്ങേർക്കെന്താ വട്ടാണോ ?ഇത്രേം നോക്കാൻ എന്തിരിക്കുന്നു കാര്യം പറഞ്ഞൂടെ?
"അഡ്മിറ്റ് ആയിക്കോ ഇന്ന് തന്നെ "
" അതെന്താ കുഴപ്പം വല്ലോമുണ്ടോ ഡോക്ടറെ ?
"ഇതിൽ കൂടുതൽ എന്ന കുഴപ്പം വരാനാ ?നിങ്ങളുടെ ഭാര്യയുടെ വയറ്റിൽ നാലു കുഞ്ഞുങ്ങളുണ്ട് ..ഈ ആശുപത്രീയുടെ ചരിത്രത്തിൽ ആദ്യമാണ് നാലുകുട്ടികൾ ഒറ്റ പ്രസവത്തിലൂടെ ,"
എന്നിട്ടു ഡോക്ടർ ബഹുമാനത്തോടെ എന്നെ ഒരു നോട്ടം,ബഹിരാകാശത്തു റോക്കറ്റ് വിട്ട ശാസ്ത്രജ്ഞന്മാരെനമ്മൾ നോക്കില്ല ? അത് പോലെ .
ഞാൻ അവളെ ഒന്ന് നോക്കി
അവൾ ഇപ്പൊ തുള്ളിച്ചാടിയേക്കുമെന്നു എനിക്ക് തോന്നി .
"എന്നാലും എന്റെ കർത്താവെ 1000 മെഴുകുതിരിക്കു നാലെണ്ണം ആണ് കണക്കെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ 500 എണ്ണമേ പറയുവുള്ളാരുന്നു..എനിക്ക് അറിയില്ലാരുന്നെങ്കിലും നീ അത് നോക്കീം കണ്ടും ചെയ്യണ്ടാരുന്നോ ?"
പക്ഷെ മെഴുകുതിരി കത്തിക്കുമ്പോൾ എനിക്ക് സന്തോഷമാരുന്നു കേട്ടോ .ഒരു കേടും കൂടാതെ ദൈവം എനിക്ക് രണ്ടു ആൺകുഞ്ഞിനേം രണ്ടു പെൺകുഞ്ഞിനേം തന്നു ..ഇനി എന്റ്റെ ഈഭാര്യയെ ആർക്കും തോൽപ്പിക്കാൻ പറ്റുകേലല്ലോ ...

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot