നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പുവിനൊപ്പം - അപ്പുവിനെ സ്നേഹിച്ച സ്വപ്നങ്ങൾ


സന്തോഷ് ഗംഗാധരൻ
അപ്പു വീടിന്റെ മുമ്പിലുള്ള വരാന്തയിൽ വന്നു നിന്നു. ഊണ് കഴിഞ്ഞപ്പോൾ മുതലുള്ള കാത്തിരിപ്പാണ്. സാധാരണ ഉച്ചയൂണ് കഴിയുമ്പോഴേയ്ക്കും എത്താറുള്ളതാണ്. ഈ കൊല്ലം നെല്ല് കൂടുതൽ ഉണ്ടെന്നാണ് അമ്മാമ്മ പറഞ്ഞു കേട്ടത്. അത് കൊണ്ടാണ് നേരം വൈകുന്നതെന്നാണ് പറയുന്നത്.
കാലത്തേ തന്നെ മുത്തച്ഛൻകുടയുമായി പോകുന്നത് കണ്ടപ്പോൾ അമ്മാമ്മയോട് ചോദിച്ച് മനസ്സിലാക്കിയിരുന്നു അപ്പു. ഇന്നാണ് കൊയ്ത്ത്. ഒരു കൊല്ലമായി കാത്തിരുന്നിരുന്ന ദിവസം. നല്ല രസമാണ് കൊയ്ത് കൊണ്ട് വന്ന കറ്റകൾ മെതിയ്ക്കുന്നത് കാണാൻ. അതിലും ഇമ്പമാണ് മെതിയ്ക്കുന്നവരുടെ ഈണത്തിലുള്ള പാട്ട് കേൾക്കാൻ. “പൊലി പൊലിയേ പൊലി” എന്ന് തുടങ്ങി ഒരു പ്രത്യേക ഈണത്തിലാണ് അവർ പാടുന്നത്. ആ പാട്ടില്ലെങ്കിൽ അവർക്ക് മെതിയ്ക്കാനുള്ള ആവേശം കിട്ടുകയില്ല എന്ന് തോന്നുന്നു.
അവരവർ കൊയ്തെടുത്ത കറ്റകൾ അവരവർ തന്നെയാണ് മെതിയ്ക്കുക. ഓരോ കൂട്ടരും പ്രത്യേക തരത്തിലുള്ള കെട്ടുകൾ ഇട്ടിട്ടാണ് ആ കറ്റകളുടെ കൂമ്പാരം കൈവണ്ടിയിൽ കയറ്റികൊണ്ട് വരുന്നത്. വീട്ടിലെത്തുമ്പോൾ അവരുടെ നേതാവായ കൊച്ചുരാമൻ ഓരോ കെട്ടുകളും എടുത്ത് അതിലെ കെട്ടിന്റെ പേര് ഉറക്കെ വിളിക്കും. അപ്പോൾ ആ കെട്ടിന്റെ ഉടമസ്ഥൻ വന്ന് അതെടുക്കും. കെട്ടുകൾ കണ്ട് അതിന്റെ പേര് പറയുന്ന കൊച്ചുരാമന്റെ സാമർത്ഥ്യം അപാരം തന്നെ. അപ്പുവിന് അത് കണ്ട് പഠിക്കണമെന്ന് വലിയ ആഗ്രഹമാണ്. ഇത്തവണ കുഞ്ഞിക്കാളിയോട് ചോദിക്കണം.
കുഞ്ഞിക്കാളി കൊച്ചുരാമന്റെ ഭാര്യയാണെന്ന് അപ്പുവിനറിയാം. കൊച്ചുരാമന്റെ അടുത്ത് ചെല്ലാൻഅവന് പേടിയാണ്. പക്ഷേ, കുഞ്ഞിക്കാളി സ്നേഹമുള്ളവരാണ്. അപ്പുവിനെ കണ്ടാൽ അടുത്ത് വിളിച്ച് മടിക്കുത്തിൽ നിന്നും എള്ളുണ്ടയോ അരിയുണ്ടയോ തിന്നാൻ എടുത്തു കൊടുക്കും. അവരുടെ മടിക്കുത്തിൽ തിന്നാനുള്ള എന്തെങ്കിലും എപ്പോഴും ഉണ്ടാകും.
കറ്റക്കെട്ടുകൾ വീട്ടിനകത്തും പുറത്തുമായി പലയിടത്തും കൂട്ടിയിടും. ആദ്യം കൂട്ടുന്നത് മുറ്റത്താണ്. നേരത്തെ തന്നെ വീട്ടുമുറ്റത്ത് പനമ്പ് നിരത്തിയിട്ടുണ്ടാകും. അതിന് മുകളിലാണ് മെതിയ്ക്കാനുള്ള കറ്റകൾ കൂമ്പാരം കൂട്ടുന്നത്. മുറ്റം നിറഞ്ഞാൽ പിന്നെ അകത്ത് നാലുകെട്ടിലും തളത്തിലും തെക്കോറേയും വടക്കോറേയും ഉള്ള ചായ്പ്പുകളിലും കൂട്ടിയിടാൻ തുടങ്ങും. അടുക്കളയിലേയ്ക്ക് പോകുന്ന ഇടനാഴിയിലും ഉണ്ടാകും കറ്റക്കെട്ടുകൾ.
പിന്നെ എല്ലാവരും അവരവരുടെ കറ്റകളുടെ മുമ്പിൽ തെയ്യാറായി നിൽക്കും. നേതാവ് കൊച്ചുരാമന്റെ “പൊലി പൊലിയേ പൊലി” എന്ന വിളി കേൾക്കാനാണ് അവർ കാക്കുന്നത്. മെതി തുടങ്ങാനുള്ള ആ വിളി കേട്ടാൽ പിന്നെ എല്ലാവരും ആഞ്ഞാഞ്ഞ് മെതിയ്ക്കാൻ ആരംഭിക്കുകയായി. പിന്നെയങ്ങ് പലതരം കൊയ്ത്ത് പാട്ടുകളുടെ മേളമാണ്. അപ്പു മാറി മാറി ഓരോ മുറികളിലും പോയി അവരുടെ അഭ്യാസപ്രകടനങ്ങൾ കണ്ടും വായ്ത്താരി കേട്ടും നടക്കും. അപ്പുവിനെ കാണുമ്പോൾ അവർ പാട്ടിന്റെ വരികളിൽ അപ്പുവിന്റെ പേര് കൂടി ചേർത്ത് പാടാൻ തുടങ്ങും. അപ്പുവിന്റെ പേര് ചേർത്തുള്ള പാട്ട് കേൾക്കാൻ അപ്പുവിന് വലിയ ഇഷ്ടമാണ്. അപ്പു അതും കേട്ട് ആസ്വദിച്ച് അവിടെയങ്ങനെ നിൽക്കും.
എന്താ ഇവർ വരാത്തത്? അപ്പു അക്ഷമനായി കിഴക്കേപ്പുറത്ത് നിന്നും ഇറങ്ങി പടിക്കലേയ്ക്ക് നടന്നു. കൊയ്ത്തുകാർ വരുന്ന സമയം അവിടെയുണ്ടായില്ലെങ്കിൽ രസമുള്ള പലതും കാണാനും കേൾക്കാനും പറ്റില്ല. അതുകൊണ്ട് തന്നെ അപ്പു പറമ്പിലെവിടേയും ഇറങ്ങി നടക്കാതെ മുന്നാംപുറത്തു തന്നെ നിന്നു.
കൊയ്ത്തു ദിവസവും തെങ്ങ് കേറ്റമുള്ള ദിവസവും അപ്പു സ്കൂളിൽ പോകില്ല. ‘വീട്ടിൽ അവന് പിടിപ്പത് പണിയുള്ളതല്ലേ’ എന്ന് പറഞ്ഞ് അമ്മാമ്മ അവന്റെ പക്ഷം പിടിക്കും. അമ്മാമ്മയുടെ പിന്തുണയില്ലെങ്കിൽ അമ്മ അവനെ നിർബ്ബന്ധിച്ച് സ്കൂളിൽ പറഞ്ഞയച്ചേനെ.
പട്ടണത്തിലെ പെൺപള്ളിക്കൂടത്തിലാണ് അപ്പു പഠിക്കുന്നത്. അമ്മാമ്മ പണ്ട് ആ സ്കൂളിലെ ഹെഡ് മിസ്ട്രസ് ആയിരുന്നു. അതുകൊണ്ട് ഇടയ്ക്ക് സ്കൂളിൽ പോയില്ലെങ്കിലും ടീച്ചർമാർ ഒന്നും പറയില്ല. പെൺപള്ളിക്കൂടമാണെങ്കിലും ആൺകുട്ടികളും ധാരാളം പഠിക്കുന്നുണ്ട്. ആദ്യമായി പെൺകുട്ടികൾക്ക് വേണ്ടി സ്ഥാപിച്ച സ്കൂളായതുകൊണ്ട് ആ പേര് അങ്ങനെ തന്നെ നിന്നു. ആരും അത് മാറ്റാൻ പോയില്ല.
തെങ്ങ് കയറുന്ന ദിവസം വീട്ടിൽ നിന്നാൽ കരിക്ക് കുടിക്കാനും അതിന്റെ കഴമ്പ് തിന്നാനും കിട്ടും. സ്കൂളിൽ പോകുന്നവർക്ക് ഇതൊന്നും കിട്ടുകയില്ല. വൈകുന്നേരം അവർ വരുമ്പോഴേയ്ക്കും കരിക്കെല്ലാം തീർന്നിട്ടുണ്ടാകും. പാവം, ചേട്ടനും ചേച്ചിയും. അവർക്ക് സ്കൂളിൽ പോകാതെ തരമില്ല. അതുകൊണ്ട് തന്നെ കരിക്ക് കുടിക്കാനും കാമ്പ് തിന്നാനും കിട്ടാറില്ല. അവർക്കതിന് പരാതിയുമില്ല.
പടിക്കൽ കുറച്ച് നേരം നിന്നപ്പോൾ അപ്പുവിന് ബോറടിച്ചു. വെറുതേ ഇങ്ങനെ നോക്കിനിൽക്കാൻ ഒരു രസവുമില്ല. അവൻ തിരിച്ച് വീട്ടിലേയ്ക്ക് നടന്നു. പക്ഷേ, അകത്തേയ്ക്ക് കയറിയില്ല. തെക്കേപ്പുറത്തു കൂടി പടിഞ്ഞാപ്പുറത്തെത്തി. വലിയ നാട്ടുമാവ് ചുറ്റിനും തണൽ വിരിച്ച് ഘനഗംഭീരനായി നിൽക്കുന്നു. പാവം മാവ്! വല്യച്ഛൻ ഇതിനെ വെട്ടണമെന്നും പറഞ്ഞിരിക്കുകയാണ്. എന്തിനാണ് ആ പാവം മാവിനെ വെട്ടിമാറ്റുന്നതെന്ന് എത്ര ആലോചിച്ചിട്ടും അപ്പുവിന് മനസ്സിലായില്ല. മാവിന്റെ ചോല കാരണം ബാക്കി മരങ്ങളൊന്നും വളരില്ലാന്നാണ് വല്യച്ഛൻ പറയുന്നത്. അതെന്താ ബാക്കി മരങ്ങൾക്ക് ആ മാവിന്റെ അടിയിൽ തന്നെ വളരണമെന്ന് ഇത്ര വാശി?
വേനൽക്കാലത്ത് എന്ത് സുഖമാണ് ഇതിന്റെ അടിയിൽ വന്നിരിക്കാൻ! ഒന്നരാടൻ കൊല്ലങ്ങളിൽ മാവ് പൂക്കും. എത്ര മധുരമുള്ള മാമ്പഴമാണ് അപ്പോൾ കിട്ടുന്നത്! ഊഞ്ഞാലയിട്ട് ആടുന്നതും ഇതിന്റെ കൊമ്പിൽ തന്നെ. ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മാവിനെ ചോലയെന്നുള്ള ഒരേ ഒരു കാരണത്താൽ എങ്ങനെ നശിപ്പിക്കാനാകും?
മാവ് വെട്ടാൻ വരുന്ന ദിവസം കുട്ടികളെല്ലാവരും കൂടി അതിന്റെ ചുവട്ടിൽ വന്ന് കിടക്കാനാണ് പദ്ധതി. ചേട്ടനാണ് അതിന്റെ നേതാവ്. വലിയവരോടൊന്നും പറയാൻ പാടില്ലയെന്ന് ചേട്ടൻ എല്ലാവരേയും ചട്ടം കെട്ടിവച്ചിട്ടുണ്ട്. അപ്പു ആരോടും ഒന്നും സംസാരിക്കാൻ പോകാറില്ല. അവന് എന്നും അവന്റെ ലോകത്ത് കഴിയാനാണ് താല്പര്യം. അവന്റെ ലോകത്ത് അവന് മാത്രം കാണാൻ കഴിയുന്ന കുറേ പ്രത്യേക സ്വപ്നങ്ങളുണ്ട്. അവനെ സ്നേഹിച്ച് എപ്പോഴും അവന്റെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന സ്വപ്നങ്ങൾ. അതൊന്നും മറ്റാരുമായും പങ്ക് വയ്ക്കാൻ അവന് ഇഷ്ടമില്ലായിരുന്നു.
അപ്പു മാവിന്റെ കൊമ്പിൽ കെട്ടിത്തൂക്കിയിരുന്ന ഊഞ്ഞാലിൽ കയറിയിരുന്നു. ആടുവാൻ അവന് അപ്പോൾ താല്പര്യം തോന്നിയില്ല. അവന്റെ മനസ്സ് കൊയ്തുകൊണ്ട് വരുന്ന കറ്റകളിലായിരുന്നു. അവൻ കൊച്ചുരാമന്റെ പാട്ടിന് വേണ്ടി കാതോർത്തിരുന്നു. മാവിന്റെ ചില്ലകളിൽ തട്ടി വരുന്ന മന്ദമാരുതൻഅവന്റെ കണ്ണുകളെ തഴുകിയൊഴുകി. അവന്റെ കണ്ണുകൾ അടയുന്നതിനോടൊപ്പം അവൻ രണ്ട് കൈകളും ഊഞ്ഞാലിന്റെ ഒരു വശത്തെ കയറിൽ ചേർത്ത് മുറുക്കിപ്പിടിച്ചു.
അപ്പു പാടത്ത് വരമ്പത്ത് നിൽക്കുകയാണ്. കൊച്ചുരാമൻ വന്നിട്ടു വേണം ഇത്തവണത്തെ വിതയെ പറ്റിയും കൊയ്ത്തിനെ പറ്റിയും ചോദിക്കാൻ. അപ്പുവിന് നെല്ലുവിളയെ പറ്റി നന്നായിട്ടറിയാം. അതിനാണല്ലോ പുറമേ പോയി കൃഷിയെ പറ്റി തന്നെ പഠിച്ചത്. കാളകളെ നുകത്തിൽ കെട്ടി കലപ്പകൊണ്ട് ഉഴുന്നതിന് പകരം യന്ത്രങ്ങൾ വച്ച് പാടം ഉഴുതു മറിക്കാനാണ് അപ്പു തീരുമാനിച്ചിരിക്കുന്നത്. പണ്ട് എംജിയാറിന്റെ സിനിമകളിൽ കാണുമായിരുന്ന യന്ത്രങ്ങൾ. അപ്പു തന്നെയായിരിക്കും അത് ഓടിക്കുന്നത്. കാളകളെ കൊണ്ട് പണിയെടുപ്പിച്ച് അതുങ്ങളെ വിഷമിപ്പിക്കുന്നതിന് പകരം ഈ എംജിയാർ യന്ത്രങ്ങൾ ഓടിക്കുന്നതല്ലെ നല്ലതെന്ന് അന്നു മുതലെ അപ്പു ആലോചിക്കാറുള്ളതാണ്.
പുതിയ തരം വിത്തുകൾ കൊണ്ട് വന്ന് കൂടുതൽ നെല്ല് കിട്ടാനുള്ള വിദ്യകൾ ചെയ്യണം. ഇവിടെയുള്ളവർക്കെല്ലാം ധാരാളം നെല്ലുണ്ടാക്കാനുള്ള സൂത്രപ്പണികൾ പഠിപ്പിച്ച് കൊടുക്കണം. ഇതാണ് അപ്പുവിന്റെ മനസ്സിൽ എപ്പോഴും ഉള്ള ചിന്ത.
കൊച്ചുരാമനും കുഞ്ഞിക്കാളിയ്ക്കും താമസിക്കാൻ പുതിയ വീടുണ്ടാക്കി കൊടുക്കണം. അപ്പോൾ കണ്ടൻകോരനും വേലാണ്ടിയും വരും. അവർക്കും കൊടുക്കാം കുറേ കാശ്. എങ്ങനെയാണ് പണിയേണ്ടതെന്നു വച്ചാൽ അവർ തന്നെ പണിഞ്ഞോട്ടേ. പക്ഷേ, കുഞ്ഞിക്കാളിയ്ക്കുള്ള വീട് അപ്പു തന്നെ പണിഞ്ഞു കൊടുക്കും. എത്ര എള്ളുണ്ടയും അരിയുണ്ടയും ആണ് അപ്പുവിന് തന്നിട്ടുള്ളത്! ആ സ്നേഹത്തിന് പകരം ആവില്ലെങ്കിലും ഒരു വീടിരിക്കട്ടെ അവർക്ക്.
കൊച്ചുരാമനെ കാത്ത് നിന്ന് അപ്പുവിന് ബോറടിക്കാൻ തുടങ്ങി. പാടത്തേയ്ക്ക് പോകുന്ന വഴിയിൽ ആദ്യത്തെ വീട് നാരായണന്റെ ആണ്. താഴ്ന്നു കിടന്നിരുന്ന പറമ്പിൽ ചകിരിച്ചോറ് ഇട്ട് നിറച്ച് നല്ല സ്പോഞ്ച് പോലെയാക്കിയിരിക്കുന്നു, നാരായണൻ. അപ്പു ആ പറമ്പിലേയ്ക്ക് ഇറങ്ങി നിന്ന് കാലുകൾ അമർത്തി നോക്കി. നല്ല രസമുണ്ട് ചവിട്ടാൻ. രണ്ടു മൂന്നാവർത്തി അതിന് മുകളിൽ ചാടി നോക്കി. ഹായ് എന്താ രസം! അപ്പു കുറേ കൂടി വേഗത്തിൽ ചാടാൻ തുടങ്ങി. അപ്പോഴാണ് അപ്പു കാല് തെറ്റി താഴെ വീണത്.
ഊഞ്ഞാലിന്റെ താഴെ നിന്നും അപ്പു മൂടും തുടച്ച് എണീറ്റു. ചുറ്റിനും നോക്കി. ആരും താൻ വീഴുന്നത് കണ്ടിട്ടില്ല. അമ്മ കണ്ടിരുന്നെങ്കിൽ ഇന്നത്തെ അടി അതിനെ ചൊല്ലിയായിരുന്നേനെ. സ്കൂളിൽ പോകാതിരുന്നത് തലകുത്തി വീഴാനായിരുന്നോ എന്നാകും ചോദ്യം. ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ അപ്പുവിന് മനസ്സിൽ തോന്നുന്ന ഒരു സംശയം - ആരെങ്കിലും വേണമെന്ന് വിചാരിച്ച് താഴെ വീഴുമോ? ചേട്ടനോടും ചേച്ചിയോടും ഈ സംശയം ചോദിച്ചിട്ട് ഒരു കാര്യവുമില്ല. ചോദിച്ച ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ ഉടനെ അവർ പറയും ‘നാളത്തേയ്ക്ക് ധാരാളം പഠിക്കാനുള്ളപ്പോഴാണ് അവന്റെ ഓരോ സംശയങ്ങൾ. അപ്പുറത്തെങ്ങാനും പോയി കളിക്കാൻ നോക്ക്, അപ്പു.’
വേറെയാർക്കും തന്റെ സംശയങ്ങൾ കേൾക്കാനുള്ള സമയം പോലും ഉണ്ടാകില്ല. അപ്പോൾ പിന്നെ കുഞ്ഞിക്കാളിയോട് ചോദിക്കുന്നതാവും നല്ലത്. എന്തെങ്കിലും ഒരുത്തരം പറയാതിരിക്കില്ല. എത്ര ജോലിത്തിരക്കുണ്ടെങ്കിലും തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നിട്ടില്ല, കുഞ്ഞിക്കാളി. സ്കൂളിൽ പോകാതെ തന്നെ എത്ര അറിവാണ് അവർക്ക്. ഇനി കാണുമ്പേൾ അവരോട് ചോദിക്കണം ഇതെല്ലാം എവിടുന്നാണ് പഠിച്ചതെന്ന്. അതറിഞ്ഞാൽ പിന്നെ അപ്പുവിനും സ്കൂളിൽ പോകുന്നതിന് പകരം കുഞ്ഞിക്കാളിയുടെ കൂടെ ആ സ്ഥലത്ത് പോയാൽ പോരെ?
അപ്പു ചെവിയോർത്തു. കൊയ്ത്തുകാർ വരുന്നതിന്റെ ആരവമൊന്നും കേൾക്കാനില്ല. ഇന്നിതെന്തു പറ്റി ഇവർക്ക്? അമ്മാമ്മയോട് ചോദിക്കാം. പക്ഷേ, ഇത്രയും ദൂരത്ത് പോയവർക്ക് എന്ത് പറ്റിയെന്ന് അമ്മാമ്മയ്ക് എങ്ങനെ അറിയാൻ കഴിയും? എന്നാലും ഇങ്ങനെയുള്ള പല കാര്യങ്ങളെ പറ്റിയും അമ്മാമ്മ പറയുന്നത് സത്യമായി തീരാറുണ്ട്. അമ്മാമ്മയ്ക്ക് ഒരു ‘ആറാം ഇന്ദ്രിയം’ ഉണ്ടെന്ന് അമ്മയും വല്യമ്മമാരും പറയുന്നത് കേട്ടിട്ടുണ്ട്. എന്താണീ ഇന്ദ്രിയം എന്ന് അപ്പുവിന് മനസ്സിലായിട്ടേയില്ല. അതും അഞ്ചെണ്ണം കഴിഞ്ഞ് ആറാമത്തേതിന് എന്താ ഇത്ര പ്രത്യേകത? ആരോട് ചോദിക്കാനാണ്? എല്ലാവരും അപ്പുവിനോട് ‘നീ പോടാ അപ്പുറത്ത്’ എന്ന് പറഞ്ഞ് ഓടിക്കുകയേയുള്ളു. ഈ കാര്യവും കുഞ്ഞിക്കാളിയോട് ചോദിക്കുക തന്നെ.
കുഞ്ഞിക്കാളിയോട് ചോദിക്കാനുള്ള കാര്യങ്ങളുടെ എണ്ണം കൂടി വരുന്നു. ഇനി കുഞ്ഞിക്കാളിയെ കാണുമ്പോൾ ഇതെല്ലാം ഓർക്കുമോ ആവോ?
കുഞ്ഞിക്കാളിയുടെ അടുത്ത് ചോദ്യങ്ങളുമായി ചെല്ലുമ്പോൾ തന്നെ അവര് മടിക്കുത്തിൽ നിന്നും ഒരു എള്ളുണ്ടയോ അരിയുണ്ടയോ എടുത്തു തരും. അത് വായിലിട്ട് നുണയുമ്പോൾ ബാക്കി കാര്യങ്ങളെല്ലാം അപ്പു മറന്നു പോകും. അത്രയ്ക്ക് രുചിയാണ് അതിന്. ഇന്ന് കുഞ്ഞിക്കാളിയെ കാണുമ്പോൾ എള്ളുണ്ട വാങ്ങുന്നതിന് മുമ്പേ തന്നെ സംശയങ്ങൾ ചോദിക്കണം.
അപ്പുവിന്റെ ഇപ്പോഴത്തെ പ്രശ്നം കൊയ്ത്തുകാരുടെ വരവാണ്. അതിനെ പറ്റി കുഞ്ഞിക്കാളിയോട് ചോദിക്കാൻ പറ്റില്ലല്ലോ. അപ്പോൾ പിന്നെ അമ്മാമ്മയോട് തന്നെ ചോദിക്കാം. അപ്പു മാവിന്റെ ചോട്ടിൽ നിന്നും പടിഞ്ഞാപ്പുറത്തേയ്ക്ക് കയറി. അമ്മാമ്മ അടുക്കളയിലാവാനാണ് വഴി. കൊയ്ത്തുകാർക്ക് കൊടുക്കാനുള്ള കാപ്പി തിളപ്പിക്കുകയായിരിക്കണം.
ഒട്ടും ഒച്ച കേൾപ്പിക്കാതെ അപ്പു തളത്തിൽ കൂടി നടന്ന് നാലുകെട്ടിൽ എത്തി. അമ്മയും വല്യമ്മമാരും തളത്തിനിരുവശത്തുമുള്ള മുറികളിൽ കിടയ്ക്കുകയാവും. അല്ലെങ്കിൽ പടിഞ്ഞാപ്പുറത്ത് സൊറ പറഞ്ഞിരിക്കാറുള്ളതാണ്. സംസാരിക്കുന്ന ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ട് ഉറങ്ങിക്കാണുമെന്ന് തോന്നുന്നു. അപ്പു നാലുകെട്ടിൽ നിന്നും അടുക്കളയിലേയ്ക്ക് കടക്കുന്ന ചെറിയ മുറിയിലെത്തി. പത്തായപെട്ടി ഇവിടെയാണ് ഇരിക്കുന്നത്. നെല്ല് ഉണക്കിക്കഴിഞ്ഞാൽ ഈ പത്തായപ്പെട്ടിയിലാണ് ഇട്ടു സൂക്ഷിക്കുക.
അപ്പോഴേയ്ക്കും എതിരെ നിന്നും അമ്മാമ്മയും ആ മുറിയിലെത്തി. “എന്താ, അപ്പു ഇവിടെ?” അമ്മാമ്മ അപ്പുവിനെ കണ്ടപാടെ ചോദിച്ചു.
“അമ്മാമ്മേ, എന്താ മുത്തച്ഛനും കൊയ്ത്തുകാരും ഇത് വരെ എത്താത്തത്?” അപ്പു മനസ്സിൽ കൊണ്ടു നടന്നിരുന്ന സംശയം പുറത്തിറക്കി.
അതിനിടയിൽ അമ്മാമ്മ ചുമരിലെ ഷെൽഫിൽ നിന്നും ചായപ്പൊടിയുടെ പാത്രം എടുത്തു. അതും കൊണ്ട് അമ്മാമ്മ അടുക്കളയിലേയ്ക്ക് നടക്കുവാൻ തുടങ്ങി. “അപ്പു, നമ്മുടെ പാടം കണ്ടിട്ടുണ്ടോ? വേറെ ഒരു പറമ്പിന്റെ വരമ്പത്ത് കൂടി വേണം നമ്മുടെ പാടത്തെത്താൻ.”
അപ്പു അമ്മാമ്മയുടെ പുറകേ അമ്മാമ്മ പറയുന്നതും കേട്ട് നടന്നു. അടുക്കളയിലെത്തിയിട്ട് അമ്മാമ്മ അടുപ്പത്തു വച്ചിരുന്ന പാത്രത്തിലെ തിളക്കുന്ന വെള്ളത്തിലേയ്ക്ക് തേയിലപ്പൊടി എടുത്തിട്ടു. അമ്മാമ്മ ചായയുണ്ടാക്കുന്നതും നോക്കി അപ്പു പാതിയംപുറത്തിന്റെ തെക്കേ അറ്റത്ത് കയറിയിരുന്നു. അമ്മാമ്മ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അപ്പുവിന് അതൊന്നും ശരിക്കും കേൾക്കാൻ സാധിച്ചിരുന്നില്ല. സ്പൂണിട്ട് അലൂമിനീയം പാത്രത്തിൽ അടിക്കുന്നതിന്റെ ശബ്ദത്തിനു താഴെയായിരുന്നു അമ്മാമ്മയുടെ സംസാരം.
അമ്മാമ്മയെ നോക്കി അങ്ങനെ ഇരിക്കുമ്പോൾ അപ്പുവിന്റെ മനസ്സ് പാടത്തേയ്ക്ക് പായുകയായിരുന്നു.
പാടത്തിന്റെ വരമ്പത്തുകൂടി ഉന്തുവണ്ടി കൊണ്ട് പോകാൻ പ്രയാസമായതിനാൽ കറ്റക്കെട്ടുകൾ ഓരോരുത്തരായി ചുമന്ന് കൊണ്ട് വരുകയാണ്. വണ്ടി വഴിയരികിലാണ് നിർത്തിയിരിക്കുന്നത്. പാടം വഴിയിൽ നിന്നും ഒരു പറമ്പിനപ്പുറത്ത് ഉള്ളിൽ ആയതുകൊണ്ടുള്ള ബുദ്ധിമുട്ട് കുറച്ചൊന്നും അല്ല. നാരായണന്റെ പറമ്പിൽ കൂടി നടക്കാൻ പറ്റില്ല. അയാൾ അത് വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഈ കൊയ്ത്തുകാരുടെ ബുദ്ധിമുട്ട് കുറക്കാൻ എന്താണ് പോംവഴി എന്നായിരുന്നു അപ്പു ചിന്തിച്ചിരുന്നത്. നാരായണന്റെ പറമ്പ് വാങ്ങുകയെന്നതാണ് എളുപ്പമുള്ള സംഗതി. പക്ഷേ, അയാൾ അത് വിൽക്കാൻ കൂട്ടാക്കിയില്ലെങ്കിൽ എന്ത് ചെയ്യും?
അപ്പു അവിടെ നിന്നുകൊണ്ട് പരിസരം ആകമാനം നിരീക്ഷിച്ചു. എല്ലാ വയലുകളേയും തഴുകികൊണ്ട് ഒരു തോട് ഒഴുകുന്നണ്ട്. തോടിന്റെ ഒരു വശം ഈ പാടശേഖരവും മറുപുറം പുരയിടങ്ങളുമാണ്. അപ്പുറത്ത് പുരയിടങ്ങൾക്കും തോടിനുമിടയിൽ കുറച്ച് വീതിയിൽ ഒരു വഴി കിടപ്പുണ്ട്. കൈവണ്ടി തള്ളിക്കയറ്റാവുന്ന വീതിയുണ്ട് ആ വഴിയ്ക്ക്. അപ്പോൾ കറ്റക്കെട്ടുകൾ അക്കരയെത്തിച്ചാൽ സുഖമായി ഉന്തുവണ്ടിയിൽ കയറ്റുവാൻ സാധിക്കും. പക്ഷേ, അതെങ്ങനെ സാധിക്കും?
അപ്പു രണ്ട് കൈയ്യും ഇടുപ്പിൽ വച്ച് കാലുകൾ കുറച്ച് അകത്തി തല ഉയർത്തി തെങ്ങിൻ മുകളിലേയ്ക്ക് മുഖം തിരിച്ച് അങ്ങനെ നിന്നു. നാട്ടിലെ ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുമ്പോൾ ഈ പോസിലാണ് എംജിയാർ നിൽക്കുക. അങ്ങനെ നിന്നാൽ പുതിയ ഐഡിയ തലയ്ക്കകത്ത് വരുമെന്ന് അപ്പുവിനറിയാം.
പെട്ടെന്ന് അപ്പു തല കുടഞ്ഞു, വലത്തുകൈ മുഷ്ടി ചുരുട്ടി ആകാശത്തേയ്ക്ക് ഉയർത്തി. പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടുകിട്ടിയാൽ അതാണ് ചെയ്യുക. അപ്പുവിന്റെ പ്രശ്നത്തിന് പരിഹാരം കിട്ടിയെന്ന് ചുരുക്കം.
ഇക്കര നിന്നും അക്കരയിലേയ്ക്ക് ഒരു പാലം പണിയുക. വലിയ വീതിയില്ലാത്ത തോടായതിനാൽ പാലം വളരെ എളുപ്പത്തിൽ പണിയാൻ പറ്റും. അപ്പു കൊച്ചുരാമനെ വിളിച്ചു വരുത്തി. എന്നിട്ട് തോടിന്റെ അരികിൽ ചെന്ന് കാല് നീട്ടി കാണിച്ചു. അക്കരയ്ക്കൊരു പാലം ഇടുന്ന കാര്യം പറയുന്നതിനിടയിൽ ഒറ്റക്കാലിൽ നിന്നിരുന്ന അപ്പു തോട്ടിലേയ്ക്ക് ഇഴുകി വീണു.
‘ബ്ലക്ക്’ എന്ന് വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ട് അപ്പു ഞെട്ടി. താൻ തോട്ടിൽ വീണ ശബ്ദമാണെന്നാണ് അപ്പു കരുതിയത്. പക്ഷേ, അമ്മാമ്മ ചായ ഒരു പാത്രത്തിൽ നിന്നും മറ്റൊരു പാത്രത്തിലേയ്ക്ക് പൊക്കിയൊഴിച്ച ശബ്ദമായിരുന്നത്.
“അമ്മാമ്മേ അവരു വരാറായോ?” അപ്പുവിന്റെ ആകാംക്ഷ മൂർദ്ധന്യത്തിലായി.
“ഉന്തുവണ്ടിയുടെ ചക്രങ്ങൾ ഉരുളുന്നത് കേൾക്കാൻ പറ്റുന്നില്ലേ അപ്പു? കുറേ ആളുകൾ ഒന്നിച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന ആരവം കേൾക്കുന്നില്ലേ, അപ്പു?”
അമ്മാമ്മയ്ക്ക് ഇത്ര നല്ല കേൾവി ശക്തിയോ? അപ്പുവിന് അത്ഭുതം തോന്നി. താൻ ഒരു ശബ്ദവും കേട്ടില്ല. എന്നാലും അപ്പു പറഞ്ഞു, “ഉവ്വുവ്വ്. എല്ലാം ഞാനും കേൾക്കുന്നുണ്ട്. ഞാൻ പടിക്കൽ പോയി അവർ വരുന്നത് കാണട്ടെ.” അതും പറഞ്ഞ് അവൻ പാതിയംപുറത്ത് നിന്ന് ചാടിയിറങ്ങി കിഴക്കേപ്പുറത്തേയ്ക്ക് ഓടി. ഇനിയാണ് രസം. അപ്പുവിന്റെ മനസ്സിൽ കൈവണ്ടികളും വലിച്ചുകൊണ്ട് വരുന്ന കൊയ്ത്തുകാരായിരുന്നു.
കിഴക്കേ വരാന്തയും മുറ്റവും തമ്മിൽ നാല് പടികളുടെ ഉയര വ്യത്യാസമുണ്ട്. നല്ല വീതിയിലാണ് പടികൾ കെട്ടിയിരിക്കുന്നത്. മുൻവശത്തെ വാതിൽ കടന്നാൽ വീതിയിലുള്ള വരാന്ത, പിന്നെ മുറ്റത്തേയ്ക്കിറങ്ങാനുള്ള പടികൾ. അപ്പു വാതിൽ കടന്നു. പിന്നെ പടികളുടെ കാര്യം മറന്നു. വരാന്തയിൽ നിന്നും പടികൾ ചവിട്ടാതെ നേരെ മുറ്റത്തെത്തി. കമിഴ്ന്നടിച്ച് താഴെ വീഴുമ്പോൾ മുന്നിൽ കുഞ്ഞിക്കാളി വരുന്നത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളു.
“അപ്പുട്ട്യേ ... എന്താ പറ്റിയത്?” അതും പറഞ്ഞ് കുഞ്ഞിക്കാളി അപ്പുവിനെ പൊക്കിയെടുത്തു. ആരോ അപ്പുവിന്റെ മുഖത്ത് കുറച്ച് വെള്ളം തളിച്ചു. അപ്പു കണ്ണുകൾ തുറന്നപ്പോൾ കുഞ്ഞിക്കാളിയുടെ മുഖമാണ് കണ്ടത്.
“ഭാഗ്യം. അപ്പുട്ട്യയ്ക്ക് ഒന്നു പറ്റീട്ടില്ല. എവിടേം പൊട്ടീട്ടൊന്നൂല്യ. ദാ, മിടുക്കൻ കണ്ണ് തുറന്നൂലോ.” കുഞ്ഞിക്കാളി പറയുന്നത് അപ്പു കേൾക്കുന്നുണ്ടായിരുന്നു.
പക്ഷേ, അപ്പുവിന് അറിയേണ്ടത് അതൊന്നുമായിരുന്നില്ല. അവൻ കുഞ്ഞിക്കാളിയുടെ മുഖത്ത് നോക്കി.
“പാലം പണി ഇത്ര പെട്ടെന്ന് കഴിഞ്ഞോ?”
വാൽക്കഷ്ണം
കൊച്ചുന്നാളിൽ നമ്മെ സ്നേഹിക്കുന്ന കുറേ സ്വപ്നങ്ങൾ നമ്മോടൊപ്പം ഉണ്ടാകും. വളരുന്തോറും നമ്മൾ ആ സ്വപ്നങ്ങളിൽ നിന്നും അകലുകയും പിന്നീടവയെ മറക്കുകയും ചെയ്യും. പിന്നെ നമ്മൾ ആർക്കോ വേണ്ടിയുള്ള പുതിയ സ്വപ്നങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള തത്രപ്പാടിലായിരിക്കും. ഒടുവിൽ നമുക്ക് വേണ്ടിയിരുന്നതിൽ നിന്നും വളരെ അകന്ന് മറ്റൊരു ലോകത്തിൽ എത്തിച്ചേരുന്നു. പാവം, നമ്മളെ സ്നേഹിച്ച സ്വപ്നങ്ങൾ!

By: Santhosh Gangadharan, Oman

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot