
ഉറക്കം വരാത്ത ആ രാത്രിയിൽ അയാൾ എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ ശബ്ദമുണ്ടായി മറ്റാരും ഉണരാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. പൊട്ടിത്തെറിക്കാൻ പാകത്തിനു തിളച്ചുമറിയുന്ന തലയും കുമ്പിട്ട് ഉമ്മറത്തെ ചാരുകസേരയ്ക്ക് സമീപത്തുള്ള ബെഞ്ചിലിരുന്നു. പകലും രാത്രിയും തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസമില്ല. രാത്രിയാണു കൂടുതൽ ഭേദം, അകവും പുറവും ഇരുട്ട്. പകൽ വെളിച്ചത്തിലെ കാഴ്ചകൾക്കും കണ്ണുകൾ വരെയെ പ്രവേശനമുള്ളു. ഉള്ളിലെ ഇരുട്ടകറ്റാൻ പകലിന്റെ പ്രകാശ രശ്മികൾക്ക് തീവ്രത പോര.
കൈത്തണ്ടയിൽ ഒരു നനുത്ത സ്പർശം. സാവധാനം കൈതണ്ടയിലെ പിടി മുറുകി. ശരീരത്തിൽ തണുപ്പനുഭവപ്പെട്ടു. തലയ്ക്കുള്ളിലെ ചൂട് ചെറുതായി കുറയുന്നതറിഞ്ഞു. ഒക്കെ പകുത്തെടുക്കുകയാണു. ചാരു കസാലയിലേക്ക് നിവർന്ന് നോക്കാൻ ധൈര്യമില്ലായിരുന്നു. തല എതിർവശത്തേക്ക് ചരിച്ച് ആകാശം കണ്ടു. തെന്നി നീങ്ങുന്ന മേഘങ്ങൾക്കിടയിലൂടെ തെളിയുന്ന പൂർണ്ണ ചന്ദ്ര ബിംബം.
ബെഞ്ചിൽ നിവർന്ന് കിടന്നു, കണ്ണുകൾ ഇറുകെ പൂട്ടി. കൈത്തണ്ടയിൽ നിന്നും തണുപ്പ് നെറ്റിയിലേക്ക് മാറി. "മക്കളെ" എന്നുള്ള വിളിക്ക് ഒരു ചെറു മൂളലിൽ മറുപടിയൊതുക്കി. സാധാരണ രണ്ടവസ്ഥകളിലാണു ആ വിളി കേൾക്കാറുള്ളത്. ഒന്ന്, സ്വയം തകർന്നു പോകുന്ന നിസ്സഹായവസ്ഥയിൽ. ആ കണ്ണുകളിൽ അപ്പോൾ ദയനീയ ഭാവമായിരിക്കും. രണ്ടാമത് ആശ്വാസവും പ്രതീക്ഷയും നൽകി തിളങ്ങുന്ന കണ്ണുകളോടെ. ഇപ്പോൾ കണ്ണുകൾ കാണാൻ സാധിക്കുന്നില്ല. എങ്കിലും തിരിച്ചറിയാൻ കഴിയുന്നുണ്ട്, ഈ വിളി ആശ്വസിപ്പിക്കലിന്റേതാണു.
ആകാശത്ത് ഒരു തിരി നാളം പ്രത്യക്ഷപ്പെട്ടു. നെറ്റിയിലെ തണുപ്പകന്നു. കുട്ടിക്കാലത്ത് അപൂർവ്വമായി ഈ കാഴ്ച കണ്ടിട്ടുണ്ട്. അടുത്ത് നിൽക്കുന്നയാളെ വിളിച്ച് കാണിക്കാനൊ ശബ്ദിക്കാനൊ പാടില്ല, അങ്ങനെയുണ്ടായാൽ അതപ്പോൾ അപ്രത്യക്ഷമാകും. കുട്ടിക്കാലത്ത് കേട്ട മുത്തശ്ശിക്കഥകൾ പലത്, രാത്രിയുടെ അവകാശികൾ. ശാസ്ത്രം പലതും പഠിപ്പിച്ചുവെങ്കിലും ഇന്നും ഇക്കാര്യത്തിൽ മുത്തശ്ശിക്കഥ തന്നെ വിശ്വാസം. തീ നാളം മെല്ലെ ചലിച്ച് താഴെ കാവിനു മുകളിലെത്തി, പിന്നെ ശക്തിയോടെ താഴേക്ക് പതിച്ചു.
ശരീരത്തിലെ തണുപ്പകന്നു. തലയിൽ ലാവ വീണ്ടും തിളക്കാനാരംഭിച്ചു. പറയാനൊ കേൾക്കാനൊ സമയമായില്ലെന്ന തിരിച്ചറിവിൽ വീടിനുള്ളിലേക്ക് മടങ്ങി. പുകചുരുളുകൾ നിറഞ്ഞ് പരസ്പരം കാണാനാകാത്ത കിടപ്പറയിൽ അത്യുഗ്ര സ്ഫോടന ശേഷിയുള്ള രണ്ട് ശിരസ്സുകൾ. ചെറു സുഷിരങ്ങളിൽ കൂടി പോലും പുറത്ത് വരാനാകാത്തവിധം പുക ചുരുളുകളെ നാലു ചുവരുകൾക്കുള്ളിൽ തടഞ്ഞ് നിർത്തുന്ന മനുഷ്യ ബുദ്ധി.
രാവിലെ കാർ പുറത്തേക്കെടുക്കുമ്പോൾ പിന്നിലെ കത്തുന്ന കണ്ണുകളും ചോദ്യങ്ങളുമായി വളഞ്ഞു നിൽക്കുന്ന പുരിക കൊടികളേയും അയാൾ മനപൂർവ്വം അവഗണിച്ചു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. ഏകാന്തതയിലേക്കുള്ള നുഴഞ്ഞ് കയറ്റങ്ങൾ ഒഴിവാക്കി.
ലക്ഷ്യമില്ലാത്ത ആ യാത്രയിലെപ്പോഴൊ കാറിനുള്ളിൽ വല്ലാത്തൊരു തണുപ്പനുഭവപ്പെട്ടു. പാസഞ്ചർ സീറ്റിലെ അദൃശ്യ സാന്നിധ്യം. ആ കുഞ്ഞുകാറിലെ യാത്രയിലധികവും ആശുപത്രിയ്ക്കും വീടിനുമിടയിലായിരുന്നു. ചെറുതും വലുതുമായ ഒട്ടനവധി യാത്രകൾക്കിടയിലായിരുന്നു മനസ്സ് തുറന്ന് സംസാരിച്ചിട്ടുള്ളത്. ചെറുപ്പത്തിൽ വായിച്ച പുരാണ കഥയിൽ, ആകാശത്തിനേക്കാൾ ഉയരമുള്ളത് പിതാവിനാണെന്ന് യുധിഷ്ഠിരൻ പറഞ്ഞത് മനസ്സിലായത് ഈ കാറിലെ യാത്ര തുടങ്ങിയതിനു ശേഷമായിരുന്നു.
പിന്നീടെപ്പോഴൊ സീറ്റിലും ജീവിതത്തിലും വലിയൊരു ശ്യൂന്യത സൃഷ്ടിച്ച് കൊണ്ട് കാലം കടന്ന് വന്നപ്പോൾ പലപ്പോഴും അന്ധാളിച്ചു നിന്നു പോയി. പിന്നീട് കണ്ടെത്തിയ വഴിയായിരുന്നു ഇത്തരം യാത്രകൾ. അതിലെപ്പോഴൊ അദൃശ്യ സാന്നിധ്യമായി പിന്നേയും ഒപ്പം.
വ്യഥകൾ ഒന്നൊന്നായി മനസ്സിൽ നിന്ന് പുറത്തേക്ക് അയാളൊഴുക്കി വിട്ടു. അശ്രുക്കളാൽ കാഴ്ച മങ്ങിയപ്പോൾ വാഹനം ഓരം ചേർത്ത് നിർത്തി. അപ്പോൾ തണുപ്പിന്റെ തീവ്രത കുറഞ്ഞു വന്നു. പെട്ടെന്ന് കണ്ണുകൾ തുടച്ച് യാത്ര പുനരാരംഭിച്ചു. തണുപ്പ് പിന്നേയും കൂടി. പിന്നീട് കണ്ണുകൾ നിറയാതിരിക്കാൻ അയാൾ വളരെ ക്ലേശിച്ചു.
ഒരു മനുഷ്യ ജീവിതം സംസ്കരിച്ചെടുക്കാൻ ഒരായുസ്സ് തന്നെ പോര. നേരിടുന്ന ഓരൊ പ്രതിസന്ധിയും വെല്ലുവിളികളും സംസ്കരണത്തിന്റെ ഭാഗമാണു. എത്ര വേഗം ആ പ്രക്രിയ പൂർണ്ണമാകുന്നു എന്നത് ഒരാളുടെ ഉള്ളിലെ കാമ്പിന്റെ ഗുണമേന്മപോലെയാണു. നന്മ. ഒരാളെയും പൂർണ്ണമായി സംസ്കരിച്ചെടുക്കാനാകില്ല. ചിലത് അത്തരം പരിണാമ പദ്ധതിയുടെ തുടക്കത്തിലും മറ്റ് ചിലറ്റ് ഒടുക്കവും ക്ഷയിച്ചില്ലാതാകും, മഹാ ഭൂരിപക്ഷവും അത്തരത്തിലുള്ളതാണു.
തലമുറകളുടെ പരിണാമ ക്രിയകളിലൂടെ പവിത്രീകരിച്ച ക്രിയാത്മകമായ അവബോധം ഉൾക്കൊള്ളുവാനുള്ള വിമുഖത മാത്രമാണു നവ പുരുഷാന്തരത്തിന്റെ അപചയത്തിന്റെ മുഖ്യ ഹേതു.
കുടുംബത്തിനുള്ളിലായാലും പുറത്തായാലും ക്ഷമ എന്ന വാളുകൊണ്ടും പരിചയെന്ന അവഗണനകൊണ്ടും നേരിടാനാകാത്തതായി ഒന്നുമില്ല. ഒപ്പം കാലത്തിന്റെ ദൈർഘ്യവും. പിഴച്ചതോർത്ത് പരിതപിക്കുന്നതിനേക്കാൾ പിഴച്ചതെവിടെയുന്നുള്ള കണ്ടെത്തലിലാണു സാമർത്ഥ്യം വേണ്ടത്.
ജീവിത യാത്രയിൽ കൂടെ കൂട്ടുന്നതിനെ സ്വയം കണ്ടെത്തുന്നതായാലും കണ്ടെത്തി ഏൽപിക്കുന്നതായാലും അടിസ്ഥാനപരമായി വൈജാത്യങ്ങളൊന്നുമില്ല. പിന്നീട് ഒഴികഴിവിനുള്ളൊരു മാർഗ്ഗമായി സമൂഹവും വ്യക്തികളും ഇതിനെ വിനിയോഗിക്കുന്നതാണു തെറ്റ്. യാത്ര എങ്ങനെ തുടരണമെന്ന് സ്വയം തീരുമാനിക്കുക. ജീവിത ലക്ഷ്യത്തിലേക്ക് മുന്നേറാൻ, എപ്പോഴും കായികമായ ശക്തിയും അഭ്യാസവും വേണ്ടാത്ത വാളും പരിചയും മുറുകെ പിടിക്കുക.
കാറിലെ തണുപ്പകന്നു. തലയിലെ ചൂടും.
അയാൾ തിരികെ വീട്ടിലെത്തുമ്പോൾ, സന്ധ്യയിലെ അരണ്ട വെളിച്ചത്തിലും കത്തുന്ന കണ്ണുകൾ കാത്തു നിൽപുണ്ടായിരുന്നു. തെക്കെപറമ്പിൽ മങ്ങി കത്തുന്ന അസ്ഥിതറയിലേക്ക് കൈ കൂപ്പുവാൻ നടക്കുമ്പോൾ രണ്ട് തുളസിയില കയ്യിൽ കരുതാൻ അയാൾ മറന്നിരുന്നില്ല.
തുടരെ വന്ന അസ്ത്രങ്ങളെ പരിച കൊണ്ട് നേരിട്ട്, രണ്ടാമത്തെ ആയുധത്തെ കൃത്യമായ ലക്ഷ്യത്തിലേക്ക് ഉന്നം വച്ചു, " ഒരു ചായ, വല്ലാത്ത ക്ഷീണം" എന്ന് രീതിയിൽ ആക്രമിച്ചു. ഒരു നിമിഷം, ചുവന്ന കണ്ണുകൾ വിടർന്നു. സജലങ്ങളായൊ എന്ന് സംശയ ദുരീകരണത്തിനു മുന്നെ കടന്ന് പോയി.
മുറിക്കുള്ളിലെ കാർമേഘങ്ങൾ വട്ടം ചുറ്റി കിട്ടിയ സുഷിരങ്ങളിലൂടെ പുറത്തേക് മായുന്നത് അയാൾ കട്ടിലിൽ മലർന്ന് കിടന്ന് കൊണ്ട് കണ്ടു.
(അശോക് വാമദേവൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക