നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓർമ്മത്താളുകളിലെ അവൾ

Image may contain: 1 person, selfie, beard, closeup and indoor

******************************
"കറുത്ത് മെല്ലിച്ച തന്റെ നീണ്ട ഉടലിൽ, പഴകി പകിട്ട് കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച്... ചടച്ച്, എണ്ണപുരളാതെ തോളൊപ്പം കിടക്കുന്ന മുടി...പതിവായ് ചുവന്ന റിബ്ബൺ കൊണ്ട് കെട്ടിയൊതുക്കി, മെലിഞ്ഞ് നീണ്ട മുഖവും, വായിൽ നിറയെ കട്ടപ്പല്ലും, കണ്ണുകളിൽ ഒഴിയാത്ത വിഷാദവുമായി പതിഞ്ഞ കാൽ വെപ്പുകളോടെ നടന്നിരുന്ന 'മിനിക്കുട്ടി ' എന്ന് പേരുള്ള അവളെ... ഒരിക്കൽ ഞാൻ "പല്ലി" എന്ന് പരിഹസിച്ച് വിളിച്ചിരുന്നു...! "
**********************
പടിക്കൽ നിന്നും മുഴങ്ങിക്കേട്ട സ്കൂൾ ബസ്സിന്റെ നീട്ടിയുള്ള 'ഹോൺ ' ഗേറ്റും കടന്ന്, ചാറ്റൽ മഴ നനഞ്ഞ മുറ്റവും താണ്ടി, വരാന്തയിലേ ഭിത്തിയിൽ വന്നലച്ചപ്പോൾ...മഴ കണ്ട് പത്രം വായിച്ചിരുന്ന എന്റെ മനസ്സിലേക്ക് പച്ചപ്പാർന്ന ബാല്യകാലം ഓടിയെത്തി.... ! അങ്ങനെ പതിയെ ഞാൻ ആ ബാല്യത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായി...
സ്കൂൾ ബസ്സിന്റെ ഹോണിനെ അനുസ്മരിപ്പിക്കും വിധം മുറ്റത്ത് നിൽക്കുന്ന ചാമ്പമരത്തിന്റെ ചുവട്ടിൽ നിന്നും ഉയർന്ന് കേൾക്കുന്ന ചങ്ങാതി ബിജുക്കുട്ടന്റെ "കൂയ്...." എന്നുള്ള നീട്ടിക്കൂവലോടെയാണ് മിക്ക ദിവസവും എന്റെ സ്കൂളിലേക്കുള്ള യാത്ര അക്കാലത്ത് ആരംഭിച്ചിരുന്നത്... ഇത് കേൾക്കുന്ന നിമിഷം അടുക്കളയിലെ മര ബഞ്ചിലിരുന്ന് പ്രാതൽ കഴിച്ച് കൊണ്ടിരുക്കുന്ന ഞാൻ, പാതി പാത്രത്തിൽ അവശേഷിപ്പിച്ച്, മുഖമൊന്ന് കഴുകിയെന്ന് വരുത്തി, വായിൽ കൊണ്ട വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പിയിട്ട്, അമ്മയുടെ സാരിത്തലപ്പിൽ മുഖവും തുടച്ച് ഉമ്മറത്തേക്ക് ഒറ്റ ഓട്ടമാണ്, ആ ഓട്ടത്തിനിടയിൽ... അകത്തെ തടിയലമാരയുടെ കണ്ണാടിയിൽ ഒന്ന് നോക്കും... എന്നിട്ട് വിരലുകൾകൊണ്ട് മുടി തിടുക്കത്തിലൊന്ന് കോതിയൊതുക്കും... പിന്നെ തലേന്ന് തന്നെ ഉമ്മറത്തേ മേശമേൽ പുസ്തകം കുത്തി നിറച്ച് വെച്ചിരിക്കുന്ന തോൾസഞ്ചിയും ചുമലിൽ പേറി മുറ്റത്തേക്ക് ചാടും...
അങ്ങനെ അവിടെ നിന്നും ആരംഭിക്കുന്ന ഞങ്ങളുടെ ആ യാത്ര കുണ്ടിടവഴിയും കടന്ന് മേലെ വളപ്പിലെത്തുമ്പോഴേക്കും ചങ്ങാതിമാരുടെ എണ്ണം നാലോ, അഞ്ചോ ആവും... ഓരോരുത്തരുടേയും വീട്ടുപടിക്കൽ എത്തുമ്പോഴും ബിജുക്കുട്ടൻ തന്റെ കണ്ഠത്തിൽ നിന്നും ഹോൺ ശബ്ദം ഉയർത്തും...! അങ്ങനെ ഒരു ജാഥ പോലെ മുന്നോട്ട് നീങ്ങുന്ന സംഘം വഴിയിൽ കാണുന്ന ഇലപ്പടർപ്പുകളെ കൈയ്യിൽ കിട്ടുന്ന വടികൊണ്ട് തല്ലി ഒതുക്കിയും, നടക്കുമ്പോൾ കരയുന്ന റബ്ബർ ചെരിപ്പിൽ കാൽ അമർത്തി ഉരച്ച് ശബ്ദമുണ്ടാക്കിയും, അതിരുവേലിയിൽ പടർന്നു നിൽക്കുന്ന കൊങ്ങിണിയിലെ പൂക്കൾ പറിച്ചെടുത്തും, പതിവുകളൊന്നും തെറ്റാതെ മുന്നോട്ടു നീങ്ങും....അങ്ങെനെ ഞങ്ങൾ വലിയ കലുങ്കിനടുത്തെത്തുമ്പോഴേക്കും മേലേ കുന്നിൻ മുകളിൽ വളർന്ന് നിൽക്കുന്ന പറങ്കിമാവുകൾക്കിടയിലുള്ള ഓല മേഞ്ഞ വീട്ടിൽ നിന്നും ഒരു രൂപം താഴെ ഞങ്ങൾക്കരികിലേക്ക് ഓടിയെത്തും... അവളായിരുന്നു പല്ലിയെന്ന് ഞങ്ങൾ പരിഹസിച്ച് വിളിച്ചിരുന്ന മിനിക്കുട്ടി.
സംഘത്തിലെ പലരുടെയും സഹപാഠി ആയിരുന്നു അവളെങ്കിലും, ഞങ്ങളാരും അവളൊട് അത്ര അടുപ്പം കാട്ടിയിരുന്നില്ല...! മാത്രമല്ല ഞങ്ങൾ അവളെ തരം കിട്ടുമ്പോഴെല്ലാം പല്ലീ... പല്ലീ എന്ന് ഞങ്ങൾ പരിഹസിച്ച് വിളിക്കുകയും ചെയ്തിരുന്നു... അവളുടെ വീടിന്റെ ഭാഗത്തെത്തുമ്പോൾ ഒരിക്കലും ബിജുക്കുട്ടൻ തന്റെ ഹോൺ ശബ്ദം പുറപ്പെടുവിച്ചിരുന്നില്ല...! എങ്കിലും അതിലൊന്നും തെല്ലും പരിഭവമില്ലാതെ അവൾ പതിവായി ഞങ്ങളോടൊപ്പം സ്കൂളിലേക്ക് പോന്നിരുന്നു... നെഞ്ചത്തടുക്കിപ്പിടിച്ച പുസ്തകക്കെട്ടും, അതിനു മേൽ ഒരു വലിയ ചോറു പാത്രവുമായി ഞങ്ങളിൽ നിന്നും കുറച്ച് ദൂരെ മാറി... ഞങ്ങൾക്ക് പിന്നാലെ പതിഞ്ഞ കാൽവെയ്പ്പുകളോടെ അവൾ നടന്ന് വരും.
ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടം നടത്തിയിരുന്ന തങ്കപ്പാണ്ണന്റെയും, സുമതി ചേച്ചിയുടെയും മൂന്ന് പെൺമക്കളിൽ മൂത്തവളായിരുന്നു മിനിക്കുട്ടി. വീട്ടുകാര്യങ്ങളൊന്നും അന്വേഷിക്കാതെ ഉത്സവപ്പറമ്പുകൾ ചുറ്റുന്ന ഒരു മുഴുക്കുടിയനായിരുന്നു തങ്കപ്പാണ്ണൻ!. അണ്ണന് ഇവരെ കൂടാതെ തെങ്കാശിയിൽ മറ്റൊരു ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു... വല്ലപ്പൊഴും അയാൾ ഈ വീട്ടിൽ എത്തുന്നത് തന്നെ മദ്യപിച്ച് ലക്ക് കെട്ട് നാലുകാലിലായിരിക്കും... അന്നവിടെ നടക്കുന്ന അടിയും, ബഹളവുമായിരുന്നു അണ്ണൻ നാട്ടിലെത്തി എന്നതിന്റെ അടയാളം...അങ്ങനെ മൂന്നു പെൺകുട്ടികൾ അടങ്ങുന്ന ആ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ചുമലിലേറ്റിയ സുമതി ചേച്ചി...പാടത്തും, പറമ്പിലും, അധ്വാനിച്ചും, അയൽ വീടുകളിൽ അടുക്കള ജാലി ചെയ്തും കിട്ടുന്ന തുഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം പുലർത്തിയിരുന്നത്.
തന്നെ പരിഹസിക്കുന്ന മറ്റ് കൂട്ടുകാരോട് പലപ്പോഴും രൂക്ഷമായ ഭാഷയിൽ കയർക്കുകയും, എതിർത്ത് സംസാരിക്കുകയും ചെയ്തിരുന്ന അവൾ, എന്നോടൊരിക്കലും ദേഷ്യം കാട്ടിയിരുന്നില്ല... പകരം എന്റെ "പല്ലീ " എന്ന വിളിയെ... നിസംഗതയോടെ, ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്നും നേരിട്ടു.
അങ്ങനെ ദിനങ്ങൾ ഞങ്ങളോടൊപ്പം ഇരുട്ടി വെളുക്കവെ... ഏഴാം ക്ലാസ്സ് കഴിഞ്ഞുള്ള മധ്യവേനലവധിയിലെ ആ വിഷുക്കാലം കൊന്നയിൽ വിടർത്തിയ മഞ്ഞ പൂക്കളോടൊപ്പം, എന്നിൽ മഞ്ഞപ്പിത്തത്തിന്റെ രോഗവും പടർത്തി!. സമൂലം അരച്ച് പുലർ കാലെ പാലിനോടൊപ്പം കുടിക്കുന്ന കീഴാർനെല്ലി കയ്പ്പിൽ എന്റെ അക്കൊല്ലത്തെ അവധിക്കാലമത്രയും മുറിക്കുള്ളിൽ അടക്കപ്പെട്ട നിലയിൽ ആ രോഗം കവർന്നു.
അവധി കഴിഞ്ഞ് സ്കൂളിലേക്കുള്ള ആദ്യ യാത്രയിൽ മിനിക്കുട്ടിയെ കാണാതിരുന്നത് കൊണ്ട് ഞാൻ ബിജുക്കുട്ടനോട് ചോദിച്ചു...
"എടാ പല്ലി പഠിത്തം നിർത്തിയാ...? അവളെ കണ്ടില്ലാലോ..!
അതിന് അവൻ പറഞ്ഞ മറുപടി കേട്ട് ഞാൻ തരിച്ചു നിന്നു പോയ്...
" നീയറിഞ്ഞില്ലാർന്നോ ....? അവള് പാമ്പ് കടിയേറ്റ് മരിച്ച്... പാടത്തിന്നരികിലെ പള്ളേല് ചത്ത് കിടക്കാർന്ന്... എട്ടടി മൂർഖനാ കടിച്ചെ...അത് കടിച്ചാ പിന്നെ എട്ടടി തെകച്ചും വെക്കുവേല!. "
ഇത് കേട്ടതും എന്റെ ഉള്ളിന്റെയുള്ളിൽ അറിയാതൊരു വേദന വിങ്ങലായ് പടർന്നു,.. 'പല്ലിയെന്ന് 'പരിഹസിച്ച് വിളിച്ച് അവളെ അകറ്റി നിർത്തിയിരുന്നുവെങ്കിലും, അവളുടെ മരണവാർത്ത എന്നിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടാക്കി...! വൈകുന്നേരം സ്കൂൾ വിട്ട് പോകവെ, അവളുടെ വീട്ടിലേക്കുള്ള വഴിയരികിലെത്തിയപ്പോൾ എന്റെ പാദങ്ങൾ ഞാനറിയാതെ നിശ്ചലമായി...ആ പറങ്കിമാവിൻ തോപ്പിൽ നിന്നും പാറിപ്പറന്ന മുടി മാടി ഒതുക്കി അവൾ എന്നെ നോക്കി കട്ടപ്പല്ല് കാട്ടി ചിരിക്കും പോലെ എനിക്ക് തോന്നി... അവിടേക്ക് ഒന്നുകൂടി നോക്കിയിട്ട് ഞാൻ ഇടറുന്ന കാൽവെപ്പോടെ മെല്ലെ എന്റെ വീട്ടിലേക്ക് നടന്നു ...ബിജുക്കുട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെങ്കിലും, അതൊന്നും എന്റെ കാതുകളിൽ അപ്പോൾ പതിഞ്ഞതേയില്ല...!
അവളുടെ മരണം വല്ലാത്തൊരു തളർച്ച മനസ്സിലുണ്ടാക്കിയിരുന്നു... വീട്ടിലെത്തിയ ഉടൻ തന്നെ മിനിക്കുട്ടിയുടെ മരണവാർത്ത ഞാൻ അമ്മയോട് പറഞ്ഞു... അമ്മയത് നേരത്തെ അറിഞ്ഞിരുന്നു...പക്ഷെ എന്നെ അറിയിക്കാത്തതായിരുന്നു!.
പിന്നീട് കുറെക്കാലത്തേക്ക് സ്കൂളിലേക്കുള്ള യാത്രയിൽ, മിനിക്കുട്ടിയുടെ വീടിനടുത്ത് എത്തുമ്പോൾ അറിയാതെ ഞാൻ അവിടേക്ക് നോക്കുമായിരുന്നു... പിന്നെ പതിയെ അതും ഇല്ലാതായി... മിനിക്കുട്ടിയും, അവളുടെ ഓർമ്മകളും എന്റെ ബോധ മണ്ഡലത്തിൽ നിന്നും എവിടെയോ പോയ് മറഞ്ഞു.
വലിയതോട്ടിലെ വെള്ളത്തോടൊപ്പം കാലവും കുതിച്ചൊഴുകി ... ഞങ്ങളൊക്കെ മുതിർന്നവരായി... ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചപ്പോൾ, ബിജുക്കുട്ടൻ പട്ടണത്തിൽ പലചരക്ക് വ്യാപാരം നടത്തുന്ന ഒരു കട തുടങ്ങി.
അങ്ങനെ ജോലി കിട്ടി ആദ്യ ശമ്പളവുമായി അമ്മയുടെ അടുക്കലെത്തിയ എന്നോട് അമ്മ പറഞ്ഞു:
" ഈ കാശ് നീ സുമതിയുടെ കൈയ്യിൽ കൊടുക്കണം...! മരിച്ച് പോയ മിനിക്കുട്ടിയുടെ അമ്മയുടെ കൈയ്യിൽ... ഇത് കൊണ്ടൊന്നും ഒരു പരിഹാരമാവില്ലെന്നറിയാം ... എന്നാലും ഇത് നീ ചെയ്യണം... ''
അമ്മ പറഞ്ഞതിന്റെ പൊരുൾ എനിക്ക് അപ്പോൾ മനസ്സിലായില്ല... ഞാനാകെ ആശയക്കുഴപ്പത്തിലായി എന്റെയാ നിൽപ്പ് കണ്ടിട്ട്, അമ്മ എന്നെ പഴയ ഏഴാം ക്ലാസ്സ് കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോയി...
മഞ്ഞപ്പിത്തം ബാധിച്ച കിടന്ന എന്നെ കാണാൻ ഒരു ദിവസം അവൾ വീട്ടിൽ വന്നിരുന്നു...
"കുട്ടനെ ഒന്ന് കാണാൻ വേണ്ടി വന്നതാ ഞാൻ "
എന്ന് പറഞ്ഞ അവളോട് അമ്മ പറഞ്ഞു:
"ഇത് പകരണ അസുഖമാ കുട്ടി...! അവനെ ഇപ്പം കാണണ്ട... പറ്റുമെങ്കിൽ നീയാ പാടത്ത് പോയി കുറച്ച് കീഴാർ നെല്ലി പറിച്ചു കൊണ്ടുവന്ന് തായോ... അവന് മരുന്നിനാ"
ഇതും പറഞ്ഞ് അവളെ അമ്മ അന്ന് പാടത്തേക്ക് പറഞ്ഞയച്ചിരുന്നു... ആ പോക്കിനിടയിലാണ് അവളെ പാമ്പ് കടിച്ചത്.. ഏറെ നേരം കഴിഞ്ഞിട്ടും അവളെ കാണാതിരുന്നപ്പോൾ, കീഴാർ നെല്ലി കിട്ടാത്തതു കൊണ്ട് മിനിക്കുട്ടി അവളുടെ വീട്ടിൽ പോയിക്കാണുമെന്ന് അന്ന് അമ്മ കരുതി ..ഒരുപാട് സമയമായിട്ടും അവൾ വീട്ടിൽ എത്താത്തതിനാൽ സുമതി ചേച്ചി അവളെ തിരഞ്ഞു ചെന്നപ്പോൾ പാമ്പിന്റെ കടിയേറ്റു നീലിച്ചു ബോധ മറ്റ് കിടക്കുന്ന മിനിക്കുട്ടിയെയാണ് അവർ കണ്ടത്.. നാട്ടുകാരുടെ സഹായത്തോടെ വിഷ വൈദ്യന്റെ അടുത്ത് എത്തിച്ചുവെങ്കിലും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല...
താൻ കാരണമാണല്ലോ അവൾക്കീ ഗതി വന്നത് എന്ന കുറ്റബോധത്താൽ നീറി കഴിയുകയായിരുന്നു എന്റെ അമ്മ... പക്ഷേ അത് ആരോടും പറയുവാനുള്ള ധൈര്യം ഇതു വരെ അമ്മയ്ക്കുണ്ടായിരുന്നില്ല... ഇത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഒന്നും മിണ്ടാതെ ഞാൻ മുറ്റത്തേക്കിറങ്ങി...
എന്റെ കാലുകൾ യാന്ത്രികമായി മിനിക്കുട്ടിയുടെ വീട്ടിലേക്ക് ചലിച്ചു... ഒതുക്കുകൾ കയറി വീട്ടുമുറ്റത്ത് എത്തുമ്പോൾ അവിടെ ഉണ്ടക്കണ്ണുകളുള്ള വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി നിൽക്കുന്നത് ഞാൻ കണ്ടു... എന്നെ കണ്ടതും ആ കണ്ണുകൾ കുറച്ച് കൂടി വിടർന്നു ...
"എന്നെ മനസ്സിലായോ?"
എന്ന എന്റെ ചോദ്യത്തിന് ...അറിയാമെന്ന മട്ടിൽ പുഞ്ചിരിച്ചു കൊണ്ട് അവൾ തലയാട്ടി.
എന്നിട്ട് ..." ഞാൻ അമ്മയെ വിളിച്ചു കൊണ്ടുവരാമെന്ന് " പറഞ്ഞ് അവൾ അകത്തേക്കോടി.
"എന്താ മോനെ ഇവിടെ നിൽക്കുന്നത് അകത്തേക്ക് കയറിയിരിക്കൂ.. " കോലായിലെ കസേര ചൂണ്ടിക്കാട്ടി ഇതും പറഞ്ഞു കൊണ്ട് സുമതി ചേച്ചി പുറത്തേക്കു വന്നു... ജീവിത ഭാരം പേറി അവർ നന്നെ ക്ഷീണിച്ചിരുന്നുവെങ്കിലും, കൺകളിൽ ഒരു ചെറു തിളക്കമുണ്ടായിരുന്നു.
ഞാനാ വീടിന്റെ കോലായിൽ കയറി ഇരുന്നു... പഴയ ഓല മേഞ്ഞ വീട് പഞ്ചായത്തിന്റെ സഹായം കൊണ്ട് ഒരു ചെറിയ കോൺക്രീറ്റ് കെട്ടിടമാക്കി മാറ്റിയിരുന്നു. മുറ്റത്ത് നിറയെ ചെടികൾ വച്ച് പിടിപ്പിച്ചുട്ടുണ്ടായിരുന്നു... വിരിഞ്ഞ് നിന്നിരുന്ന റോസാ പൂക്കൾ പടർത്തിയ സൗരഭ്യം അവിടമാകെ നിറഞ്ഞ് നിന്നിരുന്നു... മുല്ലയും,മന്ദാരവും, നന്ത്യാർവട്ടവും ഒക്കെ പൂത്തുലഞ്ഞുനിൽക്കുന്നു...
അതിലേക്ക് എന്റെ കണ്ണുകൾ പായുന്നത് കണ്ടിട്ടാവണം മിനിക്കുട്ടിയുടെ അമ്മ പറഞ്ഞു:
"ഇതൊക്കെ ഈ പെണ്ണിന്റെ പണിയാ... മിനീടെ താഴത്തേതിന്റെ താഴെയുള്ളതാ ഇവൾ... സിനിന്നാ പേര്, മിനിക്കും ഇവളെപ്പോലെ തന്നെ പൂക്കൾ ഒത്തിരി ഇഷ്ടമായിരുന്നു ...
എന്റെ കുട്ടി ഉണ്ടായിരുന്നേലിപ്പൊ"
ഇതും പറഞ്ഞ് തന്റെ നിറഞ്ഞ കണ്ണുകൾ അവർ ചുമലിലെ തോർത്ത് കൊണ്ട് തുടച്ചു.
"ഇവൾടെ മൂത്തതിനെ കെട്ടിച്ചു വിട്ടു ഇനി ഇവൾ കൂടി ഉണ്ട്... എം. എ ക്ക് പഠിക്കുവാ. പഠിത്തം കഴിഞ്ഞിട്ട് മതീ കല്ല്യാണം ന്നാ ഇവള് പറയണെ... കാശുണ്ടായിട്ടല്ല മോനെ പഠിപ്പിക്കുന്നത്. ഒന്നിനെങ്കിലും ഒരു ജോലി കിട്ടട്ടെ എന്നു കരുതിയാ ഞാനീ കഷ്ടപ്പാടെല്ലാം പെടുന്നത്.... ഇപ്പഴും കണ്ട വീടുകളിൽ എച്ചില് കഴുകിത്തന്നെയാണ് ഞാൻ ഈ കുടുംബം പുലർത്തണത്. "
ഇത് പറഞ്ഞ അവരുടെ മുഖത്തേക്ക് ഞാൻ ദയനീയമായി ഒന്ന് നോക്കി.. എന്നിട്ട് ചോദിച്ചു
'അച്ഛൻ...?"
"ഓ അയാളിപ്പൊ തെങ്കാശിയിൽ സ്ഥിരതാമസാക്കി... ഇവിടേക്ക് തീരെ വരാറില്ല... അത് തന്നെയാ മോനെ നല്ലത് ഞങ്ങക്കിപ്പൊ ഒരു സമാധാനമുണ്ട്.. "
അവർ പറഞ്ഞു നിർത്തി.
ഞാൻ എഴുന്നേറ്റ് സുമതി ചേച്ചിയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും കാശെടുത്ത് ആ കൈകളിൽ വച്ചു കൊടുത്തു...
അവർ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി... എന്നിട്ട് പറഞ്ഞു:
"കാശിന് വേണ്ടിയിട്ടല്ല കുഞ്ഞേ ഞാനിതൊക്കെപ്പറഞ്ഞത് "
"സാരമില്ല... ഇത് അമ്മയ്ക്ക് അവകാശപ്പെട്ടതാണെന്ന് കൂട്ടിക്കോളൂ, "
പണം അവരുടെ കൈയ്യിൽ ബലമായി വെച്ച് കൊടുത്തിട്ട് ഞാൻ പോകാൻ ഒരുങ്ങി,
അകത്തെ ഇരുട്ടിൽ നിന്നും അപ്പോൾ രണ്ട് തിളങ്ങുന്ന കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു...അവിടേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി നടന്ന് നീങ്ങി.
**********************
"ഇങ്ങട് താ, അച്ഛൻ പേപ്പറും നിവർത്തി വച്ചോണ്ട് വായിക്കാതെ മഴ കാണുവാല്ലേ " ?
മോള് പേപ്പർ പിടിച്ച് വാങ്ങിയപ്പോഴാണ് ഓർമ്മകളുടെ ചങ്ങല പൂട്ടിൽ നിന്നും ഞാൻ സ്വതന്ത്രനായത്...
"മഴയെ പ്രണയിച്ച് കഴിഞ്ഞോ എഴുത്ത് കാരാ...? "
അവൾക്ക് പിന്നാലെ വന്ന സിനി എന്നോട് ചോദിച്ചു
" ഞാൻ കുറച്ച് നേരം എന്റെ കുട്ടിക്കാലത്തേക്ക് ഒന്നു പോയി...അതിനാണ് അമ്മയുയും, മോളും കൂടി എന്നെ കളിയാക്കണത് അല്ലേ... ? "
" അപ്പൊ ന്തായാലും മിനി വലിയമ്മ വന്നിട്ടുണ്ടാവും ല്ലേ അച്ഛാ? ''
എന്റെ ചോദ്യത്തിന് മോളുടെ മറു ചോദ്യം ഇതായിരുന്നു:
ഉത്തരം അവൾക്കറിയാമായിരുന്നെങ്കിലും
''അതേല്ലോ "എന്ന് പറഞ്ഞ് ഞാനവളെ വാരിയെടുത്ത് ആ കുഞ്ഞിക്കവിളിലൊരു ഉമ്മ നൽകി.
അപ്പോൾ മഴ കനത്തിരുന്നു,
സിനിയെയും ചേർത്ത് പിടിച്ച് ആർത്തലച്ചു പെയ്യുന്ന മഴയെയും നോക്കിയിരുന്നപ്പോൾ താഴേക്കു വീഴുന്ന പളുങ്കു തുള്ളികൾക്കിടയിൽ ഒരു മുഖം എനിക്ക് മുന്നിൽ തെളിഞ്ഞു വന്നു; എന്നെ നോക്കി ചിരിക്കുന്ന ഒരു മുഖം...! മോളുടെ മിനി വല്ല്യമ്മയുടെ മുഖം, സിനിയുടെ വല്ല്യേച്ചിയുടെ മുഖം, ഞങ്ങളുടെ പല്ലിയുടെ കട്ടപ്പല്ല് കാട്ടി ചിരിക്കുന്ന ആ മുഖം.
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot