നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തവളകളുടെ പ്രേതം

Image result for frog
~~~~~~~
ഞങ്ങൾ... ഞങ്ങളെന്നു പറഞ്ഞാ സജിത്ത് , ജോബി, ഞാൻ , രതീഷ് , അശ്വിൻ ഞങ്ങൾ അഞ്ചു പേർ. ഇണപിരിയാത്ത സുഹൃത്തുക്കളാണ്. ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നത്... ഞങ്ങൾ ചോദിച്ചില്ലല്ലോ എന്ന് ചോദിക്കാൻ വരട്ടെ ... ഒരു കാര്യം പറയാൻ വേണ്ടി പറഞ്ഞതാന്നെ.
രാത്രിയിലേക്ക് യാത്ര പൊയ്ക്കോണ്ടിരുന്ന ഒരു സായന്തനത്തിൽ പതിവ് പോലെ ഇരിക്കാറുള്ള പഞ്ചായത്ത് കിണറിന്റെ വക്കിൽ ഇരുന്നു ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ജോബി എന്നോട് ചോദിച്ചത്
"നമുക്ക് തവള പിടിക്കാൻ പോയാലോ സജ്ഞയേ. ??? "
ഞാൻ തല കുലുക്കി എല്ലാവരെയും നോക്കിയപ്പോൾ എല്ലാവരുടെയും തല നല്ല താളത്തിൽ കുലുങ്ങുന്നുണ്ട്.
പിന്നെ കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ആയിരുന്നു. തൊട്ടടുത്തുള്ള രതീഷിന്റെ വീട്ടിൽ പോയി ചാക്ക് എടുത്തു. ഒരെണ്ണം എടുത്തപ്പോൾ ജോബി പറഞ്ഞു ഒരു ചാക്കിൽ എന്താകാനാണ് ഒരെണ്ണം കൂടി എടുത്തോ അപ്പോഴും എല്ലാവരുടെയും തലകൾ കുലുങ്ങി.
മഴക്കാലമാണ്.... ആ പരിസരത്ത് തവളയുടെ കരച്ചിൽ അല്ലാതെ വേറൊരു ശബ്ദവും ഇല്ല. രണ്ട് ടോർച്ചു എടുത്തു. പോരാ... പോരാ... കടയിൽ പോയി ഒരു പെട്രോമാക്‌സും കൂടി വാടകയ്ക്കു എടുത്തു. കാരണം ഇന്ന് വരെ കണ്ടിട്ടുള്ള എല്ലാ തവള പിടിക്കലിനും പോകുമ്പോൾ പെട്രോമാക്സ് നിർബന്ധമാണ്.
അങ്ങിനെ ഞങ്ങൾ അഞ്ചാളും റ്റിപിസി അഥവാ തപിക ആയി ( തവള പിടുത്ത കമാൻഡോസ് ). അവിടുന്ന് കുറച്ചു ദൂരം നടന്നാൽ വയലുകൾ ഉണ്ട്. അങ്ങോട്ടു പോകാം എന്ന തീരുമാനത്തിൽ എത്തി. വയലിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ ടോർച്ചു വെളിച്ചത്തിൽ ഒരു മുട്ടൻ തവള.... ഹൈ ഹൈ വീണിതു കിടക്കുമല്ലോ അച്ചാറിൻ ഭരണിയിൽ... മനസ്സിൽ കൊതിമഴ... ഇഷ്ടൻ രക്ഷപെടാൻ രണ്ടു മൂന്ന് ചാട്ടം ചാടിയെങ്കിലും കാര്യമുണ്ടായില്ല. എന്റെ ബലിഷ്ടമായ കരങ്ങൾക്കുള്ളിൽ അവൻ ഒതുങ്ങി. വേഗം ജോബിയോട് ചാക്ക് നിവർത്താൻ പറഞ്ഞു ചാക്കിൽ ഇട്ട വഴിക്ക് തവള അഞ്ചാറ് ചാട്ടം ... ചാക്ക് കിടന്ന് കുലുങ്ങുന്നതിന്റെ ഒപ്പം ജോബിയുടെ വായിൽ നിന്ന് ...( ശ്ശെ എന്തോന്നാ അത്....??? ഒരു കടിച്ചാ പൊട്ടാത്ത വാക്കുണ്ടല്ലോ... ??? എന്തോ ഒരു പഷ്ട...പൃഷ്ട...ങ്ങാ... പ്ഷ്ഠ.. പ്ഷ്ഠ ... കിട്ടിപ്പോയി അസപ്ഷ്ഠ ) അതന്നെ ആ ശബ്ദങ്ങൾ അവന്റെ വായിൽ നിന്ന് ഉണ്ടായി ....
നോക്കിയപ്പോൾ ദേഹത്ത് കൊള്ളാതിരിക്കാൻ ജോബി ചാക്ക് നീട്ടിപിടിച്ചിരിക്കുകയാണ് ' ടാ ഇത് പിടി ഇത് പിടി ' അവൻ അലറുന്നുണ്ട്‌. ഞങ്ങൾ നാല് പേരും അത് കേൾക്കാത്ത ഭാവത്തിൽ ഞങ്ങടെ നാലു വെടക്ക് തലകളും വടക്കോട്ട് തിരിച്ചു അവൻ ഞങ്ങടെ കൂട്ടത്തിൽ ഉള്ളതല്ല എന്ന ഭാവത്തിൽ നിന്നു ... കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഭാഗ്യത്തിന് പിടച്ചിൽ നിന്നു. അവൻ സംശയത്തോടെ ചാക്കിനെ നോക്കി അപ്പൊ ഞങ്ങൾ നാലാളും ഒരുമിച്ചു ചാക്കിനെ നോക്കി... അത് നിശബ്ദം...
വീണ്ടും നടന്നു.... മൂന്നടി തികച്ചു വെച്ചില്ല ... ദേ നിൽക്കുന്നു ടോർച്ച് വെളിച്ചത്തിൽ അടുത്തത് ... അതിനെയും പിടിച്ചു... നേരത്തത്തെ സംഭവങ്ങൾ ഒരുമാറ്റവുമില്ലാതെ പിന്നെയും ഉണ്ടായി... അവനെത്ര കെഞ്ചി കരഞ്ഞിട്ടും ഞങ്ങൾ ചാക്ക് പിടിക്കാൻ കൂട്ടാക്കിയില്ല... അവിടുന്ന് വയൽ എത്തുന്നതിനുള്ളിൽ പത്തെണ്ണത്തിനെ കിട്ടി.... എല്ലാവരുടെയും മനസ്സിൽ സന്തോഷേട്ടൻ നിറഞ്ഞു തകധിമി തകധിമി ഡാൻസ് കളിച്ചു.... ഇന്ന് തവളയിറച്ചി കൊണ്ട് സാമ്പാർ മുതൽ അച്ചാർ കോമാ തോരൻ കോമാ അവിയൽ വരെ ഉണ്ടാക്കും. ഞാൻ മനസ്സിൽ ഓർത്തു....
ഹോ അടിച്ചു കോള്... ഭാഗ്യം രണ്ട് ചാക്ക് എടുത്തത്. ചാക്ക് പിടിക്കേണ്ടി വന്നത് കാരണം ജോബിയുടെ മുഖത്ത് മാത്രം ഒരു സന്തോഷവുമില്ല ... ഞങ്ങൾ അത് ശ്രദ്ധിക്കാൻ പോയില്ല ശ്രദ്ധിച്ചാൽ പിന്നെ ഞങ്ങളിൽ ആരെങ്കിലും ചാക്ക് പിടിക്കേണ്ടി വരും. വയലിലേക്ക് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോൾ ജോബിക്കൊരു സംശയം " ടാ ഇതൊക്കെ ചത്തിട്ടുണ്ടാകുമോ. "
" പോടാ അവിടുന്ന് അത് മീനല്ലേ പിടിച്ചാൽ ഉടനെ ചാവാനായിട്ടു " സജിത്ത് ജോബിയെ കളിയാക്കി.
" അല്ലെടാ അനങ്ങുന്നില്ല. " ജോബി പിന്നെയും സംശയം പറഞ്ഞു.
" ചിലപ്പോ അതൊക്കെ പേടിച്ചിട്ടാകും അനങ്ങാത്തത്... " സജിത്ത് നിസ്സാരമായി പറഞ്ഞു.
എനിക്കൊരു ഡൌട്ട് തോന്നി.... ഞാൻ വേഗം ചാക്ക് തുറക്കാൻ പറഞ്ഞു ജോബി ചാക്ക് നിലത്തു വെച്ചു. കൂട്ടിപ്പിടിച്ചിരുന്ന തല ഭാഗം തുറന്നു ഞാൻ അതിനുള്ളിലേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി. അറിയാതെ തന്നെ എന്റെ വായിൽ നിന്ന് ' എന്റെ കൃഷ്ണാ ' എന്ന് വിളി വന്നു അവരൊക്കെ ഓടി വന്നു... അഞ്ചു തലകൾ ഒരുമിച്ചു ചാക്കിലേക്ക് നോക്കി. ദേ അതിനുള്ളിൽ ഒരു മനുഷ്യകുഞ്ഞു ... !!!
അല്ല... തവള കുഞ്ഞു പോലുമില്ല....!!!
ഞങ്ങൾ അഞ്ചു പേരും ഞെട്ടി ഒരു ഞെട്ടൽ പോരാതെ വന്നത് കാരണം വീണ്ടും വീണ്ടും ഞെട്ടി. അപ്പൊ നമുക്ക് കിട്ടിയ പത്തെണ്ണം...!!!
ചാക്ക് ഉയർത്തി പിടിച്ചു അതിനുള്ളിലേക്ക് ടോർച്ചു അടിച്ചു നോക്കിയപ്പോൾ ദേ ചാക്കിന്റെ അങ്ങേ അറ്റത്ത് ജോബിയുടെ മുഖം. അത്രയും വലിയൊരു മനോഹര നല്ലൊരു തുള.... ചായ്പ്പിൽ കിടന്ന ചാക്ക് ധൃതിയിൽ എടുത്തോണ്ട് വന്നപ്പോൾ തുളയുള്ളതാണോ എന്ന് നോക്കാൻ മറന്നു പോയി.
അപ്പോൾ ആ പിടിച്ച തവളകൾ...!!!
ഞങ്ങൾക്ക് അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് ഒരേ പോലുള്ള പത്ത് തവളകൾ ഒരു തവള തന്നെയായിരുന്നെന്നു... പിടിച്ചിടും... അത് രണ്ടു പിടച്ചിൽ പിടയും... ഓട്ടയിലൂടെ ചാടിപ്പോകും... പിന്നേം പിടിക്കും..ഞങ്ങൾ എണ്ണും രണ്ടേ... അത് പിന്നേം .ചാടിപ്പോകും.. അവസാനം അതിന് ബോറടിച്ചപ്പോ വേറെങ്ങോട്ടോ ചാടിപ്പോയെന്നു തോന്നുന്നു ...
ശ്ശേ... മനസ്സിൽ എല്ലാ ചേരുവകളും ചേർന്ന് തിളച്ചുകൊണ്ടിരുന്ന കറി ചട്ടി ആരോ എടുത്തെറിഞ്ഞു. അഞ്ചു പേരും നിരാശയോടെ ഇരുന്നു. ആരോ പറഞ്ഞു ഇത് പണ്ടേതാണ്ട് സിനിമയിൽ കണ്ടത് പോലെയായല്ലോ... ഞാൻ പറഞ്ഞു ഇനിയിപ്പോ ഇത് വേറേ ആരോടും പറയാൻ നിക്കണ്ട... എന്തിനാ വെറുതെ കുറെ ആക്കിയ ചിരികൾ ഏറ്റു വാങ്ങുന്നത്...
ഈ ഓട്ടയുള്ള ചാക്ക് എന്തിനാടാ സൂക്ഷിച്ചു വെയ്ക്കുന്നത് കളഞ്ഞു കൂടേ സജിത്ത് രതീഷിനോട് ചൂടായി
" ടാ അത് വാഴക്കുല പൊതിഞ്ഞു കെട്ടി വെയ്ക്കാൻ അച്ഛൻ സൂക്ഷിച്ചു വെയ്ക്കുന്നതാണ്. രണ്ടു തലയും കീറിയിട്ടു നടുക്കിലൂടെ വാഴക്കുല അകത്തേക്ക് കയറ്റി കെട്ടി വെക്കും. " ഞങ്ങൾ നാലു പേരും വീണ്ടും ശശികൾ..
" അപ്പൊ നിനക്ക് നേരത്തെ അറിയമായിരുന്നോ ഇത് ...??? "
" അറിയാം... ഞാനോർത്തു നാളെയെ കീറൂ എന്ന്. "
ചോട്ടാ മുംബൈയിൽ മോഹൻലാൽ പറഞ്ഞത് പോലെ ആരും ഇടിക്കണ്ട എനിക്കൊറ്റയ്ക്ക് ഇടിക്കണം എന്ന് ഞങ്ങളുടെ മനസ്സിൽ വന്നെങ്കിലും എല്ലാവരും പല്ല് കടിയിൽ ഒതുക്കി... വേറൊന്നും അല്ല അവൻ ഇത്തിരി സൈസ് ആണേ .... ഇത്തിരി ബോധം...ഏകദേശം ഒരു പതിനഞ്ചു കിലോയോളം കുറവാണ്. തമാശയ്ക്ക് അവനെ ഒരു ചെറിയ കല്ലെടുത്ത് എറിഞ്ഞാൽ വലിയ മന്തക്കൻ കല്ലെടുത്ത് അവൻ തിരിച്ചെറിയും. അതുകൊണ്ട് അവനെ എപ്പോൾ വേണമെങ്കിലും പൊട്ടാൻ തയ്യാറായ ബോംബ് പോലെയെ ഞങ്ങൾ കൊണ്ടു നടക്കാറുള്ളൂ. പിന്നെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ പുറമേ എന്നായെങ്കിലും അലമ്പുണ്ടാവുകയാണെങ്കിൽ രതീഷേ തല്ലെടാ എന്നൊരു വാക്ക് മാത്രം പറഞ്ഞേച്ച മതി ബാക്കി അവൻ നോക്കിക്കോളും. ഞങ്ങളുടെ സ്വഭാവം അനുസരിച്ചു എപ്പോ ഏത് ദിശയിൽ നിന്നാണ് അടി വരിക എന്നത് എത്ര വലിയ ജ്യോത്സനും പ്രവചിക്കാൻ പറ്റാത്ത കാര്യമാണ്. അതുകൊണ്ടു മാത്രമാണ് അവനെ കൂടെ കൊണ്ടു നടക്കുന്നത്. ഇപ്പൊ അവനോട് ചൂടായാൽ ചിലപ്പോ എടുത്തു ചേറിൽ ചവുട്ടി താഴ്ത്തി കളയും ... എന്തിനാ വെറുതെ ആവശ്യമില്ലാത്ത റിസ്ക് ഒക്കെ എടുക്കുന്നത്.... കുഴമ്പിനും എണ്ണയ്ക്കുമൊക്കെ നല്ല വിലയും... മാത്രമല്ല അതൊക്കെ വീട്ടുകാര് വാങ്ങിച്ചു തരുമോന്ന് ആർക്കറിയാം.
ഇനിയെന്ത് ചെയ്യും എന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് അന്തരീക്ഷം വീണ്ടും തവളയുടെ കരച്ചിൽ കൊണ്ട് മുഖരിതമായി. അഞ്ചു പേരുടെ മനസ്സിലും വീണ്ടും പ്രതീക്ഷകൾ മൊട്ടിട്ടു വിരിഞ്ഞു. മറ്റേ ചാക്ക് എടുത്തു നോക്കിയപ്പോ ഭാഗ്യത്തിന് അതിന് തുളയില്ല. അവന്റച്ഛന്റെ കത്തി മുനയിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ചാക്ക്...
തകർന്നു പോയ കൗമാര മനസ്സുകളെ നോക്കി ഞാൻ പറഞ്ഞു
" സാരമില്ലെടാ നമുക്ക് വയലിൽ ഇറങ്ങി നോക്കാം. നല്ല കരച്ചിലാണ്. " എന്നിട്ട് രതീഷിനോട് പറഞ്ഞു നീയാദ്യം ഇറങ്ങ് അവൻ ഇറങ്ങി പിന്നാലെ ജോബിയും അവർ അങ്ങോട്ട് നടന്നപ്പോൾ ഞാൻ സജിത്തിനോട് ചോദിച്ചു
" നിനക്ക് ഈ പൊട്ടനെ കൂടെ കൂട്ടണ്ട വല്ല കാര്യവും ഒണ്ടായിരുന്നോ അവന്റെ ഒരു കീറിയ ചാക്കും അവന്റച്ഛന്റെ വാഴക്കുലയും..... കോപ്പ്... " എനിക്ക് കലി തീർന്നില്ല.
" പിന്നെ നിന്റെ അമ്മായി അപ്പൻ തരുമോ ചാക്കും ടോർച്ചുമൊക്കെ " അശ്വിൻ ആണത് ചോദിച്ചത്.
ഞാൻ പിന്നൊന്നും മിണ്ടിയിട്ടില്ല എനിക്ക് അമ്മായി അപ്പൻ ആയിട്ടില്ല ഇനി ആയാൽ തന്നെ ആൾ ഇതൊക്കെ തരുമോ എന്നുതും അറിയില്ല പിന്നെ ഞാനെന്ത് മിണ്ടും. കമാൻഡോസ് കമോൺ വാ പൂവാം ഞാൻ പറഞ്ഞു അതിനും മുമ്പേ അവർ വയലിൽ ഇറങ്ങി കഴിഞ്ഞു.... അശ്വിൻ ടോർച്ചും കത്തിച്ചു ഇറങ്ങി ... ചെളിയാണ് പാദം താഴ്ന്നു പോകും എല്ലാവരും ഇറങ്ങി രണ്ടു സ്റ്റെപ്പ് മുന്നോട്ട് വെച്ചപ്പോൾ അവൻ പെട്ടെന്ന് രണ്ടു കയ്യും സൈഡിലേക്ക് വിരിച്ചു പിടിച്ചിട്ട് പറഞ്ഞു ...നിക്ക് ... നിക്ക് ... ഞാൻ വേഗം തിരിഞ്ഞു ഓടാൻ തയ്യാറെടുത്തു ... വല്ല പാമ്പും ആണെങ്കിൽ ഏത് വഴി ഓടണം എന്നൊക്കെ നോക്കിയിട്ട് പതുക്കെ ചോദിച്ചു " എന്താടാ...? "
" ഇതിലെ വേറാരോ പോയിട്ടുണ്ടെടാ നോക്കിക്കേ കാൽപ്പാട് കാണുന്നു....!!! " അവൻ ടോർച്ചടിച്ചു കാണിച്ചു സജിത്തും നോക്കിയിട്ട് പറഞ്ഞു
" ശരിയാണല്ലോ....! " ഞാനും ഒരുനിമിഷം ഞെട്ടി... അപ്പോഴേക്കും മുമ്പേ നടന്ന രതീഷും ജോബിയും തിരിഞ്ഞു നിന്നു ഞങ്ങളെ നോക്കി. ഞങ്ങടെ ടോർച്ചടിച്ചു നോക്കൽ കണ്ടപ്പോൾ ഇനി വല്ല നിധിയും ആണെന്നോർത്തിട്ടാണാവോ അവർ ഓടിപ്പാഞ്ഞു വന്നു. ' എന്തേ എന്തേ ' അവരും ചോദിച്ചു... അശ്വിൻ അവരോടും കാര്യം പറഞ്ഞു. എല്ലാവരും കൂടി കൻഫ്യൂഷൻ ആയി വേറൊന്നുമല്ല ആരേലും പോയിട്ടുണ്ടെങ്കിൽ പിന്നെ അതുവഴി പോയിട്ട് കാര്യമില്ലല്ലോ... പെട്ടെന്ന് എനിക്ക് കലി വന്നു
" ടാ മന്ദബുദ്ധികളെ അത് രതീഷും ജോബിയും പോയതിന്റെ കാൽപ്പാട് അല്ലേടാ.. "
" അത് ശരിയാണല്ലോ ഞാനതോർത്തില്ല.." അശ്വിൻ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു സജിത്ത് ചമ്മിണിയായി. ലവരും ചമ്മി...
" നല്ല എ ക്ലാസ് മന്ദബുദ്ധികൾ " ഞാൻ അവർ കേൾക്കെ തന്നെ വിളിച്ചു പറഞ്ഞു.
എനിക്ക് കലി വരാൻ വേറൊന്നും അല്ല കാരണമേ... ചിന്ന വയസ്സിലേ ഇരുന്ത് പാമ്പ് എന്ന് കേട്ടാൽ ഒരുതരം അറപ്പാണ് എനിക്ക്... അല്ല ...അല്ല ...പേടിയൊന്നും അല്ല ... എനിക്ക് അറപ്പാണ് വെറുപ്പാണ് അതുകൊണ്ട് കണ്ടാലും ഞാൻ ഓടുകയെ ഉള്ളൂ.... ഹും....ഹൃദയം മൂന്ന് ദിവസം കൊണ്ടു ഇടിച്ചു തീർക്കേണ്ടത് ഒറ്റ നിമിഷം കൊണ്ടാണു ഇടിച്ചു തീർത്തത്... ഇനി ഈ മാസം അധികയിടിക്കലിന്റെ അഡീഷണൽ ബില്ല് വല്ലോം വരുമോ ആവോ.... അവന്റെയൊരു മഹത്തായ കോപ്പിലെ കണ്ടുപിടിത്തം.
അങ്ങിനെ അതൊക്കെ കഴിഞ്ഞു ഞങ്ങൾ നടന്നു നടന്നു വയലിന്റെ നടുവിലെത്തി. എല്ലാവരും ഒത്തു കൂടി പെട്രോമാക്സ് കത്തിച്ചു. ജോബിയുടെ കയ്യിലുണ്ടായിരുന്ന മറ്റേ ചാക്ക് നിവർത്തി. " ഇത് മതിയാകുമോടാ കരച്ചിൽ കേട്ട് തവളകൾ കുറെയുണ്ടെന്നു തോന്നുന്നു .. " ജോബിയുടെ സംശയമാണ്. ശരിയാണ് തവളകൾ സംഗീതം പഠിക്കുന്ന ഏറ്റവും വലിയ സ്കൂളിൽ ആണെന്ന് തോന്നുന്നു ഞങ്ങൾ എത്തിയത്... അമ്മാതിരി കരച്ചിലാണ്.
" മതിയെടാ ഒരു ചാക്കിൽ നിറയുമ്പോൾ നമുക്ക് നിർത്താം അമൂല്യമായ തവള സമ്പത്ത് നമുക്ക് പൂർണ്ണമായും കൊള്ളയടിക്കണ്ട " ഞാൻ പറഞ്ഞു.
എന്നിട്ട് ഞങ്ങൾ ടോർച്ചിന്റെയും പെട്രോമാക്സിന്റെയും സഹായത്തിൽ തപ്പാനിറങ്ങി. തവളയുടെ കരച്ചിൽ കേൾക്കുമ്പോൾ ഞങ്ങൾ ഉറക്കയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു കരഞ്ഞോ തവളെ ... നീയൊക്കെ കരയ് ... ഇനിയെത്ര നേരം കരയും... നിന്നെയൊക്കെ വെട്ടി നുറുക്കി ചട്ടിയിൽ ഇട്ട് ഞങ്ങൾ പൊരിക്കാൻ പോകുവാ....
വയലിന്റെ മുക്കും മൂലയും ഒരുമിച്ചു തപ്പി പിന്നെ ഒറ്റയ്ക്കോറ്റയ്ക്ക് തപ്പി. എവിടെ.. മരുന്നിനു പോലും ഒരെണ്ണത്തിനെ കാണാനില്ല. കരച്ചിലിനാണെങ്കിൽ ഒരു കുറവുമില്ല. അവസാനം ഞങ്ങൾക്ക് മടുത്തു. എല്ലാവരും വരമ്പിൽ ഒത്തു കൂടി ഞാൻ ചോദിച്ചു " ഇതെന്തൊരു ഒടുക്കത്തെ കരച്ചിലാണ് എന്നിട്ട് ഒന്നിനെയും കാണാനില്ലല്ലോ. " അവരും അതന്നെ പറഞ്ഞു.
ഒടുവിൽ ഞങ്ങൾ ആ രഹസ്യം കണ്ടു പിടിച്ചു ... വലിയൊരു തവള കരച്ചിൽ തൊട്ടു മുമ്പിൽ നിന്നുയർന്നപ്പോൾ തൊട്ടു മുമ്പിലുള്ള നെൽച്ചെടി മാറ്റി നോക്കിയപ്പോൾ കൈ വിരൽതുമ്പിന്റെ അത്രയും ഉള്ള ഒരു തവള കുഞ്ഞു ... ഞങ്ങൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കി അതിന്റെ അച്ഛനോ അമ്മയോ ഉണ്ടോ എന്ന് .... ആരും ഇല്ല. അങ്ങിനെയിരിക്കുമ്പോ ആ തവളകുഞ്ഞു ഒന്ന് കരഞ്ഞു ഹോ ചെവി കാറിപ്പോയി ഇത്തിരിക്കോളം പോന്ന ആ തൊണ്ടയിൽ നിന്നുമാണോ ആ ശബ്ദം വന്നത് എന്ന് ചിന്തിച്ചു നിന്നത് അതിന് മനസ്സിലായി എന്ന് തോന്നുന്നു. അത് വീണ്ടും രണ്ടു വട്ടം കരഞ്ഞു അതിന്റെ തൊണ്ട അനങ്ങുന്നത് കണ്ടപ്പോൾ മനസ്സിലായി അത് തന്നെയാണ് ആ ശബ്ദത്തിന്റെ ഉപജ്ഞാതാവ്. ഞങ്ങൾ നിരാശയോടെ അക്കാര്യം മനസ്സിലാക്കി. ഇത്തിരിക്കോളം പോന്ന കുഞ്ഞുങ്ങൾ ആണ് ഇത്രയും വലിയ ശബ്ദത്തിൽ കരയുന്നത് എന്ന്....!!! ഞങ്ങൾക്ക് വിശ്വസിക്കുവാൻ പ്രയാസമുണ്ടായിരുന്നു.
അപ്പോഴാണ് ജോബിയുടെ സംശയം " അല്ലെടാ സജ്ഞയേ .... ഇനി ഈ കരയുന്നത് ഒക്കെ മുമ്പു ആൾക്കാർ പിടിച്ചു കൊണ്ടുപോയി കൊന്ന തവളയുടെ പ്രേതങ്ങൾ ആയിരിക്കുമോ....??? "
" പോടാ അവിടുന്ന് തവളയുടെ പ്രേതമേ...." ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ആരും എന്നെ നോക്കുന്നില്ല വയലിന് ചുറ്റുമുള്ള തെങ്ങിൻ തോപ്പിലേക്കാണ് എല്ലാവരൂടെയും നോട്ടം.... ഞാനും നോക്കി എങ്ങും കൂറ്റാക്കൂറ്റിരുട്ട്.... സമയം കുറെയായി മഴക്കാലം ആയതിനാൽ നിലാവും ഇല്ല.
ജോബി മെല്ലെ പിറുപിറുത്തു
" പ്രേതങ്ങൾ ഒക്കെ ഇറങ്ങാൻ സമയമായി. " കോപ്പന്റെ ഒരു കോപ്പിലെ ഡയലോഗ്... അവന് പേടിയാണെങ്കിൽ അവന് തന്നെത്താൻ പേടിച്ചാൽ പോരേ... എല്ലാവരെയും പേടിപ്പിക്കണോ... എല്ലാവരും വീണ്ടും നിശബ്ദരായി.
ആ നിശ്ശബ്ദതയിലേക്ക് പെട്ടെന്നാണ് ഭയാനകമായ ഒരു വലിയ ശബ്ദത്തോടെ എന്തോ വന്നു വീണത്. പ്രേതത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്ന ഞങ്ങൾക്ക് ഞെട്ടാൻ അധിക സെക്കന്റുകൾ ഒന്നും വേണ്ടി വന്നില്ല.... ആരാണ് ആദ്യം ഓടിയത് എന്നൊന്നും അറിയില്ല. മിക്കവാറും അത് ഞാനാവാനാണ് സാധ്യത.... അതോ ജോബിയോ..... സജിത്ത് പുറകിൽ നിന്ന് വിളിക്കുന്നുണ്ട്..... പുല്ല് അവനെയിനി പ്രേതം പിടിച്ചോ ആവോ... തിരിഞ്ഞു നോക്കാനൊന്നും പോയില്ല. എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാഴ്ചകൾ ഒക്കെ കണ്ടു പേടിക്കുന്നത്...
അങ്ങോട്ട് പോയപ്പോൾ കാൽ താഴ്ന്നു പോയിക്കൊണ്ടിരുന്ന ചെളിയിലൂടെ മാരത്തോൺ ഓട്ട മത്സരമാണ് പിന്നെ നടന്നത്. സൂർത്തുക്കളെ നടന്നത്.... ആരണ്ടൊക്കെ വീണു ഞാൻ ചാടിച്ചാടിയാണ് ഓടിയത്.... ആ സമയത്ത് ഉസൈൻ ബോൾട്ട് എങ്ങാനും ഓടാൻ വന്നിരുന്നേൽ ഞങ്ങളുടെ ഒപ്പം ഓടിയെത്തുമോ എന്നത് സംശയമാണ് അമ്മാതിരി ഓട്ടമല്ലേ ഓടിയത്... നിമിഷനേരം കൊണ്ടു കണ്ടം പൂട്ടാൻ കൊണ്ടൊന്ന കളകളുടെ പോലെയായി ഞങ്ങൾ. ആ വയലിലെ കുറെ ചെളി ഞങ്ങൾ മേത്ത് കേറ്റി. റോഡിൽ എത്തിയപ്പോൾ സജിത്ത് പുറകിൽ നിന്നും വന്ന് ഞങ്ങടെ മുമ്പിൽ കയറി ഓടി. ഭാഗ്യം അവനെ പ്രേതം പിടിച്ചിട്ടില്ല...
രതീഷിന്റെ വീട്ടു പടിക്കലെത്തി എല്ലാവരും കിതപ്പകറ്റിയപ്പോൾ സജിത്ത് പറഞ്ഞു
" ടാ അത് തെങ്ങിന്റെ മടൽ വീണതാടാ. "
" ങ്ങേ.. പട്ടീ ... എന്നിട്ട് നീയെന്താ ഇത് ആദ്യമേ പറയാതിരുന്നത്..???"
" ഞാനത് പറയാൻ തുടങ്ങിയപ്പോഴേക്കും നിങ്ങളെ ആരെയും കണ്ടില്ല... ഒക്കെ ഓടിയില്ലേ... വിളിച്ചിട്ട് നിന്നുമില്ല.... പിന്നെ എനിക്കവിടെ ഒറ്റയ്ക്ക് നില്ക്കാൻ പേടിയായി .... ഇനി ശരിക്കും അത് തെങ്ങിന്റെ മടൽ അല്ലെങ്കിലോ....??? "
അപ്പോഴും ഞാൻ ആദ്യത്തെ അതേ ഡയലോഗ് പറഞ്ഞു... " ഓക്കേ... പറ്റിയത് പറ്റി... ഇനിയിത് ആരോടും പറയാൻ നിൽക്കണ്ട...."
ഹോ ഇതേ ഡയലോഗ് ഇനിയും എത്ര കാലം ഇതുപോലെ പറയേണ്ടി വരുമെന്നായിരുന്നു അപ്പൊ എന്റെ പേടി. അമ്മാതിരി മണ്ടത്തരങ്ങൾ അല്ലേ പറ്റുന്നത്.
അങ്ങിനെ ഞങ്ങളുടെ തവള പിടിത്തം വൻ വിജയമായി പര്യവസാനിച്ച കാര്യം ഏവരെയും അറിയിച്ചു കൊള്ളുന്നു.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot