നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൂട്ടിക്കെട്ടിയ കൈകൾ ഇന്നത്തെ പ്രൈം അവറിൽ (കഥ)

Image may contain: one or more people and closeup

******* ******** ******* *******
മെല്ലെ കണ്ണൊന്നു വെട്ടിത്തുറന്നപ്പോൾ ഏതൊ ഒരു പുഴക്കരയിലെ കുറ്റിക്കാട്ടിനിടയിലുള്ള വഴുവഴുത്ത പാറയിൽ ചാരിയിരിക്കുകയായിരുന്നു അവൾ...!
അവളുടെ നീലച്ചുരിദാർ ചെളിയും പായലും പറ്റി മുഷിഞ്ഞു നനഞ്ഞൊട്ടിക്കിടന്നു. കണ്ണു തുറന്നതും അവൾ തന്റെ വലതുകൈ ഒന്നുയർത്താൻ നോക്കി. വല്ലാതെ ഭാരം തോന്നിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. അപ്പോഴേക്കും അയാളും ഉണർന്ന് ഒന്ന് ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ ചുമലിലേക്ക് ചേർന്നിരുന്നു. അപ്പോഴും അവരുടെ കൈകളിലെ കൂട്ടിക്കെട്ട് അഴിഞ്ഞിരുന്നില്ല...!
''എന്താ നീ ഓർക്കുന്നത്?'' അവളുടെ ചെവിയോട് ചേർന്ന് അയാൾ മെല്ലെ ചോദിച്ചു.
''അല്ല! നമ്മളിവിടെ എങ്ങനെ?... എന്തിനു വന്നു?... എന്തിനാ എന്നെ നിങ്ങൾ കെട്ടിയിട്ടിരിക്കുന്നത് ?"
''ഞാനോ? നിന്നെ കെട്ടിയിടാനോ? നിന്റെ ഷാളു കൊണ്ട് നീയല്ലേ എന്നെ കെട്ടിയിട്ടിരിക്കുന്നത്?'' അവളുടെ വലതുകൈയ്യുമായി ബന്ധിക്കപ്പെട്ട തന്റെ ഇടതു കൈ ഉയർത്തി അയാൾ മറു ചോദ്യം എറിഞ്ഞു.'' ഒന്നോർത്തു നോക്ക്?"
അവളുടെ മനസ്സിന്റെ തൂവെള്ള പ്രതലത്തിൽ ആരൊക്കെയോ പെൻസിൽ ചിത്രങ്ങൾ കോറിയിട്ടു. അതവളുടെ അച്ഛനും അമ്മയുമാണ്. പിന്നെ ഒരു ക്യാൻവാസിൽ വരച്ച സുന്ദര ചിത്രം പോലെ അവളുടെ വീടും പരിസരവും തെളിഞ്ഞു വന്നു. അടുക്കള ജോലിയിൽ മുഴുകിയിരിക്കുന്ന അമ്മയെ ഒരു പുകക്കറുപ്പിലൂടെ കണ്ടു. അച്ഛന്റെ രക്തവും വിയർപ്പും വീണ് മനോഹരമായ 'വിന്ദുജാ ഫാം' കണ്ടു. അവിടുത്തെ പശുക്കൾക്ക് പുല്ലിട്ടു കൊടുക്കുന്ന അച്ഛനെ കണ്ടു. അവളുടെ സ്വന്തം ക്ടാവ് മണിക്കുട്ടിയുമായി കരണം മറിഞ്ഞു കളിക്കുന്ന അനിയനെക്കണ്ടു. അടുക്കളയിൽ അമ്മയെ സഹായിക്കുന്ന അനിയത്തിയെ കണ്ടു. തന്റെ ഷെൽഫും പഠനമുറിയും സർട്ടിഫിക്കറ്റുകളും കണ്ടു. റിപ്പബ്ലിക്കിന് ഡോക്ടർ വേഷം കെട്ടിനിൽക്കുമ്പോൾ, അച്ഛൻ തന്നെ എടുത്തുയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടു...!
പെട്ടെന്ന് ആ ക്യാൻവാസിലെ ചിത്രങ്ങൾ മാറി മറിഞ്ഞു... കടും വർണ്ണത്തിലുള്ള ചിത്രങ്ങൾ തെളിഞ്ഞു ! അവിടെ ഓട്ടോ ഡ്രൈവർ സുധിയുണ്ട്... വിന്ദുജ എന്ന എൻട്രൻസ് വിദ്യാർത്ഥിയുണ്ട്... പ്രണയമുണ്ട്... വിരഹമുണ്ട്... കാമമുണ്ട്... ചതിയുണ്ട്... ഇറങ്ങിപ്പോക്കുണ്ട്... ഒടുവിൽ എല്ലായിടത്തും സംഭവിക്കും പോലെ അനിവാര്യമായ വേർപിരിയലും ഉണ്ട്...!
''ചതിച്ചോ എന്റീശ്വരാ'' എന്നു പറഞ്ഞ് നെഞ്ചു തല്ലിക്കരയുന്ന അമ്മയെയും അച്ഛനേയും കണ്ടപ്പോഴേക്കും അവളുടെ ക്യാൻവാസ് മങ്ങി നരച്ചിരുന്നു. സുധിയോടൊപ്പമുള്ള ഒളിച്ചോട്ടവും, അവന്റെ കൈയ്യൊഴിയലും എത്തിയപ്പോഴേക്കും ആ ക്യാൻവാസിലെ ചിത്രങ്ങൾ പിഞ്ചിത്തുടങ്ങി. ഒടുവിൽ ആലംബം നഷ്ടപ്പെട്ട് ആത്മഹത്യയ്ക്കിറങ്ങിയപ്പൊ അവളുടെ ക്യാൻവാസ് മൊത്തത്തിൽ കീറി നശിച്ചിരുന്നു...!
''എവിടെവരെയായി? വീടുവിട്ടതുവരെയായി അല്ലേ? അയാൾ അവളോടു ചോദിച്ചു. അവൾ മെല്ലെയൊന്നു മൂളി മുഖം കുനിച്ചിരുന്നു.
''നിങ്ങളെല്ലാരും ഇങ്ങനാ... ഒരാളെ മതിമറന്ന് സ്നേഹിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ഓർക്കില്ല... ഒന്നിനേയും കാണില്ല... നിങ്ങളെ മാത്രം സ്നേഹിച്ചും വിശ്വസിച്ചും കഴിയുന്ന മറ്റുള്ളവരുടെ ആഗ്രഹങ്ങൾ - അവരുടെ സങ്കടം... അതൊന്നും കണ്ടതായി നടിക്കില്ല... ഒടുവിൽ ചെയ്തതെല്ലാം തെറ്റാണെന്ന് ബോധം വരുമ്പോഴേക്കും പടുകുഴിയിൽ വീണിരിക്കും...പടുകുഴി... ഇതൊക്കെ ആരോട് പറയാൻ? ഒട്ടും പഠിക്കാത്തവർഗ്ഗം...!"
അയാളുടെ കണ്ണുകളിലെ തീജ്വാലയിൽ വിന്ദുജ ദഹിച്ചൊടുങ്ങി.
"ഭാര്യയെന്നു പറഞ്ഞു വന്ന അവക്കു വേണ്ടി പത്തിരുപത് കൊല്ലം അന്യനാട്ടിൽപ്പോയി കഷ്ടപ്പെട്ടവനാ ഈ ചന്ദ്രൻ... ഒടുവിൽ ഉണ്ടാക്കിയതെല്ലാം അവളും അവനും ചേർന്ന് കൊണ്ടുപോയിട്ടും തകരാത്തവനാ ഞാൻ! പക്ഷെ പോകും മുമ്പ് എന്റെ പൊന്നുമോളെ അവര് കൊന്നുകളയുമെന്ന്...'’ ബാക്കി പറയാനാകാതെ അയാളൊന്നു വെട്ടിവിറച്ചു... കണ്ണ് നിറഞ്ഞു തുളുമ്പിയപ്പൊ അയാൾ പുഴക്കരയിലേക്ക് നോക്കിയിരുന്നു.
കുഞ്ഞുപ്രഭാത സൂര്യൻ അപ്പോഴേക്കും ഒത്ത ഒരു പുരുഷനായി മാറിത്തുടങ്ങി. പുഴക്കടവിൽ ഒന്നും രണ്ടുമായി പൊഴിഞ്ഞു പൊഴിഞ്ഞ് ആളുകൾ എത്തിക്കൊണ്ടിരുന്നു.
''അതാണല്ലേ അങ്കിളെന്നെ രക്ഷിച്ചത്! ഇപ്പൊഴെനിക്ക് കുറേശ്ശേ ഓർമ്മ വരുന്നുണ്ട്". പാലത്തിൽ കയറി നിന്നതും, പേടിച്ചലറി ഒരു ഭ്രാന്തനെപ്പോലെ അങ്കിൾ തന്നെ പിടിച്ച് വലിച്ച് താഴെയിട്ടതും, അവിടെ നിന്നും ആദ്യം കിട്ടിയ ബസിൽക്കയറിയതും അവളോർത്തെടുത്തു.
''നീയപ്പോ എന്റെ മോളാണെന്ന് തോന്നിപ്പോയി... ആരോ പറഞ്ഞു വിട്ട പോലാ ഞാനവിടെ വന്നത്! നിന്നെ കണ്ടത്...! ഒരടീം തന്ന് പിടിച്ചു വലിച്ചാ നിന്നെ ഞാൻ ബസിൽ കയറ്റിയത്... എത്ര പറഞ്ഞിട്ടും പിന്നേം നീ മരിക്കാൻ തന്നെ ഉറപ്പിച്ചതുകൊണ്ടാ ഞാനെന്റെ കഥ പറഞ്ഞത്! എന്റെ മോളേപ്പറ്റിപ്പറഞ്ഞത്! എന്റെ മോളാകാമോന്നു ചോദിച്ചത്...! അയാൾ വല്ലാതെ ഒന്നു പിടഞ്ഞു, അവളയാളുടെ നെഞ്ചിലേക്ക് തല ചായ്ച്ചു, അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം കുറ്റിക്കാട് കാറ്റിലൊന്നിളകി, മീനച്ചലാർ ആ പാറക്കെട്ടിലൂടെ ഒഴുകിയിറങ്ങി.
"ഇനിയാ രാത്രി ഞാനാ ബുദ്ധിമോശം ചെയ്യില്ലെന്ന് അച്ഛന് വിശ്വാസം വരാൻ ഞാൻ തന്നെയാണ് എന്റെ കൈയ്യ് അച്ഛന്റെ കൈയ്യിൽ ചേർത്ത് കെട്ടിയത് അല്ലേ?"
''അങ്ങനെ അമ്പതാം വയസ്സിൽ ഈ ചന്ദ്രൻ വീണ്ടും അച്ഛനായി എന്നിട്ടും... ഹ ഹ ഹ ദൈവത്തിന്റെ ഓരോ കളികളേ" അയാളവളുടെ ചോദ്യം ശ്രദ്ധിക്കാതെ പിറുപിറുത്തുകൊണ്ടിരുന്നു.
''അതാരണച്ഛാ അവിടെ?''
''ഹ ഹ ഹ അതോ അത് കൊച്ചുകുട്ടൻ, നമ്മുടെ സ്പൈഡർമാൻ... ബസിൽ കയറിയപ്പൊ അവന്റെ മുണ്ടഴിഞ്ഞ് പറന്നതും നീ അത് കണ്ട് ചിരിച്ചതും ഓർക്കുന്നില്ലേ? ഒരു പ്രത്യേക പോസിൽ നിന്ന് അയാളാ മുണ്ടെടുത്ത് ഉടുത്തത് കണ്ട് ചിരിച്ച് ചിരിച്ചൊടുവിൽ നീയല്ലേ ആ പേരിട്ടത്... സ്പൈഡർമാനെന്ന്…വല്യ കേൾവികേട്ട മൃദംഗം ആശാനൊക്കയാ... എന്തു ചെയ്യാനാ ഇപ്പം ദാരിദ്യത്തിലാ, പണ്ട് ആയ കാലത്ത് ഓരോരുത്തർക്ക് വാരിക്കോരിക്കൊടുത്ത പൈസ തിരികെ വാങ്ങാൻ പോയിട്ടുള്ള വരവാ...! അത് കിട്ടീട്ട് വേണം ഭാര്യയുടെ ഓപ്പറേഷൻ നടത്താൻ...! പാവം''.
"ശരിയാ ശരിയാ ഞാൻ ഓർക്കുന്നു... ഹൊ! ആ നിൽപ്പ് കണ്ട് കുറേ ചിരിച്ചു. ദേ ആ കുടിയനുമുണ്ടല്ലോ കൂടെ?''
''ആ... അവൻ മാധവൻ... പന്നൻ...മൂക്കറ്റം അടിച്ചു കേറ്റീട്ടൊണ്ട്… നമ്മുടെ സീറ്റിൽ വന്നിരുന്നതാ ആദ്യം...ശല്യം സഹിക്കാൻ വയ്യാതെ ഞാൻ ഓടിച്ചതാ… സംശയ രോഗിയാ എന്നും ആ വീട്ടിൽ അടീം വഴക്കുമാ... കൂലിപ്പണിയാ അവന്...കിട്ടുന്ന കാശ് മൊത്തം വെള്ളമടിച്ച് തീർക്കും... മൂത്ത ചെക്കന്റെ കാലും തല്ലിയൊടിച്ച് പോലീസിനെപ്പേടിച്ച് ഇതീ കേറിയിരുന്നതാ"
''ദുഷ്ടൻ" അവൾ മെല്ലെപ്പറഞ്ഞു... ഒപ്പമവളുടെ ക്യാൻവാസിൽ "വിന്ദു മോളേ" എന്ന് വിളിച്ചു നിൽക്കുന്ന സ്വന്തമച്ഛന്റെ മുഖം തെളിഞ്ഞു... ഉള്ളിൽ നിന്നുറപൊട്ടിയ തേങ്ങൽ അവൾ കടിച്ചമർത്തി.
അത് മനസ്സിലാക്കിയെന്നവണ്ണം അയാൾ പറഞ്ഞു " ദേ ആ വരുന്നത് റഷീദ്... മറ്റൊരു പ്രവാസി... നിനക്കുള്ളതു പോലൊരു നല്ലച്ഛൻ. മോൾക്കൊരു കല്യാണം ഒത്തുവന്നപ്പൊ സ്വന്തം കിഡ്നി വില പറഞ്ഞുറപ്പിച്ച് അഡ്വാൻസു വാങ്ങാൻ ആരുമറിയാതെ നാട്ടിലെത്തിയതാ ആ പാവം...! അങ്ങനെയും ചില മനുഷ്യർ...!
"എന്നെപ്പോലെയുള്ളവർക്ക് അവസാനമില്ല അല്ലേ അച്ഛാ? കുട്ടിത്തം മാറാത്ത ഇഷയേയും അഭിമന്യുവിനേയും നോക്കി അവൾ പറഞ്ഞു.
''അതെ അതെ തന്തേം തള്ളേം ചോദിക്കുന്ന കാശും കൊടുത്ത് ഓരോന്നിനെ ഒണ്ടാക്കി കോളേജിലോട്ടു വിടും... പഠിക്കാനാണു പോലും പഠിക്കാൻ... കൂടെയുള്ളവരാരാ? എങ്ങനാ? എവിടെയാ? ഒന്നും നോക്കൂല്ല... പിള്ളേരാണെങ്കിലോ ഡേറ്റിങ്ങാണത്രേ ഡേറ്റിങ്ങ്! അതിന്റെ കൂടെ വലിക്കാൻ മറ്റേ പൊടിയും...അവരൊക്കെ അനുഭവിക്കട്ടെ അല്ലാതെന്തോന്ന് പറയാൻ...!"
''ആ ബാഗ് ആരുടേതാണച്ഛാ?"
''അത് ഹരീടെ ബാഗാ... അവൻ ഒരു പ്രൈവറ്റ് കമ്പനി എക്സിക്യൂട്ടീവാ - ജീവിതം മൊത്തം അലച്ചിലല്ലേ? അവന്റെ കുഞ്ഞിന്റെ പിറന്നാളാ നാളെ... അവിടേം ഇവിടേം ഒക്കെ ഓടി ടാർഗറ്റ് ഒപ്പിച്ച വകയിൽ കിട്ടിയ കാശ് കൊണ്ട് വാങ്ങിച്ച സമ്മാനങ്ങളാ ആ ബാഗിൽ നിറയെ... അവന്റെ കുഞ്ഞുവാവയ്ക്ക് നാളെ സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ വാങ്ങിയ ടെഡിബെയറാ ആ ബാഗിന്റെ സൈഡിൽ തലയിട്ട് നോക്കി നിൽക്കുന്നത്... ആളിപ്പം ഇങ്ങോട്ട് വരും.''
ഇനിയുള്ളത് ഡ്രൈവർ രാജുവാ അവനും ഇപ്പം വരും... പാവം പിടിച്ചവനാ ഈ തണ്ടും തടീം മീശേം ഓക്കേയുള്ളൂ... ഭാര്യ മരിച്ചു പോയി, ഒറ്റമോളാ രാജൂന്... അവൾക്ക് പരീക്ഷയാ... ഇവൻ കാപ്പീം തിളപ്പിച്ച് മോള് പഠിക്കുന്നതും നോക്കി മീണ്ടീം പറഞ്ഞും ഉറക്കമൊഴിഞ്ഞിരിക്കുവല്ലാരുന്നോ... കണ്ടോ കണ്ടോ ഓട്ടത്തിൽ ഉറക്കം വരാതിരിക്കാൻ മോള് ഇട്ടു കൊടുത്ത കുരുമുളകാ അവന്റെ പോക്കറ്റിൽ! ഒരു പൊടിക്കു പോലും കണ്ണടക്കൂല്ലന്ന് സത്യമിട്ട് കൊടുത്തിട്ടാ അവൻ വണ്ടിയിൽ കേറി സ്റ്റിയറിങ്ങ് തൊട്ടത്... എന്തു ചെയ്യാൻ...!'' അയാൾ തലയൊന്നു വെട്ടിച്ചു.
"പക്ഷെ ഒരു കാര്യത്തിൽ മാത്രം എനിക്ക് വിഷമമുണ്ട്, നിന്നെ നിന്റെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കണമെന്നുണ്ടായിരുന്നു, അത് മാത്രം നടന്നില്ല... ഒരു കണക്കിന് സാരമില്ല ! നീയെവിടെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ച് അവരും കഴിയട്ടെ! എന്നെ തിരയാൻ ആരും വരില്ല! ആരും.... ! എവിടുന്നോ വന്ന് ഒന്നു ചേർന്ന നമുക്കിനി ഇവിടെവിടെങ്കിലും ഒരുമിച്ചുറങ്ങാം അല്ലേ?''
******* ****** ****** ****** ****** ******
"എടോ ഫിറോസേ...ആ ഡ്രൈവറിന്റെ മുഖം മീൻ കൊത്തി ആകെ വല്ലാതാക്കി കണ്ണൊക്കെ കൊത്തിപ്പറിച്ച്...തുറിച്ചു നോക്കും പോലെ... ഹൊ! വല്ലാത്തൊരപകടമായിപ്പോയി എത്ര ബോഡി കിട്ടി ഇതുവരെ?"
"സാർ ഇതുവരെ 7 എണ്ണം... അതെല്ലാം നാട്ടുകാരാ മുങ്ങിയെടുത്തത്... ഇനിയും ഉണ്ടാവുമെന്ന് തോന്നുന്നു... ആംബുലൻസ് വന്നാരുന്നേൽ ബോഡി ഓരോന്നും കേറ്റി വിടാരുന്നു, ഇങ്ങനെ നിരത്തിയിടാതെ...നേവിക്കാരും പുറപ്പെട്ടിട്ടുണ്ട് തിരച്ചിലിന്'' സി.ഐയുടെ ചോദ്യത്തിന് മറുപടി കൊടുത്ത് എസ്.ഐ ഫിറോസ് ഒന്ന് നെടുവീർപ്പിട്ടു.
"സാർ അവിടെ ആ കുറ്റിക്കാട്ടിൽ പാറച്ചരിവിൽ രണ്ടു ബോഡികൂടെയുണ്ട് " നാട്ടുകാരിലാരോ വിളിച്ചു പറഞ്ഞു. സി.ഐ. ജോൺസണും എസ്.ഐ. ഫിറോസും ആ പാറക്കെട്ടിലേക്കോടിയെത്തി....
അവിടെ ഏകദേശംഅമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മധ്യവയസ്കനും പതിനേഴ് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ മട്ടിൽ കിടപ്പുണ്ടായിരുന്നു...!
അതിനകം 'താഴത്തങ്ങാടി ബസ്സപകടം' ഒമ്പത് മരണം എന്ന നാടിനെ നടുക്കിയ ദുരന്തത്തിന്റെ ഫ്ലാഷ് ന്യൂസ് എല്ലായിടത്തും എത്തിച്ചേർന്നു… 'ബസ് പുഴയിലേക്ക് വീണ് ഒൻപത് പേർ മരിച്ചു; രണ്ടു മരണത്തിൽ മാത്രം ദുരൂഹത' എന്ന ഹെഡ് ലൈൻ പത്രക്കാർ തയ്യാറാക്കി... ചാനലിലെ അന്തിച്ചർച്ചയിൽ "കൂട്ടിക്കെട്ടിയ കൈകൾ'' എന്ന ക്യാപ്ഷനിൽ പങ്കെടുക്കാൻ 'ചർച്ചത്തൊഴിലാളികൾ‘ ഒരുക്കം തുടങ്ങി.…!
- ഗണേശ് -
18-11- 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot