നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരുട്ടറയിലെ ഇരകൾ



ഇരുട്ട് അതിന്റെ കറുത്ത കരിമ്പടം വാരി പുതച്ചു നിൽക്കുന്ന ഒരു മുറി. ലോകത്തെ നിയന്ത്രിക്കുന്ന വെളിച്ചം ആ ഇരുട്ടിനെ അക്രമിക്കാനായി ചില ചെറു സുഷിരങ്ങളിലൂടെ അകത്തേക്ക് തുളഞ്ഞു കയറുന്നുണ്ട്. അതൊന്നിനും പര്യാപ്തമല്ലെങ്കിലും മങ്ങിയ കാഴ്‌ച ‌പോലെ നാല് നിഴലുകൾ കാണാം. അത് ആ മുറിയുടെ മധ്യഭാഗത്തായി കൈകൾ മുകളിലേക്കാക്കി കെട്ടിയിട്ട അവസ്ഥയിൽ നാലു ചെറുപ്പക്കാരാണ്‌ ! വാടിതളർന്ന ചേമ്പിൻ താളുകൾ പോലുള്ള അവരുടെ കാലുകൾ നിലത്ത് തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിലാണ്. ദേഹത്ത് അവിടവിടെയായി മൂർച്ചയുള്ള ഏതോ ആയുധം കൊണ്ടു വരഞ്ഞത് പോലുള്ള പാടുകൾ ! വായിൽ തുണി കുത്തിത്തിരുകി വെച്ചിരിക്കുന്നു. തറയിലേക്ക് ഇറ്റിറ്റു വീണ ചോരച്ചാലുകളിലേക്ക് കൂട്ടമായി എത്തിയ ഉറുമ്പുകൾ എന്തോ തിരയുന്നു. ആഹ്ലാദത്തിന്റേതെന്നുറപ്പില്ലാത്ത മൂളലുകളുമായി ഈച്ചകൾ പാറി നടക്കുന്നുണ്ട്. മുറിയിലെ വായുവിലിഴുകി ചേർന്ന ദുസ്സഹമായ ചോരയുടെ ഗന്ധം അറവുശാലകളെ അനുസ്മരിപ്പിക്കുന്നു. കാറ്റ് പോലും ചെറുശബ്ദം പുറപ്പെടുവിക്കാൻ മടിച്ചു നിൽക്കുന്ന ആ മുറിയിൽ അവർ നിസ്സഹായരായി തളർന്നു കിടക്കുമ്പോൾ അവിടെ നിന്നും സുമാർ രണ്ടു കിലോമീറ്റർ ദൂരമുള്ള ഒരു വീട്ടിലെ അടച്ചിട്ട മുറിക്കുള്ളിൽ ഒരു യുവാവ് കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു.
അവന്റെ പേര് ചന്ദ്രലാൽ, കമിഴ്ന്നാണ് കിടക്കുന്നതെങ്കിലും അവന്റെ ശിരസ്സ് ഉയർന്നു തന്നെയാണിരിക്കുന്നത്. അശ്രുകണങ്ങളലങ്കരിച്ചതിന്റെ അവശിഷ്ടമായി കലങ്ങി ചുവന്ന മിഴികളും കണ്ണീരുങ്ങിയ പാടും അവന്റെ വദനകാന്തിക്ക് തെല്ല് മങ്ങലേൽപ്പിച്ചിട്ടുണ്ട്. തുറന്നിട്ട ജാലകവാതിലൂടെ പുറത്തേക്ക് ഉറ്റുനോക്കുന്ന അവന്റെ മിഴികൾ തറഞ്ഞിരിക്കുന്നത് തെല്ല് ദൂരെയുള്ള ഒരു വീട്ടിലേക്കാണ്. അവിടെയാണ് അവന്റെ കാമുകിയായിരുന്ന ദാധിനിയുള്ളത്. ഒരിക്കൽ അവന്റെ എല്ലാമെല്ലാമായിരുന്ന ദാധിനി... ദാധിനി ലാൽ എന്ന് പച്ച കുത്തിയ കയ്യിൽ ശിരസ്സുറപ്പിച്ചു ഇമ വിടാതെ അവൻ നോക്കിക്കൊണ്ടിരിക്കുന്നു. വികാരവിചാരങ്ങളുടെ കടുത്ത സമ്മർദ്ദം അവന്റെ മുഖത്ത് സമ്മിശ്രഭാവം തീർത്തിരിക്കുന്നു.
ഇന്നലെയാണ് അവന്റെ ദാധിനി അതവനോട് പറഞ്ഞത് ഇനിയൊരിക്കലും അവളെ കാണാൻ ചെല്ലരുത് , ശല്യപ്പെടുത്തരുത് , എല്ലാം മറക്കണം എന്നൊക്കെ... ഒരുപാട് തവണ കെഞ്ചിയിട്ടും അവൾ അതൊന്നും കൂട്ടാക്കിയില്ല. രണ്ടുപേരും കരഞ്ഞെങ്കിലും അവൾ അവന് മുഖം കൊടുക്കാതെ അകത്തുകയറി വാതിലടച്ചു.
അതെ കഴിഞ്ഞ കുറേ ദിവസങ്ങളായി അവളാ അടഞ്ഞ വാതിലിനുള്ളിൽ സ്വയം തീർത്ത തടവറയിൽ ഒളിഞ്ഞിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ അവളുടെ ജീവിത പുസ്തക താളിൽ കറുത്ത മഷി കോരിയൊഴിക്കപ്പെട്ട ആ നാൾ മുതൽ. അതേ ചില കാപാലികരുടെ മുന്നിൽ വെറും ഇര മാത്രമായി പെട്ട് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ നാൾ മുതൽ തന്നെ ! ആ ഗ്രാമം വിതുമ്പിയ നാൾ. ഇനിയുമെത്ര വിശേഷണങ്ങളുടെ പട്ടങ്ങൾ ചാർത്തിയാലും മതി വരാത്ത ആ നാൾ കഴിഞ്ഞതിന് ശേഷവും ചന്ദ്രലാൽ തന്റെ ഭാവിവധുവായി ദാധിനിയെ കണ്ടിരുന്നു എങ്കിൽ അതിനർത്ഥം ഒന്നുമാത്രമേയുള്ളൂ അചഞ്ചലമായ സ്നേഹം. പക്ഷേ എത്ര കേണപേക്ഷിച്ചിട്ടും ദാധിനി അതിനു തയ്യാറായില്ല. മാത്രമല്ല നിഷ്കരുണം ഇനി തന്നെ ശല്യപ്പെടുത്തരുതെന്നു അവന്റെ മുഖത്തു നോക്കി പറയുകയും ചെയ്തു. സ്നേഹം എന്നത് തിരസ്കരിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയുടെ കാഠിന്യം അളക്കാൻ ഇന്നേവരെ ഈ ലോകത്ത് ഒരുപകരണത്തിനും സാധിച്ചിട്ടില്ല. പിന്നീട് ചിന്തയിൽ സ്നേഹിച്ചിരുന്നവർ മാത്രമേ വസിക്കുകയുള്ളൂ. അതുതന്നെയാണ് ചന്ദ്രലാലിനും സംഭവിച്ചത്. ഇരു വീട്ടുകാരും മനസ്സാ അംഗീകരിച്ച ബന്ധമായത് കൊണ്ടു തന്നെ ഇരുവീട്ടിലും മൗനം ഇരുൾ പോലെ ഒരേസമയം നിറഞ്ഞാടി. ചന്ദ്രലാലിന്റെ തോരാ മിഴികൾ അതിന് കടുപ്പം കൂട്ടി. ദാധിനിയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ നിസ്സംഗത കളിയാടുന്ന മുഖമാണ്. അതിൽ അച്ഛന്റെ മുഖത്ത് ഇടയ്ക്ക് വരിഞ്ഞു മുറുകുന്ന കോപം ആരിലും ഭീതി പടർത്തുന്ന ഒന്നാണ്. ഭക്ഷണം കഴിച്ചു എന്ന കടമ നിർവ്വഹിക്കലിന് മാത്രം എന്തെങ്കിലും കഴിക്കുന്ന ചന്ദ്രലാലിന്റെ കണ്ണുകൾ എപ്പോഴും ദാധിനിയുടെ വീടിന് നേരെ തന്നെയാണ്. മനസ്സിൽ അവിടെ ഇറങ്ങി നിന്ന് ' ചന്ദ്രൂ ' എന്നുറക്കെ വിളിക്കുന്ന ദാധിനിയുടെ മുഖവും. ആ പ്രതീക്ഷ അവന് ഇപ്പോഴും കൈമോശം വന്നിട്ടില്ല. കാത്തിരിക്കാനുള്ള പ്രചോദനം പ്രതീക്ഷകളാണ്. എന്തെങ്കിലും മറക്കണം എന്ന് കരുതിയാൽ അതുമാത്രം ഓർമ്മിക്കുന്ന മനുഷ്യന്റെ പോരായ്മയും.
അന്ന് കാർമേഘാലംകൃതമായ ആകാശത്ത് നിലാവ് എത്തിനോക്കി പോകുന്ന വിരുന്നുകാരൻ മാത്രമായിരുന്നു. രാത്രി വൈകിയപ്പോൾ ഇരുവീട്ടിലെയും ലൈറ്റുകൾ അണഞ്ഞു. എങ്കിലും ചന്ദ്രലാൽ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്നും അങ്ങിനെ കിടന്നുറങ്ങി പോകുന്നതാണ് ഇന്നെന്തോ നിദ്രാദേവി തേടി വന്നില്ല. ചിന്തകൾ ഉത്പാദിപ്പിക്കുന്ന നീർ അണിഞ്ഞ മിഴികൾ ഇപ്പോഴും ദാധിനിയുടെ വീടിനു നേരെ തന്നെ.
പെട്ടെന്ന് ചന്ദ്രലാൽ ഒന്നു പിടഞ്ഞുണർന്നു. ദാധിനിയുടെ വീടിനു മുമ്പിൽ ഒരു നിഴലനക്കം കണ്ടത് കൊണ്ടായിരുന്നു അത്. മങ്ങിയ നാട്ടുവെളിച്ചത്തിൽ ആ രൂപം വീടിന്റെ മുൻവശത്തുള്ള വഴിയിലേക്കിറങ്ങി. ചന്ദ്രലാലിന്റെ മനസ്സിൽ അപകട ചിന്തകൾ ഉണർന്നു. ഇനി ദാധിനി വല്ല കടുംകൈയും ചെയ്യാൻ... ഒട്ടും താമസിച്ചില്ല ചന്ദ്രലാൽ വേഗം വാതിൽ തുറന്നു ആ രൂപത്തിന് പിന്നാലെ പാഞ്ഞു. നിഴലുകൾ പോലും തടസ്സമില്ലാത്ത ആ വഴിയിലൂടെ ആ രൂപം പോകുന്നത് പ്രേതവനം എന്നറിയപ്പെടുന്ന ആ വനത്തിലേക്കാണ്. മേഘത്തിൽ നിന്ന് മേഘത്തിലേക്ക് കൂടു മാറുന്ന നിലാവ് നൽകിയ ഒരു കീറ് വെളിച്ചത്തിൽ ചന്ദ്രലാൽ കണ്ടു ആ രൂപം ധരിച്ചിരിക്കുന്നത് ഷർട്ടും മുണ്ടുമാണ്. ചന്ദ്രലാൽ ആശ്വാസത്തോടെ ഒന്നു ശ്വാസം വിട്ടു.
എങ്കിലും ദാധിനിയുടെ അച്ഛൻ പ്രേതവനത്തിലേക്ക് എന്തിനു പോകണം. ആത്മഹത്യ ചെയ്യാൻ വേണ്ടി മാത്രമേ ആളുകൾ അങ്ങോട്ടു പോകാറുള്ളൂ. പകൽ പോലും വിറകിന് വേണ്ടി പോലും ആരും അങ്ങോട്ട് പോകാറില്ല. ആത്മാക്കൾ കൊണ്ടു നിറഞ്ഞ വനം! അതാണ് ആ വനത്തെ കുറിച്ചുള്ള സംസാരം. അതുകൊണ്ടാണ് പ്രേതവനം എന്ന പേര് കിട്ടിയതും. പൊന്നുപോലെ വളർത്തിയ ഏക മകൾക്ക് ഇങ്ങനൊരു അവസ്‌ഥ വന്നാൽ ഏതച്ഛനാണ് സഹിക്കാനാകുക.
പാടില്ല, തടയണം. അവൾക്ക് താനുണ്ട് എന്ന് ഉറപ്പ് കൊടുക്കണം. കേട് പറ്റിയത് അവളുടെ ശരീരത്തിനാണ്. ശരീരത്തിന് പറ്റുന്ന കേട് ചികിത്സിച്ചു മാറ്റാം മനസ്സിനു പറ്റുന്ന കേട് മാറ്റാനാണ് ബുദ്ധിമുട്ട്. ആ ചിന്തകൾ കാലിലേക്ക് പകർന്നു നൽകിയ ഊർജ്ജം ചന്ദ്രലാലിനെ ദ്രുതഗതിയിൽ ചലിപ്പിച്ചു. വ്യക്തമായ ലക്ഷ്യത്തോടെ മുന്നേറുന്ന ആ രൂപത്തെ പുറകിൽ നിന്നു വിളിക്കുകയാണെങ്കിൽ എങ്ങോട്ടെങ്കിലും ഓടി മാറിയാൽ കണ്ടെത്താൻ കഴിയില്ല എന്ന് അറിയുന്നത് കൊണ്ടു തന്നെ ചന്ദ്രലാൽ ആ സാഹസത്തിന് മുതിർന്നില്ല. ഇടയിലുള്ള തിരിഞ്ഞു നോക്കലുകളിൽ നിന്നും അതിവിദഗ്ദ്ധമായി ഒഴിഞ്ഞുമാറി ചന്ദ്രലാൽ പിന്തുടർന്നുകൊണ്ടിരുന്നു.
കുറച്ചു ദൂരം കൂടി മുന്നോട്ടു നീങ്ങിയപ്പോൾ അമ്പരപ്പോടെ ചന്ദ്രലാൽ അത് തിരിച്ചറിഞ്ഞു ദാധിനിയുടെ അച്ഛൻ പോകുന്നത് കാടിന് നടുവിലുള്ള ആ പഴയ വീട്ടിലേക്കാണ്. ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചെന്നു കരുതപ്പെടുന്ന ആ വീട്. ആ വീടിന് മുന്നിലെത്തിയ ആ രൂപം നിന്നു ചന്ദ്രലാൽ പോലും പ്രതീക്ഷിക്കാതെയാണ് ആ രൂപം തിരിഞ്ഞു നോക്കിയത്. ചന്ദ്രലാൽ മരത്തിന് പുറകിലേക്ക് മാറുവാൻ വേണ്ടി ഒരുനിമിഷം കൂടുതൽ വേണ്ടി വന്നു. മരത്തിന്റെ പുറകിൽ നിന്നും വീണ്ടും നോക്കിയപ്പോൾ ആ രൂപം അവിടില്ല. ചന്ദ്രലാൽ മിഴികൾ കൊണ്ടൊരു വലം വെയ്പ്പ് നടത്തി. എങ്ങോട്ട് പോയെന്ന് ഒരൂഹവും കിട്ടിയില്ല. ചുറ്റുപാടും ചുഴിഞ്ഞു നോക്കിക്കൊണ്ടു ചന്ദ്രലാൽ ആ വീടിനു നേരെ നടന്നു. ഇനിയേതുവഴി പോയി തേടും എന്നു ചിന്തിച്ചു കൊണ്ടു നിൽക്കുന്നതിനിടയിലാണ് തലയിൽ ശക്തമായ ഒരു പ്രഹരമേറ്റത്. സ്വയമറിയാതെ നിലവിളിച്ചു പോയ ആ നിലവിളിയോടെ ചന്ദ്രലാൽ നിലത്തേക്ക് വീണു.
ബോധം തെളിയുമ്പോൾ അസഹ്യമായ ദുർഗന്ധം കൊണ്ടു ചന്ദ്രലാലിന്റെ മൂക്ക് ചുളിഞ്ഞു ഓക്കാനവും വന്നു. പലതവണ കണ്ണുകൾ തുറന്നടച്ചതിന് ശേഷമാണ് താൻ ഒരു ഇരുട്ടറയിലാണെന്നു ചന്ദ്രലാലിന് മനസ്സിലായത്. ചാടിയെഴുന്നേറ്റ ചന്ദ്രലാൽ ശിരസ്സിലെ വേദന മൂലം അതേ വേഗതയിൽ തലയിൽ കൈവെച്ചു കൊണ്ട് നിലവിളിയോടെ താഴേക്കിരുന്നു.
ഒരു പാദപതന ശബ്ദം കേട്ടാണ് ചന്ദ്രലാൽ മിഴികൾ ഉയർത്തിയത്. ഒരു മെഴുകുതിരി വെട്ടം അടുത്തേക്ക് വരുന്നു. താൻ പിന്തുടർന്ന ഷർട്ടും മുണ്ടും ധരിച്ച രൂപമാണ് അതെന്ന് ചന്ദ്രലാലിന് മനസ്സിലായി. അടുത്തെത്തിയ ആ രൂപം നിന്നു. പിന്നെ തന്റെ മുഖത്തിന് മുന്നിലേക്കായി മെഴുകുതിരി നാളം ഉയർത്തി. ഒരു ഞെട്ടലോടെ ചന്ദ്രലാലിന്റെ അധരം വിറച്ചു. അവിശ്വസനീയത കലർന്നു പുറത്തേക്ക് വന്ന ശബ്ദം ' ദാധിനി ' ! എന്നായിരുന്നു... ഒരാണിനെ പോലെ വേഷം ധരിച്ച ദാധിനി !
" ദാധിനി നീ !? നീ ? " പരിഭ്രമം കൊണ്ടു വിക്കിയ ചന്ദ്രലാലിന് എന്താണ് ചോദിക്കേണ്ടത് എന്നതു നിശ്ചയമില്ലാതെ പോയി.
" ചന്ദ്രു എന്തിനാ ഇങ്ങോട്ട് വന്നത്..." ദാധിനിയുടെ ചോദ്യം അതായിരുന്നു.
" നിനക്കെന്താണ് ഈ പാതിരാത്രിക്ക് ഇവിടെ കാര്യം... "
" അതിനുള്ള ഉത്തരമാണ് ചന്ദ്രുവിന്റെ പുറകിൽ തൂങ്ങി കിടക്കുന്നത് "
ചന്ദ്രു ഞെട്ടിതിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ടപ്പോൾ അതിനേക്കാൾ വേഗതയിൽ പുറകിലേക്ക് മാറി വീണ്ടും നോക്കി ! ദേഹമാസകലം മുറിവുകളോടെ വായിൽ തുണി തിരുകിയ നിലയിൽ തൂങ്ങി കിടക്കുന്ന നാലു ചെറുപ്പക്കാർ !
" ആരാണിവർ !? ഇതൊക്കെ ചെയ്തത് ആരാണ് !? എന്തിനാണ് ഇവരോട് ഇങ്ങിനെ ക്രൂരത കാണിക്കുന്നത് !?"
ഒറ്റശ്വാസത്തിലുള്ള ചന്ദ്രുവിന്റെ ഇത്രയും ചോദ്യങ്ങൾക്ക് ദാധിനിയുടെ മറുപടി വളരെ ചെറുതായിരുന്നു.
" ഇവരാണ് നമ്മുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയവർ... "
ചന്ദ്രു വ്യക്തത വരാതെ മിഴിച്ചു നോക്കിയപ്പോൾ ദാധിനി തുടർന്നു...
" ഇവരാണ് എന്നെ ക്രൂരമായി..."
ഒരലർച്ചയോടെ അവരുടെ നേരെ പാഞ്ഞ ചന്ദ്രുവിനെ ദാധിനിയുടെ ഉയർന്ന ശബ്ദം തടഞ്ഞു നിർത്തി.
" തൊട്ടു പോകരുത്... അവരെന്റെ ഇരകളാണ്. എന്റെ മാത്രം ഇരകൾ."
കത്തി ജ്വലിക്കുന്ന ക്രൂരമായ ഒരു ഭാവമായിരുന്നു അപ്പോൾ ദാധിനിയുടെ മിഴികളിൽ...
" ഇവരുടെ നിലവിളികൾ എന്റെ കാതുകളിൽ പൊഴിക്കുന്ന സംഗീതമഴ ആസ്വദിക്കുമ്പോഴാണ് എന്റെ മനസ്സിന് നിർവൃതി ലഭിക്കുന്നത്. "
" എന്നാലും ഒരു പെണ്ണായ നീ എങ്ങിനെ ഇവരെയൊക്കെ !? അതും ആരുമറിയാതെ എങ്ങിനെ ഇവിടെയെത്തിച്ചു !?"
" പെണ്ണിന് ഒന്നും ചെയ്യാനാവില്ല അതാണ് എല്ലാവരുടെയും അബദ്ധ ധാരണ. ചന്ദ്രുവിനറിയുമോ ഒരു പെണ്ണ് വിചാരിച്ചാൽ എന്തും നടക്കും. ഒരാണ് വിചാരിക്കുന്നതിനെക്കാൾ അധികമായി നടക്കും. എനിക്കിവരെ ഇവിടെയെത്തിക്കാൻ അധികം പരിശ്രമിക്കേണ്ടി വന്നില്ല. ഇവനെയറിയുമോ ചന്ദ്രുവിന് ? "
കൂട്ടത്തിൽ ഏറ്റവുമധികം മുറിവുകളേറ്റു വാങ്ങിയവനെ ചൂണ്ടി ദാമിനി അത് ചോദിക്കുമ്പോൾ ചന്ദ്രു സൂക്ഷിച്ചു നോക്കി... വീണ്ടുമൊരുവട്ടം കൂടി നോക്കിയപ്പോഴാണ് മനസ്സിലായത്. അവരുടെ വീടിന് അധികം അകലെയല്ലാത്ത വീട്ടിലെ ചെറുപ്പക്കാരൻ.
" ഇത് !? ഇത് അപ്പുറത്തെ തെരുവിലെ ആ താന്തോന്നി ചെറുക്കൻ അല്ലേ ? ഇവനുമുണ്ടായിരുന്നോ ?" അവന്റെ ദേഹത്ത് ആഞ്ഞു ചവിട്ടിക്കൊണ്ടാണ് ചന്ദ്രു അത് ചോദിച്ചത്... ചെറിയൊരു ഞരക്കത്തോടെ അവൻ തൂങ്ങിയാടുമ്പോൾ അവന്റെ കാൽവിരലുകൾ നിലത്തുരയുന്നുണ്ടായിരുന്നു...
" ഇവനുണ്ടോ എന്നല്ല, ഇവന്റെ കൂട്ടുകാരാണ് ബാക്കിയുള്ളവരെല്ലാം. അനുജനെ പോലെയാണ് ഞാനിവനെ കണ്ടിരുന്നത്. കാണുമ്പോൾ ഒരു ചേച്ചിയുടെ അധികാരത്തോട് കൂടി ഞാനിവനെ ശാസിച്ചിരുന്നു. കൂട്ടു കൂടി കള്ളും കഞ്ചാവും ഉപയോഗിച്ചു നടക്കുന്നതിന് ചീത്ത പറയാറുണ്ടായിരുന്നു. പക്ഷേ അവന്റെ കണ്ണിൽ കാമത്തിന്റെ തിരയിളക്കം ഞാൻ കണ്ടില്ലായിരുന്നു. ആ നശിച്ച ദിവസം... അശുദ്ധിയെന്ന മാറാലകെട്ടിനുള്ളിൽ നിന്നും പുറത്തു വരാത്തതിനാൽ ഉത്സവത്തിന് നിങ്ങളോടൊപ്പം വരാൻ കഴിയാതിരുന്ന ആ പകൽ. ഇവനെ കണ്ടത് കൊണ്ടാണ് ഞാൻ വാതിൽ തുറന്നത്. മറഞ്ഞിരുന്ന ഇവരെല്ലാവരും കൂടി ഒരുമിച്ച് അകത്തേക്ക് കയറി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുമ്പ് തന്നെ എന്റെ വായിൽ തുണി തിരുകി കഴിഞ്ഞിരുന്നു. മാറി മാറി ഇവരെന്നെ... " പറയുന്നതിനൊപ്പം കയ്യിലുണ്ടായിരുന്ന കൂർത്ത കമ്പി കൊണ്ട് ദാധിനി നാലുപേരെയും വരഞ്ഞു.
" ചന്ദ്രുവിന് തരാൻ കാത്തു വെച്ചിരുന്നത് മനസ്സറിയാതെ കൈമോശം വന്നപ്പോൾ തകർന്നു പോയി. കുടുംബത്തോടെ കൊല്ലുമെന്നായിരുന്നു ഭീഷണി. ചാവാൻ തന്നെയായിരുന്നു എന്റെ തീരുമാനവും അതിനു വേണ്ടി തന്നെയാണ് നിങ്ങൾ തിരികെ വരുന്നതിനു മുമ്പ് തന്നെ ഈ വനത്തിലേക്ക് കയറിയതും. പക്ഷേ ഇവിടെ എത്തിയപ്പോഴാണ് ചിന്തിച്ചത്. ഞാനെന്തിന് മരിക്കണം ? എന്നെ പിച്ചി ചീന്തിയവർ അന്തസ്സായി ജീവിക്കുമ്പോൾ ഞാൻ മരിച്ചാൽ തോൽക്കുന്നത് ഞാൻ തന്നെയല്ലേ ? എന്തിന് തോൽക്കണം ? എന്നെ നശിപ്പിച്ചവരെ നശിപ്പിക്കേണ്ടത് ഞാൻ തന്നെയാണ് എന്ന തിരിച്ചറിവ് എന്നെ തിരികെ വീട്ടിലെത്തിച്ചു. ആരോടും പറയണ്ട എന്നായിരുന്നു തീരുമാനം പക്ഷേ മുറിക്കകം കണ്ട അമ്മയ്ക്ക് കാര്യം മനസ്സിലായി. അമ്മയുടെ അലറി കരച്ചിലോടെ നാട്ടുകാർക്കും. എല്ലാ കണ്ണുകളുടെയും തുറിച്ചു നോട്ടം അസഹ്യമായതിനാലാണ് മുറിക്കുള്ളിൽ ഒതുങ്ങി കൂടിയതും. ഞാനെന്തോ വലിയ അപരാധം ചെയ്‍തത് പോലെ , അല്ലെങ്കിൽ ഒരു വിശേഷ ജീവിയെ കാണുന്നത് പോലുള്ള തുറിച്ചു നോട്ടങ്ങൾ, മൂക്കത്ത് വിരൽ വെയ്ക്കലുകൾ, വൃത്തികെട്ട നാട്ടുകാർ. സ്വന്തം കുടുംബത്തിൽ വരുമ്പോൾ മാത്രം നെഞ്ചത്തടിച്ചു നിലവിളിക്കാൻ അറിയുന്നവർ. അല്ലാത്തതെല്ലാം വാർത്ത മാത്രം. "
ഒരുനിമിഷം നിർത്തിയ ദാധിനി ഇടറിയ സ്വരത്തിൽ തുടർന്നു.
" പക്ഷേ ഞാൻ തോറ്റു പോകുന്ന ഒരാളുണ്ടായിരുന്നു, അതെന്റെ ചന്ദ്രുവിന്റെ മുമ്പിൽ മാത്രം. എനിക്കറിയാം നീയെല്ലാം മറന്നു എന്നെ സ്വീകരിക്കുമെന്ന്. പക്ഷേ, എനിക്കെന്റെ ലക്ഷ്യം നിറവേറ്റണമെങ്കിൽ നിന്നിൽ നിന്നും അകന്നു മാറണമായിരുന്നു. അതുകൊണ്ട് തന്നെയാണ് മനസ്സ് കല്ലാക്കി നിന്നോട് കടുത്ത തീരുമാനം അറിയിച്ചതും. നിനക്കറിയോ ഞാനെത്ര മാത്രം ബലം പിടിച്ചു നിന്നിട്ടും നിന്റെ വേദനയുടെ മുമ്പിൽ തളർന്നു പോകുകയായിരുന്നു എന്ന്. അധികം മുഖം തരാതെ മുറിയിലേക്ക് തിരികെ വന്നതും അതുകൊണ്ടു തന്നെ. നീ കരയുന്നതിനെക്കാൾ കൂടുതൽ ഞാൻ കരയുകയായിരുന്നു. "
പറഞ്ഞതും ദാധിനി പൊട്ടിക്കരഞ്ഞു പോയി. ചന്ദ്രു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തെല്ല് നേരത്തെ കരച്ചിലിന് ശേഷം ദാധിനി തുടർന്നു.
" പക്ഷേ തകർന്നാൽ നാളെ മറ്റെവിടെയെങ്കിലും മറ്റൊരു പെൺകുട്ടിക്ക് ഇതേ ഗതി ! വിശാലമായ പറമ്പിൽ വളരുന്ന കൂണ് വിഷക്കൂണാണെങ്കിൽ എത്രയും വേഗം അത് പറിച്ചെറിയുകയാണ് വേണ്ടത് അല്ലെങ്കിൽ ഒരുപാട് പേർ അത് കഴിച്ചു മരിക്കും. അതേ, അത് ചെയ്യാൻ തന്നെയായിരുന്നു എന്റെ തീരുമാനം. രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു രാത്രി ഞാനിവനെ തേടിയിറങ്ങി. നാടിനും വീടിനും വേണ്ടാത്ത ഇവൻ സ്ഥിരമായി കിടക്കുന്ന ആൽത്തറയിൽ വെച്ചു തന്നെ ഇവനെ കണ്ടു. അപ്രതീക്ഷിതമായി എന്നെ കണ്ട ഇവൻ അമ്പരന്നു ! കണ്ടുമുട്ടിയ ഉടനെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു ഞാനിവനോട് പറഞ്ഞത് ' ഇത്ര നാളും ഞാനറിയാതിരുന്ന സുഖം എനിക്ക് നൽകിയത് നീയാണ്. എനിക്കിനിയും ആ സുഖം വേണം. നാലു പേരിൽ വെച്ചു എനിക്കിഷ്ടമായത് നിന്റെ പ്രവൃത്തികളാണ്. ഇനി ഞാൻ നിന്റെ സ്വന്തമാണ്. പക്ഷേ ആരുമറിയരുത് എന്നൊരപേക്ഷ മാത്രമേ എനിക്കുള്ളൂ. ഇവിടെയൊക്കെ ആരെങ്കിലും കാണും. വാ ' എന്ന് പറഞ്ഞു ഞാൻ മുമ്പേ നടന്നു. വാലാട്ടി പട്ടിയെ പോലെ ഇവനും. വന്നെത്തിയത് ഇവിടെയാണ്‌. മുമ്പേ നടത്തിയ ഇവനെ പുറകിൽ നിന്ന് അടിച്ചു വീഴിച്ചു വലിച്ചിഴച്ചു ഇതേപോലെ തൂക്കി നിർത്തുവാൻ ഞാനൊരുപാട് പണിപ്പെട്ടു. പക്ഷേ പക വീട്ടുന്നതിന്റെ സംതൃപ്തിയുടെ സുഖത്തിൽ ഞാൻ ആ ക്ഷീണം അറിഞ്ഞതേയില്ല. ഇവന്റെ ഫോണിൽ നിന്ന് കിട്ടിയ നമ്പറുകളിലൂടെ മറ്റുള്ളവരെയും ഇതേ കാര്യം പറഞ്ഞു ഇവിടെയെത്തിക്കാൻ എനിക്കധികം പണിപ്പെടേണ്ടി വന്നില്ല. പെണ്ണെന്ന ലഹരിയ്ക്ക് അങ്ങിനൊരു കഴിവുണ്ട്. ഇനിയിവർ അധിക കാലം ജീവിക്കില്ല. ഒരാളും ഇവരിവിടെയുണ്ടെന്നു കണ്ടെത്തുകയുമില്ല. ഊരുതെണ്ടി നാടിനും വീടിനും ആവശ്യമില്ലാതെ നടക്കുന്ന ഇവരെവിടെ പോയെന്നു ആരും തിരക്കുകയുമില്ല. പക്ഷേ, മരിക്കുന്ന അവസാന നിമിഷം വരെ ഇവർ വേദനയെന്തെന്നു അറിയും. ഇവർ പിടയുന്നത് കണ്ടെനിക്ക് ആനന്ദിക്കണം. "
" അത് കഴിഞ്ഞാൽ ?"
ചന്ദ്രുവിന്റെ പെട്ടെന്നുള്ള ആ ചോദ്യത്തിന് മുമ്പിൽ ദാധിനി പകച്ചു പോയി.
" കഴിഞ്ഞാൽ...? "
അർദ്ധോക്തിയിൽ നിർത്തപ്പെട്ട ആ ചോദ്യത്തിന് മറുപടിയായി ചന്ദ്രു വീണ്ടും പറഞ്ഞു.
" ഒരു പെണ്ണെന്ന നിലയിൽ നിന്നെ നശിപ്പിച്ചവരോട് പക വീട്ടുവാനുള്ള നിന്റെ അവകാശത്തെ ഞാൻ മാനിക്കുന്നു. പക്ഷേ ഞാനും നീയും ചേർന്നു കണ്ട സ്വപ്നങ്ങൾ ഇപ്പോഴും പൂർത്തീകരിക്കപ്പെടാതെ കിടക്കുന്നു. നീയൊറ്റയ്ക്ക് കണ്ട ദുഃസ്വപ്നം നീയായി തന്നെ മായ്ച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു. തിരികെ നീ വരുന്നതും കാത്ത് നമ്മുടെ സ്വപ്നങ്ങൾക്കൊപ്പം ഞാനുമിവിടെയുണ്ട്. നീ വരണം."
" വേണ്ട ചന്ദ്രൂ. ഞാൻ കളങ്കപ്പെട്ടവളാണ് ഇനി എനിക്ക് അങ്ങിനൊരു ജീവിതമില്ല."
" ദാധിനീ, കളങ്കം എന്നത് മനസ്സിനാണ് സംഭവിക്കേണ്ടത്. മനസ്സറിയെ നീയൊരു തെറ്റും ചെയ്യാതിടത്തോളം കാലം നീ പരിശുദ്ധ തന്നെയാണ്. ഒന്നു കുളിച്ചാൽ തീരുന്ന അഴുക്ക് മാത്രം നിലനിൽക്കുന്ന ശരീരത്തേക്കാൾ എത്രയോ വിലപിടിച്ചതാണ് മനസ്സ്. നിന്റെ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് എനിക്കറിയാം, അതുമാത്രം മതിയെനിക്ക്. ഈ പക വീട്ടലിന്റെ അവസാന രാവും കഴിഞ്ഞു പിന്നെ നീ എന്റേത് മാത്രമാണ്, എന്റേത് മാത്രം. "
" നിന്നെ മാറ്റി നിർത്തി ഞാൻ ഇതുവരെ ഒന്നും ചിന്തിച്ചിട്ടില്ല ചന്ദ്രൂ. ഞാൻ വരും... പക്ഷേ അതെന്ന് എന്നു മാത്രം ചോദിക്കരുത് നീ. ചിലപ്പോൾ നാളെ തന്നെ, അല്ലെങ്കിൽ കുറെ നാളുകൾക്ക് ശേഷം. കൃത്യമായ ഉത്തരം നൽകാൻ എനിക്കാവില്ല."
ചന്ദ്രു ഒന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തു പിടിക്കുക മാത്രമാണ് ചെയ്തത്. ഒന്നു കുതറിയെങ്കിലും പിന്നീട് അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നു.
നിലയ്ക്കാൻ പോകുന്ന നാല് നെഞ്ചിടിപ്പുകൾക്ക് മുമ്പിൽ നെഞ്ചോട് നെഞ്ചു ചേർന്ന് അവർ നിന്നു.
അപ്പോൾ പുറത്ത് ,ആകാശത്ത്, നിലാവ് അവസാന കാർമേഘത്തെയും മറി കടന്നു പൂർണ്ണ ശോഭയോടെ തെളിഞ്ഞു നിൽക്കാൻ തുടങ്ങിയിരുന്നു.
ജയ്സൺ ജോർജ്ജ്
//. 2018 മംഗളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച എന്റെ കഥ. ഈ കഥ പ്രസിദ്ധീകരിക്കുന്നതിന് അവസരമൊരുക്കിയ നല്ലെഴുത്ത് അഡ്മിൻ പാനലിനോടും പ്രസിദ്ധീകരിക്കുന്നതിന് സന്മനസ്സ് കാണിച്ച മംഗളത്തോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot