
-----------------------
"എനിക്ക് പറ്റുന്നില്ല ഹരി... ഞാൻ കുറെ ശ്രമിച്ചു. ഇനിയും വയ്യ. എന്നോട് ക്ഷമിക്കണം. ഐ ആം സോറി...."
കണ്ണീരു വീണു പടർന്നു തുടങ്ങിയ ആ അക്ഷരങ്ങളിലേക്ക് നോക്കി ഹരി നിർവികാരനായി ഇരുന്നു. 'വയ്യ... ഇനിയും വയ്യ...' ഇതവൾ എപ്പോഴും പറയുന്നതായിരുന്നു. എല്ലായ്പ്പോഴും 'ഒന്നുമില്ല എല്ലാം ശരിയാവും' എന്ന സ്ഥിരം സമാധാനവാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അതിലവൾ ആശ്വസിച്ചിരുന്നു എന്ന് താൻ കരുതി. ഇത്തവണ ആ ആശ്വാസ വാക്കുകൾ കേൾക്കാൻ പോലും അവൾ കാത്തു നിന്നില്ല. ഒറ്റവരിയിൽ എല്ലാം എഴുതി തീർത്ത് അവൾ....
ഒരു ചെറിയ കുളിർകാറ്റിന്റെ തണുപ്പ് പോലും താങ്ങാൻ കഴിയാത്തവളാണ് ഇപ്പോൾ മരവിച്ച തണുപ്പിനുള്ളിൽ ശാന്തമായി ഉറങ്ങുന്നത്.
ഞാനില്ലാതെ എന്റെ നെഞ്ചിലെ ചൂടില്ലാതെ നിനക്കെങ്ങനെ ഇങ്ങനെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു പെണ്ണെ...
ഇല്ല... അവളിനി ഒന്നും കേൾക്കില്ല. എല്ലാ വേദനകളെയും ഇവിടെ ഉപേക്ഷിച്ച് അവളും തന്നെ തനിച്ചാക്കി പോയിക്കഴിഞ്ഞിരിക്കുന്നു. കീറിമുറിക്കലുകളുടെയും തുന്നിക്കെട്ടലുകളുടെയും വേദനകൾ അറിയാതെ അവൾ സുഖമായി ഉറങ്ങുന്നു.
ആ മുഖത്ത് നിന്നും കണ്ണെടുക്കാനാവുന്നില്ല. വെളുത്ത വസ്ത്രങ്ങൾ അവൾ ഉപയോഗിക്കാറേ ഇല്ലായിരുന്നു. എന്നിട്ടും നീ ഇപ്പോൾ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ജീവനില്ലാത്ത.... വയ്യ... നിന്നെ ഇങ്ങനെ... പോകും മുൻപ് നീ എന്നെ ഓർത്തില്ലല്ലോ... ഞാൻ നിന്നോട് പരിഭവത്തിലാണ്. എന്റെ പരിഭവങ്ങൾ കേൾക്കാനും അവൾക്കിനി കഴിയില്ലെന്ന ഓർമ്മ എന്നെ പിന്നെയും തളർത്തി.
ഒരിക്കലും ഒരിക്കലും ഞാൻ നിന്റെ ഫോട്ടോക്ക് മുൻപിൽ വിളക്ക് തെളിയിക്കില്ല. മാല ചാർത്തില്ല. നീ ഇല്ലെന്നു തെളിയിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. എനിക്കും വയ്യ പെണ്ണെ....
എന്നെ ഇങ്ങനെ നീറി നീറി ജീവിക്കാൻ അനുവദിക്കാതെ കൂടെ വിളിച്ചൂടെ നിനക്ക്. നിന്നെ പോലെ എല്ലാം തനിയെ ചെയ്യാൻ എനിക്ക് ശക്തി ഇല്ലാതെ പോയി. നിന്നോളം സഹനവും ധൈര്യവും എനിക്കില്ലാതെ പോയി.
ഇത് തന്നെ ആയിരുന്നില്ലേ അവളും പറഞ്ഞിരുന്നത്. അവനില്ലാതെ വയ്യ. എന്റെ പൊന്നോമന ഇല്ലാതെ വയ്യ. അവനോടൊപ്പം യാത്ര പോകാമായിരുന്നു എന്ന്. ഞാൻ കേട്ടില്ല. ഒരുപാടവൾ സഹിച്ചു. സഹികെട്ടിട്ടുണ്ടാവും, ഇപ്പോൾ എന്നെപ്പോലെ.
ഇനി താമസിക്കേണ്ട. അവളുടെ അടുത്തേക്ക്, ഞങ്ങളുടെ പൊന്നുമകന്റെ അടുത്തേക്ക് പോകാൻ. ഒട്ടും വൈകാതെ വേണം യാത്ര. നീ ചെയ്തതുപോലെ ഒരു വരി കത്തെഴുതാൻ പോലും ഞാൻ ആരെയും ഈ ഭൂമിയിൽ എന്റേതായി സൂക്ഷിച്ചിട്ടില്ല. വൈകില്ല പെണ്ണെ. നീ വിളിച്ച യാത്രക്ക് ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു. നിന്നിലേക്ക്....
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക