നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശാരദേടത്തിയുടെ മോളുടെ കല്യാണം~~~~~~~~~~~~~~~~~~~~
അന്ന് അഞ്ചിലേക്കോ ആറിലേക്കോ കാലൂന്നിയ സമയം... വയസ്സല്ലട്ടോ...ക്ലാസ്.. ക്ലാസ്സെ... അന്നൊരു ഞായറാഴ്ചയായത് കാരണമാണ് നേരത്തെ എഴുന്നേറ്റത്. സാധാരണക്കാരായ മനുഷ്യരൊക്കെ അവധി ദിവസങ്ങളിൽ കൂടുതൽ ഉറങ്ങാനാണ് ശ്രമിക്കുക. എന്നെപ്പോലെ അസാധാരണക്കാരായ ചിലർ മാത്രം സ്കൂൾ ഉള്ള ദിവസങ്ങളിൽ നേരം വൈകിയും അവധി ദിവസങ്ങളിൽ നേരത്തെയും എഴുന്നേൽക്കും. അതെന്താണാവോ അങ്ങിനെ... എന്റെ സംശയം അല്ല... ഇമ്മടെ വീട്ടുകാരുടെ സംശയം ആണ്. സംശയം അവരുടെ ആയതോണ്ട് ഉത്തരം കണ്ടുപിടിക്കാനുള്ള ചുമതല കൂടി ഞാൻ അവരെയങ്ങ് ഏൽപ്പിച്ചു... അല്ല പിന്നെ... ഉത്തരം ഇമ്മക്കറിയാം.. പാടത്തെ ക്രിക്കറ്റ് കളി അല്ലാതെന്ത്... ഇമ്മടെ ജീവൻ മുഴോനും അതിലാണ്.
അന്നും പതിവുപോലെ നേരത്തെന്ന എഴുന്നേറ്റ് പല്ലു തേപ്പ് കുളിയൊക്കെ കഴിഞ്ഞു അമ്മ ഉണ്ടാക്കിക്കൊണ്ടിരുന്ന ദോശ ചൂടാറും മുമ്പേ അകത്താക്കി ഇമ്മള് കാത്തിരിപ്പ് തുടങ്ങി. ഒരു എട്ടര ആയിരുന്നേൽ ഗ്രൗണ്ടിലേക്ക് പോകാമായിരുന്നു. അതാണ് മനസ്സിലെ ചിന്ത മുഴുവൻ... കൃത്യം എട്ടര ആയപ്പോഴാണ് ആ ഇടിത്തീ എന്റെ നിറുകയിൽ പതിച്ചത്. അതും അമ്മയുടെ വായിൽ നിന്നും...
" ടാ... ശാരദേടത്തിയുടെ വീട്ടിലേക്ക് പോണം... അവരുടെ മോളുടെ കല്യാണമാണ്... "
" പൊക്കോ... അതിനെന്താ..."
അമ്മ ഈ അവിടേം ഇവിടേമൊക്കെ പോകുന്നത് എന്നോടെന്തിനാ പറയുന്നത്... ഇനി ഞാനും മുതിർന്ന ഒരാളായി എന്ന് കണക്കു കൂട്ടിയിട്ടാകുമോ... അതായിരുന്നു അനുമതി കൊടുക്കുമ്പോഴും എന്റെ ചിന്ത...
" പൊക്കോ...ന്നോ... നീ ക്ലോക്കിലും നോക്കിയിരിക്കണ്ട... ഇന്ന് നിന്നെ തുള്ളാൻ വിടുന്നില്ല... നിന്നേം കൂട്ടിക്കൊണ്ടു പോകാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്... "
എനിക്ക് കിട്ടിയ വലിയൊരു ആഘാതമായിരുന്നു ആ വാക്കുകൾ... എന്റെ സെഞ്ചുറി ആണ് അമ്മയുടെ ആഞ്ജയിലൂടെ ഒലിച്ചു പോകുന്നത്. കളിക്കാൻ തുടങ്ങിയ നാൾ മുതൽ ഉള്ള മോഹമാണ്... ഓരോ ദിവസവും വിചാരിക്കും പോട്ടെ അടുത്ത ദിവസം അടിക്കാം എന്ന്... ആ എന്നോടാണ്...
" അമ്മയ്ക്ക് ഒറ്റയ്ക്കങ്ങ് പോയാൽ പോരെ... ഞാനെന്തിനാണ്... "
" ആഹാ ഇത് നല്ല ശ്ശേല് ... അച്ഛൻ നിന്നേം കൂട്ടിക്കൊണ്ടു പോകാൻ പറഞ്ഞിട്ടുണ്ട്.."
" ഹോ... ഈ വരുന്നോടത്തും പോകുന്നോടത്തും എല്ലാം എന്നെ കൂട്ടിക്കൊണ്ടു പോകാൻ ഞാനെന്താ വല്ല ഓക്സിജൻ കുറ്റിയുമാണോ അമ്മേ..." എനിക്കത്രയ്ക്ക് കലി വന്നു.
" വലിയ വർത്തമാനം ഒന്നും പറയണ്ട... അടുത്ത ഞായറാഴ്ച്ച അവിടുത്തെ കല്യാണമാണ്. ബന്ധുക്കാരാണ് ഒന്ന് പോയി തല കാണിച്ചിട്ട് വരണം. നീ വേഗം ഒരുങ്ങിക്കോ... "
" ഞായറാഴ്ച്ചയാണോ കല്യാണം... ഇവരൊക്കെ എന്നാത്തിനാ ഈ ഞായറാഴ്ച്ച കൊണ്ടു വെയ്ക്കുന്നത്... വല്ല ഇടദിവസവും കൊണ്ടു വെച്ചാൽ പോരെ...?? "
" അയ്യടാ കൊള്ളാല്ലോ പൊന്നുമോന്റെ പൂതി... എന്നിട്ട് ആ പേരും പറഞ്ഞു രണ്ടു ദിവസം സ്കൂളിൽ പോകാതിരിക്കണം...അതിനല്ലേ...??? അല്ലാതൊന്നിനുമല്ലല്ലോ... കിന്നരിക്കാണ്ട് പോയി റെഡിയാവാൻ നോക്ക്... അല്ലേൽ ഞാനിപ്പോ അച്ഛനെ വിളിക്കും... പറഞ്ഞേക്കാം..."
ശ്ശേ... ഇതൊക്കെ എന്ത് പെട്ടെന്നാ ഇവർക്കൊക്കെ മനസ്സിലാവുന്നത്.... ഇനിയിപ്പോ അച്ഛനെ വിളിച്ചു രാവിലെ തന്നെ മോങ്ങിക്കരച്ചിൽ വിത്ത് ഏങ്ങലടി നടത്താൻ മൂഡില്ലാതിരുന്നത് കാരണം സെഞ്ചുറിയോട് അടുത്താഴ്ച്ച എടുക്കാം എന്നു പറഞ്ഞു ഞാൻ റെഡിയായി...
ശാരദേടത്തി അമ്മയുടെ ബന്ധുവാണ്. കുറച്ചപ്പുറത്താണ് താമസം. ചിരിച്ച മുഖത്തോടെ അമ്മയും സ്ഫടികം ജോർജ്ജിന്റെ ഗൗരവത്തോടെ ഞാനും അവിടേക്കെത്തി... ഞങ്ങളെപ്പോലെ തന്നെ കുറെ ബന്ധുക്കാർ അവിടെ വന്നിട്ടുണ്ട്. ഞങ്ങളെ കണ്ടതും ശാരദേടത്തി ഓടി വന്നു... " വാ.. വാ... ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത്... സുഖല്ലേ മോളേ... ( എന്നിട്ടെന്റെ കവിളിൽ തലോടിക്കൊണ്ട് ) ഇവനങ്ങ് വലുതായല്ലോ..."
സത്യായിട്ടും ആ ഡയലോഗ് കേട്ട് ഞാൻ അന്തം വിട്ടു വാ പൊളിച്ചു പോയി... ഇന്നലെ വൈകുന്നേരം കൂടി ഇവളാരത്തിക്ക് കേശവേട്ടന്റെ ബേക്കറിയിൽ നിന്ന് മോര് വാങ്ങിക്കൊണ്ടു കൊടുത്തത് ഞാനാണ്... ഒറ്റ രാത്രി കൊണ്ട് ഇത്രയൊക്കെ വളരുവോ... ഞാനാണെങ്കിൽ അമ്മയോടുള്ള കലിപ്പിൽ വന്നപ്പോ കണ്ണാടി നോക്കാനും മറന്നു... ഇനിയിപ്പോ ശരിക്കും വളർന്നിട്ടുണ്ടാവോ... ആകെ കൻഫ്യൂഷൻ ആയിപ്പോയി... വെറുതെ ആൾക്കാരുടെ മുമ്പിൽ വെച്ചു ഡയലോഗടിച്ചതാണെന്നു അകത്തു കണ്ണാടിയിൽ എന്നെ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്... ന്നാലും ന്റെ ശാരദേടത്തി.... എന്തൊരു വിടലാണ് ഇങ്ങള് വിടണത്...
" വാ അവൾക്ക് വാങ്ങിച്ച സ്വർണ്ണവും ഡ്രസ്സും കാണിച്ചു തരാം... " ശരദേടത്തിയുടെ ക്ഷണം സ്വീകരിച്ച അമ്മ കഞ്ഞിവെള്ളം കണ്ട പശുവിനെ പോലെ മുന്നോട്ട് നടന്നു. പോകുമ്പോ എന്റെ കയ്യിൽ പിടിച്ചത് കാരണം അറക്കാൻ കൊണ്ടോകുന്ന ആട്ടിൻകുട്ടിയെ പോലെ ഞാനും അനുഗമിച്ചു. കൈവിട്ടാൽ ഞാൻ മുങ്ങുമോ എന്നതായിരിക്കണം അപ്പൊ അമ്മയുടെ ചിന്ത.
ഒരുകൂട്ടം പെൺപടകൾ നിരന്നിരുന്ന ഒരു മുറിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. തുണിക്കടയിൽ നിൽക്കുന്ന സെയിൽസ് ഗേളിനെ പോലെ ശാരദേടത്തി ഓരോന്നെടുത്തു കാണിക്കാൻ തുടങ്ങി. ' വൗ... കൗ ....' വിളികളോടെ കുറെയെണ്ണം വായും പൊളിച്ചു അത് കാണുന്നുമുണ്ട്. ഇത്രേം ആൾക്കാരു വന്നിട്ടും വായ്നോക്കാൻ പറ്റിയ ഒറ്റ പെൺപിള്ളേരുമില്ലല്ലോ എന്ന ചിന്തയിലും ഗ്രൗണ്ടിൽ കിടന്നു തുള്ളിമറിയുന്ന കൂട്ടുകാരുടെ ചിന്തയിലും ഉന്മത്തോദാത്ത മനവുമായി ഞാനും ആ കട്ടിലിന്റെ ഒരു സൈഡിൽ പോയിരുന്നു.
കുറച്ചു നേരം കഴിഞ്ഞു നോക്ക് സഞ്ജുമോനെ ഇതെങ്ങിനെയുണ്ട് എന്ന ചോദ്യം വന്നപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുമുണർന്നത്. നമുക്കുണ്ടോ ആട്ടിൻകാട്ടവും എള്ളും വേർതിരിച്ചറിയുന്നു... ഞാൻ വെറുതെ തല കുലുക്കി....പിന്നേം പിന്നേം എന്നോട് തന്നെ ചോദ്യം വന്നപ്പോഴാണ് ഞാൻ മെല്ലെ തല തിരിച്ചു നോക്കിയത്... വിയർത്തുപോയി... ആ മുറിയിൽ പ്രേക്ഷകനായി ഞാൻ മാത്രമേയുള്ളൂ...
ഇവരൊക്കെ ഇതെവിടെപോയി... അവരാണെങ്കിൽ ഇതെങ്ങിനെയുണ്ട് ഇതെങ്ങിനെയുണ്ട് ചോദ്യം മാത്രം... തല കുലുക്കി തല കുലുക്കി ഇനി തല കഴുത്തിൽ നിന്നു വേർപ്പെട്ടുപോകുമോ എന്നായി എന്റെ പേടി... ഇനി ശരിക്കും ഇവർക്ക് വട്ടാകുമോ..ഇതൊക്കെയെന്തിനാ എന്നെ ഈ കാണിക്കുന്നത്... ഇനി കുറച്ചു നേരം കഴിയുമ്പോ അല്ലിക്ക് ആഭരണമെടുക്കാൻ ഞാനും കൂടി പൊക്കോട്ടെ എന്നൊക്കെ എന്നോട് ചോദിക്കുമോ...
എന്തോ ഒരു ഭയം എനിക്ക് തോന്നി തുടങ്ങി... കാര്യങ്ങൾ അത്ര പന്തിയല്ല... ഞാൻ വാതിൽ നോക്കി വെച്ചു... നകുലേട്ടാ എന്ന വിളി വരുവാണെങ്കിൽ എണീറ്റ് ഓടണം ഞാൻ ഉറപ്പിച്ചു. കാരണം അവരുടെ ആ വിവരണം കണ്ടപ്പോ മണിച്ചിത്രത്താഴിലെ ശോഭനയുടെ വിവരണമാണ് എനിക്കോർമ്മ വന്നത്... ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ... അമ്മ എന്നെ ഇവരുടെ മുമ്പിൽ നേർച്ചക്കോഴി ആക്കാൻ ഇട്ടുകൊടുത്തിട്ടു പരദൂഷണം പറയാൻ പോയതാണ് ഉറപ്പ്... നൈസ് ആയിട്ട് തല എത്തിച്ചു നോക്കിയപ്പോ മുറിയുടെ വാതിൽക്കൽ തന്നെ അമ്മ ആരോടൊക്കെയോ എന്താണ്ടൊക്കെയോ കൊണ്ടുപിടിച്ച സംസാരമാണ്. ഉന്നം വേറൊന്നുമല്ല ഞാൻ മുങ്ങുവാണെങ്കിൽ പൊക്കാനാണ്... സിനിമേം കാണാം ഐസ്ക്രീമും കഴിക്കാം എന്ന ചിന്ത തന്നെ.... കുരുങ്ങിയല്ലോ ന്റെ കുറവിലങ്ങാട്ടെ കുനിഞ്ഞിരിക്കണ മുത്തപ്പാ...
ശാരദേടത്തിയുടെ അവസ്‌ഥ കണ്ടിട്ട് എനിക്ക് സഹതാപം തോന്നിത്തുടങ്ങി... പാവം അതിന്റെ കല്യാണത്തിന് ഇതൊന്നും വാങ്ങിച്ചു കൊടുക്കാൻ ആരുമില്ലായിരുന്നെന്നു തോന്നുന്നു.... കളിപ്പാട്ടം കണ്ട കൊച്ചുകുട്ടിയുടെ പോലെയല്ലേ ഓരോന്നെടുത്ത് കാണിക്കുന്നത്.... ഇത് കണ്ടാ അത് കണ്ടാ മറ്റേത് കണ്ടാ മറിച്ചത് കണ്ടാ കുന്തം കണ്ടാ കൊടചക്രം കണ്ടാ.... ഹോ എനിക്ക് തല പെരുത്ത് തുടങ്ങി... കസ്‌റ്റമറൊക്കെ പോയി ഇപ്പൊ കഷ്ടമർ ആയ ഞാൻ മാത്രമേ ഇവിടുള്ളൂ എന്നത് ഇതിനെ ഞാൻ എങ്ങിനെ പറഞ്ഞു മനസ്സിലാക്കാനാണ് എന്റെ ദേവിയേ.... ഇമ്മടെ കുരുത്തക്കേട് മൈൻഡിൽ ഗ്രൗണ്ട് പിന്നേം നിറഞ്ഞു കവിഞ്ഞു വരാൻ തുടങ്ങിയപ്പോ ഒരു പണി കൊടുക്കാൻ തീരുമാനിച്ചു.... അല്ല പിന്നേ എനിക്ക് കല്യാണത്തെക്കാളും വലുത് സെഞ്ചുറി തന്നെയാണ്...
കട്ടിലിൽ കിടക്കുന്ന ഓരോന്ന് എടുത്ത് ഭംഗി നോക്കി എന്നെ കാണിക്കുന്നതിന്റെ ഇടയിലെപ്പോഴോ അവരുടെ ശ്രദ്ധ അലമാരയിലേക്ക് തിരിഞ്ഞ സന്ദർഭത്തിൽ ഉള്ളതിൽ കനം കൂടിയ ഒരു മാല കൈപ്പാങ്ങിനിരുന്നത് ഞാനിങ്ങ് ചൂണ്ടി കട്ടിലിന്റെ അടിയിലേക്ക് നൈസ് ആയിട്ട് എറിഞ്ഞു... ആ മാല നിരങ്ങി നീങ്ങുന്നതിന്റെ ഒച്ചക്കൊപ്പം ' സ് സ് സ് സ് സ് ' എന്ന് ഞാനും വാ കൊണ്ട് ശബ്ദമുണ്ടാക്കി... അന്തം വിട്ടു നോക്കിയ ശാരദേടത്തിയോട് ഞാൻ പറഞ്ഞു... " ഗ്യാസാ...ഗ്യാസ്... " അവർ അന്ധാളിപ്പോടെ എന്റെ ഒന്നരയിഞ്ച് വണ്ണമുള്ള ശരീരത്തിലേക്ക് നോക്കി എന്നിട്ട് അവിശ്വസനീയതോടെ തലയാട്ടി.
അവർ അതും ഇതുമൊക്കെ അടുക്കിപ്പെറുക്കി കൊണ്ടിരിക്കുന്നു. ഇപ്പൊ വിവരണം നിന്നു. പക്ഷേ പോരല്ലോ... മാലയൊഴിഞ്ഞ ബോക്‌സ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ തോന്നിയപ്പോഴാണ് പ്ലാൻ ചീറ്റിപ്പോകുമോ എന്ന വേവലാതി കാരണം ഞാൻ മുന്നിട്ടിറങ്ങിയത്...
" എല്ലാം എടുത്തു വെച്ചോളൂ ശാരദേടത്തി... ഞാൻ പുറത്തേക്ക് പോവാ... " ഞാൻ കാണിച്ചു കൊടുത്താൽ ചിലപ്പോ പണി പാളിയാലോ... അതാണ് അങ്ങിനെ പറഞ്ഞത്.
അവർ എല്ലാം മടക്കി എടുത്തു വെയ്ക്കുമ്പോഴും എന്റെ കണ്ണിൽ ആ കാലിയായ ബോക്സ് മാത്രമായിരുന്നു. ഒടുവിൽ അവരുടെ കൈകൾ അതിന്റെ അടുത്തെത്തി. ഒരു ഞെട്ടൽ...!!! ഞാൻ വ്യക്തമായി അത് കണ്ടു .... ഞാനൊന്നുമറിയാത്ത പോലെ മുകളിൽ കറങ്ങുന്ന ഫാനിന്റെ പൂക്കളിലേക്ക് നോക്കിയിരുന്നു.
" അയ്യോ ഈ നെക്ലസ് എവിടെ പോയി...? "...
നെക്ക്ലേസ്‌... !!!! അപ്പോഴാണ് ആ സാധനത്തിന്റെ പേര് എനിക്ക് കിട്ടിയത്. ശരിയാ നെക്കിന് ലേസ്‌ പിടിപ്പിക്കുന്നതിനെ പിന്നെ വേറെന്താ വിളിക്കുക.
അവരുടെ കട്ടിലിന്റെ മുകളിൽ ഉള്ള തിരച്ചിൽ കണ്ടപ്പോൾ ഞാൻ പേടിച്ചു ഇനി കട്ടിലിന്റെ അടിയിലെങ്ങാനും നോക്കുമോ... പ്ലാൻ ചീറ്റിപ്പോകുമോ... ഉടനെ തന്നെ ഞാൻ പ്ലാൻ എ പ്ലസ് എടുത്ത് പ്രയോഗിച്ചു.
" ഇനി ഇവിടിരുന്നവരിൽ ആരെങ്കിലും..." ....
' ഡും ഡും ഡും...' ങ്ങേ ഈ നേരത്താരാ ചെണ്ട കൊട്ടി വിളംബരം പുറപ്പെടുവിക്കാൻ പോകുന്നത്.... നോക്കുമ്പോ അവർ നെഞ്ചത്തടിച്ചു നിലവിളി തുടങ്ങിയതാണ്... അയ്യോ... അയ്യോ... അയ്യോ... ' അയോ അയോ ' ആ രണ്ടു കുഞ്യേ അയോ ഇമ്മടെ വക സ്പോൺസർ ആണ്. എല്ലാവരും ഓടിവന്നു എന്താ എന്താ....
" അയ്യോ... പോയെടി മക്കളേ... അഞ്ചു പവന്റെ നെക്ക്ലേസ്‌ കാണാനില്ല... "
" അയ്യോ എവിടെപ്പോയി... എല്ലായിടത്തും നല്ലോണം നോക്കിയോ...???"
" ഞാനിനി നോക്കാൻ ഒരിഞ്ചു സ്ഥലം ബാക്കിയില്ല... എനിക്ക് വയ്യായെ... അതിയാനോട് ഞാനിനി എന്നാ സമാധാനം പറയും... "
ഇരുന്നിടത്തു നിന്നും ഒരിഞ്ചു അനങ്ങാത്ത പെണ്ണുംപിള്ളയാണ് ഇനി നോക്കാൻ ഒരിഞ്ചു സ്ഥലം ബാക്കിയില്ല പോലും... കിട്ടിയ താപ്പ് മുതലാക്കി ഞാൻ ആ തിരക്കിനിടയിലൂടെ നൈസ് ആയിട്ട് ഊളിയിട്ടു പുറത്തിറങ്ങി. ഒളിംപിക്സിന്റെ വെടിയൊച്ച കേട്ട അത്ലറ്റിന്റെ പോലെ പോക്കറ്റും പൊത്തി കുതിച്ചു പാഞ്ഞു. പോക്കറ്റ് പൊത്തിയത് വേറൊന്നും കൊണ്ടല്ല അതിലാണ് ടോസ് അടിക്കാനുള്ള അമ്പത് പൈസ... അത് പോയാൽ പിന്നെ ഇല പറിച്ചു ടോസ് ഇടേണ്ടി വരും....
ഗ്രൗണ്ടിലെത്തി കളിയൊക്കെ കഴിഞ്ഞു പതിവ് പോലെ സെഞ്ചുറി സ്വപ്നം ഒരു കേടുപാടും കൂടാതെ മടക്കിയെടുത്തു മനസ്സിൽ വെച്ചു ശാരദേടത്തിയുടെ വീട്ടിൽ ചെന്ന് കയറുമ്പോ കണ്ടു മരണവീട് പോലെ മൂകമായിരിക്കുന്ന അവസ്‌ഥ. അമ്മയെ തിരഞ്ഞു നാലുപാടും നോക്കുമ്പോഴാണ് അടുത്ത ഇടിത്തീ കുശുകുശുപ്പ് ചെവിയിൽ...
" അറിഞ്ഞോ... അഞ്ചു പവന്റെ മാല മോഷണം പോയത്രെ... ആ മേലേത്തെ പയ്യൻ കൂടെയുണ്ടായിരുന്നു പോലും... ഇപ്പൊ പയ്യനേം കാണാൻ ഇല്ലത്രേ... പോലീസിൽ അറിയിക്കാനാണ് പ്ലാൻ..."
കിടുങ്ങിപ്പോയി... !!! പൊലീസാ.... !!! എന്റെ മുത്തപ്പാ... വന്നപ്പം മുള്ളിയേച്ചാ വന്നേങ്കിലും പിന്നേം മുള്ളാൻ മുട്ടണു.
മെല്ലെ തലയും കുമ്പിട്ട് മുറിയിലേക്ക് നടന്നു. അവിടെ ദീപ്തി മരിച്ചതറിഞ്ഞ സീരിയൽ മാനിയാക്കുകളെ പോലെ കുറെയെണ്ണം എന്തൊക്കെയോ ഓർത്തോണ്ടു ഇരിക്കുന്നു. അതിലൊരെണ്ണം ഇമ്മടെ അമ്മയാണ്. എനിക്കെന്തോ ആ സിറ്റുവേഷനിൽ അമ്മയെ കണ്ടപ്പോൾ ഒരുപാട് സ്നേഹം തോന്നി... ഓടിയാണ് അടുത്തേക്ക് ചെന്നത്...
" എവിടെയായിരുന്നൂടാ....??? "
" ഞാൻ.... കളിക്കാൻ...."
ഒഴിഞ്ഞു മാറാൻ സമയം കിട്ടാതിരുന്നത് കൊണ്ട് ഇമ്മടെ ചന്തി അതിഭീകരമായ ആ ഉറുമ്പുകടി നുള്ള് ഏറ്റു വാങ്ങി... ഞാൻ ഭരതനാട്യത്തിലെ ഏതാനും സ്റ്റെപ്പുകൾ നിഷ്പ്രയാസം കളിച്ചു. ആ സമയത്താണ് ഐഡിയ നം.വൺ മനസ്സിലേക്ക് ചാടിക്കയറി വന്നത്.
നുള്ളിന്റെ പിടി വിട്ടതും ഞാൻ നേരെ നിലത്തേക്ക് വീണു കിടന്നു കരയാൻ തുടങ്ങി... അതും കട്ടിലിന്റെ അടിഭാഗം കാണാവുന്ന രീതിയിൽ തന്നെ.... ഒടുക്കത്തെ കാറിച്ച... തല മുകളിലേക്കും താഴ്ത്തി കരഞ്ഞത് മാല എവിടെയാ കിടക്കുന്നത് എന്ന് കാണാൻ വേണ്ടിയാ‌യിരുന്നു... ഒടുവിൽ ഞാനത് കണ്ടു. കരച്ചിലിന്റെ വോളിയം കുറച്ചു എങ്ങലടിയോടെ ഞാൻ അങ്ങോട്ട് വിരൽ ചൂണ്ടി....
" തേ... മാല..."
ഉരുള്പൊട്ടലിന് കല്ലിടിഞ്ഞു വീഴുന്ന പോലെ കുറെ തലകൾ ഒരുമിച്ചു കട്ടിലിന്റെ അടിയിലേക്ക് കുനിഞ്ഞു... എല്ലാ മുഖത്തും ആനന്ദം... ഇമ്മടെ ഉള്ളിൽ ചിരി ... പുറമേ എങ്ങലടി... ശാരദേടത്തി കെട്ടിപ്പിടിച്ചൊരു ഉമ്മയും തന്നു. ഇനി ഇവനെ തൊട്ടു പോകരുതെന്നു അമ്മയോട് ഒരുഗ്രശാസനവും... അമ്മ തലയാട്ടി...
എവടെ ... ആ ഉറപ്പൊക്ക വെറുതെയാണ്. ഇതിലും വലുത് ഞാനൊപ്പിക്കുമ്പോൾ എത്ര വലിയ സന്യാസി ആയാലും എന്നെ തല്ലിയിട്ടേ പോകൂ അതെനിക്കറിയാം...നല്ലോണം അറിയാം... എന്നാലും പോട്ടെ... ഇമ്മടെ സ്വന്തം അമ്മയല്ലേ...
അങ്ങിനെ ഞാനായി ഉണ്ടാക്കിയ ആ മോഷണകേസ് അധികം വിയർപ്പൊഴുക്കാതെ ഞാൻ തന്നെ തെളിയിച്ചു. ഇന്നേവരെ ആർക്കും അറിയില്ല അങ്ങനൊരു കള്ളൻ അവിടെ ഉണ്ടായിരുന്നു എന്ന കാര്യം. അല്ലേലും എന്റെ നിഷ്കളങ്ക മുഖം കണ്ടാ ആരേലും പറയുവോ ഇത്രേം കുരുത്തംകെട്ടവനാണ് ഇവനെന്ന്....
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot