നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കറുപ്പും ഓറഞ്ചും വരകൾ

Image may contain: 1 person

****************************
നെറ്റിയിൽ നിന്നും കവിളിലേക്ക് ചാല് തീർത്ത വിയർപ്പ് തുള്ളികൾ ചുമലിൽ കിടന്ന നിറം മങ്ങിയ തോർത്ത് കൊണ്ട് തുടച്ചിട്ട്, ചായമിളകി തുരുമ്പ് തെളിഞ്ഞ ആ കൂടിന്റെ അഴികളിൽപ്പിടിച്ച് അയാൾ കുറെ നേരമെന്തോ ചിന്തിച്ച് നിന്നു ... എന്നിട്ട് തന്റെ വലം കൈയ്യോട് ചേർന്ന് ഇരുമ്പ് കൂടിന്റെ അഴിയിൽ, ഒരു ചങ്ങലയിൽ തൂക്കിയിട്ടിരുന്ന ബോർഡ് തിരിച്ചുപിടിച്ച്, മറുകൈകൊണ്ട് അതിൽ പറ്റിയിരുന്ന അഴുക്ക് തുടച്ച് കളയാൻ ഒരു വിഫല ശ്രമം നടത്തി.
വെയിലേറ്റ് നിറം മങ്ങിയ ആ ബോർഡിൽ ഇംഗ്ലിഷിൽ ഇങ്ങനെ എഴുതിയിരുന്നു... രാമൻ, ഡി.ഒ.ബി 21 - 01 - 1999, ഇന്ത്യൻ (ബംഗാൾ) കടുവ, സ്പീഷിസ് പാൻതെറാ ടൈഗ്രിസ് - ടൈഗ്രിസ്.
പിന്നെ ആ ബോർഡ് മുൻപ് കിടന്നതു പോലെ തന്നെ തൂക്കിയ അയാൾ... കൂടിനുള്ളിലെ കൽഭിത്തി കൊണ്ടുണ്ടാക്കിയ അറയിലേക്ക് നോക്കി, തല അല്പം ചെരിച്ച് ഒരു പ്രത്യേക താളത്തിൽ ഉച്ചത്തിലൊന്ന് നീട്ടി വിളിച്ചു :
" രാമാ...... ഡാ ... മോനെ "
സ്നേഹത്തോടെയുള്ള ഈ വിളി കേട്ടയുടനെ, അറക്കുള്ളിൽ നിന്നും ഒരു മുരൾച്ചയോടെ ഒരു കൂറ്റൻ കടുവ പുറത്തേക്ക് പാഞ്ഞടുത്തു... എന്നിട്ട് അയാൾക്കരികിലേക്കെത്തി അഴികളിൽ മുൻകാല് കൊണ്ട് കനത്ത ഒരു പ്രഹരമേൽപ്പിച്ചു. എന്നിട്ട് അഴികൾക്ക് പിന്നിലായി മുരണ്ട് കൊണ്ട് തന്നെ അത് നില ഉറപ്പിച്ചു... ശക്തമായ ആ പ്രഹരത്തിന്റെ ആഘാതത്തിൽ കൂട്ടിലെ പിടിവിട്ട് അയാൾ രണ്ടടി പിന്നോട്ട് തെറിച്ച് പോയിരുന്നു...ആ പ്രഹരം കൊണ്ട് ഉലഞ്ഞ ഇരുമ്പഴികളുടെ ശബ്ദം അപ്പോൾ അവിടമാകെ മുഴങ്ങി കേട്ടു . അഴിക്ക് പിന്നിലെ ഇരുളിൽ തെളിഞ്ഞ് കണ്ട ക്രൗര്യം നിറഞ്ഞ, ആ നീലക്കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു ചെറുതിളക്കവും അപ്പോൾ ദൃശ്യമായിരുന്നു.
പിന്നീട് അയാൾ കൂടിനോട്ചേർന്ന ഭിത്തിയിൽ ചുരുട്ടി വെച്ചിരുന്ന കറുത്ത ഹോസ് സാവധാനം ചുരുൾ നിവർത്തി താഴേ വച്ചിട്ട് , അതിന്റെ ഒരറ്റം ഘടിപ്പിച്ചിരുന്ന ടാപ്പ് തുറന്നു... ഹോസിലൂടെ ഒഴുകി എത്തിയ വെള്ളം വിരൽ തുമ്പ് കൊണ്ട് വായ് ഭാഗം പാതി അടച്ച്പിടിച്ച് ഏകദേശം " മൂന്ന് ക്വിൻറലോളം " തൂക്കം വരുന്ന ആ ഭീമാകാരൻ കടുവയുടെ മേലേക്ക് ചിതറി വീഴ്ത്താൻ തുടങ്ങി... നിമിഷ നേരം കൊണ്ട് ശാന്തനായ അവൻ ഒരു കൊച്ച് കുട്ടിയെ പ്പോലെ അയാളുടെ ആജ്ഞകൾക്കനുസരിച്ച് ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ആ കൂടിന്റെ തറയിൽ കിടന്നുരുണ്ടു!.
കാക്കി ട്രൗസറും ഷർട്ടും ധരിച്ച ആ മെല്ലിച്ച മനുഷ്യനാണ് ' കേശുവണ്ണൻ '. കേശവൻ നായരെ കൂടെയുള്ളവർ വിളിക്കുന്ന പേരായിരുന്നു അത്. ശോഷിച്ച് കരുവാളിപ്പ് പടർന്ന അയാളുടെ മുഖത്തെ വെളുത്ത പഞ്ഞിത്താടി ഏത് തിരക്കിലും അയാളെ എളുപ്പത്തിൽ തിരിച്ചറിയാനുള്ള ഒരടയാളമായിരുന്നു.
കേശുവണ്ണൻ ആ മൃഗശാലയിലെ വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന വിഭാഗം ജീവനക്കാരനാണ്. അവിടുത്തെ ഏറ്റവും പ്രായം കൂടിയ അംഗം... കേശുവണ്ണന്റെ പിതാവിനും അവിടെ തന്നെ ആയിരുന്നു ജോലി. അച്ഛന്റെ അകാല മരണത്തിൽ ആശ്രിത നിയമനം ലഭിച്ച് പതിനെട്ടാം വയസ്സിലാണ് അയാൾ അവിടെ ജോലിക്ക് ചേരുന്നത്. അന്ന് മുതൽ കേശുവണ്ണന്റെ ലോകം ഈ മൃഗശാലയാണ്... നീണ്ട മുപ്പത്തേഴ് വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്നും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ് അയാളിപ്പോൾ.
രാമനെ കൂടാതെ മറ്റ് മൂന്ന് കടുവാകൾ കൂടി കേശുവണ്ണന്റെ സംരക്ഷണയിൽ അവിടെ ഉണ്ടായിരുന്നു . പക്ഷെ കേശുവണ്ണന് പ്രിയപ്പെട്ടവൻ രാമനായിരുന്നു .
അയാളവനെ ' മോനേ രാമാ ' എന്നാണ് വിളിച്ചിരുന്നത്...നന്നേ കുഞ്ഞായിരിക്കുമ്പോൾ ആ മൃഗശാലയിൽ എത്തിയ രാമന്റെ നാളിതുവരെയുള്ള സംരക്ഷകൻ കേശുവണ്ണൻ ആയിരുന്നു . മറ്റൊരു മൃഗശാലയിൽ നിന്നും അവനെ ഇവിടെ കൊണ്ടു വരുമ്പോൾ വലിയ ഒരു പൂച്ചയുടെ അത്ര വലിപ്പമേ അവനുണ്ടായിരുന്നുള്ളൂ.
ഈ കാലത്തിനിടക്ക് ഒരിക്കൽ മാത്രം കേശുവണ്ണന് അവന്റെ പക്കൽ നിന്നും ഒരപകടം സംഭവിച്ചിട്ടുണ്ട്... വർഷങ്ങൾക്ക് മുൻപ് കേശുവണ്ണന്റെ ഇടത്തേ കൈയ്യിലെ രണ്ട് വിരലുകൾ അവന്റെ പല്ലുകൾക്കിടയിൽപ്പെട്ട് അയാൾക്ക് നഷ്ടമായിട്ടുണ്ട്. കൂടിന്റെ അഴികളിൽ പിടിച്ചു നില്കുകയായിരുന്ന കേശുവണ്ണന്റെ ശ്രദ്ധ ഒന്നു പാളിയപ്പോൾ, വിരലുകൾ അവൻ വായ്ക്കുള്ളിലാകുകയായിരുന്നു.
പക്ഷെ കേശുവണ്ണൻ പറയുന്നത് :
" ആ മിണ്ടാപ്രാണി കളിയായി തന്റെ വിരലുകളിൽ കടിച്ചതാണ്... അല്ലാതെ പാല് കൊടുത്ത കൈക്ക് കടിക്കാൻ അവൻ മനുഷ്യൻ അല്ലല്ലോ."
എന്നായിരുന്നു.
അയാൾക്ക് മനുഷ്യരേക്കാൾ വിശ്വാസവും , സ്നേഹവും മൃഗങ്ങളെയായിരുന്നു.
കേശുവണ്ണന് മുതിർന്ന ഒരു സഹോദരിയും, ഇളയവരായി ഒരനുജനും, അനുജത്തിയുമാണുണ്ടായിരുന്നത്...ഒരു നിത്യരോഗി ആയിരുന്ന അയാളുടെ അമ്മ , അയാളുടെ അച്ഛന്റെ മരണശേഷം കുറച്ച് നാൾ കൂടി കഴിഞ്ഞപ്പോൾ, സഹോദരങ്ങളെ കേശുവണ്ണനെ ഏൽപ്പിച്ച് ഈ ലോകത്ത് നിന്നും യാത്രയായി... അങ്ങനെ അയാൾ മുതിർന്ന സഹോദരിയും, പറക്കമുറ്റാത്ത രണ്ട് സഹോദരങ്ങളുമടങ്ങിയ, ആ കുംടുംബത്തിന്റെ ഏക സംരക്ഷകനായ് മാറി.
അച്ഛന്റെ മരണം മുതൽ ആ കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കാൻ തുടങ്ങിയ അയാൾ, സഹോദരിമാരെ രണ്ട് പേരെയും നല്ല രീതിയിൽ വിവാഹം കഴിപ്പി ച്ചയക്കുകയും, സഹോദരനെ പഠിപ്പിച്ച് ഒരു നല്ല നിലയിൽ എത്തിക്കുകയും ചെയ്തു... ആ തിരക്കനിടയിൽ ഒരു വിവാഹം കഴിക്കാൻ അയാൾ മിനക്കെട്ടില്ല . സഹോദരങ്ങളാകട്ടെ സ്വന്തം കാര്യം നോക്കുന്ന തിരക്കിൽ അയാൾക്കൊരു നല്ല ജീവിതം ഉണ്ടാകണമെന്ന് ചിന്തിച്ചതുമില്ല . അവർ അതിന് പറയുന്ന ന്യായം ഇതായിരുന്നു:
" അണ്ണന്റെ നല്ല പ്രായമൊക്കെ കഴിഞ്ഞില്ലെ...ഇനി എന്തിനാ ഒരു കല്ല്യാണം...?."വയസ്സ് കാലത്ത് നോക്കാൻ ഞങ്ങളില്ലെ."
" വന്ന് കേറുന്നവളൊക്കെ എത്തരക്കാരിയാകുമെന്നാർക്കറിയാം...?"
തറവാട് സ്വത്ത് മറ്റൊരാൾക്ക് കൂടി ഭാഗം വെച്ച് പോകുന്നതിലുള്ള ആകുലതയാണ് ഈ അഭിപ്രായത്തിന് പിന്നിലെന്ന് പാവം കേശുവണ്ണൻ ചിന്തിച്ചില്ല.
അങ്ങനെ ഒറ്റപ്പെട്ട ജീവിതം നയിച്ചുവരവെ, ഒരു നാൾ, തന്റെ സുഹൃത്തുക്കളുടെ നിർബന്ധംകൊണ്ട് ഭർത്താവ് മരിച്ചുപോയവളും, പത്ത് വയസ്സുകാരന്റെ അമ്മയുമായ ഒരു സ്ത്രീയെ തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ അയാൾ തീരുമാനിച്ചു. അതോടുകൂടി അയാളെ കൂടപ്പിറപ്പുകൾ പൂർണ്ണമായും കൈയ്യൊഴിഞ്ഞു...അവർ ഒരു ശത്രുവിനെ പോലെ കേശുവണ്ണനെ കാണാൻ തുടങ്ങി.
തന്റെ ജീവിതത്തിലേക്കുള്ള ആ സ്ത്രീയുടെയും, മകന്റെയും കടന്നുവരവ് കേശുവണ്ണനെ പുതിയൊരാളാക്കി മാറ്റി... സദാ ശരീരത്തിൽ തങ്ങിനില്ക്കുന്ന മൃഗച്ചൂര് മാറാൻ ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ ലൈഫ് ബോയി സോപ്പു കൊണ്ട് കുളിക്കുന്നതിലും, ഷർട്ട് ധരിച്ച ശേഷം ബട്ടണുകൾ വിടർത്തി ക്യുട്ടിക്കുറാ പൗഡർ ദേഹത്ത് ഇടുന്നതിലും അയാൾ താത്പര്യം കാണിച്ചു.
സ്വന്തം പുത്രനല്ലെങ്കിലും 'കണ്ണനെന്ന് ' പേരുള്ള ആ കുട്ടിയേയും കേശുവണ്ണൻ സ്നേഹത്തോടെ സംരക്ഷിച്ചു...
ജോലി കഴിഞ്ഞ് മടങ്ങുന്ന വൈകുന്നേരങ്ങളിൽ ചായക്കടയിൽ നിന്നും അയാൾ വാങ്ങി വരാറുള്ള പലഹാരങ്ങൾക്കായി അവൻ വീടിന്റെ ഉമ്മറപ്പടിയിൽ പതിവായി കാത്തുനിന്നു.
തന്റെ സുഹൃത്തുക്കളോടെല്ലാം കേശുവണ്ണൻ അന്ന് പതിവായി പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു:
"എനിക്ക് മക്കൾ രണ്ടാണ്, കണ്ണനും, രാമനും. "
കാലം അങ്ങനെ കുറെ മുന്നോട്ട് നീങ്ങി.അയാളുടെ വളർത്തുമക്കൾ രണ്ടു പേരും ശൈശവം കഴിഞ്ഞ് യൗവ്വനത്തിലേക്ക് പ്രവേശിച്ചു... അങ്ങനെ യിരിക്കെ ഒരു നാൾ കേശുവണ്ണന്റെ ഭാര്യ ഹൃദ്‌രോഗം മൂലം മരണപ്പെട്ടു.
അതുവരെ പ്രകാശമാനമായിരുന്ന ആ വീട് അവരുടെ മരണത്തോടെ തേജസറ്റു . വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ആരുമില്ലാതായി . കണ്ണന്റെ കാര്യത്തിൽ പ്രത്യേകിച്ചും. ഇതിന് പരിഹാരമായി കേശുവണ്ണൻ പഠനത്തിൽ അത്ര സമർത്ഥനല്ലാതിരുന്ന കണ്ണന്, ആ മൃഗശാലയിൽതന്നെ മൃഗസംരക്ഷകന്റെ ഒരു താത്കാലികജോലി വാങ്ങി നല്കി. എന്നിട്ട് അവന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കണ്ണനെ കൊണ്ട് ഒരു വിവാഹം കഴിപ്പിച്ചു.
അങ്ങനെ കേശുവണ്ണന്റെ രണ്ട് വളർത്ത്മക്കളിൽ ഒരാൾ കൂട്ടിലും മറ്റൊരാൾ കൂടിന് വെളിയിലും ആയി അയാളോടൊപ്പം ഒരേ സ്ഥലത്ത് ആയിത്തീർന്നു.
ഭാര്യയുടെ മരണത്തോടുകൂടി കേശു വണ്ണൻ തന്റെ വീട്ടിലുള്ള ഉറക്കം ഉപേക്ഷിച്ചു . ഭാര്യയില്ലാത്ത ആ വീട്ടിൽ അയാൾക്ക് വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു . അതുകാരണം അവിടെ എത്തിയാൽതന്നെ , അയാൾ സന്ധ്യകഴിയുമ്പോൾ , വീട്ടിൽ നിന്നും നടന്നെത്താൻ മാത്രം ദൂരത്തുള്ള മൃഗശാലയിലെത്തി ജീവനക്കാർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്സിൽ ഉറങ്ങി .
ഇപ്പോൾ കേശുവണ്ണൻ അതീവ ദു:ഖിതനാണ് . അടുത്തുതന്നെ ജോലിയിൽ നിന്നും വിരമിക്കുന്നതോടുകൂടി തന്റെ പ്രിയങ്കരനായ വളർത്തുപുത്രനെ പിരിയേണ്ടി വരുമെന്ന ചിന്ത അയാളെ വല്ലാതെ അലട്ടികൊണ്ടിരുന്നു . പലരാത്രികളിലും ഉറക്കം നഷ്ടപ്പെട്ട് , അയാൾ രാമന്റെ കൂടിനരികിലെത്തി മണിക്കൂറുകളോളം അവനെ നോക്കി നിന്നു . ആ മൃഗശാലയിലെ നിയമമനുസരിച്ച് അവിടുത്തെ ജീവനക്കാർക്കല്ലാതെ മറ്റാർക്കും മൃഗങ്ങളുടെയടുത്ത് ചെല്ലാനോ ഭക്ഷണം നൽകാനോ അനുവാദമുണ്ടായിരുന്നില്ല . സന്ദർശകർക്ക് മൃഗങ്ങളെ കാണുന്നതിന് വേണ്ടി പ്രത്യേകമായി വേലികൾ കെട്ടി തിരിച്ചിരുന്നു.
വിരമിക്കുമ്പോൾമുതൽ തനിക്കും ആ വേലിക്കെട്ട് ബാധകമാണല്ലോ എന്ന ചിന്ത അയാളെ വല്ലാതെ തളർത്തി.
ആ ചിന്ത മനസ്സ് കലുഷിതമാക്കിയ ഒരു രാത്രി അയാൾ കിടപ്പ് മുറിയിൽ നിന്നും എഴുന്നേറ്റ് തന്റെ വീട് ലക്ഷ്യമാക്കി നടന്നു . അന്ന് നല്ല നിലാവുള്ള ഒരു ദിവസമായിരുന്നു. സമയം പത്ത് മണി കഴിഞ്ഞിരുന്നു. പാതയോരത്തെ വീടുകളിലെ ലൈറ്റ്കളൊക്കെ അണഞ്ഞ് തുടങ്ങിയിരുന്നു...വീടിന് തെക്കുവശത്ത് , ഭാര്യയുടെ കുഴിമാടത്തിനരികിലെത്തിയ അയാൾ അവിടെ ഏറെ നേരം നിർനിമേഷനായി നിന്നു.
വീട്ടിലെ വെളിച്ചവും അണഞ്ഞിരുന്നു . മകനും ഭാര്യയും ഉറങ്ങിയിരിക്കും എന്ന വിശ്വാസത്തിൽ അവരെ ഉണർത്താതെ അയാൾ വീടിന്റെ വരാന്തയിൽക്കയറി ചുമരു ചാരി ഇരുന്നു.
അപ്പോൾ വീട്ടിനുള്ളിൽനിന്നും സ്വരം താഴ്ത്തിയുള്ള സംസാരം കേട്ട അയാൾ, അത് തന്നെക്കുറിച്ചാണെന്ന് മനസ്സിലാക്കിയപ്പോൾ വെറുതെ കാതോർത്തു...
" നിങ്ങൾക്ക് കഴിവില്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ രണ്ട് വട്ടം ശ്രമിച്ചിട്ടും നടക്കാതെ വരുമോ ?! "
മകന്റെ ഭാര്യയാണ് പറയുന്നത് .
" കൈ വിറക്കാൻ സ്വന്തം തന്തയൊന്നു മല്ലല്ലോ...? ."രൂപാ ഒന്നും രണ്ടുമല്ലാ പതിനഞ്ച് ലക്ഷമാണ് ഇൻഷുറൻസ് തുക...! നിങ്ങളുടെ ഈ ചെറിയ ശമ്പളം കൊണ്ട് നമ്മൾ എങ്ങനെ മുന്നോട്ട് ജീവിക്കും .
നാളെ നമുക്ക് മക്കളുണ്ടാവുമ്പോൾ നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കേണ്ടെ...? ."
" ഇതാവുമ്പോൾ ഈ പൈസാ കൊണ്ട് ഒരു കച്ചവടം തുടങ്ങാം, ബാക്കിക്ക് ഈ വീടൊന്ന് പുതുക്കാം...അങ്ങേരുടെ വരുമാനം നിലച്ചാൽ ഒരു ബാധ്യത മാത്രമാകും അയാള് നമുക്ക്. "
" എന്റെ അണ്ണൻ ഇന്നും വന്നിരുന്നു . ഇൻഷുറൻസ് കമ്പനിയിൽ ജോലി ഉള്ള , അണ്ണന്റെ സുഹൃത്ത് പറഞ്ഞാ ഈ കാര്യം അണ്ണൻ അറിഞ്ഞത്... തുക പത്തല്ലാ പതിനഞ്ചാന്ന് രേഖകൾ നോക്കി ഇന്നയാൾ പറഞ്ഞുവെന്നും അണ്ണൻ എന്നോട് പറഞ്ഞു. "
" കൂട് കഴുകുമ്പോൾ രണ്ടാമത്തെ അറയുടെ വാതിലിന്റെ കുറ്റി ഒന്ന് നീക്കിയിട്ടാൽ പോരെ ...?കിളവൻ പെട്ടോളും. വയസ്സായത് കൊണ്ട് ഓർമ്മക്കുറവ് കാരണം സംഭവിച്ചതാണെന്നേ എല്ലാവരും കരുതൂ. ഞാനാണെ പണ്ടെ കാര്യം നടത്തിയേനെ! "
കേശുവണ്ണന് ഭൂമി പിളർന്ന് താൻ താഴേക്ക് പോകുന്ന പോലെ തോന്നി... തനിക്ക് മൃഗങ്ങൾ മൂലം അപകട മരണം സംഭവിച്ചാൽ കമ്പനിയിൽനിന്നും ലഭിക്കാവുന്ന ഇൻഷുറൻസ്ത്തുകയെ കുറിച്ചാണ് അവർ പറയുന്നത് എന്ന് മനസ്സിലാക്കിയ അയാൾക്ക് ദേഹം തളരുന്നതായ് അനുഭവപ്പെട്ടു. വിറക്കുന്ന കാൽവെയ്പ്പുകളോടെ, അടക്കിപ്പിടിച്ച തേങ്ങലുമായ് അയാൾ മൃഗശാലയിലെ തന്റെ താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു.
അയാളുടെ ഹൃദയം വല്ലാതെ വിങ്ങി .
ആ ദുഃഖം പകർന്ന് കിട്ടിയത് പോലെ നിലാവ് മേഘക്കീറുകളാൽ മറക്കപ്പെട്ട് ആ വഴിയിലുടനീളം കനത്ത ഇരുട്ട് പരന്നു.
ഗേറ്റും കടന്ന് കടുവക്കൂടിനടുത്തെത്തിയ അയാൾ അഴികൾക്കിടയിലൂടെ രാമനെ നോക്കി നിശബ്ദനായി നിന്നു. അയാ ളറിയാതെ കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു... കേശുവണ്ണനെ കണ്ടതും രാമൻ സ്നേഹത്തോടെ ഒന്നു രണ്ട് വട്ടം മുരണ്ടു.
അയാൾ അവനെ നോക്കി പറഞ്ഞു :
"രാമാ എന്നെ ആർക്കും വേണ്ടടാ...
ഉടപ്പിറപ്പുകൾക്കും, തുണയാകുമെന്ന് കരുതിയ മകനും, ആർക്കും ... അവനെ ഞാൻ വളർത്ത്മകനായിട്ടല്ലല്ലോ കരുതിയത് ...എന്നിട്ടും അവനെന്നോട് ..."
" ഇനി നിന്നെക്കൂടി പിരിയാൻ എനിക്ക് വയ്യ .
ആർക്കും വേണ്ടാത്ത എന്നെ നീ എടുത്തോ. ഞാൻ നിനക്ക് ഇരയാകാൻ തീരുമാനിച്ചു...
എന്റെ ഈ പാഴ് ശരീരം കൊണ്ട് നിന്റെ വയറെങ്കിലും നിറയട്ടെ."
" എന്റെ ശരീരം നിനക്കും , അതിന്റെ വില കണ്ണനും കിട്ടട്ടെ... രണ്ട് മക്കൾക്കും അച്ഛന്റെ സമ്മാനം ആവട്ടെ അത്. "
എന്തോ തിരുമാനിച്ചുറച്ച അയാൾ തന്റെ മുറിയിലേക്ക് നടന്നു എന്നിട്ട് കൂടിന്റെ താക്കോൽക്കൂട്ടമെടുത്ത് കൂടിന്നരികിലെത്തിയ ശേഷം, കൂട് തുറന്ന് അതിനുള്ളിൽ കടന്നു.
പിറ്റേന്ന് നേരം പുലർന്നപ്പോൾ , കേശുവണ്ണൻ രാമന്റെ കൂട്ടിൽ മരിച്ച് കിടക്കുന്നതായാണ് ജീവനക്കാർ കണ്ടത്.
**********************
കുറെ നാളുകൾക്ക് ശേഷം ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഒരു കത്ത് കണ്ണന്റെ വിലാസത്തിൽ വീട്ടിലെത്തി. ആ കത്ത് വായിച്ച് അവൻ വിളറി വെളുത്തു പോയി!.
അതിൽ ഇങ്ങനെ എഴുതിയിരുന്നു:
" ഇൻഷുറൻസ്തുകക്ക് വേണ്ടിയുള്ള താങ്കളുടെ അവകാശവാദം കമ്പനി നിരസ്സിച്ചിരിക്കുന്നു...എന്തെന്നാൽ , മൃത ശരീരത്തിൽ ദന്തക്ഷതങ്ങളോ, മുറിപ്പാടോ, മൃഗത്തിന്റെ ആക്രമണം മൂലമുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളോ കാണാനുണ്ടായിരുന്നില്ല... ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടും ഉണ്ട്. "
താൻ കെട്ടിപ്പൊക്കിയ മോഹക്കൊട്ടാരം കലർപ്പില്ലാത്ത സ്നേഹത്തിനു മുൻപിൽ തകർന്നടിഞ്ഞെന്ന് മനസ്സിലാക്കിയ അവൻ മരവിച്ച് നിന്നു.
അപ്പോഴും ആ മ്യഗശാലയിലെ കൂട്ടിൽ ചാര നിറം കലർന്ന രണ്ട് നീലക്കണ്ണുകൾ, അവിടെ എത്തുന്ന ആളുകൾക്കിടയിൽ, വെളുത്ത പഞ്ഞിത്താടിയുള്ള ഒരു ശോഷിച്ച മുഖം പരതുകയായിരുന്നു...!
അരുൺ -
(2018 ലെ മംഗളം ഓണപ്പതിപ്പിൽ വന്ന എന്റെ കഥയാണിത്'.#മംഗളത്തിന്റെ എഡിറ്റോറിയൽ, മാനേജ് മെന്റ് അംഗങ്ങൾക്കും, ഇതിന് അവസരമുണ്ടാക്കി തന്ന#നല്ലെഴുത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot